നിലമ്പൂര്‍ താലൂക്കിന്റെ ജനസംഖ്യയില്‍ 2.94 ശതമാനമാണ് ആദിവാസി ജനവിഭാഗമുള്ളത്
നിലമ്പൂരിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും ഉരുള്‍പൊട്ടലും കൊടിയ നാശം വിതച്ചിട്ട് പതിനഞ്ചു ദിവസങ്ങള്‍ കഴിയുന്നു. വെള്ളം കയറി ഒറ്റപ്പെട്ടു പോയ നിലമ്പൂര്‍ ടൗണ്‍ ഏറെക്കുറെ പൂര്‍വസ്ഥിതിയിലേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. ക്യാമ്പുകളില്‍ പലതും പിരിച്ചുവിടുകയും ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍, പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷവും പ്രകടമായ മാറ്റങ്ങളൊന്നുമില്ലാത്ത ചില കാഴ്ചകള്‍ ഇപ്പോഴും മുണ്ടേരി തമ്പുരാട്ടിക്കല്ലിനടുത്തുള്ള ചാലിയാറിന്റെ ചില ഭാഗങ്ങളില്‍ കാണാം. സീഡ് ഫാമിന്റെ വശത്തായി ചാലിയാര്‍ കരകവിഞ്ഞൊഴുകിയപ്പോള്‍ പാലങ്ങളെല്ലാം തകര്‍ന്ന് തുരുത്തുകളില്‍ അകപ്പെട്ടുപോയ നാല് ഗോത്രവിഭാഗ കോളനികളുണ്ട്. പുഴയുടെ മറുകരയില്‍ കാടിനോടു ചേര്‍ന്നുള്ള വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപ്പെട്ടി, ഇരുട്ടുകുത്തി എന്നീ കോളനികളിലെ അഞ്ഞൂറിലധികമാളുകള്‍ പരമ്പരാഗത രീതിയില്‍ പാണ്ടികള്‍ അഥവാ ചങ്ങാടങ്ങള്‍ കെട്ടി തുഴഞ്ഞാണ് അവശ്യവസ്തുക്കള്‍ ഇപ്പോഴും എത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് സഞ്ചരിക്കുന്നതും കോളനിയില്‍ നിന്നുള്ളവര്‍ പുറത്തേക്ക് അത്യാവശ്യങ്ങള്‍ക്കായി എത്തുന്നതും ഇങ്ങനെ തന്നെ. നൂറുകണക്കിന് ഗോത്രവര്‍ഗ്ഗക്കാര്‍ ഇപ്പോഴും കാടിനകത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകളില്‍ വെറും മണ്ണില്‍ കിടന്നുറങ്ങുന്നു. സന്നദ്ധപ്രവര്‍ത്തകരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന അരിയും മറ്റും സൂക്ഷിക്കാന്‍ വേണ്ട സൗകര്യങ്ങളില്ലാതെ നനഞ്ഞു പോകുന്നു. രാത്രികളില്‍ ആനയിറങ്ങുന്ന ശബ്ദത്തിന് കാതോര്‍ത്ത് ഉള്‍ക്കാട്ടില്‍ ഇവരെല്ലാം ഉറക്കമില്ലാതെ കഴിച്ചുകൂട്ടുകയാണ്.
‘കാടിനുള്ളില്‍ ആദിവാസി പണ്ട് എങ്ങനെയാണോ ജീവിച്ചിരുന്നത്, അതുപോലെത്തന്നെയാണ് ഇപ്പോള്‍ അവിടുത്തെയാളുകള്‍ കഴിയുന്നത്. ഷീറ്റും മറ്റും വലിച്ചു കെട്ടി കുടില്‍ പോലെയാക്കിയിട്ടാണ് താമസിക്കുന്നത്. പഴയ കാലങ്ങളിലെല്ലാം ഉണ്ടായിരുന്നതു പോലെ. തറയൊന്നും നിരന്ന പ്രദേശമല്ലല്ലോ. കുട്ടികള്‍ക്കൊക്കെ രാത്രി കിടക്കാന്‍ പോലും പാടാണ്. ഭക്ഷണസാധനങ്ങളെല്ലാം കിട്ടിക്കഴിഞ്ഞു. ഇനി മുപ്പത്തിയഞ്ചു കിലോ അരിയും കിട്ടും. അത് കഞ്ഞിവച്ച് കുടിക്കാനുള്ള സംവിധാനം വേണ്ടേ. നല്ല അടുപ്പു വേണ്ടേ. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കിടന്നുറങ്ങാന്‍ സ്ഥലം വേണ്ടേ. മഴ പെയ്ത ശേഷം ആനശല്യവും ഭയങ്കരമാണ്. തണ്ടങ്കല്ല് കോളനിക്കാരൊക്കെ കരഞ്ഞാണ് പറയുന്നത്, ഇവിടേക്ക് ആരും വരുന്നില്ലെന്ന്. ഒരു ഗര്‍ഭിണി അവരുടെ കൂട്ടത്തിലുണ്ടെങ്കിലോ. കറന്റില്ല, വെളിച്ചമില്ല. ആനക്കാട്. ആലോചിച്ചു നോക്കിക്കേ.’ നിസ്സഹായതയും ദുഃഖവും അമര്‍ഷവുമെല്ലാം അടങ്ങിയ സ്വരത്തിലാണ് ആദിവാസി അവകാശ പ്രവര്‍ത്തകയും ഗോത്രവിഭാഗത്തില്‍ന്നുള്ളയാളുമായ ചിത്ര മുണ്ടേരി ഭാഗത്തെ കോളനികളിലുള്ളവരുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത്. മഴക്കെടുതികള്‍ക്കു ശേഷം നിലമ്പൂരിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതം എങ്ങനെയാണെന്നതിന്റെ ഒരു നേര്‍ക്കാഴ്ച മാത്രമാണിത്. പോത്തുകല്ല് പഞ്ചായത്തിനകത്തും പുറത്തുമായി ഒട്ടനവധി ആദിവാസി കോളനികള്‍ ഇത്തവണ ദുരിതബാധിതരായിട്ടുണ്ട്. ഇവരില്‍ പലര്‍ക്കും തിരികെ പോകാന്‍ ഒരിടമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ജീവിതം പോലും അസാധ്യമായി മാറിയ കോളനികള്‍
നിലമ്പൂര്‍ താലൂക്കിന്റെ ജനസംഖ്യയില്‍ 2.94 ശതമാനമാണ് ആദിവാസി ജനവിഭാഗമുള്ളത്. ഇത്തവണയുണ്ടായ രണ്ടാം പ്രളയത്തില്‍ ഏറെ ബാധിക്കപ്പെട്ട പോത്തുകല്ല് പഞ്ചായത്തിന്റെ പരിസര പ്രദേശങ്ങളിലും, മുണ്ടക്കടവ്, വഴിക്കടവ് ഭാഗങ്ങളിലുമായി അനവധി ആദിവാസി കോളനികള്‍ ഛിന്നഭിന്നമായിപ്പോയിട്ടുണ്ട്. കവളപ്പാറയിലെ പണിയ കോളനി അവയിലൊന്നുമാത്രമാണ്. മുപ്പതിലേറെ വീടുകളുണ്ടായിരുന്ന കവളപ്പാറ കോളനിയില്‍ മാത്രം ഇരുപത്തിയൊമ്പതു പേരെയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. സെന്റ് മേരീസ് പള്ളി, നെട്ടിക്കുളം ഫാമിലി ഓഡിറ്റോറിയം, പൂളപ്പാടം മദ്രസ എന്നിവിടങ്ങളിലായി ക്യാമ്പുകളിലേക്കു മാറിയപ്പോഴും ഇവിടെ നിന്നും ഇറങ്ങിയാല്‍ എങ്ങോട്ട് എന്ന ചോദ്യമാണ് ഇവരെ അലട്ടിയിരുന്നത്. തിരികെ കവളപ്പാറയ്ക്കു തന്നെ പോകും എന്ന് തീരുമാനമെടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉറ്റവരും സുഹൃത്തുക്കളുമായി പലരെയും നഷ്ടപ്പെട്ടെങ്കിലും, മുത്തപ്പന്‍ കുന്ന് വീണ്ടും ഇടിഞ്ഞേക്കും എന്നറിയാമെങ്കിലും, പോകാന്‍ വേറെയിടമില്ലല്ലോ എന്നാണ് ഇവര്‍ പരിതപിക്കുന്നത്. കവളപ്പാറ കോളനിയിലുള്ളവരുടെ അതേ ആശങ്കയാണ് മുണ്ടേരിക്കയ്ക്കടുത്തുള്ള ചളിക്കര കോളനിയിലെ താമസക്കാരും പങ്കുവയ്ക്കുന്നത്. നീര്‍പ്പുഴയുടെ കരയോടു ചേര്‍ന്നുള്ള ചളിക്കര പണിയ കോളനിയില്‍ എല്ലാ വര്‍ഷവും മഴക്കാലത്ത് വെള്ളം കയറുന്നത് പതിവാണ്. ദൈനം ദിന ജീവിതത്തിന് വലിയ ആഘാതമൊന്നുമുണ്ടാക്കാതെ, പാദം വരെ കയറിയ വെള്ളം ഉടനെ തന്നെ ഇറങ്ങിപ്പോകുകയും ചെയ്യാറുണ്ട്. ഇത്തവണ വെള്ളം കയറിയപ്പോഴും കോളനിയിലുള്ളവര്‍ അപകടമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, പതിവിലുമധികം വെള്ളം കയറിത്തുടങ്ങിയതോടെ ഉടനെത്തന്നെ നാട്ടുകാര്‍ ഇടപെട്ട് ഇവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അങ്ങാടിയ്ക്ക് അടുത്തായതും വെള്ളം കയറിത്തുടങ്ങിയത് പകല്‍ നാലു മണിയോടു കൂടിയായതും ഇവര്‍ക്ക് രക്ഷയായി എന്നതാണ് വാസ്തവം.
34 കുടുംബങ്ങളിലായി 116 പേര്‍ താമസിക്കുന്ന ചളിക്കര കോളനിയിലെ പല വീടുകളും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇപ്പോഴും തകരാതെ അതേപടി നില്‍ക്കുന്ന പല വീടുകളുടെയും അടിത്തറ പാടേ ഒലിച്ചുപോകുകയും ചെയ്തിരിക്കുന്നു. എത്ര വൃത്തിയാക്കിയെടുത്താലും വാസയോഗ്യമല്ലാത്ത ചളിക്കര കോളനിയിലുള്ള നൂറിലധികം പേര്‍ ഇനി എന്ത് എന്നറിയാതെ ആശങ്കയിലാണ്. ‘വെള്ളം ഞങ്ങള്‍ക്ക് ഒരു പുതിയ പ്രശ്‌നമല്ല. ഈ കോളനിയുടെ പേരു തന്നെ ചളിക്കര എന്നാണ്. ഇത് ഞങ്ങള്‍ എല്ലാ വര്‍ഷവും കാണുന്നതുമാണ്. എനിക്ക് അറുപതു വയസ്സായി. ഇക്കാലത്തിനിടയില്‍ ഇതാദ്യമായാണ് ഇങ്ങനെ. പകലായതുകൊണ്ട് ഇങ്ങനെ തീര്‍ന്നു. അല്ലെങ്കില്‍ ഇവിടെ ശവങ്ങള്‍ ഒഴുകി നടന്നേനെ. അന്ന് വൈകുന്നേരം തന്നെ ഞങ്ങള്‍ ക്യാമ്പില്‍ പോയി. പിറ്റേന്ന് രാവിലെ വന്നപ്പോഴാണ് ഈ കാഴ്ച കാണുന്നത്. ഇപ്പോള്‍ കിടപ്പാടമില്ല. ക്യാമ്പ് സ്‌കൂളിലായതുകൊണ്ട് നാളെയോ മറ്റന്നാളോ അവിടെ നിന്നും ഇറങ്ങേണ്ടിവരും. പോത്തുകല്‍ പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല് വാര്‍ഡുകളിലെവിടെയെങ്കിലും സ്ഥലം കിട്ടുകയാണെങ്കില്‍ ഇവിടെ നിന്നും മാറാന്‍ ഞങ്ങള്‍ തയ്യാറാണ്. ഐ.ടി.ഡി.പിയൊന്നും കാര്യമായി ശ്രദ്ധിക്കുന്നില്ല. വീടുകള്‍ വെച്ചത് കണ്ടില്ലേ, ഈ കൈയിന്റെ കനത്തിനാണ് ബെല്‍റ്റൊക്കെ വാര്‍ത്തിരിക്കുന്നത്. പിന്നെ പൊളിയാതിരിക്കുമോ.’ കോളനിയിലെ മൂപ്പനായ വെളുത്ത വെള്ളന്‍ പറയുന്നു. ‘ ഇവരുടെ വീടുകള്‍ മാത്രമല്ല, കക്കൂസുകളെല്ലാം ആകെ മൂടിയും തകര്‍ന്നും പോയിട്ടുണ്ട്. അങ്ങനെയൊരിടത്തേക്ക് തിരിച്ചയയ്ക്കാന്‍ സാധിക്കുമോ. സ്‌കൂളിന്റെ അടുത്തെവിടെയെങ്കിലും ഷെഡോ മറ്റോ കെട്ടിയെങ്കിലും സംരക്ഷിക്കേണ്ടിവരും.‘ ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ഷാജി പറയുന്നതിങ്ങനെ.
110 വീടുകളും അറുന്നൂറിലേറെയാളുകളുമുള്ള അപ്പന്‍കാപ്പ് കോളനിയും ആദ്യ ദിവസങ്ങളില്‍ പാടേ ഒറ്റപ്പെട്ടുപോയിരുന്നു. കുത്തനെയൊഴുകുന്ന ചാലിയാറിന്റെ ഇരുകരകളിലുമായുള്ള അപ്പന്‍കാപ്പ് കോളനി, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട ഗോത്രവര്‍ഗ്ഗക്കാരുടേതാണ്. ഓഗസ്റ്റ് എട്ടിന്റെ കനത്ത മഴയില്‍ ചാലിയാര്‍ കരകവിഞ്ഞും ഗതിമാറിയുമെല്ലാം ഒഴുകിയപ്പോള്‍, അപ്പന്‍കാപ്പ് കോളനിയിലേക്ക് കടക്കാനുള്ള രണ്ടു പാലങ്ങളും ഒലിച്ചു പോയിരുന്നു. പാലങ്ങളും റോഡുമെല്ലാം തകര്‍ന്നതോടെ കോളനി ഒറ്റപ്പെട്ടുപോകുകയായിരുന്നു. ഗര്‍ഭിണികളും പിഞ്ചുകുഞ്ഞുങ്ങളും വയോധികരും രോഗികളുമടക്കം എല്ലാവരും ആനയിറങ്ങുന്ന കാട്ടുവഴികളിലൂടെ മലകയറിയിറങ്ങി കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഒടുവില്‍ സുരക്ഷിത സ്ഥാനത്തെത്തിയത്. എന്നിട്ടും പുഴയ്ക്കക്കരെയുള്ള പതിനഞ്ചു കുടുംബങ്ങള്‍ കോളനിയില്‍ത്തന്നെ കഴിയാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. വീടുകള്‍ക്കും മറ്റും കാര്യമായ നഷ്ടം പറ്റിയിട്ടില്ലാത്തതിനാല്‍ ക്യാമ്പുകളില്‍ നിന്നും ഇവര്‍ നേരത്തെ തിരികെയെത്തിയിരുന്നു. വെള്ളപ്പൊക്കത്തില്‍ കടപുഴകി ഒലിച്ചുവന്ന കവുങ്ങിന്‍ തടികളും മറിഞ്ഞുവീണ ഇലക്ട്രിക് പോസ്റ്റിലെ കമ്പികളും ചേര്‍ത്ത് താല്‍ക്കാലികമായി ഒരു പാലം കെട്ടിയാണ് ഇവര്‍ കോളനിയില്‍ വീണ്ടും താമസമാരംഭിച്ചത്. തിരികെയെത്തിയെങ്കിലും കുടിവെള്ളമില്ലായ്മയും ആനപ്പേടിയും തങ്ങളെ അലട്ടുന്നുണ്ടെന്ന് കോളനിയിലെ ലക്ഷ്മിയും ബീനയും പറയുന്നുണ്ട്.
ക്യാമ്പു വിട്ടാല്‍ പോകാനിടമില്ലാത്തവര്‍, ജോലിയില്ലാതെ പട്ടിണിയാകുന്നവര്‍
തങ്ങളുടെ ജീവിതരീതികളോട് ചേര്‍ന്നു നിന്നിരുന്ന കോളനികളും വീടുകളും നഷ്ടമായി എന്നത് നിലമ്പൂരിലെ ആദിവാസികളെ ചെറിയ പ്രതിസന്ധിയിലേക്കല്ല തള്ളിവിടുന്നത്. കവളപ്പാറയിലും ചളിക്കരയിലും മുണ്ടേരിയിലുമെല്ലാം ഗോത്രവിഭാഗക്കാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ക്യാമ്പുകളില്‍ നിന്നും ഇറങ്ങിയാല്‍ പോകാനൊരിടമില്ല എന്നതാണ്. മുത്തപ്പന്‍ കുന്നിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ദൃക്‌സാക്ഷികളായവരും കഷ്ടിച്ച് രക്ഷപ്പെട്ടവരുമായ കവളപ്പാറ കോളനിക്കാര്‍ സഹായവുമായെത്തുന്നവരോടെല്ലാം പങ്കുവയ്ക്കുന്ന ആശങ്കയാണത്. കാര്യമായ അക്ഷരാഭ്യാസം പോലും ഇല്ലാത്തവരാണ് കവളപ്പാറ കോളനിയിലധികവും. പോയ വര്‍ഷത്തെ മഴക്കാലത്ത് മുത്തപ്പന്‍ കുന്ന് ഇടിയുമെന്നു കേട്ട് ഭയന്നുപോയ ഇവര്‍, പിന്നീട് ആശ്വസിച്ചത് ജിയോളജി വകുപ്പില്‍ നിന്നുമെത്തിയ വിദഗ്ധരുടെ വാക്കു കേട്ടപ്പോഴാണ്. മുത്തപ്പന്‍ കുന്നില്‍ അപകടസാധ്യതയില്ലെന്ന് അവര്‍ പറഞ്ഞതു വിശ്വസിക്കരുതായിരുന്നുവെന്ന് കോളനിയിലുള്ളവര്‍ ഇപ്പോള്‍ ആത്മഗതം ചെയ്യുന്നുണ്ട്. ഒരു തരത്തിലും ഇവര്‍ക്കിനി തിരികെ കവളപ്പാറയിലേക്ക് ചെല്ലുക സാധ്യമല്ല. എന്നാല്‍ തങ്ങളെ പലയിടത്തേക്കായി മാറ്റുമോ എന്നും ഇവര്‍ക്ക് ആശങ്കയുണ്ട്. കൂട്ടത്തിലുണ്ടായിരുന്നവരെ നഷ്ടപ്പെട്ട തങ്ങള്‍ക്ക് ഇനി ഇപ്പോള്‍ ബാക്കിയുള്ളവരെ പിരിയേണ്ട സാഹചര്യം താങ്ങാന്‍ സാധിക്കില്ലെന്ന് കവളപ്പാറ കോളനിയിലെ ജാനകിയും ശാന്തയുമെല്ലാം പറയുന്നുണ്ട്.
ചളിക്കര കോളനിയിലുള്ളവര്‍ക്കും ഇനിയെവിടെ താമസിക്കും എന്ന ചോദ്യമാണ് മുന്നിലുള്ളത്. തങ്ങള്‍ക്ക് സര്‍ക്കാര്‍ വച്ചുതന്ന വീടുകള്‍ അല്പം കൂടി ബലമുള്ളവയായിരുന്നെങ്കില്‍ അടിത്തറയടക്കം തകര്‍ന്നുപോകില്ലായിരുന്നുവെന്നാണ് കോളനിയിലെ മൂപ്പനടക്കമുള്ളവര്‍ വിശ്വസിക്കുന്നത്. ഇനി ഈ വീടുകളും കോളനികളും വിട്ട് പോകേണ്ടി വന്നാലും, തുടര്‍ന്ന് എങ്ങനെ ജീവിക്കുമെന്നാണ് ഇവരുടെയെല്ലാം ചോദ്യം. നിലമ്പൂരിലെ പണിയ, കാട്ടുനായ്ക്ക ഗോത്രവിഭാഗങ്ങള്‍ ജീവിച്ചു പോരുന്നത് പ്രധാനമായും മൂന്നു തരത്തിലുള്ള ജോലികള്‍ ചെയ്താണ്. തോട്ടങ്ങളിലും മറ്റും കൂലിപ്പണിക്കു പോകുന്നവരാണ് ഒരു വിഭാഗം. മറ്റു ചിലര്‍ തേനടക്കമുള്ള വനവിഭവങ്ങള്‍ ശേഖരിക്കാനായി കാടുകയറുന്നവരാണ്. സ്ത്രീകളില്‍ ചിലര്‍ ഇപ്പോഴും ചാലിയാറില്‍ പൊന്നരിക്കാന്‍ പോകുന്നവരാണ്. ഈ മൂന്നു ജോലി ചെയ്യുന്നവര്‍ക്കും ഇനി മാസങ്ങളോളം പട്ടിണിയില്‍ കഴിയേണ്ടിവരും എന്നതാണ് വാസ്തവം. കൂലിപ്പണിയ്ക്കു പോകുന്നവര്‍ക്ക് ഉടനെയൊന്നും ഇനി ജോലി കണ്ടെത്താന്‍ സാധിക്കില്ല. കാടുകയറി വിഭവങ്ങള്‍ ശേഖരിക്കാനും പൊന്നരിക്കാനും കഴിയില്ല. തങ്ങളുടെ തനത് ആവാസ വ്യവസ്ഥ വിട്ടു പോയാല്‍ ജീവിതം വഴിമുട്ടുമെന്നും ഇവര്‍ പറയുന്നുണ്ട്. ചളിക്കര, കവളപ്പാറ കോളനിക്കാര്‍ പറ്റിയ മറ്റു സ്ഥലങ്ങള്‍ ലഭിച്ചാല്‍ പോകാന്‍ തയ്യാറാണെങ്കിലും, ചാലിയാറിനക്കരെയുള്ള വാണിയമ്പുഴ, ഇരുട്ടുകുത്തി, കുമ്പളപ്പാറ, തരപ്പപ്പെട്ടി, തണ്ടങ്കല്ല് കോളനിക്കാര്‍ സ്വന്തം സ്ഥലം വിട്ടുവരാന്‍ മടിക്കുന്നവരാണ്. എത്ര അപകടസാധ്യതയുണ്ടെങ്കിലും കാടു വിട്ടു വരില്ലെന്നും, കാട്ടിലല്ലാതെ മറ്റു ജോലികള്‍ അറിയില്ലെന്നും തരപ്പപ്പെട്ടി കോളനിയിലെ കുട്ടന്‍ പറയുന്നു.
വാണിയമ്പുഴ, കുമ്പളപ്പാറ, തരപ്പപ്പെട്ടി, ഇരുട്ടുകുത്തി
കോളനി നില്‍ക്കുന്നയിടങ്ങള്‍ അപകടത്തിലാകുകയോ, വീടുകള്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലാത്തവര്‍ക്കു പോലും വലിയ ബുദ്ധിമുട്ടാകുന്ന മറ്റൊരു വിഷയം ഗതാഗത പ്രശ്‌നമാണ്. കവളപ്പാറയില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്നുപോയ റോഡുകള്‍ നിര്‍മിച്ചിട്ട് രണ്ടു വര്‍ഷത്തോളമായതേയുണ്ടായിരുന്നുള്ളൂ. അപ്പന്‍കാപ്പ് കോളനിയിലേക്കുള്ള റോഡുകളുടെയും കഥ മറ്റൊന്നല്ല. ഗതാഗത പ്രശ്‌നം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന കുമ്പളപ്പാറ, ഇരുട്ടുകുത്തി, തരപ്പപ്പെട്ടി, വാണിയമ്പുഴ കോളനികളിലെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചിത്ര പറയുന്നതിങ്ങനെ ‘തകര്‍ന്നുപോയ പാലം ഇപ്പോഴും കെട്ടിയിട്ടില്ല. പാണ്ടികളിലാണ് സാധനങ്ങള്‍ അക്കരയ്ക്ക് എത്തിക്കുന്നത്. പഴയകാലത്തുണ്ടായിരുന്നതു പോലെ കുടിലുകളിലേക്ക് അവര്‍ ഇനിയും മാറേണ്ട അവസ്ഥ വരും. വീടു വയ്ക്കണമെങ്കില്‍ പാലം വേണം. പാലം വരണമെങ്കില്‍ റോഡു വേണം. ഇതെല്ലാം തകര്‍ന്നിരിക്കുകയല്ലേ. എത്ര കഷ്ടപ്പെട്ടിട്ടാണ് ഇവിടെ പാലവും റോഡുമൊക്കെ വന്നതെന്നറിയാമോ. അതെല്ലാം പോയി. ഇനി പഴയ കാലത്തേക്കു തന്നെ ആദിവാസി പോകും. എന്റെ കുട്ടിക്കാലത്ത് പാണ്ടികടന്നിട്ടാണ് ഞാന്‍ സ്‌കൂളില്‍ പോയത്. ഇപ്പോള്‍ കുട്ടികള്‍ അതേപോലെത്തന്നെയാണ് സ്‌കൂളില്‍ പോകുന്നത്. ജീവന്‍ തിരിച്ചു കിട്ടി എന്നത് സത്യം തന്നെ. പക്ഷേ അത് ജീവിച്ച് തീര്‍ക്കണ്ടേ. കൂലിപ്പണിയും വനവിഭവശേഖരണവുമായി ജീവിക്കുന്നവരാണ്. ഈ രണ്ട് ജോലിയും ഇപ്പോള്‍ നിന്നിട്ടുണ്ട്. ഇനി കുറേക്കാലത്തേക്ക് ജോലിയുണ്ടാകില്ല. ഹോസ്റ്റലില്‍ നില്‍ക്കുന്ന മക്കളെ ഫോണില്‍ വിളിക്കാന്‍ റീചാര്‍ജ് ചെയ്യാന്‍ പോലും പൈസയില്ലെന്നാണ് കുമ്പളപ്പാറ കോളനിക്കാര്‍ ഇന്നു പറഞ്ഞത്. അഞ്ചിന്റെ പൈസ അവരാരുടെയും കൈയിലില്ല.’
ദിവസങ്ങള്‍ക്കു ശേഷവും ഒറ്റപ്പെട്ടു തന്നെ നില്‍ക്കുന്ന മുണ്ടേരിയിലെ കോളനികള്‍ക്ക് ചൂഷണത്തിന്റെ വലിയ ചരിത്രമുണ്ട് പറയാന്‍. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന കവളപ്പാറ സ്വദേശിയായ പ്രശാന്തിന്റെ ഓര്‍മയില്‍, ഈ കോളനികളെല്ലാം കടന്നുവന്ന കഷ്ടതകളുടെ കഥകള്‍ വ്യക്തമായിത്തന്നെയുണ്ട്. ‘ഒരു തോക്കുമായി ആദിവാസികളുടെ വീട്ടില്‍ കയറിവന്ന് അവരെ ഭയപ്പെടുത്തി നിര്‍ത്തിയിരുന്ന ചിലരുണ്ടായിരുന്നു. നായാട്ടിനായും ബിസിനസിനായുമെല്ലാം പുറത്തു നിന്നും എത്തിയിരുന്ന അത്തരം ചിലരുടെ കൈപ്പിടിയിലായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കോളനികളെല്ലാം. കേസു കൊടുത്തും അധികൃതരെ ഇടപെടുത്തിയുമെല്ലാം വളരെ കഷ്ടപ്പെട്ടാണ് അവരെ സ്വതന്ത്രരാക്കിയത്.’ എന്നാല്‍, സ്വതന്ത്രരായിട്ടും മുണ്ടേരിയിലെ കോളനികളുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്ന് ചിത്രയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണുതാനും.
‘ഇവരുടെ പട്ടിണി മാറ്റാനുള്ള ചര്‍ച്ച മാത്രമാണ് ഇപ്പോഴത്തെ ആവശ്യം. അധികൃതരാരും ഒന്നും പറയുന്നില്ലെന്നാണ് ക്യാമ്പിലുള്ളവര്‍ പറയുന്നത്. കോളനികളില്‍ നിന്നും മാറിത്താമസിക്കാന്‍ തയ്യാറുണ്ടോ എന്ന് ഞാന്‍ അവരോട് ചോദിച്ചു. കവളപ്പാറ കോളനിയിലുള്ളവര്‍ക്ക് എന്തായാലും തിരിച്ചുപോകാന്‍ സാധിക്കില്ല. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ പോലെ കാടിനകത്തുള്ള എല്ലാവരും പറയുന്നത് മാറിപ്പോകില്ല എന്നുതന്നെയാണ്. ഇവര്‍ പണ്ട് കാട്ടില്‍ കഴിഞ്ഞിരുന്നതു പോലെത്തന്നെയാണ് ഇപ്പോള്‍ ജീവിക്കുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കു താഴെയാണ് കിടന്നുറങ്ങുന്നത്. ഈയൊരു പ്ലാസ്റ്റിക് ഷെഡില്‍ എട്ടും പത്തും ആളുകള്‍ ഇരിക്കണം, തീയിടണം, അടുപ്പുണ്ടാക്കണം, സാധനങ്ങള്‍ സൂക്ഷിക്കണം. എത്രയോ പേരുടെ അരിയൊക്കെ നനഞ്ഞുപോയി. കുമ്പളപ്പാറക്കാര്‍ക്ക് എല്ലാ ആയുധങ്ങളും പോയി. വിറകു വെട്ടാന്‍ പോലും പറ്റുന്നില്ല. സര്‍ക്കാര്‍ ഇടപെടണം. എത്രയെന്നു വച്ചാണ് ആളുകളോട് ചോദിക്കുക. നഷ്ടപ്പെട്ട വീടുകള്‍ക്കു പകരമായി നല്ല വീടുകള്‍ കെട്ടാന്‍ സമയമെടുക്കും. ഇവരുടെ രീതിയിലുള്ള നല്ല കുടിലുകള്‍ കെട്ടാനുള്ള സഹായമെങ്കിലും പെട്ടന്ന് ലഭ്യമാക്കണം. സര്‍ക്കാരിന്റെ സഹായം അതിനു വേണ്ടിവരും. എവിടെയെങ്കിലും ഇവരെ സ്വസ്ഥമായി ജീവിക്കാനുള്ള സൗകര്യമുണ്ടാക്കണം. സന്നദ്ധപ്രവര്‍ത്തകര്‍ കൊണ്ടുവരുന്ന ഭക്ഷണം ധാരാളം കിട്ടുന്നുണ്ട്. പക്ഷേ അങ്ങനെ എത്തിക്കുന്നതില്‍ പരിമിതിയില്ലേ. പ്രത്യേക പാക്കേജുകളോ കിറ്റുകളോ പ്രഖ്യാപിച്ച് കുറച്ചധികം കാലത്തേക്ക് വിതരണം ചെയ്യണം.
ഇത്രയും ദിവസം ഇങ്ങനെ കഴിഞ്ഞിട്ടും ഇവര്‍ക്ക് ആവശ്യത്തിന് പ്ലാസ്റ്റിക് ഷീറ്റുകള്‍ പോലും കിട്ടിയിട്ടില്ല. ആദിവാസികള്‍ക്ക് ഇതു പുത്തരിയല്ലല്ലോ എന്ന ചിന്തയല്ലേ. വെയിലും മഴയും കൊള്ളുന്നവരല്ലേ. കാട്ടില്‍ കിടന്നാലെന്ത്, ഷീറ്റില്‍ കിടന്നാലെന്ത് എന്നാണ് ഉദ്യോഗസ്ഥരുടെ പോലും മനസ്ഥിതി. അതൊരു പുതിയ സംഭവവുമല്ല. മതില്‍മൂല കോളനിയില്‍ കഴിഞ്ഞ തവണ പ്രളയത്തില്‍പ്പെട്ട മുപ്പത്തിനാലു കുടുംബങ്ങള്‍ക്ക് അരയേക്കര്‍ ഭൂമിയും പട്ടയവും കൊടുത്തിരുന്നല്ലോ. അവരിപ്പോള്‍ റബ്ബര്‍ തോട്ടത്തില്‍ ഷീറ്റു കെട്ടി ചെളിയില്‍ കഴിയുന്ന അവസ്ഥയാണ്. അവര്‍ക്ക് വാടക വീടുപോലും സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിട്ടില്ല. ഇത്തവണത്തെ പ്രളയവും വന്നപ്പോള്‍ അവരുടെ കാര്യമെന്താണെന്ന് സര്‍ക്കാര്‍ ചിന്തിക്കണ്ടേ. ഷീറ്റുകള്‍ പോലും ഞങ്ങളാണ് കൊണ്ടുപോയി കൊടുത്തത്. മുപ്പത്തിനാലു കുടുംബങ്ങളെ നോക്കാന്‍ പറ്റാത്തവരാണോ ബാക്കിയുള്ളവരെ നോക്കുന്നത്. ഇപ്പോഴും പതിനായിരം രൂപ കിട്ടാത്ത എട്ടുപേരുണ്ട് മതില്‍മൂലയില്‍.’