UPDATES

ട്രെന്‍ഡിങ്ങ്

പാണക്കാട് തങ്ങളും യോഗി ആദിത്യനാഥും; കോടിയേരി ഇതെന്തു ഭാവിച്ചാ?

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ (ബിജെപി ഒഴികെ) മാത്രമല്ല കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങൾ പോലും തങ്ങളെയോ തങ്ങൾ കുടുംബത്തെയോ ഇത്തരത്തിൽ ചിത്രീകരിക്കുകയുണ്ടായിട്ടില്ല

കെ എ ആന്റണി

കെ എ ആന്റണി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മലപ്പുറം ഉപതിരഞ്ഞെടുപ്പുമായി ബന്ധപെട്ടു ഒരു വെടി കൂടി പൊട്ടിച്ചിരിക്കുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതു സർക്കാരിന്റെ വിലയിരുത്തൽ ആകുമെന്ന പ്രസ്താവന ഉയർത്തിയ പുക്കാറ് കെട്ടടങ്ങും മുൻപാണ് ഏറെ കോളിളക്കം സൃഷ്ടിക്കാൻ സാധ്യതയുള്ള മറ്റൊരു വിവാദ പ്രസ്താവനക്ക് കോടിയേരി തയ്യാറായത്. ബിജെപിക്ക് ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് എങ്ങനെയാണോ അതുപോലെയാണ് പാണക്കാട് തങ്ങൾ മുസ്ലിം ലീഗിന് എന്നായിരുന്നു ആ പ്രസ്താവന. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി ഈ കാര്യം വെച്ചുകാച്ചിയത്.

ക്ഷേത്ര പൂജാരി ആയിരുന്ന യോഗി ആദിത്യനാഥിനെ യുപിയിൽ വർഗീയത വളർത്തി അധികാരം പിടിക്കാൻ ബിജെപി ഉപയോഗപ്പെടുത്തിയതുപോലെ തന്നെയാണ് മുസ്ലിം ലീഗ് നൂറിലേറെ പള്ളികളുടെ ഖാദിയായ പാണക്കാട് തങ്ങളെ ഉപയോഗപ്പെടുത്തുന്നത് എന്നായിരുന്നു കോടിയേരിയുടെ ആക്ഷേപം. യോഗിയെ ഉപയോഗിച്ച് ബിജെപി ഭൂരിപക്ഷ വർഗീയത വളർത്താൻ ശ്രമിക്കുമ്പോൾ മുസ്ലിം ലീഗ് തങ്ങളെ ഉപയോഗിച്ച് ന്യൂനപക്ഷ വർഗീയത വളർത്തുകയാണെന്നും ഇത് അത്യന്തം ആപൽക്കരം ആണെന്നും കോടിയേരി തുറന്നടിച്ചു.

കോടിയേരിയുടെ പ്രസ്താവനയോടുള്ള മുസ്ലിം ലീഗിന്റെ പ്രതികരണം അറിവായിട്ടില്ല. എങ്കിലും വരും ദിവസങ്ങളിൽ ഈ പ്രസ്താവന വലിയ ചർച്ചക്ക് വഴിവെക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട. ഒരു വെടിക്കു രണ്ടു പക്ഷി എന്ന തന്ത്രം തന്നെയാണ് കോടിയേരി ഈ പ്രസ്താവനയിലൂടെ പ്രയോഗിച്ചിരിക്കുന്നത്. സിപിഎം ഇടതു മുന്നണിയിലെ മുഖ്യ ഘടകകക്ഷിയായ സിപിഐയെ തഴഞ്ഞു ലീഗുമായി കൈകോർക്കാൻ ഒരുങ്ങുകയാണെന്നും ഇതിന്റെ ഭാഗമായാണ് മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ അപ്രശസ്തനായ സ്ഥാനാർത്ഥിയെ നിറുത്തിയത് എന്നുള്ള ബിജെപിയുടെ ആക്ഷേപത്തിന് മറുപടി നൽകുക. ഒപ്പം മുസ്ലിം ലീഗിന് നല്ലൊരു കൊട്ടുകൊടുക്കുക.

കാലാകാലങ്ങളായി പാണക്കാട് തങ്ങളെ ഒരേ സമയം ആത്മീയ നേതാവും മുസ്ലിം ലീഗിലെ അവസാന വാക്കുമായി ഉയർത്തിക്കാട്ടി നേട്ടം കൊയ്യുന്ന പാർട്ടിയാണ് മുസ്ലിം ലീഗ് എന്ന കാര്യം പരസ്യമായ രഹസ്യമാണെങ്കിലും നാളിതുവരെ ഒരു രാഷ്ട്രീയ നേതാവും പറയാൻ ധൈര്യപ്പെടാത്ത ഒന്നാണ് കോടിയേരി മീഡിയ വണ്ണുമായുള്ള അഭിമുഖത്തിൽ പറഞ്ഞത്. മുസ്ലിം ലീഗ് ഒരു മതേതര പാർട്ടിയാണെന്നു സിപിഎമ്മിലെ തന്നെ ചില നേതാക്കൾ പറഞ്ഞു നടക്കുന്നതിനിടയിലാണ് കോടിയേരി ഇത്തരത്തിൽ ഒരു പ്രസ്താവന നടത്താൻ മുതിർന്നത് എന്നതും ശ്രദ്ധേയമാണ്.

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ (ബിജെപി ഒഴികെ) മാത്രമല്ല കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങൾ പോലും തങ്ങളെയോ തങ്ങൾ കുടുംബത്തെയോ ഇത്തരത്തിൽ ചിത്രീകരിക്കുക ഉണ്ടായിട്ടില്ലെന്നതും ഓർക്കേണ്ടതുണ്ട്. ഇത് പറയുമ്പോൾ ഒരു കാര്യം ഓര്‍മ്മ വരുന്നു. 1996ലെ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പൊളിറ്റിക്കൽ സറ്റയറുകൾ തയ്യാറാക്കാൻ ഡൽഹിയിൽ നിന്നും അന്ന് ദി ഇന്ത്യൻ എക്സ്പ്രസ് പത്രത്തിൽ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്ന എസ് പ്രസന്നരാജൻ വന്നിരുന്നു. അന്ന് എക്സ്പ്രസ് രണ്ടായി മാറിയിരുന്നില്ല. പാണക്കാട് തങ്ങളെ (അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങളെ) ഇന്റർവ്യൂ ചെയ്ത പ്രസന്ന രാജൻ ഒരേ സമയം ആത്മീയ നേതാവും രാഷ്ട്രീയ നേതാവുമായ തങ്ങളെക്കുറിച്ച് ഒരു ആക്ഷേപ ഹാസ്യം തയ്യാറാക്കി. പ്രസന്നരാജൻ തയ്യാറാക്കിയ ബാക്കിയെല്ലാ കഥകളും പ്രസദ്ധീകരിച്ച ഇന്ത്യൻ എക്സ്പ്രസ് ആ ആക്ഷേപഹാസ്യം കേരളത്തിൽ പ്രസിദ്ധീകരിക്കാൻ തയ്യാറായില്ല. തങ്ങളെ കളിയാക്കുന്ന തരത്തിലുള്ള ഒരു കൃതി കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയാൽ ഉണ്ടാകാവുന്ന പുക്കാറ് ഞങ്ങളുടെ അന്നത്തെ റസിഡന്റ് എഡിറ്റർക്ക് നന്നായി അറിയാമായിരുന്നു.

എന്തായാലും കോടിയേരി വരും വരായ്കളെക്കുറിച്ചു നന്നായി ചിന്തിച്ചിട്ടാണോ ഇങ്ങനെ ഒരു പ്രസ്താവനക്ക് മുതിർന്നതെന്ന് ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍