UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

കൊടിക്കുന്നിൽ സുരേഷ് മാവേലിക്കരയില്‍ കൊടി പാറിക്കുമോ?

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ കെ എസ് യു വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ സുരേഷിന്റെ പാർട്ടിയിലെ വളർച്ച പടിപടിയായുള്ളതായിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

കെ പി സി സി വർക്കിംഗ് കമ്മിറ്റി പ്രസിഡന്റും മുൻ കേന്ദ്ര സഹമന്ത്രിയുമായ കൊടിക്കുന്നിൽ സുരേഷ് കഴിഞ്ഞ രണ്ടു തവണ തന്നെ വിജയിപ്പിച്ച മാവേലിക്കരയിൽ നിന്ന് തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്. കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാന ദളിത് മുഖങ്ങളിലൊന്നായ സുരേഷ് ഇത് ഒൻപതാം തവണയാണ് ജനവിധി തേടുന്നത്. 1989ൽ അടൂരിൽ നിന്നും കന്നി അങ്കം ജയിച്ച സുരേഷ് പിന്നീട് മൂന്ന് തവണ (91, 96, 99) അതേ മണ്ഡലത്തിൽ നിന്നും ജയിച്ചു. രണ്ടു തവണ (98ലും 2004ലും) തോറ്റു. രണ്ടു തവണയും സി പി ഐയിലെ ചെങ്ങറ സുരേന്ദ്രനായിരുന്നു മുഖ്യ എതിരാളി.

ജാതി സർട്ടിഫിക്കറ്റ് വിവാദത്തെ തുടർന്ന് കൊടിക്കുന്നിൽ സുരേഷിന്റെ 2009ലെ തിരെഞ്ഞെടുപ്പ് വിജയം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ആളാണ് കൊടിക്കുന്നിൽ സുരേഷ് എന്ന ഹർജിയിലായിരുന്നു കോടതി നടപടി. എന്നാൽ താൻ പിന്നീട് പുനമതപരിവർത്തനം നടത്തി ഹിന്ദു മതം സ്വീകരിച്ചെന്നതിനുള്ള രേഖകൾ ഹാജരാക്കിയതോടെ സുപ്രീം കോടതി സുരേഷിനെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി അസാധുവാക്കുകയാണുണ്ടായത്.

അടൂരിന് പകരം മാവേലിക്കര സംവരണ മണ്ഡലമായതോടെയാണ് കൊടിക്കുന്നിൽ മത്സരം അവിടേക്കു മാറ്റിയത്. അടൂരിൽ രണ്ടു തവണ കൊടിക്കുന്നിലിനെ അടിയറവു പറയിച്ച ചെങ്ങറ സുരേന്ദ്രനെ പോലും ഒരു തവണ മാവേലിക്കരയിൽ പരീക്ഷിച്ചു പരാജയപ്പെട്ട സി പി ഐ ഇത്തവണ അടൂരിലെ സിറ്റിംഗ് എം എൽ എ ചിറ്റയം ഗോപകുമാറിനെയാണ് കൊടിക്കുന്നിലിനെതിരെ രംഗത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ മാവേലിക്കരയിൽ ഇക്കുറി മത്സരം കടുത്തതാകും എന്നാണ് പൊതു വിലയിരുത്തൽ.

കൊടിപിടിച്ചതുകൊണ്ടോ കൊടികുത്തിയതുകൊണ്ടോ ഒന്നുമല്ല സുരേഷിന്റെ പേരിനൊപ്പം കൊടിക്കുന്നിൽ വന്നുചേരുന്നത്. ആ പേര് അദ്ദേഹം ജനിച്ച തിരുവനന്തപുരം ജില്ലയിൽ പെട്ട അത്രയൊന്നും അറിയപ്പെടാത്ത ഒരു കൊച്ചു ഗ്രാമത്തിന്റേതാണ്. 1989ൽ കന്നി അങ്കത്തിനിറങ്ങിയ വേളയിലാണ് കൊടിക്കുന്നിൽ ഗ്രാമത്തിൽ കർഷക തൊഴിലാളി ദമ്പതികളായിരുന്ന കുഞ്ഞന്റെയും തങ്കമ്മയുടെയും മകൻ ജെ സുരേഷിന്റെ പേരിലെ ജെ അപ്രത്യക്ഷമായതും പകരം കൊടിക്കുന്നിൽ എന്ന സ്ഥലനാമം വന്നുചേർന്നതും. കുട്ടിക്കാലത്തു തന്നെ പിതാവിനെ നഷ്ടമായി. പുല്ലരിഞ്ഞ് വിറ്റും മറ്റും ഏറെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയതെന്ന്‌ സുരേഷ് തന്നെ പറഞ്ഞിട്ടുണ്ട്.

എട്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ കെ എസ് യു വിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായ സുരേഷിന്റെ പാർട്ടിയിലെ വളർച്ച പടിപടിയായുള്ളതായിരുന്നു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, കെ പി സി സി അംഗം, എ ഐ സി സി അംഗം, എ ഐ സി സി സെക്രട്ടറി, കെ പി സി സി വർക്കിംഗ് പ്രസിഡന്റ് എന്നിങ്ങനെ പാർട്ടിയിൽ വ്യത്യസ്ത പദവികൾ അലങ്കരിച്ച കൊടിക്കുന്നിൽ സുരേഷ് കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള തൊഴിൽ വകുപ്പ് സഹമന്ത്രിയുമായിരുന്നു. ബിന്ദു സുരേഷ് ആണ് ഭാര്യ. മക്കൾ ; ഒരാണും ഒരു പെണ്ണും.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍