UPDATES

കാതിക്കൂടം; തങ്ങളെ പൊതിഞ്ഞു പിടിച്ച ജീവനെ നിലനിര്‍ത്താന്‍ ഒരു ജനത നടത്തുന്ന പോരാട്ടം അവസാനിക്കുന്നില്ല

പ്രതിദിനം 65 ലക്ഷം ലിറ്റര്‍ ജലം കമ്പനി പുഴയില്‍നിന്നെടുക്കുന്നുണ്ട്. അതിന് പകരമായി 80 ടണ്‍ മാലിന്യം കമ്പനി പുഴയിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു

‘ഇതൊരു ശ്രമമാണ്. ഒരിക്കല്‍ അച്ഛനേയും അമ്മയേയും പോലെ ഞങ്ങളെ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു ജീവനെ നിലനിര്‍ത്താനുള്ള ശ്രമം. ഞങ്ങളുടെ ജീവനും ജീവിതവുമായിരുന്ന, ഞങ്ങള്‍ക്ക് വേണ്ടി ജീവിച്ച പുഴയെ ഞങ്ങളോടൊപ്പം തന്നെ പിടിച്ചുനിര്‍ത്താനുള്ള ശ്രമം. അല്ലാതെ പുഴസംരക്ഷണ സമരം എന്നതിനെ വിളിക്കരുത്.’ കാതിക്കൂടം സ്വദേശിയും കാതിക്കൂട സമരസമിതി നേതാവുമായ അനില്‍കുമാര്‍ സംസാരിച്ചു തുടങ്ങിയത് തന്നെ ഇങ്ങനെയാണ്. പത്ത് വര്‍ഷമായി തുടരുന്ന സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അനില്‍ ഉള്‍പ്പെടുന്ന കാതിക്കൂടം നിവാസികളും. ഇത്തവണ അത് കാതിക്കൂടത്തിന്റെ മാത്രം വിഷയമായി ഒതുങ്ങുന്നില്ല. ചാലക്കുടിപ്പുഴയുടെ തീരത്ത് താമസിക്കുന്ന വിവിധ ദേശവാസികളുടെയും ഉയിര്‍പ്പാണ്.

അനില്‍ തുടരുന്നു, “എന്റെ അനുഭവത്തില്‍ നിന്നേ എനിക്കത് പറയാന്‍ കഴിയൂ. ഈ പുഴ നല്‍കിയ സ്‌നേഹം, അതറിഞ്ഞ എന്നേപ്പോലുള്ളവര്‍ക്ക് വളരെ ചെറുപ്പത്തില്‍ തന്നെ വളരെ വൈകാരികമായ ബന്ധമായിരുന്നു ചാലക്കുടിപ്പുഴയുമായി. ഞങ്ങളുടെ ഗ്രാമത്തെക്കുറിച്ച് പറഞ്ഞാല്‍ ‘എള്ളോളമില്ല പൊളി വചനം, കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല’ എന്നൊക്കെ പറയുന്നത് പോലെയായിരുന്നു. പച്ചപ്പ് നിറഞ്ഞ തനി ഗ്രാമം. അവിടെ ആരുമാരും ശത്രുക്കളല്ല. പോലീസുകാര്‍ പട്രോളിങ്ങിന് പോലും എത്തിയതായി ഓര്‍മ്മയിലില്ല. ഗ്രാമത്തിന്റെ എല്ലാ ശരിയും തെറ്റുകളുമടങ്ങിയ നന്മ നിറഞ്ഞ കാതിക്കൂടം. ഈ നന്മകള്‍ ഞങ്ങളില്‍ വളര്‍ത്തിയത് ചാലക്കുടിപ്പുഴയും അതിന്റെ ഓരത്തുള്ള ഒത്തുകൂടലുകളും ജീവിതവുമെല്ലാമായിരുന്നു. ചുരുക്കം ചിലര്‍ക്കൊഴികെ ഒരു നേരത്തെ ഭക്ഷണം പോലും നേരാംവണ്ണം കഴിക്കാനില്ലാതിരുന്നവരുടെ ഗ്രാമം. പക്ഷെ വിശന്ന് വലഞ്ഞിരിക്കുമ്പോഴും ആ പുഴയുടെ തീരത്ത് പോയിരുന്ന് കൂട്ടകൂടുമ്പോഴുള്ള ആശ്വാസമുണ്ടല്ലോ, അത് അനുഭവിക്കാത്തവര്‍ക്ക് മനസ്സിലാവില്ല. മണിക്കൂറുകള്‍ നീണ്ട കുളിയും, കളിയും പങ്കുവക്കലുകളും എല്ലാം അവിടെത്തന്നെ. ദാഹം വരുമ്പോള്‍ ഒരു കുമ്പിള്‍ വെള്ളടെുത്ത് മോന്തും. അന്ന് ഇന്നത്തെപ്പോലെ അച്ഛനും അമ്മയ്ക്കുമൊന്നും മക്കളേയും സ്‌നേഹിച്ച്, പൊതിഞ്ഞ് പിടിച്ച് ഇരിക്കാനൊന്നുമുള്ള സാഹചര്യമില്ലായിരുന്നു. ആ സ്‌നേഹവും പൊതിയലിന്റെ ചൂടും തന്നത് ഈ പുഴയാണ്. ഞങ്ങളെയെല്ലാം വരിഞ്ഞുമുറുക്കി അവളുടെ ഭാഗമായി നിര്‍ത്തി. ഞങ്ങള്‍ക്ക് ജീവന്‍ തന്നു, ജീവിക്കാനുള്ള മൂല്യങ്ങള്‍ തന്നു. ചിന്തകളെ വളര്‍ത്തി. ഇവിടുത്തെ ഓരോ കുഞ്ഞിന്റേയും ജീവിതത്തിന് പുഴ കാരണമായിട്ടുണ്ട്, സാക്ഷിയായിട്ടുണ്ട്. ആ ഒരാളിലേക്ക് ഒരു ഗ്രാമം മുഴുവന്‍ ഒതുങ്ങിക്കൂടാനാണ് ശ്രമിച്ചത്. ജാതിമത ചിന്തകള്‍ക്കപ്പുറത്തുള്ള പൊതുവിടം കൂടിയായിരുന്നു അത്. രാത്രി പത്തുമണി വരെയൊക്കെ നൂറ് കണക്കിനാളുകള്‍ കുളിയും സൊറപറച്ചിലുമായി ആ പുഴയോരത്ത് കാണും. എന്റെ കുഞ്ഞുനാളില്‍ മുത്തച്ഛനൊക്കെ ഈ പുഴയോരത്തൂടെ കൈപിടിച്ച് നടക്കും. ഒന്ന് തുപ്പിയാല്‍, മൂത്രമൊഴിച്ചാല്‍ അപ്പൊ പൊട്ടും അടി. പുറകെ വരും ശാസന. കൃഷി ഉപജീവനമാര്‍ഗമായിരുന്നു. വന്‍തോതില്‍ കൃഷി ചെയ്ത് സമ്പന്നരായവരൊന്നുമല്ല ഇവിടെയുണ്ടായിരുന്നത്. അവനവന്റെ ആവശ്യത്തിനുള്ള ഭക്ഷണം ഉണ്ടാക്കുക, കൂടുതലുണ്ടെങ്കില്‍ പുറം കച്ചവടം ചെയ്യുക, അങ്ങനെയായിരുന്നു. മുപ്പൂ കൃഷിയായിരുന്നു വയലുകളില്‍.”

“1975ലാണ് അനില്‍ വിവരിച്ച പുഴയെ, ഗ്രാമത്തെ ഇല്ലാതാക്കാന്‍ പോന്ന ഒരു പദ്ധതിയുടെ ആലോചനകള്‍ തുടങ്ങുന്നത്. നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ ആരംഭം അവിടെയാണ്. ഇന്നേവരെ വ്യവസായസ്ഥാപനങ്ങളെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുപോലുമില്ലാത്ത നാട്ടുകാര്‍ക്ക് ആദ്യം അത് ഒരു കൗതുകമായിരുന്നു. പക്ഷെ നാട്ടിലുണ്ടായിരുന്ന എഞ്ചിനീയര്‍ അയ്യപ്പന്‍ നായര്‍ക്ക് അപകടം മണത്തു. വീടുവീടാന്തരം കയറി പദ്ധതി വരാന്‍ അനുവദിക്കരുതെന്നും, നീറ്റാ ജലാറ്റിന്‍ കമ്പനി വന്നാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അയ്യപ്പന്‍ നായര്‍ വിശദീകരിച്ചു. കുഞ്ഞുകുട്ടികളടക്കം എല്ലാവരോടും ഇക്കാര്യം പറഞ്ഞു. പക്ഷെ ആരും അത് കണക്കിലെടുത്തില്ലെന്ന് മാത്രമല്ല അയ്യപ്പന്‍ നായര്‍ നാട്ടുകാരുടെ മുന്നില്‍ ‘മെന്റലു’മായി. 1979ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീടുള്ള കാര്യങ്ങളും അനില്‍ തന്നെ പറയും, ‘ഏതാണ്ട് പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ കാര്യങ്ങളില്‍ തീരുമാനമായി. അയ്യപ്പന്‍നായര്‍ പറഞ്ഞത് യാഥാര്‍ഥ്യമായി. കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രകടമായിത്തന്നെ നാട്ടില്‍ കണ്ടുതുടങ്ങി. മണ്ണ് കേടായി, വെള്ളം കേടായി, അസഹനീയമായ ദുര്‍ഗന്ധവും സഹിച്ച് ആലുകള്‍ ജീവിക്കാന്‍ തുടങ്ങി, ശ്വാസകോശ രോഗങ്ങളടക്കമുള്ള രോഗങ്ങള്‍, കൃഷി പാടെ നശിച്ചു, ശുദ്ധവായു കിട്ടാതായി. കുടിക്കാന്‍ വെള്ളം കിട്ടാതായപ്പോള്‍ ചേനക്കാട്ട് ജോര്‍ജ് കോടതിയില്‍ പോയി. ആള്‍ക്ക് കുടിവെള്ളം എത്തിച്ച്‌കൊടുക്കാമെന്ന് കമ്പനിയേറ്റു. പിന്നീട് പലരും ഇതേ ആവശ്യമുന്നയിച്ചു. പലര്‍ക്കും കമ്പനി കുടിക്കാന്‍ വെള്ളമെത്തിച്ചുകൊടുത്തു. പക്ഷെ പിന്നീടതും നിര്‍ത്തി. ഞാന്‍ നേരത്തെ പറഞ്ഞപോലെ അക്രമവും പീഡനവുമൊന്നും സഹിക്കാതെ ജീവിച്ചുപോന്ന നാട്ടുകാര്‍ക്ക് സമരചരിത്രവും പോരാട്ടവീര്യവും ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ ജീവിതം വഴിമുട്ടിയപ്പോള്‍ പോരാടാനിറങ്ങി.” അനില്‍ കുമാര്‍ തുടര്‍ന്നു.

അന്നുമുതല്‍ തങ്ങള്‍ക്കവകാശപ്പെട്ട ശുദ്ധ ജലത്തിനും ശുദ്ധ വായുവിനും വേണ്ടിയുള്ള സന്ധിയില്ലാ സമരത്തിലാണ് ചാലക്കുടി പുഴയുടെ തീരത്തു കാടുകുറ്റി പഞ്ചായത്തിലെ കാതിക്കൂടം നിവാസികള്‍. ചെറിയൊരു ഇടവേളക്കു ശേഷം ചാലക്കുടി പുഴയെ മാലിനമാക്കുന്ന നീറ്റാ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിനെതിരെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് കാതിക്കൂടം ആക്ഷന്‍ കൌണ്‍സില്‍. നീറ്റാ ജലാറ്റിന്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ച ആദ്യകാലങ്ങളില്‍ മാലിന്യങ്ങള്‍ അടുത്തുള്ള പെരും തോട്ടിലേക്കൊഴുക്കാറായിരുന്നു. പിന്നീടത് കാരിക്കല്‍ തോട്ടിലേക്ക് മാറ്റുകയും ഒടുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു 8 കൊല്ലത്തിനു ശേഷം മാലിന്യങ്ങള്‍ പുഴയുടെ അടിത്തട്ടിലേക്ക് ഒഴുക്കുവാനും തുടങ്ങി. അതോടെ പുഴയെ ആശ്രയിച്ചു കഴിയുന്ന 5 ലക്ഷത്തോളം പേരുടെ കുടിവെള്ളമാണ് മുട്ടിയത്. പുഴയില്‍ മാത്രമല്ല പുഴക്ക് സമീപത്തെ കിണറുകളിലും ആസിഡിന്റെ അംശം വന്‍തോതില്‍ വര്‍ധിച്ചു.

കാതിക്കുടത്തെ എന്‍ജിഐഎല്ലില്‍ ജെലാറ്റിന്‍ വേര്‍തിരിച്ചിടുക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ജെലാറ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് കാലികളുടെ എല്ലുപൊടി ഉപയോഗിച്ചാണ്. ഹൈഡ്രോക്ലോറിക് ആസിഡും ചുണ്ണാമ്പുകല്ലും വെള്ളവുമാണ് അസംസ്‌കൃത പദാര്‍ത്ഥങ്ങളായി ഉപയോഗിക്കുന്നത്. ഇവ ഉപയോഗിച്ചുള്ള ഉത്പാദന പ്രക്രിയയില്‍ ആകെ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ 70 ശതമാനത്തോളം മാലിന്യമായി പുറംതള്ളുന്നു. പ്രതിദിനം 65 ലക്ഷം ലിറ്റര്‍ ജലം കമ്പനി പുഴയില്‍നിന്നെടുക്കുന്നുണ്ട്. അതിന് പകരമായി 80 ടണ്‍ മാലിന്യം കമ്പനി പുഴയിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു! കമ്പനിയുടെ പ്രവര്‍ത്തനത്തിനെതിരെ 10 കൊല്ലങ്ങള്‍ക്ക് മുമ്പാണ് കാതിക്കൂടം ആക്ഷന്‍ കൗണ്‍സില്‍ പ്രദേശത്ത് സമരമാരംഭിച്ചത്. പക്ഷെ കാതിക്കൂടത്തെ സമരചരിത്രത്തിനതിലും പഴക്കമുണ്ട് ‘കമ്പനി തുടങ്ങി 10 കൊല്ലത്തിനുള്ളില്‍ തന്നെ സമരങ്ങള്‍ പല സംഘടനകള്‍ തുടങ്ങി. അതിനെ ഒക്കെ കമ്പനി വിലക്കുവാങ്ങുകയാണ് ചെയ്തിട്ടുള്ളത്’ അനില്‍ കുമാര്‍ പറഞ്ഞു. ‘തൊണ്ണൂറുകളുടെ തുടക്കം മുതലേ കമ്പനിക്കെതിരെ സമരമാരംഭിച്ചതാണ് അതിനെയൊക്കെ കമ്പനി വിലക്കു വാങ്ങി.’ അന്നത്തെ സമരങ്ങളില്‍ പങ്കെടുത്ത ഇടതുപാര്‍ട്ടി പ്രവര്‍ത്തകനായ ഒരാള്‍ പറയുന്നതിങ്ങനെ, “കമ്പനിയുടെ സമീപത്തെ ഒരു സ്‌കൂളിലെ അദ്ധ്യാപകനാണ് ആദ്യം കമ്പനിക്കെതിരെ സമരത്തിനിറങ്ങിയത്. സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിനായി കമ്പനി സാമ്പത്തിക സഹായം നല്‍കിയതോടെ ആ സമരം അവസാനിച്ചു.”

“പിന്നീട് കക്കാടുനിന്നും തൈക്കുടത്തുനിന്നും രണ്ടു സമരസമിതികള്‍ രൂപപ്പെടുകയുണ്ടായി. എന്നാല്‍ ഒരുമിച്ചു കൂട്ടായ ഒരു സമരത്തിലേക്ക് അതെത്തിയില്ല പിന്നീട് അതില്‍ കയറിക്കൂടിയ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ കമ്പനിക്കനുകൂലമായ ഒരൊത്തുതീര്‍പ്പില്‍ ആ സമരങ്ങളെ എത്തിക്കുകയായിരുന്നു. 2003ലാണ് വീണ്ടും സമരം ശക്തമാകുന്നത്. കെ.സി.പി എന്നു പേരുള്ള ഒരു സമരസമിതിയും അന്ന് രൂപപ്പെട്ടു. ഇടതു പക്ഷ ചായ്‌വുള്ള ഒരു സംഘടനയായിരുന്നു അത്. സമരസമിതിയിലെ ഒട്ടു മുക്കാല്‍ മെമ്പര്‍മാരും സിപിഎം മെമ്പര്‍മാരും സമീപത്തെ ഒരു വായനശാലയില്‍ വച്ചാണ് സമിതിയുടെ ആദ്യ യോഗം കൂടിയത്. പിന്നീട് നടന്ന സമരങ്ങള്‍ക്ക് വലിയ ജനപിന്തുണയും ലഭിച്ചു. ആ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഫിലിം സൊസൈറ്റി പ്രവര്‍ത്തകനായിരുന്ന കുഞ്ഞുമുഹഹമ്മദ് സാഹസികമായി കമ്പനിയുടെ മതിലില്‍ കയറി നിന്ന് കമ്പനിയിലെ ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദ്യശ്യങ്ങള്‍ പകര്‍ത്തിയത്. വിപുലമായിട്ടുള്ള കൂടുതല്‍ സമരപരിപാടികള്‍ കണ്ടു കാതിക്കുടത്തെ മലിനീകരണ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വിചാരിച്ച ജനങ്ങള്‍ക്കു പക്ഷെ തെറ്റി. സമരം സിപിഎം അട്ടിമറിച്ചു. ഷാജു ജോസഫ് പിന്നീട് കമ്പനിയില്‍ ജോലിക്കു കയറി. അതോടെ സമരസമിതി പൊളിഞ്ഞു. ഇങ്ങനെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെ ശരിയല്ല. ഇങ്ങനെ കൊറേ കമ്പനികള്‍ പൂട്ടിപോയാ ഒരുപാടു പേരുടെ ജോലി പോവില്ലേ ന്നാ പാര്‍ട്ടി പറയണേ.’ അങ്ങിനെ പണമുപയോഗിച്ച് കമ്പനി കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ നടത്തിയതിനു മുന്‍പുള്ള എല്ലാ സമരങ്ങളെയും അടിച്ചമര്‍ത്തി. ഇതിനെല്ലാം ശേഷമാണു പത്തു കൊല്ലത്തിനും മുന്‍പ് കാതിക്കുടം ആക്ഷന്‍ കൗണ്‌സില്‍ രൂപം കൊള്ളുന്നതും ശക്തമായ സമരങ്ങളിലേക്കു നീങ്ങുന്നതും. ഈ കാലയളവില്‍ കമ്പനി പലതരത്തില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പണം ഉപയോഗിച്ചും, അല്ലെങ്കില്‍ പോലീസിനെ ഉപയോഗിച്ച് കേസ് ചാര്‍ജ് ചെയ്തുകൊണ്ട്. ഇപ്പോള്‍ എന്റെപേരില്‍ തന്നെ പത്തമ്പതു കേസുണ്ട്. ഇവിടത്തെ സാധാരണ സ്ത്രീകളില്‍ 200 പേര്‍ക്കെതിരെ കേസ് ഉണ്ട്. നമ്മള്‍ കറക്റ്റ് ആയിട്ടുള്ള പലരേഖകളും കളക്ട് ചെയ്ത് പല മന്ത്രിമാരും കളക്ടറും ആയിട്ടൊക്കെ പലപല ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പിന്നീട് നിരന്തരം സമരങ്ങളും നടന്നിട്ടുണ്ട്. അതിനെ ഒക്കെ ഇല്ലാതെയാക്കാനുള്ള ശ്രമങ്ങളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.”  അനില്‍കുമാര്‍ പറഞ്ഞു.

2017ല്‍ സമരസമിതി സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെകൊണ്ട് പഠനം നടത്തണമെന്നാവശ്യപ്പെടുകയും അത് കോടതി അംഗീകരിച്ച് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കാതിക്കൂടത്ത് വന്നു പഠനം നടത്തുകയുമുണ്ടായി. അവരുടെ കണ്ടെത്തല്‍ പ്രകാരം പ്രതിദിനം 65 ടണ്‍ മാലിന്യം കമ്പനി പുഴയിലേക്ക് നിക്ഷേപിക്കുന്നു എന്നതായിരുന്നു. കമ്പനി മുതലമടയിലെ കളിയം പാറ എന്ന സ്ഥലത്തു പാറയിടുക്കില്‍ ഏകദേശം ആറായിരം വണ്ടി ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കുകയുണ്ടായി. അത് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തുകയും ആ മാലിന്യങ്ങള്‍ അവിടെ നിന്നും നീക്കം ചെയ്യാന്‍ കോടതി ഉത്തരവിടുകയുമുണ്ടായി. മാത്രവുമല്ല നിറ്റാ ജെലാറ്റിന്‍ കമ്പനി പ്രവര്‍ത്തിക്കണമെങ്കില്‍ 25 ഉപാധികള്‍ പാലിക്കണമെന്ന് കോടതി ഉത്തരവിടുകയുണ്ടായി. ചാലക്കുടിപുഴ കുടിവെള്ള സ്രോതസാണെന്നുള്ള കാര്യം കമ്പനി ഓര്‍ക്കണമെന്നും ചാലക്കുടി പുഴയുടെ അടിത്തട്ടില്‍ സ്ഥാപിച്ച മാലിന്യ പൈപ്പുകള്‍ മുകളിലേക്കു സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശമുണ്ടായി. ശാസ്ത്രജ്ഞനായ വി . ടി പത്മനാഭന്‍ ഒരാഴ്ചയോളം കാതിക്കൂടത്തു നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് കമ്പനി പുറപ്പെടുവിക്കുന്ന മാലിന്യങ്ങള്‍ അവിടത്തെ കൊച്ചുകുട്ടികളുടെ തലച്ചോറിനെ വരെ ദോഷമായി ബാധിക്കുന്നുണ്ടെന്നാണ്. 2013ല്‍ സമരസമിതി നടത്തിയ സമരത്തെ വളരെ ക്രൂരമായാണ് പോലീസ് അന്ന് നേരിട്ടത്.

“വളരെ ആസൂത്രിതമായിട്ടായിരുന്നു പോലീസ് അന്ന് പെരുമാറിയത് ആദ്യം സ്ത്രീകളെ അറസ്റ്റുചെയ്തു നീക്കി അവരെ് മാറ്റീതും പോലീസ് കമ്പനിയുടെ ഗുണ്ടകളെ പോലെയായിരുന്നു വന്നടിച്ചത്” സമരസമിതി പ്രവര്‍ത്തകന്‍ അനന്തു പറയുന്നു.

ഞാനൊരു ഇരയാണെങ്കില്‍ അതെന്റെ സ്വാതന്ത്ര്യത്തിന്റെ മാത്രമാണ്- ഷിനി സംസാരിക്കുന്നു

“125പേരോളം അന്ന് പരിക്കേറ്റു ആശുപത്രിയിലായിരുന്നു. ഏതു ഭരണകൂടം വന്നാലും പോലീസ് എന്നും അവരടെ മര്‍ദനോപാധിയായിട്ടാണ് പെരുമാറുക. സമരസമിതി പ്രവര്‍ത്തകരെ മാവോയിസ്റ്റ് ആക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും അന്നുണ്ടായി. ആരോ കമ്പനിയുടെ നാല് ചില്ലു പൊട്ടിച്ചപ്പോള്‍ സമരത്തിന് മാവോയിസ്റ്റു ബന്ധം ഉണ്ടെന്ന തരത്തിലുള്ള പ്രചാരണം കമ്പനി നടത്തി. ഏതെങ്കിലും സമരംനടക്കുമ്പോള്‍ അതില്‍ മാവോയിസ്റ്റു സാന്നിധ്യമുണ്ടെന്നു പറയണത് ആടിനെ പട്ടിയാക്കണതും പട്ടിയെ പേപ്പട്ടിയാക്കണതും പോലെയാണ്. പേപ്പട്ടിയെ തല്ലിക്കൊല്ലാനുള്ള അവകാശം നമ്മുടെ പൊതുസമൂഹം നല്കിട്ടുണ്ടല്ലോ. ഇതൊക്കെ എല്ലാ ഭരണകൂടവും ചെയ്യുന്ന തന്ത്രമാണ്. ഏതെങ്കിലും സമരം നടക്കുമ്പോള്‍ മാവോയിസ്റ്റാന്ന പറയുക, ആ സമരത്തിന്റെ വീര്യം കെടുത്തുക ഇത് കാലാകാലങ്ങളായി ഇവിടത്തെ ഗവണ്മെന്റ് കോര്‍പറേറ്റുകള്‍ക്കു വേണ്ടി ചെയ്യുന്നതാണ്. അതിനെ പ്രതിരോധിക്കാനായിട്ട് കേരളത്തിലെ പൊതു സമൂഹം രംഗത്തുവരണം. സമരങ്ങള്‍ക്കും ലാത്തിചാര്‍ജിനും ബഹളങ്ങള്‍ക്കും എല്ലാം ശേഷം ഏകദേശം 3 കൊല്ലത്തോളം കാതിക്കുടം ശാന്തമായിരുന്നു. ഒരു ജനകീയ സമരത്തെ എപ്പോളും ലൈവ് ആയി നിര്‍ത്തുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യങ്ങളല്ല. ജനങ്ങള്‍ മിക്കവാറും കര്‍ഷക തൊഴിലാളികളോ നിര്‍മാണ തൊഴിലാളികളോ ആണ് മാത്രമല്ല ചില പ്രത്യക്ഷ സമരങ്ങള്‍ ഇടക്ക് ഉണ്ടായിട്ടുണ്ട്. പിന്നെ അന്നത്തെ ലാത്തിച്ചാര്‍ജില്‍ പരിക്കുപറ്റിയവര്‍ക്ക് രണ്ടാഴ്ചയോളം ചികിത്സക്കായി മെഡിക്കല്‍ ക്യാമ്പ് വച്ചു. പലരുടെയും വീടുകളില്‍ അരിയില്ലാത്ത അവസ്ഥ വരെ ഉണ്ടായി. നമ്മളൊക്കെ സാധാരണക്കാരാണ്. അപ്പോള്‍ പലതരത്തിലുള്ള സാമ്പത്തികമായ പ്രശ്‌നങ്ങളും നേരിടുന്നുണ്ട്. ഇപ്പോള്‍ ചാലക്കുടി പുഴയിലെ വെള്ളമാണ് ഇരുപതോളം പഞ്ചായത്തുകളിലേക്കും മുന്‍സിപ്പാലിറ്റികളിലേക്കും കുടിവെള്ളത്തിനായി എടുക്കുന്നത്. ഇത് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. മുമ്പ് കാതിക്കൂടത്തുകാര്‍ മാത്രമായിരുന്നു സമരത്തിനിറങ്ങിയതും കമ്പനിക്കെതിരെ നിന്നതും. പക്ഷെ അടുത്തകാലത്ത് കണക്കംകടവ് ഭാഗത്ത് ഷട്ടറില്‍ ലീക്ക് വന്നു. പിന്നീട് 30 ലക്ഷം രൂപ ചെലവാക്കി ബണ്ട് കെട്ടിയതോടെ വെള്ളം കടലിലേക്ക് ഒഴുകിപ്പോവാതായി. അതോടെ നീറ്റ ജലാറ്റിന്‍ കമ്പനി തള്ളുന്ന മാലിന്യം ഇവിടങ്ങളിലൊക്കെ ചെന്ന് കെട്ടിക്കിടക്കാന്‍ തുടങ്ങി. അതോടെ ആ പ്രദേശങ്ങളിലെ നാട്ടുകാരും കമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പുഴയിലെ വെള്ളത്തിന് ഓരോ സമയം ഓരോ നിറമാണ്. ചിലപ്പോള്‍ പച്ചയാവും, ചിലപ്പോള്‍ ചുമപ്പാവും. ഇതൊക്കെ കാണുമ്പോള്‍ ആളുകള്‍ക്ക് അതിന്റെ ഭീകരത മനസ്സിലാവുന്നുണ്ട്.” അനില്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കാതിക്കൂടം സമരസമിതിയും നീറ്റാജലാറ്റിന്‍ കമ്പനി അധികൃതരും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. പുഴയിലേക്കുള്ള മാലിന്യമൊഴുക്ക് നിര്‍ത്താനും 30 കിലോമീറ്ററോളം പൈപ്പിട്ട് മാലിന്യം കടലിലേക്ക് ഒഴുക്കാനുമാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കമ്പനിയോട് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പ്രയോഗത്തില്‍ വരുന്നത് വരെയും, തങ്ങളുടെ ചാലക്കുടി പുഴ പഴയതു പോലെ ശുദ്ധമാകുന്നതുവരെയും നാട്ടില്‍ ഇന്നുണ്ടായ തരത്തിലുള്ള മാറ്റങ്ങള്‍ക് നഷ്ടപരിഹാരം ലഭിക്കുന്നതുവരെയും സമരത്തില്‍ നിന്നും പിന്മാറില്ലെന ഉറച്ച നിലപാടിലാണ് സമരസമിതി പ്രവര്‍ത്തകരും നാട്ടുകാരും.

“കമ്പനി പുഴയിലേക്കും ഇവിടുത്തെ ജീവജാലങ്ങള്‍ക്കും ഏല്‍പ്പിച്ച നഷ്ടം ചെറുതല്ല 40 കൊല്ലം കൊണ്ട് ജൈവ സാമ്പത്തിനുള്ള മാറ്റങ്ങള്‍. പലരും അസുഖം മൂലം മരണപ്പെട്ടു. ഇന്ന് നാടിനു വന്ന എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൃഷ്യനാശങ്ങള്‍ക്കും മാന്യമായ നഷ്ട പരിഹാരം നല്‍കാന്‍ കമ്പനി തയ്യാറാകണം. അവര് വെറുതെ അടച്ചു പൂട്ടിപോയിട്ടു കാര്യം ഇല്ല. ഇത്രയും കാലം ഈ മണ്ണിനെ നശിപ്പിച്ചതിനു സമാധാനം പറയണം. അതുവരെ സമരത്തില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ല”, അനില്‍കുമാര്‍ പറഞ്ഞവസാനിപ്പിച്ചു.

കാതിക്കുടം : അനീതി പെരുമഴ പോലെ പെയ്യുമ്പോള്‍

ഗോകുല്‍ ശങ്കര്‍

ഗോകുല്‍ ശങ്കര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍