UPDATES

ഞങ്ങള്‍ വിമതരല്ല, ഔദ്യോഗികം; കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ പടയൊരുക്കവുമായി 289 വൈദികരുടെ യോഗം, നൂറിലധികം വൈദികരുടെ പിന്തുണ

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുന്നു

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിക്കുന്നു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയിലെ അധികാരങ്ങള്‍ തിരികെ നല്‍കിയ നടപടി ഒരുതരത്തിലും അംഗീരിക്കാന്‍ കഴിയില്ലെന്നാണ് കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കൂടിയ വൈദിക യോഗത്തിന്റെ നിലപാട്. സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് അതിരൂപതയ്ക്ക് വേണമെന്ന ആവശ്യമാണ് വൈദികര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഭൂമി കുംഭകോണത്തില്‍ നിരപരാധിയാണെന്നു തെളിയിക്കാത്തിടത്തോളം കര്‍ദിനാളിനെ അംഗീകരിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും വൈദികര്‍ പറയുന്നു. അതിരൂപതയിലെ 289 ഓളം വൈദികര്‍ ഇന്നത്തെ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും നൂറിലേറെ വൈദികര്‍ ഈ യോഗത്തിനു പിന്തുണ അറിയിച്ചിരുന്നുവെന്നും വൈദികരുടെ പ്രതിനിധികളായി സംസാരിച്ച ഫാ. സെബാസ്റ്റ്യന്‍ തളിയനും ഫാ. ജോസ് വയലിക്കോടത്തും അറിയിച്ചു. തങ്ങളെയിനിയും വിമത വൈദികര്‍ എന്നു വിളിക്കരുതെന്നും, അതിരൂപതിയില്‍ ആകെയുള്ള 450 ഓളം വൈദികരില്‍ തൊണ്ണൂറു ശതമാനത്തിലധികം പേരും തങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെന്നിരിക്കെ എങ്ങനെയാണ് ഇതൊരു വിമത സംഘം ആകുന്നതെന്നും ഫാ. തളിയനും ഫാ. വയലിക്കോടത്തും ചോദിക്കുന്നു.

എറണാകുളം അതിരൂപതയില്‍പ്പെട്ട ഒരാളെ തന്നെ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ് ആക്കണമെന്നാണ് വൈദികരുടെ ആവശ്യം. അങ്ങനെയൊരാള്‍ക്കേ അതിരൂപതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂവെന്നാണ് വൈദികരുടെ വാദം. അത്തരത്തിലൊരു ആര്‍ച്ച് ബിഷപ്പിനെയല്ലാതെ കര്‍ദിനാളിനെ അംഗീകരിക്കാനോ അനുസരിക്കാനോ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്ന സൂചന വ്യക്തമായി തന്നെ വൈദികര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഭൂമിവില്‍പ്പനയില്‍ താന്‍ നിരപരാധിയാണെന്നു സഭയേയും വിശ്വാസികളെയും ബോധ്യപ്പെടുത്താന്‍ കര്‍ദിനാളിന് ഇതുവരെ ആയിട്ടില്ലെന്നാണ് വൈദികര്‍ ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയുള്ളൊരു അതിരൂപത അധ്യക്ഷന്റെ കല്‍പ്പനകളും സര്‍ക്കുലറുകളും ഇടയലേഖനങ്ങളും മറ്റു നിര്‍ദേശങ്ങളും പള്ളികളില്‍ വായിക്കാന്‍ മനസാക്ഷി അനുവദിക്കില്ലെന്നാണ് വൈദികര്‍ പറയുന്നത്. ഈയൊരു സാഹചര്യത്തില്‍ അതിരൂപതയിലേക്കുള്ള സാമ്പത്തിക വിഹിതം ഇടവക പൊതുയോഗങ്ങള്‍ നല്‍കാതെ വന്നാല്‍ അതിനെയാര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്ന മുന്നറിയിപ്പുകൂടി വൈദികര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. തങ്ങള്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നതിന്റെ പേരില്‍ ഏതെങ്കിലും കള്ളക്കേസില്‍ അതിരൂപത മെത്രാന്മാരെയോ വൈദികരെയോ വിശ്വാസികളെയോ കുടുക്കാന്‍ നോക്കിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന വെല്ലുവിളിയും വൈദികര്‍ ഉയര്‍ത്തുന്നുണ്ട്.

സഹായമെത്രാന്മാരായിരുന്ന ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ബിഷപ്പ് ജോസ് പുത്തന്‍വീട്ടിലിനെയും പ്രതികാരബുദ്ധിയോടെ കര്‍ദിനാള്‍ അതിരൂപതയില്‍ നിന്നും പുറത്താക്കിയ നടപടി വൈദികരെയും വിശ്വാസികളെയും ഒരുപോലെ വേദനിപ്പിച്ചുവെന്നും എന്ത് തെറ്റ് ചെയ്തിട്ടാണ് സഹായമെത്രാന്മാരെ രാത്രിക്കു രാത്രി പുറത്താക്കിയതെന്നു വിശദീകരണം നല്‍കണമെന്നും വൈദികര്‍ ആവശ്യപ്പെടുന്നുണ്ട്. മെതത്രാന്മാരുടെ ഭാഗത്തു നിന്നും തെറ്റുകളോ വീഴ്ച്ചകളോ ഉണ്ടായാല്‍ അവരോട് വിശദീകരണം ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നാല്‍ തങ്ങളോട് ഒരു വിശദീകരണവും ആരും ചോദിച്ചിട്ടില്ലെന്നാണ് ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നത്. എന്തു തെറ്റ് ചെയ്തിട്ടാണെന്നുള്ള കാരണം പോലും പറയാതെയും യാതൊരു വിശദീകരണവും ചോദിക്കാതെയും സഹായമെത്രാന്മാരെ ശിക്ഷിച്ചുകൊണ്ട് അവരെ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ നിന്നും പുറത്താക്കിയ നടപടിയുടെ അധാര്‍മികതയെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നാണ് വൈദിക യോഗത്തിന്റെ വക്താവ് കൂടിയായ ഫാ. ജോസ് വയലിക്കോടത്ത് പറയുന്നു. ഈ വിഷയം വിശ്വാസികളുടെ മുന്നിലും അവതരിപ്പിക്കും. ജൂണ്‍ 26 ന് രാത്രിയാണ് കര്‍ദിനാള്‍ ആലഞ്ചേരി സഹായമെത്രാന്മാരോട് അവരെ പുറത്താക്കിയിരിക്കുന്നതെന്നു പറയുന്നത് പിറ്റേദിവസം(ജൂണ്‍ 27) രാവിലെ തന്നെ അരമനയില്‍ നിന്നും താമസം മാറ്റണമെന്നും ആവശ്യപ്പെട്ടു. 17 വര്‍ഷം രൂപതയ്ക്കും സഭയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചു വന്നയാളാണ് ബിഷപ്പ് എടയന്ത്രത്ത്, ആറു വര്‍ഷത്തെ സേവന പാരമ്പര്യമാണ് ബിഷപ്പ് ജോസ് പുത്തന്‍ വീട്ടിലിന്. ഇവരോടു രണ്ടു പേരോടും സാമാന്യ മര്യാദപോലും കര്‍ദിനാള്‍ ആലഞ്ചേരി കാണിച്ചില്ല. ആട്ടിപ്പുറത്താക്കുന്നതുപോലെയാണ് രണ്ടു മെത്രാന്മാരെയും പറഞ്ഞുവിട്ടത്. ഒരു സാധാരണ വൈികന് കിട്ടേണ്ട പരിഗണനപോലും ബിഷപ്പ് എടയന്ത്രത്തിനും ബിഷപ്പ് പുത്തന്‍വീട്ടിലിനും കര്‍ദിനാളില്‍ നിന്നും സിനഡില്‍ നിന്നും കിട്ടിയില്ല. ആയതിനാല്‍ ഇരു മെത്രാന്മരെയും നേരില്‍ കണ്ട് അതിരൂപതിയിലെ എല്ലാ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും അവരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നാണ് ഇന്നത്തെ യോഗത്തില്‍ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ ആവശ്യം. ഈ ആവശ്യങ്ങള്‍ ഉള്‍പ്പെടെ ഇപ്പോള്‍ അതിരൂപതിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ എല്ലാം വിശദീകരിക്കുന്ന സര്‍ക്കുലര്‍ എല്ലാ പള്ളികളിലും വായിക്കാനും തീരുമാനം ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്ന സിറ്റയറിംഗ് കമ്മിറ്റിയില്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തുമെന്നും വൈദികര്‍ അറിയിച്ചു.

എത്രയും വേഗം അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ച് പുറത്താക്കിയ സഹായമെത്രാന്മാരെ തിരികെ കൊണ്ടുവരണമെന്നും വൈദികര്‍ ആവശ്യം ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം തന്നെ, ഭൂമിയിടപാടില്‍ കാനോനിക-സിവില്‍ നിയമലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍പാപ്പ തന്നെ അതിരൂപതയുടെ ഭരണ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയ കര്‍ദിനാള്‍ ആലഞ്ചേരിക്ക് വീണ്ടും അധികാരങ്ങള്‍ തിരികെ നല്‍കിയ നടപടിയില്‍ സിറോ മലബാര്‍ സഭ സ്ഥിരം സിനഡ് വിശ്വാസികളുടെയും വൈദികരുടെയും സംശയങ്ങള്‍ തീര്‍ക്കാന്‍ വിശദീകരണം നല്‍കണമെന്നും വൈദികയോഗം ആവിശ്യപ്പെടുന്നു. ആലഞ്ചേരിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഭരണ ചുമതല ഏല്‍പ്പിച്ച നടപടി അധാര്‍മികമെന്നാണ് വൈദികര്‍ കുറ്റപ്പെടുത്തുന്നത്. പല മാന്യരും പദവികള്‍ വഹിച്ച എറണാകുളം അതിരൂപത ഇപ്പോള്‍ അധാര്‍മികളുടെ കൂടാരമായി എന്നാണ് വൈദികര്‍ വിമര്‍ശിക്കുന്നത്. സിറോ മലബാര്‍ സഭയുടെ തലപ്പത്ത് ഇപ്പോള്‍ അയോഗ്യന്മാരാണ് ഉള്ളതെന്നും ഇവരെല്ലാം ചേര്‍ന്ന് എറണാകുളം രൂപതയെ അധാര്‍മികളുടെ കേന്ദ്രമാക്കി മാറ്റിയെന്നും വൈദികര്‍ കുറ്റപ്പെടുത്തുന്നു. കര്‍ദിനാള്‍ പദവിയോ മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമോ ആര്‍ക്കും ജന്മന കിട്ടുന്നതല്ലെന്നും അവ വെറും പദവികള്‍ മാത്രമാണെന്നും ജോര്‍ജ് ആലഞ്ചേരിയെ ഓര്‍മിപ്പിക്കുന്നുമുണ്ട് വൈദികര്‍.

വൈദികയോഗത്തിന്റെ ആവശ്യങ്ങള്‍ പ്രമേയമായി പാസാക്കിയിട്ടുണ്ട്. ഇത് സഭ സ്ഥിരം സിനഡിന് സമര്‍പ്പിക്കും. ഇതേ പ്രമേയം പള്ളികളിലൂടെ വിശ്വാസികള്‍ക്കു മുന്നിലും അവതരിപ്പിക്കും. തങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും അംഗീകരിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും അങ്ങനെയുണ്ടാകുന്നില്ലെങ്കില്‍ മറ്റു വഴികളിലേക്ക് തിരിയേണ്ടി വരുമെന്നും വൈദിക യോഗശേഷം വക്താക്കള്‍ പറയുന്നുണ്ട്. ഭൂമിയിടപാടിനെ കുറിച്ച് മുന്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജേക്കബ് മനത്തോടത്ത് നിയോഗിച്ച ഡോ. ജോസഫ് ഇഞ്ചോടി കമ്മീഷന്‍ റിപ്പോര്‍ട്ടും കെപിഎംജി റിപ്പോര്‍ട്ടും വൈദികര്‍ക്കും വിശ്വാസികള്‍ക്കും മുന്നില്‍ പരസ്യപ്പെടുത്തണമെന്നത് അതിരൂപത വൈദികര്‍ ആവശ്യപ്പെടുന്ന മറ്റൊരു കാര്യമാണ്. എല്ലാവര്‍ക്കു മുന്നിലും പരസ്യപ്പെടുത്താമെന്ന് അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വൈദിക സെനറ്റില്‍ ഉറപ്പ് നല്‍കിയിരുന്നതായിട്ടും പിന്നീട് എന്തുകൊണ്ടത് അട്ടിമറിക്കപ്പെട്ടുവെന്നാണ് ഫാ. ജോസ് വലിയക്കോടത്ത് ചോദിക്കുന്നത്. കര്‍ദിനാള്‍ ആലഞ്ചേരിക്ക് അതിരൂപത അധികാരങ്ങല്‍ തിരികെ നല്‍കിയെന്ന വത്തിക്കാന്‍ തീരുമാനത്തിനു പിന്നിലും കള്ളത്തരങ്ങള്‍ ഉണ്ടെന്നു വൈദികര്‍ ആരോപിക്കുന്നു. വത്തിക്കാന്‍ നടപടിയെ കുറിച്ചുള്ള സിറോ മലബാര്‍ സഭ മീഡിയ കമ്മിഷന്റെ വാര്‍ത്ത കുറിപ്പില്‍ ഇപ്പോള്‍ ഉണ്ടായ നടപടികള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വത്തിക്കാനില്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലുള്ള അന്തിമ തീരുമാനം ആണെന്നു പറഞ്ഞ് വിശ്വാസികളെയും പൊതുസമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നാണ് വൈദികര്‍ കുറ്റപ്പെടുത്തുന്നത്.

ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മുതലെടുത്ത് എറണാകുളം-അങ്കമാലി അതിരൂപതയെ മൂന്നായി വിഭജിച്ച് മൂന്നൂ രൂപതകളാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നും, അതിരൂപതയുടെ ഐക്യത്തെ തകര്‍ക്കാനുള്ള ഈ നിഗൂഢനീക്കത്തെ അതിശക്തമായി തന്നെ നേരിടുമെന്നും വൈദികര്‍ അറിയിക്കുന്നുണ്ട്. അതുപോലെ, അതിരൂപതയ്ക്ക് കീഴില്‍ ഇനിയൊരു ഭൂമി വില്‍പ്പന തങ്ങള്‍ അനുവദിക്കില്ലെന്നും വൈദികര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബാങ്ക് ലോണ്‍ കുടിശ്ശിക അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ കാലത്ത് പത്തേക്കര്‍ ഭൂമി വിറ്റ് തീര്‍ത്ത സാഹചര്യത്തില്‍ ഭൂമിയിടപാട് കേസില്‍പ്പെട്ട കോട്ടപ്പടി ഭൂമിയുള്‍പ്പെടെയുള്ള അതിരൂപതയുടെ യാതൊരു സ്ഥാവര ജംഗമ വസ്തുക്കളും ക്രയവിക്രയം ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് വൈദികരുടെ നിലപാട്.

Read More: ‘ധൈര്യമുണ്ടായതുകൊണ്ട് മറ്റൊരു സാജനായില്ല’, വീട് പണിയാനാവാതെ ഒറ്റമുറി ഷെഡില്‍ കഴിഞ്ഞ് വിമുക്തഭടന്‍; സിപിഎം പ്രാദേശിക നേതാവിന്റെ പ്രതികാരമെന്ന് ആരോപണം

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍