UPDATES

കേരളം വികസിച്ചു കൊണ്ടിരിക്കുകയാണല്ലോ, ദേവിയുടെ രൂപത്തിലായാലും കുരിശിന്റെ രൂപത്തിലായാലും

ദുരയുടെ വികസന രാഷ്ട്രീയം; ഒരു നെടുമണ്‍കാവ് ദൃഷ്ടാന്തം

നമ്മള്‍ മലയാളികള്‍ എന്തൊരു മനുഷ്യരാണ്! നമ്മള്‍ എപ്പോഴും വികസനത്തെ കുറിച്ചാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ ജനിച്ചത് ഒരു സാധാരണ ഗ്രാമത്തിലാണ്. സാധാരണ എന്ന് പറയാന്‍ കാരണം എന്റെ ഒക്കെ കുട്ടിക്കാലത്ത് പോലും അത്യാവശ്യം ബസ് സര്‍വീസും കടകളും ഒക്കെ ഉണ്ടായിരുന്നു. കൃഷിയായിരുന്നു പ്രധാന പ്രവര്‍ത്തനം. കല്ലടയാറിന്റെ കൈവഴിയായ ഒരു ആറും അത്ര ചെറുതല്ലാത്ത ഒരു തോടും ഒക്കെയായി ജലസമൃദ്ധിയുടെ ഓരാഘോഷമായിരുന്നു. തെങ്ങും വാഴയും മറ്റും വിളകളും നിറഞ്ഞ ഒരു സാധാരണ നാട്ടിന്‍പുറം.

വൈലോപ്പിള്ളിയുടെ കൊന്നപ്പൂവും പി കെ ബാലകൃഷ്ണന്റെ ജാതിവ്യവസ്ഥയും ഒരു പോലെ നടമാടിയിരുന്ന സ്ഥലം. വസ്തുവകകള്‍ പതിവ് പോലെ നമ്പൂതിരി കുടുംബത്തിന്റെയും നായന്മാരുടെയും കൈകളില്‍ തന്നെയായിരുന്നു. ഇവര്‍ ജന്മിമാരായിരുന്നെങ്കിലും പണക്കാരായിരുന്നില്ല. കാരണം ആരുടെയും കൈയില്‍ പണമുണ്ടായിരുന്നില്ല. പാവപ്പെട്ട വീടുകളിലെ നായരീഴവാദികളും ദളിതരും കര്‍ഷകത്തൊഴിലാളികളായി വര്‍ത്തിച്ചു. ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും പട്ടിണിയില്ലായിരുന്നു എന്ന് പറയാം. സ്വന്തമായി തൊഴില്‍ ഉണ്ടായിരുന്നത് കുശവന്മാര്‍ക്കായിരുന്നു. അവര്‍ ആറ്റില്‍ നിന്നും ചെളിയും വിറകും ശേഖരിച്ച് കലംമെനഞ്ഞ് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിച്ചു. വരുമാനം കുറവായിരുന്നെങ്കിലും ചിലവും കുറവായിരുന്നു.

പണം ഉണ്ടാവുന്ന, പ്രത്യേകിച്ച് കുട്ടികളുടെ കൈയില്‍ അഞ്ച്, പത്ത് പൈസ നാണയങ്ങള്‍ ഉണ്ടാവുന്നത് കശുവണ്ടിക്കാലത്തായിരുന്നു. കുട്ടികളെ സംബന്ധിച്ചിടത്തോളം അതിന് ജാതിയില്ലായിരുന്നു. സ്വന്തമായി കശുമാവ് ഉള്ള വീട്ടിലെ കുട്ടികള്‍ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ചും പാവപ്പെട്ട വീട്ടിലെ കുട്ടികള്‍ അന്യരുടെ കണ്ണ് വെട്ടിച്ചും കശുവണ്ടി ശേഖരിച്ച് നാരങ്ങാ മിഠായി, കടല, കപ്പലണ്ടി തുടങ്ങിയവ വാങ്ങിയും അണ്ടികളിച്ചും വിഹരിച്ചു. നെടുമണ്‍കാവ് ഉല്‍സവത്തിന് മാത്രം എത്തുന്ന ബലൂണുകളും മറ്റും വാങ്ങാനും കശുമാവ് പൂക്കണമായിരുന്നു.

ആറ്റിലെയും തോട്ടിലെയും ജീവിതമായിരുന്നു ജീവിതം. രാവിലെ പ്രഭാതകൃത്യത്തിന് മുതല്‍ അത് തുടങ്ങുന്നു. കക്കൂസെന്നൊന്നും കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല. കന്നുകാലികളെ കുളിപ്പിക്കല്‍, കുളി, തുണിനന, വാറ്റ് തുടങ്ങി അത്യാവശ്യം കുടിവെള്ളത്തിന് പോലും ആറും തോടും തന്നെയായിരുന്നു ആശ്രയം. വേനല്‍ക്കാലത്ത് ബണ്ട് കെട്ടി കൃഷിക്കാവശ്യമായ വെള്ളം തിരിച്ചുവിട്ടു. പുതുമഴയില്‍ കൂരിയും വാളയും കുറവയും വെള്ളത്തില്‍ വെട്ടിത്തിളങ്ങി. വാള പുതുവെള്ളത്തില്‍ മാത്രം വരുന്ന ഒരു പാര്‍ട്ടിയായിരുന്നു. ഒരിക്കല്‍ വന്നാല്‍ പിന്നെ അടുത്ത കൊല്ലമേ വരൂ. മാവേലി ലൈനാണ്. മഴ കുറയുന്നതോടെ ബ്രാല്‍ (വരാല്‍), നെടുമീന്‍, കുറുവ തുടങ്ങിയവയുടെ കാലമാണ്.

ഇരുപ്പൂ കൃഷിയായിരുന്നു. വൈലോപ്പിള്ളി ലൈനില്‍ തന്നെ. കന്നിക്കൊയത്തും മകരക്കൊയ്ത്തും. വിളകള്‍ ഒരിക്കലും ഉണങ്ങിപ്പോയതായി കേട്ടിട്ടില്ല. കടുത്ത ജലക്ഷാമം ഒരിക്കലും ഉണ്ടായിട്ടില്ല. എന്നിട്ടും സര്‍ക്കാര്‍ വിട്ടില്ല. എണ്‍പതുകളുടെ തുടക്കത്തിലാണ് എന്റെ പ്രദേശത്തേക്ക് ആദ്യത്തെ വികസന സങ്കല്‍പം കടന്നുവരുന്നത്. കല്ലട ജലസേചന പദ്ധതി എന്ന പേരിലായിരുന്നു അത്. വാര്‍ത്ത ചാനലുകള്‍ പോലെ 24×7 എന്ന പരസ്യത്തില്‍ കര്‍ഷകരും കര്‍ഷത്തൊഴിലാളികളും വീണു. ഒരു പൂ കൂടി കൃഷി ചെയ്യാമല്ലോ എന്നതായിരുന്നു ദുര. അങ്ങനെ കല്ലട ജലസേചന പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ആരംഭിച്ചു. പൊന്നുംവിലയിലായിരുന്നു കച്ചവടം. കനാല്‍ സ്വന്തം വീടിന്റെ ചുവരില്‍ കൂടിയാക്കാന്‍ രാഷ്ട്രീയ വടംവലികള്‍ വരെ നടക്കുന്ന കാലഘട്ടം കൂടിയായിരുന്നു അത്. വികസനം വന്നു വീഴുകയാണല്ലോ.

പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ (ഇപ്പോഴും) അടുത്ത കൂട്ടുകാരനായിരുന്ന ആളുടെ അച്ഛന്‍ വില്ലേജ് ഓഫീസറായിരുന്നു. വളരെ സൗമ്യന്‍. വൈകിട്ട് രണ്ട് ഗ്ലാസ് വാറ്റോ അല്ലെങ്കില്‍ മന്നം ഷുഗര്‍ മില്ലില്‍ നിന്നും ഉണ്ടാക്കി കുപ്പികളില്‍ പൊടി, കാല്‍, അര അളവുകളില്‍ വിതരണം ചെയ്യപ്പെടുകയും ചെയ്തിരുന്ന പട്ടയോ കുടിച്ച് വീട് പൂകുന്ന പാവം മനുഷ്യന്‍. അധികം ചിരിക്കില്ല. വീട്ടിലെ കാര്യങ്ങള്‍ കൃത്യമായി നോക്കും. മക്കളെ പഠിപ്പിക്കണം, വലിയവരാക്കണം എന്ന പതിവ് ചിന്തയും.

അങ്ങനെയിരിക്കെ അദ്ദേഹത്തെ കല്ലട ജലസേന പദ്ധതിയുടെ സ്ഥലമെടുപ്പ് വിഭാഗത്തിലേക്ക് സ്ഥലം മാറ്റുന്നു. ആ വീട് അതോടെ വികസിക്കാന്‍ തുടങ്ങി. ഒപ്പം ഞങ്ങള്‍ സുഹൃത്തുക്കളും. മര്യാദയ്ക്ക് ബസിറങ്ങി നടന്നുവന്നിരുന്ന അദ്ദേഹം സ്ഥിരമായി കാറില്‍ വന്നിറങ്ങാന്‍ തുടങ്ങി. വാറ്റോ പട്ടയോ മാത്രം കുടിച്ചിരിന്ന അദ്ദേഹം അന്ന് അത്യപൂര്‍വമായിരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം (പേരില്‍ തന്നെയില്ലെ ഒരു കള്ളക്കടത്ത്?) മാത്രം കുടിക്കാന്‍ തുടങ്ങി. രാത്രി വൈകി എതെങ്കിലും നേരത്ത് ഏതെങ്കിലും കോലത്തില്‍ വീട്ടിലെത്താന്‍ തുടങ്ങി. കാത്തുകിടക്കുന്ന വാഹനത്തില്‍ മുന്തിയ ഐഎംഎഫ്എല്‍ കുപ്പികളില്‍ കാത്തിരിക്കാന്‍ തുടങ്ങി. പോക്കറ്റില്‍ ബാക്കിയാവുന്ന നോട്ടുകള്‍ അമ്മ അടിച്ചു മാറ്റി പിറ്റെ ദിവസത്തേക്ക് റേഷന്‍ വാങ്ങാന്‍ തുടങ്ങി. വാങ്ങിയ റേഷന്‍ നേരത്തെ കാലാക്കാന്‍ തുടങ്ങി. കാരണം പുള്ളി തിരികെ വരുന്നതിന് മുമ്പ് അത്താഴം കഴിച്ചിരിക്കണം എന്ന് നിര്‍ബന്ധമായിരുന്നു. രാത്രി വീട്ടിലെത്തിയാല്‍ പാചകം ചെയ്ത ഭക്ഷണം എടുത്ത് വെളിയിലേക്കെറിയുന്നതായിരുന്നു ഇഷ്ടവിനോദം. ഒപ്പം അമ്മ കാണാതെ അവനും അച്ഛന്റെ പോക്കറ്റില്‍ നിന്നും കാശ് അടിച്ച് മാറ്റാന്‍ തുടങ്ങി. അന്ന് ചായക്കടയുടെ അലമാരയില്‍ അപൂര്‍വമായി മാത്രം കാണപ്പെട്ടിരുന്ന പത്തിരിയും (കൊല്ലത്തുകാരുടെ പൊറോട്ട) ആര്‍എസ്എസുകാരെ പേടിക്കാതെ വെട്ടിയ മാട്ടിറച്ചിയും കഴിക്കാന്‍ തുടങ്ങി.

കല്ലട ജലസേചന പദ്ധതി വികസിക്കുകയും പിതാവിന്റെ കലാപരിപാടികള്‍ പാണ്ടിമേളത്തിലേക്ക് കടക്കാന്‍ തുടങ്ങുകയും ചെയ്തതോടെ അവന്‍ പ്രീഡിഗ്രിക്ക് പഠിത്തം നിറുത്തി അന്നത്തെ ബോംബെയിലേക്ക് വണ്ടി കയറി. ആ സമയത്താണ് കൊല്ലത്ത് പുതിയകാവില്‍ ഒരു പുതിയ സംഭവം നടക്കുന്നത്. റെയില്‍വേ സ്റ്റേഷന്റെ നേരെ എതിരെ ഒരാലും അതിന്റെ ചുവട്ടില്‍ ഒരു കല്ലും ഉണ്ടായിരുന്നു. തുറന്നു കിടന്നിരുന്ന ഒരു സ്ഥലം. അതിന് തൊട്ടപ്പുറത്ത് ഒരു ചെറിയ ആലിന്റെ കീഴില്‍ കണ്ടാല്‍ കരഞ്ഞുപോകുന്ന ഒരു നീല കൃഷ്ണനും. അദ്ദേഹം ഇപ്പോഴും അവിടെ ഉണ്ടെന്നാണ് ഓര്‍മ്മ. അതിന് കുറച്ച് മാറി, നിലയ്ക്കലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ആരോ ഒരു മരക്കുരിശ് കൊണ്ടുവച്ചു. സംഭവം പൊലിച്ചു. തല്ലും ബഹളവും ഒന്നും ഉണ്ടായില്ല. പക്ഷെ, പുതിയ കാവ് വികസിച്ചു. അവിടെ ആര്‍ക്കെങ്കിലും സ്വകാര്യസ്വത്ത് ഉണ്ടോ അതോ അത് സര്‍ക്കാര്‍ ഭൂമിയാണോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. പക്ഷെ ഇപ്പോള്‍ അതൊരു വലിയ ക്ഷേത്രമാണ്. അവിടെ പൊങ്കാലയുടെ അന്ന് റയില്‍വേ സ്റ്റേഷനില്‍ എത്തിപ്പെടുക പാടാണ്. കൊല്ലം നഗരം ഗതാഗതക്കുരുക്കില്‍ പെടും. ഇപ്പോള്‍ കല്ലുകള്‍ ചെമ്മംമുക്ക് വരെ എത്തിയിട്ടുണ്ട്. ഇനി കടപ്പാക്കടയിലേക്കും കപ്പലണ്ടി മുക്കിലേക്കും അമ്മന്‍നടയിലേക്കും അത് വികസിക്കും. മറുഭാഗത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ ചിന്നക്കടയില്‍ എവിടെ വരെ എത്തി എന്നറിയില്ല. എന്നാലും ആ ഭാഗത്തും വികസിക്കാതെ തരമില്ല.

ഇതിനിടയിലും കല്ലട ജലസേചന പദ്ധതി വികസിച്ചു കൊണ്ടേയിരുന്നു. കനാലുകള്‍ തലങ്ങും വിലങ്ങും നീളാന്‍ തുടങ്ങി. അപ്പോഴേക്കും കൊല്ലം എസ് എന്‍ കോളേജ് വിട്ട് ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ചേക്കേറിയിരുന്നു. അന്ന് തിരുവനന്തപുരം നഗരത്തിലെ വീടുകളില്‍ കിണറുകള്‍ ഉണ്ടായിരുന്നു. ആറ്റുകാല്‍ പൊങ്കാല മണക്കാട്ട് മുക്കിനപ്പറത്തേക്ക് വികസിച്ചിരുന്നില്ല. കരുണാകരനായിരുന്നു മുഖ്യമന്ത്രി. തൊട്ട് മുമ്പത്തെ യുഡിഎഫ് സര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന ടിഎം ജേക്കബ് റാകി പറന്നിരുന്ന പരുന്തിനെ റാഞ്ചിപ്പറപ്പിക്കാന്‍ ശ്രമിച്ചതിന്റെ ക്ഷീണത്തില്‍ നാലരക്കൊല്ലം പ്രതിപക്ഷത്തിരിക്കേണ്ട ക്ഷീണം കാരണമാകാം, ഇത്തവണ ജേക്കബിന് ജലസേചനമാണ് കിട്ടിയത്. (ജല-മലിനജല വകുപ്പ് എന്നായിരുന്നു പേരെന്നാണ് ഓര്‍മ്മ. പിന്നീട് ജലം മാത്രമായി. മലിനം എങ്ങോ പോയ്മറഞ്ഞു).

നഗരത്തില്‍ കൊതുകിനെ കുറിച്ച് വ്യാപകപരാതി ഉയരുന്നത് അക്കാലത്താണ്. കൂടാതെ കോര്‍പ്പറേഷന്‍ പരിധിയിലെ കിണറുകളിലെ വെള്ളത്തില്‍ കോളീഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമാണെന്ന് സര്‍ക്കാര്‍ കണ്ടെത്തി. നഗരത്തിന്റെ സ്ഥലപരിമിതിയില്‍ കിണറുകള്‍ ഒരനാവശ്യമാണ് എന്നു കൂടി പ്രചരിപ്പിക്കപ്പെട്ടതോടെ ചിത്രം പൂര്‍ത്തിയായി. പണി എളുപ്പമായി. കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ കിണറുകളും നികത്താന്‍ ജേക്കബ് ഉത്തരവിട്ടു. ജനം തലകുലുക്കി. പൈപ്പുകളിലൂടെ ശുദ്ധമായ ക്ലോറിന്‍ വെള്ളം ഒഴുകാന്‍ തുടങ്ങി. രാത്രി പന്ത്രണ്ടിന് ശേഷം പൈപ്പ് തുറക്കുന്നവര്‍ വെളുത്ത വെള്ളവും കാണാന്‍ തുടങ്ങി. ജനത്തിന്റെ ആരോഗ്യത്തിലായിരുന്നു സര്‍ക്കാരിന്റെ വേവലാതി. അങ്ങനെ ജപ്പാന്‍ കുടിവെള്ള പദ്ധതി കേരളത്തില്‍ എത്തി. ഇന്ന് ഇത്തിക്കരയാറിന്റെ മുകളില്‍ കൂടെ പോലും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ടണലുകള്‍ പോകുന്നു. പക്ഷെ തിരുവനന്തപുരം നഗരത്തില്‍ വെള്ളം കിട്ടാനില്ലെന്ന് ആരോ പറയുന്നത് കേട്ടു. മാത്യു ടി തോമസ് പേപ്പാറയിലോ മറ്റോ വെയില് കൊള്ളുകയാണെന്നും. എന്നാലും ജപ്പാന്‍ കുടിവെള്ള പദ്ധതി വികസിച്ചല്ലോ.

തിരുവനന്തപുരം വാസത്തിന്റെയും ജലസേചനത്തിന്റെയും ഇടയില്‍ ഇടയ്ക്കിടെ നാട് സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇന്നത്തെ പോലെ ബീവറേജസില്‍ ക്യൂ നില്‍ക്കേണ്ടതില്ലാത്തതിനാല്‍ സമയം അധികമായിരുന്നു. അപ്പോഴേക്കും ഇവിടെ കല്ലട ജലസേചന പദ്ധതി ഉത്ഘാടനം ചെയ്യപ്പെട്ടിരുന്നു. 1990-ലാണ് ആ മഹാകൃത്യം നിര്‍വഹിക്കപ്പെട്ടത് എന്നാണ് ഓര്‍മ്മ. വെള്ളം ഇല്ലാത്ത സിമന്‍റ് കനാല്‍ കണ്ട് നാട്ടിലെ കര്‍ഷകര്‍ മൂക്കത്ത് വിരല്‍ വച്ചു. മൂന്ന് പൂവെന്ന സ്വപ്‌നം പൊലിഞ്ഞു. എന്നാല്‍ പിന്നെ പഴയ രണ്ട് പൂവെങ്കിലും നടക്കട്ടെ എന്ന് വച്ചപ്പോള്‍ അവിടെയും വില്ലനായി അവന്‍ അവതരിച്ചു. തുലാവര്‍ഷം കഴിഞ്ഞ് വൃശ്ചികമാസം ആയപ്പോഴേക്കും ആറ്റിലും തോട്ടിലും വെള്ളമില്ല. വെള്ളം വികസനത്തിലായിരുന്നു. കാരണം ആറും തോടും നിറഞ്ഞിരുന്നത് കല്ലടയാറ്റില്‍ നിന്നുള്ള വെള്ളത്തിലായിരുന്നു. പ്ലാസ്റ്റിക്, സര്‍വീസ് സ്റ്റേഷനുകള്‍ തുടങ്ങിയ വികസനങ്ങള്‍ കൂടി വന്നതോടെ ആ ഭാഗത്തെ വികസനം ഏതാണ്ട് പൂര്‍ണമായി. എന്നാലും മരണമണി മുഴങ്ങിയിരുന്നില്ല.

അപ്പോഴാണ് നാട്ടിലെ കര്‍ഷകര്‍ മറ്റൊരു വികസന പരിപാടിയില്‍ ആകൃഷ്ടരാകുന്നത്. കമ്പിക്കട്ട എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്ന യന്ത്ര നിര്‍മ്മിത ഇഷ്ടികയായിരുന്നു ഇഷ്ടന്‍. നാട്ടില്‍ കമ്പിക്കട്ട ഉണ്ടാക്കുന്ന ഫാക്ടറികള്‍ ഉയര്‍ന്നു. സുഹൃത്തുക്കളില്‍ പലര്‍ക്കും ജോലി കിട്ടി. രാത്രികാലങ്ങളില്‍ സ്വസ്ഥമായി ഇരുന്ന് മദ്യപിക്കാന്‍ ഒരിടമായി. പക്ഷെ കുറ്റം പറയരുതല്ലോ, ആന്റണി അപ്പോഴും ചാരായം നിരോധിച്ചിരുന്നില്ല.

വയലിലെ ചെളി ലോഡ് ഒന്നിന് അമ്പത് രൂപയായിരുന്നു നിരക്ക്. വയലുള്ളവരൊക്കെ വികസിച്ചു. വയലില്‍ നിന്നും പോക്കറ്റിലേക്ക് നേരിട്ട് കാശുവരുമെന്ന് നമ്പൂരിയും നായന്മാരും അപൂര്‍വം ഈഴവരും മനസിലാക്കിയ കാലമായിരുന്നു അത്. വയലില്‍ ലോറികള്‍ നിരന്നു കിടന്നു. കരകളില്‍ ചായക്കടകള്‍, സിഗരറ്റ് കടകള്‍ എന്തിന് ശനിയാഴ്ച തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കുന്ന ദിവസം ചാന്ത്, പൊട്ട്, കുപ്പിവളക്കാര്‍ വരെ വരാന്‍ തുടങ്ങി. എങ്ങും ഉത്സവാന്തരീക്ഷമായിരുന്നു. ജനത്തിന്റെ ആവേശം വാനോളം ഉയര്‍ന്നു. പ്രദേശത്തെ ഏലകളെല്ലാം ഇത്തിക്കര ആറിനെക്കാള്‍ താഴ്ചയിലേക്ക് വികസിച്ചു. ചിറകള്‍ ഇല്ലാത്ത സ്ഥലം ഇപ്പോള്‍ ഈ പരിസരത്ത് കുറവാണ്. അപ്പോള്‍ വേനല്‍ക്കാലങ്ങളില്‍ മോട്ടോര്‍വെച്ച് വെള്ളം വറ്റിച്ച് മീന്‍ പിടിക്കുന്നതായി വിനോദം. വാളയ്ക്കും കൂരിക്കും ബ്രാലിനും നെടുമീനും പകരം തിലോപ്പിയയും പിന്നെ പേരറിയാത്ത നിരവധി മീനുകളും കരയിലെത്തി.

തിരുവനന്തപുരം വിട്ട് നാട്ടിലെത്തിയിട്ട് ഇപ്പോള്‍ കുറെക്കാലമായി. വയലിലെ ചെളി തീര്‍ന്നതോടെ കട്ടക്കമ്പനികള്‍ പൂട്ടിപ്പോയി. സുഹൃത്തുക്കളൊക്കെ പല വഴിക്കായി. നെടുണ്‍കാവില്‍ ബിവറേജസ് തുടങ്ങിയിട്ട് പത്തുവര്‍ഷത്തോളമാകുന്നു. സുപ്രീം കോടതി വിധിയെയും അതിജീവിച്ച് അത് തുടരുന്നു. പക്ഷെ കുടിക്കാന്‍ സ്ഥലമില്ല. ജനം മദ്യവും വാങ്ങി ഉണങ്ങിക്കിടക്കുന്ന ആറിന്റെയും തോടിന്റെയും തീരത്തണയുന്നു. ഒപ്പം പ്ലാസ്റ്റിക് ഗ്ലാസ്, കുപ്പിവെള്ളം തുടങ്ങിയ അനുസാരികളുമായി. കുപ്പി കാലിയാക്കി അവിടെ തന്നെ ഉപേക്ഷിച്ച് മടങ്ങുകയോ ഇഴയുകയോ ചെയ്യുന്നു.

കിണറുകള്‍ മഴക്കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങളായി മാറിയിരിക്കുന്നു. കല്ലട ജലസേചന പദ്ധതിയുടെ കനാലുകള്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം തുറക്കും. അപ്പോള്‍ ആറ്റിലും തോട്ടിലും വെള്ളം വരും. എന്നാലും അത് കുടിക്കാനാവില്ലല്ലോ. ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നുണ്ട്. എവിടെ നിന്ന് എന്നൊന്നും ചോദിക്കരുത്. കാശുകൊടുക്കുക വാങ്ങുക, കുടിക്കുക. കാരണം, കേരളം വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ. ദേവിയുടെ രൂപത്തിലായാലും കുരിശിന്റെ രൂപത്തിലായാലും.

ശരത് കുമാര്‍

ശരത് കുമാര്‍

കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍