UPDATES

ലാവ്‌ലിന്‍ എന്ന ഡെമോക്ലീസിന്റെ വാള്‍; സിപിഎമ്മിനെ പിടിച്ചു കുലുക്കിയ 15 വര്‍ഷങ്ങള്‍

ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും ലാവ്‌ലിന്‍ കേസിന്റെ ഭാവി

പളളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനായി 1995 ആഗസ്ത് 10നു എസ്എന്‍സി ലാവ്‌ലിന്‍ എന്ന കനേഡിയന്‍ കമ്പനിയുമായി കേരളസര്‍ക്കാര്‍ ഉണ്ടാക്കിയ കരാറാണ് എസ്എന്‍സി ലാവലിന്‍-കേരളാ ജലവൈദ്യുത കരാര്‍. ഈ കരാറില്‍ 374,50,00,000 രൂപയുടെ നഷ്ടമുണ്ടായതായി 2005ല്‍ സിഎജി കണ്ടെത്തിയതോടെയാണ് ലാവലിന്‍ കേസ് എന്നറിയപ്പെട്ട പ്രമാദമായ കേസ് ആരംഭിക്കുന്നത്.

പളളിവാസല്‍ (1940), ചെങ്കുളം (1954), പന്നിയാര്‍ (1964) എന്നീ ജലവൈദ്യുത നിലയങ്ങള്‍ നവീകരിക്കാനും മെച്ചപ്പെടുത്താനുമായിരുന്നു കരാര്‍ പ്രകാരമുളള പദ്ധതി. അന്നത്തെ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയനാണ് ധാരണാപത്ര പ്രകാരമുള്ള കരാര്‍ ഒപ്പിട്ടത്. തുടര്‍ന്ന് കാര്‍ത്തികേയന്‍ കാനഡ സന്ദര്‍ശിക്കുകയും കണ്‍സള്‍ട്ടന്‍റിന്റെ സേവനങ്ങള്‍ക്ക് വേണ്ടിയുള്ള കാരാര്‍ 1996 ഫെബ്രുവരി മാസം ഒപ്പുവെക്കുകയും ചെയ്തു. തുടര്‍ന്നു വന്ന ഇ.കെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ കരാറുമായി മുന്‍പോട്ട് പോകുകയായിരുന്നു. ഉപകരണങ്ങള്‍ ഇറക്കുമതി നടത്തുന്നതിനു ഉള്‍പ്പെടെയുള്ള അനുബന്ധ കരാര്‍ ഒപ്പിടുമ്പോള്‍ സാമൂഹ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്രാന്‍റായി മലബാര്‍ കാന്‍സര്‍ സെന്ററിന് 98 കോടി രൂപ എസ് എന്‍സി ലാവലിന്‍ സമാഹരിച്ച് നല്‍കും എന്ന ഒരു ധാരണാപത്രവും ഒപ്പുവെച്ചു.

2001-ല്‍ പളളിവാസല്‍-ചെങ്കുളം-പന്നിയാര്‍ (1964) പി എസ് പി പദ്ധതിയില്‍ യുഡിഎഫ് അഴിമതി ആരോപിച്ചതിനെ തുടര്‍ന്ന് വിഷയം നിയമസഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സബ്ജക്ട് കമ്മിറ്റി ചെയര്‍മാന്‍ ടി എം ജേക്കബ്, കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്താതെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. ഇതേ തുടര്‍ന്ന് 2003ല്‍ എകെ ആന്‍റണി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ യുഡിഎഫ് ഗവണ്‍മെന്റ് നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ പിണറായി വിജയനെതിരെ ഒരു തെളിവും കണ്ടെത്തുകയുണ്ടായില്ല. ഇതേ തുടര്‍ന്ന് 2006 നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ലാവലിന്‍ കേസ് സിബിഐക്ക് വിട്ടു കൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുകയായിരുന്നു. എന്നാല്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ഇടതുമുന്നണി അധികാരത്തിലേറി. തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കണം എന്ന ആവശ്യവുമായി ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ കേസ് തുടര്‍ന്ന് അന്വേഷിക്കേണ്ടതില്ല എന്നു സംസ്ഥാന സര്‍ക്കാരും അന്വേഷിക്കാന്‍ മാത്രം ഒന്നും കേസിലില്ല എന്നു സിബിഐയും കോടതിയില്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ കേസ് സിബിഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി വിധിക്കുകയായിരുന്നു.

2009 ജനുവരി 22നു സിബിഐ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പിണറായി വിജയന്‍ കേസില്‍ ഒന്‍പതാം പ്രതിയായി. 2009 ജൂണില്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണ്ണര്‍ സിബിഐക്ക് അനുവാദം നല്‍കി. അതേസമയം എംഒയുവും അടിസ്ഥാന കരാറും ഒപ്പിട്ട കോണ്‍ഗ്രസ്സ് മന്ത്രി ജി കാര്‍ത്തികേയനെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടി കോടതി തള്ളി. കാര്‍ത്തികേയന്റെ പങ്ക് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.

2013 നവമ്പര്‍ 5ന് പിണറായിയും മറ്റ് ആറുപേരും കുറ്റവിമുക്തരാക്കിക്കൊണ്ട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2014ല്‍ എറണാകുളം പ്രത്യേക സിബിഐ കോടതിയും കേസ് തള്ളിയതിനെ തുടര്‍ന്ന് സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആ കേസാണ് പിണറായിയെ കുറ്റ വിമുക്തനാക്കി കൊണ്ടുള്ള ജസ്റ്റീസ് ഉബൈദിന്റെ വിധിയോടെ താത്ക്കാലികമായി ഇന്നലെ അവസാനിച്ചിരിക്കുന്നത്.

ലാവ്‌ലിന്‍; സിപിഎം വാദം ശരിയാവുന്നു
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ തെറ്റുകാരനല്ലെന്ന സിപിഎം നിലപാട് ശരിയായിരിക്കുന്നു എന്ന് ഇനി പാര്‍ട്ടിക്ക് പറയാം. പിണറായിക്കെതിരേ നടന്നത് രാഷ്ട്രീയപ്രേരിതമായ സിബിഐ അന്വേഷണമായിരുന്നുവെന്ന ആക്ഷേപവും ശരിയായിരിക്കുന്നു. കാരണം ഹൈക്കോടതി സിബിഐ നടപടിയെ pick and choose എന്നാണ് വിമര്‍ശിച്ചത്. കേസില്‍ പിണറായിയെ കേന്ദ്ര അന്വേഷണ ഏജന്‍സി ബലിയാടാക്കുകയായിരുന്നുവെന്നും വേട്ടയാടുകുകയായിരുന്നു എന്നും കോടതി പറഞ്ഞിരിക്കുന്നു.

എന്തായിരുന്നു സിപിഎം, കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വിവാദമായൊരു കേസില്‍ തങ്ങളെ പ്രതിരോധിച്ച് പറഞ്ഞിരുന്നത്? വിശദമായി തന്നെ ‘ലാവ്‌ലിന്‍ കേസിലെ മിഥ്യയും യാഥാര്‍ത്ഥ്യവും’ എന്ന വിശദീകരണത്തില്‍ പാര്‍ട്ടി ഈ കേസിനെ ഇപ്രകാരം അവതരിപ്പിക്കുന്നു.

പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ 1991-96 കാലഘട്ടത്തില്‍ കനേഡിയന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ ലാവ്‌ലിന്‍ കമ്പനിയുമായി കരാറും ധാരണാപത്രവും ഒപ്പുവയ്ക്കുന്നത് അന്നത്തെ വൈദ്യുതി മന്ത്രി ജി കാര്‍ത്തികേയന്‍. പിന്നീട് കരാര്‍ പൂര്‍ത്തീകരിച്ചതും പണം നല്‍കിയതും വീണ്ടും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍. ഈ കരാര്‍ പ്രാബല്യത്തില്‍ ഇരിക്കുമ്പോള്‍ 1996 മേയ് മുതല്‍ 1999 വരെയാണ് പിണറായി വൈദ്യുതി മന്ത്രിയായിരുന്നത്.

എന്നിട്ടും യുഡിഎഫ് മന്ത്രിമാര്‍ ആരും പ്രതിയാകാതിരിക്കുകയും പിണറായി കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു. അതെങ്ങനെ? പാര്‍ട്ടി പറയുന്നു; പിണറായി ഈ പ്രശ്‌നത്തില്‍ തെറ്റായ ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് യുഡിഎഫ് ഭരണകാലത്ത് തന്നെ അന്വേഷിച്ച വിജിലന്‍സ് വ്യക്തമാക്കിയതാണ്. എന്നിരിക്കിലും പിണറായി വിജയനെതിരെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. മന്ത്രിസഭ തീരുമാനത്തെ മറികടന്ന് ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കുകയും ചെയ്തു. അതേസമയം കരാര്‍ ഒപ്പിട്ട കാര്‍ത്തികേയന്‍ സിബിഐയുടെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടുമില്ല. കാര്‍ത്തികേയന്റെ പങ്കിനെക്കുറിച്ച് പുനഃരന്വേഷണം വേണമെന്ന കോടതി ഉത്തരവ് നടപ്പായതുമില്ല.

എന്തുകൊണ്ട് പള്ളിവാസല്‍- ചെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് നല്‍കിയെന്ന ചോദ്യത്തിനും സിപിഎം വിരല്‍ ചൂണ്ടിന്നത് യുഡിഎഫ് സര്‍ക്കാരിനെതിരെയാണ്. യുഡിഎഫ് സര്‍ക്കാരാല്‍ ഉപേക്ഷിക്കാനാവാത്തവിധം ബാധ്യതപ്പെട്ട ഒരു കരാര്‍ ആയിരുന്നു ലാവ്‌ലിന്‍ എന്നാണ് സിപിഎം പറയുന്നത്. അതു തുടരേണ്ട ബാധ്യത എല്‍ഡിഎഫ് സര്‍ക്കാരില്‍ വന്നുചേരുകയായിരുന്നു എന്നും.

1991-96 കാലത്ത് യു.ഡി.എഫ് സര്‍ക്കാര്‍ 13 വൈദ്യുത പദ്ധതികള്‍ക്കുള്ള ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഒന്നില്‍ പോലും ആഗോള ടെണ്ടര്‍ വിളിച്ചില്ല. എല്ലാം നേരിട്ട് സ്വകാര്യ കമ്പനികളുമായി ചര്‍ച്ച ചെയ്ത് ധാരണാപത്രം ഒപ്പുവെച്ച് കരാര്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തുന്നു.

ലാവ്‌ലിന്‍ കമ്പനിയുമായി ചേര്‍ന്ന് പിണറായി വിജയനും സിപിഎമ്മും അവിഹിത നേട്ടമുണ്ടാക്കിയെന്ന ആരോപണത്തെ പാര്‍ട്ടി നേരിടുന്നത് യുഡിഎഫിനെതിരേ ഇനി പറയുന്ന ആക്ഷേപങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ്; ലാവ്‌ലിന് കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ കുത്തക നല്‍കാനായിരുന്നു യുഡിഎഫിന്റെ നീക്കം. ഇതു പൊളിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ലാവ്‌ലിന്‍-യുഡിഎഫ് ബന്ധം പള്ളിവാസല്‍-ചെങ്കുളം-പന്നിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ടല്ല ആരംഭിക്കുന്നത്. 50 മെഗാവാട്ടിനുള്ള കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പദ്ധതി ടെണ്ടര്‍ വിളിക്കാതെയാണ് ഏല്‍പ്പിച്ചത്. ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട് കുറ്റ്യാടി എക്സ്റ്റന്‍ഷന്‍ പ്രോജക്ട് യുഡിഎഫ് നടപ്പിലാക്കിയത് ഈ മൂന്ന് ഘട്ട കരാര്‍ അടിസ്ഥാനത്തിലായിരുന്നു. ഈ നടപടി തന്നെ അതേപോലെ ആവര്‍ത്തിക്കുകയാണ് പി എസ് പി നവീകരണ പദ്ധതിയിലും യു.ഡി.എഫ് ചെയ്തത്. കുറ്റ്യാടി പദ്ധതിയില്‍ മൂന്ന് കരാറുകളും ഒപ്പുവച്ചത് യു.ഡി.എഫാണ്. എന്നാല്‍ പി എസ് പി പദ്ധതികളില്‍ ആദ്യത്തെ രണ്ട് കരാര്‍ യു.ഡി.എഫും മൂന്നാമത്തേത് എല്‍.ഡി.എഫ് സര്‍ക്കാരുമാണ് ഒപ്പുവച്ചത്.

കേരളത്തിലെ ജലവൈദ്യുതപദ്ധതികള്‍ മുഴുവന്‍ ലാവ്‌ലിന്‍ കമ്പനിയെക്കൊണ്ട് ചെയ്യിക്കാന്‍ ധാരണയുണ്ടാക്കുന്നതിന്റെ ഒന്നാംഘട്ടമെന്ന നിലയിലാണ് പി എസ് പി കരാര്‍ ലാവ്‌ലിന് നല്‍കുന്നതെന്ന് പറയുന്നുണ്ട്. ഇവരുമായി ഒരു സംയുക്ത സംരംഭം ആരംഭിക്കുമെന്ന് ധാരണാപത്രത്തില്‍ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിലെ ജലവൈദ്യുതപദ്ധതികളുടെ കുത്തക ലാവ്‌ലിന് നല്‍കുന്നത് പൊളിക്കുകയാണ് പിന്നീടു വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്; സിപിഎം പ്രസ്താവിക്കുന്നു.

പള്ളിവാസല്‍-ചെങ്കുളം- പന്നിയാര്‍ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നഷ്ടമുണ്ടായി എന്ന ആരോപണം പാര്‍ട്ടിക്കുമേല്‍ കെട്ടിവയ്‌ക്കേണ്ട എന്നതിനു ന്യായീകരണവും സിപിഎമ്മിന് ഉണ്ടായിരുന്നു. കരാര്‍ ഒപ്പുവച്ചത് തങ്ങളായിരുന്നില്ലെങ്കിലും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ശ്രമിച്ചത് സംസ്ഥാനത്തിന് കൂടുതല്‍ ആനുകൂല്യം വാങ്ങിയെടുക്കുന്ന തരത്തില്‍ കരാര്‍ രൂപപ്പെടുത്താനായിരുന്നു. പദ്ധതി മൂലം നഷ്ടമുണ്ടായിട്ടുണ്ടെങ്കില്‍ അതിനു കാരണം യുഡിഎഫ് മാത്രമാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.

ചിലര്‍ ചോദിക്കുന്നത് യുഡിഎഫ് ഒപ്പുവച്ച ധരണാപത്രവും കരാറും റദ്ദ് ചെയ്യാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടെന്നായിരുന്നു. അതു വലിയ പ്രതിസന്ധികള്‍ സംസ്ഥാനത്തിനുമേല്‍ ഉണ്ടാക്കുമെന്നാണ് സിപിഎം പറയുന്നത്. ആന്റണി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറിന്റെ 17ാം വകുപ്പ് പ്രകാരം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ വൈദ്യുതി ബോര്‍ഡ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണം. പാരീസില്‍ പോയി കേസ് നടത്തണം. അതിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കണം. പുതിയ വായ്പ കണ്ടെത്തണം. നേരിയമംഗലം പവര്‍ പ്രോജക്ടില്‍ ഇത്തരത്തില്‍ യു.ഡി.എഫ് ഉണ്ടാക്കിയ കരാര്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ കരാറില്‍ ഒപ്പിട്ട എ.ബി.ബി കമ്പനി കേസ് നടത്തുകയും ആ കേസില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു. ഇതേ സ്ഥിതി തന്നെ ആകുമായിരുന്നു ലാവ്‌ലിന്‍ കരാര്‍ റദ്ദാക്കിയാലും ഉണ്ടാവുക എന്നായിരുന്നു ആ ന്യായീകരണം.

സിപിഎമ്മിന് കുരുക്കായ ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ഇ ബാലാനന്ദന് വൈദ്യുതി മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സാങ്കേതിക ധാരണയില്ല എന്നൊരു വാദം പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ ദാമോദരന്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ ഉന്നയിച്ചിരുന്നു. 2013 ഓഗസ്റ്റിലായിരുന്നു ഇത്. ഏറെ മാധ്യമചര്‍ച്ചകള്‍ക്ക് വഴി വച്ച, കോടതിയിലെ ഈ വാദത്തിന് കാരണമായത് പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടായിരുന്നു. 1996 സെപ്റ്റംബര്‍ 16ന് സംസ്ഥാനത്തെ വൈദ്യുതിമേഖലയിലെ നവീകരണത്തെ കുറിച്ച് പഠിക്കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ഇ ബാലാനന്ദന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ഇകെ നായനാരുടെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചു. 1997 ഫെബ്രുവരി രണ്ടിന് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളില്‍ അറ്റകുറ്റപ്പണി നടത്തുകയാണ് വേണ്ടതെന്നും ഇതിനുള്ള കരാര്‍ പൊതുമേഖലാ സ്ഥാപനമായ BHELന് (ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ്) നല്‍കണമെന്നും ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോയി. ബാലാനന്ദനും കമ്മിറ്റി അംഗങ്ങള്‍ക്കും സാങ്കേതിക പരിജ്ഞാനം ഇല്ലായിരുന്നുവെന്നും വിശദമായി പഠിക്കാതെയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതെന്നും അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് അംഗീകരിക്കേണ്ട ആവശ്യം സര്‍ക്കാരിനുണ്ടായിരുന്നില്ല എന്നുമാണ് എംകെ ദാമോദരന്‍ കോടതിയില്‍ വാദിച്ചത്. എന്തുകൊണ്ട് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും അവഗണിച്ചു എന്നതിന് മറുപടി നല്‍കുകയായിരുന്നു പിണറായിയുടെ അഭിഭാഷകന്‍.

വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളി നേതാവും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ഏറെക്കാലം പാര്‍ലമെന്റിലെ വൈദ്യുതി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ അംഗവുമായിരുന്നു ഇ ബാലാനന്ദന്‍. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ കമ്മീഷന്‍ അംഗം കെ മാധവന്‍, എന്‍ടിപിസി (നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) മുന്‍ ഡയറക്ടറും കേരള സര്‍ക്കാരിന്റെ വൈദ്യുതി ഉപദേഷ്ടാവുമായിരുന്ന എസ്എംസി പിള്ള, മൂഴിയാര്‍ അടക്കമുള്ള പദ്ധതികളുടെ നിര്‍മ്മാണത്തില്‍ നേരിട്ട് പങ്ക് വഹിച്ചിട്ടുള്ള ചീഫ് എഞ്ചിനിയര്‍മാരില്‍ ഒരാളായിരുന്ന വി നീലകണ്ഠന്‍, ചീഫ് എഞ്ചിനിയര്‍മാരായിരുന്ന ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍ തമ്പി, കെആര്‍ ഉണ്ണിത്താന്‍ തുടങ്ങിയവരായിരുന്നു 25 അംഗ ബാലാനന്ദന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍.

1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കുന്ന സമയത്ത് സംസ്ഥാനം രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വൈദ്യുതി മേഖലയിലെ നവീകരണവും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും ലക്ഷ്യമിട്ട് പഠനം നടത്താന്‍ ബാലാനന്ദന്‍ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. മഹാരാഷ്ട്രയിലെ എന്റോണ്‍ പവര്‍ പ്രോജക്ട് പോലുള്ള സ്വകാര്യവത്കരണ നീക്കങ്ങള്‍ വരുന്ന സാഹചര്യമുണ്ടായിരുന്നു. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക തുടങ്ങിയ ഉദ്ദേശങ്ങളും ബാലാനന്ദന്‍ കമ്മിറ്റിയെ നിയമിച്ചതിന് പിന്നിലുണ്ടായിരുന്നു.

കേരളത്തിന് ആവശ്യമായ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ എന്തുകൊണ്ട് വൈദ്യുതി ബോര്‍ഡിന് കഴിയുന്നില്ല, ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണം, ഉത്പ്പാദന – പ്രസരണ – വിതരണ രംഗങ്ങളില്‍ വേണ്ടത്ര വികസനം നേടിയെടുക്കാനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സ്വീകരിക്കേണ്ട നടപടികള്‍ എന്തൊക്കെ, ഇതിനായുള്ള വിഭവസമാഹരണത്തിനുള്ള വഴിയെന്ത്- ഈ മൂന്ന് കാര്യങ്ങളാണ് ടേംസ് ഓഫ് റഫറന്‍സ് ആയി തീരുമാനിച്ചിരുന്നത്. വിഭവ സമാഹരണത്തിനായി കേരള പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ രൂപീകരിക്കണമെന്ന ആവശ്യം കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമപരമായ സഹായം അക്കാലത്ത് അഡ്വക്കറ്റ് ജനറലായിരുന്ന എംകെ ദാമോദരനില്‍ നിന്നും ബാലാനന്ദന്‍ തേടിയിരുന്നു. വിദേശസഹായം ഒഴിവാക്കുക എന്ന താല്‍പര്യത്തിന്റെ ഭാഗമായാണ് പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍ എന്ന നിര്‍ദ്ദേശം ബാലാനന്ദന്‍ കമ്മിറ്റി മുന്നോട്ട് വച്ചത്. ഉപകരണങ്ങള്‍ മാറ്റി വയ്ക്കുക എന്നതിനേക്കാള്‍ നിലവിലുള്ള ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നതിലാണ് ബാലാനന്ദന്‍ കമ്മിറ്റി ഊന്നിയത്.

കമ്മിറ്റിയെ അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചിരുന്നു. ഓരോ ഗ്രൂപ്പിനും റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ജോലികള്‍ വിഭജിച്ച് നല്‍കി. ചെയര്‍മാനും കമ്മിറ്റി അംഗങ്ങളും പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ഉപയോക്താക്കളുടേയും വിവിധ ഗ്രൂപ്പുകളുടേയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്തു. ഇതിന് ശേഷം അഞ്ച് സബ് കമ്മിറ്റികളുടേയും റിപ്പോര്‍ട്ടുകള്‍ സമന്വയിപ്പിച്ച് ഒറ്റ റിപ്പോര്‍ട്ട് തയ്യാറാക്കി. പള്ളിവാസല്‍, സെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണം സംബന്ധിച്ച് 1992ല്‍ സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി കെഎസ്ഇബിക്ക് നല്‍കിയ ഉപദേശവും നിര്‍ദ്ദേശവുമാണ് ബാലാനന്ദന്‍ കമ്മിറ്റിയും മുന്നോട്ട് വച്ചത്.

നിലവിലുള്ള ഉല്‍പ്പാദന കേന്ദ്രങ്ങളിലെ അവശ്യ സാധനങ്ങള്‍ മാത്രം മാറ്റാനും ആവശ്യമായ വിപുലീകരണ പദ്ധതി നടപ്പാക്കാനുമാണ് സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. ആസൂത്രണ ബോഡിന്റെ വൈദ്യുതി സബ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഇതേ കാര്യമാണ് ആവശ്യപ്പെട്ടിരുന്നത്. സബ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന സാംബമൂര്‍ത്തിയുമായി ബാലാനന്ദന്‍ ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തമിഴ്‌നാട്ടിലെ പൈക്കാറ ജലവൈദ്യുത പദ്ധതി, കര്‍ണാടകയിലെ എംജി ജലവൈദ്യുത പദ്ധതി എന്നിവയുടെ നവീകരണത്തിനും ഭെല്‍ സമാനമായ പദ്ധതി നടപ്പാക്കിയിരുന്നു. മേല്‍പ്പറഞ്ഞ പ്രകാരം നവീകരണം നടപ്പാക്കുന്നതിന് 100.5 കോടി രൂപയാണ് പരമാവധി ചിലവ് കണക്കാക്കിയിരുന്നത്. എസ്എന്‍സി ലാവ്‌ലിനുമായുള്ള അന്തിമ കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവയ്ക്കുന്നത് ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എട്ട് ദിവസത്തിന് ശേഷം 1997 ഫെബ്രുവരി 10നാണ്.

ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ പി എസ് പി പദ്ധതിയുമായി ബന്ധപ്പെട്ട കാരാറില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഊരിപ്പോരാന്‍ കഴിയുമായിരുന്നില്ല. ഇടതുമുന്നണി സര്‍ക്കാര്‍ വരുന്നതിന് മുന്‍പ് തന്നെ അടിസ്ഥാന കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞിരുന്നു. എന്നാല്‍ ഇടതു മുന്നണി തന്നെ നിയമിച്ച ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാണ് പിണറായി വിജയന്‍ ലാവ്‌ലിന്‍ കരാറുമായി മുന്‍പോട്ട് പോയത് എന്ന് കോണ്‍ഗ്രസ്സും മാധ്യമങ്ങളും പ്രചരിപ്പിക്കുകയും അത് സിപിഎം വിഭാഗീയതയിലെ തുരുപ്പ് ചീട്ടായി മാറുകയും ചെയ്തു.

കൈരളി ടിവിക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ഇതിനെ കുറിച്ച് ബാലാനന്ദന്‍ ഇങ്ങനെ പറഞ്ഞു, “ഏത് കമ്മിറ്റി റിപ്പോര്‍ട്ടും തള്ളാനും കൊള്ളാനും ഉള്ള അവകാശം അവകാശം ഗവണ്‍മെന്റിനുണ്ട്. ഇപ്പോഴത്തെ യഥാര്‍ത്ഥ നില വിജയന്‍ വിവരിച്ചിട്ടുണ്ട്. പഴയ ഗവണ്‍മെന്‍റിന്റെ കരാറില്‍ നിന്നും ഊരിപ്പോരാന്‍ കഴിയുമായിരുന്നില്ല. നിയമപരമായ ബാധ്യത വെച്ചും അടിയന്തിരമായി വൈദ്യുതി ഉണ്ടാക്കേണ്ട ആവശ്യം വെച്ചുമാണ് എല്‍ ഡി എഫ് ഗവണ്‍മെന്‍റ് ശ്രമിച്ചത്”

ലാവ്‌ലിന്‍ കേസിലൂടെ നിറഞ്ഞാടിയ സിപിഎം വിഭാഗീയത
കേരള സിപിഎമ്മിനുള്ളില്‍ ഗ്രൂപ്പ് പോര് തിടം വെച്ചത് ലാവ്‌ലിന്‍ കേസോടെയാണ്. ഉള്ളില്‍ മറഞ്ഞിരുന്ന വിഭാഗീയതയാണ് ലാവ്‌ലിന്‍ കേസ് അക്ഷരാര്‍ത്ഥത്തില്‍ പുറത്തുകൊണ്ടുവന്നത്. സിപിഎമ്മിലെ ഐക്യം പൊളിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ പലപ്പോഴും കോണ്‍ഗ്രസ്സ് ലാവ്‌ലിന്‍ കേസിനെ രാഷ്ട്രീയ ആയുധമാക്കുകയും ചെയ്തു.

ഈ വിഭാഗീയത വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന് ഭരണ തുടര്‍ച്ച ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 2011ലും തിരിച്ചടിക്ക് കാരണമായി; അതിന്റെ പ്രധാന കാരണങ്ങളിലൊന്നും ലാവ്ലിന്‍ തന്നെയായിരുന്നു. വിഎസും പിണറായി വിജയനും ലാവ്‌ലിന്‍ വിഷയത്തില്‍ പലപ്പോഴും പരസ്യമായി തന്നെ കൊമ്പ് കോര്‍ത്തതോടെ അണികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും അത് തെരഞ്ഞെടുപ്പിനെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടിക്കുള്ളില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ രൂപപ്പെട്ടപ്പോള്‍ പിണറായിക്കെതിരായ ഈ അഴിമതി ആരോപണമായിരുന്നു വിഎസിന്റെ എതിര്‍പ്പിന്റെ മുഖ്യകാരണം. ഒരു സിപിഎം നേതാവ് അഴിമതി ആരോപണത്തില്‍ പെടുന്നത് പാര്‍ട്ടിയുടെ ജനകീയ അടിത്തറ ഇല്ലാതാക്കുമെന്ന് അദ്ദേഹം വാദിച്ചുകൊണ്ടിരുന്നു. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസമുള്ള പിണറായി, ധാര്‍ഷ്ട്യമെന്ന് തോന്നുന്ന ഭാഷയില്‍ തന്നെ ഇതിനെല്ലാം മറുപടിയും പറഞ്ഞു. മറ്റൊരുവിധത്തില്‍ പിണറായിക്കെതിരായ രാഷ്ട്രീയ ആയുധമായി വിഎസ് ഇടക്കിടെ ലാവ്‌ലിന്‍ പ്രയോഗിച്ചു.

2006ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന സാഹചര്യം വന്നപ്പോഴും വിഎസ് ആയുധമാക്കിയത് ലാവ്‌ലിന്‍ കേസ് ആണ്. അഴിമതി ആരോപണം മൂലം പിണറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കിടയിലും ശക്തമായതോടെ വിഎസ് വിജയിക്കുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. വിഎസിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായയും അദ്ദേഹത്തിന് ജനപിന്തുണ ലഭിക്കാന്‍ കാരണമായി. വിഎസ് മുഖ്യമന്ത്രിയും പിണറായി പാര്‍ട്ടി സെക്രട്ടറിയുമായിരുന്ന കാലത്ത് പാര്‍ട്ടി സെക്രട്ടറിയാണോ മുഖ്യമന്ത്രിയാണോ വലുതെന്ന ചോദ്യം പലപ്പോഴും അണികള്‍ക്കിടയില്‍ ഉയര്‍ന്നത് ഈ വിഭാഗീയത മൂലമാണ്. വിഭാഗിയതയെ പലപ്പോഴും വെളിപ്പെടുത്തിയതാകട്ടെ പലപ്പോഴും ലാവ്‌ലിന്‍ കേസിലെ ഈ നേതാക്കളുടെ പരസ്യ പ്രതികരണങ്ങളും. രണ്ട് നേതാക്കളും പോളിറ്റ് ബ്യൂറോയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി.

തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കിയതോടെ പിണറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുകയും മുഖ്യമന്ത്രിയാകുകയും ചെയ്തു. അതേസമയം ലാവ്‌ലിന്‍ പ്രശ്‌നം ഉയര്‍ത്തി സിപിഎമ്മിലെ വിഭാഗീയത ശക്തമാക്കാന്‍ ഉമ്മന്‍ ചാണ്ടി പിന്നെയും ശ്രമിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ വിജയത്തില്‍ നിന്നും അപകടം മണത്തായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നീക്കം. വിഎസിനെ പ്രകോപിപ്പിച്ച് വീണ്ടും സിപിഎമ്മില്‍ തമ്മില്‍തല്ല് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍ സിബിഐ കോടതിയുടെ ഉത്തരവിനെ മാനിക്കുന്നതായി അതിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്ന വിഎസ് ഈ കുരുക്കില്‍ വീഴാതിരുന്നതോടെ കോണ്‍ഗ്രസ്സ് തന്ത്രം പൊളിയുകയായിരുന്നു.

രണ്ട് പതിറ്റാണ്ടു കാലം കേരള സമൂഹത്തിനു മുന്‍പില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കേസിനാണ് താല്‍ക്കാലികമായ പര്യവസാനം ഉണ്ടായിരിക്കുന്നത്. തല മുതിര്‍ന്ന രണ്ടു നേതാക്കള്‍ വിരുദ്ധ ദിശയിലൂടെ സഞ്ചരിച്ചപ്പോള്‍ പാര്‍ട്ടിയുടെ സംഘടനാ ചട്ടക്കൂട് ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞു. അണികള്‍ പൊരുകോഴികളെപ്പോലെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം നടപ്പിലാക്കി. നിരവധി നേതാക്കളുടെ തലകള്‍ ഉരുണ്ടു. നിരവധി പ്രവര്‍ത്തകര്‍ നിഷ്ക്രീയരായി. എങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി എസും പിണറായിയും പ്രദര്‍ശിപ്പിച്ച അന്യാദൃശമായ സംയമനം സിപിഎമ്മിനും ഇടതു മുന്നണിക്കും മികച്ച വിജയം നേടിക്കൊടുത്തു. പ്രതീക്ഷിച്ചത് പോലെ പിണറായി വിജയന്‍ മുഖ്യമന്ത്രി പദത്തില്‍ അവരോധിതനാവുകയും ചെയ്തു. പൊതുവേ തെറ്റുകുറ്റങ്ങള്‍ അധികം പറയാനില്ലാതെ ഭരണം മുന്‍പോട്ട് പോകുമ്പോഴും ഡെമോക്ലസിന്റെ വാള്‍ പോലെ ലാവ്‌ലിന്‍ കേസ് പിണറായിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങി കിടന്നു. ഇനി ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സിബിഐയെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതിനനുസരിച്ചിരിക്കും ലാവ്‌ലിന്‍ കേസിന്റെ ഭാവി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍