UPDATES

പത്ത് വര്‍ഷത്തിനുള്ളില്‍ അപകടത്തില്‍ മരിച്ചത് 223 പേര്‍, പേടിസ്വപ്നമായി കുതിരാന്‍; അന്ത്യശാസനങ്ങള്‍ കാറ്റില്‍ പറത്തി ‘പാപ്പര്‍’ കമ്പനിയും ദേശീയ പാത അതോറിറ്റിയും

ബ്ലോക്കില്‍ കിടക്കുക 4 മണിക്കൂറില്‍ അധികം; 30 മാസം കൊണ്ട് 30 കിലോമീറ്റര്‍ റോഡ് എന്ന് പ്രഖ്യാപിച്ചിട്ട് പത്ത് വര്‍ഷമാവുമ്പോള്‍ കുതിരാനിലെ സാഹചര്യം ഇതാണ്

‘കുതിരാനില്‍ കുടുങ്ങുമോ?’ കൊച്ചിയില്‍ നിന്ന് മണ്ണുത്തി കടന്ന് തമിഴ്‌നാട്ടിലേക്ക് പോവുന്നവരുടെ മനസ്സിലെ ആദ്യ ചോദ്യം. ‘ഒരു മണിക്കൂറെങ്കിലും ഇഴയാതെ കുതിരാന്‍ കടക്കാറില്ല. ചിലപ്പോള്‍ നാല് മണിക്കൂര്‍ വരെയൊക്കെ ഒറ്റക്കിടപ്പ് കിടക്കും. കാണുമ്പോള്‍, ദാ എന്ന് പറയുന്ന പോലെ ആ കയറ്റം അങ്ങ് തീരും. പക്ഷെ അവിടന്നൊന്ന് രക്ഷപെടണ പാട് ഓര്‍ത്താല്‍..’ആഴ്ചയില്‍ ഒരിക്കല്‍ കുതിരാനിലൂടെ വീട്ടില്‍ വന്നു പോവുന്ന, കോയമ്പത്തൂരില്‍ കണ്ടെയ്‌നര്‍ കമ്പനി സൂപ്പര്‍വൈസറായ അനിലിന് ഈ ‘ഊരാക്കുരുക്കില്‍’ പെടാതെ യാത്രയില്ല. ‘ഒരു മാതിരി കുതിരാനില്‍ പെട്ടത് പോലെ’ എന്ന പഴഞ്ചൊല്ല് വരെ വന്നു മ്മടെ ഒരു വാട്‌സ്ആപ്പ് കൂട്ടത്തില്‍’ വടക്കഞ്ചേരി സ്വദേശി ജിറ്റ്‌സണ്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘പതിനാല് മണിക്കൂര്‍ വരെ ഗതാഗതം നിലച്ച അവസ്ഥയുണ്ട്. ഈ അടുത്ത സമയത്താണ്. കുതിരാനില്‍ അനങ്ങില്ല എന്ന് മാത്രമല്ല, ഒറ്റ കുണ്ട് പോലും ഒഴിവാക്കാനും ആവില്ല. കുണ്ടില് വീണ് വീണ് വണ്ടിയും തേഞ്ഞു, നടവും വളഞ്ഞു. വീട്ടീന്ന് ദാ അടുത്ത് വരെ ഒന്ന് പോയിട്ട് വരാന്ന് വച്ചാ അനങ്ങാന്‍ പറ്റില്ലാന്ന്.’ 30 മാസം കൊണ്ട് 30 കിലോമീറ്റര്‍ റോഡ് എന്ന് പ്രഖ്യാപിച്ചിട്ട് പത്ത് വര്‍ഷമാവുമ്പോള്‍ കുതിരാനിലെ സാഹചര്യം ഇതാണ്.

സേലം- കൊച്ചി എന്‍എച്ച് 544. തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം ഈ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത. കേരളത്തിലേക്കും കേരളത്തില്‍ നിന്നുമുള്ള ചരക്ക് ഗതാഗതം 90 ശതമാനവും നടക്കുന്നത് ഇതുവഴി. ദിവസേന കടന്ന് പോവുന്നത് ആയിരത്തിലധികം ചരക്കുലോറികള്‍. ഒരു ദിവസം മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറയില്‍ പതിയുന്നത് പതിനായിരക്കണക്കിന് സ്വകാര്യവാഹനങ്ങള്‍. 190 കെഎസ്ആര്‍ടിസി സര്‍വീസുകള്‍. കുതിരാനിലെ കുരുക്ക് എത്രമാത്രം ബാധിക്കും എന്നതിന് തെളിവാണ് ഈ കണക്കുകള്‍. ഈ പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ പേടിസ്വപ്‌നമാണ് കുതിരാന്‍ വളവും അതിലൂടെയുള്ള മലകയറ്റവും. പത്ത് വര്‍ഷത്തിനുള്ളില്‍ കുതിരാനില്‍ മാത്രം അപകടത്തില്‍ പെട്ട് മരിച്ചത് 223 പേര്‍. അടുത്ത കാലത്ത്, വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മരിച്ചത് 51 പേര്‍. കുതിരാന്‍ കുരുക്ക് മാത്രമല്ല, ‘ആക്‌സിഡന്റ് സ്‌പോട്ടും’ ആണെന്ന് തെളിയിക്കുന്നു അപകട കണക്കുകള്‍.

ഇരട്ട തുരങ്കവും ആറ് വരി പാതയും

സേലം-കൊച്ചി ദേശീയപാത വികസനം തീരുമാനമായത് 2004ല്‍ ആയിരുന്നു. ദേശീയ പാത അതോറിറ്റിക്ക് നേരിട്ടായിരുന്നു നിര്‍മ്മാണ ചുമതല. ദേശീയപാതയിലെ ഭാഗങ്ങള്‍ പല കമ്പനികള്‍ക്കായി നിര്‍മ്മാണത്തിന് കരാര്‍ നല്‍കി. ഇതില്‍ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള 29 കിലോ മീറ്റര്‍ നീളത്തില്‍ ആറ് വരി പാതയും ഇതിനിടയില്‍ വരുന്ന കുതിരാനില്‍ രണ്ട് തുരങ്കപാതകളും നിര്‍മ്മിക്കുന്നതിന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെഎംസി കമ്പനിക്കാണ് കരാര്‍ നല്‍കിയത്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം 920 മീറ്ററാണ് ഓരോ തുരങ്കത്തിന്റെയും നീളം. തുരങ്കമുഖം ഉള്‍പ്പെടെ ഒരു കിലോമീറ്റര്‍. 2005 ല്‍ സര്‍വേ തുടങ്ങി. 2006 മുതല്‍ 2008 വരെ ബിഒടി പാതകള്‍ കേരളത്തില്‍ വേണ്ടെന്ന വി എസ് സര്‍ക്കാരിന്റെ തീരുമാനത്തെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തുടര്‍ നടപടിയുമുണ്ടായില്ല. എന്നാല്‍ പിന്നീട് ബിഒടി പാതകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞു. സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുനരാരംഭിച്ചു. 2009 ല്‍ ന്യായവിലയില്ലാതെ സ്ഥലമേറ്റെടുക്കുന്നതിനെതിരെ ജനങ്ങള്‍ പ്രക്ഷോഭം തുടങ്ങി. ഇതോടെ സ്ഥലമേറ്റെടുപ്പ് ഭാഗികമായി തടസ്സപ്പെട്ടു. ഒടുവില്‍ 2013 മെയ് 30 ന് ദേശീയപാതയുടെ മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള ഭാഗം ആറ് വരിയായി വികസിപ്പിക്കുന്നതിനാവശ്യമായ മുഴുവന് സ്ഥലവും ഏറ്റെടുത്ത് നല്‍കി. വടക്കഞ്ചേരി-മണ്ണുത്തി റോഡ് 2012 ജൂണ്‍ 30ന് തുറന്നുകൊടുക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ സ്ഥലമെടുപ്പ് വൈകിയതിനാല്‍ സമയം നീട്ടി നല്‍കി. 2015 മാര്‍ച്ച് 17ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് വീണ്ടും കരാറുണ്ടായി. എന്നാല്‍ തുരങ്ക നിര്‍മ്മാണം ആരംഭിച്ചത് 2014ല്‍ ആയിരുന്നു. ഇതോടെ ഈ തീയതിയും കടന്നു. 2019 ജനുവരിയില്‍ തുരങ്കം തുറക്കുമെന്ന് നിര്‍മ്മാണ കമ്പനിയായ കെഎംസി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. വാക്ക് തെറ്റിച്ചാല്‍ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ജി സുധാകരന്‍ മുന്നറിയിപ്പും നല്‍കി. എന്നാല്‍ ആ വാക്കും പാലിക്കപ്പെട്ടില്ല. 2019 ഡിസംബര്‍ 31ന് അകം നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് കമ്പനി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഈ സമയം തീരാന്‍ ഇനിയുള്ളത് മൂന്നരമാസം.

നിലവില്‍

ഒരു വര്‍ഷത്തിന് മുമ്പ് നിര്‍മ്മാണ കമ്പനി നിര്‍മ്മാണം നിര്‍ത്തി. തുരങ്കമുഖം ഉള്‍പ്പെടെ തുരങ്കങ്ങളുടെ ദൂരം ഒരു കിലോമീറ്ററാണ്. 14 മീറ്റര്‍ വീതിയിലാണ് ഇരട്ട തുരങ്കത്തിന്റെ നിര്‍മ്മാണം. ഉയരം പത്തു മീറ്റര്‍. തുരങ്കങ്ങള്‍ തമ്മില്‍ 20 മീറ്റര്‍ അകലമുണ്ട്. ഇതില്‍ ഒരു തുരങ്കം 2017 ഫെബ്രുവരിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നിരുന്നു. എന്നാല്‍ സുരക്ഷാ സംവിധാനങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ശേഷം ഇത് തുറന്നാല്‍ മതിയെന്ന തീരുമാനമുണ്ടായി. പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേക്കുള്ള ഇടത് തുരങ്കം 90 ശതമാനവും തൃശൂര്‍ നിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വലത് തുരങ്കം 40 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലയില്‍ നില്‍ക്കുന്നു. തുരങ്കത്തില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അഗ്നി സുരക്ഷാ വകുപ്പ് നല്‍കിയിരുന്നു. വൈദ്യുതി ലഭിക്കാത്തതിനാല്‍ തുരങ്കത്തിനകത്ത് വെളിച്ചമില്ല. വായുക്രമീകരണത്തിനുള്ള ബ്ലോവര്‍ സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടില്ല. തീയണക്കുന്നതിന് വെള്ളത്തിനായി കുഴല്‍ കിണറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. മഴക്കാലത്ത് തുരങ്കത്തില്‍ വരുന്ന വെള്ളം ഒഴുക്കിക്കളയാനുള്ള സംവിധാനങ്ങളും സജ്ജീകരിക്കേണ്ടതുണ്ട്. തുരങ്കമുഖം ഏത് സമയവും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. കഴിഞ്ഞ പ്രളയകാലത്ത് കുതിരാന്‍ തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞ് കാര്‍യാത്രികര്‍ മരണപ്പെട്ടിരുന്നു. ഇത് നിയന്ത്രിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം. വലത് തുരങ്കത്തിന്റെ നിര്‍മ്മാണവും പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 450 മീറ്റര്‍ പിന്നിട്ടാല്‍ ഇരു തുരങ്കങ്ങളെയും ബന്ധിപ്പിച്ച് 14 മീറ്റര്‍ വീതിയില്‍ പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള നടപടികള്‍നപാതിവഴിയില്‍ നില്‍ക്കുകയാണ്. തുരങ്കമൊഴിച്ചുള്ള ആറ് വരി പാതയുടെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായി. എന്നാല്‍ ‘എലി കരണ്ടത് പോലെ ഇടക്ക് റോഡ് ഇല്ലാതാവും. പട്ടിക്കാട്, മുടിക്കോട്, മംഗലം, വഴുക്കുംപാറ, കൊമ്പഴ, വാണിയംപാറ ഈ സ്ഥലങ്ങളില്‍ പാതി വഴിയില്‍ റോഡ് നിര്‍മ്മാണം നിര്‍ത്തി പോയിരിക്കുകയാണ്. മറ്റ് സ്ഥലങ്ങളില്‍ നല്ല റോഡ് ആണ്. പക്ഷെ ഈ സ്ഥലങ്ങളില്‍ ഒന്നും ചെയ്തിട്ടില്ല.’ പ്രദേശവാസിയായ രാജേഷ് പറയുന്നു.

പാപ്പര്‍ കമ്പനി

തുരങ്ക നിര്‍മ്മാണത്തിന് പ്രഗതി എന്ന കമ്പനിക്ക് കെഎംസി ഉപകരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കെഎംസി പണം വന്‍ തോതില്‍ കുടിശിക വരുത്തിയെന്നാരോപിച്ച് പ്രഗതി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചു. 40 കോടി രൂപ കെഎംസി തങ്ങള്‍ക്ക് നല്‍കാനുണ്ടെന്നാണ് പ്രഗതി കമ്പനിയുടെ വാദം. എന്നാല്‍ ഇത് കെഎംസി കമ്പനി അധികൃതര്‍ തള്ളിക്കളയുന്നു. പ്രഗതിയെ പിന്നീട് ഉപകരാറില്‍ നിന്ന് ഒഴിവാക്കുകയും കെഎംസി നേരിട്ട് തുരങ്ക നിര്‍മ്മാണം ഏറ്റെടുക്കുകയും ചെയ്തു. പിന്നീടും തൊഴിലാളികള്‍ക്കും ലോറിയുടമകള്‍ക്കും നിര്‍മ്മാണ സാധനങ്ങള്‍ക്കും പണം നല്‍കാതായതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പല തവണ തടസ്സപ്പെട്ടു. നിര്‍മ്മാണം തുടങ്ങിയത് മുതല്‍ ഇരുപതിലധികം തവണ തുരങ്കനിര്‍മ്മാണം നിര്‍ത്തിവക്കേണ്ടി വന്നു. ഇപ്പോള്‍ ഒരു വര്‍ഷത്തിലധികമായി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎംസിയും നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കുകയാണ്. 678 കോടി രൂപയ്ക്കാണ് പദ്ധതി തുടങ്ങിയത്. ബാങ്ക് കണ്‍സോര്‍ഷ്യം ഇതിനായി വായ്പ നല്‍കി. ദേശീയ പാതാ അതോറിറ്റിയുടെ ഗ്യാരന്റിയിലായിരുന്നു ബാങ്ക് വായ്പ നല്‍കിയത്. എന്നാല്‍ ഈ തുക മുഴുവന്‍ ചെലവഴിച്ചിട്ടും കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായില്ല എന്ന് മാത്രമല്ല വായ്പ തിരിച്ചടവും നടന്നില്ല. ഇതോടെ ബാങ്ക് കൂടുതല്‍ പണം നല്‍കില്ല എന്ന ഉറച്ച തീരുമാനത്തിലെത്തി. ബാങ്കുകാരുമായുള്ള കരാര്‍ പ്രകാരം 2017 ജൂലൈ മുതല്‍ ടോള്‍ പിരിവ് ആരംഭിച്ച് വായ്പ തിരിച്ചടക്കാമെന്നായിരുന്നു. ടോള്‍ബൂത്തുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും നിശ്ചിത ശതമാനം നിര്‍മ്മാണം പൂര്‍ത്തിയാവാത്തതിനാല്‍ ടോള്‍ പിരിവ് തുടങ്ങാനായില്ല. 90ശതമാനം നിര്‍മ്മാണമെങ്കിലും പൂര്‍ത്തീകരിക്കാതെ ടോള്‍ പിരിവ് തുടങ്ങാനാവില്ല. ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ, ‘500 കോടി രൂപ ആദ്യഘട്ടത്തില്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് കമ്പനിക്ക് നല്‍കിയിട്ടുണ്ട്. തിരിച്ചടവ് ഉണ്ടായില്ല. നിര്‍മ്മാണവും പൂര്‍ത്തിയായില്ല. എന്ന് മാത്രമല്ല, തുക വക മാറ്റി ചെലവഴിച്ചതായി ബാങ്കിന് ബോധ്യപ്പെടുകയും ചെയ്തു. ഇതോടെ തുടര്‍ന്ന് പണം നല്‍കാന്‍ ബാങ്ക് തയ്യാറായില്ല. ബിഒടി വ്യവസ്ഥയിലുള്ള റോഡ് ആയതിനാല്‍ സര്‍ക്കാരിന് പണം നല്‍കി സഹായിക്കാന്‍ കഴിയില്ല. മറ്റിടങ്ങളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാല്‍ സ്വകാര്യ ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ എന്‍എച്ച്എയ്ക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ല. സര്‍ക്കാര്‍ തലത്തില്‍ മറ്റ് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് അറിവ്.’

എന്നാല്‍ ദേശീയ പാത അതോറിറ്റി കമ്പനിയ്ക്ക് ഒത്താശ ചെയ്യുകയാണെന്ന ആരോപണമാണ് പ്രദേശത്തെ ജനകീയ വേദി ഉന്നയിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സ്വതന്ത്ര ഏജന്‍സിയെ ദേശീയപാതാ അതോറിറ്റി നിശ്ചയിച്ചതായും ഏജന്‍സി നിര്‍മ്മാണ കമ്പനിക്ക് അുകൂലമായ റിപ്പോര്‍ട്ടുകളാണ് നല്‍കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്രയും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും പാപ്പര്‍ കമ്പനിയാണെന്നും ബോധ്യമുണ്ടായിട്ടും കേരളത്തിലെ മറ്റ് റോഡുകളുടെ നിര്‍മ്മാണവും കെഎംസിയെ തന്നെ ഏല്‍പ്പിക്കുന്നതിനെയും അവര്‍ ചോദ്യം ചെയ്യുന്നു. ദേശീയപാതാ അതോറിറ്റിയുടെ കേരളത്തിലെ ആദ്യത്തെ ആറുവരി ബൈപ്പാസ് പ്രോജക്ട് ആയ കോഴിക്കോട് ബൈപ്പാസ് നിര്‍മ്മാണം കെഎംസിഎയാണ് ഏല്‍പ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കരാര്‍ നല്‍കിയത്. 2020 സെപ്തംബറോടു കൂടി ബൈപ്പാസ് തുറന്ന് കൊടുക്കാനാകുമെന്നായിരുന്നു അതോറിറ്റിയുടെ പ്രതീക്ഷ. കരാര്‍ നല്‍കി ഒരു വര്‍ഷമായിട്ടും പ്രാരംഭഘട്ട നടപടികള്‍ പോലും തുടങ്ങാത്തതില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കെഎംസിയ്ക്ക കരാര്‍ നല്‍കിയെങ്കിലും പിന്നീട് സാങ്കേതിക തടസ്സങ്ങളുണ്ടായതിനാല്‍ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നല്ല ട്രാക്ക് റെക്കോര്‍ഡുള്ള ഊരാളുങ്കല്‍ പോലുള്ള കമ്പനികള്‍ നിലനില്‍ക്കെ അതോറിറ്റി കെഎംസി കമ്പനിയോട് താത്പര്യം കാട്ടിയത് ചോദ്യം ചെയ്യപ്പെടണമെന്നതാണ് ജനകീയ വേദിയുടെ ആവശ്യം.

കമ്പനി കുതിരാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും എന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഹെഡ് സുരേഷ് പറഞ്ഞു. ഒക്ടോബര്‍ മാസത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും കരാര്‍ എടുത്ത കമ്പനി തന്നെ അത് പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വനംവകുപ്പിന്റെ അനുമതി

തുരങ്ക നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ വനഭൂമി വിട്ടുകിട്ടേണ്ടതുണ്ടെന്നതാണ് നിര്‍മ്മാണ കമ്പനി മറ്റൊരു തടസ്സവാദം ഉന്നയിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് കൂടുതല്‍ ഭൂമി ആവശ്യപ്പെട്ടെങ്കിലും വനംവകുപ്പ് അനുകൂലമായ നടപടികള്‍ സ്വീകരിച്ചില്ല എന്ന് കമ്പനി അധികൃതര്‍ പറയുന്നു. എന്നാല്‍ കമ്പനിയുടേയും ദേശീയപാതാ അതോറിറ്റിയുടേയും ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണിതെന്ന് തൃശൂര്‍ ഡിഎഫ്ഒ രഞ്ജന്‍ പറഞ്ഞു. ‘തുരങ്ക നിര്‍മ്മാണത്തിന് വനംവകുപ്പിന്റെ ഭൂമി വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുള്ള അനുമതി നല്‍കി. നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ തുരങ്കം നിര്‍മ്മിച്ചപ്പോള്‍ തുടര്‍ച്ചയായി ആ ഭാഗത്ത് മണ്ണിടിച്ചില്‍ ഉണ്ടാവുന്നുണ്ട്. അത് നിയന്ത്രിക്കുന്നതിനും മറ്റ് സേഫ്ടി മെഷറുകള്‍ എടുക്കുന്നതിനുമായി കൂടുതല്‍ ഫോറസ്റ്റ് ലാന്‍ഡ് വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണ ഗതിയില്‍ ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് കമ്പനിയോ ദേശീയപാതാ അതോറിറ്റിയോ ആദ്യം തന്നെ അഡിഷണല്‍ ലാന്‍ഡ് ആവശ്യപ്പെടേണ്ടതാണ്. തുരങ്കമുണ്ടാക്കിയാല്‍ അതിന് മുകളില്‍ മണ്ണിടിയുമെന്ന് അവര്‍ അറിഞ്ഞിരിക്കേണ്ടതാണ്. അതവര്‍ ചെയ്തില്ല. കൂടുതല്‍ ലാന്‍ഡ് വിട്ട് നല്‍കുന്നതിനായുള്ള അപേക്ഷ കേന്ദ്രസര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. അതിന്റേതായ സമയമെടുത്തേ അനുമതി ലഭിക്കുകയുള്ളൂ.’

‘മന്ത്രിമാരുടെ വാക്കും പഴയ ചാക്കും’

‘മന്ത്രിമാരുടെ വാക്കുകളില്‍ ഞ്ങ്ങളിനി വിശ്വസിക്കില്ല. അവരുടെ വാക്കും പഴയചാക്കും ഒരു പോലെയാണ്. ആരൊക്കെ വന്ന് പറഞ്ഞാലും റോഡ് പണി പൂര്‍ത്തിയാവുകയുമില്ല. ഉള്ള റോഡ് നന്നാവുകയുമില്ല. എത്ര വര്‍ഷമായി ഞങ്ങളിത് കാണുന്നു. അന്ത്യശാസനങ്ങള്‍ ഒരുപാടുണ്ടായി. ഒന്നും നടന്നില്ല. കുട്ടികളെ സമയത്തിന് സ്‌കൂളില്‍ അയക്കാന്‍ പറ്റുന്നില്ല. ജോലിക്കാര്‍ക്ക് കൃത്യ സമയത്ത് ജോലിക്കെത്താന്‍ പറ്റുന്നില്ല. നാട്ടുകാരിറങ്ങി വാഹനം നിയന്ത്രിച്ച് വേണം ഇവര്‍ക്കൊക്കെ പോവാന്‍. ആംബുലന്‍സ് വന്നാല്‍ പോലും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും റോഡിലിറങ്ങണം. അല്ലെങ്കില്‍ കുരുക്കില്‍ പെട്ട് കിടക്കും. റോഡെല്ലാം തകര്‍ന്ന് തരിപ്പണമായി. സര്‍വീസ് റോഡുകള്‍ പോലും നല്ലതില്ല. ഓരോരുത്തര്‍ വരുമ്പോള്‍ ഇപ്പോ ശരിയാവും എന്ന പ്രതീക്ഷയിലിരിക്കും. ഞങ്ങള്‍ക്കിനി ഇത് സഹിക്കാന്‍ കഴിയില്ല.’ ജനകീയ വേദി വൈസ് പ്രസിഡന്റ് സുരേഷ് വേലായുധന്‍ പറഞ്ഞു.

ജൂലൈ 21ന് കേന്ദ്രമന്ത്രി വി മുരളീധരന്‍, എംപിമാരായ ടിഎന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിവര്‍ക്കൊപ്പം കുതിരാന്‍ സന്ദര്‍ശിച്ചിരുന്നു. അഞ്ചിന പരിഹാര നടപടികള്‍ പ്രഖ്യാപിച്ച കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കുമെന്നും റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തന്റെ ഓഫീസില്‍ നിന്ന് നേരിട്ട് വിലയിരുത്തുമെന്നും പറഞ്ഞു. ഇതില്‍ റോഡ്,തുരങ്ക നിര്‍മ്മാണം പുനരാരംഭിക്കാനുള്ള പദ്ധതികള്‍ക്ക് പുറമെ നിലവില്‍ റോഡിലെ കുഴികളടക്കാന്‍ അടിയന്തിര നടപടി വേണമെന്ന് നിര്‍ദേശിച്ചു. റോഡിന്റെ അറ്റകുറ്റപ്പണിയും മണ്ണുത്തി പാലത്തിലെ വെള്ളക്കെട്ടും ഉടന്‍ പരിഹരിക്കണമെന്നും മുളയം ഭാഗത്ത് ബാക്കിയുള്ള ടാറിങ് പത്ത് ദിവസത്തിനുള്ളില്‍ നടത്തണമെന്നുമായിരുന്നു പ്രധാന നിര്‍ദ്ദേശങ്ങള്‍. ദേശീയപാതയിലെ കുഴികള്‍ ഏഴു ദിവസത്തിനടക്കാമെന്ന് കേന്ദ്രമന്ത്രിക്ക് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഉദ്യോഗസ്ഥര്‍ വാക്കുപാലിച്ചില്ല. കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാവാതെ വന്നതിന് പിന്നാലെ സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ രംഗത്തെത്തി. സെപ്തംബര്‍ ഒന്നിന് കുതിരാന്‍ ദേശീയപാതയിലെ കുഴികള്‍ നാല്‍പത്തിയെട്ടു മണിക്കൂറിനുള്ളില്‍ അടയ്ക്കാന്‍ ദേശീയപാത ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി വി എസ്.സുനില്‍കുമാര്‍ അന്ത്യശാസനം നല്‍കി. 15 ദിവസങ്ങള്‍ കഴിയുമ്പോഴും ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പായില്ല.

തുടര്‍ച്ചയായ അലംഭാവങ്ങള്‍ക്കെതിരെ കുതിരാന്‍ സംയുക്ത സമര സമിതി രൂപീകരിച്ച് സമരത്തിനൊരുങ്ങുകയാണ് പാണഞ്ചേരി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി. ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് പറയുന്നു, ‘റോഡ് റീടാറിങ് ചെയ്യണമെന്നും കുഴികളടക്കണമെന്നും മന്ത്രിമാരും, എംപിമാരും, കളക്ടറുമെല്ലാം കര്‍ശന നിര്‍ദ്ദേശങ്ങളും അന്ത്യശാസനങ്ങളും നല്‍കിയതാണ്. മഴ പെയ്യുമ്പോള്‍ ഡ്രൈ കോണ്‍ക്രീറ്റ് മിശ്രിതം ഇടാനേ കഴിയൂ എന്ന് പറഞ്ഞതിനനുസരിച്ച് അത് ചെയ്യാന്‍ അനുമതി നല്‍കി. എന്നാല്‍ അവര്‍ ക്വാറി വെയിസ്റ്റ് കൊണ്ടുവന്ന കുഴികളില്‍ തട്ടി. ഇപ്പോ ചെളിയും പൊടിയും കൊണ്ട് പ്രദേശത്തെ ആര്‍ക്കും ജീവിക്കാന്‍ പറ്റുന്നില്ല. വാഹനമോടിക്കുന്നവര്‍ക്ക് പോലും കണ്ണ് മറക്കുന്ന രീതിയില്‍ പൊടി ഉയരുന്നു. മഴ തീരുമ്പോള്‍ ടാര്‍ ചെയ്യും എന്നാണ് പറഞ്ഞത്. കഴിഞ്ഞ ദിവസം കളക്ടറുടെ ചേംബറില്‍ കൂടിയ മീറ്റിങ്ങില്‍ ഓണത്തിന് മുമ്പ്, 48 മണിക്കൂറിനകം കുഴികളടക്കണമെന്നും അല്ലാതെ കമ്പനി അധികൃതരോ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരോ ജില്ല വിട്ട് പോവരുതെന്നും അന്ത്യശാസനം നല്‍കി. കളക്ടര്‍ ഉത്തരവിട്ടതിന് പിന്നാലെ അവരെല്ലാം സ്ഥലം വിട്ടു. പോവുന്നതറിഞ്ഞ് പാലിയേക്കര ടോളിനടുത്ത് വച്ച് കളക്ടറുടെ നേതൃത്വത്തില്‍ അവരെ തടഞ്ഞു. പക്ഷെ മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉടനെ വന്നു. മുകളില്‍ നിന്ന് ആരൊക്കെയോ വിളിച്ചപ്പോള്‍ കളക്ടര്‍ക്ക് അവരെ വിടേണ്ടി വന്നു. അതാണ് അവസ്ഥ. ഇത്രയും നാള്‍ കളക്ടറിലെങ്കിലും പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ അതും ഇല്ലാതായി. മുമ്പ് മന്ത്രി സുനില്‍കുമാറും ഇതേപോലെ 48 മണിക്കൂര്‍ നിര്‍ദ്ദേശം വച്ചിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഇനി ഒന്നിച്ച് നിന്ന് ഇതിനൊരു തീരമാനമുണ്ടാക്കാന്‍ ശ്രമം തുടങ്ങുകയാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ബസ്, ലോറി ഉടമകള്‍, ജീവനക്കാര്‍, വ്യാപാരികള്‍, പ്രദേശവാസികള്‍, യുവജന സമിതികള്‍ എന്നിങ്ങനെ എല്ലാവരേയും ചേര്‍ത്ത് കുതിരാന്‍ സംയുക്ത സമര സമിതി രൂപീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവിടെ ഇരിക്കാന്‍ ഉദ്ദശിക്കുന്നില്ല. ഇവിടെ ഇരുന്നാല്‍ നൂറ് ദിവസം ഇരുന്നാലും പൊടിയും തിന്ന് ഞങ്ങള്‍ ഇരിക്കുക എന്നല്ലാതെ ഒരു നടപടിയും ഉണ്ടാവില്ല. അതുകൊണ്് മറ്റ് തലങ്ങളിലേക്ക് സമരം കൊണ്ടുപോവണം.’

കുഴികളടക്കാനുള്ള നടപടികള്‍ കമ്പനി ഈ ആഴ്ച തുടങ്ങുമെന്ന് ഉറപ്പ് നല്‍കിയതായി തൃശൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞു. അല്ലാത്ത പക്ഷം നടപടികളുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 2020മെയ് മാസം നിര്‍മ്മാണം പൂര്‍ത്തീകരിക്കും വിധം കുതിരാന്‍ തുരങ്ക നിര്‍മ്മാണം റീഷെഡ്യൂള്‍ ചെയ്യുമെന്ന് പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. നിര്‍മ്മാണ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കമ്പനി എല്‍ ആന്‍ഡ് ടി ഫിനാന്‍സില്‍ നിന്ന് ഫണ്ട് സ്വരൂപിക്കാനുള്ള സാധ്യതയാണ് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പിന്നീട് നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

‘പരമാവധി സഹായം മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്. അത് കഴിഞ്ഞാല്‍ ഫോറസ്റ്റ് അനുമതി കൂടി ലഭിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാനാവും.’ രമ്യ ഹരിദാസ് എംപി പറഞ്ഞു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍