UPDATES

ട്രെന്‍ഡിങ്ങ്

തുരുത്തി ദളിത് കോളനി നിവാസികള്‍ക്ക് ആശ്വാസജയം; ദേശീയപാതയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

തങ്ങളെ അറിയിക്കുക പോലും ചെയ്യാതെയാണ് ദേശീയപാതാ അതോറിറ്റി അലൈന്‍മെന്റ് തയ്യാറാക്കിയതും സര്‍വേ നടപടികള്‍ ആരംഭിച്ചതെന്നുമാണ് സമരസമിതിക്കാര്‍ പറയുന്നത്

തുരുത്തി ദളിത് കോളനി നിവാസികള്‍ക്ക് ആശ്വാസജയം. കണ്ണൂര്‍ പാപ്പിനിശേരി തുരുത്തിയില്‍ ദളിത് കോളനിയുള്‍പ്പെടെ ഒഴിപ്പിച്ചുകൊണ്ട് ദേശീയപാതവികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ. റോഡ് വികസനത്തിന് തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് കോളനിനിവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ധരിപ്പിക്കണമെന്ന് കോടതി ദേശീയപാത അതോറിറ്റിയോടും സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ഇരുകൂട്ടര്‍ക്കും നോട്ടീസ് അയച്ചു.

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തുരുത്തികോളനി വഴി ബൈപ്പാസ് നിര്‍മ്മാണം തീരുമാനിച്ചത് മുതല്‍ പ്രദേശവാസികള്‍ സമരത്തിലായിരുന്നു. മുപ്പതോളം പട്ടികജാതി കുടുംബങ്ങളെ ഒഴിപ്പിക്കുന്ന അലൈന്‍മെന്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പുതിയ അലൈന്‍മെന്റ് പ്രകാരം ആരാധനാകേന്ദ്രമായ പുലയക്കോട്ടവും, നാഗത്തറയുമുള്‍പ്പെടെ ഇല്ലാതാവുമെന്നും ഇത് തങ്ങളുടെ സംസ്‌കൃതിയെ തന്നെ ഇല്ലാതാക്കുന്നതാണെന്നും ദളിതര്‍ ആരോപിച്ചിരുന്നു.

ദേശീയപാതാ അതോറിറ്റി ആദ്യം രണ്ട് അലൈന്‍മെന്റുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ടും റദ്ദ് ചെയ്തുകൊണ്ടാണ് തുരുത്തി കോളനിയെ അപ്പാടെ പിഴുതെറിയുന്ന മൂന്നാമത്തെ അലൈന്‍മെന്റിന് അനുമതി നല്‍കിയത്. സ്ഥലമേറ്റെടുക്കുന്നതിനുള്ള സര്‍വേ നടപടികള്‍ക്കായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അത് ചോദ്യം ചെയ്ത കോളനിയിലെ സ്ത്രീകളെയും കുട്ടികളെയുമുള്‍പ്പെടെ പോലീസ് അറസ്റ്റ് ചെയ്യുകയും സര്‍വേ കഴിയുന്നത് വരെ പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വക്കുകയും ചെയ്തു. ഇതോടെ ദളിതര്‍ ആരംഭിച്ച കുടില്‍കെട്ടി സമരം ശക്തമായി. കുട്ടികളും സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ളവര്‍ സമരത്തിന് നേതൃത്വം നല്‍കിവരികയായിരുന്നു.

തങ്ങളെ അറിയിക്കുക പോലും ചെയ്യാതെയാണ് ദേശീയപാതാ അതോറിറ്റി അലൈന്‍മെന്റ് തയ്യാറാക്കിയതും സര്‍വേ നടപടികള്‍ ആരംഭിച്ചതെന്നുമാണ് സമരസമിതിക്കാര്‍ പറയുന്നത്. പാരിസ്ഥിതികമായും ഒട്ടേറെ സവിശേഷതകളുള്ള തുരുത്തി വഴി ദേശീയപാത വന്നാല്‍ ഒട്ടേറം കണ്ടല്‍ക്കാടുകളും നീര്‍ത്തടങ്ങളും നശിക്കുന്നതിനും അത് കാരണമാവുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. കോട്ടവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന തെയ്യമടക്കമുള്ള അനുഷ്ഠാന കലാരൂപങ്ങളും, പാരമ്പര്യ തൊഴിലുകളുമെല്ലാം ഇതോടെ ഇല്ലാതാവുമെന്ന് കണ്ടപ്പോഴാണ് സമരത്തിനിറങ്ങിയതെന്നും സമരസമിതി കണ്‍വീനര്‍ നിഷില്‍കുമാര്‍ പറയുന്നു. തുരുത്തി വഴി റോഡ് വരുന്നതില്‍ പലരുടേയും ബിസിനസ് താത്പര്യങ്ങളാണെന്നും കോളനിനിവാസികള്‍ ആരോപിച്ചിരുന്നു. കോടതി വിധി വന്നതോടെ സമരം ഒന്നാംഘട്ടത്തില്‍ വിജയിച്ചതായാണ് സമരസമിതിയുടെ കണക്കുകൂട്ടല്‍.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ദേശീയപാതയുടെ ‘ജാതി’ വളവുകള്‍: കണ്ണൂരിലെ തുരുത്തി കോളനിയ്ക്ക് പറയാനുള്ളത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍