UPDATES

വന്നയുടനെ പെണ്ണിനെ വിളിച്ച് പോകാന്‍ ഇത് ചന്തയൊന്നും അല്ലല്ലോ… പയ്യന്നൂരില്‍ മിശ്രവിവാഹ വേദി അലങ്കോലമാക്കിയതിനു പിന്നിലാര്?

യുക്തിവാദി സംഘത്തിന്റേയും, മിശ്രവിവാഹ വേദിയുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

ദുരഭിമാനക്കൊലകള്‍ കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍, യുവാക്കള്‍ക്കിടയിലും ജാതീയത ആഴത്തില്‍ തന്നെ വേരോടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് കണ്ണൂരില്‍ നിന്നെത്തുന്നത്. മിശ്ര വിവാഹവേദി പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച സംഘടിപ്പിച്ച ജാതി മത സ്ത്രീധന രഹിത വൈവാഹിക സംഗമം അലങ്കോലമാക്കിയാണ് അവര്‍ വാര്‍ത്തയായത്. കേരളത്തിലെ യുവാക്കളുടെ പ്രശ്‌നം തീര്‍ക്കാന്‍ നിങ്ങളാരാ… എന്ന ആക്രോശത്തോടെ കേരള മിശ്ര വിവാഹവേദി പയ്യന്നൂരില്‍ നടത്തിയ പരിപാടിയെ ചോദ്യം ചെയ്ത് യുവാക്കള്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലേക്കെത്തി. പരിപാടി അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ സംഘപരിവാറെന്ന് സംഘടകര്‍ പറയാതെ പറഞ്ഞു. കൃത്യമായി പരിപാടി പരാജയപ്പെടുത്താനെന്നോണം എത്തിയ യുവാക്കള്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ പലരേയും പറഞ്ഞ് തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് ബഹളമുണ്ടാക്കി. ഒടുക്കം പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് സമാധാനപരമായി പരിപാടി അവസാനിപ്പിച്ചത്.

ജാതിയും മതവും ജോലിയും സമ്പത്തും നോക്കാതെ ഒന്നിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേദിയൊരുക്കുന്നു എന്ന വാട്‌സ് ആപ്പ് സന്ദേശം വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറോളം യുവാക്കളാണ് പയ്യന്നൂര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലെത്തിയത്. എന്നാല്‍, സ്ത്രീകളുടെ സാന്നിധ്യം പത്തില്‍ താഴെയുമായിരുന്നു. ഒടുവില്‍ റസീപ്റ്റ് നല്‍കാതെ സംഘാടകര്‍ രജിസ്‌ട്രേഷന്‍ ഫീസായി 100 രൂപ വീതം വാങ്ങിക്കുന്നുവെന്ന് പറഞ്ഞ് നിരവധി ചെറുപ്പക്കാര്‍ ചോദ്യം ചെയ്ത് വാക്കേറ്റവുമായി രംഗത്തെത്തി.

വിവാഹ കമ്പോളത്തിലെ ഇന്നത്തെ അവസ്ഥ മുതലെടുത്ത് പണം തട്ടാനുള്ള നിലപാടാണ് സംഘടാകര്‍ സ്വീകരിച്ചതെന്നും ചിലര്‍ ആരോപിച്ചു. സംഘര്‍ഷാവസ്ഥയിലെത്തിയ ബാങ്ക് ഓഡിറ്റോറിയത്തില്‍ പൊലീസ് എത്തിയപ്പോള്‍, രജിസ്‌ട്രേഷന്‍ ഫീസ് അടക്കം തിരിച്ചു നല്‍കാമെന്ന് സംഘാടകര്‍ സമ്മതിച്ചു.

“പയ്യന്നൂരില്‍ നടന്ന പരിപാടിയില്‍ ബഹളമുണ്ടാക്കിയത് ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ താല്‍പര്യത്തില്‍പെട്ട ആളുകളാണോ എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെങ്കിലും അവരുടെയെല്ലാം കൈകളില്‍ രാഖി ചരട് കെട്ടിയിട്ടുണ്ടായിരുന്നു. പൈസ തിരികെ വാങ്ങാന്‍ കുറച്ച് പേര്‍ എത്തിയിരുന്നു. അതിലൊന്നും സംഭവസ്ഥലത്ത് ബഹളമുണ്ടാക്കിയ ചെറുപ്പക്കാരെ കണ്ടില്ല. പയ്യന്നൂര്‍ സ്വദേശികളല്ല, ഇവരെന്ന് പരിസരവാസികള്‍ പറഞ്ഞു. വാട്‌സ് ആപ്പിലൂടെ വ്യാപകമായി അടിസ്ഥാന രഹിതമായ മെസേജുകള്‍ വ്യാപിച്ചതിന്റെ ഭാഗമായാണ് അവിടെ അത്രയികം പുരുഷന്‍മാരെത്തിയത്. വന്നയുടനെ പെണ്ണിനെ വിളിച്ച് പോകാന്‍ ഇത് ചന്തയൊന്നും അല്ലല്ലോ..? രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും വിഷയമായുള്ളതുകൊണ്ട് കണ്ണൂരിലെ ചെറുപ്പക്കാര്‍ക്ക് പെണ്ണ് കിട്ടാത്തത് ഒരു വലിയ പ്രശ്‌നമായി കിടക്കുന്നുണ്ട്. ഇത്തരമൊരു വാര്‍ത്തയറിഞ്ഞാല്‍ അവര്‍ എത്തുന്നത് സ്വാഭാവികമാണ്.” യുക്തിവാദി സംഘം നേതാവ് ഗംഗന്‍ അഴീക്കോട് പറഞ്ഞു.

പയ്യന്നൂരില്‍ യുക്തിവാദി സംഘത്തിന്റേയും, മിശ്രവിവാഹ വേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഒരാഴ്ച മുന്‍പാണ് പത്രമാധ്യമങ്ങള്‍ വഴിയും, ഫേസ് ബുക്ക് വഴിയും പരസ്യം നല്‍കുന്നത്. ജാതി മത സ്ത്രീധന രഹിത വിവാഹത്തിന് താല്‍പര്യമുള്ള യുവതീയുവാക്കള്‍ രക്ഷിതാക്കളോടൊന്നിച്ച് പരിപാടിയിലേക്ക് എത്തണമെന്നും, ഇതിനായി രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും, രജിസ്‌ട്രേഷന്‍ ഫീസ് 100 രൂപയാണെന്നുമായിരുന്നു പരസ്യം. എന്നാല്‍ ഈ വാര്‍ത്ത ചിലര്‍ അവരുടെ മനോധര്‍മ്മത്തിനനുസരിച്ച് പൊലിപ്പിച്ച് എഴുതി വാട്‌സ് ആപ്പ് വഴി വ്യാപകമായി പ്രചരിപ്പിച്ചു. 100 രൂപ മുടക്കിയാല്‍ വിവാഹം കഴിച്ച് വീട്ടിലേക്ക് പോകാം എന്ന് വരെ പലര്‍ക്കും സന്ദേശം ലഭിച്ചു. ഇതിന്റെയെല്ലാം ഫലമായാണ് 800ഓളം പുരുഷന്‍മാര്‍ അവിടെ എത്തിയത്. വിവാഹിതരാകാന്‍ താല്‍പര്യമുള്ള യുവതീ യുവാക്കള്‍, രക്ഷിതാക്കള്‍ക്കൊപ്പം എത്തി, പരസ്പരം പരിചയപ്പെടാന്‍ വേദിയൊരുക്കുകയാണ് ഞങ്ങള്‍ ഉദ്ദേശിച്ചത്. മിശ്രവിവാഹ വേദി സംസ്ഥാന സെക്രട്ടറി ശൂരനാട് ഗോപന്‍ പറഞ്ഞു.

“ഞങ്ങള്‍ ഈ പരിപാടി ഏഴ് ജില്ലകളില്‍ നടത്തി വിജയിച്ച ശേഷമാണ് കണ്ണൂര്‍ ജില്ലയിലെത്തുന്നത്. അവിടങ്ങളിലൊക്കെ 30 ശതമാനമെങ്കിലും സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. കണ്ണൂരില്‍ അത് തീരെ കുറഞ്ഞതിനെന്താണ് കാരണമെന്നും മനസ്സിലാകുന്നില്ല. രജിസ്‌ട്രേഷന്‍ 200-300നും ഇടയിലാണ് വരാറുള്ളത്. കണ്ണൂരും അങ്ങനെ തന്നെയായിരുന്നു. ഞങ്ങളുടെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ 200 ആയിരുന്നു. പിന്നെ പരിപാടി തുടങ്ങുന്ന സമയമായപ്പോഴേക്കും എണ്ണം കൂടിക്കൂടി വന്നു. എങ്കിലും എല്ലാപേരെയും രജിസ്റ്റര്‍ ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്തായാലും വന്നവരെല്ലാം ജാതി മത സ്ത്രീധന രഹിത വിവാഹത്തില്‍ താല്‍പര്യമുള്ളവരാണല്ലോ എന്ന് ഞങ്ങള്‍ സന്തോഷിച്ചു. രജിസ്‌ട്രേഷന്‍ ഫീസായി 100രൂപ ഞങ്ങള്‍ വാങ്ങിക്കുന്നത് യുവതീയുവാക്കള്‍ക്കും, അവരുടെ രക്ഷിതാക്കള്‍ക്കും ഉച്ച ഭക്ഷണം നല്‍കുന്നതിന് വേണ്ടിയായിരുന്നു. അപ്പോഴാണ് മൂന്ന് നാലുപേര്‍ ബഹളം വെച്ച് മുന്നോട്ട് വന്നത്. അവര്‍ക്കൊപ്പം പരിപാടിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവരും കൂടി ബഹളമായി.” ശൂരനാട് ഗോപന്‍ പറഞ്ഞു.

ഇപ്പോഴും യുവാക്കള്‍ ജാതിയില്‍ നിന്ന് മാറി ചിന്തിച്ച് തുടങ്ങിയിട്ടില്ല. പലരും വയസ് കൂടിവരുമ്പോള്‍ ഇനി കല്യാണം വേണം. അതിന് ഇനി ഏത് ജാതിയായാലും കുഴപ്പമില്ലെന്ന് ചിന്തിക്കുന്നവരാണ് അധികവും. ഞങ്ങള്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ ഫോമില്‍ എന്തുകൊണ്ട് മിശ്രവിവാഹം എന്ന് ചോദിച്ച് കൊണ്ടുള്ള കോളത്തില്‍ കൃത്യമായി ആരും പ്രതികരിച്ചു കാണാറില്ല. പിന്നെ അച്ഛനേം, അമ്മയേം നോക്കണം, വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനപ്പുറത്ത് പങ്കാളി എന്ന നിലയില്‍ ഭാര്യമാരെ കണ്ടു തുടങ്ങിയിട്ടില്ല. സ്ത്രീകളാണെങ്കില്‍ സമൂഹത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് എനിക്ക് വിവാഹം കഴിക്കണം എന്ന് പറഞ്ഞ് രംഗത്ത് വരില്ല. ജാതക ദോഷം, പ്രാരാബ്ദം, സ്ത്രീധന പ്രശ്‌നം ഇങ്ങനെ പല തരത്തിലും വിവാഹിതരാകാതെ പോകുന്നവരാണ്. ഒന്നുകില്‍ നേരിട്ടോ, അല്ലെങ്കില്‍ സുഹൃത്തുക്കള്‍ മുഖേനെയോ അവര്‍ ഞങ്ങളെ ബന്ധപ്പെടാറുണ്ട്. മിശ്രവിവാഹിതരായ ദമ്പതികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവര്‍ക്ക് ഒരേ സ്ഥലത്ത് ജോലി ചെയ്യാനുള്ള അവകാശം അഞ്ച് വര്‍ഷമാക്കി ചുരുക്കിയതിനെതിരെയും, ആദിവാസി വിഭാഗത്തില്‍ പെടുന്ന അച്ഛന്‍ ആരാണെന്ന് അറിയാത്ത കുട്ടികള്‍ക്ക് അമ്മയുടെ ജാതി നല്‍കി, ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാനും മിശ്രവിവാഹവേദി ശ്രമിക്കുന്നുണ്ടെന്നും ശൂരനാട് ഗോപന്‍ പറഞ്ഞു.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍