UPDATES

കാറ്റെടുത്തത് അച്ഛന്റെ കല്ലറയ്ക്ക് മുകളില്‍ കെട്ടിയ ഒറ്റമുറി ഷെഡ്; പെരുവഴിയിലായി വൃദ്ധ

മരം മുറിച്ച് മാറ്റിയിട്ട് വീണ്ടുമൊരു മാടം അവിടെ തന്നെ ഉണ്ടാക്കി തരണമെന്നതാണ് ഓമനയുടെ ഇപ്പോഴത്തെ ആവശ്യം. അച്ഛന്റെ കല്ലറ ഇരിക്കുന്ന വിലങ്ങുമലയില്‍ നിന്ന് മാറിത്താമസിക്കാന്‍ ഓമന ഒരുക്കമല്ല.

മെയ് 27ാം തീയതി തിരുവനന്തപുരം ജില്ലയിലെ  വെള്ളറടയിലെ ചില പ്രദേശങ്ങളില്‍ ശക്തമായ കാറ്റില്‍ നാശനഷ്ടങ്ങളുണ്ടായത് അറിഞ്ഞാണ് വെള്ളറട വാഴിച്ചല്‍, കുട്ടമല, പുറുത്തിപ്പാറ ഭാഗങ്ങളിലേക്ക് പുറപ്പെട്ടത്. വാഴിച്ചല്‍ ജംഗ്ഷനില്‍ വഴി ചോദിക്കാന്‍ നിര്‍ത്തിയ ഞാന്‍ പത്രത്തില്‍ നിന്നാണെന്ന് അറിഞ്ഞതും നാട്ടുകാര്‍ ഓമനയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അച്ഛന്റെ കല്ലറക്ക് മുകളില്‍ തകരഷീറ്റും ടാര്‍പോളിനും കൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറിയാണ് ശക്തമായ കാറ്റില്‍ ഓമനയ്ക്ക് നഷ്ടമായത്. റബര്‍ കാടിന്റെ ഏറ്റവും മുകളിലുള്ള മാടത്തിലേക്കുള്ള വഴിമദ്ധ്യേ തന്നെ ഓമനയും അയല്‍വാസികളും നില്‍പ്പുണ്ടായിരുന്നു. സഞ്ചിയില്‍ വസ്ത്രങ്ങളും ആവശ്യമുള്ള സാധനങ്ങളുമെടുത്ത് നില്‍ക്കുകയായിരുന്നു ഓമന. വാഴിച്ചല്‍ തന്നെയുള്ള സഹോദരന്റെ വീട്ടിലേക്ക് തല്കാലം മാറുകയാണെന്നാണ് ഓമന പറഞ്ഞത്. മാടത്തിലേക്ക് മരം വീണതിന് ശേഷം തൊട്ടടുത്തുള്ള വീട്ടിലാണ് ഓമന താമസിച്ചിരുന്നത്. പക്ഷേ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടാക്കരുതെന്ന് കരുതി ഓമന സഹോദരന്റെ വീട്ടിലേക്ക് മാറുകയായിരുന്നു.

‘അവരുടെ അച്ഛന്റെയും അമ്മയുടെയും സ്ഥലമായിരുന്നു കല്ലറക്ക് ചുറ്റുമുള്ളത്. സ്ഥലം വിറ്റപ്പോള്‍ കല്ലറ നില്‍ക്കുന്ന സ്ഥലം ഓമനയ്ക്ക് കൊടുത്തു. ഭര്‍ത്താവും മക്കളുമായി ചെമ്പൂരായിരുന്നു താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെയും മകന്റെയും മരണശേഷം അമ്മയോടൊപ്പം ഓമന വാഴിച്ചലെത്തി’ അയല്‍വാസിയായ അംബിക പറഞ്ഞു.

വര്‍ഷങ്ങളുടെ കണക്ക് പറയാനൊന്നും ഓമനയ്ക്ക് അറിയില്ല. തെങ്ങില്‍ നിന്ന് വീണ് മകന്‍ മരിച്ച വര്‍ഷമോ, ഭര്‍ത്താവ് മരിച്ച വര്‍ഷമോ, സ്വന്തം വയസോ ഓമനയ്ക്ക് തിട്ടമില്ല. മകന്‍ മരിച്ചിട്ട് എത്ര വര്‍ഷമായി എന്ന് ചോദിക്കുമ്പോള്‍ ‘തോനെ വര്‍ഷമായി’ എന്നും വയസ് 60ത് കഴിഞ്ഞു കാണുമെന്നുമാണ് ഓമന പറയുക.

ശക്തമായ കാറ്റില്‍ മരം മാടത്തിന് മുകളില്‍ വീഴുമ്പോള്‍ ഓമന വീടിനുള്ളില്‍ തന്നെയുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഓമന രക്ഷപ്പെട്ടത്. ശബ്ദം കേട്ട് അടുത്തുള്ള വീട്ടുകാര്‍ രക്ഷിക്കാനെത്തുന്നത് വരെ ഓമന മരത്തിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ‘ഭയങ്കര കാറ്റടിച്ചപ്പോ ഇതെന്തെര് പാട് എന്ന് പുറത്ത് നോക്കാന്‍ തുടങ്ങിയപ്പഴേക്കും എല്ലാം കൂടെ വന്ന് എന്റെ തലയില്‍ വീണ്.’ ഓമന സംഭവത്തെ വിവരിച്ചു. മരം മറിഞ്ഞ് ഓമനയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ വീട് കാണിച്ചു തരാമോ എന്ന് ചോദിച്ചപ്പോള്‍ ‘മക്കളേ എനിക്ക് നടക്കാന്‍ വയ്യടാ, മക്കള് പോയി കണ്ടോ’ എന്നാണ് ഓമന പറഞ്ഞത്.

പ്രധാന വഴിയില്‍ നിന്ന് റബര്‍ക്കാടിന് നടുവിലൂടെ 150 മീറ്ററോളം ഉയരെയാണ് ഓമനയുടെ മാടം ഉള്ളത്. ഒറ്റയാള്‍ക്ക് മാത്രം നടക്കാന്‍ പറ്റുന്ന, പാറക്കെട്ടുകളും കല്ലും നിറഞ്ഞ വഴിയിലൂടെ വേണം മാടത്തിലെത്താന്‍. ഒരു സെന്റ് പോലും തികച്ചില്ലാത്ത കല്ലറക്ക് മുകളിലായാണ് തകരഷീറ്റ് കൊണ്ട് മാടം കെട്ടിയിരുന്നത്. മാടത്തിനടുത്തായി ഒരു ശുചിമുറി പഞ്ചായത്ത് കെട്ടി നല്‍കിയിട്ടുണ്ട്. ഒരാഴ്ചയോളം കഴിഞ്ഞിട്ടും വീടിന് മുകളില്‍ വീണ മരം വെട്ടി മാറ്റിയിട്ടില്ല. ഫയര്‍ ഫോഴ്‌സ് വെട്ടിമാറ്റാന്‍ വന്നിരുന്നുവെന്നും പിന്നീട് അവര്‍ വെട്ടിമാറ്റാതെ പോയെന്നും വഴികാട്ടികളായി എത്തിയ കുട്ടികള്‍ പറഞ്ഞു. ഓമന ആഹാരം പാകം ചെയ്തിരുന്ന പാത്രങ്ങളും, ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇപ്പോഴും മരത്തിനടിയിലാണ്. അപകടം നടന്നതറിഞ്ഞ് വില്ലേജ് ഓഫീസില്‍ നിന്നും പഞ്ചായത്തില്‍ നിന്നും ആളുകള്‍ എത്തിയെങ്കിലും ഒരു നടപടിയും അവര്‍ സ്വീകരിച്ചിട്ടില്ല.

ഓമനയുടെ കൂര ഇരിക്കുന്ന സ്ഥലം ഓമനയുടെ പേരിലല്ല എന്നാണ് പുറുത്തിപ്പാറ വാര്‍ഡ് മെമ്പര്‍ ബിനു തങ്കപ്പന്‍ പറയുന്നത്. ആ സ്ഥലം ഇപ്പോള്‍ കോട്ടയത്ത് നിന്നുള്ള ആരുടെയോ പേരിലാണ്. രേഖകളുടെ അടിസ്ഥാനത്തില്‍ ഓമന അവിടെ അനധികൃതമായി താമസിക്കുകയാണ്. പല പ്രാവശ്യമായി ഓമനയെ വൃദ്ധസദനത്തിലേക്ക് മാറ്റി താമസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഓമനയുടെ സമ്മതമില്ലാത്തതിനാല്‍ അത് സാധിച്ചില്ല എന്ന് ബിനു അറിയിച്ചു. ഫയര്‍ ഫോഴ്‌സിന് എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലമായതിനാലാണ് മരം മുറിച്ച് മാറ്റാന്‍ കാലതാമസം ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരം മുറിച്ച് മാറ്റിയിട്ട് വീണ്ടുമൊരു മാടം അവിടെ തന്നെ ഉണ്ടാക്കി തരണമെന്നതാണ് ഓമനയുടെ ഇപ്പോഴത്തെ ആവശ്യം. അച്ഛന്റെ കല്ലറ ഇരിക്കുന്ന വിലങ്ങുമലയില്‍ നിന്ന് മാറിത്താമസിക്കാന്‍ ഓമന ഒരുക്കമല്ല. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളൊന്നും ഓമനയ്ക്ക് ഇല്ലാത്തതുകൊണ്ട് തന്നെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനോ അയല്‍ക്കൂട്ടങ്ങളില്‍ ഉള്‍പ്പെടുത്തി ഒരു ബാങ്ക് അക്കൗണ്ട് എടുത്ത് നല്‍കാനോ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് അയല്‍ക്കൂട്ടത്തിന്റെ അധ്യക്ഷയായ അംബിക പറയുന്നു. വാഴിച്ചലില്‍ തന്നെയുള്ള ഒരു ഹോട്ടലിലാണ് ഓമന ജോലി ചെയ്യുന്നത്. പാത്രം കഴുകാനും, പച്ചക്കറി അരിയാനും സഹായിക്കുന്നതിന് കിട്ടുന്ന തുച്ഛമായ കാശാണ് ഇവരുടെ ജീവിതമാര്‍ഗവും. സഹോദരന്റെ വീട്ടിലേക്ക് താല്‍ക്കാലികമായി അഭയം തേടുന്നുണ്ടെങ്കിലും അധികനാള്‍ അവിടെ നില്‍ക്കാന്‍ കഴിയില്ലെന്ന് ഓമന തന്നെ പറയുന്നുണ്ട്. ഓമനയുടെ പെരുമാറ്റത്തില്‍ ഇടക്കൊക്കെ അസ്വാഭാവികതയുണ്ടെന്നും പക്ഷേ മറ്റുള്ളവര്‍ക്ക് യാതൊരു ശല്യവുമുണ്ടാക്കില്ലെന്നും അയല്‍വീട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാരില്‍ നിന്നോ സന്നദ്ധ സംഘടനകളില്‍ നിന്നോ സഹായം ലഭ്യമാകുമെന്നും എത്രയും പെട്ടെന്ന് തിരികെ മാടത്തിലേക്ക് എത്താനാകുമെന്നുമാണ് ഓമനയുടെ പ്രതീക്ഷ.

Read More: കൊല്ലാൻ ശ്രമിച്ചത് ഷംസീർ; വോട്ടെടുപ്പ് കഴിഞ്ഞയുടൻ ആക്രമിച്ചത് ഉത്തരവാദിത്വം ജയരാജന്റെ തലയിലിടാൻ: സിഒടി നസീർ

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍