UPDATES

ജിഷ്ണുവിന്റെ കുടുംബം സമരം അവസാനിപ്പിച്ചു; മുഖ്യമന്ത്രി മഹിജയെ ഫോണില്‍ വിളിച്ചു

ഫലം കണ്ടത് യെച്ചൂരി, കാനം, അഡ്വ. സിപി ഉദയഭാനു എന്നിവരുടെ ഇടപെടല്‍

ജിഷ്ണു പ്രണോയിയുടെ ഘാതകരെ ഉടന്‍ പിടികൂടുക, ഡിജിപി ഓഫീസിന് മുന്‍പില്‍ വെച്ച് തങ്ങളെ മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജിഷ്ണുവിന്റെ അമ്മയും സഹോദരിയും ബന്ധുക്കളും നടത്തുന്ന സമരം അവസാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹിജയുമായി ഫോണില്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം ഉണ്ടായത്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ സ്റ്റേറ്റ് സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയ തകൃതിയായ ഇടപെടലാണ് ഫലം കണ്ടത്. ജിഷ്ണു കേസിലെ എല്ലാ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് സിപിഎം കോടിയേരി ബാലകൃഷ്ണന്‍ മലപ്പുറത്ത് വെച്ച് പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് കാനം കൊടിയേരിയുമായി ഫോണില്‍ ആശയ വിനിമയം നടത്തിയിരുന്നു. തുടര്‍ന്ന് ജിഷ്ണു കേസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സിപി ഉദയഭാനു, സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ എന്നിവര്‍ ജിഷ്ണുവിന്റെ കുടുംബവുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഏകദേശം രണ്ടു മണിക്കൂര്‍ നേരം കേസിന്റെ നിയമവശങ്ങള്‍ അടക്കം ചര്‍ച്ച ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയുമായി സംസാരിക്കുകയും സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട വീഴ്ചകള്‍ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും പോലീസുകാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ട് എന്നു കണ്ടെത്തിയാല്‍ തിരുവനന്തപുരത്ത് എത്തിയ ഉടനെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജിഷ്ണുവിന്റെ അമ്മ മഹിജയെയും അമ്മാവന്‍ ശ്രീജിത്തിനെയും ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കണ്ട കാനം പോലീസ് നടത്തിയ നടപടി അനാവശ്യമായിരുന്നെന്ന് പറഞ്ഞു. സമരത്തിന് പരിഹാരം കണ്ടെത്താനുള്ള വഴി കണ്ടിട്ടുണ്ടെന്നും അതെന്താണെന്ന് നിങ്ങള്‍ പിന്നീട് അറിയുമെന്നുമാണ് കാനം പറഞ്ഞത്.

അതേ സമയം കേസില്‍ നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ പാമ്പാടി നെഹ്രു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കലിന് സമീപമുള്ള ഗ്രാമത്തില്‍ നിന്നാണ് ഒളിവിലായിരുന്ന ഇന്ന് ഉച്ചയ്ക്ക് ശേഷം ഇയാളെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയാണ് ശക്തിവേല്‍. മറ്റ് പ്രതികളായ പ്രവീണും ഡിബിനും പോലീസ് കസ്റ്റഡിയില്‍ ആണെന്ന സൂചനും ഉണ്ട്. അറസ്റ്റിലായ ശക്തിവേലിനെ തൃശൂരില്‍ എത്തിച്ചു. ചോദ്യം ചെയ്യലുകള്‍ തുടരുകയാണ്. വടക്കഞ്ചേരി കോടതിയില്‍ ഉടന്‍ ഹാജരാക്കും എന്നാണ് സൂചനകള്‍.

മഹിജയുടേയും ശ്രീജിത്തിന്റേയും ചികിത്സിയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘം രൂപീകരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, ന്യൂറോസര്‍ജറി, നെഫ്രോളജി, ഗ്യാസ്‌ട്രോഎന്ററോളജി, ക്രിട്ടിക്കല്‍ കെയര്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ എന്നിവരാണ് ഈ പാനലിലുള്ളത്. ഈ പ്രത്യേക സംഘം ഇരുവരേയും പരിശോധിക്കുകയും ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹിജയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി പ്രത്യേക സംഘം വിലയിരുത്തി.

ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ ആഹ്ലാദം രേഖപ്പെടുത്തി ജിഷ്ണുവിന്റെ ജന്മനാടായ വളയത്ത് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും പ്രകടനം നടത്തി. അമ്മ പറഞ്ഞാല്‍ സമരം അവസാനിപ്പിക്കുമെന്ന് അവിഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ കേസിലെ പ്രതികളെ പിടിച്ചതില്‍ യുഡിഎഫും ബിജെപിയും സംശയം പ്രകടിപ്പിച്ചു. പോലീസ് പ്രതികളെ ഒളിപ്പിച്ചു കടത്തുകയായിരുന്നു എന്നു കെപിസിസി പ്രസിഡണ്ട് എം എം ഹസ്സന്‍ പറഞ്ഞു. ശക്തിവേലിന്റെ അറസ്റ്റ് നാടകമാണെന്ന് ബിജെപി പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സമരം പിന്‍വലിച്ചാലും ഡിജിപി ഓഫീസിന് മുന്‍പില്‍ നടന്ന സംഭവങ്ങളും പൊതു പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതും ഇനിയുള്ള ദിവസങ്ങളിലും ചര്‍ച്ച ചെയ്യപ്പെടും എന്നു തീര്‍ച്ചയാണ്. റിമാന്‍ഡില്‍ കഴിയുന്ന കെ എം ഷാജഹാന്റെ അമ്മ തങ്കമ്മ തിരുവനന്തപുരത്തെ വീട്ടില്‍ നിരാഹാരത്തിലാണ്. അതുപോലെ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ഷാജര്‍ഖാന്റെ മകന്‍ അലനും സമരത്തിലാണ്. ജിഷ്ണുവിന്റെ കുടുംബത്തെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിമാരായ ജി സുധാകരനും എം എം മണിയും നടത്തിയ പ്രസ്താവനകള്‍ ഉണ്ടാക്കിയ ചീത്തപ്പേരും കുറച്ചു കാലത്തെങ്കിലും സിപിഎമ്മിനെ പിന്‍തുടരും എന്നു തീര്‍ച്ചയാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍