പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചാലും അതു പരിഗണിക്കാത്ത മേലുദ്യോഗസ്ഥരും, ഏതു വിഷയത്തിലും പൊലീസിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ മാത്രമിഷ്ടപ്പെടുന്ന ജനങ്ങളിലെ വലിയൊരു വിഭാഗവും ഉദ്യോഗസ്ഥരുടെ അമിത സമ്മര്‍ദ്ദത്തിന്റെ കാര്യം കണക്കിലെടുക്കാറില്ല
‘എത്ര നന്നായി ജോലി ചെയ്താലും ചെറിയൊരു വീഴ്ചയുണ്ടായാല്‍ ശിക്ഷിക്കപ്പെടും എന്ന തോന്നല്‍ പലര്‍ക്കും ടെന്‍ഷന്‍ ഉണ്ടാക്കുന്നുണ്ട്. പൊലീസ് സംവിധാനത്തിന്റെ നിലനില്‍പ്പിന് അച്ചടക്ക നടപടി ആവശ്യമാണ്. എന്നാല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്ന സമയത്ത് ആ പൊലീസുകാരന്റെ മുന്‍കാല പ്രവര്‍ത്തനം കൂടി വിലയിരുത്തപ്പെടണം. അറിഞ്ഞുകൊണ്ടു ചെയ്യുന്ന തെറ്റും അറിയാതെ സംഭവിക്കുന്ന തെറ്റും ഒരുപോലെ കാണാന്‍ പാടില്ല. മാനസിക സമ്മര്‍ദ്ദം മൂലം വൊളന്ററി റിട്ടയര്‍മെന്റിനെപ്പറ്റി ചിലര്‍ ചിന്തിച്ചിട്ടുണ്ടെന്നതും നാം കാണാതെ പോകരുത്.’ കേരളത്തിലെ ഒരു സിവില്‍ പൊലീസുദ്യോഗസ്ഥന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിലെ ഒരു ഭാഗമാണിത്. പൊലീസുദ്യോഗസ്ഥരുടെ മാനസികാരോഗ്യത്തെ ലഘുവായി കാണരുതെന്നും, മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും അനുഭവിക്കുന്ന ഉദ്യോഗസ്ഥര്‍ കേരള പൊലീസിലെ ഒറ്റപ്പെട്ട സംഭവമല്ലെന്നും തുറന്നു പറഞ്ഞുകൊണ്ട്, കണ്ണൂര്‍ പഴയങ്ങാടി സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. കെ.ജെ. മാത്യുവാണ് ഡിജിപിയ്ക്ക് എഴുതിയിരിക്കുന്നത്. മാത്യു മാത്രമല്ല, സംസ്ഥാന പൊലീസ് സേനയിലെ മിക്ക ഉദ്യോഗസ്ഥരും കഴിഞ്ഞ കുറച്ചേറെ കാലങ്ങളായി അധികാരികളോട് പറയാനാഗ്രഹിക്കുന്നതും ഇതു തന്നെ.
പൊലീസുകാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന മാനസിക സംഘര്‍ഷങ്ങളും ആത്മഹത്യാപ്രവണതയും ഒഴിവാക്കാനായി മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കായി ഒരു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. വീടുകളിലും ജോലിസ്ഥലത്തും മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസുദ്യോഗസ്ഥരെ തിരിച്ചറിഞ്ഞ്, അവര്‍ക്ക് കടുത്ത ജോലികള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നായിരുന്നു ഡി.ജി.പിയുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളിലൊന്ന്. വ്യായാമം, യോഗ എന്നിവ പ്രോത്സാഹിപ്പിക്കുക, കായികമത്സരങ്ങള്‍ പ്രതിവാരം നടത്തുക എന്നതും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുണ്ട്. അതിനൊപ്പം, ഓരോ സ്‌റ്റേഷനിലെയും മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി അവരെ സി.പി.ഒ മാര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശകരായി ചുമതലപ്പെടുത്തുക എന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ. സര്‍ക്കുലര്‍ സ്റ്റേഷനുകളിലെത്തി എന്നതൊഴിച്ചാല്‍ അതിനുശേഷം മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ലെന്നു പറയുന്ന കെ.ജെ.മാത്യു, ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ചറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. തന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍, പൊലീസുദ്യോഗസ്ഥരുടെ മാനസിക പിരിമുറുക്കം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് എഴുതുകയാണ് ചെയ്തതെന്ന് മാത്യു പറയുന്നു.
താന്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ ജില്ലയില്‍ മാത്രം സമ്മര്‍ദ്ദത്തിന് അടിമപ്പെട്ട് വ്യക്തി ജീവിതവും ഔദ്യോഗിക ജീവിതവും കൈവിട്ടുപോയ അനവധി പൊലീസുദ്യോഗസ്ഥരുണ്ടെന്ന് മാത്യു പറയുന്നു. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത തന്റെ സുഹൃത്തും ബാച്ചുകാരനുമായ പൊലീസുദ്യോഗസ്ഥന്‍ മുതല്‍, ഈയടുത്ത കാലത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനില്‍ നിന്നും കേട്ട ഒരു ഉദ്യോഗസ്ഥന്റെ കഥ വരെ മാത്യു ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറിയ തോതിലുള്ള പിരിമുറുക്കങ്ങളല്ല, കടുത്ത ആത്മഹത്യ പ്രവണതയും വിഷാദരോഗവും പൊലീസുദ്യോഗസ്ഥരെ തേടിയെത്തുന്നത് ജോലിയിലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ കാരണം കൂടിയാണെന്നാണ് മാത്യുവിന്റെ വാദം. ‘പൊലീസുകാര്‍ക്ക് ഇത്തരത്തിലുള്ള സമ്മര്‍ദ്ദം ഏറുന്നതിന്റെ പ്രധാന കാരണം അവരുടെ ഡ്യൂട്ടി സമയം തന്നെയാണ്. മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെപ്പോലെ, നിജപ്പെടുത്തിയ ഒരു ജോലിസമയം പൊലീസുകാരനില്ല എന്നതാണ് സത്യം. പത്തു മുതല്‍ നാലു വരെയുള്ള ജോലിയല്ല പൊലീസിന്റേത്. ഇക്കഴിഞ്ഞ ദിവസം മൂന്നു മണിയായപ്പോഴാണ് മംഗലാപുരത്ത് ഒരു ഇന്‍ക്വിസ്റ്റിന് എസ്.ഐയോടൊപ്പം പോകണം എന്നു നിര്‍ദ്ദേശം കിട്ടുന്നത്. അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് ഞാന്‍ തിരിച്ചെത്തുന്നത് അര്‍ദ്ധരാത്രി കഴിഞ്ഞ് ഒരു മണിക്കാണ്. രാവിലെ ഒമ്പതിന് യൂണിഫോമിട്ട് ഡ്യൂട്ടിക്കുപോയ എന്റെ അന്നത്തെ ജോലി കഴിയുന്ന സമയമാണ്. ആരേയും കുറ്റപ്പെടുത്തുകയല്ല, പക്ഷേ, ആവശ്യമായ വിശ്രമം പോലും പൊലീസുകാരന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണിത്. അധിക ഡ്യൂട്ടിയെടുക്കുന്നവര്‍ എന്ന നിലയില്‍ ആഴ്ചയില്‍ രണ്ട് ഓഫുകള്‍ കൊടുത്തോ, സ്‌റ്റേഷനുകളില്‍ ക്ലാസ്സുകള്‍ നല്‍കിയോ ഇക്കാര്യം തരണം ചെയ്യേണ്ടതുണ്ട്. ആഴ്ചയിലൊരിക്കല്‍ പരേഡുണ്ടല്ലോ. അതിനൊപ്പം ഒരു മണിക്കൂര്‍ സമ്മര്‍ദ്ദം കുറയ്ക്കാനുള്ള ശാസ്ത്രീയമായ പരിശീലനവും പൊലീസുകാരന് നല്‍കണം. അങ്ങനെ കുറച്ചേറെ കാര്യങ്ങള്‍ ചെയ്യാവുന്നതായുണ്ട്.’
പൊലീസുദ്യഗസ്ഥരുടെ ആത്മഹത്യ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നെങ്കിലും, അതില്‍നിന്നെല്ലാം കരയകയറാന്‍ ഒരുപരിധിവരെ സേനയ്ക്കായിട്ടുണ്ട്. എങ്കില്‍പ്പോലും, സമ്മര്‍ദ്ദത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് ജില്ലയില്‍ നടന്ന ഒരു പഠനഫലം. പഠനത്തോട് സഹകരിച്ച പൊലീസുകാരില്‍ നൂറു ശതമാനവും, തൊഴിലിടത്തില്‍ തങ്ങള്‍ മാനസിക സംഘര്‍ഷം നേരിടുന്നുണ്ട് എന്നായിരുന്നു പ്രതികരിച്ചത്. അതും, സിവില്‍ പൊലീസുദ്യോഗസ്ഥരായ യുവാക്കളായിരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. വനിതാ പൊലീസുകാരുടെ അവസ്ഥയും ഒട്ടും മെച്ചമല്ല. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സ്വയം ശ്രമിച്ച്, ഒടുവില്‍ കടുത്ത പിരിമുറുക്കത്തിലെത്തിയാലും പലരും തുറന്നു പറയാനോ സഹായം തേടാനോ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. കര്‍ക്കശക്കാരനായ പൊലീസുകാരനും, പൊതുജനത്തോട് സഹിഷ്ണുതയില്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥരും ഉണ്ടാകുന്നത് ഇങ്ങനെയാണെന്നാണ് മാത്യുവിന്റെ പക്ഷം. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ സാധിക്കും എന്ന ചോദ്യത്തിനും മാത്യുവിന് കൃത്യമായ ഉത്തരമുണ്ട്. ‘പൊലീസ് എന്നത് വലിയൊരു സംവിധാനമാണ്. വിദേശരാജ്യങ്ങളില്‍ ഇത്തരത്തില്‍ അധിക ഡ്യൂട്ടിയും കഠിനമായ ജോലിത്തിരക്കുമുള്ള പൊലീസുകാര്‍ക്ക് സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ കൗണ്‍സലിംഗ് അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് അറിവ്. അത്തരമൊരു സംവിധാനമാണ് നമുക്കില്ലാത്തത്. ഇതിനായുള്ള സംവിധാനം ജില്ലാടിസ്ഥാനത്തില്‍ സ്ഥിരമായി ഉണ്ടാകണമെന്നാണ് എനിക്കു തോന്നുന്നത്. ഒരു എസ്.പിയുടെയും ഡി.വൈ.എസ്.പിയുടെയും നിയന്ത്രണത്തില്‍ വരുന്ന ഒരു ബോഡിയാണ് വേണ്ടത്. അതില്‍ കൗണ്‍സലിംഗുണ്ടാകണം, മാത്രമല്ല സമ്മര്‍ദ്ദം അനുഭവിക്കുന്ന പൊലീസുകാര്‍ക്ക് ജോലിഭാരം താരതമ്യേന കുറവുള്ള സ്റ്റേഷനുകളിലേക്ക് മാറ്റം നല്‍കുന്നതു പോലുള്ള കാര്യങ്ങളും പരിഗണിക്കണം. അങ്ങനെയുള്ള ഒരു സങ്കല്‍പമാണ് ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്.’
പൊലീസുദ്യോഗസ്ഥര്‍ അതികഠിനമായ സമ്മര്‍ദ്ദങ്ങളിലൂടെയാണ് കടുപോകുന്നതെന്നും, ഉദ്യോഗസ്ഥരുടെ വ്യക്തിജീവിതത്തോടൊപ്പം പൊതുജനത്തോടുള്ള കാര്യക്ഷമമായ ഇടപെടലിനെയും അതു ബാധിക്കുമെന്നും ശരിവയ്ക്കുമ്പോഴും, അതിനു പരിഹാരമായി ആദ്യം വേണ്ടത് കൗണ്‍സലിംഗ് ആണോ എന്നതില്‍ സേനയില്‍ത്തന്നെ അഭിപ്രായവ്യത്യാസമുണ്ട്. പൊലീസുദ്യോഗസ്ഥര്‍ക്കുള്ള മാനസിക പിന്തുണ ശക്തിപ്പെടുത്തുന്നത് സ്വാഗതാര്‍ഹം തന്നെയാണെന്നിരിക്കേ, നിലവില്‍ സേനയിലുള്ള പ്രായോഗികമായ പരിമിതികളെ അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള പരിഹാരങ്ങളാണ് ഇക്കാര്യത്തില്‍ ആവിഷ്‌കരിക്കേണ്ടതെന്നാണ് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍കുമാറിന്റെ അഭിപ്രായം. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് നിജപ്പെടുത്തിയ കേരള പൊലീസിന്റെ എണ്ണത്തിലെ അനുപാതം പോലുള്ളവ കാലാനുസൃതമായി മാറ്റിയാല്‍ത്തന്നെ, അധിക ഡ്യൂട്ടിയുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും മോചനം ലഭിക്കുമെന്ന് അനില്‍കുമാര്‍ പറയുന്നു.
‘കൗണ്‍സലിംഗ് കൊണ്ട് തീരാവുന്ന സമ്മര്‍ദ്ദമല്ല പൊലീസിനുള്ളത്. അത്തരത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഇപ്പോള്‍ത്തന്നെ തിരുവനന്തപുരത്തെ പി.ടി.സി അടക്കമുള്ളയിടങ്ങളില്‍ വച്ച് സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനം എന്താണെന്ന് അന്വേഷിച്ചു നോക്കുകയാണ് ചെയ്യേണ്ടത്. ഡ്യൂട്ടിയുടെ ആധിക്യം തന്നെയാണ് പൊലീസുകാരന്റെ പ്രധാന പ്രശ്‌നം. 1988ലെ സ്‌ട്രെങ്ത് പാറ്റേണിലാണ് ഇപ്പോഴും സ്‌റ്റേഷനുകളില്‍ പൊലീസുകാരെ വിന്യസിക്കുന്നത്. 1988ല്‍ കേരളത്തിലെ ക്രമസമാധാന നില വളരെ വ്യത്യസ്തമായ മറ്റൊരു തലത്തിലായിരുന്നു ഉണ്ടായിരുന്നത്. സമൂഹത്തിന്റെ ഘടന തന്നെ മാറി. കൂടാതെ പൊലീസിന്റെ ചുമതലയിലേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള പല പദ്ധതികളും വന്നു. എസ്.പി.സി, ജനമൈത്രി പോലുള്ള പദ്ധതികളും പൊലീസിന്റെ ഉത്തരവാദിത്തമായി. പുതിയ പദ്ധതികള്‍ കൂടിയായതോടെ പൊലീസിന് തിരക്ക് വളരെ ഏറുകയാണുണ്ടായത്. രാവിലെ എട്ടുമണിക്ക് ജോലിക്കെത്തുന്ന ഒരു പൊലീസുകാരന്, ഉറപ്പായിട്ടും ഇന്ന സമയത്ത് വീട്ടിലുണ്ടാകും എന്ന് ഭാര്യയോടോ മക്കളോടോ പറയാന്‍ പറ്റില്ല. അതാണ് അവസ്ഥ.’
ഡ്യൂട്ടിയിലിരിക്കേണ്ടിവരുന്ന അധികസമയം മാത്രമല്ല, ‘സാറ്റ’ പോലുള്ള പല രീതികളും പൊലീസുകാരന് അമിത സമ്മര്‍ദ്ദം തൊഴിലിടത്തിലുണ്ടാക്കുന്നുണ്ടെന്നും, ഇക്കാര്യം നാളിതുവരെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നുണ്ട. തലേ ദിവസത്തെ കേസുകളുടെ കണക്കും ഉദ്യോഗസ്ഥന്റെ പെര്‍ഫോമന്‍സും ജില്ലാ പൊലീസ് മേധാവി ഫോണും വയര്‍ലെസും വഴി വിലയിരുത്തുന്നതാണ് സാറ്റ. ജില്ലയിലെ എല്ലാ പൊലീസുദ്യോഗസ്ഥരും കേള്‍ക്കെയാണ് ഈ വിലയിരുത്തല്‍ എന്നതുകൊണ്ടുതന്നെ, അടുത്ത ദിവസത്തെ സാറ്റയെക്കുറിച്ചോര്‍ത്ത് ആകുലപ്പെടുന്നവരാണ് സിവില്‍ പൊലീസുദ്യോഗസ്ഥരില്‍ മിക്കപേരും. ‘ഇന്ന് തരുന്ന ഡ്യൂട്ടിയല്ല നാളെ ചെയ്യേണ്ടിവരിക. എല്ലാ ഡ്യൂട്ടിക്കും വിശദീകരണം കൊടുക്കാന്‍ ബാധ്യസ്ഥരുമാണ്. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ പിന്നെ നമ്മള്‍ വിചാരണ ചെയ്യപ്പെടുന്നത് ജില്ലയിലെ മുഴുവന്‍ പൊലീസുകാരുടെയും മുന്നില്‍വച്ചായിരിക്കും. അതുണ്ടാക്കുന്ന സമ്മര്‍ദ്ദം ചെറുതല്ല. ജില്ലാ തലത്തില്‍ എസ്.പി മീറ്റിംഗ് വിളിച്ചുകൂട്ടുന്ന സാറ്റ എന്ന പേരിലുള്ള പരിപാടിയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക. തലേ ദിവസത്തെ പെര്‍ഫോമന്‍സെല്ലാം അതില്‍ വിലയിരുത്തപ്പെടും. ബാക്കിയുള്ളവരെല്ലാം കേട്ടുകൊണ്ടിരിക്കുകയും ചെയ്യും. കൗണ്‍സലിംഗിന്റെ മാത്രം ഭാഗമായി മാറിക്കിട്ടുന്ന സമ്മര്‍ദ്ദങ്ങളല്ല ഇത്. പ്രാഥമിക സാഹചര്യങ്ങളെല്ലാം വളരെ മോശമാണ്. ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കണമെങ്കില്‍ത്തന്നെ വലിയ അധ്വാനമാണ്. ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നാല്‍പ്പതോ അമ്പതോ പേപ്പറുകള്‍ ചെലവാകും. മിക്കവാറും ഈ പേപ്പറുകളെല്ലാം ജി.ഡി ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥന്‍ കൈയില്‍ നിന്നും എടുത്ത് ചെലവഴിക്കേണ്ടിവരും. ഒരാളെ അറസ്റ്റു ചെയ്തു കൊണ്ടുവന്നാല്‍ അയാള്‍ക്ക് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതും ജി.ഡിയുടെ ഉത്തരവാദിത്തമാണ്. ഇതൊക്കെ ഉടനടി മാറ്റാന്‍ പറ്റും എന്നല്ല. തൊഴില്‍ സാഹചര്യം അതാണ്.’
സേന എന്ന നിലയില്‍ ഒരു പരിധി വരെ അച്ചടക്കവും ഇരുപത്തിനാലു മണിക്കൂറും വേണ്ട ജോലി സന്നദ്ധതയും പൊലീസിന് ആവശ്യമാണെന്ന് മനസ്സിലാക്കാമെങ്കിലും, നിലവില്‍ പൊലീസിലുള്ള ഉദ്യോസ്ഥരെത്തന്നെ പുനര്‍വിന്യസിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ എന്നും ഇവര്‍ തന്നെ പറയുന്നുണ്ട്. അമ്പതിനായിരത്തിനു മേലെ പൊലീസുകാരാണ് കേരളത്തിലുള്ളതെങ്കിലും, അതില്‍ പകുതിയില്‍ത്താഴെപ്പേര്‍ മാത്രമാണ് ലോക്കല്‍ സ്‌റ്റേഷനുകളില്‍ ജോലി നോക്കുന്നതെന്ന് അനില്‍ കുമാര്‍ പറയുന്നു. ബാക്കിയുള്ള ഇരുപത്തിയയ്യായിരത്തിലേറെ പേര്‍ കേരളത്തിലെ പൊലീസ് ക്യാമ്പുകളിലെ വിവിധ ബറ്റാലിയനുകളിലായി വിന്യസിക്കപ്പെട്ടിരിക്കുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും പൊലീസുകാരെ റിസര്‍വ് ചെയ്യേണ്ട കാര്യമില്ലെന്നും, അവരില്‍ ഒരു വിഭാഗത്തെ ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ പൊലീസുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം ഗണ്യമായി കുറയുമെന്നും അനില്‍കുമാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചാലും അതു പരിഗണിക്കാത്ത മേലുദ്യോഗസ്ഥരും, ഏതു വിഷയത്തിലും പൊലീസിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ മാത്രമിഷ്ടപ്പെടുന്ന ജനങ്ങളിലെ വലിയൊരു വിഭാഗവും ഉദ്യോഗസ്ഥരുടെ അമിത സമ്മര്‍ദ്ദത്തിന്റെ കാര്യം കണക്കിലെടുക്കാറില്ലെന്നും ഇവര്‍ക്കു പരാതിയുണ്ട്. ‘തൊഴിലിടങ്ങള്‍ സ്വസ്ഥമായാല്‍ത്തന്നെ പാതി സമാധാനമാകും. സ്റ്റേഷനില്‍ എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ച് കുടുംബം പോലെ മുന്നോട്ടു കൊണ്ടുപോകുന്ന എസ്.ഐമാരുമുണ്ട്. വേണമെങ്കില്‍ അങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കാനും സാധിക്കും. കഴിഞ്ഞ ദിവസം സിപിഐ എംഎല്‍എയെ ആക്രമിച്ചു എന്ന കാര്യത്തില്‍ പൊലീസ് ഒരുപാട് വിമര്‍ശനം നേരിട്ടു. പക്ഷേ അപ്പോഴും ഒരു എം.എല്‍.എ അവിടെ എത്രത്തോളം സമരക്കാരന്റെ രൂപത്തിലേക്ക് മാറിയെന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ബാരിക്കേഡുകള്‍ തല്ലിത്തകര്‍ത്ത് അകത്തേക്ക് അക്രമിച്ച് കടക്കാന്‍ ശ്രമിക്കുന്നത് നിയമം നടപ്പാക്കേണ്ട സഭയിലെ അംഗമാണെന്നോര്‍ക്കണം. പൊലീസാണ് അതിലും പഴികേള്‍ക്കുന്നത്. ഒരു സംഭവമുണ്ടായാല്‍ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്തുള്ള ആക്രമണങ്ങളും നടക്കുന്നുണ്ടല്ലോ. ഇക്കാര്യങ്ങളെല്ലാം മനസ്സിലാക്കുന്ന ഒരു കുടുംബം കൂടിയില്ലെങ്കില്‍, പൊലീസുകാരന്റെ അവസ്ഥ അതിദയനീയമാകും.’
Read More: പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത് ജാതി വിവേചനം മൂലമെന്ന് ഭാര്യ