UPDATES

ട്രെന്‍ഡിങ്ങ്

‘എന്റെ മോന്‍ കൊല്ലപ്പെട്ടിട്ട് 90 ദിവസം കഴിഞ്ഞു’; നിസംഗ കേരളമേ കേള്‍ക്കൂ, ഈ അമ്മയുടെ വാക്കുകള്‍

മോനെ ഇവര് കരുതിക്കൂട്ടി കൊല ചെയ്തതാ. എല്ലാ തെളിവും അവര്‍ നശിപ്പിച്ചു. അതിന് കൂട്ട് നില്‍ക്കുന്ന കുറെ പോലീസ് ഉദ്യോഗസ്ഥന്മാരും.

ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണം നടന്നിട്ട് മൂന്നു മാസം കഴിഞ്ഞിരിക്കുന്നു. പോലീസ്  അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഓഫീസിന് മുന്‍പില്‍ സമരവുമായെത്തിയ ജിഷ്ണുവിന്റെ മാതാപിതാക്കളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. നടുറോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ച ജിഷ്ണുവിന്റെ അമ്മ മഹിജയെ പോലീസ് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. ഇപ്പോള്‍ ജിഷ്ണുവിന്റെ അമ്മ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയിലാണ്.

ജിഷ്ണു പ്രണോയിയുടെ ജന്മദിനത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ജിഷ്ണുവിന്റെ അമ്മയുടെ അഭിമുഖം പുനഃപ്രസിദ്ധീകരിക്കുകയാണ് ഇവിടെ.

“ചാനലുകാരോടൊക്കെ മുഖ്യമന്ത്രി പറയുന്നു പോലും എല്ലാം ചെയ്തു, എല്ലാം ചെയ്തു എന്ന്. എല്ലാം ചെയ്തു എന്നു പറയണമെങ്കില്‍ ഈ പ്രതികളെ അറസ്റ്റ് ചെയ്യണം. പോസ്റ്റ്മോര്‍ട്ടം പോലും നല്ല രീതിയില്‍ അല്ലല്ലോ നടന്നത്. ആ ഡോക്ടര്‍ക്കെതിരെയും തെളിവ് നശിപ്പിച്ച പോലീസുകാര്‍ക്കെതിരെയും കേസെടുക്കണ്ടേ. പ്രതികള്‍ അഞ്ചു പേരുണ്ട്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്നാലേ എല്ലാം ചെയ്തെന്ന് മുഖ്യമന്ത്രി പറയുന്നതു ശരിയാകൂ. ” ജിഷ്ണുവിന്റെ അമ്മ സംസാരിക്കുന്നു.

എന്റെ മോന്‍ ഒരു പ്രശ്നം ഉണ്ടാക്കാനോ ഒരാളെ കൊല്ലാനോ ഒന്നും പോയതല്ല. പഠിച്ചു എഞ്ചിനീയര്‍ ആകാന്‍ പോയ മോനാ. എന്‍റെ മോന്‍ പത്തു മുപ്പതു വയസ്സുള്ള വലിയ ഒരാളൊന്നും അല്ല. പതിനെട്ട് വയസ്സേയുള്ളൂ അവന്. ഹോസ്റ്റല്‍ സീല്‍ ചെയ്തു എന്നു പറഞ്ഞിട്ടു ഹോസ്റ്റല്‍ പൂട്ടി മൂന്ന് താക്കോല്‍ ഉള്ളതില്‍ രണ്ടെണ്ണം മാത്രം പോലീസുകാര്‍ കൊണ്ടുപോവുകയും ഒരെണ്ണം വാര്‍ഡന്‍റെ കയ്യില്‍ കൊടുക്കുകയും ചെയ്തു. അപ്പോ തന്നെ തട്ടിപ്പ് മനസ്സിലായില്ലേ? അവര്‍ക്ക് തെളിവ് നശിപ്പിക്കാന്‍ അവസരം കൊടുക്കലല്ലേ അത്. ഇവരെന്തിനാ ഇങ്ങനെ കളിക്കുന്നത്. ഇങ്ങനെ കളിച്ചിട്ടു ഈ പോലീസുകാര്‍ക്കെല്ലാം എന്തു കാര്യമാണ്. എന്‍റെ മോന്‍റെ സത്യം വെളിച്ചത്തു കൊണ്ടുവരാണ്ട് എല്ലാം ഇങ്ങനെ തേച്ചുമാച്ച് കളയുന്നത് എന്തിനാണ്. ഞാന്‍ ഒരിക്കലും കാണാത്ത ആളുകളെ പോലും എനിക്കു സത്യമായിട്ടും ശപിക്കേണ്ടി വരുന്നുണ്ട്. അവര്‍ക്കെന്തായാലും ദൈവത്തിന്‍റെ അല്ല, ദൈവം ഇല്ല. ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഉണ്ടെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കുകയില്ലല്ലോ. എന്നാലും ഞാന്‍ പറയുന്നു അവര്‍ രക്ഷപ്പെടില്ല. അവര്‍ക്ക് ശിക്ഷ കിട്ടും. ഈ അമ്മയുടെ ഉള്ളുപൊള്ളുന്ന ശാപം മാത്രം മതി. അവര്‍ക്ക് ശിക്ഷ കിട്ടാന്‍.

എന്‍റെ പോന്നു മോനെ ഞാന്‍ പതിനെട്ട് വയസ്സായ മോനായിട്ടല്ല, മൂന്നു വയസ്സുള്ള മോനായിട്ടാണ് കണ്ടത്. ചിലപ്പോള്‍ അവന്‍ ഇവിടുന്നു സ്പീഡില്‍ സ്റ്റെപ്പ് കയറിപ്പോകും. അല്ലെങ്കില്‍ സ്പീഡില്‍ ഇറങ്ങിവരും. അപ്പോഴെല്ലാം ഇതെന്താ മോനൂ (മോനൂന്നാ ഞാന്‍ അവനെ വീട്ടില്‍ വിളിക്കുക) നീ കാണിക്കുന്നത്, നീ വീണാലൊന്ന് ഞാന്‍ പറയും. അന്നേരം, ഈ അമ്മ എന്താ പറയുന്നെ ഞാന്‍ പതിനെട്ടു വയസ്സുള്ള വല്യ ചെക്കനായില്ലെ, അമ്മ എന്താ ചെറിയ കുട്ടികളോട് പറയുന്നപോലെ എന്നോടു പറയുന്നെന്ന് അവന്‍ ചോദിക്കും. കുറച്ചു കഴിഞ്ഞിട്ട് അവനെന്നോട് പറയും അമ്മക്കറിഞ്ഞൂടെ എനിക്ക് ആപത്ത് വരുന്നതൊന്നും ഞാന്‍ കളിക്കൂലാ, എന്‍റെ തടി ഞാന്‍ രക്ഷിക്കും എന്ന്. എന്നിട്ടും ഒരു രണ്ടു വയസ്സിന്റെ ബുദ്ധിപോലും ഇല്ലാതെ എങ്ങനെ ചെയ്യണമെങ്കില്‍ അവരവനെ അത്ര മാത്രം ദ്രോഹിച്ചിട്ടുണ്ടാകും. ഇവര്‍ കോപ്പിയടിച്ചത് പിടിച്ചെന്നു പറയുന്നു. എന്‍റെ മോന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഈ അമ്മയുടെ ഉള്ളിന്‍റെ ഉള്ളില്‍ നിന്നു ഞാന്‍ പറയുന്നു ഒരിക്കലും ചെയ്യില്ല. കോപ്പി അടിച്ചെന്നും പറഞ്ഞു അവര്‍ അവനെ അരമുക്കാല്‍ മണിക്കൂര്‍ അടിക്കുകയും വേദനിപ്പിക്കുകയും എല്ലാം ചെയ്തിന്. ആ സമയത്ത് ഇവര്‍ രക്ഷിതാവായ ഞങ്ങളെ വിളിച്ചിട്ടു പറയണ്ടെ. നിങ്ങളുടെ മോനെ കോപ്പിയടിച്ചു പിടിച്ചിട്ടുണ്ടെന്ന് ഞങ്ങളോടല്ലെ പറയണ്ടത്. അന്നേരം ഒന്നു വിളിച്ചിട്ടുണ്ടെങ്കില്‍ എന്‍റെ മോനെ ഞങ്ങള്‍ കൂട്ടിക്കൊണ്ട് വരുമായിരുന്നല്ലോ. എന്‍റെ മോനെ എനിക്കു ആവശ്യം ഇല്ലേ?

മോനെ ഇവര് കരുതിക്കൂട്ടി കൊല ചെയ്തതാ. എല്ലാ തെളിവും അവര്‍ നശിപ്പിച്ചു. അതിന് കൂട്ട് നില്‍ക്കുന്ന കുറെ പോലീസ് ഉദ്യോഗസ്ഥന്മാരും. ഇവര്‍ക്കെല്ലാം ഉണ്ടാകില്ലെ മക്കളും കുടുംബവുമെല്ലാം. ഈ അമ്മ അഥവാ ജീവിക്കുന്നുണ്ടെങ്കില്‍ തന്നെ ഇനി കണ്ണീരല്ലാതെ വേറൊന്നും ഉണ്ടാകൂലല്ലോ. ഇവരിതെന്തിന് ചെയ്തു? അതെല്ലാം നാട്ടുകാരോട് വിളിച്ച് പറയണം. എന്‍റെ മോന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പറയണം.

Also Read: ഒരു പട്ടാള മേധാവിയെ ഓര്‍മിപ്പിക്കുന്ന ഭരണാധികാരിയെ അല്ല കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടത്

എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെ പേരോട് സ്കൂളിലാണ് മോന്‍ പഠിച്ചത്. അഞ്ചു വര്‍ഷം അവിടെ പഠിച്ചിട്ടും അവനെ കുറിച്ച് ഒരു പരാതിയും ഒരിക്കലും ഉണ്ടായിട്ടില്ല. ആണ്‍കുട്ടികളാവുമ്പോള്‍ വേറെ കുട്ടികളുമായി എന്തെങ്കിലും പ്രശ്നങ്ങളോ അടിപിടിയോ എന്തെങ്കിലും ഉണ്ടാവില്ലെ. ഒന്നാം തീയ്യതി ഞാന്‍ വളയത്ത് പോയപ്പോള്‍ മോനെ എല്‍ കെ ജിയില്‍ പഠിപ്പിച്ച ടീച്ചറെ കണ്ടിരുന്നു. മോന്‍ പഠിക്കാന്‍ പോയതൊക്കെ ടീച്ചര്‍ക്ക് അറിയാമായിരുന്നു. അപ്പോ ടീച്ചര്‍ അവന്റെ വിശേഷം ഒക്കെ ചോദിച്ചു. അവന്‍ വല്യ ആളായി എന്നൊക്കെ ഞാന്‍ പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു. മോനോട് ഒന്നു വരാന്‍ പറയണം എനിക്കു അവനെ ഒന്നു കാണണമെന്ന്. ടീച്ചര്‍ക്ക് അവനെ ജീവനോടെ കാണാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തവണ ഇവിടെ അടുത്തുള്ള ഒരു സ്കൂളില്‍ എന്‍ എസ് എസ് ക്യാമ്പ് നടന്നിരുന്നു. അവിടെ നിന്നു പരിചയപ്പെട്ട ഒരാള്‍ ഇവന്‍ ഹോസ്റ്റലില്‍ ഉള്ളപ്പോള്‍ അയാളുടെ മകന്‍റെ കല്യാണം ക്ഷണിക്കാന്‍ വീടന്വേഷിച്ച് ഇവിടെ വന്നിരുന്നു. പ്രായമുള്ള ഒരാള്‍ ഇവനെ അന്വേഷിച്ച് ഇവിടെ വരണമെങ്കില്‍ അത് അവനോടുള്ള സ്നേഹം കൊണ്ടല്ലേ. നിങ്ങളുടെ മോന്‍ എത്ര നല്ല മോനാണ് എന്ന് പറഞ്ഞിട്ടാണ് അയാളന്ന് പോയത്.

അവന് എല്ലാരോടും ഭയങ്കര ഇഷ്ടമായിരുന്നു. കോളേജിലും ഹോസ്റ്റലിലും മക്കള് ആരെങ്കിലും തമ്മില്‍ പിണങ്ങിയാല്‍ ഇവന്‍ അവരെ പരസ്പരം കൈകൊടുത്ത് ഒന്നിപ്പിക്കുമായിരുന്നു. എന്നിട്ട് പരസ്പരം സന്തോഷമുള്ള കാര്യങ്ങള്‍ സംസാരിക്കുമായിരുന്നു. അവന് ആരോടും മിണ്ടാതിരിക്കാനൊന്നും കഴിയൂല. പേരോട് സ്കൂളിലും നാട്ടിലും ഒക്കെയായി അവന്‍ എന്തുമാത്രം കൂട്ടുകാരുണ്ടെന്നോ, എല്ലാവരും ഇവിടെ വരുമായിരുന്നു. ഇവിടുന്നു പോയതിന് ശേഷം ഞാന്‍ അവനോടു ചോദിക്കാറുണ്ട് നീ കൂട്ടുകാരെ വിളിക്കാറില്ലേന്ന്. അപ്പോ അവന്‍ പറയും ഞങ്ങളിപ്പോ കാണുന്നില്ലാന്നേയുള്ളൂ ഞങ്ങളുടെ ബന്ധം എവിടെയായാലും അതുപോലെ നിലനില്‍ക്കും. ഇവന് കൈതേരിയുള്ള അസ്മില്‍ എന്ന ഒരു ഫ്രണ്ട് ഉണ്ട്. അവനെ ഉള്യേരി കോളേജില്‍ ചേര്‍ക്കാന്‍ പോയത് വിഷ്ണുവും അവന്‍റെ ഉമ്മയും കൂടെയാണ്. മോന്‍ എന്നോടു പറഞ്ഞു അമ്മെ അസ്മിലിനെ കോളേജില്‍ ചെര്‍ക്കണം ഓന്‍റെ ഉപ്പ നാട്ടില്‍ ഇല്ല. അതുകൊണ്ട് ഞാനും ഓന്‍റെ ഉമ്മയും അസ്മിലും കൂടെയാണ് പോകുന്നതെന്ന്. എന്നിട്ട് പോയി ചേര്‍ത്തിട്ട് വന്നു. മോന്‍ ഹോസ്റ്റലിലേക്ക് പോകുമ്പോള്‍ അസ്മില്‍ ഇവന് കൊണ്ടുപോകാനായി സ്പ്രെയും പിന്നെ എന്തൊക്കെയോ സാധനങ്ങള്‍ അടങ്ങിയ വലിയ ഒരു പാക്കറ്റ് കൊണ്ടുവന്നു കൊടുത്തു.

Also Read: പൊലീസിനു മുന്നില്‍ തോറ്റുപോയ പിണറായി വിജയന്‍

ആറാം തിയ്യതി 5 മണിമുതല്‍ 12 മണിവരെ അസ്മില്‍ മോനെ വിളിച്ചിരുന്നു. വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തത് കൊണ്ട് രാത്രി പന്ത്രണ്ടര മണിയായപ്പോള്‍ എന്‍റെ ഫോണില്‍ വിളിച്ചു. ഞങ്ങള്‍ അന്നേരം അങ്ങോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. എന്‍റെ മോളാണ് ഫോണ്‍ എടുത്തത്. അവള് പറഞ്ഞു ഏട്ടന് കാലില്‍ എന്തോ പറ്റിയിട്ടു ഫോണ്‍ വന്നിട്ട് അമ്മയും എല്ലാരും പോയിനെന്ന്. 12.30 വരെ ഉറങ്ങാണ്ട് വിളിക്കണമെങ്കില്‍ അതെത്ര ബന്ധമായിരിക്കും. പിന്നെ ആ മോന്‍ എന്‍റടുത്തു വന്നിട്ട് പറഞ്ഞു അമ്മേ ഞാന്‍ വിളിച്ചപ്പോള്‍ ജിഷ്ണു ഫോണ്‍ എടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. അസ്മില്‍ ഇടക്കിടെ വരും. ഇനി ഓനല്ലേ എന്‍റെ മോന്‍. അന്നുമുതല്‍ മോന്‍റെ കൂട്ടുകാര്‍ എല്ലാരും വരാറുണ്ട്. അന്ന് രാത്രി കുറെ മക്കള്‍ ഇവിടെ താമസിച്ചിന്. അവര്‍ വരുമ്പോള്‍ എന്‍റെ മോന്‍ വന്നപോലെ തോന്നും. ഇനി എനിക്കു അതല്ലെയുള്ളൂ. മിനിഞ്ഞാന്ന് കോളേജില്‍ ഉള്ള മക്കള്‍ വന്നിരുന്നു. ഞാന്‍ ചോദിച്ചു മക്കളെ ഇങ്ങളൊക്കെ നല്ലോണം പരീക്ഷ എഴുതിയോ എന്ന്. അമ്മേ എങ്ങനെയാ ഞങ്ങള്‍ പരീക്ഷ എഴുതുവാ… എന്‍റെ മോനോട് അത്രയും സ്നേഹം അവര്‍ക്കുണ്ട്.

കോളേജില്‍ ഇവരുടെ പേരെന്‍റ്സ് മീറ്റിംഗ് എങ്ങനെയാണെന്നോ, മക്കളും രക്ഷിതാവും ക്ലാസ് ടീച്ചറും മാത്രം ഉള്ള മീറ്റിംഗാണ്. എന്നിട്ട് അവര്‍ മക്കളുടെ മാര്‍ക്കിന്റെ കാര്യം ഒക്കെ പറഞ്ഞുതരും. നമ്മള്‍ക്ക് ഒന്നും പറയാനുള്ള ഇതൊന്നും ഇല്ല. നമ്മള്‍ക്ക് വേറെ രക്ഷിതാക്കളെ കാണാനുള്ള അവസരം ഒന്നും ഇല്ല. ഞാന്‍ ഇതുവരെ മോന്‍റെ കോളേജില്‍ പോയിട്ടില്ലായിരുന്നു. അച്ഛനാണ് പോയിരുന്നത്. ഇനിയും മൂന്നാല് കൊല്ലം ഉണ്ടല്ലോ പിന്നെ പോകാന്നു കരുതിയതാ. അവസാനം ഞാന്‍ അവന്‍റെ കോളേജില്‍ പോയി. കോളേജ് കാണാനല്ല. അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കൊണ്ട് വരാന്‍ വേണ്ടി. ഇനി ഒരമ്മയ്ക്കും ഈ ഗതി വരരുത്.

അവന്‍ അവധി കിട്ടിയാല്‍ അപ്പപ്പോള്‍ ഇങ്ങോട്ട് വരുമായിരുന്നു. അവന് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് ഇതിന് മുന്‍പ് ഉണ്ടായതായി അറിയില്ല. എന്‍റെ പൊന്നു മോന്‍ അന്നേ വിഷമിപ്പിക്കണ്ട എന്നുകരുതി ഒന്നും പറയാതിരുന്നതാവുമോ? അവനെപ്പോഴും നല്ലകാര്യങ്ങളെ എന്നോടു പറയാറുള്ളൂ. എഞ്ചിനീയറാവുക എന്നത് അവന്‍റെ മാത്രം ആഗ്രഹമായിരുന്നു. ഞങ്ങളാരും അവനെ നിര്‍ബ്ബന്ധിച്ച് വിട്ടതല്ല. അവന്‍ അത്രക്ക് ആഗ്രഹിച്ചത് കൊണ്ടാ അവനെ പിരിഞ്ഞിരിക്കാന്‍ വിഷമം ഉണ്ടെങ്കിലും ഞാന്‍ അവനെ ഹോസ്റ്റലില്‍ നിര്‍ത്തിയത്.

Also Read: നീതിക്ക് വേണ്ടി വന്ന ഒരമ്മയെ വലിച്ചിഴച്ച ഈ പോലീസ് ഇടതുപക്ഷത്തിന്റെതല്ല; മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ

അന്ന് രാവിലെ എന്നെ വിളിച്ചിന്. അന്നേരം എന്നോടു പറഞ്ഞു ഉച്ചക്ക് പരീക്ഷയാണ്. എല്ലാം പഠിച്ചിനോ മോനെന്ന് ഞാന്‍ ചോദിച്ചു. അമ്മേ ഞാന്‍ എല്ലാം പഠിച്ചു, ഇനി എല്ലാം ഒന്നു മറിച്ചു നോക്കിയാല്‍ മതി എന്നു പറഞ്ഞു. ഇനി പരീക്ഷ കഴിഞ്ഞിട്ട് അഞ്ചുമണിക്ക് വിളിക്കാം എന്ന് പറഞ്ഞിട്ടാണ് ഫോണ്‍ വെച്ചത്. അവനൊരിക്കലും അങ്ങനെ കോപ്പിയടിക്കണ്ട ഒരു ആവശ്യവും ഇല്ല. എന്‍റെ മോന്‍ കോപ്പിയടിക്കില്ല എന്നു ഞാന്‍ അന്നെ പറഞ്ഞിന്. പതിനെട്ട് വയസ്സു വരെ ഞാന്‍ പോറ്റിയ എന്‍റെ പൊന്നു മോനെ എനിക്കറിയില്ലേ…. എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ തട്ടിയാണ് ഞാന്‍ പറയുന്നത്, എന്‍റെ മോന്‍ അങ്ങനത്തെ ഒരു തെറ്റും ചെയ്യൂലാ. അത്രക്കും ഓന്‍ പഠിച്ചിന്.

പരീക്ഷയൊക്കെ ആയാല്‍ മോനൊട്ടും ഉറങ്ങൂലാ. സ്കൂളും വിട്ടു വന്നാല്‍ സമയം ഉണ്ടെങ്കില്‍ കളിക്കാന്‍ ഓടും. പെട്ടെന്നു വന്നിട്ട് ടിവി യുടെ അടുത്ത് ഇരിക്കും. എന്നിട്ട് പറയും തടി ചൂടായതാ അമ്മേ ഒന്നു തണുക്കട്ടെന്ന്. പിന്നെ കുളിക്കും. ചോറ് തിന്നുമ്പോള്‍ മേശമേല്‍ വെച്ചിട്ടല്ല തിന്നുക. ടിവിയുടെ മുന്നില്‍ കസേരയില്‍ ഇരുന്നിട്ട് പ്ലേറ്റ് കയ്യില്‍ വെച്ചിട്ടാണ് തിന്നുക. മോന് വല്യ ഒരു പ്ലേറ്റുണ്ട്. അതില്‍ ഞാന്‍ എല്ലാം വിളമ്പിക്കൊടുക്കും. ചോറെല്ലാം തിന്നിട്ട് ഏഴര മുതല്‍ ശരിക്കും ഒരു മണിവരെയെല്ലാം അവന്‍ പഠിക്കാന്‍ ഇരിക്കും. ചോറാദ്യം തിന്ന് ഒരു ഒമ്പതര മണിക്കാണ് ഇവന്‍ വൈകുന്നേരത്തെ ചായയെല്ലാം കുടിക്കുക. കുറെ പഠിച്ചു മടുക്കുമ്പോള്‍ ഒരു ഒന്‍പതര മണി ആകുമ്പോള്‍ എന്നോടു പറയും അമ്മേ എനിക്കു ചായ താന്ന്. ചായ കൊടുത്താല്‍ അതുംകൊണ്ട് ടി വിയുടെ അടുത്ത് ഒരു പത്തു മിനിറ്റ് ഇരിക്കും. എന്നിട്ട് പിന്നെ ഒരു ഒന്നരവരെ എല്ലാം അവന്‍ പഠിക്കും. പിന്നെ അലാറം വെച്ചിട്ട് ഉറങ്ങും. മൂന്നു മണിക്കോ മൂന്നരക്കോ എഴുന്നേറ്റ് ആറുമണിവരെ പഠിക്കും. ആറുമണിയാവുമ്പോ എഴുമണിക്ക് എന്നെ വിളിക്കണം എന്നുപറഞ്ഞു കിടക്കും. ആറ് മണി മുതല്‍ ഏഴു മണിവരെ പരീക്ഷ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉറങ്ങും. ഏഴു മണിക്ക് എണീറ്റ് ചായയെല്ലാം കുടിച്ചു പരീക്ഷക്ക് പോകുന്ന മോനാ. ഓനൊരിക്കലും അങ്ങനെ ചെയ്യില്ല.

ഇതിനിടയില്‍ പരീക്ഷ മാറ്റിവെച്ച ഒരു സംഭവം ഉണ്ടായിന്. ആദ്യം പരീക്ഷ ഡിസംബര്‍ മൂന്നിനാണ് വെച്ചത്. ഡിസംബര്‍ 2നു ഞങ്ങള്‍ ടിവി വെച്ചപ്പോ കണ്ടു ചോദ്യപേപ്പര്‍ ചോര്‍ന്നതുകൊണ്ട് പരീക്ഷ മാറ്റി വെച്ചിനെന്ന്. അന്നേരം രണ്ട് ദിവസം അവിടെ നിന്നിട്ട് അവന്‍ നാട്ടില്‍ വന്നിരുന്നു. കോളേജില്‍ നിന്ന് അവന്‍ എല്ലാരോടും പറഞ്ഞിരുന്നു. ഇനി പരീക്ഷ കുറേ ദിവസം കഴിഞ്ഞിട്ടേ ഉണ്ടാകൂ. നിങ്ങള്‍ എല്ലാരും വീട്ടില്‍ പോയ്ക്കോന്ന്. അവന്റെ കൂടെ ഗള്‍ഫിലും ഡെല്‍ഹിയിലും മറ്റും ഉള്ള കുട്ടികള്‍ പഠിക്കുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ പതിനഞ്ച് ദിവസം കഴിയണ്ടേ പിന്നേയും പരീക്ഷ പ്രഖ്യാപിക്കാന്‍. എന്നാല്‍ കോളേജില്‍ നിന്നു ഒരാഴ്ച കൊണ്ട് പരീക്ഷ പ്രഖ്യാപിച്ചു. അന്നേരം അവനും കൂട്ടുകാരും പരീക്ഷ കണ്‍ട്രോളര്‍ക്ക് പരാതി കൊടുത്തിരുന്നു. അതായിരിക്കും അവര്‍ക്ക് അവനോടു പകയുണ്ടാകാന്‍ കാരണം എന്നു ഞങ്ങള്‍ക്ക് തോന്നുന്നു. അല്ലാണ്ട് വേറൊന്നും കാണുന്നില്ല. ഇതിനു മുന്‍പ് കണക്കിന്‍റെ പരീക്ഷ നടന്നിന്. അത് നെഹ്റു കോളേജ് ഉള്‍പ്പെടെ 6 കോളേജുകളിലേ നടന്നിട്ടുള്ളൂ. ആ പരീക്ഷ കഴിഞ്ഞു 5 മണിക്ക് ഹാളില്‍ നിന്നു ഇറങ്ങിയ ഉടനെ മോന്‍ വിളിച്ചിരുന്നു, അമ്മേ പരീക്ഷ നല്ല ഈസിയായിരുന്നെന്നും നന്നായി എഴുതിയെന്നും അവന്‍ പറഞ്ഞിരുന്നു.

അന്ന് നാല് വരെ അവന്‍ പരീക്ഷ എഴുതിയിരുന്നു. 68 മാര്‍ക്കിന്റെ എഴുതിക്കഴിഞ്ഞപ്പോഴാണ് പ്രവീണ്‍ എന്ന അധ്യാപകന്‍ മോനോടും വേറൊരു ജിഷ്ണു ഉണ്ട് അവനോടും എഴുന്നേറ്റ് നില്ക്കാന്‍ പറഞ്ഞത്. എന്തിനാ നില്‍ക്കാന്‍ പറഞ്ഞത് എന്നു ഇവര്‍ക്ക് രണ്ടാള്‍ക്കും അറിയില്ലായിരുന്നു. പിന്നെയാണ് കോപ്പിയടിച്ചെന്നും പറഞ്ഞ് ഭീഷണിയെല്ലാം വരുന്നത്. പണ്ടെല്ലാം നമ്മള്‍ ഓരോ ഷീറ്റില്‍ അല്ലേ പരീക്ഷ എഴുതുക. ഇപ്പോള്‍ ഉത്തരം എഴുതുന്നതു കുറച്ചു പേജുള്ള ബുക്കില്‍ അല്ലേ. അന്നേരം അത് അപ്പുറോം ഇപ്പുറോം ഒന്നും കാണിച്ചു കൊടുക്കാന്‍ ആകൂലല്ലോ. മുന്നിലും ബാക്കിലുമായിട്ടല്ലേ ഓരോരുത്തരും ഇരിക്കുക. അന്നേരം എങ്ങിനെയാണ് നോക്കി എഴുതാന്‍ കഴിയുക. നമ്മള്‍ ഇരുന്നെഴുതുമ്പോള്‍ നമ്മുടെ ശരീരം കൊണ്ട് മറഞ്ഞിട്ടുണ്ടാവില്ലെ. പിന്നെ എങ്ങനെയാണ് പിറകിലിരുന്നു നോക്കാന്‍ കഴിയുക. ആ മോനും രക്ഷിതാക്കളും എല്ലാം ഇവിടെ വന്നിന്. ആ മോന്‍ പറയുന്നു ഞങ്ങള്‍ രണ്ടാളും ഒരു തെറ്റും ചെയ്തിട്ടില്ലാന്ന്.

മോനെ കൂടെയുള്ള മക്കളാണ് ഹോസ്പിറ്റലില്‍ കൊണ്ട് പോയത്. മക്കള്‍ പറഞ്ഞിട്ടു ഈ പ്രവീണ്‍ എന്നു പറഞ്ഞ ആള്‍ വണ്ടിപോലും കൊടുത്തില്ല. എന്നിട്ട് പുറത്തുള്ള ഒരാളുടെ വണ്ടിയിലാണ് കൊണ്ടുപോയത്. അത്രക്കും ദുഷ്ടനാ അയാള്.

Also Read: പിണറായി, ഇനി താങ്കളുടെ പോലീസ് ഈ അമ്മയെ നിലത്തിട്ട് ചവിട്ടുക കൂടി ചെയ്യട്ടെ

അന്ന് മോള്‍ക്ക് പനിയായിട്ട് ഞാന്‍ ഡോക്ടറെ കാണിച്ചിട്ട് വീട്ടില്‍ വരുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. അഞ്ചു മണിക്ക് മോന്‍ വിളിക്കുന്ന കാണാഞ്ഞിട്ട് ഞാന്‍ അങ്ങോട്ട് വിളിച്ച് നോക്കി. കുറേ വിളിച്ച് ഒരു വിധത്തിലും കിട്ടുന്നില്ല. അവന്‍ ഇങ്ങോട്ട് വിളിക്കുമായിരിക്കും എന്നു ഞാന്‍ വിചാരിച്ചു. പിന്നെ കുറച്ചു കഴിഞ്ഞിട്ട് ഞാന്‍ വീണ്ടും അങ്ങോട്ട് വിളിച്ചുനോക്കി. എന്നിട്ടും കിട്ടിയില്ല. സാധാരണ അവനെ ഫോണില്‍ കിട്ടിയിട്ടില്ലെങ്കില്‍ വാര്‍ഡനെ വിളിച്ച് നോക്കും. അന്നേരം അവന്‍ അവിടെ ഏതെങ്കിലും റൂമില്‍ കാണുമെന്ന് അയാള്‍ പറയും. ചിലപ്പോ പഠിക്കുമ്പോള്‍ ഇവര്‍ ഫോണ്‍ വാര്‍ഡന്‍റെ കയ്യില്‍ കൊടുക്കും. മോന്‍റെ ഫോണില്‍ പൈസ ഇല്ലെങ്കില്‍ വാര്‍ഡന്‍റെ ഫോണില്‍ നിന്ന് മോന്‍ മിസ്സ് കാള്‍ അടിക്കും. അന്നേരം ഞാന്‍ അങ്ങോട്ട് വിളിക്കും.

അന്ന് മോനേ വിളിച്ചിട്ടൊന്നും കിട്ടിയില്ല. ചായ കുടിച്ചിട്ട് വാര്‍ഡന്‍റെ നമ്പറില്‍ വിളിച്ച് നോക്കാം എന്നു വിചാരിച്ച് ഞാന്‍ ചായ കയ്യിലെടുത്തതും വാര്‍ഡന്‍റെ ഫോണ്‍ വന്നു. ഫോണില്‍ വാര്‍ഡന്‍റെ നമ്പര്‍ കണ്ടപ്പോള്‍ എനിക്കെന്തോ ഒരു സമാധാനം കിട്ടിയപോലെ തോന്നി. ഞാന്‍ ഹലോന്നു പറഞ്ഞപ്പോള്‍ നെഹ്രു കോളേജിലെ വാര്‍ഡനാ വിളിക്കുന്നെന്ന് അയാള് പറഞ്ഞു. പിന്നെ അയാള് പറഞ്ഞു മോനിങ്ങനെ ഷാള് കൊണ്ട്… എനിക്കൊന്നും മനസ്സിലായില്ല, എന്താ പറയുന്നേന്ന് ഞാന്‍ ചോദിച്ചു. അപ്പോ ജിഷ്ണു, സൂയിസൈഡ് എന്ന രണ്ട് വാക്ക് ഞാന്‍ കേട്ടു. എനിക്കൊന്നും മനസ്സിലായില്ല. എന്‍റെ ആപ്പനും ഭാര്യയും ഇവിടെ ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് ഫോണ്‍ ആപ്പന് കൊടുത്തു. പിന്നെ ഞാന്‍ എങ്ങനെയോ ഒരു സാരിയെടുത്ത് ഉടുത്തു റോഡിലേക്ക് ഓ‌ടി‌. ആപ്പന്റെ മോന് വണ്ടിയുണ്ട്, ഞാന്‍ അവരോടു പറഞ്ഞു നമ്മള്‍ക്ക് വേഗം മോന്‍റടുത്ത് പോണന്ന്. അപ്പോഴേക്കും ജിഷ്ണുവിന്റെ അച്ഛനും എന്‍റെ അച്ഛന്‍റെ ജ്യേഷ്ടന്‍റെ മക്കളും വണ്ടിയുമായി വന്നു. ഞാന്‍ എത്ര പറഞ്ഞിട്ടും ഇവര്‍ എന്നെ കൂട്ടുന്നില്ല. ഞാന്‍ റോഡില്‍ കിടന്നു ഉരുളുകയും ബഹളം വെക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ എന്നെ കൂട്ടിയത്. എനിക്കു എത്രയും പെട്ടെന്ന് എന്‍റെ മോനെ കാണണമായിരുന്നു. പിന്നെ ഇവര്‍ എന്നോടു പറഞ്ഞു കാലിന് എന്തോ പറ്റിയതാണെന്ന്. ഞാന്‍ വിചാരിച്ചു മോന്‍ എപ്പോഴും ഭയങ്കര സ്പീഡിലാണ് നടക്കുകയും സ്റ്റെപ്പ് കയറുകയും ഒക്കെ ചെയ്യുക. അന്നേരം എങ്ങാനും വീണതായിരിക്കും. ഞാന്‍ അന്നേരം വിചാരിച്ചു ദൈവമേ കാലിന് മാത്രം ആയിക്കോട്ടെ, കുറച്ചു ദിവസം കിടന്നാല്‍ മതിയല്ലോ. വേറൊന്നും പറ്റില്ലല്ലോ. പോകുന്ന വഴിക്കെല്ലാം ഇവര്‍ എല്ലാരും ഇടക്ക് വണ്ടി നിര്‍ത്തിയിട്ട് ദൂരെ മാറിനിന്ന് ഫോണ്‍ ചെയ്യുന്നുണ്ട്. എങ്ങനെയെല്ലോ അവിടെ എത്തി. ആങ്ങളയും ആപ്പന്‍റെ മക്കളും ഞങ്ങളെ രണ്ട് പേരെയും ഒരു റൂമില്‍ കൊണ്ടിരുത്തി. എന്നിട്ട് പറഞ്ഞു ആറ് മണിക്കേ മോനെ കാണാന്‍ പറ്റൂ. നിങ്ങള്‍ ഇവിടെ ഇരിക്ക്. നിങ്ങളെ ആശുപത്രിയില്‍ കൊണ്ട് പോയാല്‍ ശരിയാവില്ല. മോനെ എത്രയും പെട്ടെന്ന് കോഴിക്കോട് മിംസില്‍ എത്തിക്കണം. ഞാന്‍ മുറിയില്‍ കരഞ്ഞു കൊണ്ടിരുന്നു. എന്‍റെ അച്ചന്റെ ഒരു പെങ്ങളുടെ മോന്‍റെ ഭാര്യ ഡോക്ടറാണ്. അവര്‍ എറണാകുളത്താണ്. അവര്‍ വരുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ വിചാരിച്ചു അവള്‍ ഡോക്ടര്‍ അല്ലേ അവര്‍ വന്നാല്‍ എന്‍റെ മോന്‍റെ കൂടെ ആശുപത്രിയില്‍ നില്‍ക്കുമല്ലോന്ന്. എന്‍റെ മോന്‍റടുത്ത് അവരുണ്ടാകുമല്ലോ എന്നു ഞാന്‍ സമാധാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവര് വന്ന് ഞങ്ങളുടെ മുറിയില്‍ ഇരുന്നു. അന്നേരം ഞാന്‍ ചോദിച്ചു എന്താ ജെസ്സീ നീ എന്റടുത്ത് വന്നിരിക്കുന്നെ. എന്‍റെ മോന്‍റടുത്തല്ലേ പോണ്ടതെന്ന്. അപ്പോ അവര്‍ പറഞ്ഞു ഞങ്ങള്‍ ഇവിടെ എത്തുമ്പോള്‍ പന്ത്രണ്ടു മണിയായി. അവര്‍ ഉള്ളില്‍ കയറാന്‍ സമ്മതിക്കുന്നില്ല. പിന്നെ ഞാന്‍ ഡോക്ടറെ കണ്ട് എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിനെന്ന്. മോന്‍ തലയിടിച്ച് വീണിട്ട് ചെറിയൊരു ബ്ലീഡിംഗ് ഉണ്ട്. പ്രശ്നം ഒന്നും ഉണ്ടാവൂലാന്നും അവര്‍ പറഞ്ഞു. വീടിനടുത്ത് ഒരാള് ആക്സിഡന്‍റ് ആയിട്ട് ബോധം ഇല്ലാണ്ട് എത്രയോ ദിവസം ആശുപത്രിയില്‍ കിടന്നിട്ട് ഇപ്പോള്‍ എഴുന്നേറ്റ് നടക്കുന്നുണ്ട്. അതുകൊണ്ട് എന്‍റെ മോനും കുറെ കഴിയുമ്പോള്‍ എല്ലാം ശരിയാകും എന്നു അന്നേരം ഞാന്‍ വിചാരിച്ചു. എന്‍റെ മോനെ കാണുമ്പോള്‍ അവന്‍ കണ്ണുതുറന്ന് എന്നെ നോക്കണമെന്നും എന്നോടു മിണ്ടണം എന്നും ഞാന്‍ പ്രാര്‍ഥിച്ചു. ഇവര്‍ പറയുന്നുണ്ട് അവന്‍ മയക്കത്തിലാണെന്ന് എന്‍റെ മോന്‍ കുറച്ചു കഴിഞ്ഞാല്‍ എല്ലാം എന്നോടു പറയും. ഞാന്‍ കാണുമ്പോള്‍ അവന്‍ കണ്ണ് തുറന്ന് എന്നെ നോക്കും.

ആറ് മണികഴിഞ്ഞിട്ട് കാണാന്നു പറഞ്ഞിട്ടു ഇവര്‍ എന്നെ കൊണ്ട് പോകുന്നില്ല. ആങ്ങളയും ആപ്പന്റെ മക്കളും ഒന്നും എന്റടുത്തു വരുന്നില്ല. ഞാനിങ്ങനെ സമയം നോക്കി നോക്കി ഇവരോട് ചോദിക്കുന്നുണ്ട് എന്താ എന്നെ കൊണ്ട് പോകാത്തത് എന്നു. ഏട്ടുമണിയായിട്ടും ഏവര്‍ എന്നെ കൊണ്ടുപോകാതായപ്പോള്‍ ഞാന്‍ അവിടുന്നു ഇറങ്ങി ഓടി. ഇവര്‍ എന്നോടു പറഞ്ഞു ഇപ്പോ വണ്ടി വരും എന്നിട്ട് നമുക്ക് പോകാം. ഇവിടുന്നു കുറച്ചു ദൂരെ പോണം എന്നു. എന്നിട്ട് എന്നെ പിടിച്ചിരുത്തി. കുറെ കഴിഞ്ഞപ്പോള്‍ ഇവര്‍ എല്ലാരും കൂടെ വന്നു. നമുക്ക് ഇപ്പോ പോണം മോനേ ആശുപത്രിയില്‍ നിന്ന് മിംസിലേക്ക് പെട്ടെന്ന് കൊണ്ടുപോകണം എന്നു പറഞ്ഞു. ദൈവമേ, എന്‍റെ മോനേ കാണാലോ എന്നു വിചാരിച്ച് ഞാന്‍ കാറില്‍ കയറി. കാര്‍ ഹോസ്പിറ്റലിന്‍റെ മുറ്റത്തു നിര്‍ത്തിയപ്പോള്‍ അവിടെ ഒരു ആംബുലന്‍സ് തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ഞാന്‍ വിചാരിച്ചു മോനെ പെട്ടെന്ന് എത്തിക്കാനായിരിക്കും ഈ ആംബുലന്‍സ് സ്റ്റാര്‍ട്ടാക്കി വെച്ചതെന്ന്. ആംബുലന്‍സില്‍ എല്ലാ സജ്ജീകരണങ്ങളും ഉണ്ടെന്ന് ഇവരെല്ലാം പറയുന്നുണ്ട്. അവിടത്തെ ഡോക്ടര്‍ എത്തിയിട്ടില്ല എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു മോനിങ്ങനെ കിടക്കുമ്പോള്‍ എന്താ ഡോക്ടര്‍ വരാത്തത്. ഇത് എന്തു ഡോക്ടര്‍ ആണെന്ന്. പിന്നെ അവര്‍ പറയുന്നു സിസ്റ്റര്‍ വേണം അവര്‍ എത്തിയിട്ടില്ല എന്നു. ഞാന്‍ ജെസ്സിയോട് ചോദിച്ചു അതെന്താ ജെസ്സീ നീ ഒരു ഡോക്ടര്‍ അല്ലേ. എന്‍റെ മോന്‍റെ കൂടെ നിനക്കു വണ്ടിയില്‍ കയറിക്കൂടെന്ന്. ഞാന്‍ മോന്‍റെ രോഗവിവരം ഒന്നും പഠിച്ചിട്ടില്ല മഹിജേച്ചി എന്ന് അവള്‍ പറഞ്ഞു. പിന്നെ ഞാന്‍ എന്തോ ഒരു മായയില്‍ ആയിപ്പോയതുപോലെ ആയി. ഞാന്‍ പെട്ടെന്ന് കാറില്‍ നിന്നിറങ്ങി ആംബുലന്‍സിന്റെ ഡോറങ് തുറന്നു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് അതില്‍ ഒരു സജ്ജീകരണവും ഇല്ല. ഒന്നും ഇല്ല. എന്‍റെ മോന്‍ മാത്രം. ഒരമ്മയും ഇനി ഇങ്ങനെ ഒരു കാഴ്ച കാണരുതേ എന്നാണ് എന്‍റെ പ്രാര്‍ഥന. ഇവരിനി ഏത് കോടതിയില്‍ നിന്ന് രക്ഷപ്പെട്ടാലും എന്‍റെ ശാപം അവര്‍ക്കുണ്ട്. അവരിനി ഒരിയ്ക്കലും സ്വസ്ഥമായിട്ട് ഉറങ്ങില്ല. അതിനു അവര്‍ക്ക് പറ്റൂലാ. എന്‍റെ മോന്‍റെ മുഖം അവര്‍ കാണും. അവര്‍ സന്തോഷത്തോടെ കിടന്നാലും എന്‍റെ മോന്‍റെ മുഖം അവര്‍ കാണും. അത്രത്തോളം ശപിച്ചിട്ടാ ഞാന്‍ പറയുന്നത്.

Also Read: സ: ഷംസീറേ… തിരക്കാണെന്നറിയാം, കഴിയുമെങ്കില്‍ മാക്‌സിം ഗോര്‍ക്കിയുടെ ‘അമ്മ’ ഒന്നു വായിക്കണം

നെഹ്രു കോളേജ് എന്നു പേരുള്ള കോളേജിലല്ലേ എന്‍റെ മോന്‍ പഠിക്കുന്നത്. നെഹ്രുവും കുട്ടികളും ആയിട്ട് എന്തു സ്നേഹത്തിലായിരുന്നു. കുട്ടികള്‍ എന്നു വെച്ചാല്‍ ജീവനല്ലേ നെഹ്റുവിന്. അങ്ങനത്തെ കോളേജില്‍ ഇത് നടന്നു എന്നു പറഞ്ഞാല്‍ ആ കോളേജിന് പിന്നെ ഇനി ഇവരെന്ത് പേരായിടുക?

ഇവരുടെ അടിയൊക്കെ എന്‍റെ മോന് നല്ലോണം കിട്ടീന്. അതിന്‍റെ പാടൊക്കെ അവന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നു. മൂക്കിന് മുകളിലുള്ള പാട് ഞാന്‍ കണ്ടതാ. ആദ്യം കൊണ്ടുപോയ ഹോസ്പിറ്റലിലെ ഡോക്ടര്‍ പറഞ്ഞിരുന്നു. ശരീരത്തില്‍ എന്തൊക്കെയോ പാടുകള്‍ കാണുന്നുണ്ട്. നല്ല ഡോക്ടര്‍മാര്‍ പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന്. എന്നാല്‍ പി ജി‌ ഡോക്ടര്‍ മാരാണ് എന്‍റെ മോനെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. കോളേജ് അധികൃതരുടെ സ്വാധീനം അത്ര വലുതായിരിക്കും. ഇനിയും നീതി കിട്ടുന്നില്ലെങ്കില്‍ ഇവരുടെ വീട്ടുപടിക്കല്‍ പോയിട്ട് ശരിക്കും മരിക്കാന്‍ തയ്യാറായി തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. ഞാന്‍ എന്തായാലും പകുതിയായി ഇനി എനിക്കു ഒന്നും ആലോചിക്കാനില്ല.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍