UPDATES

ട്രെന്‍ഡിങ്ങ്

ഇതില്‍ കൂടുതല്‍ എന്ത് ബമ്പറടിക്കാനാണ്? കെഎസ്ആര്‍ടിസിയില്‍ നിയമന ഉത്തരവ് വാങ്ങാനെത്തിയവര്‍ക്ക് പറയാനുള്ളത്

2011 മുതല്‍ പരീക്ഷ എഴുതി ജോലിക്കായി കാത്തുനിന്നവര്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി വിധിയിലൂടെ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്

കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ ഒഴിവുകളിലേക്ക് പി.എസ്.സി ലിസ്റ്റിലുള്ളവര്‍ക്ക് നിയമനം നല്‍കിത്തുടങ്ങി. 4051 ജീവനക്കാരെ പുതിയതായി നിയമിക്കുന്നതിന്റെ തിരക്കുകളായിരുന്നു ഇന്ന് തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍. പല ബാച്ചുകളായി തിരിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ഉത്തരവ് നല്‍കിയത്. അപ്രതീക്ഷിതമായി സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷമായിരുന്നു ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന് മുന്നില്‍ തങ്ങളുടെ അവസരം കാത്തുനിന്നവരില്‍.

2011 മുതല്‍ പരീക്ഷ എഴുതി ജോലിക്കായി കാത്തുനിന്നവര്‍ക്കാണ് ഇപ്പോള്‍ ഹൈക്കോടതി വിധിയിലൂടെ ജോലി എന്ന സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടത്. ഇതില്‍ കൂടുതല്‍ എന്ത് ബംപറടിക്കാനാണ്? നിയമനം ഉത്തരവ് വാങ്ങിക്കാന്‍ നില്‍ക്കുന്നവരുടെ ഇടയിലേക്കെത്തിയ ലോട്ടറി വില്‍പനക്കാരനോട് കോട്ടയത്ത് നിന്നെത്തിയ റെജി ചോദിക്കുന്നു. ‘എഴുത്തുപരീക്ഷയും ഇന്‍ര്‍വ്യൂവുമെല്ലാം കഴിഞ്ഞിട്ട് കാലം കൊറച്ചായി. ഇപ്പോഴാണ് നിയമനം കിട്ടുന്നത്. താമസിച്ചെങ്കിലും കുഴപ്പമില്ല. ഒരു സര്‍ക്കാര്‍ ജോലി കിട്ടിയല്ലോ’ റെജിയും കൂട്ടുകാരും ജോലി കിട്ടിയ സന്തോഷത്തിലാണ്.’

തങ്ങളുടെ ഊഴം കാത്തുനില്‍ക്കുന്നവര്‍ അവിടെയും ഇവിടെയും കൂട്ടമായി നിന്ന് സംശയങ്ങളും ആകുലതകളും പരസ്പരം പറയുകയായിരുന്നു. അതിനിടയില്‍ നിയമന ഉത്തരവ് കൈയില്‍ കിട്ടി പുറത്തേക്കെത്തുന്നവരോട് ആകാംഷയോടെ ബാക്കിയുള്ളവര്‍ കാര്യങ്ങള്‍ തിരക്കുന്നുമുണ്ട്. കരുനാഗപ്പള്ളിയില്‍ നിന്നുള്ള നിവ്യ വലിയ സന്തോഷത്തിലല്ല പുറത്തേക്കിറങ്ങി വന്നത്. ‘എനിക്ക് മാനന്തവാടിയിലാണ് കിട്ടിയിരിക്കുന്നത്. എന്റെ വീട് കൊല്ലം കരുനാഗപ്പള്ളിയിലാണ്. 22ാം തീയതി തന്നെ ജോലിയില്‍ കയറണം.’ നിയമന ഉത്തരവ് വാങ്ങി പുറത്തെത്തിയവരുടെ എല്ലാം സ്ഥിതി സമാനമായിരുന്നു. തെക്കുള്ളവര്‍ക്ക് വടക്കും വടക്കുള്ളവര്‍ക്ക് തെക്കുമാണ് നിയമിച്ചിരുന്നത്. ഇതറിഞ്ഞതും പുറത്ത് ഊഴം കാത്ത് നിന്നവര്‍ക്കും ആശങ്കയായി.

കെഎസ്ആര്‍ടിസിയില്‍ എന്താണ് ടോമിന്‍ തച്ചങ്കരിയുടെ രഹസ്യ ദൗത്യം?

കോട്ടയം സ്വദേശിനി ജിസ്‌നി മൂന്നര വയസുള്ള തന്റെ മകളെയും കൊണ്ടാണ് വന്നത്. 3314ാം നമ്പറായി കാത്ത് നിന്ന ജിസ്‌നിക്ക് ജോലി കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും എവിടെ നിയമിക്കുമെന്നതിന്റെ ടെന്‍ഷനായിരുന്നു. മൂന്ന് കുട്ടികളുള്ള ഇവര്‍ 2012ലാണ് പരീക്ഷ എഴുതിയത്. ‘ദൂരെയാണ് കിട്ടുന്നതെങ്കില്‍ കുഞ്ഞുങ്ങളുടെ കാര്യം കഷ്ടത്തിലാകും. ഇപ്പോള്‍ 38 വയസായി. അതുകൊണ്ട് ജോലി വളരെ പ്രാധാന്യമാണ്. ഒപ്പം കുട്ടികളും. എന്തായാലും ജോലിക്ക് പോകും.’ ജിസ്‌നി പറയുന്നു.

‘കുറച്ച് പേരെ പിരിച്ചു വിട്ടതില്‍ സങ്കടമുണ്ട്. അവരും വ്യക്തികളല്ലേ.. അവര്‍ക്ക് ജോലി പോകരുതായിരുന്നു. പക്ഷേ ഞങ്ങള്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടല്ലേ ജോലി കിട്ടിയത്. പി.എസ്.സി എഴുതിക്കിട്ടാന്‍ വലിയ പാടാണ്. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസമൊക്കെ കേട്ടാണ് ഇത്രയും നാള് ജോലിയൊന്നുമില്ലാതെ നിന്നത്. ട്യൂഷന്‍ സെന്ററുകളില്‍ പഠിപ്പിക്കാനും, പി.എസ്.സി കോച്ചിങുമൊക്കെയായിരുന്നു ഇതുവരെയുള്ള എന്റെ വരുമാന മാര്‍ഗം. അതുകൊണ്ട് എവിടെയാണേലും കുഴപ്പമില്ല. ജോലി കിട്ടിയാല്‍ മതിയെന്ന അവസ്ഥയായിരുന്നു. ഇപ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.’ കരുനാഗപ്പള്ളി സ്വദേശി അശ്വിന്‍ പറഞ്ഞു.

എംപാനലുകാര്‍ക്ക് ജോലി നഷ്ടപ്പെട്ടതിനെക്കുറിച്ചൊന്നും ആരും സംസാരിക്കാന്‍ തയാറല്ല. എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ കിട്ടിയ ജോലി പോകുമോ എന്ന് അവര്‍ ഭയക്കുന്നുണ്ട്. ‘ഗ്രേഡ് 2വിന്റെ ശമ്പളം ലഭിച്ചാലും റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലാണ് നിയമനം. അതുകൊണ്ട് പ്രൊബേഷനറി പിരീഡില്‍ ടെര്‍മിനേഷന്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് ആലോചിക്കുമ്പോള്‍ ടെന്‍ഷനുണ്ട്. കുറച്ച് നാള്‍ പരിശീലനം കിട്ടുമ്പോള്‍ ശരിയാകുമായിരിക്കും.’ ആറ്റിങ്ങലില്‍ നിന്നുള്ള സന്ധ്യ സ്വയം സമാധാനിച്ചു.

നിയമന ഉത്തരവ് വാങ്ങി പുറത്തെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ യൂണിയനുകളില്‍ ചേര്‍ക്കാനുള്ള ശ്രമങ്ങളും വിവിധ തൊഴിലാളി യൂണിയനുകള്‍ നടത്തുന്നുണ്ടായിരുന്നു. കൂടാതെ പുതിയ കണ്ടക്ടര്‍മാര്‍ക്ക് ബാഗും ഐഡി കാര്‍ഡിന്റെ ടാഗും വില്‍ക്കാന്‍ വില്‍പ്പനക്കാര്‍ മല്‍സരിക്കുന്നുണ്ടായിരുന്നു. പുതിയ ജോലിയുടെ ആശങ്കകളോടൊപ്പം പ്രതീക്ഷകളും കൊണ്ടാണ് നിയമന ഉത്തരവ് ലഭിച്ചവര്‍ മടങ്ങിയത്.

‘നാലായിരം കുടുംബങ്ങളാണ് പട്ടിണിയാകാന്‍ പോകുന്നത്’; കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ കണ്ടത് വികാരനിര്‍ഭര രംഗങ്ങള്‍

2007 മുതല്‍ ‘നസീര്‍ പി കെ കെഎസ്ആര്‍ടിസി’ എന്നാണ് ഈ മനുഷ്യന്റെ പേര്; ഇനി..?

Explainer: എം-പാനൽ ജീവനക്കാരുടെ വിഷയം; ഹൈക്കോടതി ചൂരലെടുത്തത് എന്തുകൊണ്ട്? കെഎസ്ആർടിസി പ്രതിസന്ധി രൂക്ഷമാകുമോ?

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍