UPDATES

ചെറിയാന്‍ ഫിലിപ്പ്, താങ്കള്‍ ‘മോഹമുക്തന’ല്ലാതായിട്ടെന്തുകാര്യം? നാട്ടുകാര്‍ വിചാരിക്കണ്ടേ…

ഇഎംഎസും സി അച്ചുതമേനോനും നിര്‍വ്വചിച്ചതിനുമപ്പുറം ചെറിയാന്‍ ഫിലിപ്പ്

മോഹമുക്തനായ കോണ്‍ഗ്രസുകാരന്‍’ എന്ന് തന്നെ മഹാനായ കമ്മ്യൂണിസ്റ്റ് ഇ.എം.എസ് നമ്പൂതിരിപ്പാട് വിേശഷിപ്പിച്ചു എന്നാണ് ചെറിയാന്‍ ഫിലിപ്പ് സ്വന്തം ബ്‌ളോഗില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇ.എം.എസ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് കഴിഞ്ഞ ദിവസത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ പഴയ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കുന്നു.’അരനൂറ്റാണ്ടിലേറെ ജനമദ്ധ്യത്തില്‍നിന്ന ഞാന്‍ ഒരിക്കലെങ്കിലും ഒരു ജനപ്രതിനിധിയാകണമെന്നു മോഹിച്ചാല്‍ അത് മഹാപാപമാണോ?’ എന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ ചോദ്യം.

ജനമധ്യത്തില്‍ നില്‍ക്കുന്നത് ജനപ്രതിനിധിയാകാനാണോ എന്ന മറുചോദ്യം ഉയരുക സ്വാഭാവികമാണ്. ജനപ്രതിനിധിയായാലേ ജനങ്ങളെ സേവിക്കാനാവുകയുള്ളോ? മറ്റൊരു കാര്യം കൂടിയുണ്ട്, അതാണ് ഏറ്റവും പ്രധാനപ്പെട്ടതും. ജനപ്രതിനിധിയാവണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് ജനങ്ങളാണ്!

ചെറിയാന്‍ഫിലിപ്പിലേക്ക് വരാം. 1953 നവംബര്‍ 21ന് ജനനം. കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായി രാഷ്ട്രീയത്തില്‍ തുടക്കം. കേരള സര്‍വകലാശാലാ യൂണിയന്റെ സെക്രട്ടറി, സെനറ്റ് അംഗം എന്നീ പദവികള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്ത് ലഭിച്ചു. 1975ല്‍ കെ.എസ്.യു ജനറല്‍ സെക്രട്ടറിയായി. നാല് വര്‍ഷത്തിനുശേഷം പ്രസിഡന്റുമായി. തെട്ടടുത്തവര്‍ഷം യൂത്തുകോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി പ്രതിഷ്ഠിക്കപ്പെട്ടു. മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി. എ.കെ.ആന്റണി കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ നിഴലായ ചെറിയാന്‍ സെക്രട്ടറിയായി.

സി.പി.എം നേതാവും മന്ത്രിയുമായ ടി.കെ.രാമകൃഷ്ണനോട് കോട്ടയം മണ്ഡലത്തില്‍ എതിരിട്ടുകൊണ്ടായിരുന്നു പാര്‍ലമെന്ററി മത്സരരംഗത്തേക്കുള്ള വരവ്. കോട്ടയം നിയമസഭാ മണ്ഡലം എല്‍.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ ഉറച്ച കോട്ട ആയിരുന്നില്ല അക്കാലത്ത്. എസ്.ആര്‍.പി നേതാവും മന്ത്രിയുമായിരുന്ന എന്‍.ശ്രീനിവാസനില്‍ നിന്നാണ് ഇടതുപക്ഷത്തിനുവേണ്ടി ടി.കെ. കോട്ടയം വീണ്ടെടുത്തത്. ചെറിയാന്‍ ഫിലിപ്പുമായുള്ള പോരാട്ടത്തില്‍ ജയം ടി.കെയ്ക്കായിരുന്നു. അതിനുശേഷം മെഴ്‌സി രവി മുതല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍വരെയുള്ള കോണ്‍ഗ്രസുകാര്‍ അവിടെനിന്ന് നിയമസഭയിലെത്തി.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നോര്‍ത്താണ് കോണ്‍ഗ്രസ് ചെറിയാന് വച്ചുനീട്ടിയത്. ‘ആത്മഹത്യ ചെയ്യാനില്ലെന്നു’ പറഞ്ഞു മുന്നണി വിട്ട യുവനേതാവിനെ എല്‍.ഡി.എഫ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോട് വീരചരമമടയാന്‍ നിയോഗിച്ചു. പുതുപ്പള്ളി മണ്ഡലത്തില്‍ ചെന്നിറങ്ങി അവിടെ മണ്ണിനെ ചുംബിച്ച് നമ്പരൊക്കെ ഇറക്കിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിനെ അത്തവണയും വമ്പന്‍ വിജയമാണ് പ്രതീക്ഷിച്ചപോലെ കാത്തിരുന്നത്. അതിനെക്കാള്‍ ചെറിയാനെ ഞെട്ടിച്ചത്, ആത്മഹത്യക്കില്ലെന്നു പറഞ്ഞുപേക്ഷിച്ച തിരുവനന്തപുരം നോര്‍ത്തില്‍ സ്പീക്കറായിരുന്ന എം.വിജയകുമാര്‍ ഡി.സി.സി പ്രസിഡന്റായിരുന്ന കെ.മോഹന്‍കുമാറിനോട് അടിയറവ് പറഞ്ഞു എന്നതാണ്.

അടുത്ത തെരഞ്ഞെടുപ്പില്‍ കല്ലൂപ്പാറയാണ് ചെറിയാന്‍ഫിലിപ്പിന് സി.പി.എം അനുവദിച്ചത്. ജോസഫ് എം പുതുശ്ശേരി എന്ന സിറ്റിംഗ് എം. എല്‍.എയോട് ചെറിയാന്‍ കീഴടങ്ങി. ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ടി.എസ് ജോണ്‍ ജയിച്ചിട്ടുള്ള മണ്ഡലമാണ് കല്ലൂപ്പാറ.

സ്ത്രീവിരുദ്ധര്‍ക്ക് ഇവിടെ വ്യവഹരിക്കുക ബുദ്ധിമുട്ടാകും; ബുദ്ധിമുട്ടാക്കും

അതിനടുത്ത വര്‍ഷം ചെറിയാന് സി.പി.എം സീറ്റ് നല്‍കിയില്ല. അത്തവണ തിരുവനന്തപുരം നോര്‍ത്ത് എം.വിജയകുമാര്‍ മോഹന്‍കുമാറിനെ പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്പിച്ച് വീണ്ടെടുത്തു. ചെറിയാന് സീറ്റു നല്‍കിയില്ലെങ്കിലും കേരള വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്‍ അദ്ധ്യക്ഷ സ്ഥാനം സമ്മാനിച്ചു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറി നില്‍ക്കണം എന്ന മാനദണ്ഡപ്രകാരം അടുത്ത തെരഞ്ഞെടുപ്പില്‍ വിജയകുമാറിന് സീറ്റു ലഭിച്ചില്ല. കുറേക്കൂടി ഇടത് അനുകൂല മേഖലകള്‍ ഉള്‍പ്പെടുത്തിയ മണ്ഡലം വട്ടിയൂര്‍ക്കാവ് എന്ന പേരിലേക്ക് മാറി. ആ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ചെറിയാന്‍ ഫിലിപ്പിനെയാണ് സി.പി.എം ചുമതലപ്പെടുത്തിയത്. എന്നാല്‍, കെ.മുരളീധരനോട് പതിനയ്യായിരത്തിലേറെ വോട്ടിന് ചെറിയാന്‍ പരാജയപ്പെടുകയായിരുന്നു. സിറ്റിംഗ് സീറ്റ് നല്‍കിയിട്ടും ചെറിയാന്‍ഫിലിപ്പ് ജനപ്രതിനിധി ആകേണ്ട എന്ന് ജനം തീരുമാനിച്ചാല്‍ എന്തുചെയ്യാന്‍ കഴിയും?

അങ്ങനെ, ജനപ്രതിനിധിയായി നേരിട്ട് തെരഞ്ഞെടുക്കപ്പെടാന്‍ കഴിയില്ലെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാവണം, ചെറിയാന്‍ ‘വളഞ്ഞ’വഴിയിലൂടെ പാര്‍ലമെന്റിലേക്ക് കണ്ണെറിയാന്‍ തുടങ്ങി. രാജ്യസഭ അങ്ങനെയാണ് ഈ പഴയ കോണ്‍ഗ്രസുകാരനെയും മോഹിപ്പിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ ഒഴിവുവന്ന സി.പി.എമ്മിനുള്ള രാജ്യസഭാ എം.പിയാകാന്‍ താല്പര്യമുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ് നേതാക്കളോട് നേരിട്ട് പറഞ്ഞു, സി.പി.എം പരിഗണിക്കുന്ന പ്രധാന പേരായി മാധ്യമങ്ങളെക്കൊണ്ട് എഴുതിപ്പിച്ചു. അതിനുമപ്പുറം, ഇത് സി.പി.എം ആണെന്ന് ചെറിയാന്‍ മറന്നുപോയി.

കാഞ്ചനമാലയും ചെറിയാന്‍ ഫിലിപ്പും ദിലീപും ചേര്‍ന്ന് ശാക്തീകരിക്കുന്ന സ്ത്രീ

കോണ്‍ഗ്രസിന്റെ കാര്യമായ ഔദ്യോഗിക സ്ഥാനങ്ങളൊന്നുമില്ലാതെയാണ് ചെറിയാന്‍ സി.പി.എം ‘സഹയാത്രിക’നായത്. ‘കൈരളി’ ടെലിവിഷനില്‍ പ്രതിവാരപംക്തി ഉള്‍പ്പെടെ പാര്‍ട്ടി ചെയ്യാവുന്നതിലേറെ നല്‍കി. മികച്ച വാഗ്മിയാണ് താനെന്ന് ചെറിയാന്‍പോലും അവകാശപ്പെടില്ലെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം എണ്ണമറ്റ വേദികള്‍ അനുവദിച്ചു. അതിനുമപ്പുറം, മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ – അതില്‍ ഒരെണ്ണം സിറ്റിംഗ് സീറ്റ് ആയിരുന്നു – മത്സരിപ്പിച്ചു. അങ്ങനെ, ഏറ്റവും മുന്തിയ പരിഗണന, ഒരു പക്ഷെ, സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുപോലും കിട്ടാത്ത പരിഗണനയാണ് ഈ ‘മോഹമുക്തനായ’ പഴയ കോണ്‍ഗ്രസ് നേതാവിന് ലഭിച്ചത്.

ചെറിയാനായതുകൊണ്ടു ഉള്ളതു ഉള്ളതുപോലെ തുറന്നുപറയുന്നു. ‘ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യപ്രശ്‌നം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് തുടര്‍ച്ചയായി സ്ഥാനങ്ങള്‍. ഒരേ ആളുകള്‍തന്നെ സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകകളുടെ വികൃതരൂപമാണ്.’ ഇത് തെറ്റാണെന്ന് ചിന്താശേഷിയുള്ള ആരും പറയുമെന്നു തോന്നുന്നില്ല.. സംഘടനാ സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാരക്കുത്തകകളുടെ വികൃതരൂപമാണെന്ന് ചെറിയാന്‍ ഫെയ്‌സ്ബുക്കിലൂടെ പറയുമ്പോള്‍ അതിന്റെ ഉദ്ദേശ്യം, സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേന്ദ്ര ജോയിന്റ് സെക്രട്ടറിയും സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗവുമായ എളമരം കരീമിന് എം.പി സ്ഥാനം നല്‍കിയതാണെന്ന് വ്യക്തം. ‘സ്ഥാനം കിട്ടിയവര്‍ക്കു തന്നെയാണ് തുടര്‍ച്ചയായി സ്ഥാനങ്ങള്‍’ എന്നു പറയുമ്പോഴും ലക്ഷ്യം കരീം തന്നെ. മൂന്നുതവണ തുടര്‍ച്ചയായി എം.എല്‍.എ, വി.എസ് സര്‍ക്കാരില്‍ മന്ത്രി, ഇപ്പോള്‍ എം.പി. ഇതു തുറന്നുപറയാന്‍ ചെറിയാന് കഴിയുന്നത് നല്ല കാര്യം, പാര്‍ട്ടിയും ഇടയ്ക്ക് കണ്ണാടി നോക്കട്ടെ!

മുന്‍മുഖ്യമന്ത്രി സി. അച്യുതമേനോനാണ് ചെറിയാന്‍ഫിലിപ്പിനെ കൃത്യമായി നിര്‍വ്വചിച്ചത് – ‘എഴുത്തും വായനയും അറിയാവുന്ന രാഷ്ട്രീയക്കാരന്‍!’ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ചെറിയാന്‍ഫിലിപ്പിന്റെ സംഭാവനകള്‍ ഭാവികാലത്തേക്കായി എന്തെങ്കിലും ഉള്ളതായി തോന്നുന്നില്ല. എന്നാല്‍ ‘ കാല്‍നൂറ്റാണ്ട്’, ‘സ്വാതന്ത്ര്യത്തിനുശേഷം’ എന്നീ പുസ്തകങ്ങളും അതിന്റെ കര്‍ത്താവായ ചെറിയാന്‍ഫിലിപ്പും ഓര്‍മ്മിക്കപ്പെടും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ഉമ്മൻചാണ്ടിക്കെതിരെ ഞാൻ വീരമൃത്യു വരിച്ചത് കുത്തകയെ ചോദ്യം ചെയ്ത്: ചെറിയാൻ ഫിലിപ്പ്

സുധീരനെ ഉമ്മന്‍ ചാണ്ടി ചവിട്ടി പുറത്താക്കിയത്: ചെറിയാന്‍ ഫിലിപ്പ്

കരുണാകരനെ അട്ടിമറിച്ചതിന് മാപ്പ്: ചെറിയാന്‍ ഫിലിപ്പ്

ഉറച്ച സീറ്റിന് തനിക്ക് അവകാശമുണ്ടായിരുന്നു: ചെറിയാന്‍ ഫിലിപ്പ്

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍