UPDATES

രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേശകന്‍, പോലീസിന്റെ അല്ല-ടിപി സെന്‍കുമാര്‍/അഭിമുഖം

തിരുവനന്തപുരം എംജി കോളേജില്‍ ഞാന്‍ അങ്ങനെ ഇടപെട്ടിരുന്നില്ലെങ്കില്‍ മൂന്ന്, നാല് മരണമെങ്കിലും അവിടെ നടക്കുമായിരുന്നു

പ്രവര്‍ത്തന പരാജയം ആരോപിച്ച് പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറി മൂന്നാം ദിവസം തന്നെ ഡിജിപി സ്ഥാനത്തു നിന്നും ഒഴിവാക്കിയതോടെ നിയമയുദ്ധം ആരംഭിച്ചതാണ് ടി പി സെന്‍കുമാര്‍ ഐപിഎസ്. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി ഈ നിയമയുദ്ധം തുടരുകയും ചെയ്തു. ഒടുവില്‍ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി നേടി അദ്ദേഹം ഡിജിപി സ്ഥാനത്തേക്ക് എത്തുകയാണ്. തന്റെ സ്ഥാനമാറ്റത്തെക്കുറിച്ചും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും താന്‍ നടത്തിയ നിയമ പോരാട്ടത്തെ കുറിച്ചും ടിപി സെന്‍കുമാര്‍ ഐ പി എസ് അഴിമുഖത്തോട് സംസാരിക്കുന്നു.

ചോദ്യം: കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും കേരള ഹൈക്കോടതിയും കേസ് തള്ളിയിട്ടും ഹര്‍ജിയുമായി സുപ്രിംകോടതിയെ സമീപിക്കാനുള്ള കാരണമെന്താണ്?

ഉത്തരം: കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ബഹുമാനപ്പെട്ട ഹൈക്കോടതിയിലും നേരിട്ട തിരിച്ചടിയില്‍ എന്‍റെ ഭാഗത്തുനിന്നുള്ള പോരായ്മകളും ഉണ്ടായിട്ടുണ്ടാകും. പക്ഷെ ആത്യന്തികമായി കേരള ഹൈക്കോടതിയും കണ്ടെത്തിയത് പരിശോധിക്കാത്തതും തെളിയിക്കപ്പെടാത്തതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ എനിക്കെതിരെ നടപടിയെടുത്തതെന്നാണ്. എന്നാല്‍ അതിലേക്ക് ഞങ്ങള്‍ ഇടപെടുന്നില്ല എന്നാണ് കോടതി പറഞ്ഞത്. എനിക്കെതിരെ ഹാജരാക്കപ്പെട്ടത് കൃത്യമായി പരിശോധിക്കാത്തതും തെളിയിക്കപ്പെടാത്തതുമായ രേഖകളാണെന്ന് ഹൈക്കോടതിയുടെ കണ്ടത്തലിലുണ്ട്. കാറ്റില്‍ എന്നെ തരംതാഴ്ത്തുക കൂടി ചെയ്തിട്ടുണ്ട്. ഭരണഘടനാ വകുപ്പിന്റെ ലംഘനം നടന്നെങ്കില്‍ അപ്പോള്‍ തന്നെ അത് ചൂണ്ടിക്കാട്ടേണ്ടതായിരുന്നു. അതിന് പകരം എന്റെ ശമ്പളം ഉയര്‍ത്തിക്കൊടുക്കണം എന്ന് മാത്രമാണ് കാറ്റ് ഉത്തരവിട്ടത്. അതുപോലെ കാറ്റിലും ഹൈക്കോടതിയിലും എന്റെ കേസിന് കാരണക്കാരിയായ ഉദ്യോഗസ്ഥയെ എതിര്‍കക്ഷിയാക്കിയിട്ടില്ലായിരുന്നു. ഇതെല്ലാം ഞങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയായിരുന്നു.

സുപ്രിംകോടതി പറഞ്ഞത് ഒരു ചീഫ് സെക്രട്ടറിയെ വേണമെങ്കില്‍ എളുപ്പത്തില്‍ മാറ്റാം എന്നാല്‍ പോലീസ് മേധാവിയെ മറ്റരുതെന്നാണ്. പ്രകാശ് സിംഗ് കേസിന്റെ ഒക്കെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ ശരിയാണെന്ന് നമുക്കറിയാമായിരുന്നു. കൃത്യമായി പരിശോധിക്കപ്പെടാത്തതും തെളിയിക്കപ്പെടാത്തതുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എന്നെ മാറ്റിയിരിക്കുന്നത്. അങ്ങനെ മാറ്റാന്‍ പാടില്ലെന്നത് നിയമമാണ്. അതായത് തീരുമാനങ്ങളെടുക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാകണം. അതല്ലെങ്കില്‍ ആര്‍ക്കും എന്ത് കെട്ടുകഥയും റിപ്പോര്‍ട്ടെന്ന പേരില്‍ എഴുതിവയ്ക്കാന്‍ സാധിക്കും. ആറാം മാസം കേസ് കൊടുക്കുമ്പോഴാണ് റിപ്പോര്‍ട്ടിന്റെ ഫയല്‍ നമ്മുടെ കയ്യില്‍ ഇല്ലെന്ന് കാണുന്നത്. ഒമ്പതാം മാസമാണ് അവസാനം അത് എന്റെ കൈവശമെത്തിയത്. അതിനാല്‍ തന്നെ കാറ്റിലും ഹൈക്കോടതിയിലുമൊന്നും കൊടുക്കാന്‍ സാധിച്ചില്ല. മാത്രമല്ല ഈ ഫയല്‍ ഞാനല്ല എടുത്തത്. മറ്റൊരാള്‍ റൈറ്റ് ടു ഇന്‍ഫൊര്‍മേഷന്‍ ആക്ട് അനുസരിച്ച് ചോദിച്ചിട്ട് അവര്‍ ആദ്യം കൊടുത്തില്ല. ഒടുവില്‍ വിവരാവകാശ കമ്മിഷനില്‍ പരാതി കൊടുത്തതിന് ശേഷമാണ് ആ ഫയല്‍ ലഭ്യമാകുന്നത്. ഫയല്‍ ലഭിക്കാന്‍ തന്നെ ഇത്രമാത്രം കാലതാമസം വന്നു.

അത് ലഭിച്ചപ്പോഴാണ് അതിലെ ഉള്ളടക്കത്തെക്കുറിച്ച് അറിയാന്‍ സാധിച്ചത്. അപ്പോഴേക്കും കാറ്റിന്റെ ജഡ്ജ്മെന്റ് വന്നിരുന്നു. നമ്മുടെ കേസ് നടത്തിപ്പിലെ ചില പോരായ്മകള്‍ ട്രിബ്യൂണലിലും ഹൈക്കോടതിയിലുമുണ്ടായ വിധികളെ ബാധിച്ചു. അതിന് കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്യേണ്ടതായിരുന്നു. ഹൈക്കോടതിയുടെ കണ്ടെത്തലുകള്‍ തന്നെയാണ് സുപ്രിംകോടതി ശരിവച്ചത്. പ്രകാശ് സിംഗ് കേസിന്റെ അടിസ്ഥാനത്തില്‍ ഇതായിരിക്കും വിധിയെന്ന് ഏകദേശം ഉറപ്പുണ്ടായിരുന്നു. അങ്ങനെയല്ലെങ്കില്‍ ഇവിടെ നിയമവാഴ്ച നടക്കില്ല. സുപ്രിംകോടതിയുടെ വിധിന്യായത്തില്‍ ചോദിച്ചിരിക്കുന്ന ഒരു സുപ്രധാന കാര്യവും അതുതന്നെയാണ്. ഐഎഎസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കാര്യത്തിലും ഇത് ബാധകമാണ്. ചുമതല നല്‍കി രണ്ട് വര്‍ഷത്തിനകം സ്ഥാനത്തു നിന്നും മാറ്റാനാകില്ല. ഒരു ഉദ്യോഗസ്ഥന് നിയമവിരുദ്ധമായ നടപടികള്‍ നേരിടേണ്ടി വന്നാല്‍ ധൈര്യപൂര്‍വം അതിനെ നേരിടുകയാണ് വേണ്ടത്. കുറച്ചുകാലം അതുമൂലം ബുദ്ധിമുട്ടുകളുണ്ടായാലും ആത്യന്തികമായി നീതി ലഭിക്കുമെന്നാണ് എന്റെ അനുഭവം. ഇത്തരത്തില്‍ നടപടി നേരിടേണ്ടി വരുന്ന അമ്പത് ശതമാനം ഉദ്യോഗസ്ഥന്മാരെങ്കിലും അത് ചോദ്യം ചെയ്താല്‍ ഇവിടുത്തെ സംവിധാനങ്ങള്‍ ശുദ്ധമാകും.

ഉദ്യോഗസ്ഥനെ മാറ്റുന്നത് സര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ്. പക്ഷെ അതിന് ചില നടപടിക്രമങ്ങളുണ്ട്. അത് പാലിക്കപ്പെടണമെന്ന് മാത്രമാണ് ഞാന്‍ ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം അത് ഭരണഘടന വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാകും. ആ നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഉത്തര കൊറിയയിലൊക്കെ നടക്കുന്നത് പോലെ സംഭവിക്കും. കൂടെയിരുന്ന ജനറല്‍ മറ്റെവിടേക്കോ നോക്കിയെന്ന് പറഞ്ഞാണ് ഭരണാധികാരി അദ്ദേഹത്തെ വെടിവച്ച് കൊന്നത്. ജനാധിപത്യം ആശ്രയിക്കുന്നത് നിയമപരമായ നടപടികളെയാണ്. വിഷയപരമായ തീരുമാനമെടുക്കാന്‍ വസ്തുനിഷ്ഠമായ കാരണങ്ങള്‍ വേണമെന്നിരിക്കെ തെളിയിക്കപ്പെടാത്തതും പരിശോധിക്കപ്പെടാത്തതുമായ രേഖകളുടെ അടിസ്ഥാനത്തിലാണെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സുപ്രിംകോടതിയില്‍ പോകാന്‍ ആത്മവിശ്വാസം നല്‍കി. സുപ്രിംകോടതിയുടെ വിധി ഇതായിരിക്കുമെന്ന് ഏകദേശം ഉറപ്പുണ്ടായിരുന്നു. ഒരുദ്യോഗസ്ഥന്‍ നിയമപരമായ നടപടികള്‍ നേരിടേണ്ടി വന്നാല്‍ ധൈര്യപൂര്‍വം അതിനെ നേരിട്ടാല്‍ കുറച്ചുകാലം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാല്‍ നീതി ലഭ്യമാകുക തന്നെ ചെയ്യുമെന്നാണ് തന്റെ കേസ് തെളിയിക്കുന്നത്.

ചോ: ഈ വിധിയ്ക്ക് ഒരു ചരിത്രപരമായ പ്രാധാന്യം കൂടിയുണ്ടല്ലോ? എല്ലാ സംസ്ഥാനങ്ങള്‍ക്കും പിന്തുടരാവുന്ന വിധിയാണല്ലോ ഇത്. അതിനെക്കുറിച്ചെന്താണ് തോന്നുന്നത്?

: വെറുതെ ഒരു പോലീസ് ഉദ്യോഗസ്ഥനെയും സ്ഥാനത്തു നിന്നും മാറ്റാന്‍ സാധിക്കില്ലെന്ന് നേരത്തെ പറഞ്ഞല്ലോ. ഉദ്യോഗസ്ഥര്‍ അതിനെ നേരിടാന്‍ തയ്യാറായാല്‍ മാത്രമാണ് എല്ലാവര്‍ക്കും അതിന്റെ ഗുണം കിട്ടുക. ഉദ്യോഗസ്ഥരെ മാറ്റുന്നത് തങ്ങളുടെ അധികാരമാണെന്ന് എല്ലാ രാഷ്ട്രീയക്കാരും പറയും. എന്നാല്‍ അത് അങ്ങനെയല്ല. മാറ്റാം പക്ഷെ അതിന് ചില നടപടിക്രമങ്ങളുണ്ട്. കോടതി ജനാധിപത്യവകാശത്തില്‍ കൈകടത്തിയെന്ന ഇപ്പോഴത്തെ ആരോപണം തെറ്റാണ്. സത്യത്തില്‍ ജനാധിപത്യം നിലനിര്‍ത്താനാണ് കോടതി ശ്രമിച്ചത്. ഭരണഘടന അനുസൃതമായ ജനാധിപത്യം നടപ്പാക്കാനാണ് കോടതി ശ്രമിക്കുന്നത്. ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടായാല്‍ നീതിന്യായ വകുപ്പ് ഇടപെടുക തന്നെയാണ് വേണ്ടത്.

ചോ: തെളിയിക്കപ്പെടാത്തതും പരിശോധിക്കപ്പെടാത്തതുമാണെന്ന് ഹൈക്കോടതിയും സുപ്രിം കോടതിയും വിലയിരുത്തിയെങ്കിലും താങ്കള്‍ക്കെതിരായ റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

: എഫ്‌ഐആര്‍ ഇടുന്നത് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുമ്പോഴാണെന്ന് അറിയാതെയാണ് എനിക്കെതിരായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ജിഷ കേസിന്റെ കാര്യത്തില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യം ഇങ്ങനെയാണ്. പോലീസ് സ്‌റ്റേഷനില്‍ 8.45ന് വിവരം ലഭിച്ചു. പക്ഷെ എഫ്‌ഐആര്‍ ഇട്ടത് 9.30നാണ്. അതില്‍ കാലതാമസം വരുത്തി. ഒരു വീടിന് മുന്നില്‍ ഒരു സ്ത്രീ ഇരുന്നു കരയുന്നു. വീടിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയ അവസ്ഥയിലാണെന്നാണ് സ്റ്റേഷനില്‍ ലഭിക്കുന്ന വിവരം. ഇത് വെച്ചു എങ്ങനെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. ഒരു എസ്‌ഐയും ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വീടിന്റെ പിന്‍വശത്ത് കൂടി നോക്കുമ്പോഴാണ് ഇതിനുള്ളില്‍ ഒരു പെണ്‍കുട്ടി മരിച്ചു കിടക്കുന്നത് കാണുന്നത്. അവിടുത്തെ പഞ്ചായത്ത് മെമ്പറെ വിളിച്ചുകൊണ്ട് വന്നാണ് ഒമ്പതരയോടെ ഈ കേസില്‍ എഫ്‌ഐആര്‍ ഇടുന്നത്. അതില്‍ ദുരുദ്ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യൂ, അല്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യില്ല. ഇത്രമാത്രം വിവരമില്ലായ്മകളുള്ള റിപ്പോര്‍ട്ടുകളാണ് എനിക്കെതിരെ ഉണ്ടായിട്ടുള്ളത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസിപ്പിച്ച ആ എസ്‌ഐയ്‌ക്കെതിരെ ഞാന്‍ നടപടിയെടുത്തില്ലെന്നായിരുന്നു എനിക്കെതിരെ ഉയര്‍ന്ന ആരോപണം.

ഇതേ കേസില്‍ തന്നെ ഇന്‍ക്വിസ്റ്റ് തയ്യാറാക്കാന്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു ആരോപണം. വിവാഹം കഴിഞ്ഞ് ഏഴ് കൊല്ലത്തിനുള്ളില്‍ മരിക്കുന്ന സ്ത്രീയുടെയും കസ്റ്റഡി മരണത്തിന്റെയും കേസുകളില്‍ മാത്രമാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഉണ്ടാകേണ്ടതുള്ളൂ. ഇത്തരം ബാലിശമായതും യാതൊരു നിയമ പ്രാബല്യമില്ലാത്തതുമായ കാര്യങ്ങളാണ് അന്നും പത്രങ്ങളും മീഡിയയുമെല്ലാം എടുത്ത് ആഘോഷിച്ചത്. അതിന് അവരെ കുറ്റം പറയാനും പറ്റില്ല. അത് കിട്ടിയിരുന്നത് അവര്‍ക്ക് അത്രയും വിശ്വസ്തമായ കേന്ദ്രങ്ങളില്‍ നിന്നായിരുന്നു. 2016 മെയ് 6ലെ കേരള കൗമുദി പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. ഒന്നാം പേജില്‍ തന്നെ ഒരു കോളം വാര്‍ത്ത ഇതായിരുന്നു. ജിഷ കേസില്‍ ശുക്ലം പരിശോധിച്ചില്ലെന്നായിരുന്നു അവരുടെ ആരോപണം. ശുക്ലം ഉണ്ടങ്കിലല്ലേ ശേഖരിക്കാന്‍ സാധിക്കൂ. സ്ത്രീകള്‍ മരിക്കുന്ന എല്ലായിടത്തും സെമന്‍ ഉണ്ടാകുമോ?

ചോ: ഒരുവര്‍ഷക്കാലം പോലീസ് മേധാവിയായിരുന്നപ്പോള്‍ എത്രമാത്രം ഫലപ്രദമായാണ് പ്രവര്‍ത്തിക്കാന്‍ സാധിച്ചത്?

: സിഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനാണ് എഡിജിപിയ്ക്കും ഐജിയ്ക്കും അധികാരമുള്ളത്. കൃത്യമായ കാരണങ്ങളില്ലാതെ ഇത്തരം ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ സ്ഥലംമാറ്റുന്ന പതിവ് ഇവിടെയുണ്ട്. അങ്ങനെ മാറ്റാന്‍ പറ്റില്ലെന്ന് ഞാന്‍ ഡിജിപി ആയിരിക്കെയാണ് നിര്‍ദ്ദേശം നല്‍കിയത്. അങ്ങനെ മാറ്റണമെങ്കില്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബോര്‍ഡിനെ കാരണം ബോധ്യപ്പെടുത്തണം. ഏതൊരു ഉദ്യോഗസ്ഥനെതിരെയാണെങ്കിലും അയാളുടെ പേരിലുള്ള തെറ്റ് വ്യക്തമാകാതെ അയാളെ മാറ്റാന്‍ പറ്റില്ലെന്നാണ് എന്റെ നിലപാട്. അന്ന് തൃപ്പൂണിത്തുറയില്‍ ഒരു മന്ത്രിയുടെ ഡ്രൈവറെ തടഞ്ഞതിനാണ് എസ്‌ഐയെ സ്ഥലം മാറ്റിയത്. ആരാണ് സ്ഥലം മാറ്റിയതെന്ന് അന്വേഷിച്ചപ്പോള്‍ എഡിജിപിയാണെന്ന് അറിഞ്ഞു. സ്ഥലം മാറ്റം റദ്ദാക്കണമെന്ന് അപ്പോള്‍ തന്നെ ഞാന്‍ വിളിച്ചുപറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തി ഒരു ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ മാത്രമേ നടപടികള്‍ പാടുള്ളൂ. കുളത്തൂപ്പുഴയിലെ ഒരു എസ്‌ഐയ്ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. ഇത്തരം സ്ഥലംമാറ്റലുകള്‍ പാടില്ലെന്ന് എഡിജിപിമാര്‍ക്കും ഐജിമാര്‍ക്കും താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ സര്‍ക്കുലര്‍ ആയി ഇറക്കാന്‍ സാധിച്ചില്ല.
ഞാന്‍ പോലീസ് മേധാവിയായിരുന്ന ഒരുവര്‍ഷക്കാലത്ത് ആറ് മാസം മാത്രമാണ് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചുള്ളൂ. ബാക്കി സമയത്തെല്ലാം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ നിലവിലുള്ള കാലമായിരുന്നു. 2005ല്‍ മൂന്ന് മാസം തദ്ദേശ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം. 2006ല്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് എന്നീ മൂന്ന് മാസം അസംബ്ലി തെരഞ്ഞെടുപ്പായിരുന്നു. ജിഷ കേസിനെക്കുറിച്ചൊക്കെ പല കാര്യങ്ങളും ആരോടും പറയാന്‍ പറ്റാതിരുന്നത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നതിനാലാണ്. അല്ലെങ്കില്‍ കേസിനെക്കുറിച്ച് എനിക്ക് വിശദീകരിക്കാമായിരുന്നു. അപ്പോള്‍ ഇപ്പോഴത്തേത് പോലെ ആരോപണങ്ങളുണ്ടാകുകയുമില്ലായിരുന്നു. ഞാന്‍ അന്ന് വിശദീകരിച്ചാല്‍ അത് ആരെയെങ്കിലുമൊക്കെ ബാധിക്കുകയും ചെയ്‌തേനെ.

ചോ: കോടതി ഉത്തരവ് വന്ന് രണ്ട് ദിവസമായെങ്കിലും നിയമന ഉത്തരവ് വന്നിട്ടില്ല. മനപൂര്‍വം കാലതാമസം വരുത്തുന്നതാണെന്ന് തോന്നുന്നുണ്ടോ?

: അതെല്ലാം സര്‍ക്കാരിന്റെ കാര്യങ്ങളാണ്. ഞാനെന്തിനാണ് അതിനെപ്പറ്റിയെല്ലാം ആകുലപ്പെടുന്നത്. എന്തായാലും 24-ാം തിയതി കോടതി ഉത്തരവ് വന്നതാണ്. അതിന്റെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

ചോ: ഉത്തരവിറങ്ങിക്കഴിഞ്ഞ് ഡിജിപിയായി ചുമതലയേല്‍ക്കാന്‍ തന്നെയാണോ തീരുമാനം? ജോലിക്ക് കയറി ഒരു ദിവസത്തിന് ശേഷം വിആര്‍എസ് എടുത്ത് പോകുന്നെന്നും ലീവില്‍ പ്രവേശിക്കുന്നുവെന്നുമെല്ലാം വാര്‍ത്തകള്‍ ഉണ്ട്.

: ഉത്തരവ് വന്നാല്‍ തീര്‍ച്ചയായും ഞാന്‍ ഡിജിപിയായി ജോലിയില്‍ പ്രവേശിക്കും. വിആര്‍എസ്, ലീവ് പോലുള്ളതെല്ലാം മാധ്യമങ്ങള്‍ തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് കെട്ടിച്ചമയ്ക്കുന്ന കഥകളാണ്. വിആര്‍എസ് എടുക്കാനാണെങ്കില്‍ ഇത്രയും നാള്‍ കോടതിയും കേസുമായി നടക്കണമായിരുന്നോ? ആദ്യമേ തന്നെ അതങ്ങ് ചെയ്താല്‍ മതിയായിരുന്നല്ലോ. എന്തായാലും ആദ്യം സര്‍ക്കാര്‍ ഉത്തരവ് വരട്ടെ.

ചോ: പുറ്റിംഗല്‍ കേസിലും ജിഷ വധക്കേസിലും താങ്കള്‍ക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ തിരുത്തിയെന്ന് തെളിഞ്ഞിട്ടുണ്ടല്ലോ? ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമോ?

: സുപ്രിംകോടതിയുടെ ഉത്തരവ് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. അതില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ട്. അപ്പോള്‍ ആദ്യം സര്‍ക്കാര്‍ ഈ വിഷയത്തില്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കണം. ഈ കേസില്‍ എനിക്ക് മാത്രമല്ല നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ സാധിക്കുക. ഏതൊരു പൗരനും ഈവിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാം. അല്ലാതെ സെന്‍കുമാര്‍ തന്നെ എല്ലാത്തിനും ഓടിനടക്കണമെന്നില്ല.

ചോ: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം വിമര്‍ശന വിധേയമായ വകുപ്പിന്റെ തലപ്പത്തേക്കാണ് താങ്കള്‍ മടങ്ങിപ്പോകുന്നത്. താങ്കളുടെ കീഴില്‍ ഈ വകുപ്പ് എങ്ങനെയായിരിക്കും?

: ഈ ഒരുവര്‍ഷത്തിന് മുമ്പുള്ള ഒരു വര്‍ഷം ഈ ഡിപ്പാര്‍ട്ട്‌മെന്റ് എങ്ങനെയായിരുന്നുവെന്ന് നിങ്ങള്‍ നോക്കണം. എനിക്ക് തോന്നുന്നത് കേരളത്തിലെ ഏറ്റവും പ്രശംസിക്കപ്പെട്ട വകുപ്പായിരുന്നു പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ജനങ്ങളുടെ സുരക്ഷ ഒരുപാട് മെച്ചപ്പെടുത്താന്‍ ഇക്കാലത്ത് സാധിച്ചിരുന്നു. ക്യാമറകള്‍ ഉപയോഗിച്ചുള്ള സുരക്ഷ സംവിധാനങ്ങള്‍ വളരെയധികമായി കൊണ്ടുവന്നു. സ്ഥാനമൊഴിഞ്ഞപ്പോള്‍ മൂന്ന് കാര്യത്തിലാണ് ഏറ്റവുമധികം വിഷമം തോന്നിയത്. അതിലൊന്ന് ഗതാഗത അപകടങ്ങള്‍ കുറച്ചുകൊണ്ടുവരാന്‍ സ്വീകരിച്ചിരുന്ന നടപടികളുടെ കാര്യത്തിലാണ്. കേരളത്തിലെ റോഡുകള്‍ സുരക്ഷിതമാക്കാന്‍ എടുക്കാന്‍ പറ്റുമായിരുന്ന നടപടികളായിരുന്നു അവ. പോലീസ് ആസ്ഥാനത്ത് 1980കള്‍ മുതല്‍ കെട്ടിക്കിടന്ന പല ഫയലുകള്‍ക്കും ഞാനാണ് സമാധാനം പറഞ്ഞത്. നിയമസഭ കമ്മിറ്റികളുടെയും എസ് സി, എസ് ടി കമ്മിഷന്റെയുമെല്ലാം ചോദ്യങ്ങള്‍ക്ക് വര്‍ഷങ്ങളായി മറുപടി പറയാറുണ്ടായിരുന്നില്ല.

പോലീസ് ആക്ടിന് നിയമങ്ങള്‍ ഉണ്ടായിരുന്നില്ല. അത് തയ്യാറാക്കി. ഹേമചന്ദ്രനെക്കൊണ്ടും പരിശോധിപ്പിച്ച ശേഷം അത് അയയ്ക്കാനാണ് ഇരുന്നത്. അപ്പോഴാണ് സ്ഥാനമാറ്റമുണ്ടായത്. അതോടെ എനിക്ക് ഒപ്പിട്ട് കൊടുക്കാന്‍ പറ്റാതെ വന്നു. അതുപോലെ പോലീസ് സേനയിലെ മാനുഷികശേഷി 4500 ആളുകള്‍ കുറവായിരുന്നു. അത് നികത്താന്‍ സാധിച്ചു. അതുപോലെ 650 ഓളം പുതിയ വണ്ടികള്‍ വാങ്ങിക്കൊടുത്തു. അന്ന് അത് ചെയ്തില്ലായിരുന്നെങ്കില്‍ പോലീസ് ഓടില്ലായിരുന്നു. ഒരു പോലീസ് വണ്ടിയും ഓടുന്ന ഘട്ടത്തിലായിരുന്നില്ല. പണ്ടൊക്കെ കാശുണ്ടെങ്കില്‍ ആദ്യം വണ്ടി വാങ്ങുന്നത് ഉന്നത ഉദ്യോഗസ്ഥര്‍ക്കായിരുന്നു. താഴെ തട്ടിലേക്ക് വണ്ടി വാങ്ങിച്ച് കഴിഞ്ഞ് ഏഴ് കോടി രൂപ മിച്ചമുണ്ടായതില്‍ നിന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വണ്ടി വാങ്ങിയത്. അതുകൊണ്ടാണ് പിന്നീട് ചിലര്‍ക്ക് അതിഥികള്‍ക്ക് ഏഴോ എട്ടോ വണ്ടികള്‍ വിട്ടുകൊടുത്തും ഓടിക്കാന്‍ സാധിച്ചത്.

ചോ: നിയമ പോരാട്ടത്തിലൂടെ പോലീസ് മേധാവിയായി തിരികെയെത്തുമ്പോള്‍ ഇപ്പോഴത്തെ സര്‍ക്കാരിനും ചീഫ്‌സെക്രട്ടറിയ്ക്കുമൊപ്പം എത്രമാത്രം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും?

ഉ: എന്റെ സ്വഭാവം പഴയത് തന്നെയാണ്. പുതിയ സര്‍ക്കാരിനും ചീഫ് സെക്രട്ടറിയ്ക്കുമൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അത് മാറ്റാന്‍ സാധിക്കില്ല. ഞാന്‍ തെറ്റൊന്നും ചെയ്യാറില്ല. ഞാന്‍ ഒരു ഓഫീസറോടും ഒരു കേസിലും പ്രതിയെ തെളിവില്ലാതെ പിടിക്കണമെന്നോ ഏതെങ്കിലും കേസില്‍ ഇല്ലാത്ത തെളിവുണ്ടാക്കി ആരെയെങ്കിലും പിടിക്കണമെന്നോ കീഴുദ്യോഗസ്ഥരോട് പറയാറില്ല. ഒരാള്‍ കൊലപാതകിയാണെന്ന് നൂറ് ശതമാനം ഉറപ്പുണ്ടെങ്കിലും തെളിവുകിട്ടുന്നില്ലെങ്കില്‍ ആ രീതിയില്‍ തന്നെ പോകാമെന്നേ പറയാറുള്ളൂ. ഇല്ലാത്ത തെളിവുണ്ടാക്കി പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് എന്റെ നിലപാട്. വാക്കാല്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ എഴുതിക്കൊടുക്കാനും എനിക്ക് മടിയില്ല. അവിടെയാണ് ഇപ്പോഴത്തെ ഉദ്യോഗസ്ഥരുടെ പ്രശ്‌നം. ലോക്കല്‍ പോലീസിലും മറ്റ് ചില മേഖലകളിലുമുള്ള ചില വീരന്മാര്‍ ഒരു ഓര്‍ഡറും സ്വന്തമായി ഒപ്പിടില്ല. പലപ്പോഴും ഭരണം ഒന്നും നടക്കാത്തതിന്റെ പ്രശ്‌നമുണ്ടാകുന്നത് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വന്തമായി ഉത്തരവാദിത്വ എടുക്കാത്തതിനാലാണ്.

എസ്‌ഐയോട് എന്തെങ്കിലും ചെയ്യാന്‍ നിര്‍ദ്ദേശിക്കും. അത് ചെയ്തിട്ട് പ്രശ്‌നമുണ്ടാകുമ്പോള്‍ ഇയാള്‍ അത് ഏല്‍ക്കാന്‍ തയ്യാറാകില്ല. ഇതെന്ത് നേതൃത്വമാണ്. നമ്മള്‍ ഒരുകാര്യം പറഞ്ഞാല്‍ അത് ഒപ്പിട്ട് കൊടുക്കാന്‍ കൂടി നമ്മള്‍ തയ്യാറാകണമെന്നാണ് നിയമം. വാക്കാലുള്ള എല്ലാ നിര്‍ദ്ദേശങ്ങളും എത്രയും വേഗം രേഖാമൂലമുള്ള ഉത്തരവാക്കണമെന്നാണ് നിയമം. ഇവിടെയുള്ള പല ഉന്നത ഉദ്യോഗസ്ഥരും അത് ചെയ്യാറില്ല. അപ്പോള്‍ താഴെയുള്ള പോലീസുകാര്‍ എന്ത് ചെയ്യും. പോലീസ് നീര്‍വീര്യമാകുന്നതിന്റെ പ്രധാന കാരണം ഇതാണ്. അതേസമയം കീഴുദ്യോഗസ്ഥര്‍ ജീവന്‍ പണയം വച്ചും പ്രതിയെ പിടികൂടിയോ കേസ് തെളിയിക്കുകയോ ചെയ്താല്‍ അത് സ്വന്തം ക്രെഡിറ്റ് ആക്കുകയും വീഴ്ച പറ്റിയാല്‍ അത് അവരുടെ തലയില്‍ കെട്ടിവയ്ക്കാനുമാണ് പല ഉന്നത ഉദ്യോഗസ്ഥരും ശ്രമിക്കുന്നത്.

ചോ: തിരുവനന്തപുരം എംജി കോളേജില്‍ എന്താണ് സംഭവിച്ചത്?

ഉ: എന്നെ അനുസരിക്കാത്ത ഉദ്യോഗസ്ഥനെ ഞാന്‍ സസ്‌പെന്‍ഡ് ചെയ്യും. എംജി കോളേജില്‍ സംഭവിച്ചത് അതാണ്. സത്യത്തില്‍ ഞാന്‍ അന്ന് ചെയ്തതിനെ അംഗീകരിക്കുകയാണ് വേണ്ടത്. അന്ന് മൂന്ന്, നാല് മരണമെങ്കിലും അവിടെ നടക്കുമായിരുന്നു. അതിനാലാണ് അവിടെ ചെന്നത്. മര്‍ദ്ദനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും എന്റെ മുന്നില്‍ വച്ച് തന്നെ മര്‍ദ്ദനം തുടര്‍ന്നപ്പോഴാണ് അന്ന് അങ്ങനെ ഇടപെട്ടത്. അതായത് ജനങ്ങള്‍ക്ക് സംരക്ഷണം ലഭിക്കുമെന്നതാണ് എന്റെ കീഴിലെ പോലീസിന്റെ ഗുണം. അതേസമയം എന്നെ മാറ്റാന്‍ ഉപയോഗിച്ച ആരോപണങ്ങളിലൊന്ന് താന്‍ പോലീസുകാരെ സംരക്ഷിക്കുന്നുവെന്നയിരുന്നു. എത്ര വൈരുധ്യമായ ആരോപണങ്ങളാണ് ഇത്.

ചോ: പോലീസ് ഉപദേഷ്ടാവിന്റെ നിയമനം രണ്ട് അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കുകയല്ലേ?

ഉ: പോലീസ് ഉപദേഷ്ടാവായി രമണ്‍ ശ്രീവാസ്തവയെ നിയമിച്ചിരിക്കുന്നത് പോലീസിനെ ഉപദേശിക്കാനാണെന്ന് എനിക്ക് തോന്നുന്നില്ല. പകരം മുഖ്യമന്ത്രിയെ ഉപദേശിക്കാനാണ് ആ നിയമനം. ഈ നിയമനം കൊണ്ട് ഒരു അധികാര കേന്ദ്രവുമുണ്ടാകില്ല. പോലീസ് ഉപദേഷ്ടാവിനെ ഡിജിപി വച്ചിരിക്കുന്നതല്ലല്ലോ? ധനകാര്യ ഉപദേഷ്ടാവായ ഡോ. ഗീത ഗോപിനാഥ് ധനകാര്യമന്ത്രാലയത്തില്‍ ഇടപെടുന്നില്ലല്ലോ. അതുപോലെ തന്നെയായിരിക്കും പോലീസ് ഉപദേഷ്ടാവിന്റെ കാര്യവും. മുഖ്യമന്ത്രിയ്ക്ക് ഉപദേഷ്ടാവിനെ ആവശ്യമുണ്ടെങ്കില്‍ നിയമിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആ ഉപദേഷ്ടാവിനെ പോലീസ് വകുപ്പില്‍ ഇടപെടാന്‍ കഴിയില്ല.

ചോ: പോലീസിന്റെയും ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടി ഇടപെടുന്നത് എത്രമാത്രം ബാധിക്കുന്നുണ്ട്?

ഉ: എന്നെ ഒരുവിധത്തിലും അത് ബാധിച്ചിട്ടില്ല. മുപ്പത് കൊല്ലത്തെ സര്‍വീസിനിടയ്ക്ക് ഏഴ് കൊല്ലം മാത്രം ലോക്കല്‍ പോലീസിലുണ്ടാകാന്‍ കാരണം തന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ രാഷ്ട്രീയപാര്‍ട്ടികളെ അനുവദിക്കാത്തത് കൊണ്ടു തന്നെയാണ്.

ചോ: താങ്കള്‍ സംഘപരിവാര്‍ പാളയത്തിലാണെന്ന് മുഖ്യമന്ത്രി തുടര്‍ച്ചയായി നിയമസഭയിലുള്‍പ്പെടെ പറയുന്നുണ്ടല്ലോ?

ഉ: അതിനെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവരോട് തന്നെ ചോദിച്ചാല്‍ മതി. അഡ്വ. ജയശങ്കറൊക്കെ കഴിഞ്ഞ ദിവസം ഇതിനുള്ള മറുപടി പറയുന്നത് കേട്ടു. അവരോടൊക്കെ പോയി ചോദിക്കൂ.

ചോ: താങ്കളുടെ പിഎച്ച്ഡി ട്രാഫിക്കിലാണല്ലോ? ട്രാഫിക്കില്‍ എന്തെല്ലാം മാറ്റങ്ങളാണ് താങ്കള്‍ക്ക് വരുത്താന്‍ സാധിച്ചിരിക്കുന്നത്?

ഉ: വ്യാപകമായി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അത് പൂര്‍ത്തിയായിരുന്നെങ്കില്‍ ഇവിടുത്തെ എല്ല പട്ടണ പ്രദേശങ്ങളും ക്യാമറയ്ക്ക് കീഴില്‍ വരുമായിരുന്നു. അങ്ങനെ വരിയായിരുന്നെങ്കില്‍ തന്നെ സ്ത്രീ സുരക്ഷയും മറ്റ് സുരക്ഷയും മെച്ചപ്പെടുത്താന്‍ സാധിക്കുമായിരുന്നു. കാരണം ക്യാമറയുണ്ടെന്ന് അറിഞ്ഞാല്‍ അക്രമങ്ങള്‍ ചെയ്യാന്‍ ആരും ധൈര്യപ്പെടില്ല.

ചോ: സൈബര്‍ മേഖലയിലെ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. പോലീസ് സേനയ്ക്ക് ഇതിനുള്ള ശരിയായ പരിശീലനമോ അറിവോ ഇല്ലാത്തതാണോ ഇതിന് കാരണം.

ഉ: ഇത് പരിശീലനത്തിന്റെയൊന്നുമല്ല. നിയമങ്ങള്‍ അങ്ങനെയാണ്. ഗൂഗിളിന്റെയും മറ്റും സര്‍വര്‍ ഇരിക്കുന്നത് അമേരിക്കയിലാണ്. അവിടുത്തെ നിയമങ്ങളാണ് അവര്‍ പാലിക്കുക. ഇവിടെ നിന്നും എന്തെങ്കിലും വിവരം തേടി ഒരു നോട്ടീസ് അയച്ചാല്‍ വിവരങ്ങള്‍ കൈമാറാനുള്ള ബാധ്യതയില്ല അതിനാല്‍ തരില്ലെന്നായിരിക്കും മറുപടി ലഭിക്കുന്നത്. അത്തരം അന്വേഷണങ്ങളില്‍ നിയമപ്രകാരം തന്നെ സൗകര്യങ്ങള്‍ ലഭ്യമാക്കണം. വിദഗ്ധര്‍ ഇല്ലാത്തതൊന്നും ഇവിടെ പ്രശ്‌നമല്ല. സ്വകാര്യ വിദഗ്ധരെ പോലും ഉപയോഗിക്കാന്‍ ഇവിടെ സാധിക്കും.

ചോ: മാധ്യമങ്ങള്‍ പോലീസിനൊപ്പം അന്വേഷണത്തിനിറങ്ങുന്നത് കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെടുന്നതിനെ ബാധിക്കുന്നില്ലേ?

ഉ: അന്വേഷണം അറിയാത്തവര്‍ അന്വേഷണത്തെക്കുറിച്ച് സംസാരിക്കുന്നതാണ് പലപ്പോഴും പ്രശ്‌നം. പോലീസിനൊപ്പം മാധ്യമങ്ങളും അന്വേഷണത്തിനിറങ്ങുന്നത് ജനങ്ങളിലേക്ക് തെറ്റായ വാര്‍ത്തകളെത്തിക്കുന്നുണ്ട്. ജിഷ കേസില്‍ സംഭവിച്ചതും അതാണ്. ചെരുപ്പ് തൂക്കിയിട്ടതൊക്കെ അന്ന് വിവാദമാക്കി. ഒടുവില്‍ ചെരുപ്പ് കൊണ്ടുതന്നെയല്ലേ പ്രതിയെ പിടികൂടിയത്. ചെരുപ്പ് പ്രദര്‍ശിപ്പിക്കുന്നത് ആ ചെരുപ്പ് ധരിച്ച് നടക്കുന്നവനെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് അറിയാനാണ്. മൊട്ടുസൂചി കാണാതായത് പോലും കണ്ടെത്താത്തവരും വിദഗ്ധരായ അന്വേഷകരാണെന്ന് നടിക്കുകയാണ്. മുറിവൈദ്യന്‍ ആളെക്കൊല്ലുന്നത് പോലെയാണ് അത്. പോലീസിലും ഇത്തരത്തിലുള്ള മുറിവൈദ്യന്മാരുണ്ട്. അവരും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമാകുന്നു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍