UPDATES

ട്രെന്‍ഡിങ്ങ്

കുമ്പളങ്ങിക്കാരന്‍ തോമാച്ചന്റെ മോദി സ്തുതി അഥവാ തിരുത മീനിന്റെ രാഷ്ട്രീയം

നരേന്ദ്ര മോദിയുടെ വാഗ്‌ദാനങ്ങളുടെ പൊള്ളത്തരവും ഭരണത്തിലെ വീഴ്ചകളും തുറന്നു കാണിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വേളയിലാണ് നമ്മുടെ കുമ്പളങ്ങിക്കാരന്‍റെ ഈ മോദി സ്തുതിയെന്നുകൂടി ഓർക്കണം

കെ എ ആന്റണി

കെ എ ആന്റണി

കോൺഗ്രസ് നേതാവും എറണാകുളം എം പിയുമൊക്കെയായ കെ വി തോമസിന്‍റെ പേരിന്‍റെ ഒപ്പമുള്ള കെ വി എന്ന ചുരുക്കെഴുത്തിനെ കുമ്പളങ്ങി വീട്ടിൽ എന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റം പറയാനാവില്ല. അത്രയ്ക്കുണ്ട് കുറുപ്പശ്ശേരി വർക്കി തോമസ് എന്ന കെ വി തോമസിന് പെറ്റുവീണ കുമ്പളങ്ങി എന്ന കൊച്ചു ഗ്രാമത്തോടുള്ള പ്രണയവും അഭിനിവേശവുമൊക്കെ. കൊച്ചിയുടെ ഹൃദയഭാഗത്തു നിന്നും ഏതാണ്ട് വെറും പത്തിലേറെ കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കുമ്പളങ്ങിയുടെ ഇന്നത്തെ വളർച്ചക്കും പ്രശസ്തിക്കുമൊക്കെ പിന്നിൽ കുമ്പളങ്ങിയെ പെറ്റമ്മയെപ്പോലെ സ്നേഹിക്കുന്ന പരിപാലിക്കുന്ന ഈ വിനീത പുത്രന്റെ പങ്കു ചെറുതൊന്നുമല്ല. ‘എന്റെ കുമ്പളങ്ങി’ എന്ന പുസ്തകം രചിച്ചുവെന്നത് മാത്രമല്ല ഇതിനുള്ള തെളിവ്. സത്യം പറഞ്ഞാൽ പണ്ടൊന്നും ആരും തിരിഞ്ഞു നോക്കാതിരുന്ന കുമ്പളങ്ങി ഇന്നത്തെ കുമ്പളങ്ങിയായി മാറിയത് കുമ്പളങ്ങി പുത്രൻ പ്രൊഫസർ തോമാച്ചൻ അവറുകൾ കേരളത്തിൽ ടൂറിസം-ഫിഷറീസ് മന്ത്രിയായ കാലത്താണ്. 2001ലെ എ കെ ആന്റണി മന്ത്രിസഭയിലായിരുന്നു കുമ്പളങ്ങിക്കാരന്റെ ഈ മന്ത്രിയോഗം.

ഒരു സാധാരണ മത്സ്യബന്ധന ഗ്രാമയായിരുന്ന കുമ്പളങ്ങിയെ മാതൃക ടൂറിസം ഗ്രാമം പദവി നൽകി ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയത് കുമ്പളങ്ങിക്കാരൻ പ്രൊഫസർ തോമാച്ചൻ അവറുകൾ തന്നെയെന്ന് ജാതി, മത, രാഷ്ട്രീയ ഭേദമന്യേ ഏതു കുമ്പളങ്ങിക്കാരനും പറയും. കായലും കണ്ടലും ചീനവലയുമൊക്കെ കുമ്പളങ്ങിയുടെ മാത്രം പ്രത്യേകതയല്ല. എന്നിട്ടും കുമ്പളങ്ങി ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം കണ്ടെത്തി.

സ്വന്തം ജന്മനാടായ കുമ്പളങ്ങിയോടുള്ള കലർപ്പില്ലാത്ത ഇതേ സ്നേഹം തന്നെയായിരുന്നു തേവര സേക്രട്ട് ഹാർട്ട് കോളേജിൽ രസതന്ത്രം പ്രൊഫസറായിരുന്ന തോമാച്ചന് നെഹ്‌റു കുടുംബത്തോടും ഉണ്ടായിരുന്നത്. കേന്ദ്രത്തിൽ ഇന്ദിര ഗാന്ധിയും കേരളത്തിൽ കെ കരുണാകരൻ എന്ന ലീഡറുമായിരുന്നു ഒരു കാലത്തു കൺകണ്ട രാഷ്ട്രീയ ദൈവങ്ങൾ. ലീഡറോടുള്ള ഈ അടുപ്പം തന്നെയാണ് പിൽക്കാലത്ത് കുമ്പളങ്ങിക്കാരൻ തോമാച്ചന് വിനയായി മാറിയത്. അതിലേക്കു പിന്നീട് വരാം.

നെഹ്‌റു കുടുംബത്തോടുള്ള തോമാച്ചന്റെ സ്നേഹവും ഭക്തിയുമൊക്കെ അതിന്റെ പാരമ്യത്തിലെത്തിയത് സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയതോടുകൂടിയാണ്. കുമ്പളങ്ങിയിൽ നിന്നുള്ള നല്ല ഫ്രഷ് ആയ തിരുത മൽസ്യം സോണിയാജിയുടെ അടുക്കളയിൽ സ്ഥിരമായി എത്തിച്ചു തുടങ്ങിയതും ഇക്കാലത്തു തന്നെ. കുമ്പളങ്ങിയെ ദേശീയ തലത്തിൽ തന്നെ മാർക്കറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മാത്രം ഇതിനെ കാണുന്നവരുണ്ട്. എന്നാൽ കേന്ദ്രമന്ത്രി പദവിയും പാർട്ടിയിൽ ഉന്നത സ്ഥാനമാനങ്ങളും പ്രതീക്ഷിച്ചിട്ടായിരുന്നുവെന്നു ചിലരൊക്കെ അടക്കം പറഞ്ഞിരുന്നു. യാഥാർഥ്യം എന്ത് തന്നെയായായാലും കുമ്പളങ്ങിക്കാരൻ തോമാച്ചൻ രണ്ടും സാധിച്ചെടുത്തു. കുമ്പളങ്ങിയെ നന്നായി മാർക്കറ്റ് ചെയ്തു, കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയുമായി, ഒന്നല്ല രണ്ടു വട്ടം.

എന്നാൽ അടുത്തകാലത്തായി നമ്മുടെ കുമ്പളങ്ങിക്കാരന് നെഹ്‌റു കുടുംബത്തോടുള്ള പ്രതിപത്തി വല്ലാതെ കുറഞ്ഞിരിക്കുന്നുവെന്നും ആ മനസ്സിൽ ഇപ്പോൾ വിളങ്ങുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്നും ഒരു സംസാരമുണ്ട്. ഇങ്ങനെയൊരു സംസാരത്തിനു വഴിമരുന്നിട്ടത്‌ തോമാച്ചൻ അടുത്തിടെ മോദിക്കുമേൽ ചൊരിഞ്ഞ പ്രശംസ തന്നെയാണുതാനും. കൊച്ചിയിൽ കേരള മാനേജ്മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ മാനേജ്മെന്റ് സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് തോമാച്ചൻ എല്ലാം മറന്നു മോദി സ്തുതി ചൊരിഞ്ഞത്. സ്വന്തം തീരുമാനങ്ങളെയും നടപടികളെയും കൃത്യമായും വ്യക്തമായും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിയുന്ന മികച്ച ഭരണാധികാരിയാണ് മോദിയെന്നും സ്വന്തം പാർട്ടിയായ കോൺഗ്രസിന്റെ നേതാക്കളെക്കാൾ താൻ കൂടുതൽ കംഫർട്ടബിൾ ആകുന്നതു മോദിയുമായി ആശയ വിനിമയം നടത്തുമ്പോഴാണെന്നും തോമാച്ചൻ എല്ലാം മറന്നു വെച്ചുകാച്ചി. മോദി സ്തുതി വിവാദമായതോടെ എല്ലാവരും ചെയ്യുന്നതുപോലെ പത്രങ്ങളെ പഴിപറഞ്ഞു രക്ഷപ്പെടുകയെന്ന തന്ത്രം തോമാച്ചനും പയറ്റിനോക്കിയെങ്കിലും ആരും അത് വിശ്വസിച്ച മട്ടില്ല.

നരേന്ദ്ര മോദിയുടെ വാഗ്‌ദാനങ്ങളുടെ പൊള്ളത്തരവും ഭരണത്തിലെ വീഴ്ചകളും തുറന്നു കാണിക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള കോൺഗ്രസ് നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന വേളയിലാണ് നമ്മുടെ കുമ്പളങ്ങിക്കാരന്‍റെ ഈ മോദി സ്തുതിയെന്നുകൂടി ഓർക്കണം. കോൺഗ്രസിലെ തോമാച്ചൻ വിരുദ്ധർക്ക് വീണുകിട്ടിയ ഒരു അവസരമായി ഈ മോദി സ്തുതി. അവർ അത് പരമാവധി ഉപയോഗപ്പെടുത്തുന്നുമുണ്ട്. അതിനടിയിലാണ് തോമാച്ചൻ ബി ജെ പി യിലേക്കാണേയെന്നു ചില സി പി എം നേതാക്കളും ദേശാഭിമാനിയും ആരോപിച്ചത്. ഇത് കേട്ടാൽ തോന്നും കേരളത്തിൽ നിന്നുള്ള അറിയപ്പെടുന്ന ഒരു കോൺഗ്രസ് നേതാവിനെയെങ്കിലും ബി ജെ പി പാളയത്തിൽ എത്തിച്ചേ അടങ്ങുവെന്ന വാശിയിലാണ് അവരെന്ന്. കേരളത്തിൽ നിന്ന് ആദ്യമായി ബി ജെ പി പാളയത്തിലേക്ക് പോയി സ്ഥാനാർഥിയായി മത്സരിച്ചത് തങ്ങളുടെ പഴയകാല നേതാവും മുൻ മന്ത്രിയുമൊക്കെയായിരുന്ന അമ്പാടി വിശ്വം എന്ന വി വിശ്വനാഥ മേനോൻ ആയിരുന്നുവെന്ന കാര്യം ഇവർ മറക്കാതിരുന്നാൽ നന്ന്.

കുമ്പളങ്ങിക്കാരൻ തോമാച്ചൻ കാഞ്ഞ ബുദ്ധിക്കാരനാണ്. ഇത് തന്നെയാണ് ഒരിക്കൽ ലീഡറുടെ സ്വന്തം ആളായി അറിയപ്പെട്ടിരുന്ന തോമാച്ചന് പിന്നീട് വിനയായി മാറിയതും. 2001ലെ എ കെ ആന്റണി മന്ത്രിസഭയിൽ ടൂറിസം -ഫിഷറീസ് മന്ത്രിയായിരുന്നു തോമാച്ചൻ. ഈ കാലഘട്ടത്തിലാണ് ജന്മ ഗ്രാമമായ കുമ്പളങ്ങിക്കു തോമാച്ചൻ ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിക്കൊടുത്തതും. ആയിടക്ക് ലീഡറെ വിട്ടു തോമാച്ചൻ ആന്റണിയോട് കൂടുതൽ അടുക്കുന്നുവെന്നൊരു സംശയം കരുണാകര ക്യാമ്പിൽ ശക്തമായി. അധികം വൈകിയില്ല, തോമാച്ചനെതിരെ ഒരു ഹവാല ആരോപണം പൊന്തിവന്നു. വിവിധ ബാങ്കുകളിലൂടെ 336 കോടി രൂപയുടെ വിദേശ പണം കേരളത്തിലേക്ക് വന്നുവെന്നും ഈ പണം മലബാറിലെ തീവ്രവാദികള്‍ക്കുള്ളതായിരുന്നുവെന്നും ഇതിൽ തോമാച്ചൻ മന്ത്രിക്കു പങ്കുണ്ടെന്നുമായിരുന്നു ആരോപണം. കേന്ദ്ര രഹസ്യാനേഷണ വിഭാഗത്തിന്റേതെന്നു അവകാശപ്പെടുന്ന ഒരു രേഖ ഉദ്ധരിച്ചുകൊണ്ട് ഒരു മലയാളം ചാനലിലൂടെയാണ് ആരോപണം പുറത്തു വന്നത്. ഏറെ നാടകങ്ങൾക്കും അന്വേഷണങ്ങൾക്കുമൊടുവിൽ ആ രേഖ വ്യാജമാണെന്ന് തെളിഞ്ഞു. വ്യാജ രേഖ ചമച്ചതിനു കരുണകാരന്റെ മാനസപുത്രിയും അന്ന് ചെങ്ങന്നൂർ എം എൽ എയുമായിരുന്ന ശോഭന ജോർജും രേഖ ചമക്കാനും പ്രചരിപ്പിക്കാനും സഹായിച്ചവരും അറസ്റ്റിലായി. തോമാച്ചൻ തൽക്കാലം രക്ഷപ്പെട്ടെങ്കിലും അധികം വൈകാതെ ആന്റണിയെ മാറ്റി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തോമാച്ചന് മന്ത്രിപ്പണി പോയി.

ലീഡറോട് കൂറ് പുലർത്തുന്നയാൾ എന്ന നിലയിൽ മുൻപ് മറ്റൊരു പാരയും തോമാച്ചനെ തേടി വന്നിരുന്നു. കൊച്ചി നാവിക സേനയുടെ ആസ്ഥാനത്തിന്റെ രൂപരേഖ തയ്യാറാക്കാൻ വന്ന ഫ്രഞ്ച് ചാര സംഘത്തെ തോമാച്ചൻ സഹായിച്ചുവെന്നതായിരുന്നു അന്നത്തെ ആരോപണം. പാര പണിതത് ലീഡർ വിരുദ്ധ ചേരിയായിരുന്നു. അന്നും തോമാച്ചൻ എങ്ങിനെയൊക്കെയോ രക്ഷപ്പെട്ടു. എന്നാൽ മോദി സ്തുതി സംബന്ധിച്ച ആരോപണം നേരത്തെ ഉയർന്നവ പോലുള്ളതല്ല. തോമാച്ചൻ മോദിയെ സ്തുതിച്ചുവെന്നത് ഒരു പരമാർഥമാണ്. തെളിവുള്ള പച്ച പരമാർത്ഥം. അതുകൊണ്ടു തന്നെ തോമാച്ചൻ പിടിച്ച മോദി വാൽ അയാളെയും കൊണ്ടുപോകുമോയെന്ന് കാത്തിരുന്നു കാണുക തന്നെവേണം

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍