UPDATES

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

കാസര്‍ഗോട്ടെ ആരോഗ്യരംഗം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടു ചെയ്യുന്നത്- ഭാഗം രണ്ട്

ശ്രീഷ്മ

ശ്രീഷ്മ

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരന്ത ബാധിതരുടെദുരിതങ്ങള്‍ക്ക് അറുതിയില്ല. ഒരു പരിധി വരെ എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു എന്ന പ്രതീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്താണ് ഇപ്പോള്‍ ഈ ഇരകളുടെ അവസ്ഥയെന്ന് അന്വേഷിക്കുകയാണ് അഴിമുഖം. അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ശ്രീഷ്മ തയ്യാറാക്കിയ റിപ്പോര്‍ട്ട്. (ആദ്യ ഭാഗം വായിക്കാം-ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു)

എന്‍ഡോസള്‍ഫാന്‍ സമരമുഖങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന മിടുക്കനായിരുന്നു മുഹമ്മദ് അന്‍വാസ്. രോഗബാധ തളര്‍ത്തിയ ശരീരത്തോടും മനസ്സിനോടും മല്ലിട്ട് അമ്മമാര്‍ക്കൊപ്പം സമരവേദികളിലെത്തി, പങ്കെടുക്കുന്നവര്‍ക്കെല്ലാം മുദ്രാവാക്യം വിളിച്ചുകൊടുത്തിരുന്ന ഈ പതിനഞ്ചുവയസ്സുകാരന്‍ മരിക്കുന്നത് താരതമ്യേന അപകടസാധ്യത കുറവായ അപ്പെന്‍ഡിസൈറ്റിസ് കാരണമാണ്. അതിനു കാരണമായത് ജില്ലാ ആശുപത്രി അധികൃതകരുടെ അനാസ്ഥയും. ജില്ലയിലെ മറ്റെല്ലാവരെയും പോലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരും ആശ്രയിക്കുന്ന ഒരു പ്രധാന ആശുപത്രിയില്‍ ലഭ്യമാകുന്ന ചികിത്സയുടെ ഗുണനിലവാരത്തെക്കുറിച്ച് സംസാരിക്കവേ എല്ലാവരും എടുത്തു പറഞ്ഞത് അന്‍വാസിന്റെ കഥയാണ്.

‘വയറുവേദനയും ഛര്‍ദ്ദിയുമായാണ് അന്‍വാസിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാവിലെ പ്രവേശിപ്പിച്ചെങ്കിലും രോഗം കൃത്യമായി നിര്‍ണയിക്കാന്‍ അവര്‍ക്കായില്ല. ഇടവിട്ടുള്ള വയറുവേദനയും ഛര്‍ദ്ദിയും കണ്ടാല്‍ സ്വാഭാവികമായും ആദ്യം അപ്പന്‍ഡിസൈറ്റിസ് പോലുള്ള രോഗങ്ങളല്ലേ ഡോക്ടര്‍മാര്‍ സംശയിക്കുക. അതുണ്ടായില്ല. വൈകീട്ടുവരെ അന്‍വാസ് ആശുപത്രിയില്‍ കഴിഞ്ഞശേഷമാണ് കുട്ടിയുടെ വൃക്കകള്‍ തകരാറിലാണെന്നും പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എത്രയും പെട്ടെന്ന് മാറ്റേണ്ടതുണ്ടെന്നും അറിയിക്കുന്നത്. പരിയാരത്തെത്തുന്നതിനു മുന്നേ തന്നെ അന്‍വാസ് മരിച്ചു.’

പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അപ്പെന്‍ഡിക്‌സ് പൊട്ടി അപകടാവസ്ഥയിലായതാണ് അന്‍വാസിന്റെ മരണകാരണം എന്നു തെളിഞ്ഞിരുന്നു. ഏതൊരു സാധാരണ ഡോക്ടര്‍ക്കും പ്രാഥമിക നിര്‍ണയത്തില്‍ത്തന്നെ കണ്ടെത്താവുന്ന അപ്പെന്‍ഡിക്‌സ് പോലൊരു രോഗാവസ്ഥ പോലും തിരിച്ചറിയാന്‍ സാധിക്കാതിരുന്ന, അതുവഴി ഒരു കുഞ്ഞിന്റെ മരണത്തിനു തന്നെ ഇടയാക്കിയ കാസര്‍കോട്ടെ ആശുപത്രികള്‍ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുമെന്ന് പ്രതീക്ഷ വയ്‌ക്കേണ്ടതില്ല എന്നു പറയുന്നു ഇവര്‍. അങ്ങേയറ്റം ശോചനീയമായ ജില്ലയിലെ ആരോഗ്യരംഗത്തെക്കുറിച്ചുള്ള ഇവരുടെ മോശം ഓര്‍മകളില്‍ ഒടുവിലത്തേതാണ് അന്‍വാസിന്റെ മരണം.

എന്‍ഡോസള്‍സഫാന്‍ ദുരിത ബാധിതര്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സയെത്തിക്കാനുള്ള സൗകര്യങ്ങള്‍ കാസര്‍കോട് ജില്ലയിലില്ല എന്നതു യാഥാര്‍ത്ഥ്യമാണ്. മികച്ച ആരോഗ്യകേന്ദ്രങ്ങള്‍ക്കായി വര്‍ഷങ്ങള്‍ നീണ്ട പോരാട്ടമാണ് ഇവര്‍ നടത്തിപ്പോരുന്നത്. വിശേഷ ശ്രദ്ധയര്‍ഹിക്കുന്ന ഒരു കൂട്ടം കുഞ്ഞുങ്ങളും രോഗികളും ഉള്ളയിടം എന്ന പരിഗണനപോലും കാസര്‍കോട് ജില്ലയ്ക്ക് ഈ വിഷയത്തില്‍ ലഭിക്കുന്നില്ല എന്നു നിരീക്ഷിക്കാതെവയ്യ.

ആശുപത്രികളും ഡോക്ടര്‍മാരുമില്ലാത്തിടത്ത് എന്തു വിദഗ്ധ ചികിത്സ?

തങ്ങള്‍ മുന്‍പിന്‍ ചിന്തയില്ലാതെ ആവശ്യപ്പെടുന്ന അസാധാരണമായ സൗകര്യങ്ങളൊന്നുമല്ല ഇവയെന്ന് സാമൂഹിക പ്രവര്‍ത്തകനും എന്‍ഡോസള്‍ഫാന്‍ വിഷയം ആദ്യമായി പൊതുമധ്യത്തില്‍ അവതരിപ്പിച്ചവരില്‍ ഒരാളുമായ എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് പറയുന്നു. മനുഷ്യാവകാശ കമ്മീഷന്റേയും സുപ്രീം കോടതിയുടേയുമടക്കം നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള മാറ്റങ്ങളേ ഇവര്‍ക്ക് ആവശ്യമായി ഉന്നയിക്കാനുള്ളൂ:

‘എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് മതിയായ ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. എന്തു തരം ചികിത്സയാണ് ഇവര്‍ക്കു ലഭിക്കുന്നത്? വിദഗ്ധ ചികിത്സ കിട്ടാവുന്ന ഒരിടം പോലും കാസര്‍കോട് ജില്ലയിലില്ല. 160 ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും, ദുരിത ബാധിത ഗ്രാമങ്ങളിലെ പതിനൊന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളാക്കി ഉയര്‍ത്തണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ 2010ലാണ് വന്നത്. ഇന്നേവരെ ഇക്കാര്യത്തില്‍ ഒരു പുരോഗമനവുമുണ്ടായിട്ടില്ല. ഈ പി.എച്ച്.സികളെല്ലാം സി.എച്ച്.സികളാക്കി മാറ്റിയാല്‍ 160ഓളെ ഡോക്ടര്‍മാരെ ആവശ്യമായിവരുമെന്നതാണ് സത്യം. ഇതില്‍ 91 വിദഗ്ധ ഡോക്ടര്‍മാര്‍ വേണമെന്നാണ് കണക്കുകള്‍. ഗൈനക്കോളജിയിലോ, ന്യൂറോളജിയിലോ ഒന്നും തന്നെ വിദഗ്ധ ഡോക്ടര്‍മാരെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഇതുവരെ ലഭ്യമല്ല.’

ന്യൂറോ സംബന്ധമായ രോഗങ്ങളാണ് എന്‍ഡോസള്‍ഫാന്‍ അനുബന്ധ രോഗികളില്‍ അധികം പേരെയും വലയ്ക്കുന്നത്. ഇത്തരം രോഗങ്ങള്‍ക്കായുള്ള വിദഗ്ധ ചികിത്സ തേടി ജില്ലയ്ക്കു പുറത്തും മംഗലാപുരത്തും പോകേണ്ട അവസ്ഥയിലാണ് ഇവരെല്ലാം. ജില്ലയില്‍ ഒരു ന്യൂറോളജിസ്റ്റിന്റെ സേവനം പോലും നിലവില്‍ ഇല്ല. ജില്ലാശുപത്രിയില്‍ ന്യൂറോളജിസ്റ്റുകളില്ലെന്നും, ജില്ലയ്ക്കകത്ത് ആകെയുള്ളത് സ്വകാര്യ ആശുപത്രികളില്‍ സന്ദര്‍ശനത്തിന് ഇടയ്ക്കു വന്നു പോകുന്നവരാണെന്നും മുനീസ പറയുന്നു. ന്യൂറോളജി വിഭാഗത്തിലെ സേവനത്തിന്റെ അഭാവമാണ് അംബികാസുതന്‍ മാഷടക്കമുള്ളവരും ഗുരുതര പിഴവായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, കാസര്‍കോട് ജില്ലാ ഡി.പി.എം ഡോ. രാമന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെയാണ്:

‘സെറിബ്രല്‍ പാള്‍സി പോലുള്ള കണ്ടീഷനുകളാണ് എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ കൂടുതലും. ഇവര്‍ക്ക് സത്യത്തില്‍ ന്യൂറോ വിഭാഗത്തിലെ ചികിത്സ ആവശ്യമില്ല. അതൊരു പ്രോഗ്രസ്സീവ് ന്യൂറോ കണ്ടീഷനല്ല. ആ കുട്ടികളെ ചികിത്സിക്കേണ്ടത് പീഡിയാട്രീഷ്യനാണ്. സപ്പോര്‍ട്ടീവ് തെറാപ്പിയും മറ്റും കൊണ്ടേ അവര്‍ക്കു ഗുണമുണ്ടാവുകയുള്ളൂ. ന്യൂറോളജിസ്റ്റിന്റെ സേവനം ആവശ്യമില്ലെന്നല്ല, ജില്ലയില്‍ അത്തരം വിദഗ്ധ ഡോക്ടര്‍മാരെ നിയമിക്കേണ്ടതുണ്ട്. ആ വിഷയത്തില്‍ പ്രപ്പോസല്‍ കൊടുത്തിട്ടുമുണ്ട്. കാസര്‍കോട് ജില്ലയ്ക്കുള്ള പുതിയ പാക്കേജില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങാന്‍ ഫണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.’

എന്തുകൊണ്ട് സൗജന്യ ചികിത്സാ കേന്ദ്രങ്ങളെല്ലാം ജില്ലയ്ക്കു പുറത്ത്?

സ്‌നേഹവീട്ടിലെത്തുന്ന കുട്ടികളില്‍ അല്പം മുതിര്‍ന്നയാളായ സതീശന്‍ പലപ്പോഴും നിരന്തരമായ അസ്വസ്ഥത പ്രകടിപ്പിക്കുന്ന കൂട്ടത്തിലാണ്. ബഹളവും വാശിയും തുടങ്ങിയാല്‍ പിടിച്ചുവയ്ക്കാന്‍ തന്നെ നന്നേ ബുദ്ധിമുട്ടാണ്. ചില സമയങ്ങളില്‍ ഒട്ടും നിയന്ത്രിക്കാന്‍ സാധിക്കാത്തവരും തീരെ തളര്‍ന്നു കിടക്കുന്നവരുമായ നിരവധി കുട്ടികള്‍ വേറെയുമുണ്ട്. ഇവരെയും കൊണ്ട് ദൂരെയുള്ള ആശുപത്രികളിലേക്കു സഞ്ചരിക്കേണ്ടി വരുന്നത് അമ്മമാര്‍ക്കെല്ലാം വലിയ ആയാസമുണ്ടാക്കുന്ന ജോലിയാണ്. ‘നല്ല ചികിത്സ കിട്ടണമെങ്കില്‍ നല്ല ആശുപത്രിയില്‍ പോണ്ടേ. അതാണെങ്കില്‍ അടുത്തൊന്നുമല്ല. സര്‍ക്കാര്‍ സൗജന്യ ആംബുലന്‍സൊക്കെ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ, മിക്കപ്പോഴും വേറെ വണ്ടിവിളിച്ചൊക്കെ പോകേണ്ടി വരും. ആ മോളെ കണ്ടോ? കഴുത്ത് ഉറയ്ക്കാനുള്ള ചികിത്സയ്ക്കായി ശ്രീചിത്ര വരെയൊക്കെയാണ് പോയി വരുന്നത്’ അവരിലൊരാള്‍ പറഞ്ഞതിങ്ങനെ.

പെട്ടെന്ന് എത്തിച്ചേരാവുന്ന ദൂരത്തില്‍ ആശുപത്രികളില്ലാത്തതിനാലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി കൂടുതല്‍ മെച്ചപ്പെട്ട ആശുപത്രികള്‍ ജില്ലയില്‍ കൊണ്ടുവരികയോ ജില്ലാശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ഇവരുടെയെല്ലാം പ്രാഥമികമായ ആവശ്യം. കാസര്‍കോട്ടുകാരോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന അവഗണനയെക്കുറിച്ച് അല്പം രോഷത്തോടെയാണ് അംബികാസുതന്‍ മാഷ് സംസാരിച്ചത്:

‘കാസര്‍കോട് ജില്ലയിലെ മെഡിക്കല്‍ കോളജിന് തറക്കല്ലിട്ടിട്ട് കാലമെത്രയായി? അതിന്റെയൊപ്പം തറക്കല്ലിട്ട മെഡിക്കല്‍ കോളജുകളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയില്ലേ? കേന്ദ്ര സര്‍വകലാശാലയുടെ കീഴില്‍ മെഡിക്കല്‍ കോളജ് വരുന്നെന്നും പറഞ്ഞു കേട്ടു. അതും പാതിയില്‍ നിന്നു. എയിംസ് കേരളത്തിനനുവദിച്ചാല്‍ അതു കാസര്‍കോട്ടു വേണം എന്ന ആവശ്യം എത്ര ശക്തമായാണ് ഇവിടത്തുകാര്‍ ഉയര്‍ത്തിയത്? അതും വെറുതെയായി. ഈ രോഗികള്‍ക്കെല്ലാം എവിടെ വിദഗ്ധ ചികിത്സ ഒരുക്കിയിരിക്കുന്നുവെന്നാണ് പറയുന്നത്?’

മംഗലാപുരത്തെ യെനപ്പോയ, കെ.എം.സി എന്നിവയും, തിരുവനന്തപുരത്തെ ശ്രീചിത്ര, പരിയാരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ തുടങ്ങി പതിനാറോളം ആശുപത്രികളില്‍ സൗജന്യ ചികിത്സ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നത് വാസ്തവമാണ്. പക്ഷേ, ഇവിടങ്ങളിലെല്ലാം എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികളാണ് എന്‍ഡോസള്‍ഫാന്‍ ബാധിതരില്‍ അധികവും. പ്രശ്‌നങ്ങള്‍ ആരംഭിച്ചകാലം തൊട്ട് ഇന്നുവരെ മരണത്തിനു കീഴടങ്ങിയിട്ടുള്ള കുട്ടികളില്‍ പലരേയും യഥാസമയത്ത് വിദഗ്ധ ചികിത്സ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നേനെയെന്ന് അമ്മമാരും സാമൂഹിക പ്രവര്‍ത്തകരും ഒരു പോലെ സമ്മതിക്കുന്നു.

‘കെ.എം.സിയില്‍ പോയാലും അവിടെ അവര്‍ ചികിത്സിക്കുമെന്നല്ലാതെ മരുന്നു തരില്ല. അതു നമ്മള്‍ വേറെ വാങ്ങിക്കണം. ആറുമാസം കൂടുമ്പോള്‍ ചീട്ടെടുത്തില്ലെങ്കില്‍ അവിടെ ചികിത്സിക്കാനും പറ്റില്ല. അത്ര വലിയ ആശുപത്രികളില്‍ ചികിത്സയ്ക്കു കൊടുക്കാന്‍ കാശില്ലെന്നാണ് പറയുന്നത്. മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?’ ചോദിക്കുന്നത് മക്കളുമായി ആശുപത്രികളിലേക്കു യാത്ര ചെയ്തു മടുത്ത അമ്മമാരാണ്. ജില്ലാശുപത്രിയിലോ താലൂക്കാശുപത്രിയിലോ തങ്ങളുടെ മക്കള്‍ക്ക് ആവശ്യമായ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമല്ലെന്നാണ് ഇവര്‍ക്കു മുന്നോട്ടു വയ്ക്കാനുള്ള പരാതി. ചോദിക്കുമ്പോഴെല്ലാം പതിനാറോളം ആശുപത്രികളുടെ പേരുവിവരങ്ങള്‍ എന്‍ഡോസള്‍ഫാന്‍ സൗജന്യ ചികിത്സാ പദ്ധതിയുടെ ഭാഗമായി ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും, പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ അധികൃതര്‍ കണക്കാക്കാറില്ല.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന കത്തുണ്ടെങ്കിലേ ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകുന്നുള്ളൂ. ഇത്തരത്തിലുള്ള ചെറിയ പാളിച്ചകളെത്തുടര്‍ന്ന് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്ന കുടുംബങ്ങളുണ്ടെന്ന് കുഞ്ഞികൃഷ്ണന്‍ മാഷ് പറയുന്നു: ‘ഒരു ദളിത് കോളനിയില്‍ നിന്നുള്ള കുട്ടി. രാത്രി രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിച്ചു. രാത്രി വൈകിയാണ് അവര്‍ എന്നെ വിളിക്കുന്നത്. ആശുപത്രിയില്‍ അഡ്മിറ്റു ചെയ്യുന്നില്ല, എത്തിച്ച ആംബുലന്‍സുകാരനും വിവരമന്വേഷിക്കാതെ മടങ്ങി, ഞങ്ങളെന്തു ചെയ്യും എന്നായിരുന്നു ചോദ്യം. ഡി.പി.എമ്മിനെയൊക്കെ ഇടപെടുത്തിയതിനു ശേഷമാണ് അവസാനം കുട്ടിയെ അവിടെ അഡ്മിറ്റു ചെയ്യുന്നത്. ദളിത് കോളനിയില്‍ നിന്നുള്ള കുടുംബം, അത്രയും ദൂരത്തുള്ള ആശുപത്രി. അവരെന്തു ചെയ്യാനാണ്?’

പിന്നോക്ക ജില്ലയായതിനാല്‍ കാസര്‍കോട്ട് നിലവില്‍ ജില്ലാ ജനറല്‍ ആശുപത്രികള്‍ മാത്രമേയുള്ളൂവെന്നും, പറ്റാവുന്നത്ര മെച്ചപ്പെട്ട ചികിത്സ അവിടെ നല്‍കുന്നുണ്ടെന്നുമാണ് ഡി.പി.എമ്മിന്റെ പക്ഷം. ‘കോര്‍പ്പറേറ്റ് സ്ഥാപനമായ കെ.എം.സിയിലടക്കമാണ് സൗജന്യ ചികിത്സ ഏര്‍പ്പാടു ചെയ്തിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ രോഗികകളുടെ ആവശ്യപ്രകാരമാണ് മംഗലാപുരത്തെ ആശുപത്രികളില്‍ കൂടുതലായും ഇതിനു സൗകര്യമൊരുക്കിയത്. ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ചികിത്സിക്കാവുന്ന രോഗങ്ങള്‍ക്കു പോലും അവര്‍ക്ക് മംഗലാപുരത്തു പോകണം. അത് അവര്‍ ഞങ്ങളോട് ആവശ്യപ്പെട്ട കാര്യമാണ്. ജലദോഷപ്പനിക്കു പോലും കെ.എം.സിയില്‍ പോകണമെന്നാണ് അവര്‍ക്ക്. കോടിക്കണക്കിനു രൂപയാണ് ദിവസേന കെ.എം.സിക്ക് ഈ വകയില്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ പറയുന്നതു പോലെ ചികിത്സാ സൗകര്യങ്ങള്‍ ഇല്ലാത്തതു കൊണ്ടല്ല, മറിച്ച് അവരുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം.’

‘രോഗികളെ ഇവിടങ്ങളിലെത്തിക്കാന്‍ പതിനൊന്നു പഞ്ചായത്തിലും വാഹനങ്ങള്‍ കൊടുത്തിട്ടുണ്ട്. പൂര്‍ണമായും എല്ലാവര്‍ക്കും അത് എത്തിക്കുക എന്നത് എത്രത്തോളം പ്രാവര്‍ത്തികമാണ് എന്ന് മനസ്സിലാക്കാമല്ലോ. ശ്രീചിത്ര വരെയൊന്നും രോഗികളെ എത്തിക്കാനുള്ള സൗകര്യങ്ങളില്ല എന്നതു ശരിയാണ്. ഓരോ രോഗിക്കും ഓരോ വണ്ടി എന്ന കണക്കില്‍ കൊടുക്കാന്‍ സാധിക്കുമോ? ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ജില്ലാ ആശുപത്രിയിലോ പരിയാരത്തോ പോകാന്‍ നിര്‍ദ്ദേശിച്ചാല്‍ അതു ചെയ്യാത്തവരാണ് അധികവും. മംഗലാപുരത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളുടെ മേലുള്ള വിശ്വാസവും, പിന്നെ ഭാഷാപരമായ പ്രശ്‌നങ്ങളുമാണ് പ്രധാനമായും അതിനു കാരണം. കന്നഡ ഭാഷ സംസാരിക്കുന്നവര്‍ക്ക് മംഗലാപുരത്താണ് ആശയവിനിമയത്തിനും എളുപ്പം.’

ചികിത്സാ സംബന്ധമായ വിഷയങ്ങളില്‍ പ്രശ്‌നങ്ങളൊന്നും തന്നെയില്ല എന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും അവകാശപ്പെടുന്നതെങ്കിലും, അമ്മമാരുടെ ദൈന്യതയില്‍ നിന്നും മനസ്സിലാക്കാവുന്ന യാഥാര്‍ത്ഥ്യമതല്ല. ലിസ്റ്റില്‍ അനര്‍ഹര്‍ കടന്നുകൂടി എന്നതടക്കമുള്ള സര്‍ക്കാര്‍ വാദമുഖങ്ങള്‍ തങ്ങളെ എത്രമേല്‍ കഷ്ടത്തിലാക്കുന്നു എന്നു വിശദീകരിച്ചു തരാന്‍ പോലും പൂര്‍ണമനസ്സില്ലാത്തവണ്ണം പ്രതീക്ഷയറ്റിരുന്നു ചിലര്‍ക്ക്. മദ്യദുരന്തത്തിലും വര്‍ഗ്ഗീയകലാപങ്ങളിലും മരിച്ചവര്‍ക്ക് അഞ്ചും പത്തും ലക്ഷം നല്‍കിയ സര്‍ക്കാരുകള്‍ തങ്ങള്‍ക്ക് അര്‍ഹമായ സഹായങ്ങള്‍ അനുവദിക്കാന്‍ പരിശോധനയും പുനഃപരിശോധനയും നടത്തി നീട്ടിക്കൊണ്ടു പോകുന്നതിന്റെ സാംഗത്യം ഇവര്‍ക്കു മനസ്സിലാകുന്നില്ല.

പതിനൊന്നു പഞ്ചായത്തുകളാണ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശങ്ങളായി പട്ടികപ്പെടുത്തിയിട്ടുള്ളത്. ഈ പഞ്ചായത്തുകളുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിച്ചിരുന്നവര്‍ക്കാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഈ മാനദണ്ഡത്തിലെ അശാസ്ത്രീയത പകല്‍ പോലെ വ്യക്തമാണെന്നിരിക്കേ, ‘അനര്‍ഹര്‍’ ലിസ്റ്റില്‍ കടന്നുകൂടാതിരിക്കാന്‍ നിബന്ധനകള്‍ കടുപ്പിക്കുകയാണ് അധികൃതര്‍. വായുവില്‍ തളിച്ച കീടനാശിനി വായുവിലൂടെ പടര്‍ന്ന് കാസര്‍കോടു ജില്ലയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലും എത്തിയിരിക്കാമെന്നതില്‍ തര്‍ക്കമില്ല. കണ്ണൂരിലേയും കര്‍ണാടകയിലേയും അതിര്‍ത്തിഗ്രാമങ്ങളില്‍പ്പോലും ദുരിതബാധയാല്‍ വലയുന്നവരുണ്ടെന്നിരിക്കേ, പതിനൊന്നു പഞ്ചായത്തിന്റേയും രണ്ടു കിലോമീറ്ററിന്റേയും കണക്കുകള്‍ അപകട പരിധിയെ കുറച്ചു കാണിക്കാനുള്ള നീക്കമായിത്തന്നെ വിലയിരുത്തപ്പെടേണ്ടതുണ്ട്.

സാമൂഹിക പ്രവര്‍ത്തകരുടെ കണക്കു പ്രകാരം 27 പഞ്ചായത്തുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും എന്‍ഡോസള്‍ഫാന്‍ ബാധിതരുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ ചുരുങ്ങിയ ഇടങ്ങളിലെ രോഗികളെ മാത്രം പരിഗണിക്കുന്നതിനെതിരെ ഇവര്‍ക്കൊപ്പം ചേര്‍ന്നു സംസാരിച്ച മന്ത്രി ചന്ദ്രശേഖരന്‍ പോലും ഇപ്പോള്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. കാസര്‍കോട്ടെ നിജസ്ഥിതി നേരിട്ടറിയാവുന്നവരില്‍ നിന്നും ഇത്തരത്തിലുള്ള തിരിച്ചടികള്‍ നേരിട്ടു ശീലിച്ച ഇവിടുത്തെ അമ്മമാര്‍ക്ക്, തങ്ങള്‍ ഈ സമരത്തില്‍ ഒറ്റയ്ക്കാണെന്ന് കൃത്യമായ ബോധ്യമുണ്ട്.

എന്‍ഡോസള്‍ഫാന്റെ ഇരകള്‍ സര്‍ക്കാരിനും പൊതുസമൂഹത്തിനും ഒരു പ്രശ്‌നമേയല്ലാതായി മാറിക്കഴിഞ്ഞു എന്ന ഗുരുതര ആരോപണമാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്നത്. അല്ലെങ്കില്‍പ്പിന്നെ എങ്ങിനെയാണ്, ആരോഗ്യപരമായി ഇത്രയേറെ ശ്രദ്ധ ആവശ്യമായുള്ള ഒരു വലിയ ജനവിഭാഗം ജീവിച്ചുപോരുന്നയിടത്തു മാത്രം ആരോഗ്യ രംഗം ശോചനീയമായിത്തുടരുന്നത്? ഒരു ജനത മുഴുവന്‍ കടുത്ത പ്രതിസന്ധി നേരിടുന്നതിനെക്കുറിച്ച് മറ്റാര്‍ക്കും അല്പം പോലും വ്യാകുലതയില്ലാത്തതെന്താണെന്ന അമ്മമാരുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ തപ്പിത്തടയുകയേ വഴിയുണ്ടായിരുന്നുള്ളൂ.

(തുടരും)

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

അന്‍വാസ് ഇനിയില്ല; മരണത്തിനു വിട്ടുകൊടുത്തത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ഇത്രയൊക്കെ മതി എന്ന മനോഭാവമോ?

13 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന അമ്മ, ദുരിതം കണ്ട് ജീവനൊടുക്കിയ 16-കാരന്‍ മകന്‍, തകര്‍ന്നുപോയ ഒരു കുടുംബം; എന്‍ഡോസള്‍ഫാന്‍ ദുരിതപ്പെയ്ത്ത് തീരുന്നില്ല

തോറ്റുപോയെന്നു കരുതിയവര്‍ക്കിടയില്‍ നിന്ന് അവള്‍; എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയില്‍ ശ്രുതിയുടെ ജീവിതം/അഴിമുഖം ക്ലാസ്സിക്

എന്‍ഡോസള്‍ഫാന്‍ ഇര രാജീവിയുടെ ആത്മഹത്യ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍