UPDATES

ശിശുഭവന്‍റെ കെയര്‍ടേക്കറാകാന്‍ ശിക്ഷിക്കപ്പെട്ട കണ്ടക്ടര്‍ക്ക് മികച്ച സേവനത്തിന് ചൈല്‍ഡ് ലൈന്‍ വക അനുമോദനം; അന്ന് തന്നെ മൂന്നാം ക്ലാസുകാരനെ രണ്ടു കിലോമീറ്റര്‍ അകലെയിറക്കി മറ്റൊരു സ്വകാര്യബസ്

കണ്ടക്ടര്‍ സക്കീറലി സൗജന്യസേവനം പൂര്‍ത്തിയാക്കി തിരികെയെത്തിയ അതേ ദിവസം മലപ്പുറം ജില്ലയില്‍ത്തന്നെ സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു

ശ്രീഷ്മ

ശ്രീഷ്മ

മലപ്പുറം തവനൂരിലെ ശിശുഭവനില്‍ നിന്നും ഏഴു ദിവസത്തെ സൗജന്യസേവനം പൂര്‍ത്തിയാക്കി സക്കീറലി തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. സ്വകാര്യ ബസ്സില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ, സ്റ്റോപ്പില്‍ ഇറക്കിവിടാതെ ബുദ്ധിമുട്ടിച്ചതിന്റെ പേരില്‍ സക്കീറലിയെ ജില്ലാ കലക്ടര്‍ ശിശുഭവനില്‍ സേവനത്തിനയച്ചത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ ജൂലായ് 23ന്, സഹോദരനൊപ്പം യാത്ര ചെയ്ത വിദ്യാര്‍ത്ഥിയെ ഇറങ്ങേണ്ട സ്റ്റോപ്പില്‍ നിന്നുമകലെ മറ്റൊരിടത്ത് ഇറക്കിവിട്ടു എന്നതായിരുന്നു സക്കീറലിക്കെതിരായ പരാതി. സഹയാത്രികരില്‍ ചിലര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ബസ്സും, കണ്ടക്ടറായ സക്കീറലിയെയും കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കണ്ടക്ടര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാതെ, ജില്ലാ കലക്ടര്‍ സ്വീകരിച്ച നടപടിയായിരുന്നു സക്കീറലിയെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ ടേക്കറായി സൗജന്യസേവനത്തിന് അയയ്ക്കുക എന്നത്. പത്തുദിവസത്തെ സേവനത്തിനിടയില്‍ കുട്ടികളുമായുള്ള ഇടപഴകല്‍ എങ്ങനെയാണെന്ന് വിലയിരുത്തി സൂപ്രണ്ട് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തുടര്‍നടപടികള്‍ എന്നായിരുന്നു തീരുമാനം. വ്യത്യസ്തമായ ഈ ‘നല്ലനടപ്പ്’ ഏഴു ദിവസത്തില്‍ പൂര്‍ത്തിയാക്കിയ സക്കീറലിയെക്കുറിച്ച് ശിശുഭവന്‍ അധികൃതര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും മികച്ച അഭിപ്രായമാണുള്ളത്.

“സാധാരണഗതിയില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇത്തരം കാര്യങ്ങളില്‍ കേസെടുക്കാന്‍ സാധിക്കുക. സ്റ്റേഷന്‍ ജാമ്യം കിട്ടുമെങ്കില്‍പ്പോലും, പിന്നീട് കേസും നൂലാമാലകളുമായി കണ്ടക്ടര്‍മാര്‍ ഇതിന്റെ പിറകില്‍ ധാരാളം നടക്കേണ്ടിവരാറുണ്ട്. ഇതിപ്പോള്‍ കലക്ടര്‍ അദ്ദേഹത്തിന്റെ അധികാരം വച്ച് നിര്‍ദ്ദേശിച്ച നല്ല നടപ്പായിരുന്നു. കണ്ടക്ടര്‍ക്ക് അത് ഒരു വലിയ ശിക്ഷയായി അനുഭവപ്പെട്ടിട്ടുമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കുട്ടികളെ നന്നായി ശ്രദ്ധിക്കാനും അവരുടെ കാര്യങ്ങളെല്ലാം കൃത്യമായിത്തന്നെ ചെയ്യാനും അദ്ദേഹം സ്വമേധയാ താല്‍പര്യമെടുത്തിരുന്നു. നല്ല മനസ്സുള്ള ഒരാളാണ്. അദ്ദേഹത്തിന്റെ മാത്രം കാരണം കൊണ്ടായിരിക്കില്ല ചിലപ്പോള്‍ പ്രശ്‌നമുണ്ടായിരിക്കുക. ഡ്രൈവര്‍ക്കോ ക്ലീനര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ പങ്കുണ്ടായി എന്നും വരാം. ബസ്സിന്റെ കാര്യങ്ങള്‍ നോക്കാന്‍ ഉത്തരവാദിത്തപ്പെട്ടയാള്‍ എന്ന നിലയില്‍ കണ്ടക്ടറെ വിളിപ്പിച്ചതായിരിക്കാം”, മലപ്പുറം ജില്ലയിലെ ചൈല്‍ഡ് ലൈന്‍ കോര്‍ഡിനേറ്ററായ അന്‍വര്‍ കാരക്കാടന് സക്കീറലിയെക്കുറിച്ച് പറയാനുള്ളതിതാണ്.

അഞ്ചു മക്കളുടെ പിതാവായ സക്കീറലി, എടക്കരയിലെ വീട്ടില്‍ നിന്നും തവനൂരുള്ള ശിശുഭവനിലേക്ക് മണിക്കൂറുകളോളം യാത്ര ചെയ്‌തെത്തിയാണ് സേവനം പൂര്‍ത്തീകരിച്ചത്. ജോലി ഇല്ലാതിരുന്ന ദിവസങ്ങളില്‍ ശമ്പളമില്ലാതെ ബുദ്ധിമുട്ടാതിരിക്കാന്‍ ചൈല്‍ഡ് ലൈന്‍ സക്കീറലിക്ക് ഓണറേറിയത്തില്‍ നിന്നും തുക ശേഖരിച്ച് പ്രതിഫലമായി നല്‍കിയിരുന്നു. കുട്ടികളോട് ഇടപഴകുമ്പോള്‍ അദ്ദേഹം കാണിച്ച ആത്മാര്‍ത്ഥതയ്ക്കുള്ള പ്രതിഫലമാണിതെന്നും, ശിക്ഷിക്കപ്പെട്ടു എന്ന മാനസികസംഘര്‍ഷമുണ്ടാകാതിരിക്കാനായി കഴിയുന്നത്ര ശ്രമിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. പ്രതീക്ഷിച്ചതിലുമധികം അര്‍പ്പണമനോഭാവത്തോടെയുള്ള പ്രവൃത്തിയാണ് സക്കീറലിയില്‍ നിന്നുമുണ്ടായതെന്നും, അതുകൊണ്ടുതന്നെ പത്തു ദിവസത്തെ ശിക്ഷ ഏഴു ദിവസമായി ഇളവു ചെയ്തു കൊടുത്തിരുന്നുവെന്നും ഇവര്‍ പറയുന്നു. കാലാവധി പൂര്‍ത്തിയാക്കി തിരികെ പോകുമ്പോള്‍, അനുമോദനയോഗവും ജില്ലാ ഭരണകൂടം ഏര്‍പ്പാടാക്കിയിരുന്നു. ശിക്ഷയുടെ ഭാരമില്ലാതെ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ സാധിച്ചുവെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തര്‍ ഉള്‍പ്പടെയുള്ളവരുടെ വാദം.

“കണ്ടക്ടറെ നിയമപ്രകാരം ശിക്ഷിച്ചിരുന്നെങ്കില്‍ അത് അയാള്‍ മാത്രമേ അറിയുള്ളൂ. ഒരു സോഷ്യല്‍ ഇംപാക്ട് ഉണ്ടാകുന്നില്ല. നല്ല നടപ്പിന് വിധിച്ച സ്ഥിതിക്ക് ഇതിപ്പോള്‍ സംസ്ഥാനവ്യാപകമായി ചര്‍ച്ചയായല്ലോ. അഞ്ചു മക്കളുടെ അച്ഛനാണ് അയാളും. ഇദ്ദേഹം ജോലി ചെയ്തു വേണം കുടുംബം നോക്കാന്‍. എടക്കരയില്‍ നിന്നും തവനൂര്‍ വന്നാണ് ജോലി ചെയ്യുന്നത്. ഒമ്പതു മണിക്ക് എത്തണമെങ്കില്‍ അഞ്ചുമണിക്ക് വീട്ടില്‍ നിന്നും ഇറങ്ങേണ്ടിവരും. അങ്ങനെ നോക്കിയാല്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുമുണ്ട്. അതെല്ലാം മനസ്സിലാക്കിയിട്ടാണ് ചൈല്‍ഡ് ലൈന്‍ ഓണറേറിയം കൊടുക്കാന്‍ തീരുമാനിച്ചത്. ജോലിക്കു പോയിരുന്നെങ്കില്‍ കിട്ടുമായിരുന്ന ശമ്പളത്തിലുമധികം തുക അദ്ദേഹത്തിന് കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. മാത്രമല്ല, ശിക്ഷ ലഭിച്ചു എന്നതില്‍ അദ്ദേഹം ഏറെ ദുഃഖിതനുമായിരുന്നു. ശിക്ഷ കിട്ടിയല്ലോ എന്നൊക്കെയുള്ള തോന്നലുണ്ടായിരുന്നു. അത്തരമൊരു സമ്മര്‍ദ്ദമുണ്ടാക്കാതിരിക്കാനാണ് അവസാന ദിവസം അനുമോദനം എന്ന തരത്തില്‍ ഒരു ചടങ്ങ് നടത്തിയത്. തെറ്റു ചെയ്തു, ശിക്ഷ കൊടുത്തു എന്നതല്ല ഇവിടെ കാര്യം. അതിനേക്കാള്‍ ഉപരി ഒരു അവബോധം സൃഷ്ടിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. ജില്ലയില്‍ എത്രയോ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്ളതല്ലേ. ഈ വാര്‍ത്ത വായിക്കുമ്പോഴോ സോഷ്യല്‍ മീഡിയയില്‍ ഇത് കാണുമ്പോഴോ തങ്ങളും പിടിക്കപ്പെടുമെന്നും കുട്ടികളോട് മാന്യമായി പെരുമാറണമെന്നും അവര്‍ക്കു തോന്നുന്നുണ്ടെങ്കില്‍ നല്ല കാര്യമല്ലേ. ഒറ്റപ്പെട്ട സംഭവമല്ല എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് കലക്ടര്‍ ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങിയത്. നന്നായി ചിന്തിച്ചു തന്നെ എടുത്ത ഒരു തീരുമാനമായിരുന്നു അത്”, അന്‍വര്‍ പറയുന്നു.

എന്നാല്‍, തവനൂര്‍ ശിശുഭവനില്‍ നിന്നും സക്കീറലി സൗജന്യസേവനം പൂര്‍ത്തിയാക്കി തിരികെയെത്തിയ അതേ ദിവസം മലപ്പുറം ജില്ലയില്‍ത്തന്നെ സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുവെന്നതാണ് ശ്രദ്ധേയം. മലപ്പുറത്ത് പെരുമ്പടപ്പില്‍, വീടിനു മുന്നിലുള്ള ബസ് സ്റ്റോപ്പിലിറക്കാതെ മൂന്നാംക്ലാസ്സുകാരനെ ജീവനക്കാര്‍ രണ്ടു കിലോമീറ്റര്‍ അകലെ ഇറക്കിവിട്ടുവെന്നാണ് പരാതി. നേരം ഇരുട്ടിത്തുടങ്ങിയതിനാലും, കാലില്‍ മുറിവുള്ളതിനാലും വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കണമെന്ന് അപേക്ഷിച്ചിട്ടും, രണ്ടു കിലോമീറ്റര്‍ അകലെ കുട്ടിയെ ഇറക്കിവിടുകയായിരുന്നുവെന്നാണ് പിതാവ് അധികൃതര്‍ക്ക് നല്‍കിയ പരാതിയിലെ പരാമര്‍ശം. മുറിവേറ്റ കാലുമായി രണ്ടു കിലോമീറ്ററോളം നടന്ന് വീട്ടിലെത്തുകയായിരുന്നു ബാലന്‍. കണ്ടക്ടറുടെ ‘നല്ല നടപ്പു ശിക്ഷ’ ബസ്സ് ജീവനക്കാര്‍ക്കും മറ്റുള്ളവര്‍ക്കും നല്ലൊരു മാതൃകയായിരിക്കും എന്ന കണക്കുകൂട്ടലിന് ഏറ്റ തിരിച്ചടി തന്നെയാണ് ജില്ലയില്‍ വീണ്ടും വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഇത്തരം സംഭവങ്ങള്‍. വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്ന ജീവനക്കാരെ തെരഞ്ഞുപിടിച്ച് നല്ലനടപ്പിനു വിധേയരാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതാണോ ശാശ്വത പ്രതിവിധി എന്ന ചോദ്യം കൂടിയാണ് ഇവിടെ ഉയരുന്നത്.

ഒരു വിദ്യാര്‍ത്ഥിയെ ഇറങ്ങേണ്ട സ്‌റ്റോപ്പില്‍ നിന്നും മാറി മറ്റൊരിടത്ത് ഇറക്കുക എന്നത് പുറത്തു നിന്നും നോക്കുന്ന ഒരു മുതിര്‍ന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം വലിയ വിഷയമായി തോന്നിയേക്കില്ലെങ്കിലും, കുട്ടിയെ സംബന്ധിച്ചിടത്തോളം അതു സാരമായ മാനസിക സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് ശിശു മനശ്ശാസ്ത്ര വിദഗ്ധര്‍ പോലും അഭിപ്രായപ്പെടുന്നുണ്ട്. സ്റ്റോപ്പ് മാറി ഇറക്കുന്നത് കുട്ടിയില്‍ കടുത്ത അരക്ഷിതാവസ്ഥയുണ്ടാക്കുകയും, മാനസികമായി ബാധിക്കുകയും, പിന്നീട് ബസ്സില്‍ കയറാനോ പുറം ലോകവുമായി സംവദിക്കാനോ പോലും ഭയപ്പെടുന്ന തരത്തിലേക്ക് മാറിയേക്കാമെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും കേസുകള്‍ നിരത്തി വിശദീകരിക്കുന്നുണ്ട്. അത്രയേറെ ഗുരുതരമായി കാണേണ്ട വിഷയം തന്നെയാണ് സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ പെരുമാറ്റമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ജീവനക്കാരുടെ മാത്രം തെറ്റായി ഈ വിഷയത്തെ കാണുന്നതിലെ പിശകും മനസ്സിലാക്കേണ്ടതുണ്ട്.

ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ജില്ലാ കലക്ടറുടെ നല്ലനടപ്പ് ശിക്ഷയ്ക്ക് സാധിച്ചിട്ടുണ്ട് എന്ന് വിശദീകരിക്കുമ്പോള്‍ത്തന്നെ, ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്ന മറ്റു ചില വസ്തുതകളുമുണ്ട്. ഗൗരവമായിത്തന്നെ പരിഗണിക്കപ്പെടേണ്ട ചിലതാണ് അവ. “കണ്ടക്ടറുടേയോ ക്ലീനറുടേയോ ക്രൂരസ്വഭാവമാണ് വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നതിനു കാരണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. തവനൂരില്‍ സൗജന്യ സേവനം ചെയ്ത കണ്ടക്ടര്‍ അടിസ്ഥാനപരമായി ഒരു നല്ല മനുഷ്യനായിരുന്നു. പ്രശ്‌നങ്ങള്‍ മറ്റു പലതരത്തിലുള്ളതുമാകാം. സ്വകാര്യ ബസ്സുകാരുടെ ടൈമിംഗിന്റെ പ്രശ്‌നം അതില്‍ പ്രധാനമാണ്. ടൈമിംഗ് മുതലുള്ള പല കാര്യങ്ങളും ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കും. പെട്ടെന്ന് സ്റ്റാന്റിലെത്താനുള്ള തിരക്ക്, പിറകിലുള്ള ബസ്സുകാരുടെ തിരക്കുകൂട്ടല്‍, വേഗപ്പാച്ചില്‍ ഇങ്ങനെ പല കാര്യങ്ങള്‍ ഉണ്ടല്ലോ. അത്തരം കാര്യങ്ങള്‍ കൊണ്ട് കുട്ടികളോട് അനുഭാവപൂര്‍വം പെരുമാറാന്‍ ഇവര്‍ക്കു സാധിക്കാത്തതുമാകാം. സ്വകാര്യ ബസ്സുകളുടെ ടൈമിഗ് പ്ലാന്‍ ചെയ്യുമ്പോള്‍ പോലും വിദ്യാര്‍ത്ഥി സൗഹൃദപരമായി വേണം ചെയ്യാന്‍. അതായത്, കണ്ടക്ടര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്നാല്‍ കണ്ടക്ടര്‍മാരുടെ ഭാഗത്തുനിന്നും വീഴ്ച വരുന്നില്ല എന്നും പറയാനാകില്ല.”

ജീവനക്കാരുടെ വ്യക്തിപരമായ സ്വഭാവ സവിശേഷതകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാക്ലേശമുണ്ടാക്കുന്നത് എന്ന ബോധ്യം തെറ്റാണെന്നു തന്നെയാണ് ആവര്‍ത്തിച്ചുണ്ടാകുന്ന സമാനസംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ നിന്നും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി കാര്യമായ പല അഴിച്ചുപണികളും നടത്തേണ്ടതുണ്ടെന്നാണ് ബാലാവകാശ പ്രവര്‍ത്തകരുടെ ആവശ്യം. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ കുട്ടികള്‍ ബുദ്ധിമുട്ട് അനുഭവിക്കാതിരിക്കണമെങ്കില്‍, ആ നേരങ്ങളിലെ ബസ്സുകളുടെ സമയക്രമം തിരുത്തിയെഴുതേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. ബസ്സുകള്‍ക്ക് പെര്‍മിറ്റും സമയക്രമവും അനുവദിക്കുമ്പോള്‍, വിദ്യാര്‍ത്ഥികളെയും യാത്രക്കാരുടെ ഭാഗത്തുനിന്നും പരിഗണിക്കുന്ന നടപടികള്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചകളോ ആലോചനകളോ ഉണ്ടായിട്ടില്ലെന്നും, സമയക്രമത്തിലടക്കം വിദ്യാര്‍ത്ഥി സൗഹൃദ നീക്കമുണ്ടാകണമെങ്കില്‍ പരാതികള്‍ ലഭിക്കട്ടെ എന്നുമാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പില്‍പ്പെടുത്തി കുട്ടികളോടുള്ള ക്രൂരതയായിത്തന്നെ കാണാവുന്ന പ്രശ്‌നമായിട്ടും, സക്കീറലിയുടെ നല്ല നടപ്പ് സംസ്ഥാനത്തൊട്ടാകെത്തന്നെ ചര്‍ച്ചയായിട്ടും, ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും വീണ്ടും സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ അന്വേഷിക്കേണ്ടത് താല്‍ക്കാലിക പ്രതിവിധികളല്ല, ഏറ്റവും അടിസ്ഥാനപരമായ തീരുമാനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളാണെന്നു സാരം.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍