UPDATES

കൊച്ചിയില്‍ എആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ നിലം നികത്തല്‍; സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തല്‍ തുടരുന്നു

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് എആര്‍ റഹ്മാന്‍ സംഗീതനിശക്കായി തിരഞ്ഞെടുത്തിരിക്കുന്നത്

എആര്‍ റഹ്മാന്‍ സംഗീതനിശയുടെ മറവില്‍ നിലം നികത്തല്‍. തൃപ്പൂണിത്തറ ഇരുമ്പനത്ത് 26 ഏക്കര്‍ പാടശേഖരമാണ് മണ്ണിട്ടി നികത്തുന്നത്. നിലംനികത്തുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇത് വകവക്കാതെ ഇപ്പോഴും മണ്ണും ഗ്രാവലും ഇട്ട് നിലം നികത്ത് തുടരുകയാണ്.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് എആര്‍ റഹ്മാന്‍ സംഗീതനിശക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മാസം 12നാണ് സംഗീതനിശ. എന്നാല്‍ ഇതിന്റെ മറവില്‍ കണയന്നൂര്‍ താലൂക്ക് തിരുവാങ്കുളം വില്ലേജിലെ 184/34, 184/21, 184/22, 184/23,184/24, 184/25, 184/31, 185/5, 185/2, 185/3, 185/4, 185/5, 185/17 എന്നീ സര്‍വേ നമ്പറുകളിലുള്ള ഭൂമിയില്‍ നികത്തല്‍ നടക്കുന്നതായി ചോറ്റാനിക്കര സ്വദേശിയാണ് റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് അഡീഷണല്‍ തഹസില്‍ദാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ സ്‌റ്റോപ് മെമ്മോ നല്‍കിയതായി അഡീഷണല്‍ തഹസില്‍ദാര്‍ അറിയിക്കുന്നു. എന്നാല്‍ സ്‌റ്റോപ് മെമ്മോ നല്‍കിയതിന് ശേഷവും മണ്ണും ഗ്രാവലുമുപയോഗിച്ച് നിലംനികത്ത് തുടരുന്നതിന്റെ വീഡിയോ ചിത്രങ്ങള്‍ അഴിമുഖത്തിന് ലഭിച്ചു. സ്‌റ്റോപ് മെമ്മോ നല്‍കിയതിന് ശേഷവും നികത്തല്‍ തുടരുന്നുണ്ടെങ്കില്‍ വേണ്ട നിയമനടപടികള്‍ സ്വീകരിക്കുമെന്നാണ് അഡീഷണല്‍ തഹസില്‍ദാര്‍ നല്‍കിയ മറുപടി.

പരിവര്‍ത്തനം ചെയ്യാന്‍ പാടില്ലാത്ത ഭൂമിയാണിതെന്ന് മനസ്സിലാക്കി പരാതി ലഭിച്ചപ്പോള്‍ തന്നെ റവന്യൂവകുപ്പ് ഇടപെട്ടതായും എന്നാല്‍ പരിപാടിയുടെ പേരില്‍ സ്ഥലം നികത്തുകയാണെങ്കില്‍ അത് പൂര്‍വ സ്ഥിതിയിലാക്കാമെന്ന് ഉടമസ്ഥര്‍ മുന്‍സിപ്പാലിറ്റിക്ക് സത്യവാങ്മൂലം നല്‍കിയതായി അറിയുന്നെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നല്‍കുന്ന വിശദീകരണം ‘ഈ പരിപാടി നടത്തുന്നതിനായി നിലം നികത്തുന്നു എന്ന പരാതി ലഭിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ 2008ന് മുമ്പ് നികത്തിയ സ്ഥലമാണിത്. എന്നാലും പരിവര്‍ത്തനം ചെയ്യാന്‍ പാടില്ലാത്ത ഭൂമിയാണെന്ന് കാണിച്ച് പരിപാടിയുടെ സംഘാടകര്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കിയിട്ടുണ്ട്. പരിപാടിക്കായി നിലം നികത്തുന്നില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്റ്റോപ്പ് മെമ്മോ നല്‍കിയതിന് ശേഷം, അഥവാ നിലം നികത്തിയാല്‍ പരിപാടി കഴിഞ്ഞ് നിലം പൂര്‍വ സ്ഥിതിയിലാക്കാമെന്ന് മുന്‍സിപ്പാലിറ്റിക്ക് സത്യാവാങ്മൂലം സമര്‍പ്പിച്ചതായാണ് അറിവ്. എന്നാല്‍ അത് മുന്‍സിപ്പാലിറ്റി ഇതേവരെ എനിക്ക് നല്‍കിയിട്ടില്ല.’

കാലങ്ങളായി ഈ നിലം ഘട്ടംഘട്ടമായി നികത്തി വരികയാണെന്ന് പരാതി മുമ്പ് തന്നെ നിലനില്‍ക്കുന്നുണ്ട്. 2002 മുതല്‍ 2011 വരെയുള്ള കാലഘട്ടങ്ങളിലാണ് ഇപ്പോഴത്തെ ഭൂവുടമ ഈ പാടശേഖരം വാങ്ങുന്നത്. 2004 മുതല്‍ ഇവിടെ നിലംനികത്ത് സജീവമായി നടക്കുന്നുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 2008ല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതിന് മുമ്പും പിമ്പും ഈ നികത്തല്‍ തുടര്‍ന്നതായും 2011 ല്‍ വ്യാപകമായി നികത്തല്‍ നടന്നതായും ഇദ്ദേഹം പറയുന്നു. ‘2004 മുതല്‍ ഈ ഭൂമിയില്‍ നികത്ത് നടക്കുന്നുണ്ട്. ഇപ്പോള്‍ പരിപാടിയുടെ ഭാഗമായി നികത്ത് നടക്കുന്നുണ്ടോ എന്ന് ഉറപ്പില്ല. എന്നാല്‍ മുന്‍ അനുഭവങ്ങള്‍ അതാണ്. 2006ല്‍ റിച്ചാര്‍ഡ് ബ്രെങോയ് എന്ന മത്രപ്രഭാഷകന്റെ പ്രഭാഷണം ഈ പാടശേഖരത്തില്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി കഴിഞ്ഞപ്പോള്‍ പാടത്തിന്റെ കുറേ ഭാഗം നികന്നിരുന്നു. 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതോടെ നികത്തിന് അല്‍പം സാവകാശം വന്നു. എന്നാല്‍ 2011 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് വലിയ തോതില്‍ നികത്തുണ്ടായത്. 2010 അവസാനത്തോടെ മണ്ണ് ഇറക്കുകയും ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നികത്തുകയും ചെയ്തു. ഇതിന്റെയെല്ലാം ഫോട്ടോകളും, സാറ്റലൈറ്റ് ചിത്രങ്ങളും എന്റെ പക്കലുണ്ട്. ഇതെല്ലാം തെളിവ് സഹിതം നല്‍കിയാണ് കോടതിയില്‍ കേസ് പറയുന്നത്. ഇപ്പോഴത്തെ സംഗീതനിശയുടെ സജ്ജീകരണങ്ങള്‍ ചെയ്യുന്ന കോണ്‍ട്രാക്ടര്‍മാര്‍ തന്നെയാണ് അന്ന് നിലം നികത്തിയതും.

തിരുവാങ്കുളം വില്ലേജിലെ ഡാറ്റാ ബാങ്ക് തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് നോക്കിയാല്‍ ഇതിലെ കള്ളക്കളികള്‍ വ്യക്തമാവും. ആ ഡാറ്റാ ബാങ്കില്‍ ഈ സ്ഥലം വര്‍ഷങ്ങള്‍ക്ക് മുമ്പേ നികത്തപ്പെട്ടതെന്നാണ് ചേര്‍ത്തിരിക്കുന്നത്. 2008ല്‍ നികത്തിയതെന്നുപോലുമല്ല. പല സര്‍വേ നമ്പരുകള്‍ക്കും നേരെ 1993ലും മറ്റും നികത്തിയതെന്നൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ആ ഡാറ്റാ ബാങ്ക് പ്രകാരം മുമ്പ് നികത്തിയതും 2008ന് ശേഷം നികത്തിയതും ഇപ്പോള്‍ നികത്തിയിട്ടുപോലുമില്ലാത്ത ഭൂമി വര്‍ഷങ്ങള്‍ക്ക് മുമ്പ് നികത്തിപ്പോയതാണ്. അതാണ് വിരോധാഭാസം. 93ലും മറ്റും ഒരു സൈക്കിള്‍ പോലും വരാത്ത വലിയ പാടശേഖരമാണിത്. വെറുതെ സാറ്റലൈറ്റ് ഇമേജ് പരിശോധിച്ചാല്‍ 200ടന് ശേഷം ഈ പാടശേഖരത്തില്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാവും.

ഇവര്‍ നികത്തിയാല്‍ പൂര്‍വ്വസ്ഥിതിയിലാക്കും എന്ന് ഉറപ്പ് കൊടുത്തതിലൊന്നും ഒരു കാര്യവുമില്ല. മെഡിക്കല്‍ ട്രസ്റ്റുകാരുടെ സ്ഥലത്തിന് നടുവിലൂടെ ഒരു തോട് കടന്നുപോവുന്നുണ്ട്. തോടിന്റെ വടക്ക് ഭാഗത്ത് മാത്രമേ വാഹനം കയറുമായിരുന്നുള്ളൂ. പിന്നീട് തെക്ക് ഭാഗം നികത്താനായി ലോറി കേറുന്നതിനുള്ള സൗകര്യത്തിന് തോട് മണ്ണിട്ട് നികത്തി. ഇത് ഞാന്‍ തന്നെ കേസുകൊടുത്തു. മണ്ണ് മാറ്റി പൂര്‍വസ്ഥിതിയിലാക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടിട്ട് വര്‍ഷങ്ങളായി. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സ്ഥലം പൂര്‍ണമായും നികത്തിയെടുക്കാന്‍ ഭൂഉടമസ്ഥന്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നു. എന്നാല്‍ തെളിവു സഹിതം നല്‍കിയ കേസുകള്‍ റവന്യൂ അധികൃതരുടെ പക്കലും കോടതിയിലും ഉള്ളതിനാല്‍ അത് സാധിക്കുന്നില്ല. ഇതിനിടെ തോട് നികത്തി മറ്റൊരിടത്തുകൂടെ തോട് വഴിതിരിച്ചുവിടാനുള്ള ശ്രമവും ഭൂഉടമസ്ഥന്റെ ഭാഗത്തുനിന്നുണ്ടായി. തൃപ്പൂണിത്തറ മുന്‍സിപ്പാലിറ്റിയിലെ 29 ഭരണപക്ഷ അംഗങ്ങളില്‍ മൂന്ന് പേരൊഴികെ എല്ലാവരും ആ പദ്ധതിക്ക് ുകൂലമായിരുന്നു. പ്രതിപക്ഷം എതിര്‍ത്തതേയില്ല. എന്നാല്‍ നെടുങ്ങാപ്പുഴ സംരക്ഷണ സമിതി സര്‍ക്കാരിന് പരാതി അയച്ചു. സര്‍ക്കാര്‍ ഇടപെട്ട് ഈ നീക്കം തടഞ്ഞു.’

ഈ പാടശേഖരവുമായി ബന്ധപ്പെട്ട കേസുകള്‍ ഫയലുകളില്‍ ഉള്ളതിനാല്‍ ഇപ്പോള്‍ ക്രമക്കേട് എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ കടുത്ത നടപടിതന്നെ സ്വീകരിക്കുമെന്നാണ് അഡീഷണല്‍ തഹസില്‍ദാര്‍ പറയുന്നത്.

ഒരു പുഴ എല്ലാവരും കൂടി വീതിച്ചെടുത്തു; ബാക്കിയുള്ളത് സ്വകാര്യ ആശുപത്രിക്ക് വേണ്ടി വഴിതിരിച്ചു വിടാനും നീക്കം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍