UPDATES

വിശകലനം

ആരുടെ കോട്ടയാണ് കോട്ടയം? മാണി ഫാക്ടര്‍ ഉണ്ടെങ്കിലും, ഇത്തവണ ഉറപ്പിച്ച് പറയാന്‍ വരട്ടെ

മാണിയുടെ വിയോഗം സൃഷ്ടിക്കുന്ന സഹതാപ തരംഗം യുഡിഎഫിന് പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് എമ്മിന് ഗുണം ചെയ്യും

കോട്ടയം തങ്ങളുടെ കോട്ടയാണെന്നാണ് യുഡിഎഫിന്റെ ഉറപ്പ്, കീഴടക്കിയ ചരിത്രത്തിലാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. പോരിനിറങ്ങിയാല്‍ ആരെയും വീഴ്ത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എന്‍ഡിഎയ്ക്ക്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലാകെ നില്‍ക്കുന്ന അനിശ്ചിതത്വത്തില്‍ നിന്നും കോട്ടയത്തിനും വ്യത്യാസമില്ലെന്നാണ് മൂന്നു മുന്നണികളുടെയും അവസാനവട്ട കണക്കൂട്ടലുകളും തെളിയിക്കുന്നത്. ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങാനായതിന്റെ മേല്‍ക്കൈയുണ്ടെന്നാണ് എല്‍ഡിഎഫും സ്ഥാനാര്‍ത്ഥി വി എന്‍ വാസവനും ആവര്‍ത്തിക്കുന്നത്. തര്‍ക്കങ്ങള്‍ക്കും പിണക്കങ്ങള്‍ക്കുമെല്ലാമൊടുവിലാണ് സ്ഥാനാര്‍ത്ഥിയായി വന്നതെങ്കിലും യുഡിഎഫിന് തന്നെയാണ് ഈ ആവസാനഘട്ടത്തോട് അടുക്കുമ്പോഴും മുന്‍തൂക്കം എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നുണ്ട് തോമസ് ചാഴികാടന്. തന്റെ മൂവാറ്റുപുഴ വിജയവും കേരളത്തിലെ എന്‍ഡിഎ മുന്നേറ്റവും വ്യക്തിപരമായ സ്വാധീനവുമെല്ലാം കൂട്ടിച്ചേര്‍ത്ത് ഒരിക്കല്‍ കൂടി പാര്‍ലമെന്റില്‍ എത്തുമെന്നാണ് പി സി തോമസിന്റെ ഉറപ്പ്. മൂന്നു പേരും പറയുന്നതില്‍ കാര്യമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ കോട്ടയം ആരുടെയെങ്കിലും കോട്ടയായി നില്‍ക്കുമെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുന്നില്ല.

ചരിത്രവും കണക്കുകളും അടിസ്ഥാനമാക്കിയാല്‍ കോട്ടയത്തിനുമേല്‍ കൂടുതല്‍ അവകാശം പറയാന്‍ യുഡിഎഫിന് കഴിയും. ഇതുവരെ നടന്ന 16 തെരഞ്ഞെടുപ്പുകളില്‍ പതിനൊന്നിലും വിജയിച്ചത് യുഡിഎഫ് ആണ്. ആറുതവണ കോണ്‍ഗ്രസും അഞ്ചു തവണ കേരള കോണ്‍ഗ്രസും മണ്ഡലം പ്രതിനിധീകരിച്ചു. നിലവില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ മണ്ഡലമാണ് കോട്ടയം. ജോസ് കെ മാണി ആയിരുന്നു എംപി. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2018 ല്‍ അദ്ദേഹം കോട്ടയം എം പി സ്ഥാനം ഒഴിഞ്ഞു. ഒരു വര്‍ഷമായി എം പിയില്ലാതെ കിടക്കുന്ന കോട്ടയത്തെ തങ്ങളുടെ കൂടെ തന്നെ നിര്‍ത്താനാണ് കേരള കോണ്‍ഗ്രസ് എമ്മും യുഡിഎഫും ചേര്‍ന്ന് തോമസ് ചാഴിക്കാടനെ നിര്‍ത്തിയിരിക്കുന്നത്. ഈ കണക്കുകള്‍ കേട്ടാല്‍ പേടിക്കില്ലെന്നാണ് എല്‍ഡിഎഫ് പറയുന്നത്. അവരതിന് ചരിത്രത്തെ കൂട്ടു പിടിക്കുന്നു. തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ചു വന്ന കോണ്‍ഗ്രസിന്റെ മാത്യു മണിയങ്ങാടനെ 1967 ല്‍ 48,581 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിന്റെ കെ എം എബ്രഹാം തോല്‍പ്പിച്ചത്. സ്‌കറിയ തോമസിലൂടെ വീണ്ടും മണ്ഡലം സ്വന്തമാക്കി രണ്ടു തവണയായി കൂടെ നിര്‍ത്തിയശേഷം മൂന്നാമതും പിടിക്കാന്‍ വേണ്ടി 1984 ല്‍ അതും ഇന്ദിരഗാന്ധിയുടെ കൊലപാതകത്തില്‍ രാജ്യം മുഴുവന്‍ കോണ്‍ഗ്രസിന് അനുകൂലമായ സഹതാപ തരംഗം പടര്‍ന്നിരുന്ന തെരഞ്ഞെടുപ്പില്‍ വിജയം സുനിശ്ചിതമാക്കി ഇറങ്ങിയ സ്‌കറിയ തോമസിനെ എസ് എഫ് ഐ നേതാവായിരുന്ന സുരേഷ് കുറപ്പ് തറപറ്റിച്ചു. രമേശ് ചെന്നിത്തല നാലാം വട്ടവും കോട്ടയം എംപിയാകാന്‍ ഇറങ്ങിയ 98 ല്‍ സുരേഷ് കുറുപ്പ് ഒരിക്കല്‍ കൂടി അത്ഭുതം കാട്ടി. തൊട്ടടുത്ത മൂന്നു തെരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റില്‍ എത്തി സുരേഷ് കുറുപ്പ് കോട്ടയം യുഡിഎഫിന്റെ കുത്തകയല്ലെന്നു തെളിയിച്ചു. കുറുപ്പ് തോല്‍പ്പിച്ചവര്‍ നിസാരക്കാരായിരുന്നില്ല; രമേശ് ചെന്നിത്തല, പി സി ചാക്കോ, ആന്റോ ആന്റണി എന്നീ വമ്പന്മാരായിരുന്നു എതിരാളികള്‍.

എന്നാല്‍ 2008 ല്‍ മണ്ഡല പുനഃക്രമീകരണങ്ങള്‍ക്കു ശേഷം കോട്ടയം മുഖം മാറിയെത്തിയപ്പോള്‍ കാറ്റ് വീണ്ടും യുഡിഎഫിന് അനുകൂലമായി. 2009 ല്‍ കെ എം മാണി മകന്‍ ജോസ് കെ മാണിക്ക് സീറ്റ് വാങ്ങി നല്‍കി മത്സരിപ്പിച്ച് സുരേഷ് കുറുപ്പിനെ വീഴ്ത്തിയത് 71,570 വോട്ടുകള്‍ക്കായിരുന്നു. 2014 ല്‍ ജോസ് കെ മാണി വീണ്ടും മത്സരിക്കാന്‍ എത്തിയപ്പോള്‍ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു(1,20,599). ഈ കണക്കും സമീപ ചരിത്രവുമാണ് തോമസ് ചാഴികാടനും യുഡിഎഫും ഉയര്‍ത്തുന്നതും പ്രതീക്ഷവയ്ക്കുന്നതും. കൂടാതെ കോട്ടയത്തെ ഏഴു നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിന്റെതാണ്. കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി,പാല, പിറവം എന്നിവ. ഇവയാകട്ടെ യുഡിഎഫ് അതികായകന്മാരുടെയും. ഏറ്റുമാനൂരും വൈക്കവും മാത്രമാണ് എല്‍ഡിഎഫിന്റെ കൈവശമുള്ളത്. തങ്ങളുടെ അഞ്ചു മണ്ഡലങ്ങളിലും വോട്ട് കുറഞ്ഞാല്‍ അതിന്റെ നാണക്കേട് വേറെയാണ് യുഡിഎഫിന്. ഈ മണ്ഡലങ്ങള്‍ സ്വഭാവം മാറ്റില്ലെങ്കില്‍ മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാന്‍ വകയുള്ളൂ.

പി സി തോമസ് ആദ്യമായാണ് കോട്ടയത്ത് മത്സരിക്കുന്നതെങ്കിലും കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 18 ഉം എല്‍ഡിഎഫ് നേടിയെടുത്ത 2004 ലെ തെരഞ്ഞെടുപ്പില്‍ തന്റെ ഐഎഫ്ഡിപി(ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി)യെ എന്‍ഡിഎ ഘടകക്ഷിയാക്കി മൂവാറ്റുപുഴ മണ്ഡലത്തില്‍ വിജയം നേടിയ ചരിത്രമുണ്ട് പി സി തോമസിന്. ആ വിജയം കോട്ടയത്തും ആവര്‍ത്തിക്കാമെന്നാണ് തോമസ് കരുതുന്നത്. കടുത്തുരുത്തി, പിറവം മേഖലകളില്‍ നിന്നും തോമസ് കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന സൂചനയും വരുന്നുണ്ട്. ഇത് യുഡിഎഫിനാണ് തിരിച്ചടിയാകുന്നത്. യുഡിഎഫ് വോട്ടുകളില്‍ വിഭജനം ഉണ്ടാക്കാന്‍ തോമസിന് കഴിഞ്ഞാല്‍ അത് അദ്ദേഹത്തിനെക്കാള്‍ ഗുണം ചെയ്യുക വാസവനാണെന്നത് വേറെ കാര്യം.

പാരമ്പര്യവും ചരിത്രവും മാറ്റി നിര്‍ത്തിയാല്‍ ഇത്തവണ കോട്ടയത്തെ വിജയപരാജയങ്ങള്‍ തീരുമാനിക്കുക നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാകും. ശബരിമല വിഷയം പത്തനംതിട്ട കഴിഞ്ഞാല്‍ ഏറ്റവുമധികം ബാധിക്കുന്നൊരു മണ്ഡലം കോട്ടയമായിരിക്കും. സംസ്ഥാന സര്‍ക്കാരിനെതിരായ ശബരിമല വികാരം വോട്ടുകളായി പരിണമിക്കുന്നമെന്നത് മണ്ഡലത്തില്‍ നിന്നും വ്യക്തമായ കാര്യമാണ്. എന്നാല്‍ ഈ വോട്ടുകള്‍ ആര്‍ക്കാണ് കിട്ടുക എന്നതാണ് സംശയം. തോമസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണെങ്കിലും ബിജെപി-ഹിന്ദുഅനുഭാവ വോട്ടുകള്‍ പൂര്‍ണമായി അദ്ദേഹത്തിന് കിട്ടുമെന്നുറപ്പില്ല. ഒരു വിഹിതം കിട്ടുമെന്നു മാത്രം പറയാം. അതേസമയം ശബരിമല തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ യുഡിഎഫിന് ഉണ്ട്. കോട്ടയത്തെ സവര്‍ണ ഹിന്ദു വിഭാഗങ്ങളുടെ വോട്ടാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. എന്‍എസ് എസ് ആസ്ഥാനം നിലനില്‍ക്കുന്ന ജില്ലയാണ് കോട്ടയം. പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ സമദൂര നിലപാട് തുടരുമെന്നാണ് എന്‍എസ്എസ് അറിയിച്ചിട്ടുണ്ടെങ്കിലും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്ക് കേരള കോണ്‍ഗ്രസിനോടുള്ള അടുപ്പം തോമസ് ചാഴികാടന് ഗുണം ചെയ്‌തേക്കും. കോട്ടയത്തെ വോട്ടര്‍മാരില്‍ ഭൂരിപക്ഷവും ക്രിസ്ത്യന്‍ സമുദായമാണ്. ഈ വോട്ടുകളിലും ഭൂരിപക്ഷം യുഡിഎഫിന് ആണ് പോവുക. ക്‌നാനായ വിഭാഗക്കാരനായ ചാഴികാടന് ആ വിഭാഗത്തില്‍ നിന്നുള്ള വോട്ടുകളും കേരള കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായ കത്തോലിക്കരുടെ വോട്ടുകളും കിട്ടുമെന്നു യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഒരു വിഭാഗം ക്‌നാനായക്കര്‍ എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. ചര്‍ച്ച് ആക്ടിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള എതിര്‍പ്പ് പള്ളി വോട്ടുകളില്‍ സ്വാധീനിക്കുമെന്ന് പക്ഷേ പറയാനും പറ്റില്ല. അതേസമയം കത്തോലിക്കാക്കാരനായ പി സി തോമസും ക്രിസ്ത്യന്‍ വോട്ടുകളില്‍ കണ്ണുവയ്ക്കുന്നുണ്ട്. ഇതിനൊപ്പം ശബരിമലയില്‍ നിന്നും കിട്ടുന്ന വോട്ടുകളും കൂട്ടത്തോടെ തനിക്കായിരിക്കും വരികയെന്ന പ്രതീക്ഷയും തോമസിനുണ്ട്. അതേസമയം വാസവന്‍ പ്രധാനമായും പ്രതീക്ഷവയ്ക്കുന്നത് പാര്‍ട്ടി വോട്ടുകളിലാണ്. ജനതാദളില്‍ നിന്നും സീറ്റ് തിരിച്ചു വാങ്ങിച്ച സിപിഎം വിജയം തന്നെയാണ് ഇത്തവണ കോട്ടയത്ത് പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം അവര്‍ നാളുകള്‍ക്കു മുന്നേ തുടങ്ങുകയും ചെയ്യും. മികച്ച സംഘാടകനെന്ന നിലയില്‍ പേരെടുത്തിട്ടുള്ള വാസവന് താഴെത്തട്ടില്‍ നിന്നുപോലും ഏതെങ്കിലും വിധത്തിലുള്ള തിരിച്ചടി കിട്ടുമെന്നു കരുതാനാവില്ല. കോട്ടയത്തെ എംഎല്‍എ എന്ന നിലയില്‍ ഉണ്ടാക്കിയിട്ടുള്ള സ്വാധീനവും മുതലാക്കാനാകും. ശബരിമല വിഷയത്തില്‍ മുന്നാക്ക വോട്ടുകള്‍ പോയാലും പിന്നാക്ക വോട്ടുകളും തനിക്കൊപ്പം നില്‍ക്കുമെന്ന് കരുതുന്നു.

ഈ വിഷയങ്ങളെല്ലാം മാറ്റിവച്ചാല്‍ കോട്ടയത്ത് ഇത്തവണ സ്വാധീനിക്കപ്പെടുന്ന മറ്റൊന്ന് കെ എം മാണിയാണ്. മാണിയുടെ വിയോഗം സൃഷ്ടിക്കുന്ന സഹതാപ തരംഗം യുഡിഎഫിന് പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് എമ്മിന് ഗുണം ചെയ്യും. ജോസഫ് ഗ്രൂപ്പിന്റെ എതിര്‍പ്പ് തിരിച്ചടിയാകുമെന്ന പേടിയുണ്ടായിരുന്നുവെങ്കിലും മാണിയുടെ അപ്രതീക്ഷിത വിടവാങ്ങലിലൂടെ അത്തരം അന്തരീക്ഷമൊക്കെ മാറിയിരിക്കുകയാണ്. ഈ സാഹചര്യം പരമാവധി ചാഴികാടന്‍ മുതലാക്കുന്നുമുണ്ട്. രാഷ്ട്രീയത്തിലൊന്നുമില്ലാതെ ബാങ്ക് ഉദ്യോഗസ്ഥനായി കഴിഞ്ഞിരുന്ന തോമസ് ചാഴികാടന്‍ രാഷ്ട്രീയത്തില്‍ വരുന്നതും ജനപ്രതിനിധിയാകുന്നതിനും കാരണമായതും ഒരു മരണമാണ്. ജേഷ്ഠന്‍ ബാബു ചാഴികാടന്റെ അപ്രതീക്ഷിത മരണം. 1991 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ബാബു ചാഴികാടന്‍ ഇടി മിന്നലേറ്റ് മരിച്ചതോടെയാണ് തോമസിന് രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്നത്. തുടര്‍ന്നു വന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാണ് നിയമസഭയില്‍ ആദ്യമായി എത്തുന്നത്. ഇത്തവണ പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോഴും ഒരു മരണമുയര്‍ത്തിയ സാഹചര്യം തോമസ് ചാഴികാടന് വീണ്ടും സഹായകമാകുമോ എന്നു കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍