UPDATES

പ്രളയം 2019

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം പ്രളയത്തിനും ഒരു മാസം മുന്‍പ്; സര്‍ക്കാര്‍ അനങ്ങിയില്ല, പ്രകൃതി കലിതുള്ളി

ക്വാറികളുടെ പ്രവര്‍ത്തനംമൂലം പശ്ചിമഘട്ടം ഇല്ലാതാവുന്നതും, ക്വാറികളുടെ പ്രവര്‍ത്തനത്താല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വര്‍ധിച്ചതുമുള്‍പ്പെടെ ഗൗരവകരമായ കണ്ടെത്തലുകളടങ്ങുന്നതാണ് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്

തുടര്‍ച്ചയായ ദുരന്തങ്ങളിലും പാഠം പഠിക്കാതെ സര്‍ക്കാര്‍. ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്യുന്ന നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടിന് അവഗണന. അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമുള്‍പ്പെടെ വിശദമായ നിര്‍ദ്ദേശങ്ങളടങ്ങിയ സമിതിയുടെ റിപ്പോര്‍ട്ട് ഇനിയും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ജൂലൈ നാലിന് സമിതി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ ഉയരുമ്പോഴും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനങ്ങിയിട്ടില്ല. ക്വാറികളുടെ പ്രവര്‍ത്തനംമൂലം പശ്ചിമഘട്ടം ഇല്ലാതാവുന്നതും, ക്വാറികളുടെ പ്രവര്‍ത്തനത്താല്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വര്‍ധിച്ചതുമുള്‍പ്പെടെ ഗൗരവകരമായ കണ്ടെത്തലുകളടങ്ങുന്നതാണ് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പരിഗണിക്കുന്നതിന് പകരം മഴ മാറിയ കാരണം ചൂണ്ടിക്കാട്ടി ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ പരിസ്ഥിതി സമിതി പഠനം നടത്തിയത്. ഇടുക്കി, വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ വര്‍ഷം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലമുണ്ടായ ദുരന്തം മുന്നില്‍ നില്‍ക്കെ റിപ്പോര്‍ട്ടിനെ കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന അഭിപ്രായമാണ് ഭൗമശാസ്ത്രജ്ഞര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമുള്ളത്.

ഗാഡ്ഗില്‍ കമ്മറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കേണ്ടതാണെന്നതാണ് പരിസ്ഥിതി സമിതിയുടെ പ്രധാനപ്പെട്ട നിരീക്ഷണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പുതിയ ക്വാറികള്‍ക്ക് അനുവാദം കൊടുക്കേണ്ടതില്ല എന്നും അവിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഹരിത ട്രൈബ്യൂണല്‍ വിധിയെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ഗാഡ്ഗില്‍ കമ്മറ്റി നിര്‍ദ്ദേശങ്ങളാണ് നടപ്പാക്കേണ്ടതെന്ന് സമിതി അടിവരയിടുന്നു. കേരളത്തെ കേരളമായി നിലനിര്‍ത്തുന്ന പശ്ചിമഘട്ടം മുഴുവന്‍ തിരിച്ചു പിടിക്കാനാവാത്ത വിധം ഇല്ലാതായതിന് ശേഷം പരിതപിച്ചിട്ട് കാര്യമില്ല. കാടും കുന്നും വയലും കാടും പുഴയും കായലും കടലും ജൈവവ്യവസ്ഥയും നാമാവശേഷമാകുന്നതിന് മുമ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. പാരിസ്ഥിതിക ആശങ്കകള്‍ രാഷ്ട്രീയ, മത പരിഗണനകള്‍ക്ക് മേലായിരിക്കണമെന്നും നിരീക്ഷിക്കുന്നു.

പശ്ചിമഘട്ടത്തിലെ എണ്‍പത് ശതമാനം പ്രദേശവും ഉരുള്‍പൊട്ടല്‍ മേഖലയാണ്. എന്നാല്‍ പശ്ചിമഘട്ട മേഖലയുമായി ബന്ധപ്പെട്ട ഘടനാപരമായ പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ച ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞ നാടാണ് കേരളമെന്ന് സമിതി വിമര്‍ശിക്കുന്നു. പശ്ചിമഘട്ടത്തിന് പുറമെ ഇടനാടന്‍ കുന്നുകളും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ഭൂഗര്‍ഭജല സ്രോതസ്സുകളും പുഴകളും കടലുമെല്ലാം മൂലധന താത്പര്യങ്ങള്‍ക്കായി നശിപ്പിക്കുന്ന പ്രക്രിയ തുടരുന്നു. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിരുദ്ധ സമരം ആളിക്കത്തിയ ഇടങ്ങളിലും ഉരുള്‍പൊട്ടലും മലയിടിച്ചിലും ജീവഹാനിയും ഏറെയുണ്ടായി. കേരളം പൂര്‍ണമായി പശ്ചിമഘട്ട നിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണ്. കേരളത്തില്‍ ഉരുള്‍പൊട്ടല്‍ മേഖലകളേയും മലയിടിച്ചില്‍ മേഖലകളേയും കുറിച്ച് ഭൗമശാസ്ത്ര പഠന കേന്ദ്രവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പഠനം നടത്തി സര്‍ക്കാരിന് സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും സമിതി നിര്‍ദ്ദേശിക്കുന്നു. 13000 ഉരുള്‍പൊട്ടല്‍ മേഖലകളേയും 17000 മലയിടിച്ചില്‍ മേഖലകളേയും ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് അടിയന്തിരമായി പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.

ക്വാറികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് സംബന്ധിച്ചും നിര്‍ദ്ദേശമുണ്ട്. പാറ,മണല്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തിന്റെയും ഖനനത്തിന്റെയും കാര്യത്തില്‍ എത്ര അളവ് എവിടെ നിന്ന് എപ്പോഴെല്ലാം എടുക്കാം എന്നത് നിയമം മൂലം വ്യവസ്ഥ ചെയ്യണമെന്നും ഇതിനാവശ്യമായ നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പശ്ചിമഘട്ടത്തിലുള്‍പ്പെട്ട 458 കിലോമീറ്റര്‍ ദൂരത്തില്‍ അംഗീകൃത ക്വാറികളും പതിന്‍മടങ്ങി അനധികൃത ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സമിതി കണ്ടെത്തി. ഇവയുടെ പ്രവര്‍ത്തന ഫലമായി മണ്ണിന്റെ ഘടനയില്‍ ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍, കിണര്‍ താഴ്ന്നുപോകല്‍, വിള്ളലുകള്‍, പുഴകള്‍ വഴിമാറി ഒഴുകല്‍, പുതിയ മണ്‍തിട്ടകള്‍ രൂപപ്പെടല്‍ എന്നീ മാറ്റങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം വീണ്ടും കേരളത്തില്‍ പ്രളയമുണ്ടാവുകയും അതിതീവ്ര മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അടിക്കടി ദുരന്തത്തെ അഭിമുഖീകരിക്കുന്ന കേരളത്തിന്റെ സുസ്ഥിരതക്കായി പശ്ചിമഘട്ടത്തെ ബലപ്പെടുത്തണമെന്നും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നുമുള്ള ചര്‍ച്ചകള്‍ ശക്തമായിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് എല്ലാ മുന്നണികളിലും അഭിപ്രായ വ്യത്യാസമുണ്ട്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനോടാണ് ഇടത് വലത് മുന്നണികളും ബിജെപിയും താത്പര്യം കാട്ടുന്നത്. എന്നാല്‍ ചില നേതാക്കള്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ വേണമെന്ന അഭിപ്രായവും മുന്നോട്ട് വച്ചിട്ടുണ്ട്. ഇതേകാര്യം ആവശ്യപ്പെട്ട നിയമസഭാ പരിസ്ഥിതി സമിതി റിപ്പോര്‍ട്ടും വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ല.

പുത്തുമലയിലും കവളപ്പാറയിലും അനേകം പേരുടെ ജീവനെടുത്ത ഉരുള്‍പൊട്ടലിന്റെ നടുക്കത്തില്‍ നിന്ന് കേരളം ഇതേവരെ മാറിയിട്ടില്ല. കവളപ്പാറയിലും പുത്തുമലയിലും നിരവധി ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഉരുള്‍പൊട്ടലിന് ഇതും ഒരു കാരണമായിരുന്നിരിക്കാമെന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു. പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായി ഇനിയും തിരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് സര്‍ക്കാര്‍ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുവാനുള്ള അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ മാറിയ സാഹചര്യത്തില്‍ പശ്ചിമഘട്ടത്തിനേല്‍ക്കുന്ന നേരിയ പോറല്‍ പോലും വലിയ ദുരന്തങ്ങളിലേക്ക് വഴിവക്കുമെന്ന നിയമസഭാ സമിതി റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. പ്രളയവും ഉരുള്‍പൊട്ടലും വലിയതോതില്‍ നാശനഷ്ടങ്ങളുണ്ടാക്കിയ കഴിഞ്ഞ വര്‍ഷം 129 ക്വാറികള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാര്‍ കണക്കില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന 750 പാറമടകളാണുള്ളത്. എന്നാല്‍ കേരളത്തില്‍ അയ്യായിരത്തിലധികം പാറമടകളും ക്വാറികളും പ്രവര്‍ത്തിക്കുന്നതായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ മാപ്പിങ്ങില്‍ വ്യക്തമായിരുന്നു. നിയമാനുസൃതമായി സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 750 ക്വാറികളില്‍ 83 എണ്ണം മലപ്പുറം ജില്ലയിലാണ്. ഇതില്‍ തന്നെ ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ താലൂക്കില്‍ 72 ക്വാറികളാണുള്ളത്. കവളപ്പാറ മേഖലയില്‍ മാത്രം ഇരുപതോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത ക്വാറികളില്‍ ഭൂരിഭാഗവും ജലാശയങ്ങളോട് ചേര്‍ന്നോ പരിസ്ഥിതി ലോല പ്രദേശങ്ങളിലോ ആണെന്ന് കെഎഫ്ആര്‍ഐയുടെ പഠനം സൂചിപ്പിക്കുന്നു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടതിന് പകരം ക്വാറികള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അമിതമഴയാണ് 2018ലെ വെള്ളപ്പൊക്കത്തിന് കാരമണമെന്ന് പരിസ്ഥിതി സമിതി റിപ്പോര്‍ട്ട് പറയുന്നു. ലഭിക്കേണ്ട മഴയേക്കാള്‍ 42ശതമാനം അധിക മഴ ലഭിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ദുരന്തങ്ങള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതിയുമായി ആത്മബന്ധം കാത്തുസൂക്ഷിക്കാനും ആകുന്ന ഒരു വികസന മാതൃക കേരളത്തിന് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരള ദുരന്ത നിവാരണ-നിയന്ത്രണ നയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. നിലവിലെ നിയമത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ തടയുന്നതില്‍ പരാമര്‍ശിക്കപ്പെടുന്നില്ല. ദുരന്തങ്ങളെ അതിജീവിക്കാന്‍ പര്യാപ്തമായ രീതിയിലുള്ള ദുരന്ത നിവാരണ നിയന്ത്രണ നിയമങ്ങള്‍ നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആവിഷ്‌ക്കരിക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് ജല സാക്ഷരതയില്ല. അക്കാര്യത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് പ്രധാന പങ്ക് വഹിക്കണം. മണ്ണ് സംരക്ഷണത്തിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്നും സമിതി കണ്ടെത്തുന്നുണ്ട്. കേരളത്തിന്റെ പലഭാഗത്തും മണ്ണ് വേഗത്തില്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും കൃഷിരീതിയില്‍ വന്ന മാറ്റം മണ്ണിന്റെ ഫലഭൂയിഷ്ടതയ്ക്ക് ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സമിതി നിരീക്ഷിക്കുന്നു. കോഴിക്കോട് കാരശേരി, കൂടരഞ്ഞി എന്നിവിടങ്ങളില്‍ അടിക്കടി ഉരുള്‍പട്ടലുകള്‍ക്ക് കാരണമാവുന്നത് ക്വാറികളുടെ പ്രവര്‍ത്തനമാണ്. പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, ഭൂമി താഴ്ന്ന് പോകല്‍, ഉറവകള്‍ രൂപംകൊള്ളല്‍ എന്നിങ്ങനെ നാല് തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഞ്ച് എച്ച പി മോട്ടറില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നത്ര ശക്തിയുള്ള ഉറവകള്‍ പലയിടത്തും രൂപപ്പെട്ടിട്ടപുണ്ട്. 2059 മീറ്റര്‍ ഉയരമുള്ള ബാണാസുര മല മുതല്‍ 1300-1500 മീറ്റര്‍ ഉയരമുള്ള കമ്പമല, മക്കിമല തുടങ്ങിയ ഭാഗങ്ങളിലാണ് കൂടുതല്‍ ഭൗമനാശം സ്ഭവിച്ചത്. 33 ശതമാനത്തില്‍ കൂടുതല്‍ ചരിവുള്ള പ്രദേശങ്ങളില്‍ കൃഷി ഒഴിവാക്കപ്പെടണം.

കബനി നദിയുടെ എഴുപത് ശതമാനം നീര്‍ച്ചാലുകളും കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെട്ടു. ഈ പ്രദേശത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളിലെല്ലാം സ്വാഭാവിക തുലനം നിലനിര്‍ത്താനുള്ള കുന്നിന്റെ ശേഷിക്ക് മാറ്റം വരാവുന്ന രീതിയില്‍ അടിഭാഗം അഞ്ച് മുതല്‍ 10 മീറ്റര്‍ വരെ നീളത്തില്‍ നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി മുറിച്ചു. ഈ രീതിയില്‍ മാറ്റം വരുത്തിയ സ്ഥലങ്ങളിലാണ് വലിയ തോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് സമിതി കണ്ടെത്തി. പരമാവധി 15 മുതല്‍ 20 അടിവരെ മാത്രമേ ഭൂമി കുഴിക്കാവൂ എന്ന നിയമത്തിന് വിരുദ്ധമായി 120 അടി വരെ കുഴിച്ച് റിസോര്‍ട്ട്, ഏലത്തോട്ട മാഫിയകള്‍ക്ക് വേണ്ടി കുഴല്‍കിണറുകള്‍ എന്നിവ നിര്‍മ്മിച്ചതുവഴി ഭൂമിയുടെ സ്വാഭാവിക ഘടന തകിടം മറിഞ്ഞു. ക്രൂരവും നീചവുമായ നടപടികള്‍ പലയിടത്തുമുണ്ടായി. പ്രളയത്തില്‍ ചിലയിടങ്ങളില്‍ ഭൂമി താഴ്ന്ന് പോയത് ഇതിന്റെ ഫലമായാണ്. ഇടിഞ്ഞ് വീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പോലും മണ്ണിന് ഭീഷണിയാണ്. എല്ലാത്തിനും ഒരു പ്രകൃതിപക്ഷം ഉണ്ടാവണം. ദുരന്ത സാധ്യതാ മേഖല എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പര്യാപ്തമല്ല എന്നും സമിതി നിരീക്ഷിക്കുന്നു. ഹ്രസ്വകാല പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിവ് രീതിക്ക് പകരം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കണം. പ്രകൃതി സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ അവര്‍ക്ക് നിയമം നല്‍കുന്ന അധികാരങ്ങള്‍ ഉപയോഗിച്ചുള്ള നിലപാടുകളും നടപടികളും കര്‍ശനമായി നടപ്പിലാക്കണം.

സമിതിയുടെ മറ്റ് ശുപാര്‍ശകള്‍ ഇവയാണ്:

നവകേരള നിര്‍മ്മാണം പദ്ധതി ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും വാര്‍പ്പുമാതൃകകളില്‍ നിന്ന് വിമുക്തമായിരിക്കണം. പദ്ധതി ആസൂത്രണ ഘട്ടത്തില്‍ തന്നെ പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണം. കേരളത്തിലെ ജലസ്രോതസ്സുകളുടെ സംരക്ഷണവും ഇവയിലേക്ക് ജലം ആഗിരണം നടത്തുന്ന പ്രവര്‍ത്തനങ്ങളും സംബന്ധിച്ച ജനകീയ അവബോധം ഉണ്ടാക്കണം. വയലുകളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്തുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുവാനുള്ള ആര്‍ജ്ജവം സര്‍ക്കാരില്‍ നിന്നുണ്ടാവണം. ഒരു വ്യക്തിയുടെ വരുമാന സ്രോതസ്സിന് ആനുപാതികമായ ഗൃഹനിര്‍മ്മാണ ചെലവ്, ഒരു നിശ്ചിത അളവ് ഭൂമിയിലെ വീടിന്റെ പരമാവധി തറവിസ്തൃതി, വലിപ്പം, നിര്‍മ്മാണ വസ്തുക്കള്‍ എന്നിവ നിയമം മൂലം വ്യവസ്ഥ ചെയ്യണം. മോഡുലാര്‍ ഭവനങ്ങള്‍ പോലെയുള്ള ഭവന നിര്‍മ്മാണ പദ്ധതിക്ക് രൂപം നല്‍കണം. നിര്‍മ്മാണ രീതികള്‍ പ്രകൃതി സൗഹൃദമായിരിക്കണം. കെട്ടിട നിര്‍മ്മാണത്തില്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കണം. മതില്‍ നിര്‍മ്മാണം ഉപേക്ഷിച്ച് ജൈവ വേലികളെ പ്രോത്സാഹിപ്പിക്കണം. കേരളത്തിലെ ഭൂപ്രകൃതി, താരതമ്യേന കുറഞ്ഞ ഭൂമിയുള്ള സംസ്ഥാനം, ദിനംപ്രതി വര്‍ധിച്ചുവരുന്ന ജനപ്പെരുപ്പം, ജനസാന്ദ്രത എന്നിവ പരിഗണിച്ച് സമഗ്രമായ പാര്‍പ്പിട നയം ഉണ്ടാവണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ജലസൗഹൃദമാക്കുന്നതിന് നടപടികള്‍ വേണം. സമതലങ്ങളിലും മലയോര മേഖലകളിലും നിര്‍മ്മാണ രീതികള്‍ വ്യത്യാസപ്പെട്ടിരിക്കണം. വില്ലേജ് ടൂറിസം, ഫാം ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ പദ്ധതികള്‍ ഉചിതമായി പരിഷ്‌ക്കരിച്ച് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര നയവും മാതൃകയും രൂപീകരിക്കണം. പ്രളയം ഭൂമിയുടെ ആന്തരിക ഘടനയിലുണ്ടാക്കിയ ആഘാതങ്ങള്‍ ശാസ്ത്രീയമായി പഠിക്കണം. ഇതിനായി വിദേശ സാങ്കേതിക വിദഗ്ദ്ധരുടേയും ഏജന്‍സികളുടേയും സേവനം പ്രയോജനപ്പെടുത്തണം. പരിസ്ഥിതിക്കനുയോജ്യമായ റോഡ് നിര്‍മ്മാണ നയം രൂപീകരിക്കണം. സംസ്ഥാനത്തെ നദികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അതോറിറ്റി രൂപീകരിക്കണം.

ഡിജിറ്റല്‍ സാറ്റലൈറ്റ് മാപ്പിങ് നടത്തി സംസ്ഥാനത്തെ കുളങ്ങളുടെ പട്ടിക തയ്യാറാക്കണം. കുളങ്ങളിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി അവ റീചാര്‍ജ് ചെയ്ത് സജീവമാക്കണം. ഇന്ത്യയില്‍ 184 വെള്ളപ്പൊക്ക മുന്നറിയിപ്പ് സ്റ്റേഷനുകളുണ്ട്. എന്നാല്‍ കേരളത്തില്‍ ഇല്ല. അതിനാല്‍ കാലാവസ്ഥാ പ്രവചനം, മുന്നറിയിപ്പ് ഏകോപന സംവിധാനം, ദുരന്ത നിവാരണ സംവിധാനം എന്നിവ കാര്യക്ഷമമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കേരളത്തിലെ അണക്കെട്ടുകളുടെ വിശദാംശം, വെള്ളത്തിന്റെ അളവ്, സംഭരണശേഷി, അണക്കെട്ടുകളുടെ പഴക്കം എന്നീ വിവരങ്ങളങ്ങിയ ധവളപത്രം പ്രസിദ്ധീകരിക്കണം. നദീ തീരങ്ങള്‍ കയ്യേറ്റമുക്തമാക്കുക, നദീകളുടെയും കായലുകളുടേയും സംരക്ഷണത്തിന് പ്രാദേശിക സമിതികള്‍ രൂപീകരിക്കുക, അനാവശ്യമായ ബണ്ട് നിര്‍മ്മാണം ഒഴിവാക്കുക.

കേരളത്തിന് പൊതുവായും പരിസ്ഥിതിക്കും ഏറ്റ ആഘാതങ്ങള്‍ പഠിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രശ്‌നപരിഹാരങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. എന്നാല്‍ വേണ്ട രീതിയില്‍ ഇത് പരിഗണിക്കപ്പെടാതിരിക്കുന്നതില്‍ സമിതി അംഗങ്ങള്‍ക്കും അതൃപ്തിയുണ്ട്. നിയമസഭാ സമിതിയുടെ അഭിപ്രായം ഇങ്ങനെ’ഒരു വര്‍ഷം മുമ്പ് നടന്ന പ്രളയം കേരളത്തെ ഏത് തരത്തില്‍ ബാധിച്ചു എന്നതിന്‌റെ വിശദമായ റിപ്പോര്‍ട്ടാണ് നിയമസഭാ പരിസ്ഥിതി സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചത്. രണ്ടാം വര്‍ഷവും പ്രളയവും അതിശക്തമായ ഉരുള്‍പൊട്ടലുകളും മലയിടിച്ചിലുകളും തുടരുമ്പോള്‍ റിപ്പോര്‍ട്ട് എത്രത്തോളം പ്രസക്തമാണെന്ന് മനസ്സിലാവും. അതിജീവിക്കാനുള്ള സാധ്യതകളെ എടുത്ത് പറയുന്നതാണ് റിപ്പോര്‍ട്ട്. അത് വേണ്ടരീതിയില്‍ പരിഗണിക്കപ്പെടേണ്ടതുമാണ്.

Read: ഇനി വൈകിയാല്‍ കേരളം തകരും; സോയില്‍ പൈപ്പിങ് മണ്ണിടിച്ചില്‍ മാത്രമല്ല, കടുത്ത വരള്‍ച്ചയും സൃഷ്ടിക്കും; ഭീഷണി കൂടുതല്‍ വടക്കന്‍ ജില്ലകളിലെന്ന് ഭൌമ ശാസ്ത്രജ്ഞര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍