UPDATES

എന്നു വീട് കിട്ടും? താക്കോല്‍ ദാന ചടങ്ങിനു ശേഷം മത്സ്യത്തൊഴിലാളികള്‍

‘സ്വര്‍ഗലോകമാണ് ഞങ്ങള്‍ കണ്ടത്. ഇത്രയും നാള് കോളനിവീട് കൊടുത്തിട്ടുള്ളത് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര നല്ല വീടുകള്‍ ഒരിടത്തും കൊടുത്തിട്ടില്ല. മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് പോലെ വാക്ക് പാലിച്ചു.’

‘കഴിഞ്ഞ ഒരാഴ്ച വീട് കിട്ടുമെന്ന് സ്വപ്നം കണ്ടുകൊണ്ടാണ് ഉറങ്ങിയത്. വീട് കിട്ടുമെന്ന് പറഞ്ഞ് അകത്തിരുന്ന സാധനങ്ങളെല്ലാം പുറത്തെടുത്ത് വെച്ചു.’ മുട്ടത്തറയില്‍ നിര്‍മ്മിച്ച ഭവനസമുച്ചയം ‘പ്രതീക്ഷ’യില്‍ വീട് കിട്ടിയ മല്‍സ്യത്തൊഴിലാളികളായ സ്ത്രീകള്‍ നിരാശയോടെ പറഞ്ഞു തുടങ്ങി. ‘ഇന്നലെയൊക്കെ ഞങ്ങള് നല്ല സന്തോഷത്തിലായിരുന്നു. താക്കോല് തരുന്നതല്ലേ.. ഈ നരകത്തീന്ന് പെട്ടെന്ന് ഒഴിഞ്ഞു പോകാല്ലോ എന്ന്’ പക്ഷേ അവരുടെ മുന്നില്‍ പ്രതീക്ഷയുടെ വാതിലുകള്‍ തുറന്ന് അടയുകയായിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി വലിയതുറ യുപി സ്‌കൂള്‍ കടല്‍ക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവരുടെ അഭയകേന്ദ്രമാണ്. ‘അഞ്ച് വര്‍ഷമായി ഞങ്ങള്‍ ഇവിടെ കടല്‍ക്ഷോഭ സമയങ്ങളില്‍ വരാറുണ്ട്. ഇപ്പോള്‍ മൂന്ന് വര്‍ഷമായി ഇവിടെയാണ് സ്ഥിരതാമസം.’ ലാസര്‍ ദേവനേശ്ശമ്മ വിവരിച്ചു. തുടര്‍ച്ചയായ കടല്‍ക്ഷോഭങ്ങളില്‍ വീട് നഷ്ടപ്പെട്ടവര്‍, ഓഖി ദുരന്തത്തിന്റെ ഇരകള്‍, ഭൂമിയില്‍ സ്വന്തമായി ഉണ്ടായിരുന്ന ഇടങ്ങള്‍ കടലെടുത്ത് പോയവര്‍, ഇങ്ങനെ വലിയതുറ യുപി സ്‌കൂളില്‍ 33 കുടുംബങ്ങളാണ് വിവിധ ക്ലാസ് മുറികളിലായി താമസിക്കുന്നത്.

ഇവരുടെ പുനരധിവസിപ്പിക്കലിനായി കേരള സര്‍ക്കാര്‍ 20 കോടി മുതല്‍മുടക്കി ഒരുക്കിയ പാര്‍പ്പിട പദ്ധതിയാണ് പ്രതീക്ഷ. മുട്ടത്തറയില്‍ ബിഎസ്എഫ് ക്യാമ്പിനു സമീപം 24 ബ്ളോക്കുകളിലായിട്ട് നിര്‍മിച്ച 192 ഫ്‌ളാറ്റുകളുടെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 30ാം തീയതി കൈമാറി. ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടന താക്കോല്‍ദാന പരിപാടിയില്‍ അധ്യക്ഷയാകുകയും ചെയ്തു. 11 പേര്‍ക്കാണ് താക്കോല്‍ദാന പരിപാടിയില്‍ ഫ്‌ളാറ്റിന്റെ താക്കോല്‍ നല്‍കിയത്. എന്നാല്‍ പരിപാടിക്ക് ശേഷം ഫിഷറീസ് വകുപ്പ് തന്നെ ഇവരുടെ കൈയില്‍ നിന്നും താക്കോല്‍ തിരികെ വാങ്ങി.

പറഞ്ഞ വാക്ക് പാലിച്ച സര്‍ക്കാരിന്റെ ഈ നടപടിയില്‍ വിശദീകരണം ചോദിക്കുമ്പോള്‍ ലഭിച്ച മറുപടി പലതായിരുന്നു. ‘വാട്ടര്‍ അതോറിറ്റിയിലേക്കുള്ള അപേക്ഷകള്‍ എല്ലാവരും ഒപ്പിട്ട് നല്‍കിയിട്ടില്ല. ആ ഒരു പേപ്പര്‍ ശരിയായാല്‍ മാത്രമേ വെള്ളത്തിന്റെ കണക്ഷന്‍ കിട്ടുകയുള്ളൂ. ബാക്കി പണികളൊക്കെ കഴിഞ്ഞിട്ടുണ്ട്.’ സൈറ്റ് എഞ്ചിനീയറായ അതുല്‍ പറഞ്ഞു. 126 പേര്‍ ഇനിയും ഒപ്പിടാന്‍ ഉണ്ടെന്നാണ് അതുല്‍ വിശദീകരിച്ചത്. എന്നാല്‍ ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ബീന സുകുമാര്‍ വെള്ളം ഫ്‌ളാറ്റുകളിലേക്ക് എത്തിക്കാനുള്ള കാലതാമസം ഉള്ളത് കൊണ്ടാണ് താക്കോല്‍ തിരികെ വാങ്ങി എന്ന വിശദീകരണമാണ് നല്‍കിയത്. വരുന്ന തിങ്കളാഴ്ചയോടെ ഫ്‌ളാറ്റുകളുടെ താക്കോല്‍ നല്‍കാന്‍ കഴിയുമെന്നാണ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചത്. ഈ വിഷയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം ലഭിച്ചിട്ടില്ല.

വലിയതുറ സ്‌കൂളുകളിലും മറ്റ് ബന്ധുവീടുകളിലും അഭയം തേടിയ തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യഗ്രാമങ്ങളിലെ 192 ഭവനരഹിതരുടെ സ്വപ്‌നങ്ങളാണ് ഇതോടെ അനിശ്ചിതത്വത്തിലായത്.

‘ഇന്നലെ അവര്‍ താക്കോല്‍ ദാനം ചെയ്യാനാണ് പരിപാടി നടത്തുന്നതെന്ന് പറഞ്ഞിട്ട് തന്ന താക്കോല്‍ തിരിച്ചുവാങ്ങിക്കുകയായിരുന്നു. ഇനിയെന്ന് താക്കോല്‍ തരുമെന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. ഇനി ഫിഷറീസിന്ന് വിളിച്ച് പറയും.’ താക്കോല്‍ദാന ചടങ്ങില്‍ താക്കോല്‍ ലഭിച്ച ലാസര്‍ ദേവനേശമ്മ പറഞ്ഞു.

‘നമ്മള് വീട്ടില് എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നവരാണ് ഇന്ന് ഇവിടെ ഇങ്ങനെ കഴിയണ്. എല്ലാം കൊണ്ടുപോയ ദൈവം തന്നെ നമുക്ക് വേറൊരു ജീവിതവും തരണ്’ പ്രതീക്ഷ ഫ്‌ളാറ്റ് സമുച്ചയം ഇവര്‍ക്ക് നല്‍കിയ സ്വപ്‌നങ്ങള്‍ അത്രയേറെ വലുതായിരുന്നുവെന്ന് ബിന്ദുവിന്റെ വാക്കുകളില്‍ വ്യക്തമായിരുന്നു.

വീട് മാറാനുള്ള സൗകര്യത്തിനായി സാധനങ്ങളൊക്കെ സ്‌കൂളിന് മുന്നില്‍ കയറുകൊണ്ട് കെട്ടിവെച്ചിരിപ്പുണ്ട്. ‘ഇനിയിപ്പോ ഇതെല്ലാം അഴിച്ച് സാധനങ്ങളൊക്കെ പുറത്തെടുക്കണം. ഇനി എപ്പോഴാണ് അവര്‍ താക്കോല്‍ തരിക എന്ന് കൃത്യമായി അറിയില്ലല്ലോ..’ അനിത പറഞ്ഞു. ഓരോ ക്ലാസിലുമായി മൂന്നിലേറെ കുടുംബങ്ങളാണ് വര്‍ഷങ്ങളായി ഇവിടെ കഴിയുന്നത്. സാരികള്‍ ചേര്‍ത്ത് കെട്ടി വേര്‍തിരിച്ചിരിക്കുന്നതാണ് മുറികള്‍. ദൈവങ്ങളുടെ ഫോട്ടോ, ഗ്യാസ് അടുപ്പ്, പാത്രങ്ങള്‍, കട്ടില്‍, തയ്യല്‍ മെഷീന്‍, അലമാര, തുടങ്ങി എല്ലാ വീട്ടുസാധനങ്ങളും ക്ലാസ് റൂമുകളിലാണ് വെച്ചിരിക്കുന്നത്. ഒരു സ്വകാര്യതയും ഇവിടെയില്ല. തുണി മാറുന്നതും കുളിക്കുന്നതും മറകളില്ലാതെ. ‘ഇപ്പോള്‍ അങ്ങനെയൊന്നുമില്ല മക്കളേ.. കല്യാണം കഴിഞ്ഞ കൊച്ചുകുട്ടികള്‍ എങ്ങനെയാണ് ഇവിടെ കിടക്കുന്നതെന്ന് ആലോചിച്ച് നോക്ക്’ പൊട്ടിച്ചിരിച്ചുകൊണ്ടാണ് ദേവനേശമ്മ പറഞ്ഞത്.

‘സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എത്രയും പെട്ടെന്ന് മാറാന്‍ പറയുന്നുണ്ട്. ഞങ്ങള്‍ മാറിയാല്‍ മാത്രമേ അടുത്ത വര്‍ഷമെങ്കിലും കുട്ടികളെ രക്ഷകര്‍ത്താക്കള്‍ കൊണ്ട് ചേര്‍ക്കത്തുള്ളൂ എന്ന് പറഞ്ഞു. ഞങ്ങള് താമസിക്കുന്നത് അങ്ങ് അറ്റത്തെ ക്ലാസ് മുറിയിലാണ്. അവിടെ ക്ലാസും നടത്തുന്നുണ്ട്.’ അനിത പറയുന്നു.

100ഓളം വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ ഇപ്പോള്‍ ഉള്ളത്. കുട്ടികളെ സ്‌കൂളിന് പുറത്തിരുത്തിയാണ് പഠിപ്പിക്കുന്നത്. കുട്ടികളുടെ പഠനത്തെയും പുതിയ അഡ്മിഷനെയും ക്യാംപ് സാരമായി ബാധിക്കുന്നുണ്ടെന്ന് ഇവിടുത്തെ അധ്യാപകര്‍ക്ക് പരാതിയുണ്ട്. ഫ്‌ളാറ്റുകള്‍ തയാറാകുന്നതോടെ ക്ലാസ് മുറികളിലേക്ക് പഠനം മാറ്റാമെന്ന് അവരും പ്രതീക്ഷിച്ചിരുന്നു.

‘ഫ്ളാറ്റ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ഇവിടുത്തെ സാറുമാര് ചോദിച്ച് ഞങ്ങള് എന്ന് മാറുമെന്ന്. അപ്പോ നവംബര്‍ ഒന്നാം തീയതി മാറുമെന്ന് ഞങ്ങലും പറഞ്ഞ്. അതുകൊണ്ടാണ് സാധനങ്ങള്‍ പെറുക്കി വെച്ചത്. ഇപ്പോ ഇത് ഇങ്ങനെയായി’ ക്യാംപിലുള്ള മേരി പരിഭവത്തോടെ പറഞ്ഞു. ‘എത്രയോ കുട്ടികളുടെ രക്ഷിതാക്കള് ക്യാംപ് കണ്ടിട്ട് കുട്ടികളെ ഇവിടെ പഠിപ്പിക്കാതെ ടിസി വാങ്ങി പോകുന്നു. കഴിഞ്ഞ പ്രാവശ്യം ഞങ്ങള്‍ നാലഞ്ച് കുട്ടികളെ ഇവിടെ കൊണ്ടുവന്ന് ചേര്‍ത്തു.’

വൃത്തിയില്ലാത്ത സാഹചര്യമാണ് ക്യാംപില്‍ ഉള്ളത്. വെള്ളം കെട്ടിനില്‍ക്കുന്നത് കൊണ്ട് കൊതുകിന്റെ ശല്യം കൂടുതലാണെന്ന് അവര്‍ പറഞ്ഞു. ‘പകല് ഈച്ചയുടെ ഒറലിന്റെയും ശല്യം, രാത്രി കൊതുകിന്റെയും എലിയുടെയും ശല്യം. മിക്കവാറും പേരെ ഇവിടെ എലി കടിച്ചിട്ടുണ്ട്. കുഞ്ഞ് കുട്ടികള്‍ പലപ്പോഴും അസുഖങ്ങള്‍ വന്ന് കിടപ്പിലാണ്.’

സന്തോഷപ്പെട്ടതൊക്കെ വെറുതെയായെങ്കിലും ക്യാംപിലെ മല്‍സ്യത്തൊഴിലാളികള്‍ കാത്തിരിക്കാന്‍ തയാറാണ്. ‘വെള്ളത്തിന്റെ പ്രശ്‌നമാണ് അവര്‍ പറയുന്നത്. വെള്ളമില്ലാതെ ഞങ്ങള്‍ എങ്ങനെ അവിടെ ജീവിക്കും? ഇത്രത്തോളം അവര്‍ ഞങ്ങള്‍ക്ക് ചെയ്തില്ലേ.. അതുകൊണ്ട് കുറച്ചൂടെ കാത്തിരിക്കാന്‍ ഞങ്ങള്‍ തയാറാണ്. വീട് തുറന്ന് ഞാന്‍ കണ്ടു. സ്വര്‍ഗലോകമാണ് ഞങ്ങള്‍ കണ്ടത്. ഇത്രയും നാള് കോളനിവീട് കൊടുത്തിട്ടുള്ളത് കണ്ടിട്ടുണ്ട്. പക്ഷേ ഇത്ര നല്ല വീടുകള്‍ ഒരിടത്തും കൊടുത്തിട്ടില്ല. മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് പോലെ വാക്ക് പാലിച്ചു.’ താക്കോല്‍ കിട്ടി തന്റെ പുതിയ വീട് ഒരു നോക്ക് കണ്ട സന്തോഷത്തോടെ ദേവനേശമ്മ പറഞ്ഞു.

‘എല്ലാവര്‍ക്കും ഒരുമിച്ച് കൊടുത്തില്ലേല്‍ പരാതി വരുമെന്ന് സര്‍ക്കാര്‍ വിചാരിച്ചായിരിക്കും.’ ക്യാംപിലെ അഭയാര്‍ത്ഥികളെല്ലാം സ്വയം ആശ്വാസം കണ്ടെത്തുകയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ വിതരണം ചെയ്തു; ചരിത്രമുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി

3000 കോടിയുടെ പ്രതിമയും 20 കോടിക്ക് 192 പേര്‍ക്ക് വീടും: ഒരു കേരള/ഗുജറാത്ത് വികസന താരതമ്യം

മുട്ടത്തറ ഫ്ളാറ്റ് സമുച്ചയം കേന്ദ്ര ഫണ്ടാണെന്ന് വാദിക്കുന്നവരോട് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മയുടെ മറുപടി

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍