UPDATES

വാര്‍ത്തകള്‍

1957ലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വിധി നിര്‍ണ്ണയിച്ചത് ആര്‍ എസ് പിയുമായുള്ള ഉടക്കോ? കേരള രാഷ്ട്രീയ ചരിത്രം പറയുന്നത് ഇതാണ്

കൊല്ലം കുണ്ടറയിലെ ചന്ദനത്തോപ്പിലുള്ള ഹിന്ദുസ്ഥാന്‍ കാഷ്യു ഫാക്ടറിയിലെ ആര്‍എസ്പി തൊഴിലാളി സംഘടനയില്‍ പെട്ട രണ്ടു പേര്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട സംഭവം ആ സര്‍ക്കാരിന്റെ ജാതകം ഗണിച്ചു.

സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഒന്നിച്ച് നിന്ന് 1957ലെ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ എന്താകുമായിരുന്നു കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം? എന്താകുമായിരുന്നു ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ജാതകം? ഏതൊക്കെ പരിണാമഘട്ടങ്ങളിലൂടെയാകും കേരളത്തിന്റെ പൊതുമണ്ഡലം വികസിച്ചിട്ടുണ്ടാകുക? നമ്മുടെ രാഷ്ട്രീയ വഴിത്താരകള്‍ എങ്ങനെ വ്യത്യസ്തമാകുമായിരുന്നു? 60 വര്‍ഷങ്ങള്‍ക്കുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഒക്കെയും സങ്കല്‍പ്പിച്ചെടുക്കുക ശ്രമകരം. തെരഞ്ഞെടുക്കാത്ത പാതയെ കുറിച്ച് കവിത എഴുതാനിരുന്ന റോബര്‍ട്ട് ഫ്രോസ്റ്റിലേക്ക് ബിംബങ്ങള്‍ സുകരമായി കടന്നുവന്നതുപോലെ സുഖദം ആവണമെന്നില്ലത്. അക്കാര്യം സാമൂഹ്യ ചരിത്രകാരന്മാര്‍ നിര്‍വഹിക്കട്ടെ.

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ പ്രബലമായിരുന്ന ആര്‍എസ്പി അടക്കമുള്ള പാര്‍ട്ടികളേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും ആശയപരമായി സഹോദര പാര്‍ട്ടികള്‍ എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇരുകൂട്ടരും ആശയധാരയെന്ന നിലയില്‍ മാര്‍ക്‌സിസം ലെനിനിസത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നവര്‍. സമൂഹത്തിന്റെ താഴെതട്ടിലുള്ള ദരിദ്രരുടേയും സാധാരണക്കാരുടേയും വിമോചനത്തിനായി നിലകൊള്ളുന്നതായി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും അവരുടെ ക്ഷേമത്തിനായി നിരന്തരം പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. കമ്രഡോറിയില്‍ വിശ്വസിച്ച ആ പാര്‍ട്ടികള്‍ പ്രവര്‍ത്തകരെ സഖാവ് എന്ന് അഭിസംബോധന ചെയ്തു.

കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിയില്‍ പെട്ടവരാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും കെഎസ്പിയും ആര്‍എസ്പിയും പിഎസ്പിയും ഒക്കെ സ്ഥാപിച്ചത്. 1947 സെപ്റ്റംബറിലാണ് മത്തായി മാഞ്ഞുരാനും എന്‍. ശ്രീകണ്ഠന്‍ നായരും ഒക്കെ ചേര്‍ന്ന് കെഎസ്പിയ്ക്കു തുടക്കമിടുന്നത്. പിന്നീടായിരുന്നു മറ്റു സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ജനനം. 1948ലും 1952ലും 1954ലും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്റ്റ് പാര്‍ട്ടികളും സഖ്യത്തിലായിരുന്നു. എന്നാല്‍ 1954ലെ തെരഞ്ഞെടുപ്പിനുശേഷം ആ സഖ്യം ശിഥിലമായി. 1954ലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിനായിരുന്നു കൂടുതല്‍ സീറ്റുകള്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 23, കോണ്‍ഗ്രസിന് 45, പിഎസ്പി 19, ആര്‍എസ്പി 9, തമിഴ്‌നാട് കോണ്‍ഗ്രസ് 12, കെഎസ്പി 3, ഐക്യ മുന്നണി സ്വതന്ത്രര്‍ 5 എന്നിങ്ങനെയായിരുന്നു കക്ഷിനില.

പിഎസ്പി ഇടതുപക്ഷത്തോടൊപ്പമാണ് മത്സരിച്ച് ജയിച്ചതെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നിലപാട് മാറ്റി. പട്ടം താണുപിള്ളയെ നേതാവായി തെരഞ്ഞുടുത്തുകൊണ്ട് 59 നിയമസഭാംഗങ്ങള്‍ ഒപ്പിട്ട രേഖ കമ്യൂണിസ്റ്റുകള്‍ പൂഴ്ത്തിയെന്ന ആക്ഷേപം തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ ഉയര്‍ന്നു. മന്ത്രിസഭ രൂപീകരണ ചര്‍ച്ച പുരോഗമിക്കവെ, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ പി. രാമമൂര്‍ത്തി തിരുവനന്തപുരത്ത് പഴവങ്ങാടിയില്‍ പിഎസ്പിയെ കഠിനമായി വിമര്‍ശിച്ചു പ്രസംഗിച്ചു. പിഎസ്പിയെ പറ്റിയുള്ള പൂരപ്പാട്ടിയിരുന്നു രാമമൂര്‍ത്തിയുടെ പ്രസംഗമെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അനവസരത്തിലുള്ള അനാവശ്യം എന്നായിരുന്നു ആ പ്രസംഗത്തെ ആര്‍എസ്പി നേതാവ് എന്‍. ശ്രീകണ്ഠന്‍ നായര്‍ വിശേഷിപ്പിച്ചത്. ക്ഷുഭിതനായ ശ്രീകണ്ഠന്‍ നായര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസില്‍ പോയി അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന എം.എന്‍. ഗോവിന്ദന്‍ നായരുടെ പക്കലുണ്ടായിരുന്ന രേഖ ബല പ്രയോഗത്തിലൂടെ കൈക്കലാക്കി കീറി കളഞ്ഞുവെന്നും ഒരു രാഷ്ട്രീയ നിരീക്ഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തായാലും, ഈ കലക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പിന്തുണയോടെ പിഎസ്പി മന്ത്രിസഭ നിലവില്‍ വന്നു. ഞങ്ങള്‍ ജയിക്കും ഞങ്ങള്‍ ഭരിക്കും എന്ന മുദ്രാവാക്യമുയര്‍ത്തി ഇടത് ഐക്യ മുന്നണിക്കൊപ്പം നിന്ന് മത്സരിച്ച പിഎസ്പിയാണ് മറുകണ്ടം ചാടിയത്. കോണ്‍ഗ്രസ് പിന്തുണയോടെ പട്ടം താണുപിള്ള മന്ത്രിസഭയുണ്ടാക്കിയത് ഇടതുപക്ഷത്തിനു കനത്ത പ്രഹരമായി.

മറുകണ്ടം ചാടി അധികാരത്തിലേറിയ പട്ടം മന്ത്രിസഭയ്ക്കു തുടക്കം മുതല്‍ തന്നെ അധാര്‍മ്മികതയുടെ മുഖമായിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് അധികാരത്തിലെത്തിയതെന്ന വിചാരമില്ലാതെയായിരുന്നു പട്ടത്തിന്റെ വാക്കും പ്രവര്‍ത്തികളും. വിചിത്രമായ പല നിലപാടുകളും അദ്ദേഹമെടുത്തു. കോണ്‍ഗ്രസിനെ നിരന്തരം പട്ടം പ്രകോപിപ്പിച്ചു. കോണ്‍ഗ്രസിന്റെ ശവക്കുഴി തോണ്ടും എന്നുവരെ അദ്ദേഹം പ്രസംഗിച്ചു.

കോണ്‍ഗ്രസ് നേതാവായിരുന്ന കുമ്പളത്ത് ശങ്കുപ്പിള്ള തന്റെ ആത്മകഥയില്‍ എഴുതുന്നു: “ഭരണത്തിലേറി എറെ നാള്‍ കഴിയുന്നതിനു മുന്‍പേ ഭരിക്കാന്‍ അവസരം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുമെന്നുവരെ താണുപിള്ള സാര്‍ പറയാന്‍ തുടങ്ങി. ഞങ്ങളുടെ മന്ത്രിസഭ അഞ്ചുവര്‍ഷം തുടര്‍ന്നു ഭരിക്കുകയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസും കമ്യൂണിസവും കാണുകയില്ലെന്ന് ഒരു ദിവസം താണുപിള്ളസാര്‍ പ്രഖ്യാപിച്ചു. ലോകചരിത്രത്തിലെങ്ങും ഇങ്ങനെ ഒരനുഭവം ഉള്ളതായി എനിക്കറിഞ്ഞുകൂട. കോണ്‍ഗ്രസിന്റെ സഹാനുഭൂതിയില്‍ അവരുടെ പിന്‍ബലത്തോടെ ഭരണത്തിലിരിക്കുന്ന ഒരാള്‍ അവരെ നശിപ്പിച്ചുകളയും എന്നു പ്രസംഗിച്ചാല്‍ എന്തായിരിക്കും ഗതി? എന്റെ അറിവില്‍ താണുപിള്ളസാര്‍ അല്ലാതെ മറ്റാരും ഇങ്ങനെ പറഞ്ഞതായി എനിക്കോര്‍മ്മയില്ല.”

പട്ടം ഭരണത്തിനെതിരെ ഇടതുപക്ഷ സംഘടനകള്‍ വലിയ പ്രക്ഷോഭമാണ് ഉയര്‍ത്തിയത്. സമരത്തെ സര്‍ക്കാര്‍ ക്രൂരമായി നേരിട്ടു. ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികള്‍ പണിമുടക്കിയപ്പോള്‍ സമരം പൊളിക്കാന്‍ പോലീസുകാരെ കൊണ്ടു ബസ്സുകള്‍ ഓടിച്ചു. സര്‍ക്കാരിന്റെ മര്‍ദ്ദന മുറകളോട് ആര്‍എസ്പിയ്ക്ക് തണുപ്പന്‍ പ്രതികരണമായിരുന്നുവെന്ന ആക്ഷേപം കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുണ്ടായിരുന്നു. മന്ത്രിസഭയ്‌ക്കെതിരായ അവിശ്വാസം വോട്ടിനിട്ടപ്പോള്‍ ആര്‍എസ്പിയും കെഎസ്പിയും പട്ടത്തെ പിന്താങ്ങി. കമ്യൂണിസ്റ്റു പാര്‍ട്ടി നിഷ്പക്ഷത പാലിച്ചു. എന്തായാലും പട്ടത്തിന്റെ പതനം അനിവാര്യമായിരുന്നു. പിന്നാലെ വന്ന പനമ്പിള്ളി ഗോവിനന്ദമേനോന്‍ മന്ത്രിസഭയ്ക്കും കാര്യമായ ആയുസ്സുണ്ടായില്ല. പനമ്പിള്ളി മന്ത്രിസഭയുടെ അവസാന നാളുകളില്‍ ചെങ്ങാരപ്പള്ളി നാരായണന്‍ പോറ്റി എംഎല്‍എയെ കോണ്‍ഗ്രസുകാര്‍ ചാക്കിലാക്കിയത് ആര്‍എസ്പിയ്ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.

1956 അവസാനമായപ്പോഴേയ്ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിയും സോഷ്യലിസ്‌ററ് പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ശിഥിലമായി തുടങ്ങിയിരുന്നു. 1957ലെ തെരഞ്ഞെടുപ്പിലും ആര്‍എസ്പി, പിഎസ്പി കക്ഷികളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ധാരണയ്ക്കു ശ്രമിച്ചു. ആകെയുള്ള 126 സീറ്റുകളില്‍ 15 എണ്ണം ആര്‍എസ്പിയ്ക്കു കൊടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമായിരുന്നു. എന്നാല്‍ 31 സീറ്റുകള്‍ വേണമെന്ന് നിര്‍ബന്ധത്തിലായിരുന്നു ആര്‍എസ്പി. തിരുകൊച്ചി ഭാഗത്ത് 55 ഉം മലബാറില്‍ 20 സീറ്റുകളുമാണ് പിഎസ്പി ചോദിച്ചത്. ചര്‍ച്ച പൊളിഞ്ഞു. ആര്‍എസ്പി തനിച്ചു നില്‍ക്കാനായി തീരുമാനം. പിഎസ്പി ആവട്ടെ തിരു കൊച്ചിയില്‍ ഒറ്റയ്ക്കും മലബാറില്‍ മുസ്ലിംലീഗുമായി ചേര്‍ന്നു മത്സരിക്കാനും തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി തനിച്ച് നില്‍ക്കാനും ചിലയിടങ്ങളില്‍ സ്വതന്ത്രരെ പിന്തുണയ്ക്കാനും നിശ്ചയിച്ചു. കെഎസ്പി മത്സരിച്ചതേയില്ല. ഇടത് ഐക്യം എന്ന ചേതോഹരമായ സ്വപ്നം ഐക്യ കേരളത്തിന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ പൊലിഞ്ഞതങ്ങനെ.

നാടിളക്കിയുള്ള പ്രചാരണം. 1957 മാര്‍ച്ച് മുന്നാം തീയതി ആരംഭിച്ച വോട്ടെണ്ണല്‍ 18-ാം തീയതി വരെ നീണ്ടു. ആകെയുള്ള 126 സീറ്റുകളില്‍ 60 എണ്ണം കമ്യൂണിസ്‌ററ് പാര്‍ട്ടിയും അഞ്ചെണ്ണം പാര്‍ട്ടി പിന്താങ്ങിയ സ്വതന്ത്രന്മാരും നേടി. കോണ്‍ഗ്രസ് 43, പിഎസ്പി 9, മുസ്ലിംലീഗ് 8, കര്‍ണാടക സമതി 1 എന്നിങ്ങനെ കക്ഷി നില. ഒറ്റയ്ക്കു മത്സരിച്ച ആര്‍എസ്പി സംപൂജ്യരായി. ആര്‍എസ്പിയുടെ ശക്തി കേന്ദ്രമായ കൊല്ലത്തടക്കം അവര്‍ എരിഞ്ഞടങ്ങി. എന്നാല്‍ ശക്തമായ ത്രികോണമത്സരം ആര്‍എസ്പി കാഴ്ചവെച്ചതു കൊല്ലം, തൃക്കടവൂര്‍ ജനറല്‍, കരുനാഗപ്പള്ളി സീറ്റുകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കു നഷ്ടപ്പെടുന്നതിന് വഴിവെച്ചു. ഈ മണ്ഡലങ്ങളിലൊക്കെ ഗണ്യമായ വോട്ട് ആര്‍എസ്പി നേടി.

1957 ഏപ്രില്‍ 5ന് ഇഎംഎസ്സിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. അതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്പിയും തമ്മിലുള്ള വലിയ സംഘര്‍ഷങ്ങള്‍ക്കു തുടക്കമായി എന്നു പറയാം. തൊഴില്‍ സമരങ്ങളില്‍ നേരത്തെ തന്നെ കമ്യൂണിസ്റ്റ് ആര്‍എസ്പി സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ കൂടി എത്തിയതോടെ അതിനു കൂടുതല്‍ ശക്തിവെച്ചു. 50കളില്‍ കമ്യൂണിസ്‌ററ് പാര്‍ട്ടിയൊക്കൊപ്പമോ അതിലധികമോ തൊഴിലാളി സംഘടനകള്‍ ആര്‍എസ്പിയ്ക്കുണ്ടായിരുന്നു.

Read More: പിതാവ് മുഖ്യമന്ത്രി, എതിരാളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനത്തിന് മകന്‍; കേരളം കണ്ട ഒരപൂര്‍വ പോരാട്ടം

ഭരണത്തിലെത്തിയതോടെ അധികാരവും പോലീസിനേയും ഉപയോഗിച്ച് തിരുവനന്തപുരത്തും കൊല്ലത്തും ചവറയിലുമുള്ള തങ്ങളുടെ തൊഴിലാളി സംഘടനകളെ കമ്യൂണിസ്റ്റ് പാര്‍ട്ടി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആര്‍എസ്പി വിലയിരുത്തി. ഇതോടെ സംഘര്‍ഷങ്ങള്‍ വ്യാപകമായി. സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതായി ആരോപിച്ച് 1958 മാര്‍ച്ച് 17ന് ആര്‍എസ്പി നേതാവ് ടി.കെ. ദിവാകരന്‍ സെക്രട്ടറിയറ്റ് നടയില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു.

1958 ജൂലൈ 25ന് പ്രസിദ്ധമായ ചന്ദനത്തോപ്പ് വെടിവെയ്പ് നടന്നു. കൊല്ലം കുണ്ടറയിലെ ചന്ദനത്തോപ്പിലുള്ള ഹിന്ദുസ്ഥാന്‍ കാഷ്യു ഫാക്ടറിയിലെ ആര്‍എസ്പി തൊഴിലാളി സംഘടനയില്‍ പെട്ട രണ്ടു പേര്‍ പോലീസ് വെടിവെയ്പില്‍ കൊല്ലപ്പെട്ട സംഭവം ആ സര്‍ക്കാരിന്റെ ജാതകം ഗണിച്ചു. തുടര്‍ന്നങ്ങോട്ട് സംഘര്‍ഷ ഭരിതമായിരുന്നു കേരള രാഷ്ട്രീയം. വിമോചന സമരവും പിന്നീടുണ്ടായ സംഭവവികാസങ്ങളും ചരിത്രത്തിന്റെ ഭാഗം.

സീറ്റു ചര്‍ച്ചയില്‍ തട്ടി സോഷ്യലിസ്റ്റുകളുമായി പിണങ്ങിപ്പിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഗതി ഒരുപക്ഷെ ഇതാവുമായിരുന്നില്ല. ആര്‍എസ്പിയെയെങ്കിലും ഒപ്പം കൂട്ടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പോലും കൂടുതല്‍ സീറ്റുകള്‍ നേടാന്‍ ആവുമായിരുന്നു. കൂടുതല്‍ ശക്തമായ സര്‍ക്കാര്‍ ഉണ്ടാക്കാനും ആവുമായിരുന്നു. തൊഴിലാളി വര്‍ഗ രാഷ്ട്രീയം പറയുന്ന കക്ഷികല്‍ തമ്മില്‍ തെരുവില്‍ തല്ലുന്ന അവസ്ഥയും രൂപപ്പെടുമായിരുന്നില്ല. പില്‍ക്കാല കേരള രാഷ്ട്രീയ ചിത്രം തന്നെ വ്യത്യസ്തമാവുകയും ചെയ്യുമായിരുന്നു. പിഎസ്പിയ്ക്കും ആര്‍എസ്പിയ്ക്കുമൊക്കെ പിന്നീട് ഇടതു സഹവാസം ഉണ്ടായെന്നതും ചരിത്രത്തിന്റെ വിരുദ്ധോക്തികള്‍.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍