UPDATES

മുതലമട ‘മാംഗോ സിറ്റി’യില്‍ മരിച്ചത് പത്തോളം പേര്‍; ഇവരാരും എന്‍ഡോസള്‍ഫാന്‍ ഇരകളല്ലെന്ന് സര്‍ക്കാര്‍

പരാശ്രയം കൂടാതെ ദുരിതമനുഭവിച്ചു ജീവിക്കുന്നത് നിരവധി പേര്‍

ഓരോ വര്‍ഷവും ശരാശരി ഒന്നരലക്ഷം ടണ്‍ മാങ്ങ വിളവെടുക്കുന്ന സ്ഥലം. അല്‍ഫോന്‍സാ, സിന്ദൂരം, നീലം തുടങ്ങി 25 ഓളം ഇനങ്ങളില്‍പ്പെട്ട മാങ്ങകള്‍ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിച്ചെടുക്കുന്നു. ഏഷ്യയില്‍ തന്നെ ആദ്യം മാങ്ങയുണ്ടാകുന്നതും ഇന്ത്യന്‍ വിപണികളിലേക്ക് ആദ്യത്തെ മാങ്ങയെത്തുന്നതും മുതലമടയില്‍നിന്നാണ്. ഇന്ത്യന്‍ വിപണിയ്ക്ക് പുറമെ അന്താരാഷ്ട്രവിപണിയിലും മുതലമടയില്‍ നിന്നുള്ള മാങ്ങകള്‍ക്ക് ആവശ്യക്കാരുണ്ട്. ഇങ്ങനെ പോകുന്നു മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയുടെ വിശേഷങ്ങള്‍. എന്നാല്‍ ഈ സമൃദ്ധിയ്ക്ക് ഒരു മറുവശമുണ്ട്. അത്യാതനയുടെയും ചൂഷണത്തിന്റെയും കീടനാശിനികള്‍ തകര്‍ത്ത ജീവിതങ്ങളുടേയുമാണ്. മുതലമടയിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടെ ജീവിതത്തിലൂടെ അഴിമുഖം പ്രതിനിധി സന്ധ്യാ വിനോദ് നടത്തുന്ന അന്വേഷണ പരമ്പര. (ആദ്യ ഭാഗം ഇവിടെ വായിക്കാം- വിഷത്തില്‍ തളിര്‍ക്കുന്ന മാമ്പൂക്കള്‍; ഇവരുടെയൊക്കെ ജീവിത ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം)

2018 മെയ് മാസത്തിലായിരുന്നു മുതലമട ബംഗ്ലാമേട് ദളിത് കോളനിയിലെ ചന്ദ്രന്റെയും രുഗ്മിണിയുടെയും മകൾ ശരണ്യ മരിച്ചത്. മുതലമടയിലെ എൻഡോസൾഫാൻ ഇരകളുടെ മരണത്തിന്റെ കണക്കുകളിൽ ഏറ്റവും ഒടുവിലത്തേതായിരുന്നു ശരണ്യയുടെ മരണം. തലക്കുള്ളിൽ വെള്ളം നിറയുന്ന ഹൈഡ്രോസെഫാലസ് അസുഖവുമായി നീണ്ട 16 വർഷം ശരണ്യ ജീവിച്ചു. സ്വയം എണീറ്റ് നടക്കാനോ ദൈനംദിന കാര്യങ്ങൾ പരാശ്രയം കൂടാതെ ചെയ്യാനോ കഴിയാതെ. മലമൂത്രവിസർജ്ജനത്തിനായി പോലും ശരണ്യയെ എടുത്തുകൊണ്ടു പോകണമായിരുന്നു. കുട്ടിക്കാലത്ത് അമ്മയാണ് അവളെ എടുത്തുകൊണ്ടുപോയിരുന്നതെങ്കിൽ ശരീരത്തിന്റെ ഭാരം കൂടിയതോടെ അക്കാര്യം അച്ഛൻ ചന്ദ്രൻ ഏറ്റെടുത്തു. അച്ഛൻ പൊക്കിയെടുത്തുകൊണ്ടു പോകുമ്പോൾ ഇടക്ക് അവൾ സ്പഷ്ടമല്ലാത്ത വാക്കുകൾ പെറുക്കി വച്ച് അച്ഛനോട് ചോദിക്കുമായിരുന്നു.

“എന്നെ താഴെയിടോ അച്ഛാ..?”

“എന്റെ കുഞ്ഞാവേനെ അച്ഛൻ താഴെയിടോ”, അച്ഛന്‍ മറുപടി നല്‍കും.

പാലക്കാട് ജില്ലയിലെ മുതലമടയിലെ മാന്തോപ്പുകളിൽ 2014 വരെ പ്രയോഗിച്ചിരുന്ന എൻഡോസൾഫാൻ കീടനാശിനിയുടെ നിരവധി ഇരകളിൽ ഒരാളാണ് ശരണ്യ. കഴിഞ്ഞ 15 വര്‍ഷത്തിനിടയ്ക്ക് എൻഡോസൾഫാൻ ഇരകളിൽപ്പെട്ട പത്തോളം പേര്‍ മുതലമടയിൽ മരിച്ചു. പരാശ്രയം കൂടാതെ ദുരിതമനുഭവിച്ചു ജീവിക്കുന്ന അനേകം പേര് ഇനിയുമുണ്ട്. എന്നാൽ ഇവരാരും തന്നെ സർക്കാരിന്റെ കണക്കുകളിൽ എൻഡോസൾഫാൻ ഇരകളിൽ പെടുന്നില്ല. അതുകൊണ്ടുതന്നെ യാതൊരു തരത്തിലുള്ള സഹായങ്ങളും ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുമില്ല. ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്ന വികലാംഗ പെൻഷൻ ഒഴികെ.

എൻഡോസൾഫാൻ ദുരിതബാധിതരുടെ ജീവിതം

ചെമ്മണാം പതിയിൽ മണിയുടെയും ശെൽവിയുടെയും മൂന്നാമത്തെ മകൻ ജയചന്ദ്രന് പത്തു വയസുണ്ട്. എന്നാൽ കണ്ടാൽ അഞ്ചു വയസ്സ് പോലും പറയില്ല. ശരീരമാസകലം പൊട്ടിയൊലിക്കുന്ന അസുഖമാണ് ജയചന്ദ്രന്. ചൂടു കൂടുമ്പോഴാണ് ശരീരം പൊട്ടി ഒലിക്കുക. എപ്പോഴും കിടപ്പാണ് ജയചന്ദ്രൻ. സദാസമയവും ജയചന്ദ്രന്റെ അടുത്തൊരാൾ വേണം. സമീപത്തെ മാവിൻ തോട്ടങ്ങളിൽ കൂലിപ്പണിക്കാരനാണ് ജയചന്ദ്രന്റെ അച്ഛൻ.

ചുടുകാട്ടുവാരയിലെ പങ്കജത്തിന്റെയും ജയപ്രകാശന്റെയും ഏഴു വയസ്സുകാരിയായ മകളുടെ അവസ്ഥയും ഏറെ വേദനിപ്പിക്കുന്നതാണ്. “ജനിച്ചപ്പോഴേ ഇവൾ ഇങ്ങനെയാണ്. പല സ്ഥലത്തും ചികിത്സിച്ചു. എന്നാൽ ഫലമൊന്നുമുണ്ടായില്ല. ഇപ്പൊ കൊണ്ടുപോകാൻ പൈസയുമില്ല. ഭർത്താവിന് കൂലിപ്പണിയാണ്. മാവിൻതോട്ടങ്ങളിലാണ്‌ പണി. ഇവളുടെയടുത്ത് എപ്പോഴും ആള് വേണ്ടതിനാൽ എനിക്ക് പണിക്ക് പോകാൻ പറ്റില്ല. ജീവിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. പത്തുദിവസം പണിയുണ്ടെങ്കിൽ പത്തുദിവസം പണിയില്ല”. പങ്കജം പറയുന്നു.

ചുടുകാട്ടുവാരയിലെ പുറമ്പോക്ക് സ്ഥലത്ത് തീർത്ത ഓലക്കുടിലിൽ ആണ് പങ്കജവും കുടുംബവും കഴിയുന്നത്. പല തവണ അപേക്ഷിച്ചിട്ടും പഞ്ചായത്തിൽ നിന്ന് ഒരു വീടോ സ്ഥലമോ ഒന്നും കിട്ടിയില്ലെന്നും പങ്കജം പറഞ്ഞു.

മുതലമട കാമ്പ്രത്ത് ചള്ളയിലെ കമലത്തിനും കൃഷ്ണനും രണ്ടു പെൺകുട്ടികളാണ്. മൂത്ത മകൾ ആതിര പരസഹായത്തോടുകൂടിയാണ് ഇരിക്കുന്നതും കിടക്കുന്നതും. ഇളയവൾ അഞ്ജിതയ്ക്ക് കാലുകൾക്ക് വൈകല്യവും. അഞ്ജിത മലമ്പുഴ ഐ. ടി. ഐയിൽ നിന്ന് കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്സ് പാസായതാണ്. കുറച്ചു കാലം പി. എസ്. സി കോച്ചിങ് ക്‌ളാസിൽ പോയിരുന്നു. ഫീസ് കൊടുക്കാനില്ലാതെ വന്നപ്പോൾ അത് നിർത്തി.

വെള്ളാരങ്കടവ് ബാബു കോളനിയിലെ ചന്ദ്രകുമാരന്റെയും ധനലക്ഷ്മിയുടെയും മകളായ ഹേമലതയാണ് എൻഡോസൾഫാൻ പട്ടികയിലേക്ക് ജനിച്ചുവീണ ഒടുവിലത്തെ ഇര. അഞ്ചു കിലോഗ്രാം ഭാരമുള്ള തലയോടെ ജനിച്ചുവീണ ഹേമലതയ്ക്ക് ഇപ്പോൾ അഞ്ചു വയസായി. സാമ്പത്തിക പരാധീനത മൂലം ഹേമലതയുടെ ചികിത്സയും മുടങ്ങിയിരിക്കുകയാണ്.

2010 ൽ സംസ്ഥാനത്തെ എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഒരു സമഗ്ര പാക്കേജ് മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുതലമടയിലെ ദുരിതബാധിതർ എൻഡോസൾഫാൻ ദുരന്തബാധിതരുടെ ലിസ്റ്റിൽ പോലും കയറിക്കൂടിയില്ല. മേഖലയിൽ എൻഡോസൾഫാൻ ഇരകൾ ഇല്ലെന്ന നിലപാടാണ് സർക്കാർ ഉദ്യോഗസ്ഥരടക്കമുള്ളവരും ജനപ്രതിനിധിനിധികളും സ്വീകരിച്ചത്.

2014 ൽ തൃശൂർ മെഡിക്കൽ കോളേജിലെ വിദഗ്‌ദസംഘം നടത്തിയ പഠനത്തിലാണ് 188 പേർ എൻഡോസൾഫാൻ ഇരകളെന്നു സംശയിക്കുന്നതായി കണ്ടെത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് അന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ജനന വൈകല്യങ്ങൾ, അർബുദം, സെറിബ്രൽ പാൾസി, മനസികരോഗങ്ങൾ, ത്വക് രോഗങ്ങൾ, കാഴ്ച ശക്തി നഷ്ടപ്പെടൽ എന്നിങ്ങനെ പല രോഗങ്ങളും കുട്ടികളിൽ കണ്ടെത്തിയിരുന്നു. മെഡിക്കൽ സംഘം ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. എൻഡോസൾഫാൻ ഇരകളാണെന്നു സ്ഥിരീകരിക്കുന്നതിനായി കേന്ദ്രസംഘം കൂടി പഠനം നടത്തണമെന്ന ശുപാർശയോടെയാണ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയത്. എന്നാൽ പിന്നീട് സർക്കാർ തലത്തിൽ ഒരു സർവേയും നടന്നില്ല. മുതലമടയിൽ എൻഡോസൾഫാൻ ഇരകളുണ്ടെന്നുള്ളത് ഇതേവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴും പറയുന്നത്.

ആരോഗ്യവകുപ്പ് നടത്തിയ സർവ്വേയ്ക്ക് മുൻപേ തന്നെ കൊല്ലങ്കോട് പ്രവർത്തിക്കുന്ന ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി 2006ൽ ഒരു സർവേ നടത്തിയിരുന്നു. മാരകമായ കീടനാശിനി പ്രയോഗത്തിന്റെ ഭാഗമായി മുതലമടയിലെ 30 ശതമാനം ആളുകൾ പല തരത്തിൽ ദുരിതം അനുഭവിക്കുന്നതായി “ആശ്രയം” റിപ്പോർട്ട് ചെയ്യുകയുണ്ടായി. വീണ്ടും 2017ലും ഇതേ സംഘടന പാലക്കാട് മേഴ്‌സി കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്മെന്റുമായി സഹകരിച്ചും സർവ്വേ നടത്തുകയുണ്ടായി. ഇതിൽ 256 കുടുംബങ്ങൾ കീടനാശിനി പ്രയോഗത്തിന്റെ ദുരന്തം പേറുന്നവരാണെന്നു കണ്ടെത്തി.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശ പ്രകാരം 2011 മെയിൽ പാലക്കാട് ജില്ലയിൽ നടന്ന സർവേയിലും മുതലമടയിൽ എൻഡോസൾഫാൻ ദുരിതബാധിതരെ കണ്ടെത്തിയിരുന്നു. “ഞങ്ങൾ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
മുതലമടയിലെ ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകി അവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു. എന്നാൽ ഇതേവരെ യാതൊരു തരത്തിലുള്ള സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല”.
ആശ്രയം റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി അംഗവും വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യൻ കോർഡിനേറ്ററുമായ എസ്. ഗുരുവായൂരപ്പൻ പറയുന്നു.

എൻഡോസൾഫാൻ ദുരന്തബാധിതർ ഏറ്റവും കൂടുതലുള്ളത് ദളിത് ആദിവാസി കോളനികളിലാണ്. ഇത്തരം കുട്ടികളിൽ പലരും പല തരത്തിലുള്ള രോഗങ്ങൾ ബാധിച്ചവരുമാണ്. ആരോഗ്യവകുപ്പ് തന്നെ പുറത്തുവിട്ട കണക്കിൽ 188 ദുരിതബാധിതരിൽ 77 പേര് രോഗബാധിതരാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇവർക്ക് കൃത്യമായി ചികിത്സ നല്കാൻ സാമ്പത്തിക പരാധീനത മൂലം പലർക്കും കഴിയാറില്ല. ഇത്തരം കുട്ടികളുടെയടുത്ത് എപ്പോഴും ഒരാൾ വേണമെന്നുള്ളതുകൊണ്ട് കുടുംബത്തിൽ ഒരാൾക്കേ പണിക്ക് പോകാൻ പറ്റു. സമീപത്തെ മാന്തോപ്പുകളിൽ വല്ലപ്പോഴും കിട്ടുന്ന പണിയാണ് പ്രധാന വരുമാന മാർഗ്ഗം. അതുകൊണ്ടു തന്നെ കോളനികളിൽ ദാരിദ്ര്യവും രൂക്ഷമാണ്.

വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ നെന്മാറ എം. എൽ. എ. കെ. ബാബുവിനും വ്യക്തമായ ഉത്തരമില്ലായിരുന്നു. ആരോഗ്യവകുപ്പുമായി സംസാരിച്ച ശേഷം ഇത് സംബന്ധിച്ച് അഭിപ്രായം പറയാമെന്നാണ് എം. എൽ. എ. പറഞ്ഞത്. വൈകല്യമുള്ള കുട്ടികൾ ഉണ്ട് എന്നത് ശരിയാണ്. എന്നാൽ എൻഡോസൾഫാൻ ഇരകളാണെന്നത് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ ഇത്തരം കുട്ടികൾക്കായി പഞ്ചായത്തിൽ മറ്റു സൗകര്യങ്ങളൊന്നുമില്ല.

വിഷത്തില്‍ തളിര്‍ക്കുന്ന മാമ്പൂക്കള്‍; ഇവരുടെയൊക്കെ ജീവിത ദുരിതം കൊണ്ട് പൊതിഞ്ഞെടുത്തതാണ് മംഗോ സിറ്റിയെന്ന മധുര നാമം

കേരളം ശബരിമലകൊണ്ടാടിയ ഈ മാസം അട്ടപ്പാടിയില്‍ മരിച്ചത് 4 ശിശുക്കള്‍; 2018ല്‍ ഇതുവരെ 10 മരണം

ഭരണപക്ഷവുമില്ല, പ്രതിപക്ഷവുമില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം തുടരുന്നു

മന്ത്രിമാരുടെയും നേതാക്കളുടെയും ചികിത്സയുടെ കാര്യം വരുമ്പോള്‍ ഈ കാശിന്റെ പ്രശ്‌നമില്ലല്ലോ?

ശീലാവതി ഇന്നില്ല, പക്ഷേ, ആ അമ്മയുടെ ചോദ്യം ഇപ്പൊഴും മുഴങ്ങുന്നുണ്ട്; “ഞാന്‍ മരിച്ചാല്‍ അവളെന്തു ചെയ്യും?”

സന്ധ്യ വിനോദ്

സന്ധ്യ വിനോദ്

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍