UPDATES

ട്രെന്‍ഡിങ്ങ്

പ്രതിഷേധങ്ങളില്ലാത്ത, പേടിപ്പെടുത്തുന്ന മൗനം മാത്രമുള്ള തെരുവുകളായി നാം മാറുകയാണ്

ആശയങ്ങളും വിമര്‍ശനങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനാവുന്ന തെരുവുകള്‍ക്കേ ഏകാധിപത്യത്തെ തോല്‍പ്പിക്കാനാവൂ

ഉണര്‍ന്നിരിക്കുന്ന തെരുവുകള്‍ ജനാധിപത്യത്തിന്റെ വിളനിലങ്ങളാണ്. ക്രിയാത്മക അഭിപ്രായങ്ങളും സംവാദങ്ങളും രൂപപ്പെടുത്തുന്നതില്‍ തെരുവുകള്‍ക്കുള്ള സ്വാധീനം ഒട്ടും ചെറുതല്ല. പ്രതിരോധങ്ങളും പ്രതിഷേധങ്ങളും തെരുവുകളിലേക്കിറങ്ങുമ്പോഴേ പരിഹാര പ്രക്രിയകളിലേക്ക് രൂപമാറ്റം വരാറുള്ളൂ.

2011ലെ ഈജിപ്ത്യന്‍ വിപ്ലവവും ഹോങ്കോങ്ങിലെ (2014) കുട പ്രതിഷേധങ്ങളും (Umbrella protest) സെര്‍ബിയന്‍ മൂവ്‌മെന്റും (1998) ജോര്‍ജിയയിലെ റോസ് വിപ്ലവവുമൊക്കെ തെരുവുകളിലേക്കിറങ്ങിയായിരുന്നു.

ഇന്ത്യയിലുമുണ്ടായിട്ടുണ്ട് പ്രൗഢമായ അത്തരം സമരങ്ങള്‍. ഗുജറാത്തില്‍ ഉണ്ടായ 1974ലെ നവനിര്‍മാണ്‍ ആന്തോളന്‍ (Reconstruction Movement), അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കെതിരെയുള്ള സമരം, ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥി സമരങ്ങള്‍ തുടങ്ങിയവ ഇന്ത്യന്‍ തെരുവുകള്‍ നിറച്ച പ്രതിരോധ രൂപങ്ങളിലെ ഉദാഹരണങ്ങള്‍ മാത്രമാണ്. പ്രാദേശിക ഭാഷ, ജാതി, സംസ്‌കാരം പ്രമേയമാക്കി രൂപപ്പെട്ട സമരങ്ങള്‍ തെരുവിലേക്കിറങ്ങിയതിന്റെ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്. പക്ഷെ, എന്താണ് ഇപ്പോഴത്തെ ഇന്ത്യന്‍ തെരുവുകളുടെ അവസ്ഥ?

തെരുവുകളുടെ പ്രധാന ദൗത്യം അവ സംവാദ കേന്ദ്രങ്ങളാകലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ നിരന്തര ചര്‍ച്ചകള്‍ രൂപപ്പെടേണ്ട ഇടങ്ങള്‍, പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും സജീവമാകേണ്ട ഏറ്റവും അനിവാര്യ സമയമായിട്ട് പോലും നവ ഇന്ത്യന്‍ തെരുവുകള്‍ അതിന്റെ നിയന്ത്രിത വലയത്തിനുള്ളില്‍ വട്ടം കറങ്ങുന്നു എന്നത് ചിന്തിക്കേണ്ടത് തന്നെയാണ്. പ്രതിഷേധങ്ങളും ഒച്ചപ്പാടുകളുമില്ലാത്ത കമ്പോളയിടങ്ങളായി മാത്രം നമ്മുടെ തെരുവുകള്‍ മാറിയത് എന്തുകൊണ്ടായിരിക്കും? പേടിപ്പെടുത്തുന്ന മൗനം എങ്ങനെയാണ് നമ്മുടെ തെരുവുകളുടെ അലങ്കാരമായത്?

അതു മനസ്സിലാക്കാന്‍ ഇന്ത്യന്‍ തെരുവുകള്‍ കാലിയായതിന്റെ രൂപപ്രക്രിയ തിരിച്ചറിഞ്ഞാല്‍ മതി. ഉദാഹാരണത്തിന്, ബീഫ് കഴിച്ചു എന്ന കള്ള പ്രചാരണം നടത്തി അഖ്‌ലാഖ് എന്ന വൃദ്ധനെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ കൊലപ്പെടുത്തിയപ്പോള്‍ ഉണ്ടായ പ്രതികരണങ്ങള്‍ അതിനു ശേഷവും ഭക്ഷണ ഫാസിസത്തിന്റെ ഇരകളുണ്ടായപ്പോള്‍ തെരുവുകളില്‍ നിന്ന് ഉണ്ടായിട്ടില്ല. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ രൂപീകരിക്കപ്പെട്ട പോലെയുള്ള ഒരു കളക്ടീവ് പ്രതിരോധനിര രൂപപ്പെടുത്താന്‍ വീണ്ടും വീണ്ടും ഫാസിസ്റ്റ് ചിന്തകരെ അക്കാദമിക് സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചപ്പോള്‍ നമുക്ക് കഴിഞ്ഞിട്ടില്ല. രോഹിത് വെമുലയുടെ ആത്മഹത്യക്ക് ശേഷം രൂപപ്പെട്ട വിദ്യാര്‍ത്ഥി മൂവ്‌മെന്റ്, മാസങ്ങള്‍ക്കു മുന്‍പ് ജെഎന്‍യു ക്യാംപസില്‍ ആത്മഹത്യ ചെയ്ത മുത്തുകൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥിയുടെ വിഷയത്തിലും ഉണ്ടായിട്ടില്ല.

ചുരുക്കത്തില്‍, തെരുവുകളിലിറങ്ങാന്‍ നമുക്ക് മടിയായിരിക്കുന്നു. ഒരുതരം പേടിയും അപകര്‍ഷതയും നമ്മുടെ ചിന്തകളെ വേട്ടയാടിയിരിക്കുന്നു. സമരം കൊണ്ടൊന്നും കാര്യമില്ല എന്ന അരാഷ്ട്രീയ പ്രയോഗങ്ങളില്‍ നമ്മളും വീണുപോയിരിക്കുന്നു. മടുത്തു പിന്മാറുന്ന തെരുവുകളായി നമ്മള്‍ രൂപാന്തരപ്പെട്ടിരിക്കുന്നു.

ഫാസിസ്റ്റ് ഭരണകൂടത്തിന് ഇതിലേറെ നല്ല വളം കിട്ടാനില്ല. സമരങ്ങളില്ലാത്ത ‘ശാന്തമായ’ പൊതുഇടങ്ങള്‍ തന്നെയാണ് കോര്‍പറേറ്റുകളുടെയും താല്പര്യം. അതുകൊണ്ട് തന്നെ തെരുവുകളിലിറങ്ങുന്നവരെ അവര്‍ ഫോക്കസ് ചെയ്യും, കള്ളക്കേസുകള്‍ ചുമത്തും, മാധ്യമങ്ങളെ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താനും സായുധസേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും ശ്രമിക്കും.

സെപ്തംബര്‍ 11 നു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനെ ആക്രമിച്ചപ്പോള്‍ അതിനെതിരെ അറേബ്യന്‍ തെരുവുകളിലുയര്‍ന്ന പ്രതിഷേധത്തെ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ വിശേഷിപ്പിച്ചത് ‘Irrational Arab street’ എന്നാണ്. പക്വതയില്ലാത്ത അറേബ്യന്‍ തെരുവുകളെന്നര്‍ത്ഥം. അമേരിക്കന്‍ സ്വാച്ഛാധിപത്യ കീഴടക്കലുകളെ വിമര്‍ശിക്കുന്നവരെ തീവ്രവാദികളാക്കുന്ന പാശ്ചാത്യന്‍ മാധ്യമ തന്ത്രത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണിത്.

ഇത് പൊതുതത്വമാണ്. അമേരിക്കയിലായാലും ഇന്ത്യയിലായാലും ഭൂരിഭാഗം മാധ്യമ മന:സ്ഥിതിയും അധികാരത്തിനൊപ്പമാണ്. അധികാര ശ്രേണിയുടെ ടൂളുകളാകാനേ അവര്‍ ശ്രമിക്കൂ. വലതുപക്ഷ ഇന്ത്യന്‍ മാധ്യമങ്ങള്‍ ജെഎന്‍യു മൂവ്‌മെന്റിനോടനുബന്ധിച്ചു നടത്തിയ പ്രചാരണങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് കൂടുതല്‍ മനസ്സിലാകും. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എഴുതിയതില്‍ നിന്നും കാര്യമായ വ്യത്യാസം അവരുടെ നിരൂപണങ്ങള്‍ക്കുമുണ്ടായിരുന്നില്ല. പാക്കിസ്ഥാന്‍ ഏജന്റുകളായും തീവ്രവാദികളായും രാജ്യത്തെ നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്ന ചാരന്മാരായുമൊക്കെയാണ് തെരുവുകളില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ മാധ്യമങ്ങള്‍ ബ്രാന്‍ഡ് ചെയ്തത്. ഇതിനു വ്യക്തമായ അധികാര പിന്തുണയുമുണ്ടായിരുന്നു.
കള്ളത്തെളിവുകള്‍ നിര്‍മിച്ചെടുക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ അവ മാര്‍ഗ്ഗമായി ഉപയോഗിക്കുകയും ചെയ്ത പോലീസ് ഭീകരതയാണ് ജെഎന്‍യുവില്‍ നാം കണ്ടത്.

എബിവിപി കൊടുക്കുന്ന ലിസ്റ്റ് അടിസ്ഥാനത്തില്‍ മാത്രം കേസ് എടുക്കുകയും സര്‍വകലാശാലകളില്‍ കയറി വിദ്യാര്‍ത്ഥികളെയും ഐക്യദാര്‍ഢ്യത്തോടെ ചേര്‍ന്ന് നില്‍ക്കുന്ന അധ്യാപകരെയും ആക്രമിക്കുന്ന പോലീസിനെയാണ് ഈയിടെ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളിലൊക്കെ നമ്മള്‍ കണ്ടത്. രോഹിത് മൂവ്‌മെന്റിന്റെ ഭാഗമായി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ജെഎന്‍യുവിലും മാസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി സര്‍വ്വകലാശാലയിലുമൊക്കെ നടന്നത് ഒരേ മാതൃക തന്നെയായിരുന്നു. ആക്രമിക്കുന്ന എബിവിപിക്കാര്‍ക്ക് ക്‌ളീന്‍ ചിറ്റ് നല്‍കുകയും ആക്രമിക്കപ്പെട്ട നിരായുധരായ വിദ്യാര്‍ത്ഥികളെ പ്രശ്‌നക്കാരായും ചിത്രീകരിക്കുന്ന ഒരുതരം ഗുണ്ടാരാഷ്ട്രീയം. കനയ്യ കുമാറിനെ ഹിന്ദുത്വ വക്കീലുമാര്‍ കോടതിക്ക് മുന്‍പില്‍ വെച്ച് ആക്രമിച്ചപ്പോള്‍ നടപടികളെടുക്കാതെ മാറിനിന്ന ‘നിയമപാലകര്‍’ ആ മനോബോധത്തിന്റെ ഉത്പന്നങ്ങളായിരുന്നു.

അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ അറേബ്യന്‍ തെരുവുകളുണര്‍ന്നപ്പോള്‍ സമരക്കാര്‍ക്ക് നേരെ ചാര്‍ത്തിയ വ്യാപക പ്രചാരണങ്ങളുടെ മറ്റൊരു പതിപ്പ് ജെഎന്‍യു സമരകാലത്തും നമുക്ക് കാണാനായിട്ടുണ്ട്. ക്യാംപസുകളിലേക്കുള്ള ഫാസിസ്റ്റ് കടന്നു കയറ്റത്തെ ചെറുക്കാന്‍ / രോഹിത് ആക്ട് നടപ്പിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തപ്പോള്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വിശേഷിപ്പിച്ചത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്നാണ്. എല്ലാ കൊള്ളരുതായ്മകളും മൂടിവെക്കാനുള്ള കപടദേശീയത വളര്‍ത്തിയെടുത്ത് പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും കുറ്റപ്പെടുത്തുന്ന അധികാര ഗൂഢതയുടെ മറ്റൊരു ഉദാഹരണം.

തെരുവുകള്‍ കാലിയാക്കാന്‍ അധികാര മുറക്ക് പുറമെ ഉപയോഗിക്കുന്ന വിവിധ കുടില തന്ത്രങ്ങളാണിതെല്ലാം. തെരുവുകളെ പേടിപ്പിച്ചു നിര്‍ത്തുന്ന രാഷ്ട്രീയം. ഇതില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. നജീബ് എന്ന ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ തിരോധാന വിഷയത്തിലും ഫെബ്രുവരിയില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളിലുമൊക്കെ നിരാശരായി പിരിഞ്ഞു പോകുന്ന തെരുവുകളൊക്കെ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്.

നവ ലിബറല്‍ നയങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സാമൂഹിക വിഷയങ്ങളെ ഇല്ലായ്മ ചെയ്യുന്ന നടപടികളിലേക്ക് കടക്കുമ്പോഴും ഗവേഷണ ഗ്രാന്റുകള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ചുമത്തപ്പെടുകയും ഒക്കെ ചെയ്യുമ്പോഴും നരേന്ദ്ര മോദി ഗവണ്മെന്റിനെതിരെ ചെറുത്തുനില്‍പ്പിന്റെ നേരിയ ശബ്ദം പോലുമുയരുന്നില്ല എന്നത് ജനാധിപത്യ വിശ്വാസികളെ തെല്ലൊന്നുമല്ല പേടിപ്പെടുത്തുന്നത്.

മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ക്ഷീണിച്ച് അവശരായിരിക്കുന്ന നിലവിലെ ഇന്ത്യന്‍ അവസ്ഥയില്‍, പ്രത്യേകിച്ചും വികേന്ദ്രീകരിക്കപ്പെട്ട തൊഴിലിടങ്ങള്‍ കാരണം തൊഴിലാളി സംഘടനകള്‍ അശക്തമായ ഇക്കാലത്ത് ഭക്ഷണ സ്വാതന്ത്ര്യത്തിനു വേണ്ടി, സാമ്പത്തിക സാമൂഹിക വിടവിലേക്ക് നയിക്കുന്ന നവ ലിബറല്‍ നിലപാടുകളെ ചെറുത്തു തോല്‍പ്പിക്കുന്നതടക്കമുള്ള പൗരാവകാശ നേടിയെടുക്കലുകള്‍ സാധ്യമാകണമെങ്കില്‍ തെരുവുകളുണരേണ്ടതുണ്ട്. തീര്‍ച്ചയായും ആശയങ്ങളും വിമര്‍ശനങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കാനാവുന്ന തെരുവുകള്‍ക്കേ ഏകാധിപത്യത്തെ തോല്‍പ്പിക്കാനാവൂ.

സിറാജ് പനങ്ങോട്ടില്‍

സിറാജ് പനങ്ങോട്ടില്‍

രാഷ്ട്രീയ നിരീക്ഷകന്‍, വിവിധ രാഷ്ട്രീയ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച്, വിദ്യാര്‍ഥി രാഷ്ട്രീയത്തെക്കുറിച്ച്, വിവിധ മാധ്യമങ്ങളില്‍ എഴുതുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍