UPDATES

അഴിമുഖം ഇംപാക്റ്റ്: പ്രസവമുറിയിലെ പുലഭ്യം പറച്ചില്‍; സര്‍ക്കാര്‍ ഇടപെടുന്നു

അഴിമുഖം പ്രസിദ്ധീകരിച്ച വാര്‍ത്തകളും അതില്‍ നല്‍കിയ സ്ത്രീകളുടെ അനുഭവങ്ങളും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ പ്രസവമുറികളെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിക്കുകയാണെന്ന് മന്ത്രി കെ.കെ.ഷൈലജ

പ്രസവമുറിയിലെ മാനസിക പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് വൃത്തിയുള്ള സാഹചര്യവും മാന്യമായ പെരുമാറ്റവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പ്രസവമുറിയില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും, അസഭ്യവര്‍ഷമുള്‍പ്പെടെയുള്ള ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും അഴിമുഖം പ്രസിദ്ധീകരിച്ച ‘പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍‘ എന്ന റിപ്പോര്‍ട്ടിനോടും അനുബന്ധ റിപ്പോര്‍ട്ടുകളോടും പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. വാര്‍ത്തകളും അതില്‍ നല്‍കിയ സ്ത്രീകളുടെ അനുഭവങ്ങളും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കേരളത്തിലെ പ്രസവമുറികളെ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിക്കുകയാണെന്നും മന്ത്രി കെ.കെ.ഷൈലജ അഴിമുഖത്തോട് പറഞ്ഞു. പ്രസവ സമയത്ത് ഭര്‍ത്താവിനോ മറ്റ് ബന്ധുക്കള്‍ക്കോ ഗര്‍ഭിണികളോടൊപ്പം നില്‍ക്കാമെന്ന ചില സ്വകാര്യ ആശുപത്രികളില്‍ തുടര്‍ന്നുവരുന്ന സമ്പ്രദായം സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പില്‍ വരുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി.

‘കേരളത്തില്‍ പ്രധാനപ്പെട്ട 66 പ്രസവ കേന്ദ്രങ്ങളാണുള്ളത്. പ്രസവ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ നടപ്പാക്കും. പ്രസവമുറികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം അവിടെയുള്ള ജീവനക്കാരുടെ ഇടപെടലുകള്‍, ഗര്‍ഭിണികളോടുള്ള പെരുമാറ്റമടക്കം മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ വകുപ്പ് തലത്തില്‍ നടപ്പാക്കും. ആശുപത്രികള്‍ പേഷ്യന്റ് ഫ്രണ്ട്‌ലിയാക്കുക എന്നതാണ് സര്‍ക്കാരിന്റെ ‘ആര്‍ദ്രം’ മിഷന്‍കൊണ്ടുദ്ദേശിക്കുന്ന പ്രധാന കാര്യം. അതിന്റെ ഭാഗമായി പലയിടത്തും പരിശീലന പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പൊതുവെയുള്ള പെരുമാറ്റരീതികള്‍, ചുമതലകള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പരിശീലന പരിപാടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇനി പ്രസവ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. അത് തുടര്‍ച്ചയായി കൊടുക്കും. ലേബര്‍ റൂമിലെ ഗര്‍ഭിണിക്ക് മാനസികമായ പിന്തുണകൂടി ഉണ്ടാവേണ്ടതുണ്ട്. അവിടെ പ്രസവത്തിനെത്തുന്ന സ്ത്രീകള്‍ക്ക് സ്‌നേഹപരിലാളനകള്‍ ലഭിക്കേണ്ടതുണ്ട്. രണ്ട്, ലേബര്‍റൂമിലെ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ഭര്‍ത്താവടക്കമുള്ള ബന്ധുക്കള്‍ക്ക് ലേബര്‍റൂമില്‍ നില്‍ക്കാനുള്ള സംവിധാനവും നടപ്പാക്കും. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആ സംവിധാനമുണ്ട്. അത് മറ്റെല്ലായിടത്തേക്കും വ്യാപിപ്പിക്കും. ആശുപത്രികളില്‍ റാന്‍ഡം ചെക്കിങ് നടത്താനും ഉദ്ദേശിക്കുന്നുണ്ട്.’

പുലഭ്യം കേട്ട് പ്രസവിക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകള്‍

അത്യാധുനിക രീതിയിലുള്ള സൗകര്യങ്ങളും പരിചരണവും വാഗ്ദാനം ചെയ്യുന്ന ലേബര്‍ ബോട്ടിക്കുകളുള്ള നാട്ടിലെ സാധാരണക്കാരുടെ പ്രസവ അനുഭവങ്ങളാണ് അഴിമുഖം അന്വേഷിച്ചത്. ഒന്നാല്‍ ഒരറ്റത്ത് ലോബര്‍ ബോട്ടിക്കുകളിലെ സുഖപ്രസവം ഒരു നല്ല അനുഭവമായി പലരും കൊണ്ടുനടക്കുമ്പോള്‍ മറ്റൊരിടത്ത് സാധാരണക്കാരായ അനേകായിരം സ്ത്രീകള്‍ പേറ്റുനോവിനിടെ അതിക്രൂരമായ മാനസിക പീഡനങ്ങള്‍ സഹിച്ച് പ്രസവവേദനയേക്കാള്‍ വേദനിപ്പിക്കുന്ന മനോവേദനയോടെ പ്രസവിച്ചിറങ്ങേണ്ടി വരുന്നു എന്ന വസ്തുതയാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.

‘തെറി വിളിച്ചില്ലെങ്കില്‍ അവളുമാരൊന്നും പെറൂല’, ഈ ന്യായം എത്ര സ്ത്രീകള്‍ കേട്ടിട്ടുണ്ട്?

കേട്ടാലറക്കുന്ന അസഭ്യവാക്കുകളും, ലൈംഗികചുവയുള്ള പരാമര്‍ശങ്ങളും, മനസ്സ് മടുപ്പിക്കുന്ന തരത്തിലുള്ള ശകാരങ്ങളും കേട്ട് പ്രസവമുറിയില്‍ മണിക്കൂറുകളോളം തള്ളിനീക്കേണ്ടി വന്ന അമ്മമാര്‍ അവരുടെ അനുഭവങ്ങള്‍ അഴിമുഖത്തിനോട് തുറന്നുപറഞ്ഞു. വാര്‍ത്ത് പ്രസിദ്ധീകരിച്ചതിന് ശേഷം ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ തന്നെ അവര്‍ പറഞ്ഞ കാര്യങ്ങളെ അനുകൂലിക്കുകയും അത്തരത്തില്‍ ദു:ഖകരമായ യാഥാര്‍ഥ്യം നിലനില്‍ക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു. പ്രസവാനുഭവങ്ങളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്ന വ്യത്യാസമുണ്ടായിരുന്നില്ലെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിടേണ്ടി വന്ന വിവേചനത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും കഥകളാണ് ഭൂരിഭാഗം പേരും നേരിട്ടും അല്ലാതെയും പങ്കുവച്ചത്. സ്വകാര്യ ആശുപത്രികളിലും സമാനമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് ചിലര്‍ പ്രതികരണങ്ങളിലൂടെയും മറ്റും വ്യക്തമാക്കുകയും ചെയ്തു. പ്രസവമുറിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ചര്‍ച്ച ചെയ്യുകയും പ്രസവത്തിനെത്തുന്ന സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യം പൊതുവായി ഉയരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടുമെന്ന സ്ത്രീകൂടിയായ ആരോഗ്യമന്ത്രിയുടെ പ്രതികരണം.

‘അച്ഛനാണോടീ നിനക്ക് ഗര്‍ഭമുണ്ടാക്കിയത്…’; പ്രസവമുറിയില്‍ ഇതൊക്കെ ഉണ്ടാകുമത്രേ!

വിശുദ്ധമുറിയിലെ മനുഷ്യാവകാശലംഘനങ്ങള്‍; ഡോക്ടര്‍മാരും മാറാതെ പ്രസവമുറികള്‍ സ്ത്രീ സൗഹൃദപരമാകില്ല-ഡോ: ഖദീജ മുംതാസ് എഴുതുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍