UPDATES

ട്രെന്‍ഡിങ്ങ്

വിഴിഞ്ഞം; സിഎജി റിപ്പോര്‍ട്ടില്‍ അട്ടിമറി? കൊളംബോയോ ഏജീസ് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥനോ?

25 വര്‍ഷം കാത്തിരിക്കാമെങ്കില്‍ ഇനി ഒരു 6 മാസം കൂടി കാത്തിരിക്കാന്‍ കേരള സമൂഹം തയ്യാറാണ്. ഒന്നുമില്ലെങ്കില്‍ ഇത് നമ്മുടെ ‘സ്വപ്ന പദ്ധതി’ അല്ലേ..!?

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ‘ഞെട്ടിപ്പിക്കുന്ന’ കണ്ടെത്തലുമായിട്ടാണ് ഇന്ന് കേരള കൌമുദി എത്തിയത്. സി എ ജി റിപ്പോര്‍ട്ടില്‍ വന്‍ ഗൂഡാലോചന ആരോപിച്ചുകൊണ്ടുള്ള ഈ എക്സ്ക്ളൂസീവ് വരും ദിനങ്ങളിലേക്ക് ചില വിവാദത്തിന്റെ വിത്തുകള്‍ ഒളിപ്പിച്ചു വെച്ചിട്ടുള്ളതാണ്. വിഴിഞ്ഞം പദ്ധതിക്കെതിരെ ഘോരഘോരം സംസാരിക്കുന്ന ഏജീസ് ഓഫീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ സി എ ജി റിപ്പോര്‍ട്ടില്‍ ഇടപെട്ടു എന്നാണ് ആര്‍ കിരണ്‍ബാബുവിന്റെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. (വിഴിഞ്ഞത്തെ മുക്കാന്‍ വന്‍ ഗൂഡാലോചന) ഇന്നലെ ഉമ്മന്‍ ചാണ്ടി തുളസീധരന്‍ പിള്ള എന്നു പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും കേരള കൌമുദി റിപ്പോര്‍ട്ടില്‍ ആ പേര് വെളിപ്പെടുത്തുന്നില്ല. സി എ ജിയുടെ കണ്‍സള്‍ട്ടന്‍റ് എന്ന നിലയില്‍ ഒരു ഉദ്യോഗസ്ഥന്‍ നടത്തിയ ദുരുപദിഷ്ടമായ ഇടപെടലുകളാണ് സി എ ജി റിപ്പോര്‍ട്ടില്‍ കടന്നു കൂടിയിരിക്കുന്നത് എന്നാണ് ആരോപണം. അതേസമയം പരിശോധനാ സമിതിയില്‍ നിന്നും ദിവസങ്ങള്‍ക്കകം ഈ ഉദ്യോഗസ്ഥന്‍ ഒഴിവാക്കപ്പെട്ടതായും കേരള കൌമുദി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെങ്കിലും. അട്ടിമറിക്ക് പിന്നില്‍ കൊളംബോ പോര്‍ട്ടിന്റെ കയ്യുണ്ടോ എന്ന സംശയവും ഒരു ബോക്സ് വാര്‍ത്തയായി കൊടുത്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി ആരോപിക്കുന്ന ‘ബാഹ്യശക്തി’ മുരളീധരന്‍ പിള്ളയോ അതോ കൊളംബോ പോര്‍ട്ടോ?

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറച്ചു തന്നെയാണ്. “ഇത് കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ്. എന്തെങ്കിലും വിവാദത്തില്‍ കുടുക്കി അത് നിര്‍ത്തിവെക്കാന്‍ ഗവണ്‍മെന്‍റ് തയ്യാറല്ല. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തി മുന്‍പോട്ട് പോകാനാണ് ഗവണ്‍മെന്‍റ് തീരുമാനം” വിഴിഞ്ഞം പദ്ധതി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി എസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന് കത്ത് നല്‍കിയതിന് തൊട്ടു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. ബെര്‍ത്ത് നിര്‍മ്മാണ ഉദ്ഘാടനത്തിന് വിഴിഞ്ഞത്ത് മുഖ്യമന്ത്രി എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇത് തന്നെയായിരിക്കും സിപിഎം നിലപാടും എന്ന കാര്യത്തിലും സംശയമില്ല.

ജൂഡീഷ്യല്‍ കമ്മീഷന്‍ കണ്ടത്തലിന് കാത്തിരിക്കണോ അതോ മുന്നോട്ട് പോകണോ?

വിഴിഞ്ഞം അഴിമതി സംബന്ധിച്ച സി എ ജി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ എടുത്തു ചാടിയുള്ള നിലപാടിനെക്കാള്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യുക്തിപരമാണ് എന്നു വേണമെങ്കില്‍ പറയാം. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്‍വാങ്ങുകയോ കരാര്‍ പുതുക്കണം എന്ന നിലപാട് സ്വീകരിക്കുകയോ ചെയ്താല്‍ അത് അവസാനിക്കാത്ത നിയമ യുദ്ധത്തിന് വഴി തെളിച്ചേക്കാം. ചിലപ്പോള്‍ പദ്ധതി തന്നെ നടപ്പാകാതെ പോയേക്കാം. കേരളത്തിന്റെ ‘സ്വപ്നം’ തകര്‍ത്ത മുഖ്യന്‍ എന്ന ചീത്തപ്പേര് ഏറ്റുവാങ്ങാന്‍ എന്തായാലും പിണറായി തയ്യാറാകില്ല. അതേ സമയം കഴിഞ്ഞ സര്‍ക്കാരിനെതിരെ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ താന്‍ ഉയര്‍ത്തിയ അഴിമതി ആരോപണത്തിന്റെ പിതൃത്വത്തില്‍ നിന്നും പിണറായി വിജയന് ഒഴിഞ്ഞു മാറാനും പറ്റില്ല. അതുകൊണ്ടു തന്നെയായിരിക്കാം ഒരു ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജസ്റ്റീസ് രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെ പ്രഖ്യാപിക്കുകയും ചെയ്തു. “അന്വേഷണം നടക്കും. അത് തുറമുഖ നിര്‍മ്മാണത്തെ ബാധിക്കില്ല” എന്നു അസന്ദിഗ്ദമായി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് അദ്ദേഹത്തിന് ചുറ്റും പതുക്കെ തെളിഞ്ഞു തെളിഞ്ഞു വരുന്ന വികസന നായകന്‍ എന്ന പരിവേഷത്തെ കൂടുതല്‍ തിളക്കമുള്ളതാക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വി എസ് എന്ന ‘വികസന വിരുദ്ധന്‍’

എന്നാല്‍ വി എസിന്റെ നിലപാടോ? അതും ആത്യന്തികമായി ഗുണം ചെയ്യുക സിപിഎമ്മിന് തന്നെയായിരിക്കും. നരേന്ദ്ര മോദിയുടെ ചങ്ങാത്ത മുതലാളി എന്ന നിലയില്‍ കേരളത്തിന്റെ ഇടതു മനഃസാക്ഷി അദാനിക്ക് എതിരാണ്. അത്തരം ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് വിരുദ്ധ നിലപാടുകളുടെ പതാക വാഹകനാണ് കേരളത്തിനെ സംബന്ധിച്ചിടത്തോളം വി എസ്. അദ്ദേഹം എന്നും ഉയര്‍ത്തിയിട്ടുള്ളത് പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റെയും സ്വരമാണ്. വിമത ശബ്ദമാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ മാത്രമല്ല, പാരിസ്ഥിതികമായ വിഷയങ്ങളും വി എസ് ഉയര്‍ത്തിയിട്ടുണ്ട്. സാമാന്യ ജനത്തിന്റെ ജീവിതത്തെ അട്ടിമറിക്കപ്പെടുന്നതിനും പൊതു പണം കവര്‍ന്നെടുക്കപ്പെടുന്നതിനും എതിരെയുള്ള ഈ ശബ്ദം അന്തിമമായി ഗുണം ചെയ്യുക ഇടതു പക്ഷത്തിന് തന്നെയായിരിക്കും. പിണറായി മുഖ്യമന്ത്രി അല്ല പാര്‍ട്ടി നേതാവായിരുന്നെങ്കില്‍ വി എസ് ചെയ്തത് തന്നെയായിരിക്കും പിണറായിയും ചെയ്യുക. സി എ ജി റിപ്പോര്‍ട്ട് ശരിയാണെന്ന് പിണറായി നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയാല്‍ പിണറായിയും വി എസും പറഞ്ഞത് ഒന്നു തന്നെയാകും. ഈ കാര്യത്തില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കും എന്തെങ്കിലും വേറിട്ട ശബ്ദം ഉയര്‍ത്താനുള്ള സാധ്യതയാണ് യഥാര്‍ഥത്തില്‍ പിണറായിയും വിഎസും ചേര്‍ന്ന് അടച്ചു കളഞ്ഞത് എന്നു വേണമെങ്കില്‍ വ്യാഖ്യാന സൌഖ്യം.

ഉമ്മന്‍ ചാണ്ടി, ആ ‘ബാഹ്യശക്തി’ ആര്? കെ ബാബുവിന് അറിയുമായിരിക്കും

എന്നാല്‍ അദാനിയുമായി കരാറില്‍ ഒപ്പിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഒരു ‘ബാഹ്യശക്തി’യുടെ ഇടപെടല്‍ സി എ ജി റിപ്പോര്‍ട്ടില്‍ കാണുന്നുണ്ട്. വിശദമായ പഠനം നടത്താതെയാണ് സി എ ജി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ചെലവിന്റെയും ഫലത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു താരതമ്യ പഠനം വി എസിന്റെ കാലത്തെ വിഴിഞ്ഞം പദ്ധതിയും തന്റെ കാലത്തെ വിഴിഞ്ഞം പദ്ധതിയും തമ്മില്‍ നടത്തണം എന്നും ഉമ്മന്‍ ചാണ്ടി ജൂഡീഷ്യല്‍ കമ്മീഷനോട് ആവശ്യപ്പെടുന്നുണ്ട്. ഏജീസ് ഓഫീസില്‍ നിന്നും പെന്‍ഷന്‍ പറ്റിയ വിഴിഞ്ഞം പദ്ധതിക്കെതിരെ എന്നും ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുള്ള ആര്‍ തുളസീധരന്‍ പിള്ളയുടെ സേവനം ഈ കാര്യത്തില്‍ സി എ ജി തേടിയത് തെറ്റായി പോയെന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി പറയുന്ന ബാഹ്യ ശക്തി ആരെന്ന് കെ ബാബുവിന് അറിയുമായിരിക്കും. (വിഴിഞ്ഞം: സിഎജിയെ പഴിച്ച് ഉമ്മന്‍ചാണ്ടി)

‘ആര്‍ക്കു വേണ്ടി ഈ കമ്മീഷനുകള്‍?’

സര്‍ക്കാര്‍ പ്രഖ്യാപിച്ച വിഴിഞ്ഞം സി എ ജി റിപ്പോര്‍ട്ട് അന്വേഷണ ജുഡീഷ്യല്‍ കമ്മീഷനെ നേരിട്ടു പരാമര്‍ശിക്കുന്നില്ലെങ്കിലും ‘ആര്‍ക്കു വേണ്ടി ഈ കമ്മീഷനുകള്‍?’ എന്ന്‍ ഒരു പരമ്പര മലയാള മനോരമ ആരംഭിച്ചിട്ടുണ്ട്. മഹേഷ് ഗുപ്തനാണ് തയ്യാറാക്കിയിരിക്കുന്നത്. “അന്വേഷണ കമ്മീഷന്‍ നിയമം പോലെ ദുരുപയോഗിക്കപ്പെടുന്ന മറ്റൊരു നിയമം ഉണ്ടോ എന്നറിയില്ല” എന്ന മുന്‍ ഹൈക്കോടതിയെ ജഡ്ജി ജസ്റ്റീസ് ടി കെ ചന്ദ്രശേഖരദാസിന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന ലേഖനത്തില്‍ 2016 ഏപ്രില്‍ 21 നു പ്രഖ്യാപിക്കപ്പെട്ട 110 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത പുറ്റിംഗല്‍ അന്വേഷണ കമ്മീഷന്റെ ഗതി വിശദമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. അന്വേഷണ കലാവധിയായ 6 മാസം കഴിഞ്ഞിട്ടും കമ്മീഷന് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫണ്ടോ, ജീവനക്കാരെയോ, വാഹനമോ ഒന്നും തന്നെ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. സോളാര്‍ കമ്മീഷന് 7 തവണയാണ് കാലാവധി നീട്ടി നല്‍കിയത്. ഇതുവരെയായി 1,23,66,385 രൂപ ചിലവഴിച്ചതായും വിവരാവകാശ രേഖ വ്യക്തമാക്കുന്നതായി മനോരമ പരമ്പരയില്‍ പറയുന്നുണ്ട്. വിഴിഞ്ഞം ക്രമക്കേട് അന്വേഷിക്കാന്‍ നിയമിക്കപ്പെട്ട ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ വിധി എന്താകുമോ എന്തോ?

2ജി അഴിമതി; ചില ഓര്‍മ്മപ്പെടുത്തലുകള്‍
എന്തായാലും വിഴിഞ്ഞത്തെ സി എ ജി ഇടപെടല്‍ യു പി എ ഭരണകാലത്തെ 2ജി അഴിമതിയുടെ ഓര്‍മ്മ ഉണര്‍ത്തുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. അന്ന് 2ജി സ്പെക്ട്രം ലൈസന്‍സ് കരാര്‍ റദ്ദാക്കണം എന്നു സി എജിയും പബ്ലിക് അക്കൌണ്ട്സ് കമ്മിറ്റിയും നല്കിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയപ്പോള്‍ സുപ്രീം കോടതിയും അതേ വിധി തന്നെയാണ് പുറപ്പെടുവിച്ചത്. വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ സി എ ജി റിപ്പോര്‍ട്ട് മുഖവിലയ്ക്കെടുത്ത് താന്‍ തന്നെ പ്രഖ്യാപിച്ച ജൂഡീഷ്യല്‍ കമ്മീഷന്റെ പ്രക്രിയുടെ പൂര്‍ത്തികരണം കാത്തു നില്‍ക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും അന്തസ്സും വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിയുന്നത് നന്നായിരിക്കും. രാഷ്ട്രീയ കൌശലമുള്ള ഭരണാധികാരിയുടെ നിലപാടിനെക്കാള്‍ ചിലപ്പോള്‍ ദീര്‍ഘകാലത്തേക്ക് ഗുണം ചെയ്യുക പൊതു പണം കൊള്ളയടിക്കാനുള്ള ശ്രമം തടഞ്ഞ ധീരമായ നിലപാടായിരിക്കും. 25 വര്‍ഷം കാത്തിരിക്കാമെങ്കില്‍ ഇനി ഒരു 6 മാസം കൂടി കാത്തിരിക്കാന്‍ കേരള സമൂഹം തയ്യാറാണ്. ഒന്നുമില്ലെങ്കില്‍ ഇത് നമ്മുടെ ‘സ്വപ്ന പദ്ധതി’ അല്ലേ..!?

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍