UPDATES

ട്രെന്‍ഡിങ്ങ്

രക്തപരിശോധന റിപ്പോര്‍ട്ട്, വകുപ്പ് 304; പോലീസ് ശ്രീറാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കുന്നതിങ്ങനെ

പൊലീസിന്റെ ഭാഗത്ത് നിന്നും മനഃപൂര്‍വമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം കൂടുതല്‍ വ്യക്തമാകുന്നു

മാധ്യമപ്രവര്‍ത്തകന്‍ കെ മുഹമ്മദ് ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ നിന്നും ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉറപ്പ് പറയുമ്പോഴും കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നും മനഃപൂര്‍വമായ പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം കൂടുതല്‍ വ്യക്തമാകുന്നു. രക്തപരിശോധന റിപ്പോര്‍ട്ടില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നു റിപ്പോര്‍ട്ട് വന്നാല്‍, അതില്‍ പിടിച്ച് പ്രതിക്ക് രക്ഷപ്പെടാന്‍ കഴിയില്ലെങ്കിലും വ്യക്തമായ ഗൂഢാലോചന ഇവിടെ നടന്നൂ എന്നത് വ്യക്തമാക്കപ്പെടും.

ബഷീറിനെ കൊന്ന അപകടം നടന്ന സ്ഥലത്തു നിന്നു തന്നെ അതിനിടയാക്കിയ ആളെ കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ പ്രാഥമികമായി ചെയ്യേണ്ട നടപടികള്‍ മനഃപൂര്‍വം വൈകിപ്പിച്ചു. അതിനവര്‍ പറയുന്ന ന്യായങ്ങളൊന്നും തന്നെ നിലനില്‍ക്കുന്നതല്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. ഒരാള്‍ മദ്യപിച്ചിട്ടുണ്ടോ എന്നത് മണപ്പിച്ച് നോക്കിയതിന്റെയോ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചതിന്റെയോ അടിസ്ഥാനത്തില്‍ സ്ഥരീകരിക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതിയില്‍ ജസ്റ്റീസ് മേരി ജോസഫിന്റെ വിധിയില്‍ പറയുന്നുണ്ട്. ഹോമിയോ ഉള്‍പ്പെടെ പല മരുന്നുകളിലും ആല്‍ക്കഹോളിന്റെ അംശം അടങ്ങിയിരിക്കുന്നതിനാല്‍ മണപ്പിച്ചു നോക്കുമ്പോഴോ ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയിലോ ഒരാള്‍ മദ്യപിച്ചിട്ടുള്ളതായി പറയാം. എന്നാല്‍ ഇത് എപ്പോഴും വാസ്തവമായിരിക്കണമെന്നില്ലെന്നാണ് ഹൈക്കോടതി വിധിയില്‍ പറയുന്നത്. അതുകൊണ്ട് ഇത്തരമൊരു കേസില്‍ പൊലീസ് ആദ്യം ചെയ്യേണ്ടിയിരുന്നത് പ്രതിയുടെ രക്ത പരിശോധന നടത്തുക എന്നതാണ്. അത് നടന്നില്ല. അതിനുള്ള കാരണമായി പറഞ്ഞത് പ്രതി രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ല എന്നതാണ്.

ബലപ്രയോഗത്തിലൂടെ രക്ത പരിശോധന നടത്താന്‍ കഴിയില്ലെന്നായിരുന്നു പൊലീസിന്റെ വാദം. ആര്‍ട്ടിക്കിള്‍ 20(3) അനുസരിച്ച് self-incrimination ന് ഒരു പൗരന് അയാളുടെ മൗലികാവകാശം ഉപയോഗിച്ച് അവസരമുണ്ട്. ശ്രീറാമിന്റെ കാര്യത്തില്‍ പൊലീസ് ഉയര്‍ത്തിക്കാട്ടിയ ന്യായവും അതായിരുന്നു. എന്നാല്‍ രക്തപരിശോധന, കൈപ്പട പകര്‍പ്പ്, ഒപ്പ് തുടങ്ങിയവ ക്രിമിനല്‍ കേസുകളുടെ ഭാഗമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശേഖരിക്കുന്നതിന് ആര്‍ട്ടിക്കിള്‍ 20(3) തടസമാകുന്നില്ല. ശ്രീറാം എതു നിയമം ചൂണ്ടിക്കാട്ടി പറഞ്ഞാലും പൊലീസിന് രക്തപരിശോധന നടത്താമായിരുന്നു. വളരെ നിര്‍ണായകമായൊരു തെളിവ് എന്ന നിലയില്‍ പ്രാധാന്യത്തോടെ ചെയ്യേണ്ടിയിരുന്ന കാര്യം. മദ്യപിച്ച് വാഹനമോടിക്കുന്ന കേസുകളില്‍ എത്രമാത്രം മദ്യം പ്രതിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തുന്നത് നിര്‍ണായക തെളിവാണ്. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 204 പ്രകാരം മദ്യപിച്ച് വാഹനമോടിച്ചു എന്നു സംശയിക്കുന്നൊരാളോട് നിര്‍ബന്ധമായി തന്നെ രക്തപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസിന് പറയുകയും ചെയ്യാം. ഇതിനൊന്നും തയ്യാറാകാതെയാണ് ഒമ്പത് മണിക്കൂറോളം താമസിച്ച് രക്ത പരിശോധന നടത്തിയത്. 12 മണിക്കൂറോളം രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കുമെങ്കിലും എത്രയളവില്‍ വരെ കഴിച്ചിരുന്നുവെന്ന കാര്യത്തില്‍ വ്യക്തത കിട്ടില്ല. ഇവിടെ പ്രതി എംബിബിഎസ് കഴിഞ്ഞൊരാള്‍ കൂടിയാണ്. തന്റെ ശരീരത്തിലുള്ള മദ്യത്തിന്റെ സാന്നിധ്യം കുറയ്ക്കാനുള്ള ആന്റിഡോട്ടുകള്‍ പരീക്ഷിക്കാന്‍ ഐഎഎസ് എന്ന അധികാരം കൂടിയുള്ള പ്രതിക്ക് കഴിഞ്ഞിരിക്കാം. അതിനുള്ള വഴിയൊരുക്കി കൊടുത്തതുകൊണ്ടാണ് പ്രതിയുടെ രക്തപരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാതെ വന്നതെങ്കില്‍ പൊലീസ് ചെയ്തിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്.

രക്തപരിശോധനയില്‍ പ്രതി മദ്യപിച്ചിട്ടില്ലെന്നു വന്നാലും പൊലീസിന് മുന്നില്‍ മറ്റു വഴികളുമുണ്ട്. അതവര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. അപകട സമയത്ത് ശ്രീറാമിന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ നല്‍കിയ രഹസ്യമൊഴിയില്‍ പ്രതി മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നു പറഞ്ഞിട്ടുണ്ട്. ഇത് കൂടാതെ എവിടെ നിന്നാണോ പ്രതി വാഹനത്തില്‍ കയറാന്‍ വന്നത് (ശ്രീറാം എവിടെ നിന്നാണ് മദ്യപിച്ചതെന്ന കാര്യം പൊലീസ് ഇതുവരെ പറഞ്ഞിട്ടില്ല) ആ സ്ഥലത്ത് അന്വേഷണം നടത്താം. അവിടെ നിന്നും സാക്ഷികളെ കണ്ടെത്താനും പൊലീസിന് കഴിയാം. ഈ കേസില്‍ സാക്ഷികള്‍ വളരെ നിര്‍ണായകമാണ്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ ദൃക്‌സാക്ഷിയായി ഉള്ളത് ശ്രീറാമിന് ഒപ്പമുണ്ടായിരുന്ന സ്ത്രീയാണെങ്കിലും അവരെ കൂട്ടുപ്രതിയാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മറ്റ് സാക്ഷികള്‍ ആരൊക്കെയാണ്? അവര്‍ കേസില്‍ എത്രമാത്രം നിര്‍ണായകമാകും എന്നതിനെ കുറിച്ച് വ്യക്തതയില്ല. 304 എ പ്രകാരമുള്ള കേസിലും(മനഃപൂര്‍വമല്ലാത്ത നരഹത്യ) ശക്തമായ സാക്ഷിമൊഴികള്‍ ഉണ്ടെങ്കില്‍ പ്രതിയെ പിഴയൊടുക്കി മാത്രം വിടുന്ന രീതി സ്വീകരിക്കരുതെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് ഉള്ളതാണ്. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലും സാക്ഷി മൊഴികള്‍ ശക്തമാണെങ്കില്‍ ശ്രീറാമിന് ജയില്‍ശിക്ഷ വരെ കിട്ടാവുന്നതാണ്.

ഒപ്പം ഉണ്ടായിരുന്ന സ്ത്രീയെ പ്രധാനസാക്ഷിയാക്കാതിരുന്നത് വീഴ്ച്ചയായി പറയാന്‍ കഴിയില്ലെങ്കിലും അവിടെയും സഹായിക്കാനുള്ള പഴുതുകള്‍ പ്രതിക്കു വേണ്ടി പൊലീസ് സൃഷ്ടിച്ചിട്ടുണ്ടെന്ന് കാണാമെന്നു നിയമവിദഗ്ദര്‍ പറയുന്നു. പ്രസ്തുത സ്ത്രീയെ സാക്ഷിയാക്കിയിരുന്നുവെങ്കില്‍ അവര്‍ പ്രതിക്ക് അനുകൂലമായും മൊഴി നല്‍കാന്‍ സാധ്യതയുണ്ടായിരുന്നു. പ്രതിയെ ക്രോസ് വിസ്താരം ചെയ്യാന്‍ കഴിയില്ല. അതല്ലെങ്കില്‍ സ്വമേധയ തന്നെ വിസ്താരം ചെയ്യാന്‍ അവര്‍ എഴുതി നല്‍കണം. പ്രതിയായി നിന്നുകൊണ്ട് സാക്ഷി പറഞ്ഞാലും അതിന് നിലനില്‍പ്പ് ഉണ്ടാകില്ല. അതായത്, ഇപ്പോള്‍ കൊടുത്തിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി ആ സ്ത്രീ കോടതിയില്‍ ശ്രീറാമിന് അനുകൂലമായി മൊഴി മാറ്റിയാലും കോടതിയില്‍ സ്വീകരിക്കപ്പെടുകയില്ല. ആ സ്ത്രീയെ സാക്ഷിയാക്കിയാല്‍ അവരെ വിസ്തരിക്കാന്‍ പ്രതിഭാഗത്തിനും കഴിയുമായിരുന്നു. അവരോട് ചോദ്യങ്ങള്‍ ചോദിക്കാം. മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ വരുത്തിച്ച് പ്രതിക്ക് അനുകൂല സാഹചര്യമുണ്ടാക്കിയെടുക്കാം. അതുമാത്രമല്ല, സാക്ഷിക്ക് സ്വതന്ത്രമായി നിലപാടെുക്കാന്‍ അവകാശമുണ്ട്. വിചാരണ വേളയില്‍ ഹാജരാകാതിരിക്കാം. സാക്ഷിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ല. ഇക്കാരണങ്ങളൊക്കെ മുന്നില്‍ കാണുമ്പോള്‍ ആ സ്ത്രീയെ പ്രതിയാക്കിയതില്‍ പൊലീസിന്റെ വീഴ്ച്ചയില്ല. മാത്രമല്ല, അപകടം ഉണ്ടാക്കിയ വാഹനം ആ സ്ത്രീയുടെ ഉടമസ്ഥതതയില്‍ ഉള്ളതിനാല്‍ അവര്‍ക്കുമേല്‍ കുറ്റവുമുണ്ട്. മദ്യപിച്ചിട്ടുണ്ടെന്ന് മനസിലാക്കിയിട്ടും ഒരാളെ വാഹനം ഓടിക്കാന്‍ അനുവദിക്കുന്നത്, ലൈസന്‍സ് ഇല്ലാത്തൊരാള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത്, അമിത വേഗതയില്‍ പോകാന്‍ പ്രേരിപിക്കുന്നതൊക്കെ വാഹനമുടമയ്‌ക്കെതിരേ കേസ് എടുക്കാന്‍ പര്യാപ്തമായ കാരണങ്ങളാണ്. മദ്യപിച്ചിട്ടുണ്ടെന്നു മനസിലാക്കിയിട്ടും ശ്രീറാമിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചു എന്നത് കുറ്റമാണ്. എന്നാല്‍ പിഴയൊടുക്കി ശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടാനും അവര്‍ക്ക് കഴിയും.

പ്രസ്തുത സ്ത്രീയേയും പ്രതിയാക്കിയത് പൊലീസിന്റെ നല്ല നടപടിയെന്നു പറയുമ്പോഴും മറ്റൊരു ചോദ്യമുള്ളത് സാക്ഷികള്‍ ആരൊക്കെയുണ്ടെന്നത് തന്നെയാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതായി പറയുന്നില്ല. ഉണ്ടെങ്കില്‍ തന്നെ അതില്‍ കൃത്രിമത്വം നടത്താനും സാധ്യതയുണ്ട്. സംഭവത്തിന് സാക്ഷികള്‍ ഉണ്ടെന്നു പറഞ്ഞാലും സാക്ഷി മൊഴികള്‍ ദുര്‍ബലമാണെങ്കില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.

മറ്റൊരു കുഴപ്പം ഈ കേസ് കോടതിയില്‍ എത്തുമ്പോള്‍ 304 നിലനില്‍ക്കുമോ എന്നതാണ്. വലിയ സമ്മര്‍ദ്ദം ഉണ്ടായതിന്റെ പുറത്താണ് 304 എ(മനപൂര്‍വമല്ലാത്ത നരഹത്യ) മാറ്റി 304 പൊലീസിന് ശ്രീറാമിനുമല്‍ ചുമത്തിയത്. 304 കൊലപാതക കുറ്റമാണ്. കോടതിയില്‍ പ്രതിക്കെതിരേ ഈ വകുപ്പ് പ്രകാരമുള്ള കുറ്റം എങ്ങനെ പൊലീസിന് തെളിയിക്കാന്‍ കഴിയുമെന്നൊരു ചോദ്യമുണ്ട്. മുന്‍ വൈരാഗ്യത്തിന്റെ പുറത്തോ പെട്ടെന്നുള്ള പ്രകോപനം കൊണ്ടോ ആണ് ബഷീറിനെ ശ്രീറാം വാഹനമിടിപ്പിച്ച് കൊന്നതെന്നു പറയാന്‍ കഴിയില്ല. ആരെയെങ്കിലും കൊല്ലാനുള്ള ഉദ്ദേശത്തോടെയായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും അതിന്റെ ഭാഗമായാണ് ബഷീര്‍ കൊല്ലപ്പെട്ടതെന്നും തെളിയിക്കാന്‍ കഴിയില്ല. ഇതിനൊന്നും കഴിയാതെ വരുമ്പോള്‍ 304 നിലനില്‍ക്കാതെ വരും. സെഷന്‍സ് കോടതിയില്‍ നിന്നും ശ്രീറാം ജാമ്യം നേടുന്നതും ഇങ്ങനെയായിരിക്കാം. ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ പോലും പ്രതികള്‍ രക്ഷപ്പെട്ടത് ചുമത്തപ്പെട്ട വകുപ്പിലെ പഴുതകളിലൂടെയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ പ്രതിക്ക് ജാമ്യം നിഷേധിക്കാന്‍ കഴിയും എന്നല്ലാതെ 304 കൊണ്ട് ഈ കേസില്‍ പ്രത്യേകിച്ച് കാര്യമില്ലെന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 304 എ പ്രകാരമാണ് കേസ് നില്‍ക്കാന്‍ സാധിക്കുക. ജീവപര്യന്തമോ പത്തുവര്‍ഷമോ കിട്ടില്ലെങ്കിലും 304 എ കൊണ്ട് പരമാവധി രണ്ട് വര്‍ഷം വരെ ശിക്ഷ വാങ്ങി നല്‍കാവുന്നതാണ്. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമൊക്കെ ശക്തമാണെങ്കില്‍ ശ്രീറാമിനെ രണ്ടുവര്‍ഷത്തിനുള്ളിലെ ഏതെങ്കിലും കാലയളവിലായി തടവ് ശിക്ഷ നേടിക്കൊടുക്കാവുന്നതായിരുന്നു. 304 എ ഇട്ടാല്‍, ശ്രീറാം മദ്യപിച്ചിട്ടില്ലെന്നു റിപ്പോര്‍ട്ട് കൊണ്ടുവന്നാല്‍ പോലും പ്രതി രക്ഷപ്പെടില്ല. മദ്യപിച്ച് വാഹനാപകടം ഉണ്ടാക്കുന്നതിലും ഗുരുതരമായ കുറ്റമാണ് മദ്യപിക്കാതെ ബോധപൂര്‍വം ഉണ്ടാക്കുന്ന അപകടം. സെഷന്‍സ് കോടതി ജഡ്ജിക്ക് 304 നിലനില്‍ക്കില്ലെന്നു കാണിച്ച് 304 എ യിലേക്ക് വ്യത്യാസപ്പെടുത്തി ചാര്‍ജ് കൊടുക്കാന്‍ കഴിയാവുന്നതാണ്. അങ്ങനെ സംഭവിക്കുമോ എന്നു കാത്തിരുന്നു കാണണം. ഏതൊക്കെ വകുപ്പുകള്‍ പ്രതിക്കെതിരേ പൊലീസ് ചുമത്തിയിട്ടുണ്ടെന്നു വ്യക്തമായിട്ടില്ലെങ്കിലും നിലവിലെ വിവരങ്ങള്‍ വച്ച് ഈ കേസിന്റെ അവസാനം ശ്രീറാം വെങ്കിട്ടരാമന് ജയില്‍ ശിക്ഷ കിട്ടാന്‍ സാധ്യത കാണുന്നില്ലെന്നാണ് നിയമവിദഗ്ദര്‍ വ്യക്തിപരമായി അഭിപ്രായപ്പെടുന്നത്. 304 എ പ്രകാരം സാക്ഷി മൊഴികള്‍ ശക്തമാണെങ്കില്‍ പിഴയൊടുക്കല്‍ മാത്രമാക്കാതെ, പ്രതിയെ തടവ് ശിക്ഷയ്ക്കും വിധിക്കണമെന്നു സുപ്രീം കോടതി ഉത്തരവ് നിലനില്‍പ്പുണ്ടെന്നത് ഒരിക്കല്‍ കൂടി അവഗണിക്കപ്പെടാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍