UPDATES

ട്രെന്‍ഡിങ്ങ്

നമ്മള്‍ തിരഞ്ഞെടുത്തവരെ കാണാന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കേണ്ട അവസ്ഥ; നീതിനിഷേധത്തിന്റെ 415 ദിവസം

സുരേഷ്-രമ്യാ ദമ്പതികളുടെ സമരം തുടരുന്നു; തങ്ങളുടെ മൂന്നരമാസം പ്രായമുള്ള മകള്‍ രുദ്ര എസ്.എ.ടി മെഡിക്കല്‍ കേളേജില്‍ വെച്ചു മരിച്ചത് ചികിത്സാ പിഴവുകൊണ്ടെന്ന് ആരോപിച്ചാണ് ദമ്പതികള്‍ സമരം ചെയ്യുന്നത്

‘പെറ്റവയറിനെ നോവറിയൂ സാറേ…’ രമ്യ സംസാരിച്ചു തുടങ്ങി, വോട്ടുചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധികളെ കാണാന്‍ സെക്രട്ടറിയേറ്റിനു മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കേണ്ടിവന്ന ഗതികേടിനെ കുറിച്ചായിരുന്നു സുരേഷിന് പറയാനുണ്ടായിരുന്നത്. ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷിയായ രുദ്രയുടെ മാതാപിതാക്കള്‍ സുരേഷ്-രമ്യാ ദമ്പതികളുടെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 415 ദിവസങ്ങള്‍ പിന്നിടുമ്പോഴും നീതിക്കുനേരെയുള്ള കണ്ണടക്കല്‍ തുടരുകയാണ് നിയമപാലകരും ഭരണകൂടവും ചെയ്യുന്നത്. ഒപ്പം സമരം ചെയ്യുന്ന ദമ്പതികള്‍ക്ക് മാനസിക രോഗമാണ് എന്നു പ്രചരിപ്പിക്കുകയും ചെയ്യുന്നു.

തിരുവനന്തപുരം മാറനല്ലൂര്‍ വിലങ്കത്തറയിലെ സുരേഷ്-രമ്യാ ദമ്പതികളുടെ മൂന്നരമാസം പ്രായമുള്ള രുദ്ര, 2016 ജൂലൈ പത്തിനാണ് എസ്.എ.ടി മെഡിക്കല്‍ കേളേജില്‍ മരിക്കുന്നത്. ത്വക്ക് സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം ശ്രീ അവിട്ടം തിരുനാള്‍ (sat) ആശുപത്രിയില്‍ ചികിത്സതേടിയ കുട്ടി ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണ് മരിച്ചതെന്ന് ദമ്പതികള്‍ തെളിവുകള്‍ സഹിതം പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ഡോക്ടറുടെ വിശദീകരണവും തമ്മിലെ വൈരുദ്ധ്യവും സുരേഷ് ചൂണ്ടിക്കാട്ടുന്നു. നീതി നിഷേധത്തിനെതിരെ കഴിഞ്ഞ 415 ദിവസങ്ങളായി തുടരുന്ന സമരം സന്ദര്‍ശിക്കാന്‍ ഇന്നേവരെ ഭരണകക്ഷിയിലെ ഒരാളും ഇന്നേവരെ വന്നില്ലെന്ന് സുരേഷ് പറയുന്നു.

‘ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നമ്മള്‍ തിരഞ്ഞെടുത്തവരെ കാണാന്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കേണ്ട അവസ്ഥയാണ്. അതുപോട്ടെ സാറെ, നമ്മള് തിരഞ്ഞെടുത്തോര് നമ്മക്ക് വേണ്ടി സംസാരിക്കാതെ, പണക്കാര്‍ക്ക് വേണ്ടി സംസാരിക്കുന്നതിന്റെ കാര്യാണ് പിടികിട്ടാത്തത്. നമ്മള് പൈസ ഇല്ലാത്തോരായോണ്ടാകണം നമ്മക്കായിട്ട് സംസാരിക്കാന്‍ നമ്മള്‍ മാത്രമായിപോയത്. അതും ഇവിടെ ഏത് സര്‍ക്കാരാണുള്ളതെന്ന് നിങ്ങളോര്‍ക്കണം.’

മകള്‍ മരിച്ചതെങ്ങനെ? സത്യമറിഞ്ഞില്ലെങ്കില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തീ കൊളുത്തി ചാകുമെന്ന് ദളിത് ദമ്പതികള്‍

കുഞ്ഞിന്റെ മരണത്തില്‍ നടപടിയെടുക്കാന്‍ കഴിയാത്ത നീതിപാലകര്‍, തന്റെ മൂന്ന് വയസ്സുള്ള മൂത്തകുട്ടിയെ വാടകവീട്ടില്‍ നിര്‍ത്താതെ സമരപ്പന്തലില്‍ കൊണ്ടുവന്നതിനാണ് നടപടി എടുത്തതെന്നും സുരേഷ് ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷനേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു എങ്കിലും തുടര്‍നടപടികള്‍ ഒന്നുംതന്നെ ഉണ്ടായില്ലെന്ന് രുദ്രയുടെ അമ്മ രമ്യ പറയുന്നു. ശ്രീജിത്ത് വിഷയത്തിനുശേഷം സോഷ്യല്‍മീഡിയ രുദ്രാ വിഷയം ഭാഗികമായി ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നുവെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഇന്നേവരെ ഉണ്ടായിട്ടില്ല.

‘പെറ്റവയറ്റിനെ നോവറിയു സാറെ, ഇത് എന്റെ മാത്രം അനുഭവമല്ല. ഞങ്ങളെപോലെ സമരത്തിന് മുതിരാതെ മക്കള് നഷ്ടപ്പെട്ട, സങ്കടം ഒതുക്കിവച്ച് കരയുന്ന ഒരുപാട് പേരുണ്ട്. അവരുടെയൊക്കെ നീതിക്കായാണ് ഞങ്ങള് പൊരുതുന്നത്. ഞങ്ങടെ കുട്ടി പോയ അതേ മാസം തന്നെ എസ്.എ.ടി യില്‍ മറ്റ് ഒമ്പത് കുട്ടികള്‍ മരിച്ചിട്ടുണ്ട്. അവരൊക്കെ ആശുപത്രിക്കാര് പറഞ്ഞതും വിശ്വസിച്ചിരിക്കയായിരിക്കണം. ഹോസ്പിറ്റലുകാര് 18 ലക്ഷംവരെ തരാന്ന് പറഞ്ഞിട്ടും നമ്മള് സമരം നിര്‍ത്താത്തത് ഞങ്ങടെ മകള്‍ക്കുണ്ടായ അവസ്ഥ മറ്റൊരു കുട്ടിക്കും വരരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതോണ്ടാണ്. അവര് തരുന്ന പൈസേം വാങ്ങി വീട്ടില്‍ പോയിക്കിടന്നാ ദൈവം ഞങ്ങളോട് പൊറുക്കുമോ, ഞങ്ങളുടെ രുദ്രമോള്‍ടെ ആത്മാവ് ഞങ്ങളോട് പൊറുക്ക്വോ, നീതി കിട്ടാനായിട്ട് ഇവടെ കിടന്ന് മരിക്കേണ്ടി വന്നാലും സങ്കടമില്ല സാറെ, ഞങ്ങള്‍ടെ മോള്‍ടെ അവസ്ഥ മറ്റൊരാള്‍ക്കും വരാതിരുന്നാല്‍ മതി.’രമ്യ പറഞ്ഞു.

മകള്‍ മരിച്ചതില്‍ അന്വേഷണമില്ല; നീതി നിഷേധത്തിനെതിരെ സമരം ചെയ്തതിന് പോലീസ് കേസ്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ഡോക്ടറുടെ വിശദീകരണവും തമ്മിലെ വൈരുദ്ധ്യമാണ് തികച്ചും വിചിത്രമായതെന്ന് രുദ്രയുടെ അച്ഛന്‍ പറയുന്നു. ഡോക്ടറുടെ വിശദീകരണപ്രകാരം കുഞ്ഞിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണമെന്നും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സോഡിയം പൊട്ടാസ്യത്തിന്റെ അളവ് ശരീരത്തില്‍ കൂടിയതാണ് മരണകാരണമെന്നുമാണ് പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ അടക്കം ചെയ്ത കുട്ടിയുടെ മൃതദേഹം ദുരൂഹത കാരണം 10 ദിവസത്തിനു ശേഷമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. അന്ന് സുരേഷിനോട് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞത് ആന്തരികാവയവങ്ങള്‍ പൂനെ, ചെന്നൈ എന്നിവിടങ്ങളിലേക്ക് അയച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നാണ്. എന്നാല്‍ സുരേഷിന് കിട്ടിയത് വെറും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാത്രം. അന്വേഷിച്ചപ്പോളറിഞ്ഞത് മറ്റ് ഒരിടത്തേക്കും ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചില്ലെന്നാണ്. എന്നാല്‍ സംഭവം നടന്ന് ഒന്നരവര്‍ഷത്തിനുശേഷം പ്രശ്‌നം വീണ്ടും ഉയര്‍ന്നപ്പോള്‍ കഴിഞ്ഞദിവസം പോലീസ് വിളിച്ച് ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ഉണ്ടെന്നും, വന്ന് വാങ്ങാനും ആവശ്യപ്പെട്ടെന്ന് സുരേഷ് പറയുന്നു. ആന്തരികാവയവങ്ങള്‍ അയച്ചില്ലെന്ന് മറുപടിപറഞ്ഞവര്‍ ഇപ്പോള്‍ എവിടെനിന്നാണ് ആന്തരികാവയവ പരിശോധനാഫലം കൊണ്ടുവന്നതെന്ന് അറിയണമെന്നും സുരേഷ് ആവശ്യപ്പെടുന്നു. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷണവസ്തുവായാണ് അവര്‍ മകളെ കണ്ടതെന്നും, അതിനാല്‍ മാത്രമാണ് മരണം നടന്നതെന്നും സുരേഷും രമ്യയും, ആവര്‍ത്തിക്കുന്നു.

‘രുദ്രയുടെ മാതാപിതാക്കള്‍ വഴിപിഴച്ചവര്‍, ശ്രീജിത്തിന്റെ സമരം കാശിന് വേണ്ടി’; അശ്വതി ജ്വാലയോട് പോലീസിന്റെ സദാചാര പ്രസംഗം

ബാലാവകാശകമ്മീഷന് നാലുതവണയും,മനുഷ്യാവകാശകമ്മീഷന് വേറെയും പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസം മെഡിക്കല്‍ ബിരുധധാരികൂടിയായ തിരുവനന്തപുരം ജില്ലാകലക്ടര്‍ ഡോ. കെ വാസുകി രുദ്രയുടെ മാതാപിതാക്കളെ ഹിയറിങിന് വിളിക്കുകയും, മോശമായരീതിയില്‍ പെരുമാറുകയും ചെയ്തത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ അഞ്ചാം തിയ്യതി ആരോഗ്യവകുപ്പ് മന്ത്രി ശൈലജടീച്ചര്‍ ഇവരെ ഓഫീസിലേക്ക് വിളിപ്പിക്കുകയും, ആശുപത്രിക്കാരെ ന്യായീകരിക്കാന്‍ ശ്രമിക്കുകയും, സമരത്തില്‍നിന്ന് പിന്തിരിയണം എന്ന രീതിയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സദാസമയവും കുട്ടിയെക്കുറിച്ച് ചിന്തിക്കുകയും, കുട്ടിയുടെ ചിത്രം കാണുകയും ചെയ്യുന്നതിനാല്‍ മനോനില തകരാറായാതാണെന്ന് മുഖത്ത് നോക്കിപ്പറഞ്ഞതായും സുരേഷ് പറയുന്നു. നീതിക്കായി സമരം ചെയ്യുന്നവരെ ഭ്രാന്തന്മാരാക്കാനുള്ള ഭരണകൂട വ്യഗ്രതയാണ് ഇവിടെ കാണാന്‍ കഴിയുന്നത്.

സെക്രട്ടേറിയറ്റ് പടിക്കല്‍ കാലങ്ങളായി സമരമുഖത്തുള്ള ഓരോരുത്തരും ഭരണകൂടത്തിനുള്ള ചോദ്യങ്ങളാണ്. ശ്രീജിത്തിന്റെ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതിന്റെ പിന്‍പറ്റിയാണ് രുദ്ര വിഷയം ഇപ്പോഴും ചര്‍ച്ചയിലേക്കെത്തുന്നത്. വിഷയ ബാഹുല്യത്തില്‍ ഇനിയും കണ്ണുതുറക്കാത്ത ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയിലേക്ക് നീതി തേടിയുള്ള ഈ മാതാപിതാക്കളുടെ കണ്ണീര്‍ ഇനിയും അവഗണിക്കപ്പെടരുത്.

എന്നെ യൂത്ത് കോണ്‍ഗ്രസുകാരിയായി ചിത്രീകരിച്ച് അപമാനിക്കരുതേ: അശ്വതി ജ്വാല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍