UPDATES

പോലീസുകാരുടെ ആത്മഹത്യ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു, ബോധവത്ക്കരണം വേണ്ടത് മേലുദ്യോഗസ്ഥര്‍ക്കെന്ന് പോലീസുകാര്‍

5 വര്‍ഷത്തിനിടയില്‍ ആത്മഹത്യ ചെയ്തത് 65 പോലീസുകാര്‍, ഈ വര്‍ഷം ഇതുവരെ 11

പോലീസ് സേനയിലെ ആത്മഹത്യ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ചേരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോലീസ് സേനയില്‍ ആത്മഹത്യ ചെയ്തത് 65 പേരാണ്. ജോലിഭാരവും, മാനസിക സമ്മര്‍ദ്ദവും കുറക്കാനുള്ള നടപടികള്‍ സര്‍ക്കാരില്‍ നിന്നുണ്ടാവണമെന്നുള്ളത് പോലീസുകാരുടെ ആവശ്യമാണ്. ആത്മഹത്യ വര്‍ധിക്കുന്ന വിഷയത്തില്‍ പഠനം നടത്തണമെന്ന് പോലീസ് അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല യോഗം വിളിക്കുക. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ 11 പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു. ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങളും മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനുമാണ് ആത്മഹത്യകളിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ നയിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ബോധവല്‍ക്കരണ ക്ലാസ്സുകളും യോഗയും കൗണ്‍സലിങ്ങും പോലീസുകാര്‍ക്കിടയില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പോലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനായി കലോത്സവം നടത്താനും തീരുമാനിച്ചിരുന്നു. ഹൈറാര്‍ക്കി നോക്കാതെ എല്ലാവര്‍ക്കും ഒന്നിച്ച് പങ്കെടുക്കാവുന്ന കലോത്സവത്തോടെ പോലീസുകാര്‍ക്കിടയില്‍ ആത്മബന്ധവും സൗഹൃദവും വളര്‍ത്തുകയും ഇതുവഴി മാനസിക സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുക എന്ന ഉദ്ദേശമാണ് ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഇത് ഫലപ്രദമല്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. നാനൂറ് പേര്‍ക്ക് ഒരു പോലീസ് എന്ന നിലയില്‍ മറ്റ് സംസഥാനങ്ങളിലുള്ളത് പോലെ പോലീസ് സേനയിലെ അംഗബലം വര്‍ധിപ്പിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിപൂര്‍ണമായ പരിഹാരം കാണാനാവൂ എന്ന് ഇവര്‍ പറയുന്നു. പോലീസ് സ്‌റ്റേഷനുകളിലെ സ്ഥിരം ജോലികള്‍ക്ക് പുറമെ ജനമൈത്രി, വവയോജന പോലീസ്, പിങ്ക് പോലീസ്, വനിതാ ഹെല്‍പ് ഡസ്‌ക്, സ്റ്റുഡന്റ് പോലീസ് എന്നീ പദ്ധതികള്‍ നടപ്പാക്കേണ്ടതും പോലീസുകാരുടെ ചുമതലയാണ്. ഇതിന് പുറമെ പത്താം ക്ലാസില്‍ പരാജയപ്പെട്ടവരെ കണ്ടെത്തി അവരെ പഠനത്തില്‍ സഹായിച്ച് വിജയിപ്പിക്കുന്ന ഹോപ് എന്ന പദ്ധതിയും പോലീസില്‍ തുടങ്ങിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിരന്തരം അവരെ ഫോളോ ചെയ്യുകയും ചെയ്യണമെന്ന നിര്‍ദ്ദേശവും ഉണ്ട്. ഇതിനെല്ലാം ഇപ്പോഴുള്ള അംഗബലം അപര്യാപ്തമാണെന്നും പോലീസുകാര്‍ പറയുന്നു.

ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആത്മഹത്യ ചെയ്ത സംഭവം പോലീസുകാരില്‍ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കീഴുദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കുന്ന മേലുദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാവണമെന്നതാണ് പോലീസുകാര്‍ പറയുന്നത്. ‘മരണപ്പെട്ട ബാബു എന്ന എഎസ്‌ഐ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും എത്ര പ്രിയപ്പെട്ടവന്‍ ആയിരുന്നു എന്നത് വളരെ വ്യക്തമാണ്. പ്രതികളോട് പോലും വളരെ സൗമ്യമായി പെരുമാറിയിരുന്ന വ്യക്തി. ഈ സംഭവത്തില്‍ ആരോപണവിധേയനായ എസ്‌ഐ മുമ്പ് കുട്ടമ്പുഴ, കോടനാട് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്ന കാലത്തും തന്റെ കീഴുദ്യോഗസ്ഥരോട് വളരെ ക്രൂരമായിട്ടാണ് പെരുമാറിയിരുന്നത് എന്ന് പറയപ്പെടുന്നു. കുട്ടമശ്ശേരിയില്‍ പെരിയാറിന്റെ പരിസരത്തു താമസിച്ചിരുന്ന ബാബുവിന്റെ വീട്ടില്‍ പ്രളയത്തെ തുടര്‍ന്ന് വെള്ളം കയറിയിരുന്നു. ഇതേതുടര്‍ന്ന് അവിടെ നിന്ന് വീട്ടുസാധനങ്ങള്‍ നീക്കാനും വീട് വൃത്തിയാക്കാനും സാധനങ്ങള്‍ തിരിച്ചു വയ്ക്കാനും വേണ്ടി ബാബു രണ്ടാഴ്ചത്തെ അവധി എടുത്തിരുന്നു. ഈ അവധി സംബന്ധിച്ച് ബാബുവിനെതിരെ നടപടി എടുക്കണമെന്ന് എസ്‌ഐ ഡിവൈഎസ്പിക്ക് റിപ്പോര്‍ട്ട് അയച്ചുവെന്നാണ് അറിയുന്നത്. കുറച്ചുനാള്‍ മുന്‍പ് പൊതുജനങ്ങളുടെ മുന്നില്‍ വച്ച് എസ്‌ഐ ബാബുവിനെ വളരെ മോശമായ തരത്തില്‍ അപമാനിച്ചതായും പറയപ്പെടുന്നു. ചെങ്ങമനാട് സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് മാത്രം കേസെടുക്കാന്‍ അധികാരമുള്ള ഒരു വിഷയത്തില്‍ സിഐ നിര്‍ബന്ധിച്ച് എഎസ്‌ഐയെക്കൊണ്ട് കേസെടുപ്പിച്ചു എന്നും ഇത് മനസ്സിലാക്കിയ ആ കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങിയശേഷം എഎസ്‌ഐ ക്കെതിരായി ചട്ടം തെറ്റിച്ചുള്ള പ്രവര്‍ത്തനത്തിന് നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി എന്നും നടപടി ഉറപ്പാണ് എന്ന് മനസ്സിലാക്കിയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പറയുന്നു.’ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് ദിവസേന നിരവധി പോലീസുകാര്‍ ഇരയാവുന്നതായാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കീഴുദ്യോഗസ്ഥരോട് മാന്യമായി പെരുമാറാനുള്ള പരിശീലനം മേലുദ്യോഗസ്ഥര്‍ക്കാണ് നല്‍കേണ്ടതെന്നാണ് പോലീസുകാരുടെ ആവശ്യം.

പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആലുവ റൂറല്‍ ജില്ലയില്‍ ബോധവല്‍ക്കരണ ക്ലാസ് ആരംഭിച്ചു. എന്നാല്‍ ഇതിനോട് പോലീസുകാരില്‍ ഭൂരിഭാഗം പേരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സിപിഒ മുതല്‍ എഎസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ക്ലാസ് സംഘടിപ്പിക്കുന്നത്. ഘട്ടംഘട്ടമായി മുഴുവന്‍ പേരും ക്ലാസില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ തങ്ങള്‍ക്കല്ല, അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്ന മേലുദ്യോഗസ്ഥര്‍ക്കാണ് ക്ലാസ് നല്‍കേണ്ടതെന്ന് പോലീസുകാര്‍ പറയുന്നു. പുതിയ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പോലീസുകാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ ട്രോളുകളും ആക്ഷേപങ്ങളും നിറഞ്ഞിരിക്കുകയാണെന്നും ഇവര്‍ പറയുന്നു.

അതേസമയം സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും എട്ടുമണിക്കൂര്‍ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കണമെന്ന് പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ജനസംഖ്യക്കും കേസുകള്‍ക്കും ആനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌ക്കരിക്കണം. സ്റ്റേഷനുകളില്‍ ക്രമസമാധാന പരിപാലനം, കുറ്റാന്വേഷണ ഡ്യൂട്ടികള്‍ വേര്‍തിരിക്കുക. 40 വയസ്സ് കഴിഞ്ഞ വനിതാ പോലീസ് ഉദ്യോഗസ്ഥരെ പരേഡില്‍ നിന്ന് ഒഴിവാക്കുക. ജയിലുകളേയും കോടതികളെയും ബന്ധിപ്പിക്കുന്ന വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം പൂര്‍ണമായി നടപ്പാക്കുക- എന്നീ ആവശ്യങ്ങളും അസോസിയേഷന്‍ ഉന്നയിച്ചു.

(പോലീസുകാര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗം വായിക്കാം-‘മനുഷ്യരെപ്പോലെ ജീവിക്കാന്‍ ഞങ്ങള്‍ക്കും ആഗ്രഹമില്ലേ? ഇങ്ങനെ കൊല്ലാക്കൊല ചെയ്യണോ?’, കേരള പോലീസില്‍ നടക്കുന്ന ഞെട്ടിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകങ്ങള്‍’)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍