സഹായ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറന്നു; നവകേരളനിര്‍മാണത്തിന്റെ ഭാഗമായിത്തന്നെ പരിഗണിക്കപ്പെടട്ടെ രത്‌നകുമാറിന്റെ അതിജീവനവും.
പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണം കഴിഞ്ഞ മാസങ്ങളിലായി പുരോഗമിക്കുകയാണ്. നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്നും അടിയന്തിര സഹായങ്ങള്‍ ലഭിക്കുന്നുണ്ട്, വീടും നീക്കിയിരിപ്പുമെല്ലാം നഷ്ടപ്പെട്ടവര്‍ പതിഞ്ഞ താളത്തിലാണെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങിയിട്ടുണ്ട്. ‘കേരളത്തിന്റെ സൈന്യ’മെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികളെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ഫീച്ചര്‍ ചെയ്യുകയും ചെയ്തു. പക്ഷേ, ആലപ്പുഴയിലെ ആറാട്ടുപുഴ സ്വദേശി രത്‌നകുമാര്‍ ഇപ്പോഴും പ്രളയകാലം അവശേഷിപ്പിച്ച ദുരിതത്തോടു മല്ലിടുകയാണ്.
പ്രളയജലമിറങ്ങിയ ദിവസങ്ങളില്‍ മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്ന പേരുകളിലൊന്നാണ് രത്‌നകുമാറിന്റേത്. ചെങ്ങന്നൂരിനടുത്ത് പാണ്ടനാട്ട് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ അപകടത്തില്‍പ്പെട്ട്, വയറില്‍ പന്ത്രണ്ടും കാലില്‍ എട്ടും തുന്നിക്കെട്ടുകളുമായി ആശുപത്രിയിലായ മത്സ്യബന്ധനത്തൊഴിലാളിയാണ് രത്‌നകുമാര്‍. രക്ഷാദൗത്യത്തിന് സ്വയം മുന്നിട്ടിറങ്ങി, അപകടമുണ്ടായിട്ടും കുടുങ്ങിക്കിടന്നവരെ സുരക്ഷിതസ്ഥാനത്തെത്തിച്ചതിനു ശേഷം മാത്രം ചികിത്സ തേടിയ രത്‌നകുമാറിന്റെ കഥ കേരളത്തിന്റെയാകെ മനഃസാക്ഷിയെ മുറിവേല്‍പ്പിച്ചിരുന്നു. സഹായ ഹസ്തങ്ങളുമായി രാഷ്ട്രീയപ്പാര്‍ട്ടികളും എത്തിയിരുന്നു.
എന്നാല്‍, രത്‌നകുമാറിന്റെ ദുരിതപര്‍വം ഇപ്പോഴും അവസാനിച്ചിട്ടില്ല. മാസങ്ങള്‍ക്കു ശേഷവും, കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലാണ് കേരളത്തിന്റെ ഈ ‘സൈനികന്‍’. നേരത്തേ വണ്ടാനം മെഡിക്കല്‍ കോളജില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കുകയായിരുന്നു രത്‌നകുമാര്‍. മുറിവില്‍ പഴുപ്പു കയറിയതോടെ വീണ്ടും കഴിഞ്ഞ 26ാം തീയതി ചികിത്സ തേടുകയായിരുന്നു. സ്‌കാനിംഗില്‍ വയറിനകത്ത് മാംസം കല്ലിച്ചു കണ്ടതോടെ അടിയന്തിര ശസ്ത്രക്രിയയും നടത്തി. ലാബിലേക്ക് ടെസ്റ്റിനായി അയച്ച സാംപിളുകളുടെ റിപ്പോര്‍ട്ട് വരികയും, മുറിവ് പൂര്‍ണമായും ഭേദമാവുകയും ചെയ്താല്‍ മാത്രമേ വീട്ടിലേക്ക് തിരികെ മടങ്ങാനാകൂ എന്ന് രത്‌നകുമാറിന്റെ സഹോദരന്‍ സിബി പറയുന്നു.
ആഗസ്ത് 16ാം തീയതിയാണ് പ്രളയജലത്തില്‍ മുങ്ങിപ്പോയ പാണ്ടനാട്ട് മറ്റു മത്സ്യബന്ധനത്തൊഴിലാളികള്‍ക്കൊപ്പം രത്‌നകുമാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നത്. അപകടത്തില്‍ പരിക്കേറ്റ് തളര്‍ന്നു കിടക്കുന്ന ഒരു രോഗി അകപ്പെട്ടുപോയ വീട്ടിലേക്കായിരുന്നു നാട്ടുകാര്‍ ആദ്യം അവരെ കൊണ്ടുപോയത്. ഒഴുക്കിന്റെ ശക്തി കാരണം വള്ളം പലപ്പോഴും നിയന്ത്രിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. പരിസരത്ത് ഉണങ്ങി നിന്നിരുന്ന കവുങ്ങില്‍ ബോട്ട് തട്ടുകയും കവുങ്ങു മുറിഞ്ഞുവീണ് രത്‌നകുമാറിന്റെ വയറ്റില്‍ തറച്ചുകയറുകയുമായിരുന്നു. ഒരു ഭാഗം കാലില്‍ വീണ് പരിക്കു പറ്റുകയും ചെയ്തു.
‘എന്നിട്ടും പുള്ളിക്കാരന്‍ കാണിച്ച ധൈര്യമാണ് അത്ഭുതം. ഇത്ര വലിയ മുറിവുണ്ടായിട്ടും രോഗിയെയും വീട്ടുകാരെയും കയറ്റിയാണ് അവര്‍ തിരികെ വന്നത്. കിടന്നും ഇഴഞ്ഞുമാണ് സത്യം പറഞ്ഞാല്‍ തിരികെയെത്തിയത്. ആളെയും രക്ഷപ്പെടുത്തിയ രോഗിയെയും ഒന്നിച്ച് ഒരു ആംബുലന്‍സിലാണ് ആശുപത്രിയിലെത്തിച്ചത്.’ സിബി അന്നത്തെ ദിവസം ഓര്‍ക്കുന്നു. തുടക്കത്തില്‍ പരുമല ഗ്രിഗോറിയസ് ആശുപത്രിയിലും ശേഷം വണ്ടാനം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച രത്‌നകുമാറിന് തിരക്കിനിടെ കൃത്യമായ പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നു മാത്രമല്ല, തുന്നിക്കെട്ടലിലെ പിഴവു മൂലം ഒന്നിലധികം തവണ മാറ്റേണ്ടിയും വന്നു. പെട്ടെന്നു സുഖം പ്രാപിക്കുമെന്ന വിശ്വാസത്തില്‍ വീട്ടിലേക്കു മടങ്ങിയെങ്കിലും, ഇപ്പോള്‍ തിരികെ ആശുപത്രിയിലെത്തേണ്ടി വന്നിരിക്കുകയാണ്.
ചികിത്സാച്ചെലവിനുള്ള വലിയ തുക എവിടെനിന്നും കണ്ടെത്തുമെന്ന ആശങ്കയിലാണ് രത്‌നകുമാറിന്റെ വീട്ടുകാര്‍. ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ആശുപത്രി അധികൃതര്‍ സൗജന്യമായി ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും, ബാക്കി ആവശ്യങ്ങള്‍ക്കായി സാമ്പത്തിക സഹായം ആവശ്യമാണിവര്‍ക്ക്. ‘സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വാഗ്ദാനങ്ങളല്ലാതെ ഒന്നും ഉണ്ടായില്ല. ഡെപ്യൂട്ടി കലക്ടറടക്കമുള്ളവര്‍ വിവരമന്വേഷിച്ചിരുന്നു. ഫിഷറീസ് വകുപ്പു മന്ത്രി മേഴ്‌സിക്കുട്ടി മാഡം പതിനായിരം രൂപ തന്നു സഹായിച്ചിരുന്നു. അതല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സഹായങ്ങളൊന്നും ഇതുവരെ ഉണ്ടായില്ല. തന്ന വാക്കുകളെല്ലാം ഇനി പാലിക്കുമോ എന്നറിയില്ല. ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല.’ രത്‌നകുമാറിന്റെ സഹോദരന്‍ പറയുന്നു.
ഭാര്യയും രണ്ടു മക്കളും അച്ഛനും അമ്മയും അടങ്ങുന്നതാണ് രത്‌നകുമാറിന്റെ കുടുംബം. ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍ത്തന്നെ, രത്‌നകുമാറിന്റെ വരുമാനത്തെ ആശ്രയിച്ചിരുന്ന ഇവരുടെ മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഗുരുതരമായ പരിക്കുകളേറ്റ് ബുദ്ധിമുട്ടുന്ന രത്‌നകുമാറിന് പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്താന്‍ സമയമെടുത്തേക്കുമെന്ന് ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നുണ്ട്. ചികിത്സാച്ചെലവുകള്‍ക്കു പുറമേ, ഈ കുടുംബത്തിന്റെ നിലനില്‍പ്പു കൂടി നവകേരളത്തിന്റെ ഉത്തരവാദിത്തമായിത്തന്നെ കണക്കാക്കപ്പെടേണ്ടതുണ്ട്.
ദുരിതാശ്വാസ നിധിയില്‍ നിന്നും വകയിരുത്തിയായാലും രത്‌നകുമാറിന്റെ ചികിത്സയ്ക്കുള്ള മുഴുവന്‍ തുകയും സര്‍ക്കാര്‍ തന്നെ കണ്ടെത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച് ധനശേഖരണ ക്യാംപയിനുകളും അടുത്ത ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നുണ്ട്. ആറാട്ടുപുഴയില്‍ രത്‌നകുമാറിന്റെ ചികിത്സാ സഹായത്തിനായി ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ നേരത്തേ സഹായവാഗ്ദാനങ്ങള്‍ നടത്തിയിടത്താണ് ഇപ്പോള്‍ സുമനസ്സുകളുടെ സഹായമഭ്യര്‍ത്ഥിച്ച് ഇത്തരത്തിലൊരു നീക്കം നടത്തേണ്ടി വന്നിരിക്കുന്നത്.
ആരും നിര്‍ബന്ധിച്ചിട്ടല്ല രക്ഷാപ്രവര്‍ത്തനത്തിനു പോയത്, സ്വമനസ്സാലെയാണ്. അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനിടെ ഇതുപോലുള്ള അപകടങ്ങള്‍ സംഭവിച്ചേക്കും, അതെല്ലാം സഹിക്കാം – പരിക്കു പറ്റി വീട്ടില്‍ വിശ്രമിക്കുന്ന സമയത്ത് രത്‌നകുമാര്‍ പറഞ്ഞതാണിത്. “പ്രാണനുവേണ്ടി അപേക്ഷിക്കുന്നവന്റെ നേരെ കൈ നീട്ടിയില്ലെങ്കില്‍ നമ്മളൊക്കെ എന്തിനാ മനുഷ്യനെന്ന് പറഞ്ഞ് നടക്കണത്… അതിനിടയില്‍ ചിലപ്പോള്‍ ഇത്തരം അപകടമൊക്കെ പറ്റും. അതൊക്കെ സഹിക്കാന്നേ…” രത്നകുമാര്‍ കഴിഞ്ഞ ഓഗസ്തില്‍ അഴിമുഖത്തോട് പറഞ്ഞു.
ഇതേ മനസ്സോടെയാണ് മത്സ്യബന്ധനത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പ്രളയകാലത്ത് തുഴയുമായിറങ്ങിയതും. നവകേരളനിര്‍മാണത്തിന്റെ ഭാഗമായിത്തന്നെ പരിഗണിക്കപ്പെടട്ടെ രത്‌നകുമാറിന്റെ അതിജീവനവും.
ഇതാണ് രത്നകുമാറിന്റെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍