UPDATES

28 വര്‍ഷം കോഴിക്കോട് അടിമവേല; അട്ടപ്പാടിയിലെ ആദിവാസി യുവതിക്ക് നല്‍കാന്‍ തീരുമാനിച്ച 8.86 ലക്ഷം രൂപ ശമ്പള കുടിശ്ശിക ചെറിയ തുകയെന്ന് ആരോപണം

ഇത്രയേറെ കാര്യക്ഷമമായി ജില്ലാ ഭരണകൂടം ഇടപെട്ട വിഷയമായിട്ടുപോലും ശിവയ്ക്ക് നീതി നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് അവകാശപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം

ശ്രീഷ്മ

ശ്രീഷ്മ

കോഴിക്കോട് കല്ലായിയില്‍ വര്‍ഷങ്ങളായി അടിമവേല ചെയ്യുന്നതായി പരാതിയുയര്‍ന്ന ആദിവാസി യുവതിയ്ക്ക് പരോക്ഷമായി നീതി നിഷേധിക്കപ്പെടുകയാണെന്ന് സാമൂഹിക പ്രവര്‍ത്തകര്‍. മാസങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന പരാതിയില്‍ മാധ്യമങ്ങളും ആദിവാസി അവകാശ പ്രവര്‍ത്തകരും ഇടപെട്ടതോടെ, ജില്ലാ ഭരണകൂടവും വനിതാ കമ്മീഷനും അടക്കമുള്ളവര്‍ കല്ലായിയിലെ ഗീതാ നിലയത്തില്‍ ജോലി ചെയ്യുന്ന അട്ടപ്പാടി സ്വദേശിയായ ശിവാളിനെ നേരിട്ടു സന്ദര്‍ശിച്ച് സംസാരിച്ചിരുന്നു. ജോലി ചെയ്യുന്ന വീട്ടില്‍ ശിവാളിന് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നതായി കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വനിതാ കമ്മീഷന്റെ നിലപാടെങ്കിലും, തുടര്‍ന്ന് ജില്ലാ കലക്ടര്‍ നേരിട്ടു തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ശിവാളിന്റെ ബാലാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതായും ഗാര്‍ഹിക തൊഴിലാളിക്കു നല്‍കേണ്ടുന്ന അടിസ്ഥാന വേതനം നല്‍കിയിട്ടില്ലെന്നും പരാമര്‍ശിച്ചിട്ടുണ്ട്. നേരിട്ടു കണ്ടു ബോധ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ച്, ശിവാളിന് നല്‍കാനുള്ള ശമ്പള കുടിശ്ശിക ഉടന്‍ കൈമാറാനും, തിരിച്ചറിയല്‍ രേഖകളില്ലാത്ത ശിവാളിന് പതിനഞ്ചു ദിവസത്തിനകം രേഖകള്‍ തയ്യാറാക്കി നല്‍കണമെന്നും കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ അപാകതകളുണ്ടെന്ന് വിഷയത്തില്‍ ആദ്യം ഇടപെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ മുജീബ് അടക്കമുള്ളവര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, ഉത്തരവില്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പോലും പാലിക്കപ്പെട്ടിട്ടില്ലെന്ന വിമര്‍ശനമുയര്‍ത്തുകയാണ് ആദിവാസി അവകാശ പ്രവര്‍ത്തകയായ അമ്മിണി വയനാട്.

ഉത്തരവിറങ്ങി പതിനഞ്ചു ദിവസത്തിനകം ശിവാളിന് തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നല്‍കണം എന്നായിരുന്നു ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്ന നിര്‍ദ്ദേശം. എന്നാല്‍ പതിനഞ്ചു ദിവസം പിന്നിട്ടിട്ടും നടപടിക്രമങ്ങള്‍ നടക്കുകയാണ് എന്ന പതിവു പല്ലവി ആവര്‍ത്തിക്കുകയാണ് അധികൃതര്‍. അതിനോടൊപ്പം തന്നെ, ഇത്രകാലം ഗീതാനിലയത്തില്‍ ഗിരീഷിന്റെ വീട്ടില്‍ ജോലി ചെയ്തതിന്റെ ശമ്പളയിനത്തില്‍ 8.86 ലക്ഷം രൂപ ശിവാളിന് നല്‍കണമെന്നായിരുന്നു ജില്ലാ ലേബര്‍ ഓഫീസറുടെ നോട്ടീസ്. പതിനൊന്നു വയസ്സുമുതല്‍ ഇരുപത്തിയെട്ടു വര്‍ഷം ജോലി ചെയ്തതിന് 8.86 ലക്ഷം രൂപ എന്നത് തീരെ ചെറിയ തുകയാണെന്നും, ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ച് ശിവയെ എല്ലാ കാലത്തും അതേയിടത്ത് പിടിച്ചു നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളാണ് നോക്കുന്നതെന്നും അമ്മിണി ആരോപിക്കുന്നു. നവോത്ഥാന കേരളം സ്ത്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ അമ്മിണി, ബിന്ദു അമ്മിണി, സിനി എന്നിവര്‍ നേരത്തേ ശിവയെ നേരിട്ടു കണ്ട് സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ശിവയുടെ കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അവകാശ ലംഘനങ്ങളെക്കുറിച്ച് അമ്മിണി പറയുന്നതിങ്ങനെ:

‘കോഴിക്കോട് ജില്ലാ ഭരണകൂടം ശിവയുടെ കാര്യത്തില്‍ രണ്ട് ഉത്തരവുകളാണ് ഇറക്കിയിട്ടുള്ളത്. ആദ്യത്തേതില്‍ പറയുന്നത് അടിമവേലയില്‍ നിന്നും മോചിപ്പിക്കണമെന്നും തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നല്‍കണമെന്നും ഇത്രനാള്‍ ജോലി ചെയ്തതിന്റെ പ്രതിഫലം കണക്കാക്കി ഈടാക്കണമെന്നുമാണ്. അതേ വീട്ടില്‍ത്തന്നെ ശിവയ്ക്ക് തുടരാനുള്ള സാധ്യത കൂടി സംരക്ഷിച്ചുകൊണ്ടായിരുന്നു ആ ഉത്തരവ്. മാത്രമല്ല, പ്രതിഫലം കുടിശ്ശികയായതില്‍ തിരിച്ചു കൊടുക്കാന്‍ കണക്കാക്കിയിരിക്കുന്ന 8.86 ലക്ഷം രൂപ എന്നത് പതിനൊന്നു വയസ്സു മുതല്‍ ശിവ അവിടെ ചെയ്ത ജോലിയുടെ ശരിയായ വേതനമല്ല. അത്ര വര്‍ഷം പണി ചെയ്തതല്ലേ. ഇത്ര ചെറിയ തുകയല്ല അവരോട് ഈടാക്കേണ്ടത്. നല്ല സമ്മര്‍ദ്ദവും സ്വാധീനവും ഈ റിപ്പോര്‍ട്ടിനു പിറകിലുണ്ട്. ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവ് മാത്രമാണീ തുക. ആ വീട്ടില്‍ നിന്നും പുറത്തുവന്നാല്‍ ശിവയ്ക്ക് എങ്ങിനെയാണ് ഇത്ര ചെറിയ തുക കൊണ്ട് പുതിയൊരു ജീവിതം ഉണ്ടാക്കാന്‍ സാധിക്കുക? പതിനഞ്ചു ദിവസത്തില്‍ ആധാര്‍ കാര്‍ഡും മറ്റും ശരിയാക്കിക്കൊടുക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും അക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. റേഷന്‍ കാര്‍ഡിന്റെ കോപ്പിയൊക്കെ ഗിരീഷ് ശിവയുടെ ബന്ധുക്കളോട് വാങ്ങിവച്ചിട്ടുണ്ട്. പക്ഷേ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രം. ഈ തുക അവര്‍ ശിവയ്ക്ക് കൊടുത്താല്‍ത്തന്നെ അവര്‍ ആ വീട്ടില്‍ നില്‍ക്കുന്നിടത്തോളം കാലം ഗിരീഷിന്റെ കുടുംബം തന്നെ അത് കൈകാര്യം ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്? കണക്കും കാര്യങ്ങളും നോക്കാനുള്ള വിദ്യാഭ്യാസം ശിവയ്ക്കില്ലല്ലോ. ശിവയെ അവിടെനിന്നും പുറത്തു കൊണ്ടുവരികയാണ് വേണ്ടത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമെല്ലാം സമ്മര്‍ദ്ദത്തിന് വിധേയരാണെന്നാണ് എനിക്കു മനസ്സിലാകുന്നത്. ശിവയെ വീട്ടില്‍ നിന്നും പുറത്തുവിടുന്നതില്‍ അവര്‍ക്കെന്താണ് തടസ്സം. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ആളുകളെപ്പോലും മോചിപ്പിച്ചുകൊണ്ടുവരുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. അങ്ങിനെയൊരിടത്താണ് കണ്‍മുന്നില്‍ ഇത്രവലിയൊരു നീതിനിഷേധം നടക്കുന്നത്.’

ശിവാളിനെ കുറിച്ച് അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ ഇവിടെ വായിക്കാം:>
28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

28 വര്‍ഷമായി അടിമ വേല ചെയ്യുന്ന ശിവാളിന് 75 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നാവശ്യം, ഉടന്‍ കൌണ്‍സലിംഗും ലഭ്യമാക്കണം

28 വര്‍ഷത്തിനു ശേഷം ആദിവാസി യുവതി ശിവാളിന് മോചനം, പക്ഷേ അടിമപ്പണി ചെയ്യിച്ചയാളുടെ വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവ് അട്ടിമറിയെന്ന് ആരോപണം

സബ് കലക്ടര്‍, തഹസില്‍ദാര്‍, സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍, ലേബര്‍ ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ശിവയുടെ വിഷയത്തില്‍ ചുമതലകള്‍ നല്‍കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡും മറ്റു തിരിച്ചറിയല്‍ രേഖകളും ശിവയ്ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, ഉടന്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നുമാണ് ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസറുടെ പ്രതികരണം. അക്ഷയ മുഖേന തിരിച്ചറിയല്‍ രേഖകള്‍ ഉടന്‍ തന്നെ ശരിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഉത്തരവ് പുറത്തിറങ്ങി നാളിത്രയായിട്ടും എന്തുകൊണ്ടാണ് നടപടികള്‍ അനിശ്ചിതമായി നീളുന്നത് എന്ന ചോദ്യത്തിനു മാത്രം വ്യക്തമായ മറുപടിയില്ല. അതേസമയം, സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതുപോലെ ശിവയെ ഗീതാനിലയത്തില്‍ നിന്നും മാറ്റാനുള്ള നീക്കങ്ങള്‍ നടത്തില്ലെന്നാണ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ വിശദീകരിക്കുന്നത്. കലക്ടറുടെ ഉത്തരവില്‍ ശിവയെ അതേ വീട്ടില്‍ താമസിപ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും അതിനാല്‍ മാറ്റിത്താമസിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഉത്തരവില്‍ അത്തരമൊരു നിലപാടെടുത്തത് ശിവ ഒരിക്കലും സ്വതന്ത്രയാകാതിരിക്കാനാണ് എന്ന് അമ്മിണിയും മുജീബുമടക്കമുള്ളവര്‍ ആരോപിക്കുന്നുണ്ട്.

അതേസമയം, ശിവയ്ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക കണക്കാക്കിയ വിഷയത്തില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയിട്ടില്ലെന്ന് ജില്ലാ ലേബര്‍ ഓഫീസറും പറയുന്നു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വേതന വ്യവസ്ഥകള്‍ അനുസരിച്ചാണ് തുക കണക്കാക്കിയിരിക്കുന്നതെന്നാണ് ലേബര്‍ ഓഫീസറുടെ പ്രതികരണം. ‘ഗാര്‍ഹിക തൊഴിലാളിക്കുള്ള മിനിമം കൂലി കണക്കാക്കിയാണ് നോട്ടീസ് കൊടുത്തിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ണയിച്ചിരിക്കുന്ന തുക കണക്കാക്കിയേ ഞങ്ങള്‍ക്ക് നോട്ടീസ് കൊടുക്കാന്‍ സാധിക്കൂ. 2010ലാണ് ഗാര്‍ഹിക തൊഴിലാളിക്കു മിനിമം കൂലി നിജപ്പെടുത്തിയിരിക്കുന്നത്. അന്നു നിശ്ചയിച്ച അടിസ്ഥാന ശമ്പളവും വേരിയബിളിറ്റിയും ചേര്‍ത്ത് കണക്കാക്കിയാണ് പണ്ടു മുതല്‍ക്കുള്ള കുടിശ്ശിക എത്രയാണെന്ന് തീരുമാനിച്ചിരിക്കുന്നത്. ഈ തുക പോരാ എന്നാണെങ്കില്‍, കക്ഷികള്‍ കോടതിയില്‍ പോകേണ്ടിവരും. സര്‍ക്കാര്‍ നിശ്ചയിച്ച കൂലിയല്ലേ ഞങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യാനാകൂ. നോട്ടീസ് കൈപ്പറ്റി പതിനഞ്ചു ദിവസങ്ങള്‍ക്കകം പണം അടയ്ക്കണം എന്നാണ് നിബന്ധന. പതിനഞ്ചു ദിവസം കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്.’

ശിവയ്ക്ക് ലഭിക്കേണ്ട മൗലികാവകാശങ്ങളുടെ കാര്യത്തില്‍ ഇത്രയേറെ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതിനിടെ, ശിവയെ അട്ടപ്പാടിയിലെ മേലേ ചാവടിയൂര്‍ ഊരിലേക്ക് തിരികെ കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അട്ടപ്പാടി എസ്.എം.എസ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയിരിക്കുകയാണ് പിതാവും സഹോദരങ്ങളും. കോഴിക്കോട് ജോലിയ്ക്കു പോയ ശിവയെ അമ്മ മരിച്ചത് അറിഞ്ഞപ്പോള്‍ പോലും തിരികെ വിട്ടില്ലെന്നും, ശമ്പളമായി യാതൊന്നും കൊടുത്തില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ശിവ അടിമവേല ചെയ്യുകയാണെന്ന് അറിഞ്ഞത് വളരെ വൈകിയാണെന്ന് പരാമര്‍ശിക്കുന്ന പരാതിയില്‍, പൂര്‍ണ സംരക്ഷണം ഏറ്റെടുക്കാന്‍ കുടുംബം തയ്യാറാണെന്നും സൂചിപ്പിക്കുന്നുണ്ട്. പിതാവിന് ശാരീരികാസ്വാസ്ഥ്യങ്ങള്‍ നേരിടുന്ന സമയം കൂടിയായതിനാല്‍, ശിവയെ മോചിപ്പിച്ച് വീട്ടിലേക്ക് തിരികെയെത്തിക്കണം എന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവരും എന്നും ശിവയുടെ കുടുംബം പറയുന്നുണ്ട്. പരാതി സ്വീകരിച്ചിട്ടുണ്ടെന്നും, വിവരമറിയിക്കാമെന്നാണ് തങ്ങളോട് പറഞ്ഞതെന്നും ശിവയുടെ സഹോദരന്‍ മുരുകന്‍ വിശദീകരിക്കുന്നു. “ഞങ്ങള്‍ ചെന്നപ്പോള്‍ സാര്‍ അവിടെയില്ലായിരുന്നു. പരാതി കൊടുത്തിട്ടു പോന്നു. പിന്നെ അറിയിക്കാം എന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോടു വന്ന് ശിവാളിനെ നേരിട്ടു കണ്ടിരുന്നു. തിരിച്ചു വരുന്നില്ലേ എന്നു ഞങ്ങള്‍ ചോദിച്ചു. ഇവിടെ വന്ന് സ്ഥലമൊക്കെ നോക്കിയിട്ട് ആലോചിച്ചു പറയാം എന്നാണ് അന്ന് പറഞ്ഞത്. അവിടെ ഒരു കുഴപ്പവുമില്ല, സുഖമാണ് എന്നും പറയുന്നുണ്ട്. കുറേക്കാലത്തിനു ശേഷമാണ് ശിവയെ കണ്ടത്. ഈ പ്രശ്‌നമൊന്നും ഇത്രകാലം ഞങ്ങള്‍ അറിയാതെ പോയി. ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായല്ലോ. അതുകൊണ്ട് ഞങ്ങളുടെ ഊരിലേക്കു തന്നെ ശിവയെ വിളിച്ചുകൊണ്ടുവരാനാണ് ആഗ്രഹം. നേരത്തേ ഫോണ്‍ നമ്പറും അഡ്രസ്സുമൊന്നും അറിയില്ലായിരുന്നല്ലോ. വീട്ടില്‍ പോയി നോക്കുമ്പോള്‍ അവര്‍ നല്ല പെരുമാറ്റമൊക്കെയാണ്.’

നേരത്തേ, ശിവയുടെ കുടുംബത്തെ അട്ടപ്പാടിയില്‍ നിന്നും തിരിച്ചറിഞ്ഞിട്ടും കോഴിക്കോട്ടേക്ക് അവര്‍ എത്താതിരുന്നതിനു പിറകില്‍ പ്രാദേശിക സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണെന്നും അമ്മിണിയും മുജീബും ആരോപിച്ചിരുന്നു. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന ഗിരീഷിന്റെ രാഷ്ട്രീയസ്വാധീനമാണ് ഇതിനു പിറകില്‍ എന്നായിരുന്നു ആരോപണം. ശിവയെ ഫോണില്‍ ബന്ധപ്പെടാനും നേരിട്ടു സന്ദര്‍ശിക്കാനും ശ്രമിച്ചപ്പോഴെല്ലാം ഗീരീഷും കുടുംബവും നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളും വെളിപ്പെടുത്തിയിരുന്നു. “പൊലീസ് ഗിരീഷിന്റെ നമ്പറില്‍ വിളിച്ച് സംസാരിച്ചപ്പോഴും ശിവ ആവര്‍ത്തിക്കുന്നത് അവിടെത്തന്നെ നിന്നാല്‍ മതിയെന്നാണ്. തിരിച്ച് വീട്ടിലേക്ക് വരാന്‍ താല്‍പര്യമില്ല എന്ന മട്ടിലാണ് സംസാരിച്ചത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. പക്ഷേ, ഇതിനു പിറകില്‍ വീട്ടുകാരുടെ സമ്മര്‍ദ്ദമുണ്ടെന്നറിയാന്‍ അധികം ചിന്തിക്കേണ്ട കാര്യമില്ലല്ലോ. ഞങ്ങള്‍ നേരിട്ടു കണ്ടു സംസാരിച്ചപ്പോഴും അവിടെ നിന്നും പുറത്തു കടക്കണമെന്നാണ് ശിവ പറഞ്ഞു കൊണ്ടിരുന്നത്. വീട്ടുകാര്‍ കഴിച്ചു കഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാന്‍ അനുവാദമുള്ളൂ എന്നും, അവര്‍ എടുത്തു തരുന്നതു മാത്രമേ കഴിക്കാന്‍ സാധിക്കൂ എന്നും, പരാതികള്‍ ഉയര്‍ന്നു തുടങ്ങിയതിനു ശേഷം ഒരാഴ്ചയ്ക്കുള്ളിലാണ് തനിക്കു കിടക്കാന്‍ ഒരു മുറി തന്നതെന്നും ശിവ ഞങ്ങളോട് നേരിട്ടു പറഞ്ഞിട്ടുള്ളതാണ്. അമ്മ ജീവിച്ചിരിക്കുമ്പോള്‍ വന്നു വാങ്ങിയിരുന്ന മുന്നൂറും നാന്നൂറും രൂപയല്ലാതെ ശമ്പളമൊന്നും കിട്ടിയിട്ടില്ല. അമ്മ മരിച്ചതില്‍പ്പിന്നെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സമ്മതിച്ചിട്ടില്ല. ഇത്രയും കാര്യങ്ങള്‍ ശിവ പറഞ്ഞിട്ടുണ്ട്. ഇന്നത്തെ ദിവസമെന്താണെന്നോ തീയതിയെന്താണെന്നോ പോലും പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ശിവയുള്ളത്. ആ വീടുമായി മാത്രമേ അവര്‍ക്കു ബന്ധമുള്ളൂ. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് ശിവയുടെ ബന്ധുക്കളുടെ വരവ് ഇത്ര വൈകിയത്. യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടപ്പോഴാണ് കഴിഞ്ഞയാഴ്ച അവര്‍ ശിവയെക്കാണാന്‍ വീട്ടിലെത്തിയത്. പ്രശ്‌നങ്ങള്‍ അടങ്ങി എന്നു തോന്നിയപ്പോള്‍ ശിവയെ മുറിയില്‍ നിന്നും വീണ്ടും അടുക്കളയിലേക്കു തന്നെ മാറ്റിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. ഹൈക്കോടതിയില്‍ പരാതി കൊടുക്കാനുള്ള സാധ്യതകളെക്കുറിച്ചാണ് ഇനി ഞങ്ങള്‍ ചിന്തിക്കുന്നത്,” അമ്മിണി പറയുന്നു.

ഇത്രയേറെ കാര്യക്ഷമമായി ജില്ലാ ഭരണകൂടം ഇടപെട്ട വിഷയമായിട്ടുപോലും ശിവയ്ക്ക് നീതി നിഷേധിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്നാണ് അവകാശപ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ചോദ്യം. ഏതു വിധേനെയും ശിവയെ പുറത്തുവിടാതെ വീട്ടില്‍ത്തന്നെ പിടിച്ചു നിര്‍ത്തുന്നതിനു പിറകില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു. എന്തു തരത്തിലുള്ള ഗൂഢാലോചനകളാണ് ഇതിനു പിറകില്‍ എന്നറിയണമെങ്കില്‍, ശിവയെ വീടിനു പുറത്തേക്കു മാറ്റി മതിയായ കൗണ്‍സലിംഗും മറ്റും കൊടുക്കേണ്ടതുണ്ടെന്നാണ് നവോത്ഥാന സ്ത്രീ കൂട്ടായ്മയുടെ നിലപാട്. എസ്.സി/ എസ്.ടി ആക്ട് പ്രകാരം കേസെടുക്കേണ്ട വിഷയമായിത്തന്നെ പരിഗണിക്കണമെന്നും, ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍