UPDATES

ട്രെന്‍ഡിങ്ങ്

ഉപയോക്താക്കളെ ഷോക്കടിപ്പിക്കുന്ന കെഎസ്ഇബിയുടെ ‘അഡ്ജസ്റ്റ്മെന്‍റ്’ കൊള്ള

പല ഉപയോക്താക്കളും ഇതൊന്നും അന്വേഷിക്കാറുപോലുമില്ല എന്നതാണ് സത്യം. വൈദ്യുതി ബില്‍ കൂടിയിട്ടുണ്ടെന്നല്ലാതെ ബില്ലില്‍ എഴുതിയിരിക്കുന്നതെന്തെന്ന് പോലും പലരും ശ്രദ്ധിക്കാറില്ല.

വൈദ്യുതി നിരക്ക് വര്‍ധനവിന് പിന്നാലെ ‘അഡ്ജസ്റ്റ്‌മെന്റി’ലൂടെ ഉപയോക്താക്കളെ കൊള്ളയടിച്ച് വൈദ്യുതി ബോര്‍ഡ്. ചട്ടങ്ങള്‍ മറികടന്നുള്ള ഈ ‘അഡ്ജസ്റ്റ്‌മെന്റ്’ ഉപയോക്താക്കളില്‍ പലര്‍ക്കും അറിവുള്ളതുമല്ല. ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ലില്‍ അഡ്ജസ്റ്റ്‌മെന്റ് എന്ന് രേഖപ്പെടുത്തി അധിക തുക എഴുതിച്ചേര്‍ത്തിട്ടുണ്ടെന്നത് ഒഴിച്ചാല്‍ പണം ഈടാക്കുന്നത് സംബന്ധിച്ച് ഒരു ഉപഭോക്താവിനും കെ.എസ്.ഇ.ബി ഇതുസംബന്ധിച്ച അറിയിപ്പും നല്‍കിയിട്ടില്ല. വൈദ്യുതി നിരക്ക് വര്‍ധനവ് തന്നെ താങ്ങാന്‍ കഴിയാതിരുന്ന ഉപഭോക്താവിന് ഈ അധിക തുക ഈടാക്കല്‍ ഇരുട്ടടിയായിരിക്കുകയാണ്.

എന്റെ വീട്ടിലെ ഈ മാസത്തെ കറണ്ട് ബില്ല് 2243 രൂപയാണ്. വൈദ്യുതി ഉപഭോഗത്തിന് അടയ്‌ക്കേണ്ട തുക 1828 രൂപയാണ്. പക്ഷെ ഇത് എഴുതിയതിന് തൊട്ടു താഴെ അഡ്ജസ്റ്റ്‌മെന്റ് എന്ന് പറഞ്ഞിട്ട് 400 രൂപ എഴുതിയിരിക്കുന്നു. ഈ തുകയും ചേര്‍ത്താണ് ഇത്തവണത്തെ ബില്ല് വന്നിരിക്കുന്നത്. 27-ാം തീയതിക്കുള്ളില്‍ അടച്ചില്ലേല്‍ കറണ്ടുണ്ടാവില്ലെന്ന മുന്നറിയിപ്പും. ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ? എന്തെങ്കിലുമൊന്ന് എഴുതി വച്ചിട്ട് വന്ന് കാശടച്ചോളാന്‍ പറഞ്ഞാല്‍ ഉപഭോക്താവ് കേള്‍ക്കണമെന്നാണോ? കെ.എസ്.ഇ.ബി. ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഒരുപിടിയുമില്ല. പക്ഷെ കാശടക്കാതിരിക്കാന്‍ പറ്റുമോ?’ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഹരിഹരന്റെ സംശയം.

ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും വൈദ്യുതി ഉപഭോക്താക്കള്‍ എല്ലാവര്‍ഷവും അടയ്‌ക്കേണ്ട അഡീഷണല്‍ കാഷ് ഡെപ്പോസിറ്റാണ് ഇതുവഴി ഈടാക്കുന്നതെന്നുമാണ് പരാതിയുമായി എത്തുന്നവരോട് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്ന മറുപടി. ഒരു വര്‍ഷത്തെ ശരാശരി ബില്‍ തുകയുടെ മൂന്നിലൊന്നാണ് ഉപഭോക്താവ് ഡിപ്പോസിറ്റായി നല്‍കേണ്ടത്. ഒരു വര്‍ഷത്തെ ശരാശരി വൈദ്യുതി ഉപഭോഗം കൂടുന്നതിനനുസരിച്ച് ഡിപ്പോസിറ്റ് തുകയും വര്‍ധിക്കും. വൈദ്യതി നിരക്കില്‍ വര്‍ധനവ് വന്നതോടെ സംസ്ഥാനത്തെ 90 ശതമാനം പേരും എ.സി.ഡി. അടയ്‌ക്കേണ്ടിവരുമെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായ കൃഷ്ണകുമാര്‍ പറയുന്നത്.

എന്നാല്‍ വൈദ്യൂതി റെഗുലേറ്ററി കമ്മീഷന്റെ് നിര്‍ദ്ദേശങ്ങള്‍ അപ്പാടെ അട്ടിമറിച്ചാണ് വൈദ്യൂതി ബോര്‍ഡ് എ.സി.ഡി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന അഡീഷണല്‍ കാഷ് ഡെപ്പോസിറ്റിന്റെ പേരില്‍ ഉപയോക്താക്കളെ ചൂഷണംചെയ്യുന്നത്. ഉപയോക്താക്കള്‍ക്ക് മനസിലാകുന്ന രീതിയില്‍ മലയാളത്തില്‍ എഴുതിയ നോട്ടീസ് ഒരുമാസം മുമ്പ് നല്‍കിവേണം എ.സി.ഡി പിരിക്കാന്‍ എന്നാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. ഏപ്രില്‍, മെയ് മാസങ്ങളിലാകണം നോട്ടീസ് നല്‍കേണ്ടത്. നിലവില്‍ ബോര്‍ഡില്‍ അടച്ചിട്ടുള്ള ഡെപ്പോസിറ്റും കഴിഞ്ഞ ഒരുവര്‍ഷത്തെ ഉപയോഗത്തെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ഡിപ്പോസിറ്റ് തുകയും എ.സി.ഡി.യായി നല്‍കേണ്ട തുകയും നോട്ടീസില്‍ വ്യക്തമാക്കിയിരിക്കണം.

നോട്ടീസ് നല്‍കിയതിന് ശേഷം എ.സി.ഡി അടയ്ക്കാന്‍ കുറഞ്ഞത് 15 ദിവസമെങ്കിലും സമയം ഉപഭോക്താവിന് നല്‍കണം. ഡെപ്പോസിറ്റ് തുക ഒന്നിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഉപയോക്താവിന് തവണ വ്യവസ്ഥയില്‍ പണമടയ്ക്കാന്‍ സൗകര്യം ഒരുക്കണം. എസിഡി അടയ്ക്കാന്‍ വൈകിയാല്‍ പിഴ ഈടാക്കാനോ അതിന്റെ് പേരില്‍ വൈദ്യുതിബന്ധം വിഛേദിക്കാനോ പാടില്ല എന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. വൈദ്യുതി ബില്ല് വിതരണം ചെയ്യുന്ന മാസം ഗാര്‍ഹിക ഉപയോക്താക്കളില്‍ നിന്ന് ഒരു കാരണവശാലും എ.സി.ഡി പിരിക്കാന്‍ പാടില്ല എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊന്നും കണക്കിലെടുക്കാതെയാണ് ബോര്‍ഡിന്റെ നടപടി.

വൈദ്യുതി ചാര്‍ജിനൊപ്പം എസിഡിയായി അടയ്ക്കേണ്ട തുകകൂടി ചേര്‍ത്താണ് ബില്‍ നല്‍കുന്നത്. പണം അടയ്ക്കാന്‍ വൈകിയാല്‍ മുഴുവന്‍ തുകയ്ക്കും പിഴ ഈടാക്കുന്നുണ്ട്. പണം അടയ്ക്കാന്‍ നല്‍കുന്ന സാവകാശം 10 ദിവസം മാത്രം. വൈദ്യുതി ചാര്‍ജ് ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ എസിഡിയും സ്വാഭാവികമായി ഏറുമെന്നിരിക്കെ 90 ശതമാനം ഉപയോക്താക്കളെയും ബോര്‍ഡിന്റെ് സമീപനം ദോഷകരമായി ബാധിക്കുന്നു. എ.സി.ഡിയുടെ പേരില്‍ ഉപയോക്താക്കളില്‍നിന്നും ബോര്‍ഡ് ലക്ഷ്യം വെക്കുന്നത് 300 കോടിയിലധികം രൂപയാണ്.

‘സ്‌കൂള്‍ തുറപ്പിന് പുറകെയാണ് കൂട്ടിയ വൈദ്യുതി ചാര്‍ജും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ഇന്നത്തെ ചെലവുകള്‍ താങ്ങാന്‍ പറ്റുന്നതല്ല. അപ്പോള്‍ സാധാരണക്കാരുടെ കാര്യം പറയേണ്ടതുണ്ടോ. എങ്ങനെ ഓരോ മാസവും രണ്ടറ്റം കൂട്ടിമുട്ടിക്കുമെന്ന് ബദ്ധപ്പെട്ടിരിക്കുമ്പോഴാണ് സാധാരണ ജനത്തെ വെട്ടിലാക്കുന്ന ഈ പരിപാടികളെല്ലാം. വൈദ്യുതി ബില്ലൊടുക്കണ്ടാത്ത മാസമാണെങ്കില്‍ ഈ തുക എങ്ങനേയും അടയ്ക്കാം. ഇങ്ങനെയൊക്കെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നത് വലിയ കഷ്ടമാണ്.‘ മട്ടാഞ്ചേരി സ്വദേശിയായ ഷൈന്‍ പ്രതികരിച്ചു.

റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അറിയാഞ്ഞിട്ടല്ല ഇതൊക്കെ ചെയ്യുന്നത്. ബില്ല് കൊടുക്കുന്നതിന്റെ കൂട്ടത്തിലാവുമ്പോള്‍ അതിനൊപ്പം ഇതും നടക്കുമല്ലോ. രണ്ടാമത് നോട്ടീസ് നല്‍കാനായി പോവുന്നതൊക്കെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കണക്കില്‍ അധികജോലിയാണ്. പല ഉപയോക്താക്കളും ഇതൊന്നും അന്വേഷിക്കാറുപോലുമില്ല എന്നതാണ് സത്യം. വൈദ്യുതി ബില്‍ കൂടിയിട്ടുണ്ടെന്നല്ലാതെ ബില്ലില്‍ എഴുതിയിരിക്കുന്നതെന്തെന്ന് പോലും പലരും ശ്രദ്ധിക്കാറില്ല. ഉപയോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളിലൂടെയേ ഇത്തരം നടപടികളില്‍ ഒരു മാറ്റം വരൂ’ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥനായ കൃഷ്ണകുമാര്‍ പറയുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍