UPDATES

വരുന്നൂ ലോകബാങ്ക് സ്പോണ്‍സേര്‍ഡ് സ്വയംഭരണ തട്ടുകട എഞ്ചിനീയറിംഗ് കോളേജുകള്‍

സംസ്ഥാനത്തെ 24 എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവിക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി; കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ടെക്വിപ്) ലക്ഷ്യം വച്ചാണ് പുതിയ നീക്കം

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കാന്‍ നീക്കം. 24 എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവിക്ക് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ടെക്വിപ്) ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ 24 കോളേജുകള്‍ക്കും എന്‍ഒസി നല്‍കിയത്. ടെക്വിപ്പ് മൂന്നാംഘട്ടത്തില്‍ സ്വയംഭരണ പദവിയുള്ള എഞ്ചിനീയറിങ് കോളേജുകള്‍ക്ക് മാത്രമേ ഫണ്ട് അനുവദിക്കുന്നുള്ളൂ എന്ന് വന്നതോടെ കോളേജുകള്‍ക്ക് സ്വയം ഭരണ പദവിക്കായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയ്ഡഡ് കോളേജുകളാണ് സ്വയംഭരണ പദവിക്ക് അപേക്ഷിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 24 എണ്ണത്തില്‍ മൂന്ന് എയ്ഡഡ് കോളേജും, മറ്റുള്ളവ സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത എഞ്ചിനീയറിങ് കോളേജുകളുമാണ്.

ലോകബാങ്ക് സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് ടെക്വിപ്. രാജ്യത്തെ എഞ്ചിനീയറിങ് കോളേജുകളെ അവയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2003ലാണ് പദ്ധതി തുടങ്ങുന്നത്. ഭീമമായ തുകയാണ് ഇതിനായി ലോകബാങ്ക് നീക്കി വച്ചിരിക്കുന്നത്. കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരും ലോകബാങ്കും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. 2003 മുതല്‍ 2009 വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ആദ്യഘട്ടം. കേരളത്തില്‍ നിന്നുള്ള പത്ത് എഞ്ചിനീയറിങ് കോളേജുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പദ്ധതി വഴി ഫണ്ട് അനുവദിക്കപ്പെട്ടത്. ഓരോ കോളേജുകള്‍ക്കും 10 കോടി വീതം തുക ലഭിക്കുകയും ചെയ്തു. 2012ല്‍ രണ്ടാംഘട്ടത്തിനായുള്ള അപേക്ഷകള്‍ ക്ഷണിക്കവെ സ്വയംഭരണ പദവിയുള്ള കോളേജുകള്‍ക്ക് മാത്രമേ ഫണ്ട് അനുവദിക്കപ്പെടുകയുള്ളൂ എന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അന്ന് സ്വയംഭരണ പദവി ഉടന്‍ നല്‍കുമെന്ന സര്‍ക്കാര്‍ ഉറപ്പില്‍ കേരളത്തിലെ 19 കോളേജുകള്‍ ടെക്വിപ്പില്‍ ഉള്‍പ്പെട്ടു. രണ്ടാം ഘട്ടത്തിലും 10 കോടി രൂപ വീതം ഓരോ കോളേജുകള്‍ക്കും അനുവദിക്കപ്പെട്ടു. 2013 മുതല്‍ തുടങ്ങിയ രണ്ടാം ഘട്ടം ആദ്യം രണ്ട് വര്‍ഷത്തേക്കായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അത് മൂന്ന് വര്‍ഷത്തേക്കും പിന്നീട് നാല് വര്‍ഷത്തേക്കും നീട്ടി. 2017 ഡിസംബറിലാണ് രണ്ടാം ഘട്ടം പൂര്‍ത്തിയായത്.

മൂന്ന് ഘട്ടമായി നടപ്പാക്കുന്ന പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി കോളേജുകളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് എട്ട് സര്‍ക്കാര്‍, 28 സര്‍ക്കാര്‍ നിയന്ത്രിത, മൂന്ന് എയ്ഡഡ് കോളേജുകള്‍ ടെക്വിപ് ഫണ്ടിനായി അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ ഇതില്‍ നിന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി മാത്രമാണ് ടെക്വിപ്പില്‍ ഉള്‍പ്പെടാന്‍ യോഗ്യത നേടിയത്. മറ്റെല്ലാ അപേക്ഷകളും തള്ളിപ്പോയി. അക്കാദമിക് സ്വയംഭരണ പദവി ലഭിച്ചിട്ടില്ലാത്ത കോളേജുകളെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തില്ല എന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ വച്ചിരിക്കുന്നത്. മുപ്പത് കോടി മുതല്‍ നൂറ് കോടി രൂപ വരെ ഓരോ കോളേജിനും ഫണ്ട് കിട്ടുമെന്നതിനാല്‍ ടെക്വിപ്പിനെ ഉപേക്ഷിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. സ്വയംഭരണ പദവിക്കായി അപേക്ഷ നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോളേജ് അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കി. ലോകബാങ്ക് മുന്നില്‍ വച്ച് നീട്ടുന്ന വന്‍ തുക കേരളത്തിലേക്കെത്തുമെന്ന ഒറ്റക്കാരണത്താല്‍ കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതില്‍ തെറ്റില്ല എന്ന് സര്‍ക്കാരും തീരുമാനിച്ചു.

സ്വയംഭരണത്തിനെതിരായി കൊടിപിടിക്കുകയും അതിന് അനുമതി നല്‍കുകയും ചെയ്യുന്ന ഇരട്ടത്താപ്പ്

കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സ്വയംഭരണ പദവി നല്‍കുന്നത് വഴിയുണ്ടാവുന്ന ഗുണങ്ങളും ദോഷങ്ങളും വളരെക്കാലമായി ചര്‍ച്ചയിലുള്ളതാണ്. അംഗീകരിക്കുന്നവരും എതിര്‍ക്കുന്നവരും ഗുണവും ദോഷവുമുണ്ടെന്ന് പറയുന്നവരും ഇക്കാര്യത്തിലുണ്ട്. എന്നാല്‍ സ്വയംഭരണ പദവി എന്ന ആശയം ഉണ്ടായത് മുതല്‍ അതിനെ എതിര്‍ക്കുകയും രാജ്യത്താകമാനം ഇതിനെതിരെ നടക്കുന്ന സമരങ്ങളില്‍ പങ്കുചേരുകയും ചെയ്തിട്ടുള്ളവരാണ് ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍. പൊതുവിദ്യാഭ്യാസത്തെയും കട്ടവടച്ചരക്കാക്കുന്നതിന്റെ ആദ്യപടിയായി കണക്കാക്കപ്പെടുന്ന സ്വയംഭരണ പദവിക്കെതിരാണ് ഇടത് നയവും. ജെഎന്‍യു ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതിനെതിരെ സമരത്തിന് നേതൃത്വം നല്‍കുന്നതും ഇടത് വിദ്യാര്‍ഥി സംഘടനകളാണ്. കേരളത്തില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്നതിനെതിരെ വ്യാപക പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിച്ചതും ഇന്നും സ്വയംഭരണത്തെ പരിപൂര്‍ണമായും എതിര്‍ത്ത് സംസാരിക്കുന്നതും എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങളും അധ്യാപക സംഘടനകളുമെല്ലാം ഇക്കാലമത്രയും സ്വയംഭരണ പദവിയോട് വിയോജിപ്പ് മാത്രമാണ് പ്രകടിപ്പിച്ചിട്ടുള്ളതും. ഇടത് ചിന്തകനായ പ്രഭാത് പട്‌നായക് ഉള്‍പ്പെടെയുള്ളവര്‍ അടുത്തിടെ പോലും ഉന്നയിച്ചത് സ്വയംഭരണ പദവി വിദ്യാഭ്യാസത്തെ കുത്തകവല്‍ക്കരിക്കുകയും കച്ചവടച്ചരക്കാക്കുകയും ചെയ്യുമെന്നുതന്നെയാണ്. ഒരു വശത്ത് ശക്തമായ എതിര്‍പ്പുകളുമായി നില്‍ക്കുമ്പോള്‍, ജെഎന്‍യുവിലടക്കം തുടര്‍ന്നുവരുന്ന സമരങ്ങള്‍ക്ക് ഇടത് സംഘടനകള്‍ നേതൃത്വം നല്‍കുമ്പോഴാണ് 24 എഞ്ചിനീയറിങ് കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്നതിന് എന്‍ഒസി നല്‍കിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇത് അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുന്നത് കോളേജുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും സ്വയംഭരണ പദവി നല്‍കാനുള്ള തീരുമാനത്തെ എതിര്‍ത്തിരുന്ന ഇടത് സംഘടനാ പ്രവര്‍ത്തകരെത്തന്നെയാണ്.

ഡിപ്രഷൻ മൂലം കോഴ്സ് നിര്‍ത്തിയത് 28 കുട്ടികള്‍; കൂടുതല്‍ വെളിപ്പെടുത്തലുമായി സ്വാശ്രയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍

സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തെങ്കിലും സ്വയംഭരണ പദവിയുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടാവില്ലെന്നാണ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ജെയ്ക് സി. തോമസ് സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിച്ചത്. ജെയ്കിന്റെ പ്രതികരണം ഇങ്ങനെ, ‘കോളേജുകളെ ഓട്ടോണോമസ് ആക്കുന്നതിനോട് എസ്എഫ്‌ഐക്ക് എതിര്‍പ്പ് തന്നെയാണുള്ളത് എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത് ടിക്വിപ്പിലെ ഇത്രയും ഫണ്ട്, അത് ഏതാണ്ട് നൂറ് കോടി രൂപക്കടുത്ത് ഓരോ കോളേജിനും ലഭിക്കുന്ന സ്ഥിതിയുണ്ട്. ഇത് നഷ്ടപ്പെട്ട് പോവാതിരിക്കണം, അതുപോലെ തന്നെ ഈ ഫണ്ട് സെല്‍ഫ് ഫൈനാന്‍സിങ് അണ്‍എയ്ഡഡ് കോളേജുകള്‍ക്ക് കൊടുക്കാതെ തന്നെ കേരളത്തിലെ ഏറ്റവും മികച്ച സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍ക്ക് എത്തിക്കുക എന്നതുമാണ്. 24 കോളേജുകളില്‍ 12 കോളേജുകള്‍ക്ക് 2011ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഓട്ടോണമി കൊടുക്കണം എന്നത് സംബന്ധിച്ച് ഓര്‍ഡര്‍ ഇറക്കിയെങ്കിലും അത് നടപ്പിലായില്ല എന്നാണ് അവര്‍ പറയുന്നത്. അതേ കോളേജുകളും അതിനൊപ്പം വീണ്ടും 12 കോളേജുകളേയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് തീരുമാനമുണ്ടായിരിക്കുന്നത്. ആ കൂട്ടിച്ചേര്‍ക്കപ്പെട്ട കോളേജുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളേജുകളാണ്. ആ കോളേജുകളിലേക്ക് ഫണ്ട് എത്തുക എന്ന ഉദ്ദേശത്തോടെയാണ് എന്‍ഒസി നല്‍കാനായി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇപ്പോഴും പരിപൂര്‍ണ തീരുമാനത്തിലേക്കെത്തിയിട്ടില്ല. സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത എഞ്ചിനീയറിങ് കോളേജുകള്‍ക്ക് ഓട്ടോണമി കൊടുക്കുന്നതിനോട് യോജിപ്പല്ല. ഓട്ടോണമിയെത്തന്നെ ഏതിര്‍ക്കുന്ന നിലപാടാണ് പലയിടത്തും എസ്എഫ്‌ഐ എന്നുമെടുത്തിട്ടുള്ളത്. അതുകൊണ്ട് പാടില്ല എന്ന് തന്നെയാണ് ഞങ്ങളുടെ പ്രാഥമിക അഭിപ്രായം. പിന്നെ കൂടുതല്‍ വസ്തുതാപരമായി ഇതില്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പഠിച്ചതിന് ശേഷമേ പ്രതികരിക്കാനാവൂ. അക്കാദമിക് ഓട്ടോണമിയിലേക്ക് വരുമ്പോള്‍ കുട്ടികളുടെ ഇന്റേണല്‍ മാര്‍ക്ക്, വാല്യൂഷനും സെമിനാറുമെല്ലാം വൈരിനിര്യാതന ബുദ്ധിയോടെ കാണുകയും, കോളേജില്‍ പ്രതികരിക്കുന്ന കുട്ടികളെ ടാര്‍ജറ്റ് ചെയ്യപ്പെടുകയുമൊക്കെ ചെയ്യുന്ന കാര്യങ്ങള്‍ കേരളത്തിലെ പല കോളേജുകളിലും ഇപ്പോള്‍ തന്നെയുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളിലുമൊക്കെ കാണുന്നതും ഇത്തരം അധികാരങ്ങള്‍ ഒരു ഓട്ടോണമി പോലെ ലഭിക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളും പ്രതിബന്ധങ്ങളുമൊക്കെയാണ്. പിന്നെയും പ്രതീക്ഷാനിര്‍ഭരമായ കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ കോളേജുകളും സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളും. എന്തായാലും അഡ്മിനിസ്‌ട്രേറ്റീവ് ഓട്ടോണമിയിലേക്ക് മാറുന്ന സ്ഥിതി എന്തായാലും ഞങ്ങള്‍ സ്വാഗതം ചെയ്യില്ല. അതിനെതിരായ നിലപാട് തന്നെ സ്വീകരിക്കേണ്ടി വരും.’

സ്വയംഭരണം മഹാരാജാസില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്

സ്വയംഭരണത്തിന് എതിരല്ല കെ എസ് യുവിന്റെ നിലപാടെങ്കിലും അതിനെതിരെ ശബ്ദിച്ചിരുന്നവര്‍ അധികാരത്തിലേറിയപ്പോള്‍ അവരും യുഡിഎഫ് സര്‍ക്കാര്‍ കോളേജുകളില്‍ നല്‍കിയ സ്വയംഭരണം തുടരാനനുവദിക്കുകയും ഇപ്പോള്‍ എഞ്ചിനീയറിങ് കോളേജുകള്‍ക്കുള്‍പ്പെടെ സ്വയഭരണാവകാശം നല്‍കുകയും ചെയ്യുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പിനെ തന്നെയാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത് വിമര്‍ശിക്കുന്നത്. ‘സര്‍ക്കാര്‍ തീരുമാനം വളരെ മോശമാണെന്ന് മാത്രമേ പറയാനുള്ളൂ. എന്നും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. ഓട്ടോണമിയെ കെ എസ് യു ഒരുകാലത്തും എതിര്‍ത്തിട്ടില്ല. നിയമനിര്‍മ്മാണം നടത്തിക്കൊണ്ട് ഓട്ടോണമി നടപ്പാക്കണമെന്ന് മാത്രമാണ് ഞങ്ങളുടെ ആവശ്യം. എന്നാല്‍ എസ്എഫ്‌ഐ പോലുള്ള ഇടത് സംഘടനകളുടെ നിലപാട് അതല്ല. ഓട്ടോണമി നടപ്പാക്കിയപ്പോള്‍ മഹാരാജാസിന് മുന്നില്‍ സമരം ചെയ്തവരാണവര്‍. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓട്ടോണമസ് ആക്കിയിട്ടുള്ള കോളേജുകളെ അതില്‍ നിന്ന് ഒഴിവാക്കുമെന്നും അതുവഴിയുണ്ടാവുന്ന പ്രയാസങ്ങള്‍ ഒഴിവാക്കുമെന്നും പറഞ്ഞ് വോട്ടുചോദിച്ചവരാണവര്‍. പക്ഷെ അതില്‍ നിന്ന് ഒരു സര്‍ക്കാര്‍ മാറിച്ചിന്തിക്കുന്നത് വളരെ മോശം കാര്യമാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഓട്ടോണമി ഒഴിവാക്കിയില്ല. പല ന്യായങ്ങളും പറഞ്ഞ് അത് തുടരാനാണവര്‍ അനുവദിച്ചത്. ഇപ്പോള്‍ 24 കോളേജുകള്‍ ഓട്ടോണമസ് ആക്കുന്നതിന് അപേക്ഷിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ രംഗത്ത് ഇതുവഴി മാറ്റങ്ങള്‍ ഉണ്ടായേക്കാം. കൃത്യമായ നിയമനിര്‍മ്മാണം നടത്തിയതിന് ശേഷമേ ഓട്ടോണമി നടപ്പാക്കാന്‍ പാടുള്ളൂ. അല്ലാത്തപക്ഷം കുറേയധികം ബ്രോയിലര്‍ കോഴികളെയായിരിക്കും ആ കോളേജുകള്‍ ഉത്പാദിപ്പിക്കാന്‍ പോവുന്നത്.’ അഭിജിത് പറയുന്നു.

കോളേജുകള്‍ക്ക് സ്വയംഭരണാവകാശം കിട്ടിയാല്‍ അത് ഏതെല്ലാം രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും, എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കാമെന്നും നിരന്തരം ചര്‍ച്ച ചെയ്യുകയും വിദ്യാഭ്യാസം തോന്നുംപടി വിറ്റഴിക്കാനുള്ള ഉത്പന്നമായി കണക്കാക്കുന്നതിനെതിരായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്ത ഇടത് സര്‍ക്കാരാണ് ലോകബാങ്ക് ഫണ്ട് ലഭിക്കുന്ന പദ്ധതികള്‍ക്കായി അതുവരെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ആശയത്തെ അട്ടിമറിച്ചതിനാവും നാളെ ഇടത് വിദ്യാര്‍ഥി സംഘടനകളുള്‍പ്പടെ ചോദ്യം ചെയ്യപ്പെടുക.

‘മരണം കൊണ്ടു തോല്‍ക്കാന്‍ വയ്യ, ജീവിതം കൊണ്ട് ജയിക്കണം’; സിഇടിയില്‍ പഠിക്കാനെത്തിയ ആദിവാസി പെണ്‍കുട്ടിയുടെ ജീവിതം

അടിസ്ഥാന സൗകര്യങ്ങളില്ല, അധ്യാപകരില്ല: സ്വയംഭരണാവകാശം കിട്ടിയാല്‍?

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെല്‍ഫ്-ഫൈനാന്‍സിങ് കോളേജുകളാണ് സര്‍ക്കാര്‍ നിയന്ത്രിത കോളേജുകള്‍. സ്വയംഭരണാവകാശത്തിന് അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്ന 24 കോളേജുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളാണ്. ഏതെങ്കിലും മന്ത്രി ചെയര്‍ ചെയ്യുന്ന ബോഡിയുടെ ഭരണം മാത്രമാണ് ഈ കോളേജുകളിലെ സര്‍ക്കാര്‍ നിയന്ത്രണം. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ, വേണ്ടത്ര യോഗ്യതയുള്ള അധ്യാപകരില്ലാതെ അധ്യയനം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. മിക്ക കോളേജുകളിലും സ്ഥിരാധ്യാപകരേക്കാള്‍ കോണ്‍ട്രാക്ടില്‍ ജോലി ചെയ്യുന്ന അധ്യാപകരാണുള്ളത്. സര്‍ക്കാര്‍ കോളേജുകള്‍ ഉള്‍പ്പെടെ ചുരുക്കം ചില കോളേജുകള്‍ മാത്രമാണ് ആവശ്യത്തിന് സൗകര്യങ്ങളുമായി പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്ന 24 കോളേജുകളില്‍ പത്തില്‍ താഴെ എണ്ണത്തിന് മാത്രമേ സ്വയംഭരണാവകാശം നല്‍കാനുള്ള ശേഷിയുള്ളൂ എന്ന് എഞ്ചിനീയറിങ് അധ്യാപകനും എഞ്ചിനീയറിങ് വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ശ്രീമഹാദേവന്‍ പിള്ള പറയുന്നു, ‘കേരളത്തില്‍ 172 എഞ്ചിനീയറിങ് പഠന സ്ഥാപനങ്ങളുണ്ട്. എന്നാല്‍ ഇവയില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഒഴികെ മറ്റൊരു സ്ഥാപനത്തിനും അക്കാദമിക് ഓട്ടോണമി കിട്ടിയിട്ടില്ല. നിശ്ചയമായിട്ടും ഓട്ടോണമി ലഭിച്ചാല്‍ അക്കാദമിക് തലത്തില്‍ നിരവധി ഉയര്‍ച്ചകളും മെച്ചങ്ങളും ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്വയംഭരണാവകാശം ആര്‍ക്ക് കിട്ടുന്നു എന്നുള്ളതാണ്. സര്‍ക്കാര്‍ അനുമതി നല്‍കിയ ലിസ്റ്റിലെ പത്തില്‍ താഴെ കോളേജുകള്‍ക്ക് മാത്രമാണ് സ്വയംഭരണാവകാശം ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഇടുക്കി, വയനാട്, ടികെഎം കോളേജ് പോലുള്ള പല കോളേജുകള്‍ക്കും അതിനുള്ള അര്‍ഹതയില്ല. കേപ്, ഐഎച്ചആര്‍ഡി, കെഎസ്ആര്‍ടിസി തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത കോളേജുകളില്‍ ഭൂരിഭാഗത്തിലും സ്ഥിരം അധ്യാപകര്‍ പോലുമില്ല. ചില കോളേജുകള്‍ക്ക് ബില്‍ഡിങ് ഇല്ല, എക്വിപ്‌മെന്റ് ഇല്ല. പലയിടത്തും റഗുലര്‍ പ്രിന്‍സിപ്പല്‍മാര്‍ പോലുമില്ല. ചുരുങ്ങിയ ശമ്പളത്തില്‍ വര്‍ക്ക് ചെയ്യുന്ന കോണ്‍ട്രാക്ട് സ്റ്റാഫ് മാത്രമാണുള്ളത്. അസോസിയേറ്റ് പ്രൊഫസര്‍മാര്‍ പോലും പിഎച്ച്ഡി നിര്‍ബന്ധമായും ഉള്ളവരായിരിക്കണമെന്നതാണ്. എന്നാല്‍ പിഎച്ച്ഡി യോഗ്യതയുള്ള അധ്യാപകര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. അങ്ങനെയിരിക്കെ ആ കോളേജുകള്‍ക്കെല്ലാം സ്വയംഭരണാവകാശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഒട്ടും ആലോചനയില്ലാതെ എടുത്ത ഒന്നായേ പറയാന്‍ കഴിയൂ. ഫണ്ട് കിട്ടും എന്നുള്ളതുകൊണ്ട് മാത്രം കോളേജുകളുടെ അവസ്ഥ പരിശോധിക്കുകയോ കണക്കിലെടുക്കുകയോ പോലും ചെയ്യാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ടിക്വിപ് വളരെ നല്ല പ്രോഗ്രാമാണ്. സ്റ്റുഡന്റ്‌സ് ട്രെയിനിങ്, ടീച്ചേവ്‌സ് ട്രെയിനിങ്, അധ്യാപകര്‍ക്ക് വിദേശത്ത് പേപ്പറുകള്‍ അവതരിപ്പിക്കാനുള്ള അവസരം, ഒരു പരിധിവരെ എക്വിപ്‌മെന്റുകള്‍ വാങ്ങാം അങ്ങനെ വിവിധ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാം. എന്നാല്‍ സ്ഥിരം അധ്യാപകരില്ലാത്ത സ്ഥാപനങ്ങളില്‍ ഏത് അധ്യാപകര്‍ക്കാണ് ട്രെയിനിങ് കൊടുക്കുക? ബില്‍ഡിങ് നിര്‍മ്മിക്കാന്‍ ഈ പണം ഉപയോഗിക്കാന്‍ കഴിയില്ല. ബില്‍ഡിങ് ഇല്ലാത്ത കോളേജുകളില്‍ എക്വിപ്‌മെന്റുകള്‍ വാങ്ങിയിച്ച് എന്തുകാര്യമാണുള്ളത്? ടെക്വിപ്പും സ്വയംഭരണ പദവിയും വിദ്യാഭ്യാസപരമായി ചിന്തിച്ചാല്‍ മികച്ചതാണ്. എന്നാല്‍ അതിനുള്ള കോളേജുകളുടെ സെലക്ഷനില്‍ സര്‍ക്കാര്‍ പെട്ടെന്ന് തീരുമാനമെടുത്തത് പോലെയാണ് തോന്നുന്നത്.’

സ്വയംഭരണാവകാശം ലഭിക്കണമെങ്കില്‍ നാഷണ്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റിഷന്റെ അംഗീകാരം വേണമെന്നുണ്ട്. എന്നാല്‍ ടിക്വിപ് പദ്ധതിക്കായി എന്‍ബിഎ അംഗീകാരത്തിന് അപേക്ഷിച്ചവര്‍ക്കും സ്വയംഭരണാവകാശം നല്‍കാമെന്ന വ്യവസ്ഥ കൊണ്ടുവന്നു. എന്‍ബിഎ അക്രഡറ്റിഷന്‍ ലഭിച്ച പത്തില്‍ താഴെ കോളേജുകള്‍ മാത്രമേ 24 കോളേജുകളുടെ കൂട്ടത്തിലുള്ളൂ എങ്കിലും ഇതോടെ ഈ കോളേജുകള്‍ക്ക് സ്വയംഭരണ പദവി ലഭിക്കാനുള്ള സാധ്യതയാണ് ലഭിച്ചിരിക്കുന്നത്.

എസ്.സി/എസ്.ടി കുട്ടികളുടെ ‘ക്വാളിറ്റി’ ഉറപ്പാക്കാന്‍ കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് കട്ട് ഓഫ്; നടപടി വേണമെന്ന് കമ്മീഷന്‍

സ്വയംഭരണ പദവി ലഭിച്ചാല്‍

വിദ്യാഭ്യാസത്തെ കച്ചവടവല്‍ക്കരിക്കുന്ന, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന, സെല്‍ഫ് ഫൈനാന്‍സിങ് കോഴ്‌സുകള്‍ തുടങ്ങി തോന്നുംപോലെ പണം ഈടാക്കുന്ന അങ്ങനെ പൊതുവിദ്യാഭ്യാസത്തെ തന്നെ തകര്‍ക്കുന്ന ഒരു സംവിധാനമായാണ് വിമര്‍ശകര്‍ സ്വയംഭരണ പദവിയെ കാണുന്നത്. പൊതുപ്രവര്‍ത്തകനായ ഷാജര്‍ഖാന്‍ പറയുന്നു, ‘സ്വയംഭരണാവകാശം യഥാര്‍ഥത്തില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുമെന്നത് ഒരു തെറ്റായ വിശ്വാസം മാത്രമാണ്. വാസ്തവത്തില്‍ നിലവിലുള്ള എഞ്ചിനീയറിങ് വിദ്യാഭ്യാസത്തിന്റെ നിലവാരത്തെ തകര്‍ക്കുന്നതിനും ആ രംഗത്തേക്ക് വ്യാവസായികളും സ്വകാര്യമൂലധന ശക്തികളും കടന്നുകയറാനുള്ള അവസരമൊരുക്കുകയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്. കോളേജുകള്‍ക്ക് സ്വയംഭരണ പദവി നല്‍കിക്കൊണ്ട് അവയെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കുകയാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നത്. ഓട്ടോണമി കൊടുത്താല്‍ സ്വാശ്രയമാവുമോ എന്ന് സംശയമുണ്ടാവും. പക്ഷെ ആധുനിക കാലഘട്ടത്തില്‍ അക്കാദമികമായ സ്വയംഭരണത്തില്‍ മാത്രം ഇത് ഒതുങ്ങില്ല. ഭരണതലത്തിലും സാമ്പത്തികവുമായ സ്വയംഭരണത്തിലേക്ക് അത് മാറും. സാമ്പത്തിക സ്വയംഭരണമാവുമ്പോള്‍ അതിന്റെ നടത്തിപ്പ്, നിലനില്‍പ്പ്, ഭാവി പ്രവര്‍ത്തികള്‍ തുടങ്ങി എല്ലാം വിദ്യാര്‍ഥികളുടെ ഫീസിനെ ആശ്രയിച്ചായിരിക്കും മുന്നോട്ട് പോവുക. ഒരു സ്വകാര്യ സംരംഭമായി അത് മാറും. മറ്റൊന്ന്, കോഴ്‌സ് കണ്ടന്റിലും, പരീക്ഷ നടത്തിപ്പിലും സര്‍ട്ടിഫിക്കറ്റിലും വരെ വ്യാവസായിക താത്പര്യമുള്ള ശക്തികളുടെ താത്പര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണനവരിക. വേള്‍ഡ് ബാങ്കിന്റെ ചില നിക്ഷിപ്ത താല്‍പര്യപ്രകാരമാണ് ടെക്വിപ്പ് ഇന്ത്യയില്‍ നടപ്പിലാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഈ ഫണ്ട് കൊടുക്കുന്നത്. ആ ഫണ്ടിന്റെ ഉദ്ദേശ ലക്ഷ്യം എന്ന് പറയുന്നത് കോളേജുകള്‍ക്ക് സര്‍വകലാശാലകളുമായും സര്‍ക്കാരുമായുമുള്ള എല്ലാ ബന്ധങ്ങളും ഇല്ലാതാക്കിക്കൊണ്ട് അതിനെ വളരെ സ്വതന്ത്രമായ സ്ഥാപനമാക്കി മാറ്റുക എന്നതാണ്. സാധാരണ വിദ്യാര്‍ഥികള്‍ക്ക് അത്തരം സ്ഥാപനങ്ങളില്‍ കയറിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥയും വരും.’

ജെ എന്‍ യു എന്ന പ്രതീകം

സ്വയംഭരണാവകാശം നല്‍കുകവഴി സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ദളിത് ആദിവാസി വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവുന്ന സ്ഥിതിയും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. മുമ്പ് സ്വയംഭരണാവകാശം ലഭിച്ച മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ഗ്രാന്റ് ലഭിക്കാതായത് വലിയ ചര്‍ച്ചയായിരുന്നു. സ്വാശ്രയ കോളേജുകളില്‍ എസ് സി എസ് ടി വിദ്യാര്‍ഥികള്‍ക്ക് റീഇമ്പേഴ്‌സ്‌മെന്റ് ഇല്ലാത്തതിനാല്‍ സ്വയംഭരണാവകാശം നല്‍കിയ കോളേജില്‍ അത് നല്‍കണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു സര്‍ക്കാര്‍. എയ്ഡഡ് മേഖല സംവരണ പ്രക്ഷോഭ സമിതി കണ്‍വീനര്‍ ഒ.പി.രവീന്ദ്രന്‍ പറയുന്നു, ‘ഓള്‍ സെയിന്റ്‌സ് കോളേജില്‍ ഇപ്പോള്‍ തന്നെ സംവരണ തത്വം പാലിക്കുന്നില്ല. അങ്ങനെയിരിക്കെ കൂടുതല്‍ കോളേജുകള്‍ക്ക് ഓട്ടോണമി നല്‍കുകയും അവയിലുള്ള സര്‍ക്കാര്‍ നിയന്ത്രണം നഷ്ടമാവുകയും ചെയ്യുക എന്ന് പറയുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോവുന്നതെന്ന് അറിയാം. കുട്ടികളെ കോഴ്‌സിലേക്ക് തിരഞ്ഞെടുക്കുന്നത് മുതല്‍, ഫീസ് സ്ട്രക്ചര്‍, സിലബസ്, പരീക്ഷ അങ്ങനെ എല്ലാത്തിലും കോളേജ് അധികൃതരുടെ ഒരു അപ്രമാദിത്തം ഉണ്ടാവും. സര്‍ക്കാരിന് റോള്‍ ഇല്ലാത്തതുകൊണ്ട് സര്‍ക്കാരില്‍ പരാതി നല്‍കാനുമാവില്ല. അതിനാല്‍ തന്നെ പ്രവേശനം നിഷേദിക്കുകയോ, ആനുകൂല്യങ്ങള്‍ ലഭിക്കാതെ വരികയോ ചെയ്താല്‍ കോടതി വഴി മാത്രമേ അതിനെ ചോദ്യം ചെയ്യാനാവൂ. ഓട്ടോണമി നടപ്പാക്കിയാല്‍ സര്‍വീസ് മേഖലക്ക് അതിന്‍റെ ലാഭമുണ്ടായേക്കാം. പക്ഷെ അതിന് വേണ്ടി ഒരു സമൂഹം മുഴുവനാണ് അതിന്റെ ഉത്തരവാദിത്തം പേറേണ്ടി വരുന്നത്.’

എങ്കില്‍ സ്വാശ്രയകോളേജുകള്‍ നിര്‍ത്തി അവര്‍ മഴക്കുഴികളെടുക്കട്ടെ

കേരളത്തില്‍ സ്വയംഭരണാവകാശം നല്‍കിയ കോളേജുകളില്‍ സ്വാശ്രയ കോഴ്‌സ് തുടങ്ങുന്നതിനപ്പുറത്തേക്ക് ഒന്നും നടന്നിട്ടില്ലെന്നാണ് മുന്‍ എഞ്ചിനീയറിങ് അധ്യാപകനായ ആര്‍ വി ജി മേനോന്‍ അഭിപ്രായപ്പെട്ടത്. അക്കാദമിക് ഓട്ടോണമിയെ സംബന്ധിച്ച് അധ്യാപകര്‍ക്കൊര്‍ക്കും ധാരണയില്ലാത്തതിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. കരിക്കുലം റിവിഷന്‍ പോലും നടത്താതെ പരീക്ഷ നടത്തിപ്പും അടക്കിഭരണവുമല്ലാതെ ഒന്നും സ്വയംഭരണ പദവി ലഭിച്ച കോളേജുകളില്‍ നടക്കുന്നില്ലെന്ന അഭിപ്രായങ്ങളെ സര്‍ക്കാര്‍, പ്രത്യേകിച്ചും സ്വയംഭരണത്തിന് എതിര് നിന്നിരുന്ന ഇടത് പാര്‍ട്ടികളുടെ സര്‍ക്കാര്‍ മുഖവിലക്കെടുക്കേണ്ടതാണ്.

സ്വയംഭരണ കോളേജുകള്‍ക്ക് അനുകൂല മറുപടിയുമായി വിദ്യാഭ്യാസമന്ത്രി

സ്വകാര്യസര്‍വ്വകലാശാല; ശവപ്പെട്ടിയിലെ അവസാനത്തെ ആണി

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍