UPDATES

കാണുക ഈ പെണ്‍കരുത്ത്: ഏഴ് കോടി രൂപയല്ല, ഇത് എഴുന്നൂറ് കോടി; ശുചീകരണത്തില്‍ പങ്കെടുത്തത് 2 ലക്ഷം കുടുംബശ്രീ അംഗങ്ങള്‍

‘കേരളാ സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയാണ് കുടുംബശ്രീ. സമൂഹത്തില്‍ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഇവര്‍ ചെയ്യുന്ന സേവനങ്ങള്‍ ദേശീയതലത്തില്‍ തന്നെ മാതൃകയാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഏഴ് കോടി രൂപയല്ല ഇത് എഴുന്നൂറ് കോടിയാണ്. ആഴ്ചതോറുമുള്ള ലഘു സമ്പാദ്യങ്ങളാണ് ഇത്ര വലിയ തുകയായി മാറിയത്.’ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഹരികിഷോര്‍ ഐഎഎസ് പറഞ്ഞു.

ഓരോ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളും തങ്ങളുടെ ഒരാഴ്ചത്തെ ലഘുസമ്പാദ്യ (ത്രിഫ്റ്റ്) തുകയെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കണമെന്ന എക്സിക്യൂട്ടീവ് ഡയറക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം സമാഹരിച്ച തുകയാണിത്. ഓരോ അയല്‍ക്കൂട്ടവും പ്രാദേശികമായി സംഭാവനയായി സ്വീകരിച്ച തുകയും ഓണാഘോഷ പരിപാടികള്‍ക്കും മറ്റുമായി ചേര്‍ത്തുവച്ച തുകയും ഇതിലുള്‍പ്പെടും. കുടുംബശ്രീയുടെ റിസോഴ്സ് പേഴ്സണ്‍മാരും പരിശീലന സംഘങ്ങളും കാസ് (കുടുംബശ്രീ അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റ് സര്‍വീസ് സൊസൈറ്റി) അംഗങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളാലാവും വിധം തുകകള്‍ സംഭാവനയായി നല്‍കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്ദീന്‍ ഏഴ് കോടി രൂപയുടെ ചെക്ക് കൈമാറി. ഹരിതകേരളം മിഷന്‍ ഉപാദ്ധ്യക്ഷയും കുടുംബശ്രീ ഭരണനിര്‍വ്വഹണ സമിതി അംഗവുമായ ടി.എന്‍. സീമ, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി എസ്. സന്തോഷ് കുമാര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുടുംബശ്രീ സ്ത്രീകള്‍ അതിജീവനത്തിന്റെ വലിയ മാതൃകകളാണ് കാണിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. സഹായങ്ങള്‍ എത്തിക്കാനും ശുചീകരിക്കാനും മാനസിക പിന്തുണ നല്‍കാനുമൊക്കെ പല തലത്തിലായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാനമേഖലകളിലേക്ക് വരെ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കാന്‍ കുടുംബശ്രീ, അയല്‍ക്കൂട്ടം തുടങ്ങിയ വനിതാ കൂട്ടായ്മകള്‍ക്ക് കഴിഞ്ഞിരുന്നു. ഇതിനിടയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച കുടുംബശ്രീ പ്രവര്‍ത്തകരായ സ്ത്രീകളുമുണ്ട്. ഓരോ ജില്ലയിലെയും കളക്ടര്‍മാര്‍ ആവശ്യപ്പെടുന്ന സേവനങ്ങള്‍ വളരെ ഫലപ്രദമായി ചെയ്ത് കൊടുക്കാന്‍ കൂട്ടായ്മയ്ക്ക് കഴിഞ്ഞുവെന്നതും ഒരു വിജയമാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ കൂടാതെ ഉദ്യോഗസ്ഥരും 40 പ്രോഗ്രാം സ്റ്റാഫുകളും പല ജില്ലകളിലായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

അഭയാര്‍ത്ഥികളെ അതിഥികളാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍

അഭയാര്‍ത്ഥികളെ അതിഥികളാക്കിയ കുടുംബശ്രീ പ്രവര്‍ത്തകയാണ് ആലപ്പുഴയിലെ ഹരിപ്പാട് ബ്ലോക്കിന്റെ ചുമതലയുള്ള കമ്മ്യൂണിറ്റി കൗണ്‍സിലറായ പ്രമീള. സ്വന്തം വീട് മുഴുവനായും അഭയാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ് ഇവര്‍. അഞ്ച് കുടുംബങ്ങളില്‍ നിന്നുള്ള 17 ഓളം പേര്‍ക്കാണ് ഇവര്‍ സ്വന്തം വീട്ടില്‍ അഭയം നല്‍കിയത്. ഈ കുടുംബങ്ങള്‍ക്ക് വേണ്ടി മക്കളേയും അമ്മയേയും അടൂരിലുള്ള തന്റെ കുടുംബ വീട്ടിലേക്ക് താല്‍കാലികമായി താമസം മാറ്റുകയും ചെയ്തു ഇവര്‍. കൂടാതെ അവര്‍ക്കെല്ലാമുള്ള ഭക്ഷണമൊരുക്കി തന്റെ വിരുന്നുകാരെ വീട് ഏല്‍പ്പിച്ച് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഇറങ്ങുകയും ചെയ്തു.

വീയ്യപുരം, ചെറുതന പഞ്ചായത്തില്‍ നിന്നുള്ളവരാണ് പ്രമീളയുടെ വീട്ടില്‍ അഭയം തേടിയത്. അഭയാര്‍ത്ഥികളായെത്തിയവരെ അതിഥികളാക്കി സംരക്ഷിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് പ്രമീള. ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ളവര്‍ക്ക് മതിയായ കൗണ്‍സലിംഗ് നല്‍കാനും പ്രമീളയും കൂട്ടരും ഉണ്ടായിരുന്നു. ജയശ്രീ, ശ്രീലത, സനില, മുംതാസ്, നിസ, പുഷ്പലത, രജനി, ഷൈനി, ജോളി, ശ്രീരഞ്ജിനി, ശ്രീലത, പ്രമീള തുടങ്ങിയവരാണ് പ്രളയ ബാധിത മേഖലയില്‍ ജീവിക്കുന്നവര്‍ക്ക് സ്വാന്തനമേകാന്‍ മുന്നിട്ടിറങ്ങിയിരുന്നത്. ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി ആളുകള്‍ക്ക് മതിയായ മാനസിക പിന്തുണ ഉറപ്പാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പ്രളയജലമിറങ്ങിയതോടെ വീടുകളിലേക്ക് മാറിയവര്‍ ഇതു വരെയുള്ള സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ വിഷാദ രോഗത്തിനടിമപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് ജില്ലാ കമ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നു. 8000ത്തോളം പേര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി. പ്രളയം ഏറെ ദുരന്തം വിതച്ച പാണ്ടനാട് ഭാഗത്തെ ജനങ്ങളെയും ഇവര്‍ നേരില്‍ കണ്ട് സംസാരിച്ച് മതിയായ മാനസിക പിന്തുണ ഉറപ്പാക്കിയിരുന്നു. പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ വിങ്ങലോടെ ഇവരോട് മനസ്സ് തുറന്നത്.

ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓണമൊരുക്കി കുടുംബശ്രീ

കഞ്ഞിക്കുഴി ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടുംബശ്രീ ഒരുക്കിയത് ഓണനിറവാണ്. കുടുംബശ്രീ സിഡിഎസ് കഞ്ഞിക്കുഴിയിലെ 18 വാര്‍ഡുകളിലേയും എഡിഎസിന്റെ നേതൃത്വത്തില്‍ ചേര്‍ത്തല എസ് എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം ഹൃദ്യമായ ഒന്നായിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റാണ് ഇങ്ങനെ ഒരാശയം മുന്നോട്ടു വച്ചത്. എല്ലാ വാര്‍ഡുകളില്‍ നിന്നും ഓരോ വിഭവങ്ങള്‍ വീതം കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തിച്ചു. 2500 പേര്‍ക്കുള്ള ഗംഭീര ഓണസദ്യയാണ് കുടുംബശ്രീ സ്ത്രീകള്‍ ഒരുക്കിയത്.

ശുചീകരണപ്രവര്‍ത്തനങ്ങളിലെ പെണ്‍കരുത്ത്

പ്രളയാനന്തരം എല്ലാവരും നേരിട്ട പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരുന്നു ശുചീകരണം. അത്രയധികം കായിക ശക്തി വേണ്ട പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ ദിവസത്തോടെ 10 ജില്ലകളിലായി 1,13,658 വീടുകളാണ് ഇവര്‍ വൃത്തിയാക്കി വാസയോഗ്യമാക്കിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2,06,143 കുടുംബശ്രീ പ്രവര്‍ത്തകരാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ ആഗസ്റ്റ് 28 മുതല്‍ 30 വരെ നടക്കുന്ന കുട്ടനാട് ശുചീകരണ പ്രവര്‍ത്തനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. ആലപ്പുഴ ജില്ലയുടെ തീരദേശ മേഖലയില്‍ നിന്നുള്‍പ്പടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധിയാളുകളാണ് കുട്ടനാട് ശുചീകരിക്കാനായെത്തിയത്.

ചെങ്ങന്നൂരിലെ ദുരിതബാധിത പ്രദേശങ്ങള്‍ വൃത്തിയാക്കാന്‍ കൊല്ലം ജില്ലയില്‍ നിന്നും 1400 കുടുംബശ്രീ പ്രവര്‍ത്തകരാണ് എത്തിയത്. 5 പഞ്ചായത്ത് പ്രസിഡന്റുമാര്‍, 30 സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, അയല്‍ക്കൂട്ട പ്രവര്‍ത്തകര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ 34 ബസ്സുകളിലായാണ് കൊല്ലത്തു നിന്നും ചെങ്ങന്നൂരിലെത്തിയത്. ചെങ്ങന്നൂര്‍ നഗരസഭ, വെണ്‍മണി പഞ്ചായത്ത്, ബുധനൂര്‍ പഞ്ചായത്ത്, ആല പഞ്ചായത്ത്, പുല്ലൂര്‍ പഞ്ചായത്ത്, ചെറിയനാട് പഞ്ചായത്ത്, തിരുവന്‍ മണ്ടൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രളയ ബാധിതമായ വീടുകളാണ് ഇവര്‍ വൃത്തിയാക്കിയത്. ബൂട്ട്‌സ്, ഗ്ലൗസ്, മാസ്‌ക്, കുടിവെളളം, ലഘു ഭക്ഷണമടക്കം നല്‍കിയാണ് കൊല്ലത്ത് നിന്നുള്ള കുടുംബശ്രീ പ്രവര്‍ത്തകരെ രംഗത്തിറക്കിയിരിക്കുന്നത്.

അഞ്ചരലക്ഷം കുടുംബങ്ങളെ ബാധിച്ച പ്രളയത്തില്‍ 3,60,000 പേരും കുടുംബശ്രീ അംഗങ്ങളാണ്. സമ്പാദ്യങ്ങള്‍ സമാഹരിച്ചും വീട്ടകങ്ങള്‍ പുതിയ അതിഥികള്‍ക്ക് തുറന്നിട്ടും ദുരിതബാധിതരോട് സംസാരിച്ച് മാനസിക പിന്തുണ നല്‍കിയുമെല്ലാം ഇവര്‍ പെണ്‍കരുത്ത് തെളിയിക്കുകയാണ്. പ്രളയത്തില്‍ തങ്ങള്‍ ബാധിക്കപ്പെട്ട് നില്‍ക്കുമ്പോഴും ഒത്തൊരുമ കൊണ്ട് നാനാതുറകളില്‍ സേവനങ്ങളും സഹായങ്ങളും എത്തിക്കാന്‍ കുടുംബശ്രീക്ക് കഴിയുന്നു എന്നതാണ് ഈ പെണ്‍കൂട്ടായ്മയുടെ വിജയം.

കല്യാശ്ശേരിയില്‍ നിന്നും ആലുവയിലെത്തിയ 2000 ചൂലുകള്‍; പ്രളയക്കെടുതിയില്‍ കുടുംബശ്രീ താങ്ങാവുന്നത് ഇങ്ങനെയും കൂടിയാണ്

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍