UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

എന്നും പ്രവചനാതീതന്‍, കെ മുരളീധരന്‍

മുരളീധരന്റെ വടകരയിലേക്കുള്ള വരവിനു പിന്നിൽ യു ഡി എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗും ആർ എം പിയുമാണെന്നാണ് മാധ്യമ വാർത്തകൾ

കെ എ ആന്റണി

കെ എ ആന്റണി

ഏറെ തർക്കങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ കൂടി എത്തിയതോടെ കടത്തനാട്ടിൽ ഇക്കുറി തീപാറുന്ന അങ്കം തന്നെ പ്രതീക്ഷിക്കാം. സി പി എമ്മിലെ പി ജയരാജനെതിരെ ആരെ പരീക്ഷിക്കും എന്നറിയാതെ കോൺഗ്രസ് നേതൃത്വം പതറി നിൽക്കവെയാണ് മുരളീധരന്റെ ഈ അപ്രതീക്ഷിത രംഗപ്രവേശം. ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ വടകരയിൽ ആരെയാണ് രംഗത്തിറക്കാൻ പോകുന്നതെന്ന് ഇനിയും വ്യക്തമല്ല. പ്രധാന ചേകവന്മാർ അങ്കത്തട്ടിലെത്തിയതോടെ അതിനി അത്ര പ്രസക്തവുമല്ല എന്നതാണ് വടകരയിലെ ഇപ്പോഴത്തെ സ്ഥിതി.

വയനാട്ടിൽ സീറ്റ് തരപ്പെടാത്തതുകൊണ്ടാണ് മുരളീധരൻ വാടകരയിലേക്കു വരുന്നതെന്നും മുരളീധരൻ വരുന്നതോടെ വീണ്ടും ഒരു കോ-ലീ-ബി കൂട്ടുകെട്ടിനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നു എന്നുമാണ് മുരളിയുടെ വടകരയിലേക്കുള്ള വരവിനെ കുറിച്ച് സി പി എം സ്ഥാനാർഥി പി ജയരാജൻ പ്രതികരിച്ചത്. എന്നാൽ മുരളിയുടെ വരവോടെ സി പി എമ്മും ജയരാജനും ആകെ അങ്കലാപ്പിലായിരിക്കുന്നു എന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ പ്രതികരണം. സത്യത്തിൽ വടകരയിൽ മത്സരിക്കാൻ മുരളീധരൻ തയ്യാറായതോടെ രക്ഷപ്പെട്ടത് കെ പി സി സി പ്രസിഡന്റും വടകരയിലെ സിറ്റിംഗ് എം പിയുമായ മുല്ലപ്പള്ളി രാമചന്ദ്രനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനും ഏറെ മുൻപ് തന്നെ ഇത്തവണ താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും വടകരയിൽ മത്സരിക്കാൻ അവസാന നിമിഷം വരെ അത്രമേൽ സമ്മർദ്ദമുണ്ടായിരുന്നു മുല്ലപ്പള്ളിക്കുമേൽ.

മുരളീധരന്റെ വടകരയിലേക്കുള്ള വരവിനു പിന്നിൽ യു ഡി എഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗും ആർ എം പിയുമാണെന്നാണ് മാധ്യമ വാർത്തകൾ. ലീഗിൽ നിന്നും അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ആണത്രേ പ്രധാനമായും ചരട് വലിച്ചത്. ആർ എം പി നേതാവ് കെ കെ രമ പലവട്ടം മുല്ലപ്പള്ളിയുമായും മുരളീധരനുമായും ആശയ വിനിമയം നടത്തിയതായും വാർത്തകളുണ്ട്. സമ്മർദ്ദം ആരുടെയൊക്കെ ഭാഗത്തു നിന്നായിരുന്നാലും ഒടുവിൽ കോൺഗ്രസിന്റെയും യു ഡി എഫിന്റെയും ആർ എം പി യുടേയുമൊക്കെ മാനം കാക്കാൻ കരുണാകര പുത്രൻ തന്നെ രംഗത്തിറങ്ങിയിരിക്കുന്നു.

തന്റെ പത്താമത്തെ തിരെഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്ന മുരളീധരനെ സംബന്ധിച്ചിടത്തോളം വടകര ഒരു അപരിചിത ഭൂമികയല്ല. മുരളിയുടെ ആദ്യകാല രാഷ്ട്രീയ പ്രവർത്തനത്തിന്റെ തട്ടകം തന്നെ വടകര മണ്ഡലം കൂടി ഉൾപ്പെടുന്ന കോഴിക്കോടായിരുന്നു. സേവാദൾ കോഴിക്കോട് ജില്ലാ ചെയർമാൻ ആയി പൊടുന്നനെ കോൺഗ്രസ് രാഷ്ട്രീയത്തിലെത്തിയ മുരളി ഏറെക്കാലം അറിയപ്പെട്ടിരുന്നത് ലീഡർ കെ കരുണാകരന്റെ പുത്രൻ എന്ന ലേബലിൽ ആയിരുന്നെങ്കിൽ ഇന്നിപ്പോൾ മുരളിക്ക് അത്തരം ലേബലുകളുടെ ആവശ്യമില്ല. കേരളത്തിലെ ഇരുത്തം വന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായാണ് കെ മുരളീധരൻ ഇപ്പോൾ അറിയപ്പെടുന്നത്.

സേവാദൾ കോഴിക്കോട് ജില്ലാ ചെയർമാൻ ആയിരിക്കെ 1989 ലായിരുന്നു മുരളിയുടെ കന്നിപ്പോരാട്ടം. കോഴിക്കോട് ലോക് സഭ മണ്ഡലത്തിൽ നിന്ന് സി പി എമ്മിലെ ഇ കെ ഇമ്പിച്ചിബാവക്കെതിരെ. ആ തിരെഞ്ഞെടുപ്പിൽ മുരളിക്ക് സീറ്റ് ലഭിച്ചതിനെച്ചൊല്ലി കോൺഗ്രസ് പാർട്ടിയിൽ വലിയ വിവാദം ഉണ്ടായിരുന്നെങ്കിലും കരുണാകരനറെ കരുത്തിൽ മുരളി ജയിച്ചു കയറി. 1991ലും കോഴിക്കോട് നിന്നും വിജയം ആവർത്തിച്ചെങ്കിലും 96ൽ എം പി വീരേന്ദ്രകുമാറിനോട് തോറ്റു. 98ൽ മണ്ഡലം മാറി തൃശ്ശൂരിൽ നിന്നും മത്സരിച്ചപ്പോഴും സി പി ഐ യിലെ വി വി രാഘവനോടും തോറ്റു. 99ൽ വീണ്ടും കോഴിക്കോട് നിന്നും വിജയിച്ചു .

1992 ൽ കെ പി സി സി ജനറൽ സെക്രട്ടറിയും 99 ൽ ഏക വൈസ് പ്രസിഡന്റും ആയ മുരളി 2001 ൽ കെ പി സി അധ്യക്ഷനായി. എന്നാൽ രാജ്യ സഭ സ്ഥാനാർഥി നിർണയത്തിൽ പ്രതിക്ഷേധിച് രാജിവെച്ച മുരളിയെ എ കെ ആന്റണി അദ്ദേഹത്തിന്റെ മന്ത്രി സഭയിൽ വൈദുതി മന്ത്രിയാക്കി. തുടർന്ന് ‘ഐ’ ഗ്രൂപ്പുകാരനായിരുന്ന വി ബൽറാമിനെ രാജിവെപ്പിച്ചു ഉപതെരെഞ്ഞെടുപ്പിനെ നേരിട്ട മുരളീധരന് സി പി എമ്മിലെ എ സി മൊയ്തീനോട് തോല്‍ക്കാനായിരുന്നു വിധി.

കോൺഗ്രസ്സുമായി തെറ്റിപ്പിരിഞ്ഞു ഡി ഐ സി (കെ) രൂപീകരിച്ച മുരളി യു ഡി എഫ് സ്ഥാനാർത്ഥിയായി 2006ൽ കൊടുവള്ളിയിൽ നിന്നും മത്സരിച്ചു പരാജയപ്പെട്ടു. പിന്നീട് എൻ സി പി കേരള ഘടകം പ്രസിഡന്റ് ആയി 2009 ൽ വയനാട് ലോക്സഭ മണ്ഡലത്തിലും മത്സരിച്ചു തോറ്റു. എന്നാല്‍ ഒറ്റയ്ക്ക് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ ഒറ്റയ്ക്ക് പിടിച്ചു എന്നത് കാണാതിരിക്കാനാവില്ല. എൻ സി പി വിട്ടു കോൺഗ്രസിൽ തിരിച്ചെത്തിയ മുരളി 2011ലും 2016ലും വട്ടിയൂർക്കാവിൽ നിന്നും വിജയിച്ചു.

ഇങ്ങനെ ജയ പരാജയങ്ങളുടെയും പാർട്ടി മാറലുകളുടെയും ഒക്കെ പൂർവചരിത്രവുമായാണ് കെ മുരളീധരൻ ഇപ്പോൾ വടകരയിലേക്കു വരുന്നത്. വടകര മണ്ഡലം പൊതുവെ ഇടതു കോട്ടയെന്നു അറിയപ്പെടുമ്പോഴും മുരളീധരനെപ്പോലെ കരുത്തനായ ഒരാൾ യു ഡി എഫിനുവേണ്ടി രംഗത്തിറങ്ങുമ്പോൾ വടകരയിലെ തിരെഞ്ഞെടുപ്പ് ഫലം പ്രവചനാതീതം തന്നെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍