UPDATES

ട്രെന്‍ഡിങ്ങ്

അടിയന്തരാവസ്ഥ പെന്‍ഷന്‍ കാര്യത്തില്‍ സിപിഎം നേതാക്കളുടെ നെഗറ്റീവ് സമീപനം ജോയ് പ്രതീക്ഷിക്കാത്തതായിരുന്നു; കെ വേണു തുറന്നു പറയുന്നു

നാല് കൊല്ലം ജയിലില്‍ കിടന്ന് പുറത്തു വരുന്ന എന്നോട് വീട്ടില്‍ പോകരുത്, പകരം നേരെ ഒളിവില്‍ പോകാനായിരുന്നു ജോയിയുടെ നിര്‍ദ്ദേശം

അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷന്‍ എന്ന ദീര്‍ഘകാലത്തെ ആഗ്രഹം പൂര്‍ത്തിയാകാതെയാണ് നജ്മല്‍ ബാബു എന്ന ടി എന്‍ ജോയ് കഴിഞ്ഞ ദിവസം വിടവാങ്ങിയത്. കഴിഞ്ഞ ബജറ്റിലും ഈ വിഷയം പരിഗണിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദനുമെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്ന് പോലീസ് പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണെന്നതിനാല്‍ പ്രത്യേകിച്ചും. പിണറായിയും ഐസക്കുമായുമെല്ലാം ഊഷ്മളമായ ബന്ധം നിലനിര്‍ത്തിയിരുന്ന ജോയ് ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസം പുലര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തരാവസ്ഥ തടവുകാരില്‍ പലരും ഇപ്പോഴും ദുരിതമനുഭവിക്കുമ്പോഴും സര്‍ക്കാര്‍ ഈ വിഷയം പരിഗണിക്കാത്തതില്‍ അദ്ദേഹം വിഷമത്തിലായിരുന്നു. ഇക്കാരണം കൊണ്ട് തന്നെ അവസാന കാലങ്ങളില്‍ പിണറായിയും ഐസക്കുമായെല്ലാം ജോയിക്കുണ്ടായിരുന്ന ബന്ധത്തിലെ ഊഷ്മളത കുറഞ്ഞതായി തനിക്ക് തോന്നിയിട്ടുണ്ടെന്ന് നക്‌സലറ്റ് പ്രസ്ഥാനത്തിലെ ആദ്യകാല നേതാക്കളിലൊരാളായ കെ. വേണു പറയുന്നു. വേണു അഴിമുഖം ലേഖകനുമായി നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം.

അടിയന്തരാവസ്ഥക്കാലത്തെ തടവുകാരെ രാഷ്ട്രീയ തടവുകാരായി കണക്കാക്കി പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം ടി എന്‍ ജോയ് ഉന്നയിക്കുമ്പോള്‍ എന്നെയും ആ മുന്നേറ്റത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഞാനതില്‍ ഒരു വിമര്‍ശനത്തോടെയാണ് പങ്കെടുത്തത്. അടിയന്തരവാസ്ഥ തടവുകാരനെന്ന നിലയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമര പെന്‍ഷന്റെ വകുപ്പില്‍പ്പെടുത്തി അടിയന്തരാവസ്ഥ പെന്‍ഷനും ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പക്ഷെ അടിയന്തരാവസ്ഥയ്‌ക്കെതിരായ രാഷ്ട്രീയ നിലപാടിന്റെ ഫലമായുണ്ടായ തടവാണ് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഇതിനെ ഒരു പെന്‍ഷന്‍ കിട്ടേണ്ട കാര്യമായി കാണാന്‍ കഴിയില്ലെന്നാണ് ഞാന്‍ പറഞ്ഞത്. അതേസമയം ജോയിയൊക്കെ ഉന്നയിച്ചിരുന്ന വിഷയത്തോട് ധാര്‍മ്മികമായി എനിക്ക് യോജിപ്പുണ്ടായിരുന്നു. കാരണം, അന്നത്തെ പോലീസ് മര്‍ദ്ദനങ്ങളുടെ ഫലമായി നിരവധി പേര്‍ ഇപ്പോഴും കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നുണ്ട്. ജോയി ഉള്‍പ്പെടെ പലര്‍ക്കും ജീവിത പ്രശ്‌നങ്ങളുണ്ട്. അവര്‍ക്ക് സഹായം ലഭിക്കണമെന്ന ആവശ്യത്തോട് ധാര്‍മ്മികമായി പിന്തുണയ്ക്കുന്ന നിലപാടാണ് ഞാന്‍ സ്വീകരിച്ചത്.

പിണറായി വിജയനും തോമസ് ഐസകും വിഎസുമെല്ലാം അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുള്ളവരായതിനാല്‍ തന്നെ ജോയിക്ക് വളരെയധികം ആത്മവിശ്വാസമുണ്ടായിരുന്നു. പിണറായിയും ഐസകും ബേബിയുമായെല്ലാം ഊഷ്മളമായ ബന്ധം സൂക്ഷിച്ചിരുന്നു. പലപ്പോഴും പല വിഷയങ്ങളും ഇവരുമായി സംസാരിക്കാറുമുണ്ടായിരുന്നു. അതിനാല്‍ തന്നെ പെന്‍ഷന്‍ അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ടായിരുന്നു. ആ പ്രതീക്ഷയ്ക്ക് വലിയ അര്‍ത്ഥമില്ലെന്ന് ഞാന്‍ അന്നു തന്നെ ജോയിയോട് പറഞ്ഞിരുന്നതാണ്. പിന്നീട് ജോയിയുടെ ഈ ആത്മവിശ്വാസം നഷ്ടപ്പെട്ടതായാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അവരുമായുള്ള ബന്ധത്തിന്റെ ഊഷ്മളതയും നഷ്ടമായെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്തെങ്കിലും കാര്യത്തിന് അവരെ സമീപിക്കുന്നതിന് ജോയി വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. അടിയന്തരാവസ്ഥ പെന്‍ഷന്‍ വിഷയത്തില്‍ അവരുടെ നെഗറ്റീവ് സമീപനം ജോയ് പ്രതീക്ഷിക്കാത്തതായിരുന്നു. അതാണ് അവരുമായുള്ള ജോയിയുടെ ബന്ധത്തില്‍ മാറ്റമുണ്ടായതെന്നാണ് എനിത്ത് തോന്നിയിട്ടുള്ളത്.

1970ല്‍ ഞങ്ങളൊക്കെ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം നക്‌സലറ്റ് പ്രസ്ഥാനത്തിന്റെ പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കിയാണ് ജോയ് പ്രസ്ഥാനത്തിലേക്ക് വരുന്നത്. 1973ല്‍ ജയിലില്‍ കിടക്കുമ്പോള്‍ പ്രസ്ഥാനത്തിന്റെ പുനഃസംഘടന എങ്ങനെ സാധ്യമാക്കാമെന്നതിനെ കുറിച്ച് ഒരു രേഖ തയ്യാറാക്കുകയും ജയില്‍ വാര്‍ഡന്‍ വഴി രഹസ്യമായി പുറത്തേക്ക് വിടുകയും ചെയ്തു. കൊടുങ്ങൂല്ലൂരില്‍ വച്ച് ഞാന്‍ അറസ്റ്റിലാകുമ്പോള്‍ ജോയ് യാതൊരു രാഷ്ട്രീയ ആഭിമുഖ്യവുമുള്ള വ്യക്തിയല്ല. തിരുവനന്തപുരത്ത് കോടതിയില്‍ എന്റെ സഹോദരനൊപ്പം കാണാന്‍ വന്നപ്പോഴാണ് ഞാന്‍ ജോയിയെ ആദ്യമായി കാണുന്നത്. ഒരു ചെറിയ പയ്യനാണ് അന്ന്. അതിന് ശേഷമാണ് കൊടുങ്ങൂല്ലൂര്‍ കേന്ദ്രമാക്കി ജോയ് സംഘടനയെ പുനഃസംഘടിപ്പിക്കാന്‍ തുടങ്ങിയത്. എന്റെ ചേട്ടന്‍ വഴി പി.ടി തോമസിനെ പരിചയപ്പെട്ടതിലൂടെയാണ് ജോയിക്ക് നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ താല്‍പര്യമുണ്ടായത്.

ചലച്ചിത്ര സംവിധായകന്‍ കെ.പി കുമാരന്‍ വഴി ഒരു ചാനല്‍ സൃഷ്ടിച്ചാണ് ജയിലില്‍ കിടന്നിരുന്ന ഞങ്ങള്‍ ജോയിയുമായി ബന്ധപ്പെട്ടിരുന്നത്. കുമാരന്‍ എന്റെ പഴയ സുഹൃത്താണ്. കുമാരന്റെ ഒരു സിനിമയുടെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജയിലില്‍ നിന്നും പുറത്തേക്ക് ഒരു കത്ത് അയയ്ക്കുമ്പോഴോ പുറത്തു നിന്നും ഒരു കത്ത് സ്വീകരിക്കുമ്പോഴോ ജയില്‍ ഉദ്യോഗസ്ഥര്‍ കണ്ടിരിക്കണമെന്നുണ്ട്. രഹസ്യമായ കാര്യങ്ങളൊന്നും നടക്കാത്ത അവസ്ഥയായിരുന്നു. ആ സമയത്ത് ഒരു വാര്‍ഡനെ സ്വാധീനിച്ച് അദ്ദേഹത്തിന്റെ പിന്തുണ നേടിയാണ് രഹസ്യ വിവരങ്ങള്‍ പുറത്തേക്ക് വിട്ടുകൊണ്ടിരുന്നത്. ഞാന്‍ വാര്‍ഡന്റെ കയ്യില്‍ കൊടുക്കുന്ന കത്ത് അദ്ദേഹം കെ.പി കുമാരന്റെ വീട്ടിലെത്തിക്കും. ജോയ് പാര്‍ട്ടി വൃത്തങ്ങളില്‍ അന്ന് രഹസ്യ പേരിലാണ് അറിയപ്പെടുന്നത്. കുമാരന്‍ ഈ കത്ത് ജോയിക്ക് കൈമാറും. ഇങ്ങനെയാണ് ചാനല്‍ രൂപീകരിച്ചത്. ഈ ചാനല്‍ വഴിയാണ് നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ പുനഃസംഘടനയെക്കുറിച്ച് ഞങ്ങള്‍ മനസിലാക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ഒരു സംഘം രൂപപ്പെട്ടതായെല്ലാം ഞങ്ങള്‍ അറിയുന്നത് ഇങ്ങനെയാണ്. എങ്ങനെ പുനഃസംഘടിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങളെല്ലാം ഈ ചാനല്‍ വഴിയാണ് ജോയിയെ അറിയിച്ചിരുന്നത്. നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ അതുവരെയും കുന്നിക്കല്‍ ഗ്രൂപ്പ്, വര്‍ഗ്ഗീസ് ഗ്രൂപ്പ്, മുണ്ടൂര്‍ രാവുണ്ണിയുടെ ഗ്രൂപ്പ് എന്നിങ്ങനെ ഏതാനും ഗ്രൂപ്പുകളാണുണ്ടായിരുന്നത്. അത്തരം ശിഥിലീകരണ പ്രവണതകളെ പരാജയപ്പെടുത്തി മുന്നോട്ട് എന്നതായിരുന്നു ഞങ്ങളുടെ നിര്‍ദ്ദേശം. ലെനിനിസ്റ്റ് രീതിയിലുള്ള പാര്‍ട്ടി ഘടന രൂപീകരിക്കാനായിരുന്നു നിര്‍ദ്ദേശം. അതിന് മുമ്പ് ഒരു അരാജകത്വ അവസ്ഥയിലുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളാണ് ഉണ്ടായിരുന്നത്. ജോയിയും കൂട്ടരും വളരെ അച്ചടക്കത്തോടെയും കൃത്യതയോടെയും പുറത്തു നിന്ന് പുന:സംഘാടനം നടപ്പിലാക്കി.

1975 ജനുവരിയിലാണ് ഞാന്‍ ജയിലില്‍ നിന്നും പുറത്തു വരുന്നത്. നാല് കൊല്ലം ജയിലില്‍ കിടന്ന് പുറത്തു വരുന്ന എന്നോട് വീട്ടില്‍ പോകരുത്, പകരം നേരെ ഒളിവില്‍ പോകാനായിരുന്നു ജോയിയുടെ നിര്‍ദ്ദേശം. ജോയി മരിക്കുന്നതിന് മൂന്ന് നാല് ദിവസം മുമ്പ് കൊടുങ്ങല്ലൂരില്‍ മണിയന്‍ എന്നൊരു സഖാവ് മരിച്ചിരുന്നു. അതിന്റെ അനുശോചന ചടങ്ങില്‍ ജോയ് ആയിരുന്നു അധ്യക്ഷന്‍. അതിന് ഏതാനും മാസം മുമ്പ് മറ്റൊരു പഴയ സഖാവിന്റെ അനുശോചന യോഗവും ഞങ്ങള്‍ അവിടെ നടത്തിയിരുന്നു. അടുത്തത് ആരാണെന്ന ചോദ്യമാണ് ഈ അനുശോചന യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. ചെറിയൊരു അധ്യക്ഷ പ്രസംഗത്തിന് ശേഷം ജോയ് എന്നെയാണ് പ്രസംഗത്തിന് ക്ഷണിച്ചത്. നാല് കൊല്ലം ജയിലില്‍ കിടന്ന് വരുന്ന ഒരാളോട് വീട്ടില്‍ പോകാതെ ഒളിവില്‍ പോകണമെന്ന ക്രൂരമായ തീരുമാനം പറയേണ്ടി വന്ന ആളാണ് ഞാനെന്ന് ആ പ്രസംഗത്തില്‍ ജോയി പറഞ്ഞിരുന്നു. എന്റെ ചേട്ടനാണ് ജയിലില്‍ നിന്നും ജോയ് നിര്‍ദ്ദേശിച്ച ഷെല്‍റ്ററില്‍ എന്നെ എത്തിച്ചത്. നക്‌സലറ്റ് പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിന് ശേഷം രണ്ടാം ഘട്ടത്തിലെ പുനഃഘടനയിലൂടെയാണ് സജീവമായ ഒരു നക്‌സലൈറ്റ് പ്രസ്ഥാനം ഇവിടെയുണ്ടായത്. ആ പുനഃസംഘാടനം വളരെ കര്‍ക്കശമായി സാധ്യമാക്കിയത് ജോയ് ആണ്.

അതേസമയം അടിയന്തരാവസ്ഥ കാലത്തെ പോലീസ് മര്‍ദ്ദനങ്ങളെ അതിജീവിക്കാന്‍ സാധിക്കാത്തതില്‍ അദ്ദേഹത്തിന് കുറ്റബോധമുണ്ടായിരുന്നു. വിപ്ലവകാരിയാകാന്‍ യോഗ്യതയില്ലെന്ന് പറഞ്ഞ് നക്‌സലെറ്റ് പ്രസ്ഥാനത്തില്‍ നിന്നും പൂര്‍ണമായും മാറിനില്‍ക്കുകയും ചെയ്തു. എന്നാല്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയും ചെയ്തു. വിപ്ലവ രാഷ്ട്രീയത്തില്‍ തുടരാന്‍ തനിക്ക് കഴിവില്ലെന്ന് അങ്ങേയറ്റം സത്യസന്ധതയോടെ തന്നെ തുറന്നു പറഞ്ഞിരുന്ന വ്യക്തിയാണ് ജോയി. ജോയിയൊക്കെ രാഷ്ട്രീയത്തില്‍ സജീവമായി വരുന്ന കാലത്ത് ലോകവ്യാപകമായി അസ്തിത്വവാദത്തിന് പ്രചാരം ലഭിച്ചിരുന്നു. അതിന്റെ സ്വാധീനം ജോയിയിലുമുണ്ടായിരുന്നു. അതിന്റെ ഭാഗമായ സ്വത്വബോധ പ്രതിസന്ധിയും എക്‌സ്പ്രഷണലിസത്തില്‍ നിന്നും മാറി നില്‍ക്കുന്ന സ്വഭാവവും ജോയിക്കുണ്ടായിരുന്നു. സത്യസന്ധമായി സ്വയം പ്രകടിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ആദ്യ കാലഘട്ടങ്ങളില്‍ പ്രസംഗിക്കുന്നതില്‍ നിന്നും എഴുതുന്നതില്‍ നിന്നുമെല്ലാം ഈ വിധത്തില്‍ വിട്ടു നിന്നിരുന്നു. ജോയി വളരെ നന്നായി എഴുതാന്‍ കഴിവുള്ള ഒരാളാണ്. എഴുതാതിരുന്നത് സത്യസന്ധമായി പ്രകടിപ്പിക്കണമെന്ന നിലപാട് കാരണമാണ്. പിന്നീട് ജോയിയുടെ കുറിപ്പുകള്‍ എന്ന പേരില്‍ പുസ്തകം പുറത്തിറക്കുകയുണ്ടായി.

ലോകനിലവാരത്തിലുള്ള ഏതൊരു പുതിയ തത്വശാസ്ത്രമായാലും കലയായാലും ബൗദ്ധിക തലത്തിലുള്ള എന്തു തന്നെയായാലും ജോയി അറിഞ്ഞിരുന്നു. ഇവയെ സാകൂതം ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എനിക്ക് പലപ്പോഴും അക്കാര്യത്തില്‍ ജോയിയെക്കുറിച്ച് അത്ഭുതം തോന്നിയിട്ടുണ്ട്. അതുപോലെ അദ്ദേഹത്തിന്റെ വായനയുടെ വ്യാപ്തിയും വളരെ വലുതായിരുന്നു. എന്നാല്‍ ഇതൊന്നും എല്ലാവരെയും അറിയിക്കുന്നതില്‍ യാതൊരു താല്‍പര്യവും കാണിച്ചിട്ടുമില്ല. ഇത്തരത്തില്‍ അസാധാരണമായ നിരവധി പ്രത്യേകതകളുള്ള വ്യക്തിയാണ് ജോയി.

അന്ത്യാഭിലാഷവും മാനിച്ചില്ല; നജ്മല്‍ ബാബുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു

ഉള്ളിൽ കനലുള്ളവന് ഈ ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദനായിരിക്കാനാവില്ല; ജോയിച്ചേട്ടന്‍ എന്ന നജ്മല്‍ ബാബുക്കയെ ഓര്‍ക്കുമ്പോള്‍-സഫിയ ഫാത്തിമ എഴുതുന്നു

“ഞാന്‍ മരിച്ചാല്‍ ചേരമന്‍ പള്ളി വളപ്പില്‍ സംസ്കരിക്കുമോ?”; ടി എന്‍ ജോയ് ഇസ്ലാം മതം സ്വീകരിച്ചതിന് പിന്നില്‍

ടി.എന്‍ ജോയ് നജ്മല്‍ ബാബുവായി മാറിയ രാഷ്ട്രീയ പ്രഖ്യാപനം പോലും ‘പ്രബുദ്ധ കേരളം’ തിരിച്ചറിഞ്ഞില്ല

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍