UPDATES

‘സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ, നമ്മുടെ കുഞ്ഞുങ്ങളെ നോക്കിക്കോണേ’; നൊമ്പരമായി നഴ്സ് ലിനിയുടെ അവസാന വാക്കുകള്‍

വളരെ കുറച്ചുപേര്‍ മാത്രമാണ് മരണവീട്ടിലേക്കെത്തുന്നത്. പക്ഷെ നാട്ടുകാരെ കുറ്റം പറയാനും പറ്റില്ല. എല്ലാവര്‍ക്കും പേടിയാണ്. സത്യത്തില്‍ ആ കുടുംബം ഒറ്റപ്പെട്ടത് പോലൊരു അവസ്ഥയുണ്ട്

‘സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. പ്ലീസ്… വിത്ത് ലോട്‌സ് ഓഫ് ലവ്… ഉമ്മ’; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി ഐസിയുവില്‍ കിടന്നുകൊണ്ട് ലിനി ഭര്‍ത്താവ് സജീഷിന് അവസാനമായി എഴുതിയ കത്തിലെ വാക്കുകള്‍. മെഡിക്കല്‍ കോളേജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുന്നതിനിടെയാണ് ലിനി സജീഷിനോട് അവസാനമായി സംസാരിച്ചത്. വീഡിയോ കോള്‍ ആയിരുന്നു അത്.

‘ബുധനാഴ്ച ഞാന്‍ വിളിച്ചിരുന്നു. അപ്പോള്‍ പനിയാണ്, തീരെ വയ്യ എന്ന് പറഞ്ഞിരുന്നു. പനിയായതുകൊണ്ട് ഡ്യൂട്ടിക്ക് പോവണ്ട എന്ന് ഞാന്‍ പറഞ്ഞതാണ്. പക്ഷെ ഇന്ന് അവിടെ ആളില്ല, അതുകൊണ്ട് ഡ്യൂട്ടിക്ക് കയറണം എന്ന് പറഞ്ഞ് പോയി. അന്ന് വൈകിട്ട് ഡോക്ടര്‍ തന്നെയാണ് ഇവിടെ വീട്ടില്‍ കൊണ്ടുവിട്ടത്. അത്രയും സുഖമില്ലാതായിട്ടും ജോലിക്കു പോയതുകൊണ്ടാണെന്ന് തോന്നുന്നു ഇങ്ങനെയായത്. മെഡിക്കല്‍ കോളേജിലേക്ക് പോവുന്ന വഴിക്ക് എന്നെ വീഡിയോ കോള്‍ ചെയ്തിരുന്നു. പനി മാറുന്നില്ല, ആശുപത്രിയിലേക്ക് പോവുകയാണ്, പ്രാര്‍ഥിക്കണം എന്ന് പറഞ്ഞു. പിന്നീട് ഏട്ടന്‍ വിളിച്ച് എന്തായാലും വന്നോളൂ എന്ന് പറഞ്ഞു. ഇവിടെയെത്തിയപ്പോഴാണ് ഇത്രയും ക്രിട്ടിക്കല്‍ ആണെന്ന് അറിയുന്നത്. ഒരു തവണ ഐസിയുവില്‍ കയറി ഞാന്‍ കണ്ടു. ഓക്‌സിജന്റെ അളവ് കുറവായതിനാല്‍ ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നു. മാസ്‌ക് വച്ചിരുന്നതിനാല്‍ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അതായിരുന്നു അവസാന കാഴ്ച. മരിച്ചതിന് ശേഷം ഐസിയുവിലുള്ള സിസ്റ്ററാണ് അവള്‍ ബോധമുള്ള സമയത്ത് എഴുതിയാണെന്ന് പറഞ്ഞ് എനിക്കെഴുതിയ കത്ത് തരുന്നത്. അവള്‍ക്ക് ചിലപ്പോള്‍ നേരത്തെ എല്ലാം അറിയാവുന്നതുകൊണ്ടായിരിക്കാം. എല്ലാം മനസ്സിലാക്കിയിട്ടുണ്ടാവും.’ സജീഷ് ഓര്‍മ്മിക്കുന്നു.

നിപ വൈറസ് ജീവനെടുത്ത മൂന്ന് പേരില്‍ ഒരാളാണ് ലിനി. വൈറല്‍ പനി ബാധിച്ച് മരിച്ച പേരാമ്പ്ര സ്വദേശികളായ സഹോദരന്‍മാരില്‍ ഒരാളെ ശുശ്രൂഷിച്ച പേരാമ്പ്ര് താലൂക്ക് ആശുപത്രിയിലെ നഴ്‌സ്. നിപ വൈറസ് എന്ന പേര് കേട്ടു തുടങ്ങുന്നതിന് മുമ്പ് ആ വൈറസ് ബാധിച്ചെത്തിയ രോഗിയെ ഒരു നിമിഷം പോലും വിശ്രമിക്കാതെ പരിചരിച്ച ലിനി ഒടുവില്‍ ആ വൈറസിന്റെ അടുത്ത ഇരയായി മാറുകയായിരുന്നു.

ചെമ്പനോട കൊറത്തിപ്പാറ പുതുശേരിയില്‍ അമ്മയെ കാത്തിരിക്കുന്ന രണ്ട് മുഖങ്ങളുണ്ട്. രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥും അഞ്ചുവയസ്സുകാരന്‍ റിഥുലും. അമ്മ എവിടെയെന്ന് ദിവസങ്ങളായി അവര്‍ അന്വേഷിക്കുന്നുണ്ട്. സിദ്ദാര്‍ഥ് ഇടക്കിടെ അമ്മയെ അന്വേഷിച്ച് കരയുകയും ചെയ്യും. അമ്മ ആശുപത്രിയില്‍ പോയതാണ്, ഉടനെ വരും എന്ന് കേള്‍ക്കുമ്പോള്‍ കരച്ചില്‍ നിര്‍ത്തും. അമ്മ ഡ്യൂട്ടിക്ക് പോയതാണെന്ന് പറഞ്ഞാണ് രണ്ട് പേരേയും സമാധാനിപ്പിച്ചിരുത്തിയിരിക്കുന്നത്. അമ്മ ഇല്ലാതായത് അവര്‍ അറിഞ്ഞിട്ടില്ല. ‘എന്റെ കുഞ്ഞിനെ കാണാന്‍ പോലും കിട്ടിയില്ല. ന്റെ കാര്യം പോട്ടെ, ആ കുഞ്ഞിക്കുട്ടികളെ ഞാന്‍ എന്ത് പറഞ്ഞാണ് വിശ്വസിപ്പിക്കുക, എന്റെ ദൈവമേ’ ലിനിയുടെ അമ്മ രാധയുടെ കരച്ചിലിലും കുഞ്ഞുങ്ങളെയോര്‍ത്തുള്ള ദു:ഖമാണേറെ.

പുതുശേരി വീട്ടില്‍ നാണുവിന്റേയും രാധയുടേയും മൂന്ന് പെണ്‍കുട്ടികളില്‍ രണ്ടാമത്തെയാളായിരുന്നു ലിനി. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചതിനാല്‍ കുടുംബം പുലര്‍ത്താന്‍ ഒരു ജോലി ആവശ്യമാണെന്ന് മനസ്സിലാക്കിയും ആതുരസേവനത്തില്‍ താത്പര്യമുള്ളതുകൊണ്ടുമാണ് ലിനി നഴ്‌സിങ് പഠിക്കാന്‍ ഒരുങ്ങിയത്. ബംഗലുരുവിലെ പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി എ്‌സ് സി നഴ്‌സിങ് പൂര്‍ത്തിയാക്കി. പിന്നീട് കോഴിക്കോടും കണ്ണൂരുമുള്ള സ്വകാര്യ ആശുപത്രികളില്‍ ജോലി നോക്കി. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ട് പഠനത്തിനായി ബാങ്കില്‍ നിന്നെടുത്ത വായ്പ പോലും തിരിച്ചടക്കാനാവാതെ വന്നതോടെ ആകെ പ്രതിസന്ധിയിലായി. വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം ഇതിനിടക്കായിരുന്നു. കുട്ടികളായതോടെ ലിനി തല്‍ക്കാലത്തേക്ക് ആശുപത്രി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സജീഷ് ആവശ്യപ്പെട്ടിരുന്നെങ്കിലും സ്വന്തം വീട്ടിലെ പ്രാരാബ്ധങ്ങളും ജോലിയോടുള്ള താത്പര്യവും കൊണ്ട് ലിനി അതിന് തയ്യാറായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

രണ്ട് വര്‍ഷം മുമ്പാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായി ലിനി ജോലിക്ക് കയറുന്നത്. ദിവസക്കൂലിയായിരുന്നെങ്കിലും താരതമ്യേന മെച്ചപ്പെട്ട തുക ശമ്പളമായി ലഭിച്ചതോടെ ഒരു വര്‍ഷത്തിന് മുമ്പ് വിദ്യാഭ്യാസ വായ്പ അടച്ചുതീര്‍ത്തു. എന്നാല്‍ വീട്ടില്‍ നടന്ന വിവാഹങ്ങള്‍ക്കും വിദ്യാഭ്യാസത്തിനുമൊക്കെയായി ചെലവായ കുറച്ചു തുക ഇപ്പോഴും ബാധ്യതയായി അവസാനിക്കുകയാണ്. പതിയെ കിട്ടുന്നതില്‍ നിന്ന് മാറ്റിവച്ച തുകകൊണ്ട് ഇതെല്ലാം തീര്‍ക്കാമെന്നായിരുന്നു ലിനിയുടെ പ്രതീക്ഷ.

സജീഷിന്റെ വീട്ടില്‍ അച്ഛന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ സ്വന്തം വീട്ടില്‍ മക്കളെ അമ്മയെ ഏല്‍പ്പിച്ചാണ് ലിനി ജോലിക്ക് പോയ്‌ക്കൊണ്ടിരുന്നത്. ഇരുപത് കിലോമീറ്ററോളം യാത്ര ചെയ്ത് ഓടിക്കിതച്ചായാലും കൃത്യസമയത്ത് ഡ്യൂട്ടിക്കെത്തുന്ന ലിനിയോട് ആശുപത്രിയിലെ എല്ലാവര്‍ക്കും സ്‌നേഹമായിരുന്നു. മക്കള്‍ക്ക് അസുഖം വന്നാല്‍ പോലും പരമാവധി ലീവ് എടുക്കാതെ ജോലിക്കെത്തുകയും അങ്ങേയറ്റം ആത്മാര്‍ഥതയോടെ രോഗികളെ പരിചരിക്കുകയും ചെയ്യുന്ന ലിനിയെ ആശുപത്രിയിലെ ഹെഡ് നേഴ്‌സ് വത്സലയും സഹപ്രവര്‍ത്തകയായിരുന്ന ജിജിനയും ഓര്‍മ്മിക്കുന്നു, ‘വളരെ ഒതുങ്ങിയ പ്രകൃതമായിരുന്നു. ആശുപത്രിയിലെ രോഗികളോട് അങ്ങേയറ്റം കരുതലും സ്‌നേഹവും. പനിയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടായപ്പോഴെല്ലാം വൈറസ് ബാധിതനായ ആളുടെ അരികെ ചെല്ലുകയും പരിചരിക്കുകയും ചെയ്തു. നിപ വൈറസ് ആണെന്ന് അന്നറിയില്ലല്ലോ. സാധാരണ പനിയുമായി വന്നയാളാണെന്നല്ലേ എല്ലാവരും ധരിക്കുന്നത്. പക്ഷെ അതിങ്ങനെ ഒരു ദുരന്തമായി. ഭര്‍ത്താവ് ഗള്‍ഫിലായിരുന്നതിനാല്‍ ലിനിയുടേയും കുട്ടികളുടേയും ജീവിതം സാമ്പത്തിക ബുദ്ധിമുട്ടിലൊന്നുമായിരുന്നില്ല. പക്ഷെ സ്വന്തം വീട്ടില്‍ ഏറെ ബുദ്ധിമുട്ടുണ്ടായിരുന്നതിനാലാണ് സജീഷ് പറഞ്ഞിട്ട് പോലും അത് കേള്‍ക്കാതെ അവള്‍ ജോലിക്ക് വന്നുകൊണ്ടിരുന്നത്. ഏത് ഷിഫ്റ്റ് കൊടുത്താലും ആത്മാര്‍ഥതയോടെ ജോലി ചെയ്യും. എല്ലാവരോടും പരമാവധി സഹകരിക്കും. പനിയായിട്ടുകൂടി ഡ്യൂട്ടിക്ക് വന്നിരുന്നു. അവളില്ലാതായതിന്റെ നഷ്ടം ഞങ്ങള്‍ക്ക് കൂടിയാണ്. ആശുപത്രി തന്നെ മരണവീടായത് പോലെയാണ്. പനി കുറയാതായപ്പോള്‍ അവള്‍ പിന്നെയും ഈ ആശുപത്രിയിലാണ് വന്നത്. പിന്നെ ഞങ്ങള്‍ നിര്‍ബന്ധിച്ചാണ് വേറൊരു ആശുപത്രിയിലേക്ക് പോവുന്നത്. കൂടെ നില്‍ക്കാന്‍ അധികമാരുമില്ലാത്തതുകൊണ്ട് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്കാണ് പോയത്. അന്ന് ആംബുലന്‍സില്‍ കയറിയപ്പോള്‍ ‘ ഇനി തിരിച്ചുവരലുണ്ടാവില്ല’ എന്ന് ലിനി പറയുകയും ചെയ്തു. അത്രയും വീക്ക് ആണെന്ന് അവള്‍ക്ക് തന്നെ മനസ്സിലായിക്കാണും.’

ലിനി ശുശ്രൂഷിച്ച പേരാമ്പ്ര സ്വദേശി മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അവര്‍ക്ക് പനിയും ചുമയുമായി വൈറല്‍ പനി തുടങ്ങുന്നത്. ആദ്യ ദിവസങ്ങളില്‍ സാധാരണ വൈറല്‍ പനി എന്ന മട്ടില്‍ സാധാരണ ചികിത്സകള്‍ എടുത്തു. എന്നാല്‍ കുറയാതെ വന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്ന് ഇഖ്‌റ ആശുപത്രിയിലെത്തി ചികിത്സ തുടങ്ങിയിട്ടും പനി കുറഞ്ഞില്ല. മണിക്കൂറുകള്‍ കഴിയുന്തോറും ക്ഷീണിതയായിക്കൊണ്ടിരുന്ന ലിനിയ്ക്ക് എന്ത് ചിക്തിത്സയാണ് നല്‍കേണ്ടതെന്നറിയാതെ ആശുപത്രി അധികൃതരും കുഴഞ്ഞു. ആ സമയത്താണ് നിപ വൈറസ് സംശയങ്ങള്‍ രൂപപ്പെടുന്നത്. അതോടെ ലിനിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കായി വിട്ടു. മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി ഐസിയുവിലേക്കാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു. ശനിയാഴ്ച നാട്ടിലെത്തിയ ഭര്‍ത്താവ് സജീഷിനെ മാത്രം ലിനിയെകാണാന്‍ ഒരു തവണ അനുവാദം നല്‍കിയതൊഴിച്ചാല്‍ ബന്ധുക്കളെ ആരേയും ഐസിയുവിനകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഞായറാഴ്ച പകല്‍ ആരോഗ്യ നില അല്‍പ്പം മെച്ചപ്പെട്ടെങ്കിലും വൈകിട്ടോടെ സാച്ചുറേഷന്‍ ലെവല്‍ കുറഞ്ഞു. രാത്രി ഒരു മണിയോടെ മരിച്ചു. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവേണ്ടതില്ല എന്ന തീരുമാനമെടുത്ത ബന്ധുക്കള്‍ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് സമ്മതം നല്‍കി. രണ്ട് മണിയോടെ മൃതദേഹം സംസ്‌കരിച്ചു.

മരണവീട്ടിലേക്ക് ആശ്വാസവാക്കുകളുമായി പോലും പോവാന്‍ കഴിയാതെയാണ് ഒരു നാട് ഒന്നടങ്കം വിറങ്ങലിച്ച് നില്‍ക്കുന്നത്. ചിലര്‍ മാത്രം മാസ്‌കുകള്‍ ധരിച്ചും അല്ലാതെയും ആ വീട്ടിലേക്ക് കയറിച്ചെല്ലുന്നു. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശങ്ങളും നിപ വൈറസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളും ഭയന്ന് പലരും അവിടേക്ക് പോവാന്‍ മടിക്കുകയാണെന്ന് അയല്‍വാസിയായ ആവള ഹമീദും പറയുന്നു, ‘വളരെ എനര്‍ജറ്റിക് ആയി നടന്ന് വീട്ടിലേയും ആശുപത്രിയിലേയുമെല്ലാം കാര്യങ്ങള്‍ നോക്കിയിരുന്ന കുട്ടിയാണ്. നാട്ടുകാര്‍ക്കെല്ലാം അവളോട് സ്‌നേഹവുമായിരുന്നു. പക്ഷെ അവള്‍ക്ക് ഇങ്ങനെ ഒരു അന്ത്യം ഉണ്ടായി എന്ന് കേട്ടിട്ട് പോലും ആ വീട്ടിലേക്ക് കയറിച്ചെല്ലാന്‍ പറ്റാത്ത അവസ്ഥയാണ്. വളരെ കുറച്ചുപേര്‍ മാത്രമാണ് മരണവീട്ടിലേക്കെത്തുന്നത്. പക്ഷെ നാട്ടുകാരെ കുറ്റം പറയാനും പറ്റില്ല. എല്ലാവര്‍ക്കും പേടിയാണ്. സത്യത്തില്‍ ആ കുടുംബം ഒറ്റപ്പെട്ടത് പോലൊരു അവസ്ഥയുണ്ട്.’

ലിനിയുടെ മരണം യാഥാര്‍ഥ്യമാണെന്ന് വിശ്വസിക്കാന്‍ പോലും ഇപ്പോഴും ആശുപത്രി ജീവനക്കാര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞിട്ടില്ല. രണ്ട് ദിവസം മുന്‍പ് വരെ അവരോടൊപ്പമുണ്ടായിരുന്ന ഒരാള്‍ ആരും കാണാതെ മരിച്ചുപോയി എന്ന യാഥാര്‍ഥ്യം അവര്‍ക്ക് മുന്നിലുണ്ട്. ആ യാഥാര്‍ഥ്യം പതിയെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് ലിനിയെ സ്‌നേഹിച്ചിരുന്ന എല്ലാവരും. താല്‍ക്കാലിക ജീവനക്കാരിയായിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് പരമാവധി സഹായം ആ കുടുംബത്തിന് ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് പേരാമ്പ്ര താലൂക്ക് ആശുപത്രി അധികൃതര്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

നിപ വൈറസ്; കോഴിക്കോട്ട് സേവനം ചെയ്യാന്‍ അവസരം നല്‍കണം; പിണറായിയോട് ഖൊരഖ്പൂരിലെ ഡോ. കഫീല്‍ഖാന്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍