UPDATES

ട്രെന്‍ഡിങ്ങ്

ടാറും മെറ്റലും പുഴുങ്ങി തിന്നുന്ന കാലം വരുമോ ‘വികസന പൈങ്കിളി’യേ?

കൃഷിഭൂമിയെന്ന അടിസ്ഥാന ഉല്‍പ്പാദനോപാധിയിയെ കുറിച്ചുള്ള രാഷ്ട്രീയ നയമെന്തെന്നുള്ളതാണ് പിണറായി വിജയനോടുള്ള ചോദ്യം. കൃഷി ഭൂമി സ്വകാര്യ സ്വത്താണോ സാമൂഹ്യ സ്വത്താണോ എന്നദ്ദേഹം ഉത്തരം പറയണം. കൃഷിഭൂമിയെ കേവലമൊരു വില്പന ചരക്കാക്കി ചിത്രീകരിക്കുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യണം.

‘കേരളം കീഴാറ്റൂരിലേയ്ക്ക്’ എന്ന പരിപാടിയുടെ പൊതുസമ്മേളനം സംഘാടകരായ ‘സമര സഹായ സമിതി’ക്കാരുടെ രാഷ്ട്രീയ ജാഗ്രതകുറവ് കൊണ്ടുതന്നെ സംഘപരിവാറിനും രാജ്യം ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനും ദുരുപയോഗിക്കാന്‍ കഴിയും വിധമായി മാറുകയുണ്ടായി. ഈ പ്രശ്‌നത്തില്‍ ഉത്പതിഷ്ണുക്കളായ സമര സഹായ സമിതിക്കാര്‍ സ്വയം വിമര്‍ശനം നടത്തണമെന്നാണ് ആദ്യമേ അഭ്യര്‍ത്ഥിക്കാനുള്ളത്. ആറന്മുള സമരമോ, പ്ലാച്ചിമട സമരമോ ഉദാഹരിച്ചുകൊണ്ടു മാത്രം പുതിയ കാലത്തെ തിരിച്ചറിവുകളില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക അസാധ്യമായിരിക്കുന്നു. ഫാഷിസ്റ്റ് ഭീഷണിയെ വിലയിരുത്തുന്നതില്‍ പ്രകാശ് കാരാട്ടിന് പഠിക്കുകയുമല്ല വേണ്ടത്. അന്ധമായ മാര്‍ക്‌സിസ്റ്റ് വിരുദ്ധത ഒന്നുകൊണ്ടു മാത്രമോ, കോണ്‍ഗ്രസ് വിരുദ്ധത കൊണ്ടോ നടത്തേണ്ടതല്ല കേരളത്തിലെ അതിജീവന സമരങ്ങളും ഐക്യദാര്‍ഢ്യസമരങ്ങളും.

സമര സഹായസമിതിയോടുള്ള വിയോജിപ്പുകള്‍

സുരേഷ് ഗോപിയും വിഎം സുധീരനും പിസി ജോര്‍ജ്ജും പിന്തുണയുമായി വരുമ്പോള്‍ അവരോട് മാറി നില്‍ക്കണം എന്നാരും പറയേണ്ടതില്ല. അതൊരു ജനാധിപത്യ മര്യാദയുമല്ല. എങ്കിലും മറ്റുള്ളവര്‍ക്ക് മുന്നിലായൊരു സവിശേഷ പന്തിയുണ്ടാക്കി വിളമ്പി നല്‍കേണ്ട ഗതികേട് ‘കേരളം കീഴാറ്റൂരിലേയ്ക്ക്’ എന്ന പരിപാടിക്കുണ്ടായിരുന്നില്ല. വയല്‍ നികത്തി ബൈപാസ് നിര്‍മ്മാണത്തിന് പോകുമ്പോള്‍ അതില്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് പ്രഖ്യാപിക്കുന്ന സംഘപരിവാറുകാരോടും അതിനു സദസില്‍ നിന്നും കൈയ്യടി ലഭിക്കുന്ന പ്രീപ്ലാന്റ് നാടകത്തിനും മറുപടി പറയാന്‍ കഴിയുന്ന രാഷ്ട്രീയ മൂല്യമുള്ള സമരമാണ് കീഴാറ്റൂരില്‍ നടക്കുന്നത്. നിങ്ങളുടെ സര്‍ക്കാരും ഈ കുറ്റകൃത്യത്തില്‍ തുല്യപങ്കാളികള്‍ മിസ്റ്റര്‍ സുരേഷ് ഗോപീ എന്ന് അധ്യക്ഷന്‍ പറയാന്‍ മറന്നു പോകുന്നത് അത്ര സുഖകരമായ അനുഭവമല്ല. ഇനിയുള്ള ഘട്ടത്തിലെങ്കിലും ഈ പിഴവ് തിരുത്തുമെന്നും കരുതുന്നു. വിയോജിപ്പുകളും വിമര്‍ശങ്ങളും സമരത്തെ തളര്‍ത്താന്‍ വേണ്ടി ഉന്നയിക്കുന്നവയല്ല. ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നാഗ്രഹിച്ചു കൊണ്ടെഴുതുന്നതാണ്. സമരഘട്ടത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഇനി വരുന്ന സമരങ്ങളിലും കാണിക്കേണ്ട ജാഗ്രതയെ കുറിച്ചാണ് സംസാരിക്കാന്‍ ശ്രമിക്കുന്നത്.

(സമര സമിതി അഥവാ ‘വയല്‍ കിളി’കളും, സമര സഹായ സമിതിയും രണ്ടാണ്. കേരളം കീഴാറ്റൂരിലേയ്ക്ക് എന്ന പരിപാടി സംഘടിപ്പിച്ചത് സമര സഹായ സമിതിയാണ്)

കീഴാറ്റൂര്‍ സമരം ഒരു പ്രാദേശിക പ്രശ്‌നമായി ചുരുക്കേണ്ടതുണ്ടോ?

അങ്ങിനെ വേണ്ടതില്ലെന്നുള്ള അഭിപ്രായമാണുള്ളത്. കീഴാറ്റൂര്‍ നെല്‍വയല്‍ സംരക്ഷണ സമരം പ്രധാനമായും രണ്ടു വിഷയങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്.

കൃഷിഭൂമിയാണോ റോഡാണോ സമൂഹത്തിന്റെ പ്രാഥമിക ആവശ്യം?

ചുങ്കപാതകള്‍ക്ക് പാതകള്‍ക്ക് പുറകിലെ വേള്‍ഡ് ബാങ്ക് താല്‍പര്യം?

ഇതില്‍ ഏതെങ്കിലുമൊന്നിലേക്ക് മാത്രം സമരത്തെ ചുരുക്കുന്നത് തന്നെ സമരത്തിന്‍റെ ആകെതുകയെ ചെറുതാക്കുന്നതിന് തുല്യമാണ്. കേവലമൊരു പരിസ്ഥിതി സമരമാക്കി ചുരുക്കുന്നവരാണ് വാസ്തവത്തില്‍ ഈ സമരത്തില്‍ സംഘപവാറിന് ഇടം നല്‍കുന്നത്. ഈ ചുരുക്കല്‍ പുനപരിശോധിക്കണമെന്നാണ് വിനീതമായ അഭ്യര്‍ത്ഥന.

കൃഷി – കൃഷി ഭൂമി – ഭക്ഷണം

കൃഷി ഒരു കാലത്തും ഫീസിബിള്‍ ആയൊരു ഉല്‍പ്പാദക പദ്ധതിയെ ആയിരുന്നില്ല. ഫ്യൂഡല്‍ കാലഘട്ടത്തില്‍ അടിയാന്മ ബന്ധനം നിലനിന്നിരുന്നത് കൊണ്ട് ഉല്‍പ്പാദനകക്ഷമത നിലനില്‍ക്കുകയുണ്ടായി. അടിയാന്മ തൊഴിലിന് (ജാതി തൊഴിലിന്) ആളെ ലഭിക്കാത്ത അവസ്ഥയുണ്ടായതോടെയാണ് വാസ്തവത്തില്‍ കൃഷി ഉല്‍പ്പാദനക്ഷമത ഇല്ലാത്ത ഒന്നായി മാറുന്നത്. എന്നുള്ളതുകൊണ്ടു കൃഷി ഉപേക്ഷിച്ചാല്‍ മനുഷ്യര്‍ എങ്ങിനെ ഭക്ഷണം കഴിക്കും എന്നുള്ളതിനൊരു ഉത്തരം ലഭിക്കെണ്ടതില്ലേ? പോസ്റ്റ് മോഡേണിസ്റ്റ് യുക്തികള്‍ ഉന്നയിക്കും പോലെ നെല്‍കൃഷി മീഥേയ്ൻ ഉണ്ടാക്കുന്നു ആയതിനാല്‍ കൃഷി ഭൂമി തരിശിടണം എന്നതാണോ പോംവഴി.

(പോസ്റ്റ് മോഡേണിസ്റ്റുകളെ എതിര്‍ക്കുകയും സ്വന്തം സംഘടനാ നേതൃത്വത്തിനെ ന്യായീകരിക്കാന്‍ പോസ്റ്റ് മോഡേണിസ്റ്റ് യുക്തികള്‍ സ്വീകരിക്കുകയും ചെയ്യുന്ന യാന്ത്രിക യുക്തന്മാരെ/ഇടതന്മാരെ തള്ളുകയേ നിവര്‍ത്തിയുള്ളൂ).

സമൂഹത്തിന് വിശപ്പ് മാറണമെങ്കില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക കൂടി വേണം. കാര്യക്ഷമതയോടെ ഉല്‍പ്പാദനം നടത്തുന്നതിനും, അതില്‍ പങ്കാളികളാകുന്ന ഉത്പാദക വര്‍ഗത്തെ ചൂഷണ വ്യവസ്ഥയില്‍ നിന്നും മോചിപ്പിക്കുന്നതിനും / സ്വഭിമാനത്തോടെ ജീവിക്കുന്നതിനും സമൂഹത്തിന് ഭക്ഷണം കഴിക്കുന്നതിനും അടിസ്ഥാനപരമായി കൃഷിഭൂമി സംരക്ഷിക്കപെടണം. സംരക്ഷിക്കപെടുന്ന കൃഷിഭൂമിയില്‍ ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിച്ചുകൊണ്ട് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതോടെയെ സമൂഹത്തിന്റെ വിശപ്പ് മാറ്റാന്‍ കഴിയും വിധം കൃഷി ഉത്പാദകക്ഷമത നേടുകയുള്ളൂ. സാമൂഹിക ആവശ്യങ്ങളെ മാറ്റിനിര്‍ത്തിയുള്ള കൃഷി കര്‍ഷകന്‍റെ തലയില്‍ ‘മാത്രം’ കെട്ടി വെക്കുന്നതോടെ കൃഷിയെന്നത് നഷ്ടത്തിലോടുന്ന പദ്ധതിയാകുകയും ഭൂമി (താല്‍കാലികമായ) ലാഭത്തിന് റിയല്‍ എസ്റ്റേറ്റ്കാര്‍ക്ക് വില്‍ക്കേണ്ടി വരുന്ന ഒരു ചരക്കായി മാറുകയും ചെയ്യും. ഭൂപരിഷ്‌ക്കരണത്തിന്‍റെ രണ്ടാം ഘട്ടം നടപ്പിലാക്കാത്തത് മൂലം കേരളത്തില്‍ കൃഷിഭൂമിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല.

ടാറും മെറ്റലും പുഴുങ്ങി തിന്നാല്‍ വിശപ്പ് മാറുമോ ‘വികസന പൈങ്കിളി’കളെ? മനുഷ്യന്‍റെ അടിസ്ഥാന ആവശ്യമാണല്ലോ ഭക്ഷണം. സമൂഹത്തിന് ഭഷണം കഴിക്കണമെങ്കില്‍ കൃഷി ഉണ്ടായേ മതിയാകൂ. ഇതിനായി കൃഷിഭൂമി സംരക്ഷിക്കപ്പെടുകയും, ഫ്യൂഡല്‍ ഉല്‍പ്പാദ ബന്ധനങ്ങളില്‍ (ഉല്‍പ്പാദന ബന്ധങ്ങളിലെ ജാതിയതയില്‍) നിന്നും കര്‍ഷകരെ/തൊഴിലാളികളെ മോചിപ്പിക്കുകയും, ആസൂത്രണ പദ്ധതികളോട് കൂടി കര്‍ഷകന് നഷ്ടം വരാത്ത രീതിയില്‍ കൃഷിയെ ഭരണകൂടം പിന്തുണയ്ക്കുകയും, കൃഷിരീതികള്‍ ആധുനികവല്‍ക്കരിക്കുകയും ചെയ്യേണ്ടതുണ്ട്. അതുണ്ടാകുന്നില്ലയെങ്കില്‍ അടുത്ത ഘട്ടത്തില്‍ കേവലമൊരു റിയല്‍ എസ്റ്റേറ്റ് ചരക്കായി മാറുന്ന ഇതേ കൃഷിഭൂമികള്‍ കയ്യടക്കാന്‍ പോകുന്നത് ഫിനാന്‍സ് മൂലധനമായിരിക്കും. കോര്‍പ്പറേറ്റ് ഫാമിങ്ങിലേയ്ക്ക് രാജ്യം നീങ്ങുന്നതിന്റെ സൂചനകള്‍ വന്നുകഴിഞ്ഞിരിക്കുന്നു. ഫിനാന്‍സ് മൂലധനത്തിനെ ഒളിപ്പിച്ച് പിടിച്ച് എല്ലാവരെയും കൂട്ടി യോജിപ്പിച്ചുള്ള സദാചാര സമരങ്ങള്‍ക്ക് ഇനിയുള്ള കാലം ദീര്‍ഘകാല നിലനില്‍പ്പുണ്ടാകില്ല. അതുമൂലം ജനത്തിനു നഷ്ടപെടാന്‍ പോകുന്നത് സ്വന്തം ഭക്ഷണമായിരിക്കും. ഭക്ഷണത്തില്‍ സ്വയം പര്യാപ്ത നേടാത്ത രാജ്യവും, സമൂഹം മറ്റെന്തു നേടിയാലും സ്വാശ്രയത്വം നേടിയെന്ന് വിലയിരുത്താന്‍ കഴിയുകയില്ല.

ചുങ്കപാതകളും (ബി.ഓ.ടി റോഡുകള്‍) ഭരണകൂടങ്ങളും

വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ബി.ഓ.ടി അടിസ്ഥാനത്തില്‍ ദേശീയപാത വികസനം എന്ന കരാര്‍ ലോകബാങ്കുമായി ഒപ്പിടുന്നത്. അമ്മേരിക്കന്‍ സാമ്രാജ്യത്വത്താല്‍ നിയന്ത്രിക്കപെടുന്ന ഫിനാന്‍സ് മൂലധനത്തിന്‍റെ സഞ്ചിതരൂപങ്ങള്‍ ആണല്ലോ ഐ.എം.എഫും ലോകബാങ്കും. ആ ലോകബാങ്ക് പദ്ധതി ഇന്ത്യയില്‍ നടപ്പിലാക്കുന്നത് പ്രാഥമികമായും കേന്ദ്ര സര്‍ക്കാരുകളാണ്. ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാരും ബി.ഓ.ടി അടിസ്ഥാനത്തില്‍ തന്നെ ദേശീയ പാത നിര്‍മാണം നടത്തണമെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ അതേ സര്‍ക്കാരിന്‍റെ പ്രതിനിധിയെ സമര സഹായ സമിതിക്കാര്‍ അഭിവാദ്യം ചെയ്യാനായി കെട്ടി എഴുന്നള്ളിക്കുന്നു. എന്തൊരു വിരോധാഭാസമാണെന്ന് നോക്കൂ. ബി.ഓ.ടി പാതയ്ക്ക് വേണ്ടി നിയമ നിര്‍മ്മാണം നടത്തിയവര്‍ തന്നെ അതിനെതിരായ സമരത്തില്‍ പങ്കെടുക്കുക. എന്നിട്ട് അതിനെ ജനാധിപത്യമെന്ന് വിളിക്കുക. ഇതില്‍ പരം രാഷ്ട്രീയ അശ്ലീലം കാണാനില്ല. ഇതേ പരിപാടിക്ക് പിന്തുണയുമായി ജി.സുധാകരന്‍ എത്തിയിരുന്നെങ്കില്‍ എങ്ങിനെയിരിക്കും!

കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്രാജ്യത്വ ദാസ്യത്തിന് വിടുപണി ചെയ്യുന്ന പരിപാടിയാണ് കേരളം ഭരിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നത്. ആരോടുമൊരു ചര്‍ച്ചയുമില്ല, എല്ലാം തന്‍റെ തീരുമാനപ്രകാരം നടപ്പിലാക്കുമെന്ന ഹുങ്കാണ് ആ ജനപ്രതിനിധിയെ നയിക്കുന്നത്. കൃഷിഭൂമി സംരക്ഷണ സമരത്തില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പ്രതിസ്ഥാനത്തെത്തുമ്പോഴാണ് അതില്‍ ‘ഒരു ഭരണകൂടത്തെ മാത്രം’ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ചില ഇടപെടലുകള്‍ ഉണ്ടാകുന്നത്. അത്തരം സമീപനങ്ങള്‍ ആശാസ്യമല്ല. കൃഷിഭൂമി സംരക്ഷണത്തിലും ചുങ്കപാതകളുടെ കാര്യത്തിലും ഇരു ഭരണകൂടങ്ങളും തുല്യയളവില്‍ കുറ്റകൃത്യത്തിലേര്‍പെട്ടവരാണ്.

കൃഷിഭൂമിയെന്ന അടിസ്ഥാന ഉല്‍പ്പാദനോപാധിയിയെ കുറിച്ചുള്ള രാഷ്ട്രീയ നയമെന്തെന്നുള്ളതാണ് പിണറായി വിജയനോടുള്ള ചോദ്യം. കൃഷി ഭൂമി സ്വകാര്യ സ്വത്താണോ സാമൂഹ്യ സ്വത്താണോ എന്നദ്ദേഹം ഉത്തരം പറയണം. കൃഷിഭൂമിയെ കേവലമൊരു വില്പന ചരക്കാക്കി ചിത്രീകരിക്കുന്ന രാഷ്ട്രീയത്തെ ചോദ്യം ചെയ്യണം. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എന്നു സ്വയം അവകാശപെടുന്ന ഭരണകൂടം എന്തു ചെയ്യുന്നുവെന്നു നോക്കൂക. ക്വാറികളും വീടുകളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചു. എന്തു വകതിരിവാണ് ഈ സര്‍ക്കാരിന് ഇക്കാര്യത്തിലുള്ളത്? ഈ ഭരണകൂടത്തിനു വകതിരിവ് ഇല്ലെന്നു മാത്രമല്ല വികസന പ്രക്രിയയെ കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ അടിയറവു വെച്ചിരിക്കുകയാണ്.

എന്തു സംഭവിച്ചാലും ലോകബാങ്കിന്റെയും, നാഷണല്‍ ഹൈവേ അതോറിറ്റിയുടെയും റിപ്പോര്‍ട്ടനുസരിച്ചുള്ള പദ്ധതികളുമായി മുന്നോട്ടു പോകുമെന്നുള്ള വാശി ആരുടെ താല്പര്യം സംരക്ഷിക്കാനാണ്? കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്തു കരമന-കളിയിക്കാവിള ഹൈവേ 30 മീറ്ററില്‍ 6 വരിയാക്കി പണിതു കേരളം ബദല്‍ സൃഷ്ടിച്ചപ്പോഴാണ് 45 മീറ്ററില്‍ 4 വരി (ബാക്കി മീഡിയനും, സര്‍വീസ് റോഡിനുമുള്ള സ്ഥലം) പണിയാന്‍ പിണറായി വിജയന്‍ ഒറ്റയ്ക്ക് തീരുമാനിക്കുന്നത്. മുന്‍ സര്‍ക്കാരുകളും സര്‍വകക്ഷി യോഗങ്ങളും ചേര്‍ന്നെടുത്ത തീരുമാനം പിണറായി വിജയന്‍ സര്‍ക്കാര്‍ ഒറ്റക്ക് അട്ടിമറിച്ചപ്പോള്‍ എല്‍.ഡി.എഫെന്ന മുന്നണി സംവിധാനം വടി വിഴുങ്ങി ഇരുന്നു. നിയോ ലിബറലിസത്തിനെതിരെ പീപ്പിള്‍ ഡെമോക്രസിയില്‍ അലമുറയിടുന്ന പ്രകാശ് കാരാട്ട് എളാങ്ക് വിഴുങ്ങി ഡല്‍ഹിയിലുമിരുന്നു!

പ്രത്യയശാസ്ത്ര ബാധ്യതയില്ലാതെ, മുന്നൊരുക്കുങ്ങളില്ലാതെ ഒഴികിയെത്തിയവരെന്ന വ്യാഖ്യാനം

പ്രത്യയശാസ്ത്ര ബാധ്യതകള്‍ ഇല്ലാത്തവരാണോ കീഴാറ്റൂര്‍ എത്തിയ ബഹുഭൂമിപക്ഷവും? അല്ല എന്നാണ് എന്റെ അനുഭവം. വാസ്തവത്തില്‍ പ്രത്യയശാസ്ത്ര ബാധ്യത ഇല്ലാത്ത ചില വഞ്ചകര്‍ക്ക് ആദ്യമേ വേദിയും മൈക്കും നല്‍കി രാഷ്ട്രീയ പ്രബുദ്ധതയുള്ള സദസിനെ തെറ്റിദ്ധരിപ്പിക്കുകയാണ് സംഘാടകര്‍ ചെയ്തത്. ഈയുള്ളവന്‍ സമരത്തിനോട് ഐക്യപെട്ടത് രാഷ്ട്രീയം ഇല്ലാത്തതുകൊണ്ടല്ല. ഉള്ളതു കൊണ്ടാണ്. തണ്ണീര്‍ തട നെല്‍വയല്‍ നികത്തല്‍ നിരോധന നിയമത്തെ സ്വാഗതം ചെയ്യുന്നതു കൊണ്ടാണ്. ചുങ്ക പാതകളോടുള്ള രാഷ്ട്രീയ വിയോജിപ്പിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു തര്‍ക്കത്തിന് ഈയൊരു വാദം ശരിയെന്നു സമ്മതിച്ചാല്‍ തന്നെയും ഒരു കാര്യം കൂടി പറയട്ടെ. പ്രത്യയശാസ്ത്ര ബാധ്യത ഇല്ലാത്തവരുടെ മഹാ മഴവില്‍ സഖ്യമാണ് കീഴാറ്റൂര്‍ കണ്ടതെങ്കില്‍ അങ്ങിനെയുള്ള മഴവില്‍ ഒലിച്ചു പോകാനും നിമിഷം നേരം മതി. പ്രത്യയശാസ്ത്ര ബാധ്യത ഒരു കുറവല്ല സര്‍. പ്രത്യയശാസ്ത്ര പരിഹാസവും, ബുദ്ധിജീവി ഉന്മൂലനവും ഫാഷിസ്റ്റ് പ്രവര്‍ത്തന പദ്ധതിയുമാണ്. അതിന് ഓശാന പാടുന്നവരോട് സഹതാപം മാത്രമേ ബാക്കിയുള്ളൂ.

ചന്ത വികസനത്തിന് (market development) രാഷ്ട്രീയം വേണ്ടെന്നു വേള്‍ഡ് ബാങ്കും, മോദിയും, പിണറായി വിജയനും ആക്രോശിക്കുമ്പോള്‍ എന്നാല്‍ ശരി പ്രതിരോധത്തിനും, കൃഷിഭൂമി സംരക്ഷണത്തിനുമായി തങ്ങളും രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്നുള്ള നിലപാടു ഇരക്കൊപ്പമോടാന്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായക്കും അവസരം നല്‍കലാണ്. രാഷ്ട്രീയമേ വേണ്ടയെന്നുള്ള അടവ് നയം ആത്മഹത്യാപരമാണ്. കൃഷിഭൂമി വരുംതലമുറക്കായി സംരക്ഷിക്കുകയെന്നുള്ള ലക്ഷ്യത്തെ കക്ഷിരാഷ്ട്രീയ വിരുദ്ധതയിലേക്ക് ഒതുക്കി കളയലാണ് നടക്കുന്നത്. ഫിനാന്‍സ് മൂലധനത്തിന് മുമ്പില്‍ അരാഷ്ട്രീയവല്‍ക്കരിക്കപെട്ട ഭരണകൂട ഭ്രാന്തിനെ, അതിന്‍റെ വികസന ഭീകരവാദത്തെ പ്രതിരോധിക്കാന്‍ ഫിനാന്‍സ് മൂലധന വിരുദ്ധ രാഷ്ട്രീയം മുറുകെ പിടിക്കുന്നതാണ് യഥാര്‍ത്ഥ പ്രതിരോധം. ഇതില്‍ പിണറായി വിജയന്‍റെ ഭരണകൂടത്തെ എതിര്‍ക്കാന്‍ മോദിയുടെ സഹായമോ മോദിയുടെ ഭരണകൂടത്തെ എതിര്‍ക്കാന്‍ പിണറായി വിജയന്‍റെ സഹായമോ തേടിയിട്ട് കാര്യമുണ്ടോയെന്ന് ചിന്തിക്കുന്നവര്‍ വിമര്‍ശനാത്മകമായി വിലയിരുത്തേണ്ടതുണ്ട്.

പ്ലാച്ചിമട, ആറന്മുള സമരങ്ങളില്‍ സംഘപരിവാര്‍ ഉണ്ടായിരുന്നുവെന്നുള്ള സമരസഹായ സമിതിയുടെ പരാജയവാദം

പ്ലാച്ചിമട സമരത്തിലുണ്ടായ വിളയോടി വേണുഗോപാല്‍ അവസാനം ചെന്നെത്തിയ ‘ഇടം’ സംഘപരിവാര്‍ ക്യാമ്പായിരുന്നുവെന്നുള്ള ‘നേരനുഭവമാണ്’. അങ്ങിനെ പോകുമ്പോള്‍ സമരത്തിന് പ്രസക്തി നഷ്ടമാകുന്നില്ലെങ്കിലും ആ ”പോക്ക്” പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശം ബി.ജെ.പിയും സംഘപരിവാറും കൊള്ളാവുന്ന ബദല്‍ സാധ്യതയാണെന്ന് കൂടിയാണ്. സി.കെ ജാനു സംഘപരിവാര്‍ പാളയത്ത് എത്തിയതും അടുത്ത നാളുകളിലാണ്. അതൊരു പിന്തിരിപ്പന്‍ സന്ദേശമാണ്. ആറന്മുളയില്‍ സി.പി.എം സംഘപരിവാറിനെ കൂടെ കൂട്ടിയാണ് സമരം ചെയ്തത് എന്നുള്ളതുകൊണ്ട് മറ്റ് സമരങ്ങളിലും ആകാം എന്നുള്ള വാദം എത്രമാത്രം സത്യസന്ധതയുള്ളതാണ്? എങ്കില്‍ നിങ്ങള്‍ എങ്ങിനെയാണ് സി.പി.എമ്മില്‍ നിന്നും വ്യത്യസ്തമാകുന്നത്? സംഘപരിവാറിനെ നിലക്ക് നിര്‍ത്തിയുള്ള പുതുവൈപ്പിന്‍ സമരസമിതി മാതൃകയാകുന്നത് ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നാണ്. പിണറായി വിജയനെന്ന ഏകാധിപത്യ ഭരണാധികാരിയെ പ്രതിരോധിക്കാനായി സമരം നയിച്ചിരുന്ന സമരസമിതിക്ക് ഫാഷിസ്റ്റ് ശക്തികളോടുമുള്ള നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ടി വന്നില്ല. പകരം ജനങ്ങളെയും പൊതുസമൂഹത്തെയും വിഷയത്തിന്റെ ഗൌരവും വ്യാപ്തിയും ബോധ്യപെടുത്തി ഒപ്പം നിറുത്തുകയാണ് ചെയ്തതു.

കീഴാറ്റൂര്‍; ബദലുകളുണ്ട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനത്തിന്റെ പൂര്‍ണ്ണരൂപം

വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ സമയത്ത് നിയമസഭ പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ മടക്കിയയച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. കോര്‍പ്പറേറ്റുകളുടെ വിഭവകൊള്ളയുടെ മുകളില്‍ യാതൊരു വിധ നിയന്ത്രണവും കൊണ്ടുവരികയില്ലെന്നു നിശ്ചയിച്ച ഭരണകൂടം. പ്ലാച്ചിമടയിലെ കൊക്കകോള വിരുദ്ധ സമരത്തെ അന്ന് തന്നെയെതിര്‍ത്തിരുന്ന പിണറായി വിജയനാണിന്ന് സംസ്ഥാന മുഖ്യമന്ത്രി. പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയെയേയും കോര്‍പ്പറേറ്റ് മൂലധനത്തേയും താന്‍ പിന്തുണയ്ക്കുന്നുവെന്നും യു.എസ് പ്രതിനിധികളോട് വ്യക്തമാക്കിയ മഹാന്‍. ഇതു സംബന്ധിച്ച രേഖകള്‍ വിക്കിലീക്‌സ് പുറത്തു വിട്ടിരുന്നു. ശ്രീ വിജയന് കീഴാറ്റൂര്‍ പോലെ തന്നെ പ്ലാച്ചിമട സമരവും പ്രാദേശിക പ്രശ്‌നം മാത്രമായിരുന്നു. സ്വകാര്യ മൂലധനം വരുന്നതിലും അത് രാജ്യത്തിലെ വിഭവങ്ങള്‍ കൊള്ളയടിക്കുന്നതിലും അതുമൂലം ആ പ്രദേശങ്ങളിലെ ജനങ്ങള്‍ ജലദൌര്‍ബല്യം നേരിടുന്നതിലും പ്രശ്‌നം കാണുനൊക്കുന്നില്ല. വിജയനെന്ന ഭരണാധികാരി ഇങ്ങനെയെല്ലാമായിരിക്കുമ്പോഴും ശത്രുവിന്‍റെ ശത്രു മിത്രം എന്ന ലളിത സമവാക്യത്തില്‍ അതെ രാഷ്ട്രീയ നയമുള്ള മോദി ബ്രിഗേഡിനെ കൂട്ട് പിടിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ലേ പ്രിയ സുഹൃത്തുക്കളെ, സമര സഖാക്കളെ?

ഇന്ത്യയില്‍ നടക്കുന്ന പരിസ്ഥിതി സമരങ്ങളില്‍ ഹിന്ദുത്വ ദേശീയവാദികള്‍ എങ്ങിനെ കടന്നുകൂടുന്നുവെന്നുള്ളത് മുകുള്‍ ശര്‍മ്മയെഴുതിയ ‘Green and Saffron’ എന്ന പുസ്തകം വെളിവാക്കുന്നുണ്ട്. മീര നന്ദയുടെ ‘Hindu Ecology in the Age of Hindutva: The Dangers of Religious Environmentalism’ എന്ന പ്രബന്ധത്തിലും പരിസ്ഥിതി പ്രവര്‍ത്തങ്ങളെ പൊളിറ്റിക്കല്‍ ഹിന്ദു എങ്ങിനെയാണ് കയ്യടക്കുന്നതെന്നും വിശദീകരിക്കുന്നു. ഇങ്ങനെ പറയുമ്പോള്‍ നാളെ മുതല്‍ പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യമുപേക്ഷിക്കുക എന്നുള്ള സദാചാര (മോറലിസ്റ്റ്) നിലപാടെടുക്കുകയല്ല വേണ്ടത്. പരിസ്ഥിതി സംരഷണ സമരങ്ങള്‍ക്ക് സാമ്രാജ്യത്വ വിരുദ്ധ താല്പര്യം തീര്‍ച്ചയായുമുണ്ട്. കുത്തക മൂലധത്തിന്റെ വിഭവ കൊള്ളയെ അതു പ്രതിസ്ഥാപിക്കുന്നുണ്ട്. ഈ മുന്നേറ്റത്തെ ഭരണകൂടത്തെ ഉപയോഗിച്ച് നേരിടുന്നതിന് പകരം സംഘപരിവാര്‍ കാണുന്ന ഉപാധിയാണ് സമരത്തില്‍ നുഴഞ്ഞു കയറി അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ വഴിതിരിച്ചു വിടുകയെന്നുള്ളത്.

സംഘപരിവാറിനു ഫിനാന്‍സ് മൂലധനത്തിനോടോ യാതൊരു വിധ വിമര്‍ശനവും ഇല്ലെന്നു മാത്രമല്ല അവരുടെ ഭരണകൂടങ്ങള്‍ സാമ്രാജ്യത്വ ദാസ്യം വളരെ പ്രകടമായി തന്നെ നടപ്പിലാക്കുകയും ചെയ്യുന്നു. സമരങ്ങളില്‍ നുഴഞ്ഞുകയറുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം തിരിച്ചറിഞ്ഞു ഇടപെടണം. ഊഴം കിട്ടാന്‍ കാത്തിരിക്കാന്‍ പറയണം. അത്രയും ഘടാഗടിയന്‍ പിന്തുണക്കാര്‍ ആണെങ്കില്‍ പരിപാടി അവസാനിക്കും വരെ കാത്തു നില്‍ക്കെട്ടെ. അല്ലാതെ മറ്റുള്ളവരുടെ അദ്ധ്വാനത്തിന്റെ പങ്കു പറ്റുകയും സമരത്തിന് പിന്തുണ നല്‍കി കൊണ്ടു അവിടെയെത്തിയ ആയിരങ്ങളോട് ‘ഇവിടെ നടക്കുന്നതൊന്നും മോദിയേട്ടന്‍ അറിഞ്ഞിട്ടില്ലെന്നും, ‘മോദിയേട്ടന്‍ പാവാടാ’യെന്നും ആദ്യമേ കയറി പറയുകയും കൂടെ വന്നിട്ടുള്ള സംഘികള്‍ കയ്യടിക്കുകയും ചെയ്യുമ്പോള്‍ അതു നല്‍കുന്ന സന്ദേശം അത്ര ലളിതമല്ല. പരിപാടിയുടെ അധ്യക്ഷന്‍ ഇതിനെ തിരുത്തുന്ന നിലപാട് തൊട്ടു പുറകെ അറിയിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നുള്ളതും സംഘാടകരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണെന്ന് വീണ്ടും ചൂണ്ടി കാണിക്കട്ടെ.

കേരളത്തില്‍ സംഘപരിവാര്‍ വളരെ സൂക്ഷ്മമായും സംഘടിതമായും ഗ്രൌണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ മണ്ടത്തരം എഴുതിവെക്കുന്നുവെന്നുള്ളത് മാനദന്ധമാക്കി സംഘപരിവാര്‍ പ്രവര്‍ത്തനത്തെ വിലയിരുത്തരുത്. കേരളത്തിലെ പട്ടണങ്ങള്‍ക്ക് പുറത്തു സോഷ്യല്‍ കോണ്‍ഫ്‌ലിക്റ്റ് നിലനില്‍ക്കുന്ന ഓരോ പ്രദേശങ്ങളിലും അവര്‍ എത്തുന്നുണ്ട്. വൈക്കത്ത് ഹാദിയയുടെ അച്ഛന്‍ അശോകന് സഹായവുമായി അവരുണ്ടായിരുന്നു. അട്ടപാടിയില്‍ അവരുണ്ട്. മണ്ണാര്‍കാട് മുതല്‍ അട്ടപാടി വരെയുള്ള പ്രദേശത്തെ പുത്തന്‍പണക്കാരിലെ ഇതര മതസ്ഥരെ പ്രതിസ്ഥാനത്തു നിര്‍ത്തി ആദിവാസികളെ വര്‍ഗീയവല്‍ക്കരിക്കുന്നതിനായി ശശികല ടീച്ചറടക്കമുള്ളരേയെത്തിച്ചു പ്രചരണം നടത്തുന്നുണ്ട്. മുതലമടയില്‍ അവരുണ്ട്, പ്ലാച്ചിമടയില്‍ അവരുണ്ട്, വയനാട്ടില്‍, അരിപ്പയില്‍ എന്നിവടങ്ങളിലെല്ലാം, അവരും അവര്‍ പ്രതിനിധാനം ചെയ്യുന്ന സന്ദേശവും നേരത്തെ എത്തിയിട്ടുണ്ട്.

അതെസമയം വിഴിഞ്ഞം സ്വകാര്യ തുറമുഖത്തിനെതിരെ നടന്ന സമരത്തില്‍ നുഴഞ്ഞുകയറാന്‍ വ്യാപകമായ ശ്രമം സംഘപരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടായില്ല. ബാലരാമപുരത്ത് ശക്തമായ സ്വാധീനമുണ്ടായിട്ടും രാഷ്ട്രീയ സമ്പത്ത് വ്യവസ്ഥയുടെ പ്രശ്‌നം വരുന്നിടത്ത് സംഘപരിവാര്‍ നിശബ്ദമായി മാറുകയായിരുന്നു. രാജ്യത്തിന്റെ തുറമുഖം സ്വകാര്യമൂലധനശക്തികള്‍ക്കു തീറെഴുതി കൊടുത്തപ്പോള്‍ രാജ്യസ്‌നേഹികള്‍ മിണ്ടാതിരിന്നുവെന്നും ഓര്‍ക്കണം. അന്നാ സമരത്തെ ഒറ്റുകൊടുത്തത് സമരത്തിനൊപ്പമെന്നും പറഞ്ഞു കൂടെ നിന്നിരുന്ന സഭയും ചില സ്വതന്ത്ര മത്സ്യതൊഴിലാളി സംഘടനകളുമായിരുന്നു. രാജ്യസുരക്ഷ, പാരിസ്ഥിതികപ്രശ്‌നം, മത്സ്യതൊഴിലാളിയുടെ അതിജീവനം, കോര്‍പ്പറേറ്റ് മൂലധന താല്‍പര്യം എന്നീ ഘടകങ്ങളുണ്ടായിരുന്ന ഒരു സമരം ഭൂമിയുടെ നഷ്ടപരിഹാരം എന്ന തരത്തിലേക്ക് ചുരുക്കി ഒതുക്കി അവസാനിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയും സഭയും ചേര്‍ന്നുള്ള ഗൂഡാലോചന വഴിയായിരുന്നു. അന്നവിടെ സഭ ചെയ്ത അതെ രാഷ്ട്രീയ വഞ്ചനയാണു കീഴാറ്റൂരിലെത്തുമ്പോള്‍ സി.പി.എം ചെയ്യുന്നതു. (വിഴിഞ്ഞം പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്വന്തം ഫേസ്ബുക്ക് പോസ്റ്റ് മുക്കിയതും ജനം കണ്ടതാണ്).

ആനവണ്ടി കട്ടപ്പുറത്ത്, യാത്രക്കാര്‍ പെരുവഴിയില്‍; നില്‍പ്പ് യാത്ര നിരോധിച്ച കോടതിവിധിയും കീഴാറ്റൂരും തമ്മിലെന്ത്?

മാവോയിസവും, ലെനിനിസവും ഭീകരവാദമായും ഹിന്ദുത്വം ജനാധിപത്യവുമായി നോര്‍മലൈസ് ചെയ്ത പൊതുബോധത്തിനും, അതിനുള്ള ഭരണകൂട പിന്തുണക്കുമിടയില്‍ നിന്നുമാണ് പ്രതിരോധ സമരങ്ങളോടുള്ള സമീപനങ്ങളെ പുനഃവ്യാഖ്യാനിക്കേണ്ടതെന്നു തോന്നുന്നു. ഈ പൊതുബോധം ചോദ്യം ചെയ്യപെടേണ്ടതുണ്ട്. ഈ ഭരണകൂടയുക്തിയെ തകര്‍ക്കേണ്ടതുണ്ട്. (മാവോയിസ്റ്റ് പാര്‍ട്ടി പരിപാടിയും, അടവുനയങ്ങളോടുമുള്ള വിയോജിപ്പ് മറ്റൊരു ചര്‍ച്ചയാണ്) ആദിവാസികള്‍ക്കിടയിലും കേരളത്തിലെ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്കിടയിലും സ്വത്വാഭിമാന സംവാദതലം സൃഷ്ടിച്ചുകൊണ്ടു പൊളിറ്റിക്കല്‍ ഹിന്ദുത്വവും കയറികൂടിയിട്ടുണ്ടെന്നുള്ളതൊരു വസ്തുതയാണ്. ഇവിടെ നിന്നെല്ലാം മാവോയിസ്റ്റുകളെ ‘മാത്രം’ തുരത്താന്‍ നടക്കുന്നവര്‍ പോലും അതേ സ്ഥലങ്ങളിലേക്ക് സംഘപരിവാര്‍ കയറി കൂടുമ്പോള്‍ പ്രായോഗികമായി എങ്ങിനെ പ്രതിരോധിക്കണമെന്നു പോലുമറിയാതെ നില്‍ക്കുന്നതും കാണുന്നുണ്ട്. പ്രതിരോധത്തിന് പരിപാടിപരമായ രാഷ്ട്രീയം വേണ്ടതുണ്ടെന്നു ബോധ്യമാകുന്നതും ഇത്തരം പ്രതിസന്ധികളില്‍ നിന്നുമാണ്. അരാഷ്ട്രീയ പ്രതിരോധകൂട്ടം ഒരു തീപെട്ടി കത്തിച്ചാല്‍ വെണ്ണപോലെ ഉരുകിയൊലിച്ചു പോകും, അനിസ്‌പ്രെ പോലെ പൊടിപോലുമുണ്ടാകില്ല പിന്നെ കണ്ടുപിടിക്കാന്‍.

നാളിത്രയും കീഴാറ്റൂര്‍ സമരത്തെ എതിര്‍ത്തിരുന്ന കാറിലും, ഫ്‌ളാറ്റിലുമിരുന്നു ‘അരിഭക്ഷണം’ കഴിച്ചു കൃഷിഭൂമി സംരക്ഷണത്തെ പരിഹസിച്ചിരുന്ന മധ്യവര്‍ഗ/ഇടതു/വലതു ഒറ്റബുദ്ധികളുടെ കടപ സംഘപരിവാര്‍ വിരുദ്ധത കണ്ടിട്ടല്ല ഇത്രയും എഴുതിയത്. ഇതെല്ലാം തുറന്ന വിമര്‍ശനത്തിനു മുന്നോട്ടു വെക്കുന്നത് ഇനിയുള്ള കാലം ആവശ്യമായ തിരുത്തലുകള്‍ വരുത്തി കൂടുതല്‍ ജാഗ്രതയോടെ സമര സംഘാടനം മുന്നോട്ടു കൊണ്ടുപോകണമെന്നുള്ള അഭിപ്രായമുള്ളത് കൊണ്ടാണ്. സാമ്രാജ്യത്വ വിരുദ്ധ ഉള്ളടക്കമുള്ള സമരങ്ങളെ പ്രാദേശിക സമരമെന്നു ചുരുക്കുന്നതിനു പകരം കൃഷിഭൂമി സംരക്ഷണവും, ഫിനാന്‍സ് മൂലധന വിരുദ്ധ സമരവുമെന്ന വിധം വികസിപ്പിക്കുകയാണ് വേണ്ടത്.

സി.പി.എമ്മിന്‍റ ഭീഷണികളും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ സമീപനവും

കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍കിളികള്‍ ഇപ്പോള്‍ സാമൂഹ്യഭ്രഷ്ടും ഭീഷണിയും നേരിടുകയാണ്. ആ പാര്‍ട്ടി ഗ്രാമത്തില്‍ ജീവിക്കുന്ന മനുഷ്യരുടെ അനുഭവം ഭീതിദമാണ്. ഓരോ ദിവസവും രാത്രി വീടുകളില്‍ സി.പി.എം ക്യാമ്പയിന്‍ ഗ്രൂപ്പുകള്‍ എത്തി വിവിധ രീതിയില്‍ ഭീഷണിപെടുത്തുന്നു. പെണ്‍കുട്ടികളുടെ വിവാഹം മുടക്കുമെന്നുമുള്ള ഭീഷണിയും സമരം ചെയ്യുന്ന കുടുംബങ്ങള്‍ നേരിടുന്നു. ഫ്യൂഡല്‍ പ്രതികാരബോധം മാത്രം കൈമുതലായുള്ളവര്‍ക്കിടയില്‍ വയല്‍കിളികളെന്ന സമരസമിതിയില്‍ ഉള്‍പെട്ട മനുഷ്യര്‍ക്കു ഇനിയും ജീവിക്കണം. നേരത്തെ ഇവരുടെ സമരപന്തല്‍ കത്തിച്ചതും സി.പി.എം പ്രവര്‍ത്തകര്‍ ആയിരുന്നു.

ഒരു റോഡും എട്ടേക്കര്‍ വയലും എന്ന കണ്ണുപൊത്തിക്കളിയല്ല കീഴാറ്റൂര്‍

കൃഷിഭൂമി സംരക്ഷിക്കാന്‍ വേണ്ടി സമരം ചെയ്തുവെന്നതാണ് ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റകൃത്യം. എത്രയോ നികൃഷ്ടമായാണ് ഒരു രാഷ്ട്രീയസമരത്തെ സി.പി.എം ഒറ്റുകൊടുക്കുന്നത്. ഇതേ ഒറ്റുകാര്‍ സംഘപരിവാര്‍ പേടി അഭിനയിച്ചു ഡയലോഗ് അടിക്കുമ്പോള്‍ (അപ്പോള്‍ മാത്രം) അവരുടെ അണ്ണാക്കിലേക്ക് തിരുകി വെക്കേണ്ടതു ആറന്മുള സമരമാതൃക. ഇത്രയും രാഷ്ട്രീയ വഞ്ചന കാണിക്കുന്ന മറ്റൊരു സംഘടനയെ ഇന്നു കേരളത്തില്‍ കാണാന്‍ കഴിയില്ല. വലതുപക്ഷത്തിനു തങ്ങള്‍ വലതുപക്ഷമാണെന്ന് പറയാനുള്ള സത്യസന്ധതയെങ്കിലുമുണ്ട്.

സംസ്ഥാന ഭരണകൂടത്തിന്‍റെ ധാര്‍ഷ്ട്യമാണെങ്കില്‍ എല്ലാവിധ ജനാധിപത്യ ബോധ്യങ്ങളെയും പരിഹസിക്കുന്നതായി മാറുന്നു. ഭരണകൂടവും ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകരും ഒരുപോലെ സമരം ചെയ്യുന്നവരെ ആക്രമിക്കുന്നു. കൃഷിഭൂമി സംരക്ഷിക്കാനുള്ള സമരത്തില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ കേസുകളില്‍ പെട്ടു കഴിഞ്ഞു. എന്നാല്‍ നിയമവിരുദ്ധമായി പാരിസ്ഥിക ആഘാത പഠനമോ പൊതുതെളിവെടുപ്പോ നടാത്താതെ വീതി കൂട്ടല്‍ പദ്ധതിയുമായി കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു മുന്നോട്ടു പോകുകയാണ്. ഇവിടെ മനുഷ്യരുടെ ഭരണഘടനാപരവും, നിയമപരവും, നീതിപരവുമായ അവകാശങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന പിണറായി വിജയനെന്ന ഭരണാധികാരി പൂര്‍ണ്ണപരാജയമായി മാറുന്നു.

നമ്മുടെ നാട്ടില്‍ വയല്‍ നികത്തി റെയില്‍ വന്നിട്ടില്ലേ? റോഡ് വന്നിട്ടില്ലേ?

നേരത്തെയും റോഡുകള്‍ വന്നിട്ടുണ്ട്. അങ്ങിനെ കൃഷിഭൂമിയെ പലവിധത്തില്‍ മനുഷ്യര്‍ കയ്യേറ്റം ചെയ്തു നശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്നു നടന്ന പല പഠനങ്ങളുടെയും, അനുഭവ പാഠങ്ങളുടേയും, കെ.എസ്.കെ.ടിയു നടത്തിയ സമരങ്ങളുടെയും ആകെതുകയെന്ന രീതിയില്‍ 2008ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്‍റെ സമയത്തു കേരളത്തില്‍ ലഭ്യമായുള്ള നെല്‍വയലുകളും തണ്ണീര്‍തടങ്ങളും സംരക്ഷിക്കാന്‍ ഒരു നിയമം കൊണ്ടു വന്നിരുന്നു (http://sanitation.kerala.gov.in/wp-content/uploads/2017/07/the-kerala-conservation-of-paddy-land-and-wetland-act-2008.pdf) അനിയന്ത്രിത നികത്തലുകളില്‍ നിന്ന് വയലുകളെയും നെല്‍പാടങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ നിയമത്തിന്‍റെ പ്രധാന ലക്ഷ്യം. കേരളത്തിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നിവയും ഇതുവഴി ലക്ഷ്യമിട്ടിരുന്നു. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിനായുള്ള രാജ്യത്തെ ആദ്യത്തെ നിയമം കൂടിയാണിത്. ഭൂമി നമ്മുടെ മാത്രമല്ല വരും തലമുറക്ക് കൂടി അവകാശപെട്ടതാണെന്ന ഉള്‍കാഴ്ച ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇനിയൊരു നെല്‍വയലും തണ്ണീര്‍തടവും നികത്തരുത് എന്ന് നിഷ്‌കര്‍ഷിക്കുന്ന ഈ നിയമം അട്ടിമറിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ശ്രീമാന്‍ പിണറായി വിജയനും കൃഷി മന്ത്രിയായ സുനില്‍കുമാറും കൂടിയുള്ള മന്ത്രിസഭാ കഴിഞ്ഞ ദിവസം സ്വീകരിച്ചത് (http://www.doolnews.com/kerala-conservation-of-paddy-land-and-wetland-act-to-undergo-ammendments-in-favor-of-corporates177.html) ആ തീരുമാനം സര്‍ക്കാര്‍ തിരുത്തുകയും ഇനി ലഭ്യമായ കൃഷിഭൂമി വരുംതലമുറയ്ക്ക് വേണ്ടി കാത്തു രക്ഷിക്കുകയും വേണം. ഒറ്റബുദ്ധികള്‍ ശ്രദ്ധിക്കേണ്ട കാര്യം ചരിത്രത്തില്‍ കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നുള്ളതു ഇനിയുള്ള കാലം കുറ്റകൃത്യം തുടരാനുള്ള ജാമ്യമാകുന്നില്ല.

ഫാഷിസ്റ്റ് വിരുദ്ധ സമരമുന്നണി

ഫാഷിസ്റ്റ് വിരുദ്ധ സമരമുന്നണി ഏതെങ്കിലും ഒരു കക്ഷിയോടോ വ്യക്തിയോടോ തോന്നുന്ന വിയോജിപ്പുകളെക്കാള്‍ പ്രാധാന്യത്തോടെ രാജ്യം കാണേണ്ട കാലത്താണ് നാം ജീവിക്കുന്നത്. രാജ്യത്തെ മുഴുവന്‍ പുരോഗമന/മതേതര/ജാനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കും, സി.പി.എം വിരുദ്ധര്‍ക്കും, സി.പി.എമ്മിനും, എന്തിനു നോക്കുകൂലി ഫാഷിസം എന്നെല്ലാം വിളിച്ചു കൂവുന്ന കെ.വേണുവിയന്‍ ലിബര്‍ല്‌സിനും ഫാഷിസ്റ്റ് വിരുദ്ധ സമരമുന്നണിയില്‍ സ്ഥാനമുണ്ട്, ഉണ്ടാകണം. അവിടെ മുഖ്യശത്രു ഫാഷിസ്റ്റുകളാണ്. ഫാഷിസ്റ്റ് വിരുദ്ധ സമരത്തില്‍ വെള്ളം ചേര്‍ത്തു നിങ്ങള്‍ നടത്തുന്ന ഓരോ നീക്കവും രാജ്യത്തെ മുഴുവന്‍ ജനങ്ങളേയും, ഹിന്ദു ബാഹ്യരായ മത വിശ്വാസികളെയും, നിങ്ങളെ തന്നെയും അപകടത്തിലേക്ക് തള്ളിവിടുന്ന വഞ്ചനാപരമായ നടപടികളാണ്. നാമ്മൊന്നിച്ചെതിര്‍ത്താല്‍ പോലും ഒരുപക്ഷെ തോല്‍പ്പിക്കാന്‍ കഴിയാത്ത വിധം വളര്‍ച്ച പ്രാപിക്കുന്ന ഒന്നിനെ ന്യൂനീകരിച്ചു അവതരിപ്പിക്കുമ്പോള്‍ നിശബ്ദത പാലിക്കാന്‍ കഴിയില്ല. രാഷ്ട്രീയ ജാഗ്രതക്കു സെലക്റ്റീവ് അംനീഷ്യ സ്വീകാര്യമല്ല.

ഇനിയെങ്ങോട്ട്?

നമുക്കിനി വമ്പന്‍ റോഡുകളാണോ വേണ്ടത്. കര്‍ണാടകയും തമിഴ്‌നാടും ഒരു മാതൃകയാകുന്നില്ല. കേരളവുമായി താരതമ്യം ചെയ്തു പരിശോധിക്കുമ്പോള്‍ ജനസാന്ദ്രത തീരെ കുറഞ്ഞ സ്ഥലങ്ങളാണിവ. രണ്ടാമത്തേത് റോഡുകള്‍ക്ക് പുറകിലെ രാഷ്ട്രീയമാണ്. കീഴാറ്റൂരില്‍ കൃഷിഭൂമി ഒഴിവാക്കി ബൈപാസ് പണിയുന്നതിനോപ്പം തന്നെ കേരളത്തില്‍ ഇനി വേണ്ടത് പെട്രോഡോളര്‍ എക്‌ണോമിക്കു അടിമപെടുന്ന റോഡ് വികസനമാണോ വേണ്ടത് അതോ മറ്റു സഞ്ചാര മാദ്ധ്യമങ്ങള്‍ സാധ്യമാണോയെന്നും അന്വേഷിക്കെണ്ടതുണ്ടെന്നും കരുതുന്നു. റോഡുകളും യാത്രാഉപകരണങ്ങളും നാളിത്രയും മനുഷ്യര്‍ അവരുടെ ആവശ്യത്തിനായാണ് ഉണ്ടാക്കിയിരുന്നത്. റോഡുകള്‍ എല്ലാം തന്നെ പൊതു ആവശ്യങ്ങളായിരുന്നു. എന്നാലിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റോഡ് നിര്‍മ്മാണം വരുന്നത് ലോക ബാങ്ക് നിര്‍ദ്ദേശവുമായി ബന്ധപെട്ടാണ്.

വയൽക്കിളികളെ വിഴുങ്ങാൻ വെട്ടുക്കിളികളെ അനുവദിക്കാതിരിക്കുക

നാളിത് വരെ റോഡുകള്‍ പൊതുസ്വത്തായിരുന്നിടത്തു നിന്നുമവ സ്വകാര്യ റോഡുകള്‍ അഥവാ ചുങ്കം പാതകളായി മാറി. (കേരളത്തിലെ നവ ലിബറല്‍ ഇടതന്മാര്‍ ഇപ്പോഴും ചുങ്കപാതകളെ പൊതുറോഡുകള്‍ എന്നാണു വിളിക്കുന്നത്) പെട്രോ കേന്ദ്രീകൃതമായ ഇന്ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റിന് മാത്രമേ അതു നിര്‍ദ്ദേശിക്കുന്നുള്ളൂ. ഈ റോഡുകള്‍ക്ക് ചന്ത വികസന മാതൃകയുണ്ടാകണമെന്നും (Market Based Development Model) 2004ല്‍ ലോകബാങ്ക് മുന്നോട്ടു വെച്ച റിപ്പോര്‍ട്ടില്‍ നിഷ്‌കര്‍ഷിക്കുന്നു. (India Financing Highways, Report No. 30363-IN). ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരമായി മൂന്നിരട്ടി പണം നല്‍കുന്നതിനൊപ്പം റോഡ് പണിയുന്ന സ്വകാര്യ കമ്പനിക്ക് 40 ശതമാനം ഗ്രാന്റും ഇതേ സര്‍ക്കാരുകള്‍ നല്‍കുന്നു. ജനത്തിനോട് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നു കളവു ആവര്‍ത്തിക്കുകയും ചെയ്യും! ഈ വേള്‍ഡ് ബാങ്ക് പദ്ധതി ശരിയാക്കാന്‍ വേണ്ടിയാണ് വിജയന്‍ സര്‍ക്കാരിപ്പോള്‍ ഇറങ്ങി തിരിച്ചിരിക്കുന്നത്.

മൊബിലിറ്റി നീതിയുക്തമായി മുഴുവന്‍ മനുഷ്യര്‍ക്കും ലഭ്യമാകണമെങ്കില്‍ റോഡുകളും സഞ്ചാരമാദ്ധ്യമങ്ങളും പൊതുഉടമസ്ഥതയില്‍ ആകണം. പൊതുഗതാഗത സൌകര്യങ്ങള്‍ ആധുനികവല്ക്കരിക്കുകയും പുത്തന്‍ സഞ്ചാര സാധ്യതകള്‍ സ്വീകരിക്കുകയും ചെയ്യണം. ചുങ്കപാതകളും, കാറുകളും ഫിനാന്ഷ്യലി പ്രിവിലേജ്ഡ് ആയവര്‍ക്ക് മാത്രം പ്രാപ്യമായ ഒന്നാണെങ്കില്‍ പൊതുഗതാഗതം അത്തരമൊന്നായിരിക്കുകയില്ല. സഞ്ചരിക്കാന്‍ സാധ്യമായ എല്ലാ മനുഷ്യരേയും തുല്യതയോടെ പരിഗണിക്കുന്ന, ഒരു പോലെ സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചു നല്‍കുന്ന ഒരു ബദലിനെ കുറിച്ചുള്ള ആലോചനകള്‍ക്കേ കാറുകളുടെ എണ്ണം കൂടുന്നുവെന്നുള്ള പെട്രോ കേന്ദ്രീകൃത കണക്കുകള്‍/പട്ടികകള്‍ നിന്നുമുള്ള മോചനം മുന്നോട്ട് വെക്കാന്‍ കഴിയൂ. എന്തുകൊണ്ട് പട്ടണങ്ങള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള മെട്രോക്ക് റെയില്‍ പദ്ധതികള്‍ക്കു പകരം കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ ശൃംഖലയുള്ള എലിവേറ്റഡ് റെയില്‍ സംവിധാനം ഉണ്ടാക്കി കൂടാ. നിലവില്‍ ഗതാഗതത്തിനായുള്ള ഉപയോഗത്തെക്കാള്‍ കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത് ഒരു ടൂറിസ്റ്റ് ടെസ്റ്റിനേഷന്‍ ആയാണ്. ടിക്കറ്റ് തുകയാണെങ്കില്‍ 50 രൂപയും. ഇപ്പോഴുള്ള ഫ്‌ളാറ്റ് റേറ്റിനു പകരം ഫെയര്‍ സ്റ്റേജ് റേറ്റുകള്‍ നല്‍കുന്നത് ജനത്തിനു കൂടുതല്‍ പ്രാപ്യമായ ഒന്നായി ഈ ഗതാഗത സംവിധാനത്തെ മാറ്റുന്നതിനു ഉപകരിക്കും. ഡല്‍ഹി മെട്രോ വിജയകരമായതിനു പുറകിലെ പ്രധാന കാരണം സംസ്ഥാനത്തിന് പുറത്തേക്കുമുള്ള റെയില്‍ നെറ്റ്വര്‍ക്കിന്റെ വ്യാപ്തിയും ടിക്കറ്റ് നിരക്കിലെ സ്വീകാര്യതയുമാണ്.

ഈ റെയില്‍ സംവിധാനം കേരളത്തില്‍ നിലവിലുള്ള ഹൈവേക്ക് മുകളില്‍ കൂടി നിര്‍മ്മിക്കുന്നതോടെ ജനങ്ങള്‍ക്കു സഞ്ചാരം കൂടുതല്‍ പ്രാപ്യമായ ഒന്നാകും, വളരെ കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ല, പൊതുഗതാഗതം ശക്തിപെടുകയും ചെയ്യും. കൂടുതല്‍ ആളുകള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഒന്നാണ് റെയില്‍ ഗതാഗതം. വലിയ നെറ്റ്വര്‍ക്ക് ആകുന്നതോടെ പെര്‍കാപിറ്റ കാര്‍ബണ്‍ ഫുട്ട്പ്രിന്റ് കുറവും. റെയില്‍ വികസനം പെട്രോ ഡോളര്‍ എക്‌ണോമിയുടെ നട്ടെല്ലിനുള്ള അടിയാണ്. ദീര്‍ഘകാലടിസ്ഥാനത്തില്‍ ലാഭകരവും കൂടുതല്‍ സ്പീഡും സെക്യൂരിറ്റിയും നല്‍കും. നിര്‍മ്മാണ ചിലവുകള്‍ക്കാവശ്യമായ പണം കണ്ടെത്താനായി കേരളത്തിലെ പൊതുമേഖലാ / സ്വകാര്യ / സര്‍വീസ് സഹകരണ ബാങ്കുകളുടെയും ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതും ആലോചിക്കാവുന്നതാണ്. മറ്റൊന്ന് ചരക്ക് നീക്കത്തിനായി ജലഗതാഗത മാര്‍ഗത്തെ ഉപയോഗിക്കുന്നതാണ്. ഇത്തരമൊരു ആലോചന കഴിഞ്ഞ വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ സമയത്ത് ഉണ്ടായിരുന്നു. ചരക്കു ഗതാഗതം ഹൈവേകളില്‍ നിന്നും മാറ്റുമ്പോഴും തിരക്കില്‍ ഗണ്യമായൊരു മാറ്റമതിനുണ്ടാക്കാന്‍ സാധിക്കും. അപ്പോഴും നദികളെ മലിനീകരിക്കുന്ന നിലയിലേക്ക് ഈ ഗതാഗത സംവിധാനം മാറാതിരിക്കാനും മുന്‍കരുതലുകളും മോണിറ്ററിംഗ് സംവിധാനങ്ങളുമുണ്ടാകേണ്ടതുണ്ട്.

കീഴാറ്റൂരിലെ ഭൂരിപക്ഷ സിദ്ധാന്തം; അങ്ങനെയെങ്കില്‍ ത്രിപുരയിലെ പുതിയ ശരിയെ സിപിഎം അംഗീകരിക്കുമോ?

രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെ (political economy) കുറിച്ചുള്ള നിലപാടുകളില്ലാത്ത പ്രതിരോധ സമരത്തിന്‍റെ ലളിതവല്‍ക്കരണ കൊട്ടാരങ്ങളില്‍ സംഘപരിവാറൊരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. വികസനത്തിന്റെയും വികസനവിരുദ്ധതയുടെയും ദ്വന്ദയുദ്ധമല്ല നമുക്കാവശ്യം. വികസന പരിപ്രേഷ്യത്തില്‍ ആവശ്യം വേണ്ടത് രാഷ്ട്രീയവും വകതിരിവുമാണ്. നിലവിലെ സാഹചര്യങ്ങളില്‍ ഇതു സാധ്യമാകാന്‍ ആസൂത്രണ വികസന പദ്ധതികളെ ആശ്രയിക്കേണ്ടി വരും. വിപണി വികസന പദ്ധതികളില്‍ കൂടി ബദല്‍ രാഷ്രീയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുക അസാധ്യമാണ്. വിപണി ലാഭാധിഷ്ടിതമാണ് പ്രവര്‍ത്തിക്കുക. ലാഭം കൂടുതല്‍ ലഭിക്കുന്ന ചരക്കായി കൃഷിഭൂമിയെ വിപണി മാറ്റുന്നതോടെ കൃഷിഭൂമിയെ ഫിനാന്‍സ് മൂലധനം റാഞ്ചും. അന്ന് സമരം ചെയ്യാന്‍ ആരുമുണ്ടാകില്ല; കീഴാറ്റൂരും കേരളവുമുണ്ടാകില്ല.

നെല്‍വയല്‍ നികത്തലിനെതിരായ കെ.എസ്.കെ.ടി.യു സമരത്തെ വെട്ടിനിരത്തല്‍ സമരമെന്നു ആക്ഷേപിച്ച ലിബറലുകള്‍ കീഴാറ്റൂരില്‍ എത്തുന്നതിലെ ഇരട്ടത്താപ്പ് വ്യക്തമാണ്. അതെസമയം തന്നെ കൃഷിഭൂമി സംരക്ഷിക്കാന്‍ സമരം ചെയ്തവരുടെ പിന്മുറ നേതൃത്വം കൃഷിഭൂമിയെ കേവലം കമ്പോള ചരക്കാക്കി ന്യൂനീകരിച്ചു പ്രചാരണം നടത്തുന്ന വെട്ടുകിളികളായി മാറിയ ദുരന്തകഥയ്ക്കും നാം സാക്ഷിയാണ്. ഈ രണ്ടു ഇരട്ടതാപ്പിനും പുറത്തുള്ള മാര്‍ഗം സമരസഖാക്കള്‍ തേടേണ്ടതുണ്ട്. കൃഷിഭൂമിയെന്ന ഉല്പാദനോപാധി ഭാവി തലമുറക്ക് വേണ്ടി സംരക്ഷിക്കുക എന്നുള്ള അടിസ്ഥാന പദ്ധതിയാണ് കാലഘട്ടം ആവശ്യപെടുന്നത്. കേവലമായ പരിസ്ഥിതി സംരക്ഷമണ വൈകാരികതയല്ല മറിച്ചു പാരിസ്ഥിതിശാസ്ത്ര വിവേകവും വകതിരിവുമാണ് ആവശ്യം. കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷണ സമരത്തെ ബി.ഒ.ടി വിരുദ്ധ സമരത്തില്‍ നിന്നും അടര്‍ത്തി മാറ്റി അവതരിപ്പിക്കരുത്.

—-

(കുറിപ്പിലെ ഉന്നയിക്കുന്ന മുഴുവന്‍ വിഷയങ്ങളും, ബദല്‍ സഞ്ചാര സാധ്യതകള്‍ അടക്കമുള്ളവ, തുറന്ന ചര്‍ച്ചകള്‍ക്കായി മുന്നോട്ട് വെക്കുന്നതാണ്. അടച്ചിട്ട മുറികളില്‍ നിന്നും ഫെസ്ബുക്കില്‍ കൂടിയുള്ള ഡിക്ലറെഷന്‍ ഉദ്ദേശിച്ചിട്ടില്ല. അവസാന ഉത്തരങ്ങളും, ഉത്തരവുകളുമായി നടക്കുന്നവര്‍ ഈ കുറിപ്പിനെ പരിഗണിക്കരുതെന്നും അപേക്ഷിക്കുന്നു!)

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

ദിനില്‍ സിഎ

ദിനില്‍ സിഎ

സാമൂഹ്യ നിരീക്ഷകന്‍. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍