UPDATES

ട്രെന്‍ഡിങ്ങ്

ഇസ്‌ളാമിക് ബാങ്കിംഗുമായി കണ്ണൂരിലെ സഹകരണ സംഘം; ഒപ്പം നില്‍ക്കാന്‍ സിപിഎമ്മും

അധികലാഭം നിക്ഷേപകര്‍ക്കിടയില്‍ പങ്ക് വയ്ക്കും

ഇസ്‌ളാം മതവിശ്വാസ പ്രകാരം, ‘രിബ’ എന്നറിയപ്പെടുന്ന പലിശ മനുഷ്യന് നിഷിദ്ധമാണ്. പലിശ വാങ്ങുന്നതും കൊടുക്കുന്നതും ഇസ്‌ളാമിക നിയമ പ്രകാരം കുറ്റകരവുമാണ്. ഇതുമൂലം തന്നെ കടുത്ത മതവിശ്വാസികള്‍ പലരും ബാങ്കിംഗ് സംവിധാനം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ തയ്യാറല്ല. വായ്പകള്‍ എടുക്കാന്‍ മാത്രമല്ല, നിക്ഷേപങ്ങള്‍ തുടങ്ങാനും പലരും മടിക്കുന്നു. ഇത്തരക്കാര്‍ പലരും, തങ്ങളുടെ സമ്പാദ്യം വീടുകളില്‍ തന്നെ സൂക്ഷിക്കുകയോ, ചിലവ് ചെയ്യുകയോ ആണ് ചെയ്യുന്നത്. ഇതിന് കാരണം പലിശരഹിത ധന ഇടപാടുകള്‍ നടത്തുന്ന സാമ്പത്തിക സ്ഥാപങ്ങള്‍ ഒന്നും തന്നെ നമുക്കിടയില്‍ ഇല്ലാ എന്നതാണ്. അതായത് കടുത്ത മതവിശ്വാസിയായ ആള്‍ പലിശ ഒന്നും ആവശ്യമില്ലെന്ന് പറഞ്ഞാലും ആ സേവനം നല്‍കാന്‍ ഒരു ധനകാര്യ സ്ഥാപനത്തിനും സാധിക്കുകയില്ല.

ഈയൊരു സാഹചര്യത്തില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ പലിശ സംവിധാനത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് വേണ്ടി കണ്ണൂരില്‍ ആദ്യമായി ഇസ്‌ളാമിക ബാങ്കിംഗ് മോഡലില്‍ സ്ഥാപനം ആരംഭിക്കാന്‍ പോവുകയാണ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം ഷാജര്‍ കോഡിനേറ്ററും, ഡിസിസി മുന്‍ സെക്രട്ടറി ഒവി ജാഫര്‍ ചെയര്‍മാനും ആയ ന്യൂനപക്ഷ സാംസ്‌കാരിക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്ണൂരില്‍ ഈ പുതിയ സംരംഭം വരുന്നത്. മതവിശ്വാസം മൂലം ബാങ്കിംഗ് മേഖലയിലേക്ക് വരാത്തവരെ അതിന് പ്രേരിപ്പിക്കാനും, സാമ്പത്തിക ക്‌ളേശം അനുഭവിക്കുന്നവര്‍ക്ക് പലിശ രഹിത വായ്പ നല്‍കാനും ആണ് ഈ സംരംഭം കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് കോര്‍ഡിനേറ്റര്‍ എം ഷാജറിന്റെ പക്ഷം. ഇത് ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യ സംരഭം ആണെന്നും അദ്ദേഹം പറഞ്ഞു.

ചിലര്‍ക്ക് ഇത് മുസ്‌ളീം സമുദായത്തിന് മാത്രം ആനുകൂല്യം കൊടുക്കാനുള്ള സംരംഭമാണെന്ന തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അത് ശരിയല്ല. ആ വിധത്തില്‍ പല പോസ്റ്റുകളും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത് വാസ്തവ വിരുദ്ധമാണ്. പലിശ എന്ന സങ്കല്‍പത്തെ എതിര്‍ക്കുന്നത് മൂലം ബാങ്കുകളെ ആശ്രയിക്കാത്ത ഒരു വലിയ വിഭാഗം നാട്ടിലുണ്ട്. അവരുടെ പണം വീട്ടില്‍ കെട്ടി കിടക്കുകയാണ്. അത്തരക്കാര്‍ക്ക് പലിശ ഒന്നുമില്ലാതെ പണം നിക്ഷേപിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഈ നാട്ടിലില്ല. പലിശ വേണ്ട എന്ന് സ്വയം തീരുമാനിച്ച് പണം നിക്ഷേപിക്കാന്‍ സംവിധാനങ്ങള്‍ നാട്ടിലുണ്ടോ? ഇത് ഒരു സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തില്‍ തുടങ്ങുന്നതല്ല, ഏത് മതവിശ്വാസികള്‍ക്കും ഈ പലിശരഹിത ബാങ്കിംഗ് സംവിധാനത്തോട് സഹകരിക്കാവുന്നതാണ്, ഞങ്ങള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു”, ന്യൂനപക്ഷ സാംസ്‌കാരിക കമ്മിറ്റി കോഡിനേറ്ററൂം, ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായ എം ഷാജര്‍ അഴിമുഖത്തോട് പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ ന്യൂനപക്ഷ സാംസ്‌ക്കാരിക സമിതികളും, ട്രസ്റ്റുകളും, സംഘടനകളും ചെര്‍ന്ന് 21 അംഗങ്ങള്‍ ഉള്ള കോഡിനേഷന്‍ കമിറ്റിയാണ് ഷാജറിന്റേയും ജാഫറിന്റേയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്. മുസ്‌ളീം ന്യൂനപക്ഷത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ സംഘടന രൂപികരിക്കുന്ന സഹകരണ സംഘമാവും പലിശരഹിത ഇസ്‌ളാമിക് മോഡല്‍ ബാങ്കിന് നേതൃത്വം നല്‍കുക.

എന്താണ് ഇസ്‌ളാമിക് ബാങ്കിംഗ്?
അധ്വാനത്തിലൂടെ അല്ലാതെ പണം സമാഹരിക്കുന്നതിനെ എതിര്‍ക്കുന്ന രീതിയാണ് ഇസ്‌ളാം മതവിശ്വാസത്തില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ പല ഇസ്‌ളാമിക രാജ്യങ്ങളിലും ഈ ബാങ്കിംഗ് സിസ്റ്റം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിക്ഷേപത്തിനോ, വായ്പയ്‌ക്കോ പലിശ ഈടാക്കാതെയാണ് ഇത്തരം ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. ഇത് മതവിശ്വാസം മൂലം പണം ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാന്‍ മടിക്കുന്നവരെ, ബാങ്കുകളിലേക്ക് ആകര്‍ഷിക്കുകയും നിക്ഷേപശീലം വളര്‍ത്തുകയും ചെയ്യുന്നു.

ശരിയാ നിയമം നിലനില്‍ക്കുന്ന രാജ്യങ്ങള്‍, ശരിയ പ്രകാരം പലിശ എന്ന സങ്കല്‍പത്തിനും എതിരാണ്. അതുകൊണ്ട് ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ നടത്താനുള്ള പണം മറ്റ് മാര്‍ഗങ്ങളിലൂടെയാണ് കണ്ടെത്തുന്നത്. മിക്ക സ്ഥാപനങ്ങളും ഓഹരിവിപണികളില്‍ നിക്ഷേപകരുടെ പണം നിക്ഷേപിക്കുകയും, അതില്‍ നിന്ന് ലഭിക്കുന്ന ലാഭം ധനകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ലോകത്ത് ഈ നിയമങ്ങള്‍ പാലിക്കുന്ന ഏകദേശം 300 ഓളം ബാങ്കുകളും 250 ഓളം മ്യൂച്ചല്‍ ഫണ്ടുകളും ശരിയാ നിയമ പ്രകാരം പ്രവര്‍ത്തിക്കുന്നു എന്നാണ് കണക്കുകള്‍.

കേരളത്തില്‍ ഇസ്‌ളാമിക് ബാങ്കിംഗ് തുടങ്ങാനുള്ള പദ്ധതികള്‍ വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു. റിസര്‍വ് ബാങ്കിനോട് ഇതിന്റെ സാധ്യതകളെ പറ്റി ആരാഞ്ഞ ഏക സംസ്ഥാനവും കേരളമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലയളവില്‍ ഈ നിര്‍ദ്ദേശം റിസര്‍വ് ബാങ്കിന് മടുന്നില്‍ കേരളം വെച്ചെങ്കിലും നിരാശയായിരുന്നു ഫലം. അത്തരം ബാങ്കിംഗ് തുടങ്ങാന്‍ പുതിയ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന് മറുപടി നല്‍കിയ റിസര്‍വ് ബാങ്ക് കേരളത്തിന്റെ ആവശ്യം നിരസിച്ചു, അതിനും മുമ്പ് 2011ല്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് കേരളാ ബജറ്റില്‍ ഇസ്‌ളാമിക ബാങ്കിംഗ് തുടങ്ങുന്ന കാര്യം പറഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ‘അല്‍-ബരാക്’ എന്ന പേരില്‍ ഇസ്‌ളാമിക് ബാങ്കുകള്‍ തുടങ്ങാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ അപ്പോഴും റിസര്‍വ് ബാങ്കില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുകൂല വിധി ഉണ്ടായിരുന്നില്ല.

പലിശ രഹിത നിക്ഷേപത്തിന് കേരളത്തില്‍ വന്‍ സാധ്യതയാണ് നിലനില്‍ക്കുന്നത്. ബാങ്കിംഗ് സംവിധാനം ഉപയോഗിക്കാന്‍ മടിക്കുന്ന പലരും ഇത്തരം ധനകാര്യ സ്ഥാപങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ക്ക് തയ്യാറാവും. സിപിഎം പിന്തുണയോടെ നടക്കുന്നു എന്നതിനാല്‍ തന്നെ, സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ്ണ പിന്തുണയും ഈ സഹകരണ സംഘത്തിന് പ്രതീക്ഷിക്കാം. അതിന്റെ സൂചനകളാണ് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്  നല്‍കുന്നതും. നിക്ഷേപകരില്‍ നിന്ന് ലഭിക്കുന്ന പണം ചെറുകിട ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോണ്‍ട്രാക്ട് വര്‍ക്കുകള്‍ എന്നിവ നടത്തിക്കൊണ്ട് സ്ഥാപനം നടത്താനുള്ള പണം കണ്ടെത്തുകയും, അധികലാഭം നിക്ഷേപകര്‍ക്കിടയില്‍ പങ്ക് വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കണ്ണൂരില്‍ തുടങ്ങാന്‍ പോവുന്ന സഹകരണ ബാങ്കിനുണ്ടാവുക. മതവിശ്വാസികള്‍ക്കിടയില്‍ നിക്ഷേപ ശീലം വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയെ വലിയ പ്രതീക്ഷ ആയി തന്നെ വേണം കാണാന്‍. വിജയമാവുകയാണെങ്കില്‍ കേരളം മുഴുവന്‍ സഹകരണ സംഘങ്ങള്‍ വഴി ഇസ്ലാമിക് ബാങ്ക് മോഡല്‍ ധനകാര്യ സ്ഥാപങ്ങള്‍ തുടങ്ങാനും കടുത്ത മതവിശ്വാസികളെ ബാങ്കിംഗ് മേഖലയിലേക്ക് ആകര്‍ഷിക്കാനും സര്‍ക്കാര്‍ ശ്രമിച്ചേക്കും.

ഷാരോണ്‍ പ്രദീപ്‌

ഷാരോണ്‍ പ്രദീപ്‌

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍