UPDATES

തകർന്ന ഒരു തറിയുടെ രേഖാചിത്രമാണ് ഇന്ന് ചേന്ദമംഗലം

മാറിയുടുക്കാൻ വസ്ത്രം പോലുമില്ലാതെയാണ് രമ വെള്ളപ്പൊക്ക കാലത്ത് ചെറിയൻ പല്ലൻ തുരുത്തിൽ നിന്നുമിറങ്ങിയത്- ഭാഗം 3

തകർന്ന ഒരു തറിയുടെ രേഖാചിത്രമാണ് ഇന്ന് ചേന്ദമംഗലം. ഇവിടുത്തെ ജീവിതപ്പാവുകളിലെമ്പാടും ചെളി അടിഞ്ഞുകൂടിയിരിക്കുന്നു. പ്രളയത്തിന് ശേഷം ചേന്ദമംഗലത്തെ എല്ലാ നെയ്ത്ത് തൊഴിലാളികൾക്കും ഒറ്റക്കഥയേ പറയാനുള്ളൂ. നഷ്ടപ്പെട്ട സ്വപ്നങ്ങളുടെ കഥ. ഓരോ മനുഷ്യ ജീവിതങ്ങളും വ്യത്യസ്ഥമാണ്. അതിനാൽ തന്നെ ഇവരുടെയോരോരുത്തരുടെയും കഥകളും നാമറിയണം. റിപ്പോര്‍ട്ടിന്റെ ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം: ഓണത്തിന് കേരളത്തിന്റെ കൈത്തറി ഗ്രാമം നെയ്തു വച്ച സ്വപ്നങ്ങൾ കൂടിയാണ് പ്രളയം തകർത്തത്, ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

ചെറിയ പല്ലൻ തുരുത്തിലെ വീട്ടിൽ ഒറ്റയ്ക്കാണ് രമയുടെ താമസം. ഏതാനും വർഷം മുമ്പ് ആകെയുള്ള തുണയായ അമ്മ മരിച്ചതോടെയാണ് ഇവർ ഒറ്റക്കായത്. ഭർത്താവ് ഉപേക്ഷിച്ചതാണ് ഇവരെ. തന്റെ പതിനാലാമത്തെ വയസ്സു മുതൽ ഇവർ നെയ്ത്ത് ജോലിയാണ് ചെയ്യുന്നത്. ഇപ്പോൾ 43 വയസ്സായി. വീടിന് മുന്നിൽ കെട്ടിയ ഷെഡിൽ സ്ഥാപിച്ചിരിക്കുന്ന തറിയിലാണ് നെയത്ത്. പല്ലൻ തുരുത്ത്, വലിയ പല്ലൻ തുരുത്ത്, കരിമ്പാടം, പറവൂത്തറ, പാലിയം എന്നീ സ്ഥലങ്ങളിലും ഈ കൈത്തൊഴിൽ ചെയ്ത് ജീവിക്കുന്നവരാണ് കൂടുതലുമെന്ന് രമ പറയുന്നു. എല്ലാവരും ഏറെ പ്രതീക്ഷയോടെയാണ് ഈ തൊഴിലുമായി മുന്നോട്ട് പോകുന്നത്. എന്നാൽ ഈ വെള്ളപ്പൊക്കം വന്നതോടെ എല്ലാം പോയി.

മാറിയുടുക്കാൻ വസ്ത്രം പോലുമില്ലാതെയാണ് രമ വെള്ളപ്പൊക്ക കാലത്ത് ചെറിയൻ പല്ലൻ തുരുത്തിൽ നിന്നുമിറങ്ങിയത്. മറ്റുള്ളവർക്ക് വസ്ത്രം നെയ്യുന്ന തനിക്ക് ഈ പ്രളയത്തിൽ ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിക്കേണ്ടി വന്നുവെന്ന് അവർ വിതുമ്പലോടെ പറയുന്നു. നടുവിന് വേദനയായി ഏറെനാളായി ഇവർ ചികിത്സയിലായിരുന്നു. അതിനാൽ തന്നെ ഏറെ നാളായി നെയ്ത്ത് ജോലി ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വീണ്ടും പാവ് വാങ്ങി നെയ്ത്ത് തുടങ്ങിയപ്പോഴാണ് പ്രളയത്തിന്റെ രൂപത്തിൽ ദുരന്തമെത്തിയത്. തുടർച്ചയായി നെയ്യാൻ ഇപ്പോഴും സാധിക്കില്ല. സഹകരണ സംഘം പാലിയം ശാഖയിൽ നിന്നാണ് ഇവർക്ക് സഹായങ്ങൾ ലഭിച്ചിരുന്നത്. പതിനൊന്നായിരം രൂപയുടെ പാവാണ് ഓണത്തോടനുബന്ധിച്ച് താൻ വാങ്ങിയിരുന്നതെന്ന് രമ വ്യക്തമാക്കി.

അമ്മയുടെ ചികിത്സയ്ക്കായി ആകെയുള്ള വീട് വിൽക്കേണ്ടി വന്നു. ഇപ്പോൾ അതേ വീട്ടിൽ തന്നെ വാടകയില്ലാതെ താമസിക്കുകയാണ്. അല്ലായിരുന്നെങ്കിൽ തറിയുമായി തനിക്കെങ്ങോട്ടും പോകാനില്ലായിരുന്നു. വാടക വീടായതിനാൽ തന്നെ വെള്ളപ്പൊക്കത്തിന്റെ നഷ്ടപരിഹാരം രമയ്ക്ക് കിട്ടില്ല, വീട്ടുടമയ്ക്കാണ് അത് ലഭിക്കുക. അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ടാണ് വാടക പോലും കൊടുക്കാതെ ഈ വീട്ടിൽ തന്നെ താമസിക്കുന്നത്.

പതിനേഴ് വർഷമായി അമ്മ ശരീരം തളർന്ന് കിടക്കുകയായിരുന്നു. രമ നെയ്തുണ്ടാക്കുന്നതിൽ നിന്നും ചികിത്സയ്ക്കും വീട്ടു ചെലവിനും കണ്ടെത്തേണ്ടിയിരുന്നു. വീട് വിറ്റും ചികിത്സിക്കാൻ നോക്കിയെങ്കിലും അമ്മയും പോയി വീടും പോയെന്ന് രമ. വീടിനുളളിൽ വെള്ളം കയറിയപ്പോൾ തന്നെ പാവെടുത്ത് തറിയുടെ മുകളിൽ കെട്ടിവച്ചിരുന്നു. പെരിയാറിന്റെ ഒരു കൈവരി ചെറിയ പല്ലൻ തുരുത്തിലൂടെ ഒഴുകുന്നുണ്ട്. ഇതിൽ നിന്നാണ് ഈ പ്രദേശത്ത വീടുകളിൽ വെള്ളം കയറിയത്. വെള്ളമിറങ്ങിയതോടെ പാവ് താഴെയിറക്കി വീണ്ടും നെയ്ത് തുടങ്ങിയതാണ്. അപ്രതീക്ഷിതമായി വീണ്ടും വെള്ളം കൂടിയതോടെ പാവ് വീണ്ടും തറിക്ക് മുകളിൽ കയറ്റി വയ്ക്കേണ്ടി വരികയും വീട് വിടേണ്ടി വരികയും ചെയ്തു. രമയുടെ സഹോദരനാണ് ഇവിടെ നിന്നും ഇവരെ കൊണ്ടുപോയത്. ഓഗസ്റ്റ് 15ന് വൈകുന്നേരം മൂന്ന് മണിയായപ്പോഴാണ് ഇവിടെ നിന്നും പോയത്. ക്യാമ്പിലൊന്നും പോകേണ്ടി വന്നില്ലെങ്കിലും ബന്ധുക്കളുടെ വീടുകളിലായിരുന്നു മൂന്ന്, നാല് ദിവസത്തോളം ഇവർ.

തിരിച്ചു വന്നപ്പോൾ വീടിനോട് ചേർന്നുണ്ടായിരുന്ന മതിൽ കല്ലിന് മേൽ കല്ല് ശേഷിക്കാതെ പൂർണമായും തകർന്നിരുന്നു. വീടിനകത്തെ ചുരുക്കം ചില ഫർണിച്ചറുകളായിരുന്ന കട്ടിൽ, അലമാര എന്നിവ നശിച്ചു. ഇതിനപ്പുറമായിരുന്നു ഏക ഉപജീവന മാർഗ്ഗമായിരുന്ന തറിയുടെ നാശം. അതിലേക്ക് നോക്കാൻ പോലും തനിക്കാകുന്നില്ലെന്നാന്ന് രമ പറയുന്നത്. ഉറ്റവരും ഉടയവരുമില്ലാത്ത ഇവർക്ക് തകർന്ന തറിയിലേക്ക് നോക്കിയിരിക്കാനല്ലാതെ മറ്റൊന്നുമാകില്ലെന്ന് അയൽവാസിയായ സിന്ധുവും പറയുന്നു. ഇനി വീണ്ടും നെയ്ത്ത് തുടങ്ങാനും അതുവരെ ജീവിക്കാനും അധികൃതരുടെ സഹായം കാത്തിരിക്കുകയാണ് ഇവർ. അതിനായി ഏതൊക്കെ വാതിലുകൾ മുട്ടണമെന്ന് മറ്റ് നെയ്ത്ത് തൊഴിലാളികളെ പോലെ ഇവർക്കും അറിയില്ല. അതിനാൽ തന്നെ വന്നു കയറുന്ന ഓരോരുത്തരിലേക്കും പ്രതീക്ഷയോടെ നോക്കുകയാണ് ഈ തൊഴിലാളികളെല്ലാം.

ഓണത്തിന് കേരളത്തിന്റെ കൈത്തറി ഗ്രാമം നെയ്തു വച്ച സ്വപ്നങ്ങൾ കൂടിയാണ് പ്രളയം തകർത്തത്

ചേന്ദമംഗലം: മഹാപ്രളയം തകര്‍ത്ത നെയ്ത്ത് ഗ്രാമം

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍