UPDATES

നാട്ടില്‍ ആരും സെറ്റ് സാരി ഉടുക്കുകയോ മുടി കറുപ്പിക്കുകയോ ഒന്നും ചെയ്യാറില്ലേ? ജിഷയുടെ അമ്മ രാജേശ്വരി

സുഖമായി ജീവിക്കുന്നു എന്ന് പറയുന്നവരേകൊണ്ടുള്ള ശല്യം സഹിക്കാതെയായിരിക്കുന്നു. തീരെ വയ്യാഞ്ഞിട്ടും വീട്ട് ജോലിക്ക് പോയി കിട്ടുന്ന പണം ചിലവാക്കുന്നതിനും ആളുകളുടെ സമ്മതം വേണോ ?

മകള്‍ മരിച്ചിട്ട് രണ്ട് വര്‍ഷങ്ങള്‍ കഴിയുന്നു. നാട്ടില്‍ വേറെയാരും സെറ്റ് സാരി ഉടുക്കുകയോ തല ചീവുകയോ മുടികറുപ്പിക്കുകയോ ഒന്നും ചെയ്യാറില്ലേ? ഞാനും ഇതൊക്കെ തന്നെയേ ചെയ്തിട്ടുള്ളു. അതല്ല തനിക്ക് മകള്‍ നഷ്ടമായതിനെ തുടര്‍ന്ന് കുറച്ച് കാശ് കിട്ടിയത് ആര്‍ക്കും ഇഷ്ടമായില്ലേ? ലഭിച്ച തുക എന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നല്‍കിയതല്ലേ? രാജേശ്വരി കോടീശ്വരിയാണെന്ന് പറയുന്നവരാണ് ജനം. എന്നാല്‍ തന്റെ അക്കൗണ്ടില്‍ എത്ര തുകയാണിപ്പോള്‍ ഉള്ളതെന്ന് തനിക്കറിയില്ലെന്നും പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ അമ്മ അഴിമുഖത്തോട് പറഞ്ഞു.

കുറച്ചു ദിവസങ്ങളായി രാജേശ്വരിയുടെ ചിത്രത്തോടൊപ്പം ആഡംബര ജീവിതം നയിക്കുന്ന ജിഷയുടെ അമ്മ എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളോട് രാജേശ്വരി പ്രതികരിക്കുന്നത് ഇങ്ങനെയാണ്. തന്റേതെന്ന് പറയുന്ന ചിത്രങ്ങള്‍ തന്റെ തന്നെയാണ്. എന്നാല്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ എല്ലാം ശരിയല്ലെന്നും രാജേശ്വരി പറയുന്നു. പെരുമ്പാവൂരിലെ പ്രമുഖ വസ്ത്ര സ്ഥാപനത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ താന്‍ പോയിരുന്നു. അവിടെ ബ്യൂട്ടിപാര്‍ലര്‍, വസ്ത്രങ്ങള്‍ കഴുകി തേച്ച് നല്‍കുന്ന സൗകര്യങ്ങള്‍, തൈയ്യല്‍ എല്ലാം ചെയ്ത് നല്‍കിയിരുന്നു. ജിഷ ജീവിച്ചിരുന്നപ്പോള്‍ താന്‍ അവിടെ പോകാറുണ്ട്. ജിഷയുടെ വസ്ത്രങ്ങളും അവിടെ കൊടുക്കാറുണ്ട്. താനും വസ്ത്രങ്ങള്‍ ഇപ്പോള്‍ അവിടെയാണ് കൊടുക്കുന്നത്, അത് സത്യമാണ്. തന്റെ തുണി അലക്കുന്നതിനും മറ്റും തന്നെ സഹായിക്കാന്‍ ആരുമില്ല. എല്ലാം താന്‍ തന്നെ ചെയ്യണം. കുറച്ചു ദിവസങ്ങളായി കൈയ്ക്കും കാലിനും അസഹ്യമായ വേദന ആയിരുന്നു. അതുകൊണ്ടാണ് അവിടെ വസ്ത്രങ്ങള്‍ കൊടുക്കുന്നത്.

തന്റെ ഫോട്ടോയെടുത്തു എന്നു പറയുന്ന ദിവസം സെറ്റ് സാരിയുമുടുത്ത് ആലപ്പുഴയിലെ കുടുംബക്ഷേത്രത്തിന് പോകാന്‍ ഒരുങ്ങി നിന്നതാണ്. കുടുംബക്ഷേത്രത്തില്‍ പോയി വഴിപാട് കഴിക്കണമെന്ന് പൂജാരിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി പറയാറുണ്ട്. അതുകൊണ്ടാണ് ഇടക്കിടെ അവിടെ പോകുന്നത്. ജിഷയുമായി പെരുമ്പാവൂരിലെ വീട്ടില്‍ താമസിക്കുന്ന സമയത്ത് ബന്ധുക്കളോ അയല്‍ക്കാരോ പാര്‍ട്ടിക്കാരോ സഹായിക്കാന്‍ ഉണ്ടായിരുന്നില്ല. അന്ന് സ്വന്തമായി ഒരു കൂര കെട്ടിത്തരണമെന്നാവശ്യപ്പെട്ട് പലരുടെയും മുമ്പില്‍ പോയി കൈ നീട്ടിയിട്ടുണ്ട്. ആരും അന്ന് സഹായിക്കാന്‍ മനസു കാണിച്ചില്ല. ഇന്നിപ്പോള്‍ എന്റെ മകള്‍ ജിഷയുടെ മരണശേഷം തനിക്ക് കുറച്ച് കാശ് കിട്ടിയെന്നറിഞ്ഞപ്പോള്‍ അയല്‍ക്കാരും ബന്ധുക്കളും ലോഹ്യം പറഞ്ഞെത്തുന്നു. കാശ് മോഹിച്ചെത്തുന്ന ഇവരെ ഞാന്‍ എങ്ങനെ വിശ്വസിക്കും. ആരാലും സഹായമില്ലാതെ ആയപ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ ബസ് കയറി നടക്കാന്‍ ആരോഗ്യമില്ലാതെ ആയപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ വിളിച്ച് യാത്രചെയ്യാറുണ്ട്. പനിയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രാജേശ്വരി ഇപ്പോള്‍. മകള്‍ ദീപയുമായി അത്ര രസത്തിലല്ലാത്തതിനാല്‍ രാജേശ്വരി ഒറ്റയ്ക്കാണ് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്.

രാജേശ്വരി ഇപ്പോഴും വീട്ടുജോലിക്ക് പോകുന്നു

താന്‍ ആഡംബര ജീവിതം നയിക്കുന്നു എന്ന് പറയുന്നവരോട് രാജേശ്വരി പറയുന്നു. സുഖമായി ജീവിക്കാനവണെങ്കില്‍ തനിക്ക് വീട്ടില്‍ തന്നെ ഇരുന്നാല്‍ പോരെ എന്തിനാണ് ഈ പ്രായത്തിലും വീട്ട് ജോലിക്ക് പോകുന്നത്. തന്റെ കൈയ്യിലും കാതിലും ഉള്ള സ്വര്‍ണ്ണം കണ്ടിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്. പുറത്തേക്കിറങ്ങിയാല്‍ തന്നെ നോക്കി കളിയാക്കുക, ഫോട്ടോയെടുക്കുക, ഇതിനും മാത്രം എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്. ആരും സഹായിക്കാനില്ലാത്ത തന്നെ എന്തെങ്കിലും ചെയ്താല്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതുകൊണ്ടല്ലേ? ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുക ഉപയോഗിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങിച്ചതുള്‍പ്പെടെയുള്ളതിന് രാജേശ്വരിയുടെ പക്കല്‍ കണക്കും ബില്ലും ഉണ്ട്. എല്ലാവരും പറയുന്നു താന്‍ കോടീശ്വരിയാണെന്ന് പക്ഷെ എന്റെ അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്നു പോലും അറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് താന്‍. അക്കൗണ്ടില്‍ നിന്ന് ആരൊക്കെയോ ചേര്‍ന്ന് 29 ലക്ഷം രൂപയോളം പിന്‍വലിച്ചെന്ന് പറയുന്നു. അതേ കുറിച്ചു തനിക്ക് ധാരണയില്ലെന്നും രാജേശ്വരി പറയുന്നു.

ഇതുവരെ ഒരു തവണ മാത്രമാണ് പോലീസിന്റെ അസാന്നിധ്യത്തില്‍ ബാങ്കില്‍ നിന്ന് പണം എടുത്തത്. അത് തന്റെ ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടിയും പണയം വെച്ച ആഭരണങ്ങള്‍ എടുക്കുന്നതിനും വേണ്ടിയാണ്. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കണമെങ്കില്‍ അത് എന്തിനുവേണ്ടിയാണെന്നതിനുള്‍പ്പെടെ വിശദീകരിച്ച് ബാങ്ക് അധികൃതര്‍ക്ക് എഴുതി നല്‍കണം. നേരത്തെ വാങ്ങിയ ആഭരണങ്ങള്‍ പണയം വെച്ചാണ് വീടിന്റെ മതില്‍കെട്ട്, മകള്‍ ദീപയുടെ ആവശ്യങ്ങള്‍, എല്ലാം നിറവേറ്റി കൊടുത്തത്. നാളുകളായി പട്ടിണിയിലും ദാരിദ്രത്തിലുമാണ് ജീവിച്ചത്. ജിഷയ്ക്ക് പഠിക്കാനാവശ്യമായ തുകയെല്ലാം വീട്ടു ജോലി ചെയ്താണ് കണ്ടെത്തിയിരുന്നത്. ബന്ധുക്കളും അയല്‍ക്കാരും ഉണ്ടായിരുന്നെങ്കിലും ആരും തന്നെ സഹായിച്ചില്ല. അന്ന് ചെറിയ തുകകള്‍ തന്ന് സഹായിച്ച പലര്‍ക്കും, കടം വാങ്ങിയ തുക തിരികെ നല്‍കി. അവരില്‍ ചിലര്‍ക്ക് പണം കടമായി കൊടുത്തു. മകളുടെ മരണശേഷം ഒറ്റ രാത്രികൊണ്ടാണ് വീട് നഷ്ടപ്പെട്ടത്. വസ്ത്രങ്ങളുള്‍പ്പെടെ ഞങ്ങളുടെ സാധനങ്ങളെല്ലാം വീടിനകത്ത് വച്ചാണ് പൊലീസ് സീല്‍ ചെയ്തത്. അതുകൊണ്ട് സാരിയും വേണ്ട സാധനങ്ങളുമൊക്കെ എനിക്ക് വാങ്ങേണ്ടി വന്നു. ഞാന്‍ പട്ടുസാരിയൊന്നും വാങ്ങിയിട്ടില്ല. ഉടുക്കാന്‍ വസ്ത്രം വാങ്ങുന്നത് ആഡംബരമാണോ? എന്റെ വീടിന് മുന്നില്‍ രണ്ടു പൊലീസുകാര്‍ എപ്പോഴും കാവലുണ്ടായിരുന്നു. വിശപ്പില്ലെങ്കിലും അവര്‍ എനിക്ക് ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. അന്നൊന്നും പണിക്ക് പോകാന്‍ പറ്റിയിട്ടില്ല, വീട്ടില്‍ തന്നെയായിരുന്നു. മാസങ്ങളോളം വീട്ടില്‍ വെറുതെ ഇരുന്നപ്പോള്‍ തനിക്ക് മാറ്റങ്ങള്‍ സംഭവിച്ചെന്നുമാണ് രാജേശ്വരി പറയുന്നത്.

തനിക്കായി തന്ന പണം ചിലവാക്കാന്‍ അധികാരമില്ലേ?

മകള്‍ മരിച്ചു ആരുമില്ലാത്ത തനിക്ക് ജീവിക്കാന്‍ അനുവദിച്ച തുക എങ്ങനെ ചിലവാക്കണമെന്നുള്ള അധികാരം എനിക്കില്ലേ? അതോ ഈ പണം ചിലവാക്കാന്‍ ഉള്ളതല്ലേ? വീട്ടുജോലിയെടുത്തു കിട്ടുന്ന പണം സമ്പാദിക്കുകയായിരുന്നില്ല. തന്റെയും മകളുടെയും ചിലവിലേക്കായാണ് അത് ഉപയോഗിച്ചിരുന്നത്. ഈ പണം ഉപയോഗിക്കുന്നതും ആ രീതിയിലാണ്. സുഖമായി ജീവിക്കുന്നു എന്ന് പറയുന്നവരേകൊണ്ടുള്ള ശല്യം സഹിക്കാതെയായിരിക്കുന്നു. തീരെ വയ്യാഞ്ഞിട്ടും വീട്ടുജോലിക്ക് പോയി കിട്ടുന്ന പണം ചിലവാക്കുന്നതിനും ആളുകളുടെ സമ്മതം വേണോ രാജേശ്വരി ചോദിക്കുന്നു.

ജിഷ കൊലപാതകത്തിന്റെ വിധി വരുന്ന ദിവസം കോടതിയിലെത്തിയ രാജേശ്വരിയുടെ രൂപമാറ്റവും ഭാവമാറ്റവും ആളുകള്‍ ചര്‍ച്ചയാക്കിയിരുന്നു. മകളുടെ മരണത്തിന്റെ പേരില്‍ ലഭിച്ച പണം ധൂര്‍ത്തടിക്കുകയാണെന്നായിരുന്നു ആക്ഷേപം. ആക്ഷേപങ്ങളോട് രാജേശ്വരി പ്രതികരിച്ചത് ‘എന്റെ മകളെ ക്രൂരമായി കൊന്നു. ഏതെങ്കിലും അമ്മയ്ക്ക് സ്വന്തം മകള്‍ മരിച്ച് കിടക്കുന്ന വേദനയില്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ’ എന്നായിരുന്നു. ജിഷയുടെ മരണം ചര്‍ച്ചയായതോടെ അര കോടിയിലധികം രൂപ രാജേശ്വരിയുടെ അക്കൗണ്ടിലേക്ക് എത്തിയിരുന്നു. ഇതിനൊപ്പം സര്‍ക്കാര്‍ വീടും വച്ചു നല്‍കി. ഇതിനിടയില്‍ ജിഷയുടെ അച്ഛന്‍ പാപ്പു വഴിയരികില്‍ തളര്‍ന്ന് വീണ് മരണപ്പെടുകയും ചെയ്തു. പാപ്പുവിന്റെ അക്കൗണ്ടിലും ലക്ഷങ്ങള്‍ ഉണ്ടായിരുന്നു. ഇതിനായി മകള്‍ ദീപയും രാജേശ്വരിയും അവകാശ വാദം ഉന്നയിച്ചിരുന്നു.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍