UPDATES

ട്രെന്‍ഡിങ്ങ്

ലയിച്ചു വരൂ, മുന്നണിയില്‍ ചേര്‍ക്കാം; ഈ ഓഫര്‍ പരിമിതകാലത്തേക്ക് മാത്രം

ആരെയൊക്കെ പുതുതായി മുന്നണിയുടെ ഭാഗമാക്കണം എന്ന കാര്യത്തിൽ മുന്നണിയെയും സർക്കാരിനെയും നയിക്കുന്ന സി പി എമ്മിനുപോലും കൃത്യമായ ഒരു ധാരണ കൈവന്നിട്ടില്ല

കെ എ ആന്റണി

കെ എ ആന്റണി

2019 ലോക്സഭ തിരഞ്ഞെടുപ്പിനു വേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ചു കൂടി ചർച്ച ചെയ്യാനാണ് ഇന്ന് ഉച്ചതിരിഞ്ഞു 3 മണിക്ക് ഇടതു മുന്നണി യോഗം ചേരുന്നതെങ്കിലും തിരഞ്ഞെടുപ്പിനു മുൻപായി ഇടതു മുന്നണി വിപുലീകരിക്കണം എന്ന സി പി എം അജണ്ടയും ചർച്ചക്ക് വന്നേക്കാം. പക്ഷെ ആരെയൊക്കെ പുതുതായി മുന്നണിയുടെ ഭാഗമാക്കണം എന്ന കാര്യത്തിൽ മുന്നണിയെയും സർക്കാരിനെയും നയിക്കുന്ന സി പി എമ്മിനുപോലും കൃത്യമായ ഒരു ധാരണ കൈവന്നിട്ടില്ല എന്നതാണ് വസ്തുത. മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സി പി ഐക്കാവട്ടെ മുന്നണി വിപുലീകരണം ഇന്നു ചർച്ച ചെയ്യുമോ ഇല്ലയോ എന്നത് സംബന്ധിച്ച് യാതൊരു വിധ അറിയിപ്പും മുൻകൂട്ടി ലഭിച്ചിട്ടില്ലായെന്നാണ് ഒരു മുതിർന്ന സി പി ഐ നേതാവ് ഇന്നു രാവിലെ പറഞ്ഞത്. “കമ്മിറ്റി മൂന്നു മണിക്കാണ്. ബാക്കിയൊക്കെ അവിടെ ചെന്നിട്ടുവേണം അറിയാൻ” എന്ന മറുപടിയിൽ തന്നെ തങ്ങളെ എല്ലാ കാര്യത്തിലും സി പി എം വിശ്വാസത്തിലെടുക്കുന്നില്ലെന്ന ധ്വനി പ്രകടമായിരുന്നു. എങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപായി ഇടതു മുന്നണി വിപുലീകരണം എന്ന അജണ്ട സി പി എം കൊണ്ടുനടക്കുന്നിടത്തോളം കാലം ഒരു പക്ഷെ ഇത് സംബന്ധിച്ച ഒരു ചർച്ച ഇന്നത്തെ യോഗത്തിൽ ഉണ്ടായിക്കൂടെന്നില്ല എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. “അങ്ങെനെയെങ്കിൽ ഞങ്ങളുടെ അഭിപ്രായം അപ്പോൾ പറയാം” എന്ന അല്പം ആശങ്ക കലർന്ന മറുപടിയിൽ നിന്നും ഒരു കാര്യം വ്യക്തം. അതായത് തങ്ങൾക്കുകൂടി സ്വീകാര്യരല്ലാത്തവരെ മുന്നണിയിൽ എടുക്കുന്നതിനോട് സി പി ഐക്കു കടുത്ത അമർഷമുണ്ട്. പക്ഷെ അവരുടെ അമര്‍ഷത്തിനു സി പി എമ്മിന്റെ ഉരുക്ക് മുഷ്ടിക്കു മുന്നിൽ എത്രകണ്ട് പ്രസക്തിയുണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു.

ഇത് നിലവിൽ മുന്നണി വിപുലീകരണം സംബന്ധിച്ച് ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള സ്വര ചേർച്ച മാത്രമായി എഴുതിത്തള്ളാൻ വയ്യ. ഓരോ പുതിയ കക്ഷിയും മുന്നണിയിലേക്ക് കടന്നു വരുമ്പോൾ നഷ്ടം സംഭവിക്കുന്നത് തങ്ങൾക്കാണെന്നു സി പി ഐക്കാർക്ക് നന്നായി അറിയാം. കെ എം മാണിയെ എൽ ഡി എഫിലേക്കു ആനയിക്കുന്നുവെന്നു കേട്ടപ്പോൾ അതിനെതിരെ സി പി ഐ ശക്തമായി രംഗത്ത് വന്നതും ഈ കഷ്ട നഷ്ടങ്ങളെക്കുറിച്ചു ചിന്തിച്ചത് കൊണ്ട് തന്നെയാണ്. അതെ സമയം എം പി വീരേന്ദ്രകുമാറിനെയും അയാളുടെ പാർട്ടിയെയും മുന്നണിയിൽ തിരികെ കൊണ്ടുവരണമെന്ന് ആദ്യം ആവശ്യപ്പെട്ടതും സി പി ഐ തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.

എൽ ഡി എഫ് രൂപീകരണ കാലം മുതൽ വീരേന്ദ്രകുമാർ എൽ ഡി എഫിനൊപ്പമായിരുന്നുവെന്ന ന്യായീകരണം മാത്രമായിരുന്നില്ല വീരനുവേണ്ടി വാദിക്കാൻ സി പി ഐയെ പ്രേരിപ്പിച്ചത്. പിണറായി വിജയൻ തന്നെ ഇടതു മുന്നണിയിൽ നിന്നും ചവിട്ടി പുറത്താക്കി എന്നു പറഞ്ഞ വീരനെ തിരികെ എത്തിക്കുക വഴി വീരനെ പുറത്താക്കിയപ്പോൾ അതിനോട് കലഹിച്ച തങ്ങളുടെ നിലപാട് തന്നെയായിരുന്നു ശരിയെന്നു തെളിയിക്കുക എന്ന ഒരു ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു.

മുന്നണി വിപുലീകരണം സംബന്ധിച്ച സി പി എം-സി പി ഐ വിരുദ്ധ നിലപാടുകൾ തുടരുമ്പോഴും ഇക്കാര്യത്തിൽ സി പി എം അജണ്ട നടപ്പിലാകും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. എന്നാൽ എൽ ഡി എഫ് പ്രവേശനം കാത്തു നിൽക്കുന്ന എത്ര പാർട്ടികളെ ഈ ഘട്ടത്തിൽ ഉൾകൊള്ളാൻ കഴിയുമെന്ന കാര്യത്തിൽ സി പി എമ്മിനുള്ളിൽ തന്നെ തർക്കം നിലനിൽക്കുന്നു. നിലവിൽ മുന്നണിയെ പുറത്തു നിന്നും പിന്തുണക്കുന്ന എല്ലാ പാർട്ടികളെയും ഒറ്റയടിക്ക് മുന്നണിയിലേക്ക് എടുത്താൽ അത് വലിയ അപകടം ക്ഷണിച്ചു വരുത്തും എന്ന വാദം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്. തൽക്കാലം പുറമേക്ക് ഇതൊന്നും അത്ര പ്രകടമാകുന്നില്ലെന്നു മാത്രം. അതുകൊണ്ടു കൂടിയാണ് എല്ലാവരോടും ലയിച്ചു വരാൻ സി പി എം നിർദ്ദേശിക്കുന്നതും.

മുന്നണി പ്രവേശനം കാത്തു നിൽക്കുന്ന പാർട്ടികൾ വീരേന്ദ്രകുമാറിന്റെ ജനതാദൾ, ആർ എസ് പിയിലെ രണ്ടു കഷണങ്ങൾ, ഐ എൻ എൽ, ഗൗരിയമ്മയുടെ ജെ എസ് എസ്, കേരള കോൺഗ്രസിൽ നിന്നും പിള്ളയുടെയും, പി സി ജോർജിന്റെയും ഫ്രാൻസിസ് ജോർജിന്റെയും പാർട്ടികൾ, അരവിന്ദാക്ഷൻ വിഭാഗം സി എം പി എന്നിങ്ങനെ വലിയൊരു നിര തന്നെയുണ്ട്. ഇവരെ ആരെയും ഒറ്റക്കൊറ്റക്ക് എടുക്കാനാവില്ലെന്നും നിലവിൽ എൽ ഡി എഫിലുള്ള പാർട്ടികളിൽ ലയിച്ചു വരണമെന്നുമാണ് സി പി എം നിർദ്ദേശം. എന്നാൽ ലയനം എന്നത് അത്ര എളുപ്പമല്ല, പ്രത്യേകിച്ചും ജനതാദൾ, കേരള കോൺഗ്രസ് കക്ഷികളുടെ കാര്യത്തിൽ. ലയിക്കും മുൻപേ തമ്മിലടിച്ചു പിരിഞ്ഞ പിള്ള – സ്കറിയ തോമസ് സംഭവം തന്നെ വ്യക്തമാക്കുന്നത് അതുതന്നെയാണ്. അത് പോലെ തന്നെയാണ് നിലവിൽ യു ഡി എഫിനൊപ്പം നില്‍ക്കുന്ന ആർ എസ് പി തങ്ങൾക്കൊപ്പം വരണമെന്നും എൽ ഡി എഫ് പ്രവേശനം തേടുന്ന ആർ എസ് പി കഷണങ്ങൾക്കു മാതൃ സംഘടനയിൽ ലയിച്ചു എൽ ഡി എഫിൽ എത്താമെന്നും ഒക്കെ പറയുന്നത് എത്രകണ്ട് പ്രായോഗികം എന്നതും ചിന്തിക്കേണ്ട കാര്യം തന്നെ. എൽ ഡി എഫിലേക്കില്ല എന്നു പറയുന്ന ആർ എസ് പി ഔദ്യോഗിക വിഭാഗത്തെ ഇനിയിപ്പോൾ മുന്നണിയിൽ എടുത്താൽ തന്നെ വന്നു ചേരാവുന്ന പൊല്ലാപ്പ് കോടിയേരി ബാലകൃഷ്ണൻ ആലോചിക്കുന്നുണ്ടോ എന്ന കാര്യവും സംശയമാണ്. ആർ എസ് പി യു ഡി എഫ് വിട്ടു വന്നാൽ കൊല്ലം സീറ്റു അവർക്കു തന്നെ നൽകേണ്ടി വരും. ഇനിയിപ്പോൾ എൻ കെ പ്രേമചന്ദ്രൻ തന്നെ അവിടെ മത്സരിച്ചാലും കോൺഗ്രസ്സുകാരും പ്രേമചന്ദ്രൻ വിരുദ്ധരും ചേർന്ന് അയാളെ കെട്ടുകെട്ടിക്കും എന്ന കാര്യത്തിലും തർക്കം വേണ്ട. ഗൗരി അമ്മയോടും അരവിന്ദാക്ഷൻ സി എം പി യോടും സി പി എമ്മിൽ ലയിക്കാനാണ് ഉപദേശം. സി പി എമ്മിന്റെ ഈ ഉപദേശം എത്ര പേര് അംഗീകരിക്കുമെന്നും അംഗീകരിച്ചാൽ തന്നെ അത് എത്രകണ്ട് പ്രായോഗികം എന്നതും കണ്ടു തന്നെ അറിയേണ്ടതുണ്ട്.

ലയിക്കുന്നതിന് മുന്‍പ് പിളര്‍ന്ന് ചരിത്രം സൃഷ്ടിച്ച് ഒരു കഷ്ണം കേരള കോണ്‍ഗ്രസ്സ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍