UPDATES

ഇര്‍ഫാന്‍ വിട്ടുപിരിഞ്ഞ ഇന്നുമുണ്ടായി ഒരപകടം; നിയമം കാറ്റില്‍പ്പറത്തി തുടര്‍ക്കഥയാകുന്ന സ്കൂള്‍ ബസ് അപകടങ്ങള്‍

കുട്ടനാട് തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. തായങ്കരി സഹൃദയ സ്പെഷ്യല്‍ സ്‌കൂളിന്റെ വാഹനമാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടിരിക്കുന്നത്

സ്‌കൂള്‍ ബസ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. കുട്ടനാട് തായങ്കരിയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്കേറ്റു. തായങ്കരി സഹൃദയ സ്പെഷ്യല്‍ സ്‌കൂളിന്റെ വാഹനമാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. 2011 ഫെബ്രുവരി 17ന് നടന്ന പാര്‍വതി പുത്തനാര്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഇര്‍ഫാന്‍ ഓര്‍മയായിട്ടും സ്‌കൂള്‍ ബസുകളുടെ യാത്ര സുരക്ഷിതമല്ലാതെ തന്നെ തുടരുകയാണ് എന്നാണ് ഇന്നലെ നടന്ന സംഭവം തെളിയിക്കുന്നത്. വീതിയില്ലാത്ത റോഡ്, ആറിന് സമീപം കൈവരി നിര്‍മിക്കാത്തത് എന്നിവയാണ് പാര്‍വതി പുത്തനാറില്‍ സ്‌കൂള്‍ ബസ് അപകടമുണ്ടാകാന്‍ കാരണമായത്.

2017 ഒക്ടോബറില്‍ പെരുമ്പാവൂര്‍ വേങ്ങൂരില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന ഒരു ജീവനക്കാരി മരിച്ചിരുന്നു. കൂടാതെ അപകടത്തില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ജീവനക്കാരികള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. പെരുമ്പാവൂരിനടുത്തുള്ള സാന്തോം സ്‌കൂളിന്റെ ബസാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്.

2018 ജൂണ്‍ 12ന് കൊച്ചി മരടിലെ സ്‌കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞുണ്ടായ അപകടം വീണ്ടും സ്‌കൂള്‍ ബസ് യാത്രകളുടെ സുരക്ഷയെക്കുറിച്ച് ഗൗരവപരമായ ഇടപെടലുകള്‍ കൊണ്ടുവന്നുവെങ്കിലും അപകടങ്ങള്‍ തുടരുന്ന അവസ്ഥയാണുണ്ടായത്. മരടിലെ അപകടത്തില്‍ മൂന്ന് കുട്ടികളുടെയും ആയയുടെയും വിലപ്പെട്ട ജീവനാണ് നഷ്ടമായത്. കിഡ്‌സ് വേള്‍ഡ് സ്‌കൂളിലെ വാനാണ് നിയന്ത്രണം വിട്ട് മരട് കാട്ടിത്തറ ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞത്.

തുടര്‍ന്ന് സ്‌കൂള്‍ യാത്ര സുരക്ഷിതമാക്കാന്‍ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് കൊണ്ടുവന്നു. പഴക്കം ചെന്നതും ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയാക്കാത്തതുമായ വാഹനങ്ങള്‍ സ്‌കൂള്‍ ബസായി ഉപയോഗിച്ചാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഡ്രൈവര്‍മാരുടെ യോഗ്യതയില്‍ കുറവ് കണ്ടാലും ഉത്തരവാദിത്വം സ്‌കൂളിനായിരിക്കുമെന്നും അറിയിപ്പുണ്ടായി. ഇതോടൊപ്പം അശ്രദ്ധമായി രീതിയില്‍ സ്‌കൂള്‍വാഹനം ഓടിക്കുന്നത് കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനായി പ്രത്യേക സൗകര്യവും പൊലീസ് ഏര്‍പ്പെടുത്തി.

മരടിലെ അപകടത്തിന് ശേഷവും ഒക്ടോബര്‍ 25ന് വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു അപകടമുണ്ടായി. അപകടത്തില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ചൊവ്വര പുന്നക്കളം പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനി ബസാണ് അപകടത്തില്‍പെട്ടത്.

സ്‌കൂള്‍ ബസ് അപകടങ്ങള്‍ തുടരുന്നതില്‍ കര്‍ശന നിയമങ്ങളാണ് മോട്ടോര്‍വാഹന വകുപ്പ് അവതരിപ്പിച്ചിട്ടുള്ളതെങ്കിലും അപകടങ്ങള്‍ ഉണ്ടാകുമ്പോഴും അധ്യയന വര്‍ഷാരംഭത്തിലും മാത്രമാണ് നിയമങ്ങള്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും കാര്യത്തിലെടുക്കുക എന്ന ആക്ഷേപം പരക്കെയുണ്ട്.

സ്കൂള്‍ ബസ് യാത്ര സുരക്ഷിതമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍

കുട്ടികളെ സ്‌കൂള്‍ബസുകളില്‍ കുത്തി നിറച്ച് കൊണ്ടുപോകാന്‍ പാടില്ല.

12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ ഓട്ടോറിക്ഷയില്‍ പരമാവധി ആറു പേര്‍ മാത്രമേ കയറാന്‍ പാടുള്ളൂ

വാഹനങ്ങളുടെ വാതിലുകള്‍ക്ക് നിര്‍ബന്ധമായും ലോക്ക് ഉണ്ടാകണം.

സ്‌കൂള്‍ ബാഗ് വെക്കാനുള്ള സൗകര്യം വാഹനത്തിനുള്ളില്‍ ഉണ്ടാകണം.

സ്വകാര്യവാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുമ്പോള്‍ ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ എന്ന് നീല അക്ഷരത്തില്‍ എഴുതിയിരിക്കണം.

വാഹനത്തില്‍ സ്‌കൂളിന്റെ പേരും വിലാസവും ഫോണ്‍ നമ്പരും വ്യക്തമായി എഴുതിയിരിക്കണം

വാഹനത്തില്‍ യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് വിവരവും രക്ഷിതാക്കളെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പരും ലാമിനേറ്റ് ചെയ്ത് സൂക്ഷിക്കണം

കുറഞ്ഞത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെ മാത്രമേ സ്‌കൂള്‍ വാഹനം ഓടിക്കാന്‍ അനുവദിക്കാവൂ

കൂടുതല്‍ സുരക്ഷയ്ക്കായി സ്‌കൂള്‍ അധികൃതരോ അധ്യാപകരോ വാഹനത്തില്‍ ഉണ്ടാകണം.

ഈ നിയമം കര്‍ക്കശമാണെങ്കിലും അവയൊന്നും പാലിക്കാറില്ലെന്നതാണ് വസ്തുത. അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് പ്രധാന കാരണവും ഈ നിയമലംഘനങ്ങള്‍ തന്നെ.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍