UPDATES

പന്ത്രണ്ട് നദികളും വറ്റി കുടിവെള്ളത്തിനായി മുറവിളി കൂട്ടിയ കാസറഗോഡ് പ്രളയഭീതിയില്‍

കാസര്‍ഗോഡ് രണ്ട് ദിവസമായി റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്

പ്രളയത്തില്‍ കേരളക്കരയാകെ മുങ്ങിയപ്പോഴും, വെള്ളം കയറാതെ ഒരു തുരുത്തുപോലെ നിന്ന ജില്ലയാണ് കാസറഗോഡ്. തുടര്‍ന്നുവന്ന മാസങ്ങളില്‍ അതികഠിനമായ വേനലിനേയും ഏറ്റുവാങ്ങി, ഏറ്റവുമധികം പുഴകളൊഴുകുന്ന ഈ നാട്. പന്ത്രണ്ട് പുഴകളും വറ്റി വരണ്ടതോടെ കാസറഗോഡ് കുടിവെള്ളത്തിനായി ജനം ഓടി നടന്നു. ഫെബ്രുവരി പകുതിയോടെ തന്നെ പലയിടങ്ങളിലും കിണറുകളെല്ലാം വറ്റി വരണ്ടു തുടങ്ങിയിരുന്നു. പുഴകളിലെ ജലനിരപ്പ് താഴുകയും, കടല്‍വെള്ളം കയറുകയും ചെയ്തതോടെ ഉപ്പുവെള്ള ഭീഷണിയും വ്യാപകമായി. ഇതേ തുടര്‍ന്ന് ഏപ്രില്‍ അവസാനത്തോടെ കാസറഗോഡ് മുന്‍സിപാലിറ്റിയും വെള്ളം പമ്പിംഗ് നിര്‍ത്തിവെച്ചു. വരണ്ട ലാറ്റ്‌റൈറ്റ് ഭൂമി അധികമായുള്ള ജില്ലയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കുഴല്‍ക്കിണര്‍ നിര്‍മ്മാണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഒരു കാലത്ത് തുളു നാടന്‍ സംസ്‌കൃതിയുടെ ഭാഗമായിരുന്ന തുരങ്കങ്ങളില്‍ നിന്നും, പുതിയ തലമുറ ബോര്‍വെല്ലുകളിലേക്ക് മാറിയതോടെ ജില്ലയില്‍ പലയിടത്തും ഭൂഗര്‍ഭ ജലത്തിന്റെ അളവ് ഗണ്യമായ തോതില്‍ കുറഞ്ഞു. ജില്ലയില്‍ 99% ഭൂഗര്‍ഭജലവും വറ്റിയിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍.

അതിനിടെയാണ് നിനച്ചിരിക്കാതെ കാലവര്‍ഷം കലിതുള്ളി എത്തിയത്. ആരംഭ ഘട്ടങ്ങളില്‍ പെയ്യാന്‍ മടിച്ച മഴ മേഘങ്ങള്‍, ഒരാഴ്ചയോളമായി നിര്‍ത്താതെ പെയ്യുകയാണ്. കഴിഞ്ഞ രണ്ട് ദിവസത്തെ കനത്ത മഴയില്‍ ജില്ലയില്‍ വ്യാപകമായി നാശനഷ്ടങ്ങളുണ്ടായി. രണ്ട് ദിവസമായി റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍, കാലവര്‍ഷക്കെടുതി മൂലം കൃഷിനാശം സംഭിച്ചാല്‍ വിവരങ്ങള്‍ അറിയിക്കുന്നതിനായി കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. (ഹെല്‍പ് ഡെസ്ക്കിലേക്ക് വിളിക്കേണ്ട നംബര്‍: 04994 255346, 9447270166.)

ജില്ലയില്‍ 24 മണിക്കൂറിനുള്ളില്‍ 202.4375 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കാസറഗോഡ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 202.4375 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കാസറഗോഡ് 240 മി.മീറ്ററും കിനാനൂരില്‍ 235 എന്നിങ്ങനെ ഉയര്‍ന്ന അളവില്‍ മഴ ലഭിച്ചു. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ ജില്ലയില്‍ ഇന്നലെ രാവിലെ 10 വരെ 1197.9 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒരു വീട് പൂര്‍ണമായും 10 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇതുവരെ രണ്ട് വീടുകള്‍ പൂര്‍ണമായും 80 വീടുകള്‍ ഭാഗികമായും തകര്‍ന്നു.

ജില്ലയില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ കുമ്പളയില്‍ പാലം തകര്‍ന്നു വീണു. കുമ്പള ബംബ്രാണ കൊടിയമ്മ തോടിന് കുറുകെയുള്ള പാലമാണ് തകര്‍ന്നത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയായിരുന്നു, അപകടം. ഇതോടെ കൊടിയമ്മ യുപി ഹൈസ്‌കൂളുകളിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കാലപ്പഴക്കത്താല്‍ പാലത്തിന്റെ അടിഭാഗം ദ്രവിച്ചു തുടങ്ങിയിരുന്നു. പുതിയ പാലം നിര്‍മിക്കാന്‍ 2017ല്‍ കാസറഗോഡ് വികസന പാക്കേജില്‍ 77 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ കാരണം പണി ആരംഭിച്ചിരുന്നില്ല.

കാസറഗോഡ് മധൂര്‍ ക്ഷേത്രത്തില്‍ ഒന്നേമുക്കാല്‍ മീറ്ററോളം ഉയരത്തില്‍ വെള്ളം കയറി. മധൂര്‍ മദനന്തശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വെള്ളം ശ്രീകോവിലിന് സമീപമെത്തി. അഞ്ച് ഭണ്ഡാരങ്ങള്‍ വെള്ളത്തില്‍ മുങ്ങിത്താണു. മഴക്കാലത്ത് വര്‍ഷങ്ങളായി ഇവിടെ വെള്ളക്കെട്ട് പതിവാണെങ്കിലും, ഇത്രയധികം വെള്ളം പൊങ്ങുന്നത് ഇത് ആദ്യമായാണെന്നാണ് പരിസര വാസികള്‍ പറയുന്നത്. സമീപത്തെ ബസ് സ്റ്റാന്‍ഡും പരിസരവും ഇന്നലെ രാത്രിയോടെ വെള്ളത്തിലായി. കഴിഞ്ഞ ദിവസം രാവിലെ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിത്തുടങ്ങിയിരുന്നു. രാവിലെ ക്ഷേത്രത്തില്‍ പൂജകള്‍ നടന്നു. മഴ കനത്തതോടെ ഇന്ന് നിവേദ്യ സമര്‍പണം മാത്രമാണ് നടന്നത്. മധൂര്‍ പഞ്ചായത്ത് ഓഫിസും പരിസരവും വെള്ളത്തിലാണ്. പഞ്ചായത്ത് ഓഫിസ്, അങ്കണവാടി, കൃഷി ഭവന്‍, ഓഡിറ്റോറിയം എന്നിവിടങ്ങളിലെത്താന്‍ കടുത്ത യാത്രാദുരിതമാണുള്ളത്.

ചെറുവത്തൂരില്‍ അരയി പാലം കവിഞ്ഞൊഴുകുകയാണ്. പനങ്കാവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. അഞ്ച് വീടുകള്‍ തകര്‍ന്നു. ചെറുവത്തൂര്‍ ഞാണംകൈയ്യില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞ് ചിത്താരിയിലും പുല്ലൂര്‍ പാലത്തിന് സമീപത്തും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

കാലവര്‍ഷക്കെടുതി നേരിടാന്‍ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വെള്ളരിക്കുണ്ടിലും കിനാനൂരിലുമായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കിനാനൂരില്‍ നാല് കുടുംബത്തിലെ പതിമൂന്ന് പേരെ ക്യാമ്പിലേക്ക് മാറ്റി.

കനത്ത മഴയില്‍ ഒറ്റപ്പെട്ട എരിയാല്‍ കണ്ടത്തില്‍ പ്രദേശം ഒറ്റപ്പെട്ടു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 10ാം വാര്‍ഡിലെ കണ്ടത്തില്‍ പ്രദേശം പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടക്കുകയാണ്. വിദ്യാര്‍ഥികളും സ്ത്രീകളും പ്രായമായവരുമടക്കം സഞ്ചാര യോഗ്യമായ പാത ഇല്ലാതെ പ്രയാസം അനുഭവക്കിക്കുകയാണ്.

എരിയാല്‍ പാലത്തിനു സമീപത്തെ തോട്ടില്‍ എംഎല്‍എ, എംപി ഫണ്ടില്‍ വകയിരുത്തി സംരക്ഷണ ഭിത്തി കെട്ടി സ്ലാബ് ഇടുന്ന പ്രവര്‍ത്തി ആരംഭിച്ചിരുന്നെങ്കിലും സമീപവാസികളുടെ വിസമ്മതം കാരണം മുടങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അതിനിടെ സ്വകാര്യ വ്യക്തി അശാസ്ത്രീയമായി നിര്‍മ്മിച്ച പാലം കാരണം മാലിന്യം കെട്ടികിടക്കാനും തുടങ്ങിയതായും അവര്‍ പറയുന്നു. വീടുകളില്‍ കാസറഗോഡ് എം.പി എത്തി വിവരങ്ങള്‍ ആരാഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് കാസറഗോഡെ താഴ്ന്ന പ്രദേശങ്ങളില്‍ വലിയ തോതില്‍വെള്ളം കയറി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട ആളുകളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കാഞ്ഞങ്ങാട്, അരയി, പനങ്ങാട്, പുല്ലൂര്‍ പെരിയ, ബെദിര, പട്ട്‌ള, ചൂരി തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളം കൂടുതലായി ഉയര്‍ന്നിരിക്കുന്നത്. തോടും പുഴകളും കര കവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ തീര്‍ത്തും ഒറ്റപ്പെട്ടു. സ്ഥലം സന്ദര്‍ശിച്ച റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ നാട്ടുകാരോട് മാറിതാമസിക്കുവാനായി ആവശ്യപ്പെട്ടു. ഇതെ തുടര്‍ന്ന് താല്‍കാലിക ദുരിതാശ്വസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. വെള്ളമുയര്‍ന്നതോടെ കാഞ്ഞങ്ങാട്- മടിക്കൈ റോഡ് താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. മലയോരത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും അനുഭവപ്പെട്ടു. കടലും പ്രക്ഷുബ്ധമായി തുടരുകയാണ്. മഴ തുടര്‍ന്നാല്‍ ദുരിതങ്ങളുമേറുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും.

കാലവര്‍ഷക്കെടുതി നേരിടാന്‍ ജില്ലാ സുസജ്ജമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. അപ്രതീക്ഷിതമായാണ് ജില്ലയില്‍ അതിശക്തമായ മഴ പെയ്തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ജില്ലാ ദുരന്തനിവാരണ അതോറിട്ടി പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയതിനാല്‍ കെടുതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ആസ്ഥാനത്തും താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് എന്ത് ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം. റവന്യു, തീരദേശ പോലീസ്, ഫിഷറീസ്, ഫയര്‍ഫോഴ്സ്, പോലീസ് സംവിധാനങ്ങള്‍ ഏത് അടിയന്തര സാഹചര്യങ്ങള്‍ നേരിടുവാനും തയ്യാറാണ്. രക്ഷാപ്രവര്‍ത്തനത്തിന് നീലേശ്വരം അഴീത്തലയില്‍ റെസ്‌ക്യു ബോട്ടും കാസറഗോഡ് കീഴൂരില്‍ വലിയ വള്ളവും സജ്ജമാണ്. പരിശീലനം ലഭിച്ച രക്ഷാഭടന്മാരെയും ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണ്. തീരദേശ പോലീസും ജാഗ്രത പാലിക്കുന്നുണ്ട്.

മധൂര്‍ പട്ല പാടത്തുനിന്നും വെള്ളം കയറിയതിനെ തുടര്‍ന്ന് 33 കുടുംബങ്ങളെ പ്രദേശത്തുനിന്നും ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ മാറ്റി. 40 ദിവസം പ്രായമുള്ള കുഞ്ഞും അമ്മയും ഉള്‍പ്പെടെയുള്ള കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്കും മറ്റുമായി മാറ്റിയത്. പരപ്പ വില്ലേജിലെ മുണ്ടത്തടുക്കം ക്വാറിയില്‍ ഡ്രൈനേജിന്റെ കരയില്‍ താമസിക്കുന്ന ഒരു കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു.

മഴ ശക്തമായതിനാല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. വെള്ളം കെട്ടിനില്‍ക്കുന്ന ക്വാറികള്‍ക്കു ചുറ്റും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തണം. വിദ്യാലയങ്ങള്‍ക്ക് സമീപമുള്ള ക്വാറികളില്‍ പ്രത്യേക ജാഗ്രത പാലിക്കുവാന്‍ ജിയോളജിസ്റ്റിനും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കി. കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകള്‍ ഉപയോഗിക്കാന്‍ ജലസേചന വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ 23 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍