UPDATES

കേരളം

കോട്ടയത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം: പിടിയിലായത് സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ ഗുണ്ടാത്തലവന്‍

അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മെയ് മാസത്തില്‍ ജാമ്യത്തിലിറങ്ങിയ കമ്മല്‍ വിനോദ് ആണ് സന്തോഷിനെ കൊലപ്പെടുത്തി മൃതദേഹം രണ്ടായി മുറിച്ച് ചാക്കിലാക്കി തള്ളിയത്

കോട്ടയം മാങ്ങാനത്ത് വഴിയരികില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുപ്രസിദ്ധ ഗുണ്ട കമ്മല്‍ വിനോദും ഭാര്യ കുഞ്ഞുമോളും അറസ്റ്റിലായി. രണ്ട് ചാക്കുകളിലായാണ് മൃതദേഹം കണ്ടെത്തിയത്. തല അറുത്തു മാറ്റിയ നിലയിലായിരുന്നു മൃതദേഹം. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപ്പാപ്പാനും ഏതാനും ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സന്തോഷ് ആണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.

ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ കോട്ടയം -കറുകച്ചാല്‍ റോഡില്‍ മന്ദിരം കലിങ്ക് ജംഗ്ഷനില്‍ പാടത്തിനരികിലെ കുറ്റിക്കാട്ടിലാണ് സന്തോഷിന്റെ മൃതദേഹം വെട്ടിനുറുക്കി ചാക്കിലാക്കി തള്ളിയ നിലയില്‍ കണ്ടെത്തിയത്. രണ്ടായി മുറിച്ച് രണ്ട് ചാക്കിലാക്കിയ മൃതദേഹത്തിന്റെ തലയുണ്ടായിരുന്നില്ല. നാലുദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. പ്രദേശവാസിയായ ബിജുവാണ് മൃതദേഹം ആദ്യം കണ്ടത്. കനത്ത ദുര്‍ഗന്ധത്തെ തുടര്‍ന്ന് റോഡരികിലെ പാടത്ത് ആരോ കോഴി മാലിന്യം തള്ളിയതാണെന്ന് കരുതി കുഴിച്ചിടാനായി ചാക്ക് തൂമ്പയുപയോഗിച്ച് നീക്കിയപ്പോഴാണ് പുറത്തേക്ക് നീണ്ട ഒരു കാല് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തോളമായി നാറ്റമുണ്ടെങ്കിലും കഴിഞ്ഞദിവസം വൈകിട്ടോടെയാണ് രൂക്ഷമായത്. തുടര്‍ന്നാണ് ഇന്നലെ രാവിലെ ഇവിടെ പരിശോധന നടത്തിയത്. രണ്ട് ചാക്കുകളും അടുത്തടുത്താണ് കിടന്നിരുന്നത്.

മിഷ്യന്‍ വാള്‍ പോലെ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തും അരയുടെ ഭാഗവും മുറിച്ചു മാറ്റിയതെന്നായിരുന്നു പോലീസിന്റെ നിഗമനം. കഴുത്തിന് താഴ്ഭാഗം ഒരു ചാക്കിലും അരയ്ക്ക് താഴ്ഭാഗം മറ്റൊരു ചാക്കിലുമാക്കി രാത്രിയില്‍ വണ്ടിയില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്നാണ് പോലീസ് സംശയിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

വിനോദ് സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ സമയത്ത് സന്തോഷ് വിനോദിന്റെ ഭാര്യയുമായി അടുക്കാന്‍ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. ഇരുവരും ഉള്‍പ്പെട്ട കേസിന്റെ വിചാരണയ്ക്കായി ജയിലില്‍ നിന്നും കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ വിനോദ് സന്തോഷിനെ ഭീഷണിപ്പെടുത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോള്‍ കാണാതായവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പയ്യപ്പാടിയില്‍ നിന്നും 24 മുതല്‍ സന്തോഷിനെ കാണാനില്ലെന്ന് പോലീസിന് അറിവ് ലഭിച്ചു. സന്തോഷിന്റെ ഫോണിലേക്ക് അവസാനം വിളിച്ചത് കുഞ്ഞുമോള്‍ ആണെന്ന് സന്തോഷിന്റെ അച്ഛന്‍ പോലീസിനെ അറിയിച്ചിരുന്നു. ഉറങ്ങുകയായിരുന്ന സന്തോഷിന്റെ ഫോണ്‍ എടുത്തത് അച്ഛനായിരുന്നു. തുടര്‍ന്ന് വിനോദിന്റെ ഭാര്യയെയും വിനോദിനെയും വെവ്വേറെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞുമോളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വച്ച് കൊല്ലപ്പെട്ടത് സന്തോഷ് ആണെന്ന് പോലീസ് ഉറപ്പിച്ചു. ഇതിനിടയ്ക്ക് മൃതദേഹത്തിന്റെ ശിരസും കണ്ടെടുത്തു.

സ്വന്തം അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വിനോദ് അടുത്തകാലത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഈ കൊലപാതകത്തിലും കുഞ്ഞുമോള്‍ക്ക് പങ്കുണ്ടെന്നാണ് വിവരം. കോട്ടയത്ത് മുട്ടമ്പലത്ത് നഗരസഭ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുമ്പോള്‍ വിനോദ് പിതാവിനെ തൊഴിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെബ്രുവരി അഞ്ചിനാണ് ഈ കൊലപാതകം നടന്നത്. ആദ്യം സ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വിനോദ് കൊലപ്പെടുത്തുകയായിരുന്നെന്ന് തെളിഞ്ഞു. വിനോദിന്റെ തൊഴിയേറ്റ് അച്ഛന്റെ വാരിയെല്ല് വരെ തകര്‍ന്നിരുന്നു.

ഈ കേസില്‍ മെയ് 22ന് ജാമ്യത്തിലിറങ്ങിയ വിനോദ് ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നിലെത്തി ഒപ്പിടുന്നുണ്ടായിരുന്നു. ഡിവൈഎസ്പി സഖറിയാ മാത്യു, സിഐ സാജു വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷിന്റെ കൊലപാതകം തെളിയിക്കപ്പെട്ടത്.

തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം മുറിച്ചു വേര്‍പെടുത്തുകയായിരുന്നുവെന്ന് വിനോദ് പോലീസിനെ അറിയിച്ചു. രക്തം നഷ്ടപ്പെട്ടതിന് ശേഷമാണ് മൃതദേഹം മുറിച്ചത്. ശരീരഭാഗങ്ങള്‍ ചിതറിയിട്ടില്ല. ജീവനോടെ മുറിച്ചിരുന്നെങ്കില്‍ ശരീരഭാഗങ്ങളും മാംസവും ചിതറുമെന്ന് പോലീസ് അറിയിച്ചു. തലയും അരഭാഗവും കൃത്യതയോടെയാണ് മുറിച്ചുമാറ്റിയത്. വസ്ത്രങ്ങളില്‍ രക്തക്കറ വ്യക്തമായിട്ടില്ല. കൊലപാതകത്തിന് ശേഷം വസ്ത്രം ധരിപ്പിച്ചിലാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന്റെ വൃഷണം തകര്‍ന്ന നിലയിലായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍