UPDATES

ജിഷ്ണുവിന് വേണ്ടി ഒരു നാട്; കേരളം കണ്ടത് വളയം എന്ന കമ്യൂണിസ്റ്റ് ഗ്രാമത്തിന്റെ പോരാട്ട വീര്യം

പാര്‍ട്ടിക്കും കൊടിക്കും നിറത്തിനും ജാതിക്കുമപ്പുറമുള്ള കൂട്ടായ്മയുടെ വിജയമാണ് ജിഷ്ണുവിന് വേണ്ടിയുള്ള സമരമെന്ന് നാട്ടുകാര്‍

‘ജിഷ്ണുവിന് വേണ്ടി ഇനിയും പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഇനി ഒരു ജിഷ്ണു കേരളത്തില്‍ ഉണ്ടാവാന്‍ പാടില്ല. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ കുടുംബം നേരിടുന്ന വേദന എന്താണെന്ന് ഞങ്ങള്‍ കണ്ടറിഞ്ഞതാണ്. നാട്ടുകാരുടെ മുഴുവന്‍ പിന്തുണയും ഈ കുടുംബത്തോടൊപ്പം ഇനിയും ഉണ്ടാകും.’ ജിഷ്ണുവിന്റെ അയല്‍വാസിയായ അശോകന്‍റെ വാക്കുകള്‍ ഒരാളുടേതല്ല. വളയത്തുകാരുടെ മുഴുവനുമാണ്. സഖാവ് എന്നത് വാക്കുകളില്‍ മാത്രം ഒതുക്കാവുന്ന ഒന്നല്ല, അതിന് മനുഷ്യത്വത്തിന്റെയും ബന്ധങ്ങളുടെയും വില കൂടിയുണ്ട് എന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വളയമെന്ന കമ്യൂണിസ്റ്റ് ഗ്രാമം കേരളത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. ഒപ്പം പോരാട്ടത്തിന്റെ തീഷ്ണതയും.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു എന്നറിയിച്ചുകൊണ്ടുള്ള ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ ഫോണ്‍ കോള്‍ വരുന്നത് വരെ ആയിരക്കണക്കിനാളുകളാണ് വളയത്തെ വീട്ടില്‍ തടിച്ചു കൂടി നിന്നിരുന്നത്. അവിഷ്ണയുടെ നിരാഹാര സമരത്തോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് അവിടെ എത്തിയ ഓരോരുത്തരും വന്നു കണ്ട് മടങ്ങാന്‍ എത്തിയതായിരുന്നില്ല. ആ സമരത്തിന്റെ ഭാഗമാകാന്‍ വന്നവരായിരുന്നു. അതില്‍ എല്ലാ രാഷ്ട്രീയ, ജാതി, മത വിഭാഗത്തില്‍ പെട്ടവരും ഉണ്ടായിരുന്നു. ആണും പെണ്ണും കുട്ടികളും വൃദ്ധരും ഉണ്ടായിരുന്നു.

നേരത്തെ കോഴിക്കോട് ജില്ലയിലെ വളയം, വാണിമേല്‍, ചെക്യാത്ത് എന്നീ സ്ഥലങ്ങള്‍ ഒറ്റ പഞ്ചായത്തായിരുന്നു. ഇപ്പോള്‍ മൂന്ന് പഞ്ചായത്തുകളായി വിഭജിക്കപ്പെട്ട ഇവിടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേരോട്ടമുണ്ട്. വളയം പഞ്ചായത്ത് ഒഴികെ രണ്ട് പഞ്ചായത്തും കോണ്‍ഗ്രസ് – മുസ്ലിം ലീഗ് സംയുക്ത ഭരണമാണ്. വളയം പഞ്ചായത്ത് സിപിഎമ്മാണ് ഭരിക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കും കൊടിക്കും നിറത്തിനും ജാതിക്കുമപ്പുറമുള്ള കൂട്ടായ്മയുടെ വിജയമാണ് ജിഷ്ണുവിന് വേണ്ടിയുള്ള സമരമെന്ന് നാട്ടുകാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

വളയത്തെ വീട്

സമരം അവസാനിക്കുന്നതുവരെ ആശങ്ക നിറഞ്ഞ അന്തരീക്ഷമായിരുന്നു ജിഷ്ണുവിന്റെ വീട്ടില്‍. അവിഷ്ണയുടെ ആരോഗ്യസ്ഥിതി വഷളായി തുടങ്ങിയതോടെ നാട്ടുകാരുടെ മുഖത്തും അതിന്റ ഭാവമാറ്റം കണ്ടു തുടങ്ങിയിരുന്നു. “ഇനി ഇത് കണ്ടു നില്‍ക്കനാവില്ല. എന്തിനാണ് ഈ സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നത്. അവിഷ്ണയുടെ അവസ്ഥ മോശമാണ്. കുട്ടിക്ക് ഈ അവസ്ഥ തരണം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാവും.” ജിഷ്ണുവിന്റെ ബന്ധു റിജേഷ് പറഞ്ഞു

വളയത്തെ ഗ്രാമീണ ജനതയെ ജിഷ്ണു എന്ന നാട്ടിന്‍പുറത്തുകാരന്റെ ജീവിതം കഴിഞ്ഞ കുറച്ച് നാളായി അത്രമേല്‍ സ്വാധീനിച്ചിരുന്നു. അത് വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റ മൈതാനത്ത് കാല്‍പ്പന്ത് തട്ടി കളിക്കുന്ന ജിഷ്ണുവിനെ അല്ല, മറിച്ച് സ്‌കൂള്‍ തല കംപ്യൂട്ടര്‍ പ്രോഗ്രം മേക്കിംഗ് മത്സരത്തില്‍ കോഴിക്കോട് ജില്ലയില്‍ തന്നെ മികച്ച് പ്രോജക്റ്റ് അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലും മികവു തെളിയിച്ച് വളയം നാടിന്റെ അഭിമാനമായി മാറിയ ജിഷ്ണു പ്രണോയിയെയായിരുന്നു. അന്ന് മുതല്‍ വളയം പ്രദേശത്തുനിന്ന് ലോകം അറിയപ്പെടുന്ന ഒരു കംപ്യൂട്ടര്‍ എഞ്ചിനീയര്‍ വളര്‍ന്നു വരുന്നത് സ്വപ്നം കണ്ടത് ജിഷ്ണുവിന്റെ മാതാപിതാക്കളും അധ്യാപകരും മാത്രമല്ല, ആ നാട്ടിലെ ജനങ്ങള്‍ കൂടിയായിരുന്നു. അത് സാക്ഷ്യപെടുത്താന്‍ ജിഷ്ണുവിന്റെ പ്രിയപ്പെട്ട ഹൈസ്‌കൂള്‍ അധ്യാപകന്‍ ചന്ദ്രന്‍ മാഷ് എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപില്‍ നിന്നു പോലും അവധി എടുത്ത് ജിഷ്ണുവിന്‍റെ വീടിന്റെ മുറ്റത്തു തന്നെയുണ്ട്.

മാധ്യമ പ്രവര്‍ത്തകരും സാസ്‌കാരിക രംഗത്തു നിന്നും രാഷ്ട്രീയ രംഗത്തു നിന്നും നിരവധി ആളുകള്‍ ജിഷ്ണുവിന്റെ വീട്ടിലേക്ക് ഒഴുകിയിരുന്നു. അതിനിടയില്‍ വീട്ടില്‍ എത്തിയ ചലച്ചിത്ര നടന്‍ ജോയ് മാത്യു, രാജസേനന്‍ എന്നിവരുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടു നിന്ന നാട്ടുകാര്‍ക്കും ബന്ധുകള്‍ക്കും അവരുടെ വാക്കുകളില്‍ ആശ്വാസം ലഭിച്ചെങ്കിലും പ്രതീക്ഷക്ക് വകയുള്ളത് ഒന്നും കേള്‍ക്കാന്‍ കഴിയാത്തതിന്റെ നിരാശ വ്യക്തമായിരുന്നു.

അവിഷ്ണയുടെ സ്‌കൂളായ വാണിമേല്‍ ക്രസന്റ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസിലെ സഹപാഠികള്‍ എത്തി അവിഷ്ണയെ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് നാടിനെ ഈറനണിയിക്കുന്ന ഒന്നായി മാറി. ‘ഇനിയും അവിഷ്ണയുടെ അവസ്ഥ കണ്ടുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല, നീതിക്ക് വേണ്ടി പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. അവിഷ്ണയുടെ കുടുംബത്തോടൊപ്പം ഞങ്ങളുണ്ട്. ഞങ്ങളെക്കൊണ്ട് കഴിയുന്നത് ഞങ്ങള്‍ ചെയ്യും’ എന്ന് അവിഷ്ണയുടെ സഹപാഠി ഗോകുല്‍ പറഞ്ഞു.

അവിഷ്ണയുടെ സഹപാഠികള്‍

ഇതിനിടയില്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുള്‍ റഷീദ് വി.പി, ജഷീര്‍ പള്ളിവയല്‍, യൂത്ത് കോണ്‍ഗ്രസ്(എസ്) കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് വള്ളില്‍, സി.പി.ഐ (എം.എല്‍) ഏരിയ കമ്മറ്റി അംഗങ്ങളും ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും ജിഷ്ണുവിന്റ വീട്ടില്‍ എത്തി.

ഇടക്ക് അവിഷ്ണയെയും ബന്ധുക്കളെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുമെന്ന് അഭ്യൂഹവും പരന്നപ്പോഴും നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പരന്നിരുന്നു. എന്നാല്‍ ‘അങ്ങനെ ഒരു നീക്കം വന്നാല്‍ അത് കൈയും കെട്ടി നോക്കി നില്‍ക്കില്ല. ഞങ്ങള്‍ എല്ലാം ഈ കുടുംബത്തിന് ഒപ്പമുണ്ട്. എന്തു വില കൊടുത്തും അതിനെ തടഞ്ഞിരിക്കും’ എന്നാണ് ജിഷ്ണുവിന്‍റെ അയല്‍വാസിയും ബാങ്ക് ഉദ്യാഗസ്ഥനുമായ മഹേഷ് പ്രതികരിച്ചത്.

കേസിലെ മൂന്നാം പ്രതി ശക്തിവേല്‍ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത എത്തിയതോടെ സിപിഎം പ്രവര്‍ത്തകര്‍ ആഹ്ളാദപ്രകടനം നടത്തി. ഇനി എന്ത് എന്ന ആകാംഷയില്‍ എല്ലാവരുടെയും കണ്ണുകള്‍ ടിവിയിലായി. ജിഷ്ണു കേസ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സിപി ഉദയഭാനു കുടുംബാംഗങ്ങളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നു എന്ന വാര്‍ത്ത എല്ലാവരിലും പ്രത്യാശ ഉണ്ടാക്കി.

ഒടുവില്‍ പ്രതിഷേധങ്ങള്‍ക്കൊക്കെ ഫലം കണ്ടു. ആശങ്കയ്ക്ക് അറുതി വരുത്തി രാത്രി ഒന്‍പത് മണിയോടെ ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ ഫോണ്‍ വിളി എത്തി. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാന്‍ അംഗീകരിക്കുമെന്ന വാര്‍ത്ത വളയം ഗ്രാമം ഏറെ ആഹ്ളാദത്തോടെയാണ് കേട്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

ജിബിന്‍ വര്‍ഗീസ് പുല്‍പ്പള്ളി

മാധ്യമ പ്രവര്‍ത്തകന്‍. വയനാട് സ്വദേശി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍