UPDATES

വിപണി/സാമ്പത്തികം

രണ്ട് വണ്ടി പോലീസുമായി ജപ്തി ചെയ്യാന്‍ എത്തുന്ന ബാങ്ക്, ചെറുത്തുനില്‍ക്കണമെന്ന് മന്ത്രി; ആത്മഹത്യയുടെ വക്കില്‍ സര്‍ഫാസി കുരുക്കിലായ കശുവണ്ടി വ്യവസായികള്‍

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് ഏകദേശം ആറര ലക്ഷം ടണ്‍ തോട്ടണ്ടി വേണമെന്നാണ് കണക്ക്. എന്നാല്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത് 80,000 മെട്രിക് ടണ്‍ മാത്രമാണ്

2019 ഓഗസ്റ്റ് 23. സുജിത്തും കുടുംബവും വീട് വിട്ടിറങ്ങേണ്ട ദിവസം ഇന്നായിരുന്നു. പത്തിലധികം കമ്പനികളുടെ ഉടമസ്ഥനായിരുന്ന സുജിത്തിന് ബാങ്ക് അനുവദിച്ച അവസാന ദിവസം. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം തെരുവില്‍ ഇറങ്ങേണ്ടി വരും എന്ന് ഉറപ്പിച്ച അവസ്ഥയില്‍ ഹൈക്കോടതി ആശ്വാസമായി. രണ്ട് മാസത്തേക്ക് ജപ്തി നടപടി നിര്‍ത്തിവക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കശുവണ്ടി മേഖലയിലെ സുജിത്തിന്റെ കമ്പനികള്‍ക്കെല്ലാം പൂട്ട് വീണിട്ട് ഒന്നര വര്‍ഷം കഴിയുന്നു. കമ്പനികള്‍ക്കും വീടിനും ജപ്തി നടപടികളുമായി. നോട്ടീസ് നല്‍കിയ ബാങ്ക് അന്ത്യശാസനവും നല്‍കി ജപ്തി നടപടി സ്വീകരിക്കുന്ന തീയതിയും കുറിച്ച് നല്‍കി. ഇതില്‍ നിന്നാണ് ഹൈക്കോടതി തല്‍ക്കാലം സുജിത്തിനെ രക്ഷിച്ചത്. എന്നാല്‍ രണ്ട് മാസം കഴിഞ്ഞാല്‍ എന്ത് എന്ന ചോദ്യത്തിന് സുജിത്തിന് മറുപടിയില്ല. ഏത് നിമിഷവും ബാങ്ക് ഉദ്യോഗസ്ഥര്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ വീട്ടിലെത്താം.

2019 സെപ്തംബര്‍ 28. അന്ന് വിശ്വനാഥനും കുടുംബവും കിടപ്പാടം വിട്ട് ഇറങ്ങേണ്ടി വരും. ഏഴ് കമ്പനികളുടെ ഉടമായിരുന്ന വിശ്വനാഥന് ബാങ്ക് നല്‍കിയിരിക്കുന്ന സമയം അന്ന് അവസാനിക്കും. അമ്മയും സഹോദരങ്ങളുമടക്കമുള്ള വിശ്വനാഥന്റെ വീട്ടുകാര്‍ക്ക് ഈ യാഥാര്‍ഥ്യം അറിയാം. “ബിസിനസില്‍ പങ്കാളിയായിരുന്ന, കച്ചവടത്തില്‍ മുന്‍ പരിചയമില്ലാത്ത എന്റെ ഒരു സുഹൃത്തിനെതിരെയും നടപടിയുണ്ട്. 75ന് മുകളില്‍ പ്രായമുള്ള അച്ഛനും അമ്മയുമുണ്ട് അദ്ദേഹത്തിന്. മകനുണ്ട്. അവരെ ആരേയും ഇതേവരെ ഇക്കാര്യം അറിയിച്ചിട്ടില്ല. ഒരു ദിവസം ബാങ്കില്‍ നിന്ന് ഇറക്കിവിടാന്‍ ആളെത്തിയാല്‍ അവര്‍ അതെങ്ങനെ താങ്ങും എന്നറിയില്ല. അപ്പന്‍ അമ്പത് വര്‍ഷത്തിന് മുമ്പ് തുടങ്ങിയതാണ് കശുവണ്ടി ഫാക്ടറി. അപ്പന്റെ കാലം കഴിഞ്ഞപ്പോള്‍ അത് മക്കള്‍ക്കായി വീതിച്ച് ഓരോരുത്തരും കമ്പനികള്‍ തുടങ്ങി. ഏഴ് കമ്പനികളായിരുന്നു എനിക്ക്. ഒരു പാക്കിങ് യൂണിറ്റ് ഒഴികെ ബാക്കിയെല്ലാം പൂട്ടി. കച്ചവടം മോശമില്ലാതെ പോയിക്കൊണ്ടിരുന്നതാണ്. എന്റെയും സുഹൃത്തിന്റെയും ഫാക്ടറിയും വീടുകളും ഈട് വച്ചായിരുന്നു വായ്പ. പുതിയ ഫാക്ടറിയുടെ കണ്‍സ്ട്രക്ഷനായി രണ്ട് കോടി രൂപ വായ്പയെടുത്തു. വായ്പ പരിധി കൂട്ടിത്തരാം എന്ന് ബാങ്ക് പറഞ്ഞപ്പോള്‍ ഞാന്‍ വാങ്ങിയിരുന്ന 33 സെന്റ് ഭൂമി കൂടി ഈടായി വച്ചു. എന്നാല്‍ വായ്പ കൂട്ടിക്കിട്ടിയതുമില്ല, ആ വസ്തുവും ചേര്‍ത്ത് ജപ്തി നടപടി വരികയും ചെയ്തു. തോട്ടണ്ടിയുടെ ഇറക്കുമതിയില്‍ വലിയ നഷ്ടം വന്നു. ചിലര്‍ അഡ്വാന്‍സ് മേടിച്ചിട്ട് തോട്ടണ്ടി തന്നില്ല. പണം കെട്ടിയ കമ്പനികളില്‍ നിന്ന് പ്രതീക്ഷിച്ച സമയത്ത് സാധനം കിട്ടിയില്ല..അങ്ങനെയങ്ങനെ വീഴ്ചയുടെ കാരണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഒരു പാക്കിങ് യൂണിറ്റ് തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെങ്കിലും പുനരുജ്ജീവന സഹായം ലഭിക്കുമെന്ന് പ്രതീക്ഷിച്ചു. തരാമെന്ന് ബാങ്ക് പറഞ്ഞതാണ്. എന്നാല്‍ ഇന്‍സ്‌പെക്ഷന് വന്ന് പോയതിന് ശേഷം എങ്ങനെ സഹായം തരുന്നത് ഒഴിവാക്കാം എന്നാണ് അധികൃതര്‍ ആലോചിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് തരാമെന്ന് പറഞ്ഞിരുന്ന സമയത്തെങ്കിലും തന്നിരുന്നെങ്കില്‍ കുറേ കാര്യങ്ങളെങ്കിലും പരിഹരിക്കപ്പെട്ട് പോയേനെ.” വിശ്വനാഥന്‍ പറഞ്ഞു. ജപ്തി നടപടി നിര്‍ത്തി വക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. “27ന് കേസ് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. ബാങ്കിന്റെ നിലപാടിനനുസരിച്ചായിരിക്കും സ്റ്റേ കിട്ടുന്നതും കിട്ടാതിരിക്കുന്നതും. കിട്ടിയാലും എത്രനാള്‍…”

നിഷ്‌ക്രിയ ആസ്തി(നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) യില്‍ പെടുത്തിയ 263 കശുവണ്ടി വ്യവസായികള്‍ ഏത് സമയവും ജപ്തി നടപടികള്‍ ഭയന്ന് ജീവിക്കുകയാണ്. നിഷ്‌ക്രിയ ആസ്തിയുള്ള വ്യവസായ യൂണിറ്റുകള്‍ക്ക് അധിക വായ്പയും പുനര്‍വായ്പയും പ്രവര്‍ത്തന മൂലധനവും ബാങ്കുകള്‍ മുഖാന്തിരം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനവും ഉറപ്പും ഒരു ഭാഗത്ത് നില്‍ക്കുന്നു. എന്നാല്‍ അക്കാര്യം പരിഗണിക്കാതെ ബാങ്കുകള്‍ ജപ്തി നടപടി തുര്‍ന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ദിവസം ജപ്തി നടപടിക്ക് വന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധിച്ച് വ്യവസായികളുടെ കൂട്ടായ്മ മടക്കി അയച്ചിരുന്നു. എന്നാല്‍ ചെറുത്ത് നില്‍പ്പുകള്‍ക്ക് എത്രനാള്‍ ആയുസ്സുണ്ടാവും എന്ന ആശങ്കയിലും ഭീതിയിലുമാണ് വ്യവസായികള്‍.

“വര്‍ഷം 20 കോടി ടേണ്‍ ഓവര്‍ ഉണ്ടായിരുന്ന കമ്പനികളുടെ ഉടമയായിരുന്നു ഞാന്‍. മറ്റെല്ലാ കമ്പനികളും പൂട്ടിയപ്പോള്‍ ബാക്കിയായ ഒരു കമ്പനി മൂത്ത സഹോദരന് പാട്ടത്തിന് നല്‍കി അവിടെ 15,000 രൂപക്ക് മാനേജരായി ഞാന്‍ നിന്നു. സ്വന്തം കമ്പനിയില്‍ മാനേജരായി നിന്ന് കശുവണ്ടി വറക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ചുമതല എന്ന ഗതികേട്. അത് എത്രപേര്‍ അനുഭവിച്ചിട്ടുണ്ടാവും. ആ കമ്പനിയും പൂട്ടി. എല്ലാ കമ്പനികള്‍ക്കും എതിരെ ബാങ്ക് നടപടി. എന്റെ വീട്, സഹോദരന്റെ വീട്, സഹോദരിയുടെ വീട്, എല്ലാം ജപ്തി നടപടിയായി. അവസാനം ഉണ്ടായിരുന്ന അഞ്ച് സെന്റ് വരെ കൊണ്ടുവെച്ചു. സര്‍ക്കാര്‍ പ്രഖ്യാപനം വന്നപ്പോള്‍ ബാങ്കുകാരോട് ഞാന്‍ കെഞ്ചി. ഒരു കോടി തന്നാല്‍ മതി. വീണ്ടും ലാഭത്തിലാക്കി അവരില്‍ നിന്നെടുത്ത മുഴുവന്‍ വായ്പയും ഞാന്‍ തിരിച്ചടച്ചോളാം എന്ന്. പക്ഷെ അവര്‍ തയ്യാറാവുന്നില്ല. ഒരു പുരുഷായുസ്സില്‍ നേടിയതെല്ലാം പോയി. അറ്റാച്ച് ചെയ്ത ഫാക്ടറിയിലെ മിഷ്യനെല്ലാം ഓരോരുത്തര്‍ എടുത്തുകൊണ്ട് പോയി. ചുമരെല്ലാം പൊളിഞ്ഞു. എല്ലാം നശിച്ചു. 1999 മുതല്‍ 2009 വരെ ഇംപോര്‍ട്ട് ചെയ്ത തോട്ടണ്ടി വാങ്ങിയായിരുന്നു ഫാക്ടറികളുടെ നടത്തിപ്പ്. 2009 മുതല്‍ സ്വന്തമായി ഇംപോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. 2015ല്‍ പല വ്യവസായികളും ചരക്ക് തരാമെന്ന് പറഞ്ഞെങ്കിലും അതില്‍ ചതിവ് പറ്റി. മൂന്ന് കോടി രൂപ ചരക്കിനായി കൊടുത്തതിന് പകരം ചരക്ക് കിട്ടിയില്ല. അതോടെ താളം തെറ്റി. കമ്പനിക്കുള്ളില്‍ 150 പേര്‍ക്കും പുറത്ത് 300 പേര്‍ക്കും ജോലി കൊടുത്തിരുന്നയാളാണ് ഞാന്‍. ആ ഞാന്‍ ഇന്ന് വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ കയ്യില്‍ നൂറ് രൂപ എടുക്കാനില്ലാത്ത, ഒരു സെന്റ് ഭൂമി പോലും കയ്യിലില്ലാത്തയാളായി. പ്ലസ്ടുവിനും ഒമ്പതിലും ഒന്നിലും പഠിക്കുന്ന മൂന്ന് കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസ ചെലവ് ഇപ്പോള്‍ സഹോദരിയാണ് നോക്കുന്നത്. ഈ വര്‍ഷം കൂടി അവര്‍ക്ക് ആ സ്‌കൂളില്‍ പഠിക്കാം. അടുത്ത വര്‍ഷം സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റേണ്ടി വരും. ഉമ്മയ്ക്ക് എല്ലാം അറിയാം. എന്നാലും 75 വയസ്സുള്ള അവരുടെ വേദന സഹിക്കാന്‍ കഴിയില്ല. എല്ലാ ദിവസവും വക്കീല്‍, സെക്രട്ടറിയേറ്റ് എന്നിങ്ങനെ പറഞ്ഞിറങ്ങുമ്പോള്‍ ‘ഇങ്ങനെ പോയിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ മക്കളേ’ എന്ന് ചോദിക്കും. എന്റെ കമ്പനിയിലെ പാവപ്പെട്ട അമ്മമാര്‍ മക്കളുടെ ചെലവിലല്ലാതെ മരുന്ന് മേടിച്ചുകൊണ്ടിരുന്നതാണ്. അത് മുടങ്ങി. അവരുടെ കഷ്ടപ്പാടിനിടയിലും എന്നെ കാണുമ്പോള്‍ അവര്‍ക്ക് സങ്കടമാണ്. ‘ മോനേ ഞങ്ങള്‍ പ്രാര്‍ഥിക്കാം.’ എന്ന് മാത്രം അവര്‍ പറയും.” ഇത് പറയുമ്പോള്‍ എംബികെ കമ്പനികളുടെ ഉടമയായിരുന്ന നിസാം കരയുകയായിരുന്നു. അവസാനം ‘എനിക്ക് വേണ്ടി പ്രാര്‍ഥിക്കില്ലേ?’ എന്ന് ചോദ്യത്തോടെ നിസാം നിര്‍ത്തി.

കേരളത്തിലെ കശുവണ്ടി വ്യവസായത്തിന് ഏകദേശം ആറര ലക്ഷം ടണ്‍ തോട്ടണ്ടി വേണമെന്നാണ് കണക്ക്. എന്നാല്‍ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നത് 80,000 മെട്രിക് ടണ്‍ മാത്രമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന തോട്ടണ്ടിയുടെ വില കുത്തനെ ഉയര്‍ത്തിയതോടെയാണ് ഒരുകാലത്ത് കശുവണ്ടി ഉത്പാദനത്തിന്റെ കേന്ദ്രമായിരുന്ന കൊല്ലം ജില്ലയിലെ കശുവണ്ടി വ്യവസായികള്‍ക്ക് കാലിടറിത്തുടങ്ങിയത്. ഒരു മെട്രിക് ടണ്‍ തോട്ടണ്ടിക്ക് 2450 ഡോളര്‍ വരെ നല്‍കേണ്ടി വന്നു. മുന്‍കൂറായി പണം നല്‍കിയ പല കമ്പനികള്‍ക്കും പ്രതീക്ഷിച്ചത് പോലെ ചരക്ക് ലഭിച്ചില്ല. വില ഏറിയതോടെ പല വ്യവസായികളും നേരിട്ട് ഇറക്കുമതി നിര്‍ത്തി. എന്നാല്‍ ഈ അവസരം ഇടനിലക്കാര്‍ ചൂഷണം ചെയ്തു. 2016 ജനുവരി ഒന്നിന് കശുവണ്ടി മേഖലയില്‍ തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചു. എന്നാല്‍ ആ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ കശുവണ്ടിയുടെ ഇറക്കുമതി ചുങ്കം 9.3ശതമാനമാക്കി വര്‍ധിപ്പിച്ചു. ഇതോടെ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ഫാക്ടറികള്‍ പൂട്ടിത്തുടങ്ങി. ആദ്യഘട്ടത്തില്‍ മുപ്പതും പിന്നീട് നാല്‍പ്പതും എന്ന കണക്ക് പിന്നീട് എഴുന്നൂറിലധികമായി. ഫാക്ടറികള്‍ പൂട്ടിയതോടെ ബാങ്കുകള്‍ നടപടിയാരംഭിച്ചു. ജപ്തി നടപടിയെത്തുടര്‍ന്ന ആത്മഹത്യകളുമുണ്ടായി. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടു. മൂന്ന് തവണയായി മോറട്ടോറിയം പ്രഖ്യാപിച്ച് കശുവണ്ടി വ്യവസായികളെ ജപ്തി നടപടിയില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍ സര്‍ഫാസി നിയമത്തിന്റെ കുരുക്കില്‍ പെട്ട വ്യവസായികള്‍ക്കെതിരെ ജപ്തി നടപടിയിലേക്ക് ബാങ്കുകള്‍ നീങ്ങി. 10 കോടി രൂപ ആസ്തിയുള്ള വസ്തുവിന് ബാങ്ക് കണക്കാക്കിയത് മൂന്ന് കോടി വില. ഇത് വ്യവസായികളെ വീണ്ടും പ്രതിസന്ധികളിലേക്ക് തള്ളിവിട്ടു. സര്‍ക്കാര്‍ മോറട്ടോറിയം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് അവസാനിച്ചു. പിന്നാലെ ബാങ്കുകള്‍ വ്യവസായികളെ തേടിയെത്തി.

2018 നവംബര്‍ ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്കിങ് സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ പ്രതിനിധികളുടേയും ഒരു കമ്മറ്റി രൂപീകരിച്ചു. കമ്മറ്റി 285 വ്യവസായികളേയും കേട്ട് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. നിഷ്‌ക്രിയ ആസ്തിയും വലിയ പ്രയാസമനുഭവിക്കുന്നതുമായ(stressed) വ്യവസായ യൂണിറ്റുകള്‍ക്ക് അധിക വായ്പയും പുനര്‍വായ്പയും പ്രവര്‍ത്തന മൂലധനവും ബാങ്കുകള്‍ മുഖാന്തിരം ലഭ്യമാക്കണമെന്നതായിരുന്നു കമ്മറ്റിയുടെ ശുപാര്‍ശ. ബാങ്കുകള്‍ നല്‍കുന്ന അധിക വായ്പയിന്‍മേല്‍ 2019ലെ പലിശ സബ്‌സിഡിയായി നല്‍കുന്നതിന് ബജറ്റില്‍ 29 കോടി പ്രഖ്യാപിച്ചു. വ്യവസായികള്‍ക്ക് തോട്ടണ്ടി ലഭ്യമാക്കുന്നതിന് കാഷ്യു ബോര്‍ഡിന് 30 കോടി രൂപയും സര്‍ക്കാര്‍ വകയിരുത്തി. മൂന്നംഗം കമ്മറ്റി രണ്ട് ഘട്ടങ്ങളിലായി 285 വ്യവസായികളെ കേട്ടതില്‍ 176 വ്യവസായങ്ങള്‍ പുനരുദ്ധാരണത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തി. ഒറ്റത്തവണ തീര്‍പ്പാക്കലിന് 67 വ്യവസായങ്ങളെ ശുപാര്‍ശ ചെയ്തു. ഇതില്‍ പെടാത്തതായി 42 വ്യവസായങ്ങളെ കണ്ടെത്തി.

കമ്മറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഫെബ്രുവരി ആറിന് യോഗം ചേര്‍ന്നു. 12 തീരുമാനങ്ങള്‍ യോഗത്തില്‍ എടുത്തു. സ്വകാര്യ വ്യവസായികളുടെ നിലവിലുള്ള വായ്പ പുനക്രമീകരിക്കുന്നതിന് പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കും. കശുവണ്ടി വ്യവസായത്തിലെ വായ്പയുടെ പലിശ എല്ലാ ബാങ്കുകളും ഏകീകരിച്ച് ഒമ്പത് ശതമാനമായി നിശ്ചിക്കും, പിഴപ്പലിശ ഒഴിവാക്കി നിശ്ചയിക്കുന്ന വായ്പ പുനക്രമീകരിച്ച് ദീര്‍ഘകാല വായ്പയാക്കി ഗഡുക്കളാക്കി നിശ്ചയിക്കും. പ്രവര്‍ത്തന മൂലധനത്തിനായി ബാങ്കുകള്‍ നല്‍കുന്ന പുതിയ വായ്പയുടെ പലിശ ഒരു വര്‍ഷത്തേക്ക് സര്‍ക്കാര്‍ ഏറ്റെടുക്കും. പാക്കേജില്‍ പെട്ട വ്യവസായികള്‍ സംസ്ഥാന സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതി ബാധ്യതക്ക് ഒരു വര്‍ഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച കമ്മറ്റി മുഖാന്തിരം പുനരുദ്ധാരണ പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയ വ്യവസായികള്‍ക്ക് ഒരവസരം കൂടി നല്‍കും. കേന്ദ്ര നികുതികളിന്‍മേല്‍ ഇളവ് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. കേരള കാഷ്യുബോര്‍ഡ് വ്യവസായത്തിനാവശ്യമായ തോട്ടണ്ടി എക്‌സ്‌ക്രോ അക്കൗണ്ട് അടിസ്ഥാനത്തില്‍ ലഭ്യമാക്കും. ആസ്തി പുനരുദ്ധാരണ കമ്മറ്റിക്ക് കൈമാറിയ വ്യവസായങ്ങളുടെ കാര്യത്തില്‍ ബാങ്കുകള്‍ പുനപരിശോധന നടത്തും. ഒറ്റത്തവണ തീര്‍പ്പാക്കാന്‍ നിശ്ചയിച്ച 58 ഫാക്ടറികള്‍ പരമാവധി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടിയെടുക്കും. ഫെബ്രുവരി 28ന് മുമ്പ് 50 സ്വകാര്യ വ്യവസായങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധനമായി വായ്പ അനുവദിക്കും, ബാക്കിയുള്ള വ്യവസായങ്ങള്‍ക്ക് മാര്‍ച്ച് 15നകം വായ്പ ലഭ്യമാക്കും എന്നിവയായിരുന്നു തീരുമാനങ്ങള്‍. തീരുമാനമെടുത്തത് ഫെബ്രുവരിയിലാണെങ്കിലും സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത് ജൂലൈ ആറിനാണ്.

തീരുമാനങ്ങള്‍ക്ക് പിന്നാലെ പൂട്ടിക്കിടന്ന നാനൂറോളം വ്യവസായങ്ങള്‍ തുടങ്ങാനായി ബാങ്ക് സഹായം നല്‍കി. എന്നാല്‍ നിഷ്‌ക്രിയ ആസ്തിയുടെ കാര്യത്തില്‍ ബാങ്കുകള്‍ തമ്മില്‍ ധാരണയില്ലാതായതോടെ നാലോ അഞ്ചോ മാസം വായ്പ മുടങ്ങിയവര്‍ നിഷ്‌ക്രിയ ആസ്തിയായി ഉള്‍പ്പെടുകയും ഒന്നര വര്‍ഷത്തിലധികം വായ്പ മുടങ്ങിയവര്‍ സ്‌ട്രെസ്ഡ് വിഭാഗത്തിലാവുകയും ചെയ്തു. കശുവണ്ടി വ്യവസായ സംരക്ഷണ സമിതി പ്രസിഡന്റ് രാജേഷ് പറയുന്നു “സര്‍ക്കാര്‍ പുനരുദ്ധാരണ പാക്കേജ് കൊണ്ട് കുറേ ഫാക്ടറികള്‍ രക്ഷപെട്ടു. എന്നാല്‍ എന്‍പിഎ(നിഷ്‌ക്രിയ ആസ്തി) ആയി പോയവര്‍, വീണിടത്ത് തന്നെ കിടക്കുകയാണ്. അവരെ കരകയറ്റാന്‍ പറ്റിയിട്ടില്ല. ഒന്നര വര്‍ഷം പോലും വായ്പ മുടങ്ങിയവരെ സ്‌ട്രെസ്ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുനര്‍ വായ്പ നല്‍കാന്‍ കാനറാബാങ്ക് പോലത്തെ ബാങ്കുകള്‍ തയ്യാറായി. എന്നാല്‍ കുറച്ച് മാസത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയ കമ്പനികളെയും എന്‍പിഎ ആക്കുകയാണ് ബാങ്കുകള്‍ ചെയ്തത്. എന്‍പിഎ ആയവര്‍ക്കും പുനര്‍ വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ആ നിര്‍ദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പകരം ജപ്തി നടപടികളിലേക്ക് കടക്കുകയാണ് അവര്‍ ചെയ്തത്. പുനര്‍വായ്പക്കായാണ് ബജറ്റില്‍ 25 കോടി പ്രഖ്യാപിച്ചത്. ഒമ്പത് ശതമാനം പലിശ നല്‍കുന്നതിനായി ഈ ഫണ്ട് ഉപയോഗിക്കാം എന്നായിരുന്നു. എന്നാല്‍ വായ്പ തന്നെ നല്‍കില്ല എന്ന കടുംപിടുത്തത്തിലാണ് ബാങ്കുകള്‍.”

സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടര്‍ന്നപ്പോള്‍ വ്യവസായികള്‍ സര്‍ക്കാരിനെ സമീപിച്ചു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ മൂന്ന് തവണ യോഗം വിളിച്ചു. ജപ്തി നടപടി തുടരരുതെന്നും എന്‍പിഎ ആയവര്‍ക്കും പുനര്‍വായ്പ നിര്‍ബന്ധമായും നല്‍കണമെന്നും മന്ത്രി ബാങ്കുകളോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ബാങ്കുകള്‍ ആ നിര്‍ദ്ദേശവും പാലിച്ചില്ല.

“ഈ മാസം 18നാണ് അവര്‍ എന്റെ വീടിന് മുന്നിലെത്തിയിട്ട് ഫോണ്‍ വിളിച്ചത്. ബാങ്ക് മാനേജറും പോലീസ് ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസറും എല്ലാമായി ഞങ്ങളെ ഇറക്കിവിടാന്‍ സര്‍വ്വ സന്നാഹങ്ങളുമായാണ് എത്തിയത്. എനിക്ക് ഏക മകളാണ്. ബുദ്ധിവൈകല്യമുള്ള 26 വയസ്സുള്ള മകള്‍ക്ക് ഇടക്കിടെ അപസ്മാരം വരും. തിരുവനന്തപുരത്തെ ആശുപത്രിയിലാണ് ചികിത്സ. അവര്‍ വിളിക്കുമ്പോള്‍ ഞാനും ഭാര്യയും കുട്ടിയുമായി ആശുപത്രിയിലായിരുന്നു. അതിന് മുമ്പ് അവര്‍ നോട്ടീസ് തന്നിരുന്നു. ഞാന്‍ ഹൈക്കോടതിയില്‍ പോയി രണ്ട് മാസത്തേക്ക് സ്‌റ്റേയും വാങ്ങി. പക്ഷെ ആശുപത്രിയിലായിരുന്നതിനാല്‍ സ്റ്റേ ഓര്‍ഡര്‍ കൈമൈറാന്‍ കഴിഞ്ഞിരുന്നില്ല. വീട് പൂട്ടിക്കിടക്കുന്നത് കണ്ടാണ് അവര്‍ വിളിച്ചത്. ആശുപത്രിയിലാണെന്ന് പറഞ്ഞപ്പോള്‍ ‘രണ്ട് ദിവസം കഴിഞ്ഞ് വാതില്‍ ചവിട്ടിപ്പൊളിക്കും’ എന്ന് ഭീഷണിപ്പെടുത്തിയാണ് അവര് പോയത്. ഇപ്പോള്‍ സ്‌റ്റേ ഓര്‍ഡര്‍ ഞാനെല്ലാവര്‍ക്കും അയച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ ഇനിയും വരും. ജപ്തി നടപടിയുണ്ടാവുന്നു എന്ന് പറഞ്ഞപ്പോള്‍ ‘അവര് ജപ്തി ചെയ്യാന്‍ വന്നാലും കൂടെ നമ്മുടെ പോലീസ് അല്ലേ വരേണ്ടത്. പോലീസ് വരില്ല’ എന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. രണ്ട് വണ്ടി പോലീസ് ആണ് അന്ന് എന്റെ വീടിന് മുന്നില്‍ വന്നത്. കശുവണ്ടി വില്‍ക്കുന്ന സ്ഥാപനമായിരുന്നു എനിക്ക്. 65 ലക്ഷം രൂപ ലോണ്‍ എടുത്തതാണ്. 2008 മുതല്‍ 19 ശതമാനം പലിശ അടച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വര്‍ഷത്തിന് മുമ്പ് അത് 13ശതമാനമാക്കി തന്നു. 2008 മുതല്‍ 2018 വരെ 75,000 രൂപയാണ് മാസവും അടച്ചിരുന്നത്. അതിന് പുറമെ വര്‍ഷത്തില്‍ ഇന്‍ഷൂറന്‍സ് എന്ന് പറഞ്ഞ് അമ്പതിനായിരം രൂപ വീതം വേറെയും അടപ്പിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ വായ്പ മുടങ്ങി. ഇത്രയും നാള്‍ ഒരു വീഴ്ചയുമില്ലാതെ അടച്ചിട്ടും എന്നെ എന്‍പിഎ ആക്കി. ഇനി സഹായവും തരില്ല എന്നാണ്. ആകെ എട്ട് സെന്റും വീടും അതിനോട് ചേര്‍ന്ന കടയുമായിരുന്നു. ഇപ്പോള്‍ എല്ലാം ബാങ്കിന്റെ കയ്യിലാണ്. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത ബുദ്ധി സ്ഥിരതയില്ലാത്ത കുട്ടിയേയും കൊണ്ട് ഞാന്‍ എങ്ങോട്ടിറങ്ങും?” ബിഎസ്എ ട്രേഡേഴ്‌സ് ഉടമയായിരുന്ന ബഷീര്‍ പറഞ്ഞു.

എന്നാല്‍ ബാങ്കുകളുടെ ജില്ലാ അധികാരികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മേല്‍ അധികാരികളുടെ നിര്‍ദ്ദേശ പ്രകാരമാണ് ജപ്തി നടപടിയുമായി മുന്നോട്ട് പോവുന്നതെന്നും ഒരു ബാങ്ക് മാനേജര്‍ പറഞ്ഞു. എന്‍പിഎ ആയ വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കാന്‍ സാധാരണ ഗതിയില്‍ ബാങ്കുകള്‍ മടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീരുമാനങ്ങളുണ്ടായിട്ടും ജപ്തി തുടരുന്നത് സംബന്ധിച്ച് പ്രതികരണത്തിനായി മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ബന്ധപ്പെട്ടു. “ജപ്തി നടപടി ഒഴിവാക്കണമെന്ന് ബാങ്കുകളോട് പല തവണ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അവരത് കേള്‍ക്കുന്നില്ലെന്ന് വന്നാല്‍ എന്നെ സമീപിച്ച വ്യവസായികളോട് കോടതിയിലേക്ക് പോവാന്‍ പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ വളരെ സ്റ്റേണ്‍ ആയ നിലപാടാണ് എടുത്തിരിക്കുന്നത്. ജപ്തി നടപടിയെന്ന് പറഞ്ഞ് ചെന്നാല്‍ വ്യവസായികള്‍ അവരെ നാട്ടില്‍ ഇറങ്ങാന്‍ സമ്മതിക്കില്ല. ജപ്തി ചെയ്യാന്‍ വന്നാലും വീട്ടില്‍ നിന്ന് ഇറങ്ങില്ല എന്നവര്‍ തീരുമാനിക്കണം. ഉറച്ച് നിലപാടെടുത്ത് ചെറുത്ത് നില്‍ക്കണം. ജനങ്ങളുടെ കരുത്ത് കൊണ്ട് വേണം അവര്‍ക്ക് മറുപടി കൊടുക്കാന്‍. ജപ്തിയുമായി വരുന്നതിലൊന്നും അവര് ബേജാറാവണ്ട. അങ്ങനെ പറഞ്ഞാല്‍ ഇറങ്ങേണ്ടതില്ല എന്ന് അവരോട് പറഞ്ഞിട്ടുണ്ട്.” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

* Representation Image

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍